മുടിയുടെ ആരോഗ്യത്തിനും അഴകിനും മഴയും വെയിലും ഒരുപോലെ പ്രശ്നം സൃഷ്‌ടിക്കാറുണ്ട്. ഈർപ്പവും ചൂടുമുള്ള കാലാവസ്‌ഥ മുടിയിൽ ഒട്ടൽ ഉണ്ടാക്കുന്നതിനൊപ്പം മുടിയെ നിർജ്‌ജീവവുമാക്കും. താരൻ ശല്യവുമുണ്ടാകും. ഇതെല്ലാം തന്നെ മുടി പൊഴിച്ചിലിനും ഇടവരുത്തും. മറ്റൊരു പ്രധാന പ്രശ്നം വെള്ളത്തിലുള്ള ക്ലോറിനാണ്. ക്ലോറിൻ വെള്ളത്തിലുള്ള കുളി മുടിയെ ഗുരുതരമായി ബാധിക്കുക തന്നെ ചെയ്യും. ഈ സാഹചര്യത്തിൽ ഉചിതമായ കേശപരിചരണ മാർഗ്ഗങ്ങൾ അവലംബിക്കുന്നത് മുടിയ്‌ക്ക് കരുത്തും ആരോഗ്യവും പകരാനുതകും.

അത്തരം ചില കേശപരിചരണ മാർഗ്ഗങ്ങളിതാ:-

കേശ പരിചരണം

മുടിയുടെ പ്രകൃതം അനുസരിച്ച് ഹെയർ പ്രൊഡക്‌ട് തെരഞ്ഞെടുക്കാം. ശരിയായ ഉല്‌പന്നം ഉപയോഗിച്ചാൽ മുടിയ്‌ക്ക് നല്ല തിളക്കവും ഓജസ്സും ലഭിക്കും. അതിനാൽ ആവശ്യകത മനസ്സിലാക്കി ഉല്‌പന്നം ഉപയോഗിക്കുകയാണ് വേണ്ടത്.

പൊതുവെ മഴക്കാലത്ത് മുടി അമിതമായി കഴുകുന്നത് നല്ലതല്ലെന്ന ധാരണ നിലവിലുണ്ട്. എന്നാൽ അത് ശരിയല്ല. മുടി എന്നും കഴുകാം. ആഴ്‌ചയിൽ മൂന്നു തവണ ഷാംപൂ നിർബന്ധമായും ഉപയോഗിക്കുകയും വേണം. അതിനായി ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ തെരഞ്ഞെടുക്കാം. പതിവായി കേശം വൃത്തിയാക്കുക വഴി മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യാം. സ്‌കാൽപ് വൃത്തിയാവുകയും ചെയ്യും.

മുടി കണ്ടീഷൻ ചെയ്യേണ്ടതും ഏറ്റവുമാവശ്യമാണ്. കണ്ടീഷണർ മുടി വേരുകളിലല്ലാതെ മുടിയുടെ അറ്റം വരെ പുരട്ടുക. മുടിയ്‌ക്ക് നല്ല മൃദുലതയും ബലവും കിട്ടും. അവോക്കാഡോ, റോസ് മേരി (മഗ്‌നോലിയ ബ്ലാസം) എന്നിവ ചേർന്ന ഷാംപൂ അതിനായി തെരഞ്ഞെടുക്കുക. അത് മുടിയ്‌ക്ക് ഉള്ള് തോന്നിപ്പിക്കുമെന്ന് മാത്രമല്ല തിളക്കവും പകരും. എപ്പോഴും മുടിയിൽ നനവും ഈർപ്പവും നിറഞ്ഞു നിൽക്കുന്നതിനാൽ മുടിയ്‌ക്ക് തീരെ തിളക്കമില്ലാതെ കാണപ്പെടാം. ഒപ്പം നിർജ്‌ജീവവുമാകാം. മുടിപൊഴിച്ചിൽ പോലെയുള്ള പ്രശ്നമുള്ളവർ പല്ലകന്ന ചീപ്പു കൊണ്ട് മുടി ചീകുക. മുടിയ്‌ക്ക് നല്ല കരുത്തും ബലവും ലഭിക്കാൻ റഗുലർ സ്‌പാ ട്രീറ്റ്‌മെന്‍റ് എടുക്കാം.

സ്‌കാൽപ് വരണ്ടിരിക്കുകയോ ഈർപ്പവും അഴുക്കും തങ്ങിനില്‌ക്കുകയാണെങ്കിലോ വെളിച്ചെണ്ണ ഇളം ചൂടോടെ സ്‌കാൽപിലും മുടിയിലും തേച്ചുപിടിപ്പിക്കണം. ഇത് രക്‌തസഞ്ചാരം വർദ്ധിപ്പിക്കും. താരൻ പോലെയുള്ള പ്രശ്നങ്ങൾ അകലും.

ഹെയർ സ്‌റ്റൈൽ

മുടിയിൽ ഈർപ്പം തങ്ങിനിൽക്കുന്ന സമയമായതിനാൽ പ്രായോഗികമായ ഒരു ഹെയർ സ്‌റ്റൈൽ രീതി അവലംബിക്കുകയാണ് വേണ്ടത്. മുടിയുടെ നീളം കുറയ്‌ക്കുക. അതുവഴി കേശപരിചരണം എളുപ്പമുള്ളതാകും. മുടിയുടെ ക്രിപ്പിംഗ്, കേളിംഗ് അല്ലെങ്കിൽ സ്‌ട്രെയിറ്റനിംഗ്

തൽക്കാലം ഒഴിവാക്കാം. കാരണം ഈർപ്പമുള്ള മുടിയിൽ ഇതത്ര ഭംഗിയുള്ളതാവണമെന്നില്ല. സ്‌പ്രേ, ജെൽ എന്നിവ ഒഴിവാക്കാം. ശിരോചർമ്മവുമായി ഇത് ഒട്ടിച്ചേർ ന്നാൽ താരൻ പ്രശ്നമുണ്ടാകും. ബ്ലോ ഡ്രൈയും ഒഴിവാക്കുക. അല്ലെങ്കിൽ മുടി ഒന്നുകൂടി വരണ്ടതും ദുർബലവുമാകും. പാർട്ടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ മുടി ലൂസായി ഇടുന്നതിന് പകരം പുട്ടപ്പ് ചെയ്യുകയോ ഫ്രഞ്ച് നോട്ട് സ്‌റ്റൈൽ അവലംബിക്കുകയോ ചെയ്യാം. മുടി പൊട്ടുന്നത് തടയാൻ സന്തുലിതവും പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണരീതി അവലംബിക്കുക. പാൽ, പാലുല്‌പന്നങ്ങൾ (തൈര്, പനീർ, വെണ്ണ) സോയാബീൻ, മുളപ്പിച്ച ധാന്യങ്ങൾ, മുട്ട എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് മുടിയ്‌ക്ക് ആന്തരികമായി കരുത്തും സൗന്ദര്യവും പോഷണവും പകരും. ഒപ്പം പച്ചക്കറികളും ഫലങ്ങളും ധാരാളം കഴിക്കുക. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

പൊടിക്കൈ പ്രയോഗം

മുടിയ്‌ക്ക് വലിയ ചെലവില്ലാതെ സൗന്ദര്യവും കരുത്തും പകരാൻ ചില പൊടിക്കൈ പ്രയോഗങ്ങളുമുണ്ട്.

2 സ്‌പൂൺ ഒലിവ് ഓയിലിൽ ഒരു ടീസ്‌പൂൺ തേൻ ചേർത്ത് ഇളം ചൂടോടെ സ്‌കാൽപിൽ തേച്ചുപിടിപ്പിക്കുക. 15-20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ഈ ഹെയർ മാസ്‌ക് മുടിയെ കണ്ടീഷണിംഗ് ചെയ്യുന്നതോടൊപ്പം തിളക്കവും പകരും.

ഒരു വാഴപ്പഴം നന്നായി ഉടച്ചതിൽ ഒലിവ് ഓയിൽ ചേർത്ത് മുടിയിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം മുടി ഷാംപൂ പുരട്ടി കഴുകണം. മുടിയ്‌ക്ക് മൃദുലത പകരാൻ യോജിച്ച ഒരു മാസ്‌ക്കാണിത്.

അല്‌പം കടലമാവിൽ ഒരു മുട്ടയുടെ വെള്ളയും വിനാഗിരിയും ചേർത്ത് മുടിയിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം മുടി കഴുകാം. മുടിയ്‌ക്ക് മൃദുലതയും തിളക്കവും പകരാൻ ഉത്തമമാണീ മാസ്‌ക്.

ടിപ്‌സ്

  • നല്ല ഉറക്കം മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
  • ദിവസവും 20 മിനിറ്റ് നേരമെങ്കിലും വെളിച്ചെണ്ണ ഉപയോഗിച്ച് മുടിയ്‌ക്ക് ഡീപ്പ് കണ്ടീഷണിംഗ് പകരുക. മുടിയ്‌ക്ക് ഉള്ള് കിട്ടാനും കരുത്ത് പകരാനും ഇത് സഹായിക്കും.
  • മഴക്കാലമായാലും വേനൽക്കാലമായാലും കുളി കഴിഞ്ഞാൽ ടവ്വലു കൊണ്ട് തല കെട്ടിവയ്‌ക്കുക. മുടി നന്നായി ഉണക്കിയ ശേഷം പല്ലകന്ന ചീപ്പുകൊണ്ട് കുരുക്കഴിച്ച് ചീകുക. നനഞ്ഞ മുടിയിൽ താരൻ പ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം മുടി പൊട്ടാനും ഇടയാക്കും.
  • നനഞ്ഞ മുടി മുറുക്കി കെട്ടിവയ്‌ക്കുന്നിലും നല്ലത് ലൂസായി ഇടുന്നതാണ്.
  • പാലക്ക് ചീര, ചോളം, സ്‌ട്രോബറി, ഉള്ളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിലുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ മുടിയ്‌ക്ക് ആന്തരികമായി കരുത്ത് പകരും.
और कहानियां पढ़ने के लिए क्लिक करें...