ദാമ്പത്യസുഖം, സമ്പൽ സമൃദ്ധി, ശത്രു സംഹാരം, കച്ചവട വിജയം, മന:സമാധാനം എന്നിവ തേടിയാണ് പലരും ജ്യോത്സ്യന്‍റെ അടുത്ത് പോകുന്നത്. കവടി നിരത്തി അയാൾ പറയുന്നതുപോലെ പ്രവർത്തിക്കും. ഈ ഇനത്തിൽ കുറേ കാശും ചെലവഴിക്കും. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും പണക്കാരനും പാവപ്പെട്ടവനും എന്നുവേണ്ട ജീവിതത്തിന്‍റെ വിവിധ നിലകളിൽ ഉള്ളവർ അന്ധവിശ്വാസത്തിന്‍റെ കാര്യത്തിൽ സമന്മാരാണ്. രാഹുകാലം നോക്കി അടുക്കളയിൽ വരെ കയറുന്നവർ ഉണ്ട്!

മന:സുഖം നഷ്ടപ്പെട്ടവരാണ് യഥാർത്ഥത്തിൽ ജ്യോതിഷിയുടെ അടുത്തേക്ക് ഓടുന്നവർ. സ്വന്തം കഴിവിൽ ആത്മവിശ്വാസമില്ലാത്ത, കഠിനമായി അദ്ധ്വാനിക്കാൻ മനസ്സിലാത്തവരാണ് ഇക്കൂട്ടർ. എങ്ങനെ കുറുക്കുവഴിയിലൂടെ നേട്ടം കൊയ്യാം എന്ന് ചിന്തിക്കുന്നവർ. വഴിപാട് കഴിച്ചും ജ്യോത്സ്യൻ പറഞ്ഞ ക്ഷേത്രത്തിൽ പോയി ശയനപ്രദിക്ഷണം ചെയ്തും രുദ്രാക്ഷമാല അണിഞ്ഞും നവരത്നക്കല്ലുകളോ ജന്മനക്ഷത്രക്കല്ലുകളോ പതിച്ച മാലകളോ മോതിരമോ അണിഞ്ഞും നല്ലകാലം വരും എന്ന് കാത്തിരിക്കുന്ന മണ്ടന്മാരാണ് ഇവരെന്ന് പറയാതെ വയ്യ.

മേലനങ്ങി പണിയെടുക്കാതെ ജീവിതവിജയം ഉണ്ടാവുമോ? ഇല്ല. ജീവിതത്തിന്‍റെ പലമേഖലകളിലും തിളങ്ങി നിൽക്കുന്ന പലരും കഠിനാദ്ധ്വാനത്തിലൂടെയാണ് നേട്ടങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇവർ അറിയുന്നില്ല. സാഹസവും ആത്മവിശ്വാസവും മടുപ്പില്ലാതെ കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും ദീർഘവീക്ഷണവുമാണ് നാം ആർജ്‌ജിക്കേണ്ടത്. ഇതിനൊന്നും മെനക്കെടാതെ രുദ്രാക്ഷത്തിന്‍റെയും ഭൈരവയന്ത്രത്തിന്‍റെയും പിറകെ പോയാൽ ഉള്ള മന:സമാധാനം പോയിക്കിട്ടുമെന്നു മാത്രമല്ല, മാനഹാനിയും ധനനഷ്ടവും ആയിരിക്കും ഫലം. ജ്യോത്സ്യന്മാരുടെ കൃഷിയിടത്തിൽ എത്തിപ്പെടുന്ന കറവപ്പശുക്കളായി സ്വയം മാറേണ്ടതുണ്ടോ? ജീവിതം രക്ഷപ്പെടാൻ രുദ്രാക്ഷമാലകൾകൊണ്ടോ മന്ത്രങ്ങൾകൊണ്ടോ സാധിക്കുകയില്ല എന്ന് മനസ്സിലാക്കണം.

നാൾഫലം

നാൾഫലം വയിച്ച് ദൈനംദിനകാര്യങ്ങൾ പ്ലാൻ ചെയ്യുന്നവരുണ്ട്. എത്ര മൂഢമായ വിശ്വാസമാണിത്. ഒരാളുടെ ഭാവി തീരുമാനിക്കപ്പെടുന്നത് എഴുതുന്നതിനനുസരിച്ചാണോ? ഓരോ നാളിന്‍റെ ഫലം പലരും എഴുതുമ്പോൾ പല രീതിയിലാണ് വരുന്നത്. ഒരു മാസികയിൽ അല്ലെങ്കിൽ പത്രത്തിൽ അച്ചടിച്ചു വരുന്ന പോലെയാവില്ല മറ്റൊരു പ്രസിദ്ധീകരണത്തിൽ വരുന്നത്.

ഇതിൽ നിന്നു തന്നെ ഇതിന്‍റെ അശാസ്ത്രീയത മനസ്സിലാക്കാമല്ലോ. ഒന്നിൽ 5, 6 തീയതി നല്ലതാണ് എന്നു പറയുമ്പോൾ അതേ നാളുകാരുടെ 5,6 തീയതി വളരെ മോശം എന്നു മറ്റൊരു വാരഫലത്തിൽ കണ്ടെന്നുമിരിക്കും. ഇതൊക്കെ മനസ്സിലാക്കിയിട്ടും ഇതിൽ വിശ്വസിക്കുന്നവരെ പിന്നേ എന്തു പറയാനാണ്.

ദാമ്പത്യവും ജോത്സ്യവും

സ്നേഹത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണ് ദാമ്പത്യം. ഇതിൽ വീഴ്ച വരുമ്പോഴാണ് ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തലപൊക്കുന്നത്. പക്ഷേ ബന്ധങ്ങൾ വഷളാവുമ്പോൾ ജ്യോത്സ്യന്‍റെ അടുത്തേക്ക് ഓടുന്നവരാണ് മിക്കവരും. തെരുവിൽ 5 രൂപയ്ക്ക് കിട്ടുന്ന രുദ്രാക്ഷങ്ങൾ 50 രൂപയ്ക്ക് ജപിച്ച് കയ്യിൽ കൊടുക്കുന്ന ജ്യോത്സ്യൻ. അതു കെട്ടിയാൽ പ്രശ്നം തീരും എന്നു പറയും.

വീട്ടിലെ അന്തരീക്ഷവും വിശ്വാസമില്ലായ്മയും ഈ പ്രവൃത്തികൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്ന് ആർക്കാണറിയാത്തത്. എങ്കിലും അന്ധവിശ്വാസത്തിന്‍റെ പേരിൽ ജോത്സ്യന്‍റെ പരിഹാര മാർഗ്ഗങ്ങൾ ആളുകൾ ശിരസാവഹിക്കുന്നു.

ദാമ്പത്യ പ്രശ്നങ്ങൾ ഉള്ളവർ കൗൺസിലിംഗിനു തയ്യാറാവണം. ഡോക്ടർമാരുടെയും സാമൂഹ്യശാസ്ത്രജ്‌ഞരുടെയും ഉപദേശം ഉൾക്കൊള്ളണം. അല്ലാതെ രുദ്രാക്ഷത്തിന്‍റെ ശക്‌തികളിൽ വിശ്വസിക്കുകയല്ല ചെയ്യേണ്ടത്. പൂജകൾ കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും ദാമ്പത്യത്തിലെ താളപ്പിഴകൾ ശരിയാക്കാനാവില്ല. പുണ്യദർശനങ്ങൾ കൊണ്ടും ജീവിതത്തിലെ ദോഷം മാറ്റാൻ കഴിയുകയില്ല.

മദ്യപാനവും വിവാഹേതര ബന്ധങ്ങളുമാണ് മിക്ക ദാമ്പത്യവും തകരാൻ കാരണം. ദാമ്പത്യപ്രശ്നങ്ങളുമായി ജോത്സ്യനെ സമീപിക്കുന്നവരിൽ അധികവും സ്ത്രീകളാണ്. എല്ലാകാര്യത്തിലുമെന്നപോലെ ഈ കേസിലും സ്ത്രീകളാണ് ഇരകളാവുന്നത്.

നല്ലതുവരുത്തണേ…

ഈ ചിന്ത നല്ലതു തന്നെ. പക്ഷേ അതിനുവേണ്ട കുറുക്കുവഴികൾ തേടുന്നത് നല്ലതാണോ? നല്ല ഭാര്യയെ ലഭിക്കാൻ, നല്ല ജോലി ലഭിക്കാൻ, നല്ല വീട് വയ്ക്കാൻ… ഇങ്ങനെ പലതിനും ജ്യോത്സ്യനെ കണ്ട് അരയിലും കഴുത്തിലും മന്ത്രച്ചരടുകൾ അണിയുന്നത് മിക്കവരുടേയും പതിവാണ്.

കാര്യസാദ്ധ്യത്തിനായി പണിയെടുക്കാതെ പ്രാർത്ഥനകൊണ്ടും അന്ധവിശ്വാസം കൊണ്ടും ഒന്നും നേടിയെടുക്കാനാവില്ല. മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലമാക്കാനായി ജ്യോത്സ്യന്‍റെ നിർദ്ദേശപ്രകാരം അമ്പലക്കുളത്തിലെ മീനുകൾക്ക് തീറ്റകൊടുക്കാനും പ്രാവുകൾക്കും പശുക്കൾക്കും തീറ്റ നൽകാനും സമയം മെനക്കെടുത്തുന്നവർ ഉണ്ട്. മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകുന്നത് നല്ലകാര്യം തന്നെ. പക്ഷേ അത് സ്വന്തം കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള വഴിപാടാവുമ്പോഴാണ് പ്രഹസനമാവുന്നത്.

വൈകാരികമായ അടുപ്പം

ജ്യോതിഷിയെ തേടി വരുന്നവരിൽ അധികം പേരെയും അലട്ടുന്ന പ്രശ്നം ആഭിചാരദോഷം ഉണ്ടോ എന്ന പേടിയാണത്രേ. ആളുകളുടെ ശരീരം പോലെ തന്നെ മനസും ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നതിന്‍റെ തെളിവാണിത്. ഏതു കഷ്‌ടപ്പാടുണ്ടായാലും നേരെ ജ്യോത്സ്യന്‍റെ അടുത്തേയ്‌ക്ക് ഒറ്റ ഓട്ടമാണ്. നിധി കിട്ടാൻ സാധ്യതയുണ്ടോ എന്നറിയാൻ പോലും ജ്യോതിഷിയെ സമീപിക്കുന്നവരുണ്ട്.

ലൈംഗികശേഷിയിൽ സംശയമുള്ളവർ ഡോക്‌ടർമാരെ വിട്ട് ജ്യോത്സ്യന്മാരുടെ ഉപദേശം തേടി പോകുന്ന അവസ്‌ഥയും ഉണ്ട്. ലൈംഗികശേഷി വർദ്ധിപ്പിക്കാനുള്ള പരിഹാരങ്ങൾ ആരാഞ്ഞാണ് ഇക്കൂട്ടർ എത്തുന്നത്. ഇത്തരം ആവശ്യങ്ങളുമായി എത്തുന്നവരെ ചില മാന്ത്രിക ഏലസുകളും പൂജാ വിധികളും നൽകി കാശുണ്ടാക്കുന്ന ജ്യോതിഷികളും ഉണ്ട്.

മാനസിക വൈകല്യങ്ങൾക്ക് പരിഹാരം തേടി പോകുന്ന ആളുകളുമുണ്ട്. ഇത്തരക്കാരെ കയ്യിൽ കിട്ടിയാൽ ജ്യോത്സ്യന്മാർക്ക് നല്ല ചാകരയാണ്. പൂജയിലൂടെയും വഴിപാടുകളിലൂടെയും ക്ഷേത്രദർശനത്തിലൂടെയും രോഗവിമുക്‌തി നേടാനുള്ള മാർഗ്ഗങ്ങൾ ജ്യോത്സ്യൻ പറഞ്ഞു കൊടുക്കുന്നു.

ജ്യോത്സ്യനും പൂജാരികളും മന്ത്രവാദികളും ചേർന്നുള്ള ഒരു സംഘം തന്നെ ഇതിനു പിന്നിൽ ഉണ്ട്. അവർ വിശ്വാസിയെ നന്നായി പിഴിഞ്ഞു വിടും. നല്ല ചെലവു വരുന്ന പരിഹാരക്രിയയാണ് അവർ നിർദ്ദേശിക്കുക.

അന്ധവിശ്വാസത്തിന്‍റെ പിടിയിലമർന്ന മനോരോഗിവകളെ ഇനി എങ്ങനെ ചികിത്സിച്ചു ഭേദമാക്കാനാണ്. സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കുന്ന ചികിത്സയാണ് ശരിക്കും വേണ്ടത്.

മനുഷ്യജീവിതം വളരെ സങ്കീർണ്ണമാണ്. മനുഷ്യന്‍റെ മനസ്സ് അതിനേക്കാൾ സങ്കീർണ്ണവും. അത് നിയന്ത്രണത്തിലാക്കാത്തിടത്തോളം കാലം, ഇത്തരക്കാരെ പറ്റിയ്‌ക്കാൻ ഇവിടെ ആളുകൾ അനവധിയുണ്ടാകും. രുദ്രാക്ഷമാലകൾക്കു പോലും ഇനി അവരെ രക്ഷിക്കാനാവില്ല.

और कहानियां पढ़ने के लिए क्लिक करें...