വാരാണസിയിൽ നിന്നും തിരിച്ചെത്തിയ ശേഷം പിറ്റേന്ന് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ അരുൺ എങ്ങോട്ടോ യാത്ര തിരിക്കാനുള്ള പുറപ്പാടിലായിരുന്നു. എന്‍റെ മുഖത്തു വിരിഞ്ഞ ചോദ്യ ചിഹ്നത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“മാഡം ഉറങ്ങിക്കോളൂ… നല്ല യാത്രാക്ഷീണം ഉണ്ടാകും. ഞാൻ രാവിലെ കോളേജിലേയ്ക്കു പുറപ്പെടുകയാണ്. നമ്മുടെ കാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അതിനു വേണ്ടി എന്തൊക്കെ വേണമെന്ന് എന്‍റെ സുഹൃത്തുക്കളുമായി കൂടിയാലോചിയ്ക്കണം… പിന്നെ…” അർദ്ധോക്തിയിൽ നിർത്തി അരുൺ അൽപനേരം എന്തോ ആലോചിച്ച് നിന്നു.

“എന്താ അരുൺ… എന്താ നിർത്തിക്കളഞ്ഞത്?” ഞാൻ ഉദ്വോഗപൂർവ്വം അരുണിനോട് ആരാഞ്ഞു.

ഒന്നുമടിച്ച് അരുൺ തുടർന്നു.

“സാരംഗിയെ ഒന്നു കൂടി കാണണം. കഴിയുമെങ്കിൽ വീട്ടുകാർ തീരുമാനിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ അവളോട് അഭ്യർത്ഥിക്കണം. ഇപ്പോഴത്തെ അവളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് വീട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം.”

“അരുൺ വിചാരിക്കുന്നതു പോലെ അതത്ര എളുപ്പമാണെന്നു തോന്നുന്നുണ്ടോ? സാരംഗിയുടെ വീട്ടുകാർ അരുണിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍?”

“അറിയില്ല മാഡം… എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. ഞാൻ വിജയിക്കുകയാണെങ്കിൽ എനിക്കെന്‍റെ പഴയ സാരംഗിയെ തിരിച്ചു കിട്ടുമല്ലോ…

“അതുശരിയാണ് അരുൺ. പക്ഷെ അരുണിന്‍റെ പരിശ്രമങ്ങൾ വിഫലമാവുകയെ ഉള്ളൂ എന്ന് എന്‍റെ മനസ്സു പറയുന്നു. ഞാൻ കോളേജിലേയ്ക്കു വരട്ടെ. എല്ലാറ്റിനും പരിഹാരമുണ്ടാക്കാം…”

എന്‍റെ വാക്കുകൾക്കു മുന്നിൽ അരുൺ ഒന്നും മിണ്ടാതെ തലകുനിച്ചു. പിന്നെ പറഞ്ഞു.

“എങ്കിൽ ശരി, സാരംഗിയുടെ കാര്യങ്ങൾ ഞാൻ മാഡത്തിനു വിട്ടു തന്നിരിക്കുന്നു. പക്ഷെ മാഡം കോളേജിൽ വരാൻ ഇനിയും രണ്ടു മൂന്നു ദിനങ്ങൾ കൂടി എടുക്കുകയില്ലെ?”

“ഞാൻ മിക്കവാറും നാളെത്തന്നെ ജോയിൻ ചെയ്യുകയാണ്. വീട്ടിലിരുന്നാൽ ആകെ ബോറടിയ്ക്കും. പഴയ കാര്യങ്ങൾ വീണ്ടുമെന്നെ തളർത്തും.”

“അങ്ങിനെയെങ്കിൽ നാളെത്തന്നെ മാഡം ജോയിൻ ചെയ്തോളൂ… നമുക്ക് കാംപെയിനിന്‍റെ പ്രവർത്തനങ്ങളും തുടങ്ങാം…”

അങ്ങിനെ പറഞ്ഞ് അരുൺ തന്‍റെ ബൈക്കെടുത്ത് കോളേജിലേയ്ക്ക് യാത്രയായി.

പിറ്റേന്നു തന്നെ ഞാൻ കോളേജിൽ ജോയിൻ ചെയ്‌തു. എന്‍റെ ആദ്യത്തെ കർത്തവ്യം കാംപെയിൻ സംഘടിപ്പിക്കുന്നതിലേയ്ക്കുള്ള അരുണിന്‍റെയും സുഹൃത്തുക്കളുടേയും പരിശ്രമങ്ങൾക്കു പിന്തുണ നൽകുക എന്നതായിരുന്നു.

പോസ്റ്ററുകളും, ലഘുലേഖനങ്ങളും വിതരണം ചെയ്‌തു. വൈകുന്നേരങ്ങളിൽ സെമിനാറുകളും, പ്രസംഗങ്ങളും തെരുവു നാടകങ്ങളും ഡോക്യുമെന്‍ററികളും സംഘടിപ്പിച്ചും ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു. ഒപ്പം മീറ്റിങ്ങുകൾ സംഘടിപ്പിച്ച് മാതാപിതാക്കളേയും ജനങ്ങളേയും മയക്കുമരുന്നിന്‍റെ ദോഷവശങ്ങൾ മനസ്സിലാക്കിച്ച് അതിനെതിരായി തിരിക്കുവാനും ഞങ്ങൾക്കു കഴിഞ്ഞു.

മയക്കുമരുന്നു പോലെ തന്നെ എല്ലാ ലഹരി പദാർത്ഥങ്ങളിലും അപകടങ്ങൾ പതിയിരിക്കുന്നതായി ജനങ്ങൾ ബോധവാന്മാരായി. പലരും അതുപേക്ഷിച്ചു ഞങ്ങൾക്കു പൂർണ്ണ പിന്തുണയേകി.

ഒരു ഇലക്ഷൻ ഘട്ടത്തിലെന്നതു പോലെ കാര്യങ്ങൾ ചൂടുപിടിച്ചപ്പോൾ അതിനെതിരായി തിരിയാനും ചിലരുണ്ടായി. അവർ കൂടുതലും മയക്കുമരുന്നും, മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ വ്യാപൃതരായ വിദ്യാർത്ഥികളായിരുന്നു.

കാംപെയിനു പുറമെ നിന്ന് ഞങ്ങൾക്ക് പിന്തുണയേകാൻ ആൾക്കാരുണ്ടായി. ഒടുവിൽ സംഘർഷം മൂത്ത് അടിപിടിയായി. അരുണും കൂട്ടരും പുറമെ നിന്നുള്ള ലഹരി മരുന്നു വിൽപനയെ തടയുകയും കൂടി ചെയ്‌തതോടെ, ചില മാഫിയകളും രംഗപ്രവേശനം ചെയ്‌തു. അതുവരെ ഞങ്ങൾക്കു പിന്തുണയേകിയിരുന്ന മാനേജ്മെന്‍റും ഞങ്ങൾക്കെതിരായി.

കാര്യങ്ങൾ ഗൗരവപൂർണ്ണമാവുകയായിരുന്നു. ക്യാമ്പസിനകത്തുള്ള പ്രവർത്തനങ്ങൾ ഞങ്ങൾക്കവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങൾ ക്യാമ്പസിനു പുറത്തും പതിവായി.

ക്യാമ്പസിനു പുറത്ത് അരുണും, സുഹൃത്തുക്കളും ഒരു ചേരിയിലും മയക്കുമരുന്നു വിൽപനക്കാരും, മയക്കുമരുന്ന് ഉപഭോക്താക്കളായ വിദ്യാർത്ഥികളും എതിർചേരിയിലുമായി നിന്ന് പോരടിച്ചു തുടങ്ങി. കയ്യാങ്കളി മൂത്ത് ചിലർ ആശുപത്രിയിലായി. അരുണിനും ചെറിയ പരിക്കേറ്റു. അതുകൊണ്ട് ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് അരുണിനോട് ഞാൻ ആവശ്യപ്പെട്ടു.

എന്‍റെ അഭ്യർത്ഥന മാനിച്ച് അരുണും ഏറ്റുമുട്ടലുകൾ ഒഴിവാക്കിത്തുടങ്ങി. ഇതിനിടയിൽ സാരംഗിയെക്കാണുവാൻ ഞാൻ ചില ശ്രമങ്ങൾ നടത്തി.

ഒരിക്കൽ ക്ലാസ്സിൽ നിന്നും സ്റ്റാഫ് റൂമിലേയ്ക്ക് അവളെ വിളിപ്പിച്ചുവെങ്കിലും അവൾ വന്നില്ല. പിന്നീട് സാരംഗിയുടെ പാരന്‍റ്സിനെ ഫോണിൽ വിളിച്ച് നേരിട്ട് കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഒരു വൈകുന്നേരം ഡിപ്പാർട്ട്മെന്‍റിൽ വച്ച് അവരുമായുള്ള കൂടിക്കാഴ്ച ഞാൻ തരപ്പെടുത്തി.

“സാരംഗിയുടെ പോക്കു ശരിയല്ല. അവൾ മയക്കുമരുന്നിനടിമയാണ്.” തെളിവു സഹിതം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. സുഹൃത്തുക്കളുമായി മയക്കുമരുന്നുപയോഗിച്ച് കൊണ്ടിരുന്ന സാരംഗിയെ അരുണും കൂട്ടരും കാമ്പസിനകത്തു നിന്ന് പിടിച്ചു കൊണ്ടു വരികയായിരുന്നു. ഒടുവിൽ എന്‍റെ വാക്കുകൾ ശരിയാണെന്നു ബോദ്ധ്യപ്പെട്ട അവർ സാരംഗിയെ അവളുടെ കൂട്ടുകെട്ടിൽ നിന്നും അകറ്റാൻ ശ്രമിച്ചു.

മയക്കുമരുന്നിനടിമയായ അവളുടെ സുഹൃത്തുമായുള്ള വിവാഹബന്ധവും അവർ വേണ്ടെന്നു വച്ചു. അതോടെ സാരംഗിയ്ക്കും സുഹൃത്തുക്കൾക്കും എന്നോടുള്ള ശത്രുത കൂടി. അവർ എന്നെപ്പറ്റി കോളേജിൽ അപവാദ പ്രചാരണം തുടങ്ങി.

ഞാനും അരുണുമായി അസന്മാർഗ്ഗിക ബന്ധമാണുള്ളതെന്നു വരെ അവർ പറഞ്ഞു പരത്തി. എന്നാൽ അതിലൊന്നും കുലുങ്ങാതിരിയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. ഒടുവിൽ ഒരു ദിവസം കോളേജിൽ വച്ച് മയക്കുമരുന്നുപയോഗിച്ചതിന് സാരംഗിയേയും കൂട്ടരേയും എന്‍റെ ചില വിദ്യാർത്ഥികൾ പിടികൂടി. അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. കോളേജിൽ നിന്നും അവർ സസ്പെൻഡ് ചെയ്യപ്പെട്ടു.

സാരംഗിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അവരുടെ സഹായ സഹകരണത്തോടെ ഡിഅഡിക്ഷൻ സെന്‍ററിലാക്കുകയും ചെയ്‌തു. അവിടെ വച്ച് മാനസാന്തരം വന്ന അവൾ അരുണിന്‍റെ നിരപരാധിത്വവും സ്നേഹവും മനസ്സിലാക്കി അവനോടൊപ്പം ചേർന്നു.

ക്യാംപെയിൻ അവസാനിപ്പിച്ചുവെങ്കിലും അതിന്‍റെ അലകൾ പലവിധത്തിൽ കോളേജിനെ ബാധിച്ചു. കുറെപ്പേർ ലഹരി പദാർത്ഥങ്ങൾ എന്നേയ്ക്കുമായി ഉപേക്ഷിച്ചപ്പോൾ, മറ്റു ചിലർ അതിനെ ഉപേക്ഷിക്കുവാനാകാതെ അതിൽ മുറുകെപ്പിടിച്ചു നിന്നു. അത്തരം വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് ഡിഅഡിക്ഷൻ സെന്‍ററിലാക്കേണ്ടി വന്നു.

അവർ പിന്നീട് മാനസാന്തരം വന്ന്, വീട്ടുകാരുടേയും കൂടി സഹായത്തോടെ അതുപേക്ഷിച്ചു. അങ്ങിനെ കാമ്പസ് മിക്കവാറും ലഹരിമുക്തമായിത്തീർന്നു. അതിന്‍റെ ക്രെഡിറ്റ് ഡിപ്പാർട്ട്മെന്‍റ് ഹെഡായ എനിക്കാണെന്നു പറഞ്ഞ് മാനേജ്മെന്‍റ് പിന്നീട് അഭിനന്ദിച്ചു.

സാമൂഹിക സംഘടനകൾ അവാർഡുകൾ നൽകുവാൻ ക്ഷണിക്കുകയും ചെയ്‌തു. എന്നാൽ ഞാനാകട്ടെ അതിന്‍റെ മുഴുവൻ ക്രെഡിറ്റും അരുണിനു നൽകി. കോളേജിൽ നടന്ന പ്രത്യേക ചടങ്ങിൽ അരുണും ഞാനും ആദരിക്കപ്പെട്ടു.

ഏതാനും മാസങ്ങൾ കൂടി കടന്നു പോയി. പരീക്ഷാച്ചൂടിലായ ഏതാനും വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ്സ് എടുത്ത ശേഷം സന്ധ്യയോടെ ഞാൻ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സ്വയം കാറോടിച്ച് വീട്ടിലേയ്ക്കു പൊയ്ക്കൊണ്ടിരുന്ന എന്നെ വഴിയിൽ തടഞ്ഞ് മറ്റൊരു വാൻ വന്നു നിന്നു. അതിൽ നിന്നു ചാടിയിറങ്ങിയ ഏതാനും പേർ കാറിന്‍റെ ഡോർ തുറന്ന് എന്നെ വലിച്ചു താഴെയിറക്കി. പിന്നീട് വയറ്റിൽ കത്തി കൊണ്ട് ആഞ്ഞു കുത്തി. എല്ലാം ഏതാനും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കുത്തുന്നതിനിടയ്ക്ക് ആരോ ഹിന്ദിയിൽ ആക്രോശിക്കുന്നതു കേട്ടു.

“മയക്കുമരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിയ്ക്കുന്നവർക്ക് ഇതാണ് ശിക്ഷ, ഓർത്തോളൂ…”

ഡൽഹിയിലെ തിരക്കുള്ള റോഡിൽ വച്ച് എന്നെ കുത്തി അതിവേഗം ആ വാൻ പാഞ്ഞു പോയി. ആളുകൾ ഓടിക്കൂടുമ്പോഴേയ്ക്കും ഞാൻ ബോധശൂന്യയായി കഴിഞ്ഞിരുന്നു.

പിന്നീട് ഹോസ്പിറ്റലിൽ ഐസിയുവിൽ വച്ച് കണ്ണു തുറക്കുമ്പോൾ അരുൺ അടുത്തുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി നിന്ന അരുണിനെ നോക്കി ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ച് ഞാൻ മെല്ലെ പറഞ്ഞു.

“അരുൺ പേടിയ്ക്കേണ്ട, എനിക്കൊന്നും സംഭവിയ്ക്കുകയില്ല…”

“ഒന്നും വേണ്ടായിരുന്നു മാഡം… ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാനിതിന് കൂട്ടുനിൽക്കുകയില്ലായിരുന്നു…” ഏങ്ങലടിച്ച് കരയുന്ന അവനെ വാക്കുകളാൽ സമാധാനിപ്പിക്കുവാൻ തുനിഞ്ഞ എന്നെ വിലക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞു.

“നോ… മാഡം… യു ആർ ഇൻ എ ക്രിട്ടിക്കൽ കണ്ടീഷൻ…”

വീണ്ടും ഇൻജക്ഷൻ നൽകി മയക്കുമ്പോൾ ഞാനറിഞ്ഞിരുന്നില്ല. എന്‍റെ രണ്ടാമത്തെ കിഡ്നിയും തകരാറിലാണെന്നും, ഉടൻ തന്നെ ഒരു കിഡ്നി ഡോണറെ ആവശ്യമുണ്ടെന്നും. പിന്നീട് അരുൺ ഒരു ഡോണറെത്തേടി പരക്കം പായുമ്പോൾ യാദൃശ്ചികമായി ആ ഡോണർ സ്വയം അരുണിന്‍റെ മുമ്പിലെത്തുകയായിരുന്നുവെന്നും ദിനങ്ങൾ കഴിഞ്ഞാണ് ഞാനറിഞ്ഞത്.

ഇന്നിപ്പോൾ ഈ ഹോസ്പിറ്റൽ ബെഡ്‌ഡിൽ മിഴിപൂട്ടിക്കിടന്ന് കഴിഞ്ഞു പോയ ആ പഴയ കാലത്തിലൂടെ മനസ്സു കൊണ്ട് പദയാത്ര നടത്തുമ്പോൾ ഒരിക്കൽ മാത്രം…. എനിക്ക് ആ മനുഷ്യനെ കണ്മുന്നിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതു പോലെ. സ്വന്തം അവയവം നൽകി നിന്നെ പുനഃരുജ്ജീവിപ്പിച്ച ആ വ്യക്‌തി നിന്‍റെ ആത്മാവിന്‍റെ ഭാഗമാണ്. നിന്‍റെ ജീവന്‍റെ അവകാശിയാണ്. ജീവിതത്തിന്‍റെ പങ്കാളിയാണ്. എങ്കിൽ ആരായിരിക്കാം ആ വ്യക്‌തി.

ഐസിയുവിൽ വച്ച് വർത്തമാന കാലബോധം നഷ്ടമായ ദിനങ്ങളിൽ ഹൃദയം പരിചിതമായ ഏതോ മുഖം തേടി അലഞ്ഞു. ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്നും ആ സ്വരം കേൾക്കുന്നതു പോലെ… അതു ഞാനായിരുന്നു. ജന്മങ്ങൾ തോറും നിന്നെ പിന്തുടർന്നെത്തിയ ഞാൻ… അവ്യക്തമെങ്കിലും ആ രൂപം ആത്മാവിലിരുന്നു മൊഴിഞ്ഞു. നിങ്ങളെ എനിക്കു തിരിച്ചറിയാനാവുന്നില്ലല്ലോ? ആരാണു നിങ്ങൾ?

നിഴലുകൾ ഒളിച്ചു കളി നടത്തുന്ന സ്മൃതി മണ്ഡലത്തിൽ ആ മുഖം തിരിച്ചറിയാനാവാതെ ഞാൻ നിന്നു. ഒടുവിൽ ഓർമ്മയുടെ നേരിയ വെള്ളി വെളിച്ചം ഹൃദയത്തെ പുണരുമ്പോൾ ഒരിക്കൽ കൂടി പ്രിയപ്പെട്ടവരെ അടുത്തു കാണുവാനുള്ള മോഹം… കൂട്ടത്തിൽ അജ്ഞാതമായ ആ മുഖവും പ്രിയപ്പെട്ട ആരുടെയോ സാന്നിദ്ധ്യമായി മനസ്സിൽ നിറഞ്ഞു നിന്നു.

ഞാൻ കുത്തേറ്റ് ആശുപത്രിയിലായപ്പോൾ അരുൺ കൃഷ്ണമോളെ വിവരമറിയിച്ചു. അതറിഞ്ഞപ്പോൾ കൃഷ്ണമോൾ പറഞ്ഞുവത്രെ…

“ഞാൻ അങ്ങോട്ടു വരാനാണെങ്കിൽ ദേവേട്ടൻ എന്നെ പറഞ്ഞു വിടുകയില്ല. ടുട്ടുമോനെയും കിങ്ങിണി മോളെയും നോക്കാൻ വേറെ ആരുമില്ല.” അവൾ ഫോണിലൂടെ അരുണിനോടു പറഞ്ഞുവത്രെ.

ആ കണ്ണുകളിൽ എന്നോടുള്ള രോഷം കത്തിനിൽക്കുന്നത് ഞാൻ മനസ്സിൽ കണ്ടു. സ്ത്രീധനത്തുക മുഴുവൻ നൽകാതിരുന്നതിന്‍റെ ദേഷ്യം ഒരു വശത്തുള്ളപ്പോൾ, മറുവശത്ത് ചെറുപ്പം മുതൽ എന്നോടുണ്ടായിരുന്ന വിദ്വേഷമായിരുന്നു ആ കത്തി ജ്വലിയ്ക്കലിനു പിന്നിലെന്ന്, മനസ്സിലാക്കാൻ വിഷമമുണ്ടായിരുന്നില്ല. എങ്കിലും അവളുടെ ഓമനത്തമുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോർമ്മിച്ച് ഞാൻ ഫോണിലൂടെ പറഞ്ഞു.

“വേണ്ടാ… നീ വരണ്ടാ… അവിടെ കുഞ്ഞുങ്ങളെ നോക്കാൻ ആളില്ലാതെയാവുമല്ലോ. അവരെ ഉപേക്ഷിച്ച് നീ വരണ്ട…”

മരണം ഒരു കോമാളിയെപ്പോലെ മുന്നിലെത്തി ചിരിച്ചു നിന്ന നാളുകളിലൊന്നിൽ ഞാൻ സന്തോഷിച്ചു. ഇതാ എന്‍റെ ജീവിത പുസ്തകത്തിന് പൂർണ്ണവിരാമമാകുന്നു.

എന്നാൽ ആ കോമാളി വീണ്ടും നിഴലുകൾക്കപ്പുറത്ത് മറഞ്ഞപ്പോൾ ഒരിക്കൽ കൂടി നഷ്ടബോധം എന്നെ അലട്ടി. അപ്പോൾ ഇരുൾമറയ്ക്കപ്പുറത്തു നിന്ന് ഹൃദയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ആ ശബ്ദം ഒഴുകി വന്നു.

“പ്രൊഫ. മീരാ നാരായണൻ… യൂ ഹാവ് എ ഡോണർ… പക്ഷെ ആ വ്യക്‌തി ആരെന്ന് എനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ നിർവാഹമില്ല. കാരണം ആ വ്യക്‌തി സ്വയം വെളിപ്പെടാൻ ആഗ്രഹിക്കുന്നില്ല…” ഓപ്പറേഷൻ തീയേറ്ററിന്‍റെ ജാലക മറയ്ക്കപ്പുറത്തു നിന്ന് കുതിച്ചെത്തിയ വെളിച്ചം തലച്ചോറിനെ ഉദ്ദീപിപ്പിച്ചപ്പോൾ ഞാൻ കണ്ടു. കൈയ്യിൽ സ്റ്റെതസ്ക്കോപ്പുമായി പുഞ്ചിരി തൂകി നിൽക്കുന്ന ഡോക്ടർ.

ഡോക്ടറുടെ വാക്കുകൾ കേട്ട ഞാൻ അസ്തപ്രജ്ഞയായ് കിടന്നു. പിന്നെ ഓപ്പറേഷൻ തീയറ്ററിന്‍റെ വാതിലുകൾക്കപ്പുറത്ത് ആ മുഖം തേടിയലയുമ്പോൾ മനസ്സ് നൊമ്പരം കൊണ്ടു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...