മട്ടാഞ്ചേരിയിൽ വച്ചാണ് ഓസ്‌ട്രിയക്കാരിയായ ജാസ്‌മിൻ ജസ്‌ലറെ കണ്ടുമുട്ടിയത്. കഴിഞ്ഞ അഞ്ച് വർഷമായി അവർ എല്ലാ സീസണിലും കൊച്ചി സന്ദർശിക്കാൻ വരുന്നുണ്ട്. സംസാരത്തിനിടയിൽ കൗതുകകരമായൊരു നിരീക്ഷണം അവർ പങ്കു വച്ചു. “ഓരോ വർഷവും ഇവിടെ വരുമ്പോൾ രണ്ടു കാര്യങ്ങൾ പെരുകുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ഒന്ന് കൊച്ചിയിലെ കൊതുകുകളും മറ്റൊന്ന് മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണവും.” ശരിയാണ്, ഇപ്പോൾ കൊച്ചിയുടെ രാജാക്കന്മാർ കൊതുകുകളാണ്! എറണാകുളത്തെ മോഡേൺ ബ്രഡിന്‍റെ ഫാക്‌ടറിയുടെ മുന്നിലൂടെ പോകുമ്പോൾ ബ്രഡിന്‍റെ മോഹിപ്പിക്കുന്ന മണം അനുഭവിക്കുന്നതു പോലെ കൊച്ചിയിലെത്തിയാൽ കൊതുകിന്‍റെ കടി അനുഭവിക്കാത്തവരും വിരളമായിരിക്കും.
സന്ധ്യയായാൽ കൊച്ചി നിവാസികൾക്ക് പട്ടാളക്കാരന്‍റെ മനസ്സാണ്. എല്ലാവരും ജാഗരൂകരാവും. വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിടും. കൊതുകുതിരി കത്തിക്കും. ബാറ്റ് എടുക്കും. ചിലർ ശരീരത്തിൽ ക്രീം പുരട്ടും, കൊതുകു വല കെട്ടും. റെപ്പലന്‍റ് ലിക്വിഡ് സ്വിച്ച് ഓൺ ചെയ്യും… യുദ്ധം തുടങ്ങുകയായി. കൊതുകുകളെ തുരത്താനുള്ള യുദ്ധം! വർഷങ്ങളായി ഈ യുദ്ധം തുടങ്ങിയിട്ട്. ഇപ്പോഴും പന്ത് കൊതുകുകളുടെ കോർട്ടിലാണ്. മനുഷ്യരെ കടിക്കാൻ കൊതുകുകൾക്ക് പ്രത്യേകിച്ച് ചെലവൊന്നുമില്ല. പക്ഷേ കൊതുകുകളെ തുരത്താൻ ആളുകൾക്ക് നല്ല പണച്ചെലവുണ്ട്.
“ബാറ്റിന്‍റെയും വലയുടേയും ലിക്വിഡിന്‍റെയും ബില്ല് കൂട്ടി നോക്കിയാൽ നമ്മുടെ കണ്ണ് തള്ളിപ്പോവും. കുട്ടികൾ ഉള്ള വീട്ടിലാണെങ്കിൽ പറയുകയും വേണ്ട. അത്തരം വീടുകളിൽ ഇതൊക്കെ കത്തിച്ചു വയ്‌ക്കുന്നത് കൂടാതെ മുഴുവൻ സമയവും ഫാൻ ഇട്ടുവയ്‌ക്കുന്നതുകൊണ്ട്, കൊതുകിനെ ഓടിക്കാൻ കറന്‍റും ചെലവാകുമല്ലോ! അതിനാൽ കൊച്ചിക്കാർക്ക് കൊതുകിനെ തുരത്താനായി സർക്കാർ സബ്‌സിഡി നൽകേണ്ടതാണ്.” കാര്യവും തമാശയും കലർന്ന സ്വരത്തിൽ വടുതലയിൽ ഓട്ടോ ഡ്രൈവറായ രാജൻ പറയുന്നു.
ഈ നഗരത്തിന്‍റെ മുഖമുദ്രയാണ് കൊതുകുകൾ എന്ന ചിന്താഗതിക്കാരുമുണ്ട്. ഓരോ നഗരത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്. പക്ഷേ കൊച്ചിയുടെ ശാപമാണ് കൊതുകുകൾ. കൊച്ചിയുടെ പേരിൽ ഒരു കൊതുക് പോലും ഉണ്ടല്ലോ. ഈഡിസ് കൊച്ചി! അസാധാരണവും വളരെ ആകർഷകവുമായ ഒരു ഇനം കൊതുകാണിത്. ആസ്‌ട്രേലിയയിലാണ് ഇവ അധികവും കണ്ടു വരുന്നത്. ഈ ഇനം കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. കൊച്ചിയിലും ഈ ഇനത്തിലുള്ള കൊതുകുകളുടെ സാന്നിദ്ധ്യം ഉണ്ട്.
കൊതുക് മൂളുമ്പോൾ കാശ് പോകുന്നു
ഒരു മാസം വിനോദങ്ങൾക്ക് ചെലവഴിക്കുന്നതിനേക്കാൾ കാശാണ് കൊതുകിനെ തുരത്താൻ കൊച്ചി നിവാസികൾക്ക് വേണ്ടി വരുന്നത്. അതിന്‍റെ ബജറ്റ് ഏകദേശം താഴെ കൊടുക്കുന്നു.
- കൊതുക് ബാറ്റിന്‍റെ വില- 150 രൂപ മുതൽ 1,200 രൂപ വരെ.
- കൊതുക് വലയുടെ വില- 130 രൂപ മുതൽ 1,300 രൂപ വരെ.
- ബ്രാന്‍റഡ് വേപോറൈസർ – 60 രൂപ മുതൽ 110 രൂപ വരെ.
- മോസ്‌കിറ്റോ റെപ്പലന്‍റ് ക്രീം- 150 രൂപ മുതൽ 250 രൂപ വരെ.
ഇതു കൂടാതെ ഒറ്റത്തവണ ദീർഘകാല അടിസ്‌ഥാനത്തിലേയ്‌ക്ക് ചെലവഴിക്കുന്ന തുകയുമുണ്ട്. ഉദാ: ജനലിനും വാതിലിനും നെറ്റ് അടിയ്‌ക്കാനും എയർ ഹോളുകൾക്ക് നെറ്റ് വിൻഡോ പിടിപ്പിക്കുവാനും മറ്റും. മാഗ്നറ്റിക് നെറ്റുകളും റോളർ സ്‌ക്രീനുകളും വാങ്ങുന്നതിനുള്ള ചെലവും ഈ ബജറ്റിന്‍റെ ഭാഗമാണ്. ഇന്ത്യയിലെ റെപ്പലന്‍റ് മാർക്കറ്റ് ഈ വർഷം 30 ബില്യനില്‍ കൂടുതലായിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളേക്കാൾ വളരെ കൂടുതലാണിത്.
കൊതുകിനെ തുരത്താൻ നാടൻ വിദ്യകൾ
- ശുദ്ധമായ വെളിച്ചെണ്ണ പുരട്ടിയാൽ കൊതുക് കടിയേൽക്കില്ല. അതിന്‍റെ ഗന്ധം കൊതുകുകളെ അകറ്റുകയും ചെയ്യും.
- കുന്തിരിക്കം പുകയ്‌ക്കുന്നത് കൊതുകുകളെ അകറ്റും. പക്ഷേ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ളവർ ഒരേ സമയം എന്തെങ്കിലും പുകയ്‌ക്കുകയോ കുന്തിരിക്കം കത്തിക്കുകയോ ചെയ്‌താൽ മാത്രമേ ദീർഘ നേരത്തേക്ക് ഫലം ലഭിക്കുകയുള്ളൂ.
- തക്കാളിച്ചെടികൾ ബാൽക്കണിയിലും ജനലിന്‍റെ അടുത്തും വീട്ടുപരിസരത്തും വളർത്തുന്നത് കൊതുകിനെ അകറ്റും. തക്കാളിച്ചെടിയുടെ രൂക്ഷ ഗന്ധം കൊതുകിനെ ആ പരിസരത്തേയ്‌ക്ക് അടുപ്പിക്കുകയില്ല എന്നതാണ് കാരണം.
- വേപ്പെണ്ണ പുരട്ടിയാൽ കൊതുക് കടി ഏൽക്കില്ല.
കൊതുകുവലയും ഫാഷനും
പരമ്പരാഗതമായ കൊതുകുവലകളുടെ കാലം കഴിഞ്ഞു എന്നാണ് മാർക്കറ്റിലെ ട്രെന്‍റുകൾ വെളിപ്പെടുത്തുന്നത്. വെള്ള നിറത്തിലുള്ള നെറ്റുകൾക്ക് പകരം ഇപ്പോൾ ഫാൻസി ഷെയ്‌ഡിലുള്ള പിങ്ക്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, നീല, പച്ച, പർപ്പിൾ എന്നീ നിറങ്ങളിലാണ് വരുന്നത്. വീടിന്‍റെ ചുമരുകൾക്ക് ചേർന്ന നിറങ്ങളിലുള്ള കൊതുക് വല തെരഞ്ഞെടുക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. മൂന്ന് മുതൽ അഞ്ചു പേർക്ക് കിടന്നുറങ്ങാവുന്ന വലിയ വലകൾ വരെ ലഭ്യമാണ്. പ്ലാസ്‌റ്റിക്, കോട്ടൺ, പോളി കോട്ടൺ, നൈലോൺ എന്നീ മെറ്റീരിയലുകളിൽ ഉള്ളവയും വിപണിയിൽ ഉണ്ട്.
കേരളത്തിൽ കൊച്ചിയിലാണ് ഏറ്റവും അധികം കൊതുകുവലകൾ വിറ്റുപോകുന്നതത്രേ. ടെന്‍റ് രൂപത്തിലുള്ള വലിയ നെറ്റുകൾക്ക് ആയിരത്തി ഇരുന്നൂറ് രൂപയാണ് വില. ഇത്തരം വലകൾ എസി മുറികൾക്കാണ് കൂടുതൽ യോജിക്കുക. വീടിന്‍റെ ഇന്‍റീരിയറിനു ചേർന്ന കൊതുകു വലകൾ ഉപഭോക്‌താക്കളുടെ ഇഷ്‌ടത്തിനു നിർമ്മിച്ചു നൽകുന്നവരും കൊച്ചിയിലുണ്ട്. കൊതുക് കടിയേൽക്കാതെ കിടന്നുറങ്ങുന്നതും ഫാഷനാണിപ്പോൾ!
മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിൽ കൊതുകിന്‍റെ സ്വാധീനം വളരെ വലുതാണ്. രജനികാന്തിന്‍റെ റോബോ എന്ന ചിത്രത്തിലെ രംഗം തന്നെ അതിനുദാഹരണമാണ്. രജനികാന്തിന്‍റെ കഥാപാത്രം തന്‍റെ നായികയെ കടിച്ച കൊതുകിനെ സാഹസികമായി പിടിച്ചെടുത്ത് നായികയുടെ മുന്നിൽ കൊണ്ടുവന്ന് മാപ്പ് പറയിപ്പിക്കുന്നുണ്ട്! കൊതുകിനെ നായകനാക്കി തമിഴിൽ മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നുണ്ടെന്നാണ് കേൾവി.
തമിഴിൽ മാത്രമല്ല കൊതുകിന് ആരാധകരുള്ളത്. മലയാളത്തിൽ ഒരു യുവകവി കൊതുകിനെപ്പറ്റി ഒരു വലിയ കവിത തന്നെ എഴുതിയിട്ടുണ്ട്. സർഗ്ഗ പ്രക്രിയയുടെ ഭാഗമാണ് കൊതുകെങ്കിലും, അത്ര സുഖകരമല്ല കൊതുകുമായി ഏറ്റുമുട്ടുന്നവരുടെ ജീവിതം. കൊച്ചിയിൽ ഒരാൾക്ക് ശരാശരി 20 മുതൽ 2352 കൊതുകുകടി വരെ ഒരു വർഷം ഏൽക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇറക്കിയ ഒരു ബുള്ളറ്റിനിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്.
കൊതുകിനെ കൊണ്ട് പൊറുതി മുട്ടുന്നവർ മാത്രമല്ല കൊതുകിനെ കൊണ്ട് ഉപകാരമുള്ളവരും കൊച്ചിയിലുണ്ട്. കൊതുകു വല വിൽക്കുന്നവരെക്കുറിച്ചല്ല പറഞ്ഞുവരുന്നത് കേട്ടോ. കോഴിക്കോട് സ്വദേശിയായ നിരോഷ കൊച്ചിയിലെത്തിയിട്ട് അഞ്ച് വർഷമായി. ഭർത്താവിനൊപ്പം ഒരു ഫ്‌ളാറ്റിൽ കഴിയുന്ന ഇവർക്ക് അതിഥികളെ കൊണ്ട് പൊറുതി മുട്ടിയിരുന്നു. എല്ലാ ദിവസവും നാട്ടിൽ നിന്ന് ആരെങ്കിലുമൊക്കെ കാണും. ഇപ്പോൾ വീട് മാറിയതിൽ പിന്നെ അതിഥികൾ വരാതായി എന്നാണ് നിരോഷ പറയുന്നത്. കാരണം എന്താണെന്നോ? കൊതുക് ശല്യം! ഇപ്പോൾ താമസിക്കുന്ന ഇടത്തെ കൊതുകുകൾക്ക് പ്രതിരോധശേഷി കൂടുതലാണത്രേ. അതിനാൽ ഓയിലും ക്രീമും ലിക്വിഡും ഒന്നും ഏൽക്കുന്നില്ല!
കൊതുകിനെ അകറ്റാൻ പലവിധ കാര്യങ്ങളും കൊച്ചി നിവാസികൾ പരീക്ഷിക്കുന്നുണ്ട്. കൊതുകുതിരിയും മറ്റ് റെപ്പലന്‍റുകളും നിർവീര്യമാകുന്ന സാഹചര്യത്തിൽ സന്ധ്യയ്‌ക്ക് കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നവരും ഉണ്ട്.
“മെട്രോ നഗരമാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഇവിടെ ഫോഗിംഗും മറ്റ് കൊതുക് നിർമ്മാർജ്‌ജന മാർഗ്ഗങ്ങളും പരാജയപ്പെടുകയാണ്. കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി ബോധപ്പൂർവ്വം കൊതുകുകളെ വളരാൻ സാഹചര്യം ഒരുക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു” മനുഷ്യാവകാശ പ്രവർത്തകനായ ബിനു പറയുന്നു.
കൊതുക് നിയന്ത്രണ മാർഗ്ഗങ്ങൾ
കൊതുകുകളെ അവയുടെ ജീവിത ചക്രത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വച്ച് നശിപ്പിച്ചാൽ കൊതുകുകൾ പെരുകുന്നത് ഒഴിവാക്കാനാവും. പ്രജനന സ്‌ഥലങ്ങൾ കണ്ടെത്തുകയും അവ ഇല്ലാതാക്കുകയും ചെയ്യണം. കൂത്താടികളെയും പൂർണ്ണ വളർച്ച വന്ന കൊതുകിനെയും നശിപ്പിക്കുക വഴി ഇവയെ നിയന്ത്രിക്കാം. ഫോഗിംഗ്, ഇൻഡോർ സ്‌പേസ് സ്‌പ്രേയിംഗ്, ലാർവി സൈഡ് സ്‌പ്രേയിംഗ് തുടങ്ങിയ വയിലൂടെ കൊതുകളെ തുരത്താം.
കൊതുകുകൾ പെരുകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
- കുഴികളും മറ്റും മണ്ണിട്ട് മൂടണം. കെട്ടിക്കിടക്കുന്ന ശുദ്ധ ജലത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്.
- ഉപയോഗ്യ ശൂന്യമായ ടയറുകളിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം. അതിൽ കൊതുകുൾ മുട്ടയിടും.
- വീടിന്‍റെ ടെറസ്സ്, സൺഷെയ്‌ഡ് എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
- കൂളറുകൾ, ഫ്രിഡ്‌ജുകൾ, ചെടിച്ചട്ടിയുടെ അടിയിൽ വയ്ക്കുന്ന പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
- ഓടയിലെ തടസ്സം നീക്കി ജലം ഒഴുകാൻ അനുവദിക്കുക.
- കക്കൂസ് ടാങ്കുകളുടെ വെന്‍റ് പൈപ്പുകൾ വല കൊണ്ട് മൂടുക,
ഒരു ബ്രസീലിയൻ ഗോൾ!
ബ്രസീലുകാർക്ക് കൊതുകിനെ ഇപ്പോൾ അത്ര പേടിയില്ല. മൂളിപ്പാട്ടുമായി വരുന്ന കൊതുകുകളെ അവർ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണത്രേ. രോഗവാഹകരെന്ന ചീത്ത പേര് കേട്ട കൊതുകുകളെ തുരത്താൻ വോൾബാഷിയ എന്ന ബാക്‌ടീരിയ ഉള്ള കുറച്ച് കൊതുകളെ ഗവേഷകർ റിയോ നഗരത്തിലേയ്‌ക്ക് തുറന്നു വിട്ടു. ഏതാനും മാസങ്ങൾ കൊണ്ട് പെറ്റു പെരുകി ഡെങ്കിപ്പനി ഇല്ലാതാക്കാൻ ബാക്‌ടീരിയ കൊതുകുകൾക്കാവും എന്നാണ് ഗവേഷകർ പറയുന്നത്. ഓസ്‌ട്രേലിയയിലും ഇന്തോനേഷ്യയിലും ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടത്രേ. മനുഷ്യരിലേയ്‌ക്ക് ഈ ബാക്‌ടീരിയ പ്രവേശിക്കില്ല. അതുകൊണ്ട് തന്നെ ബാക്‌ടീരിയ വഹിക്കുന്ന കൊതുകുകൾ മനുഷ്യന് ഭീഷണിയാവുകയുമില്ല.