മനോഹരമായ കണ്ണുകൾക്ക് മൂടുപടം തീർക്കുന്ന കണ്ണട ഒന്നു ഒഴിവാക്കാൻ കഴിഞ്ഞെങ്കിൽ… ഇങ്ങനെ ആഗ്രഹിക്കാത്ത യുവതീയുവാക്കളുണ്ടാവില്ല, സ്‌ഥിരമായി കണ്ണട വയ്‌ക്കാൻ മടിയുണ്ടെങ്കിൽ യാത്രയ്‌ക്കിടയിൽ കണ്ണട എടുക്കാൻ മറന്നു പോകുന്നത് പതിവു കാര്യമായിരിക്കും. ജോലിയിലും യാത്രയിലും ചടങ്ങുകളിലുമെല്ലാം കണ്ണട ഒരു തടസ്സമായി ഇടയ്‌ക്കെങ്കിലും തോന്നിയിട്ടുണ്ടോ നിങ്ങൾക്ക്? കാഴ്‌ച വൈകല്യം ഉള്ളതിനാൽ കണ്ണട ഒഴിവാക്കാനും നിവൃത്തിയില്ല. ഇത്തരക്കാർക്ക് യോജിച്ച പരിഹാരമാണ് ലാസിക് ചികിത്സ (lasik treatment).
കണ്ണടയോ കോണ്ടാക്‌ട് ലെൻസോ ഉപയോഗിക്കാതെ ഏറ്റവും നല്ല കാഴ്‌ച ലഭ്യമാക്കുന്ന ലഘുവായ ഒരു സർജിക്കൽ പ്രക്രിയ ആണിത്. കണ്ണടയില്ലാത്ത കാഴ്‌ച നേടിക്കൊടുക്കുന്ന ലാസിക് ചികിത്സയെക്കുറിച്ച് കടവന്ത്ര ലോട്ടസ് ഐ കെയർ ആശുപത്രിയിലെ സീനിയർ റിഫ്രാക്‌ടീവ് സർജൻ ഡോ. കല. ബി തോട്ടം…
എന്താണ് ലാസിക് ചികിത്സ
ലേസർ അസിസ്‌റ്റഡ് ഇന്‍ സിതു കെരാട്ടേമില്യൂസിസ് (laser-assisted in situ keratomileusis) എന്നതിന്‍റെ ചുരുക്കപ്പേരാണ് ലാസിക് (lasik). കണ്ണിന്‍റെ ഹ്രസ്വദൃഷ്‌ടി, ദീർഘദൃഷ്‌ടി, അസ്‌റ്റിഗ്‌മാറ്റിസം എന്നീ പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്ന ലേസർ ചികിത്സയാണ്. വളരെ നേർത്ത ലേസർ പ്രകാശം ഉപയോഗിച്ചുകൊണ്ട് നേത്ര പടലത്തിലെ വ്യതിയാനങ്ങളെ മാറ്റി, വ്യക്‌തമായ കാഴ്‌ച നൽകുന്നു. ഈ ചികിത്സാ രീതി ലോകത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് കണ്ണടയില്ലാത്ത കാഴ്‌ചയെ നേടിക്കൊടുക്കുകയാണ്.
സിയോപ്‌റ്റിസ് മൈക്രോ കെരാട്ടോം സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണിലെ നേത്രപടലത്തിലെ ഒരു പാളി നീക്കം ചെയ്യുന്നു. അതിനു ശേഷം ലേസർ രശ്മി കൃഷ്ണമണിയിൽ ഉപയോഗിച്ച് റെറ്റിനയിൽ കൃത്യമായി ഫോക്കസിംഗ് നടത്തി കണ്ണിന്‍റെ കാഴ്‌ച വൈകല്യം കറക്‌ട് ചെയ്യുന്നു. കണ്ണിന്‍റെ അപവർത്തനത്തെ ഇപ്രകാരം കറക്ട് ചെയ്യുമ്പോൾ യഥാർത്ഥമായ കാഴ്ച ലഭിക്കുകയാണ്. മങ്ങിയ പ്രകാശത്തിലും കൂടുതൽ മികവോടെ കാണാൻ കഴിയും.
ആർക്കൊക്കെ ലാസിക് ചെയ്യാം?
ഒരു വർഷമായി കണ്ണിന്‍റെ കാഴ്‌ച ശക്‌തിയിൽ മാറ്റം വരുത്തിയിട്ടില്ലാത്ത, 18 വയസ്സു പൂർത്തിയായ ആർക്കും ലാസിക് ചെയ്യാം. കോണ്ടാക്‌റ്റ് ലെൻസ് ഉപയോഗിക്കുന്നവരാണെങ്കിൽ പരിശോധനയ്‌ക്ക് രണ്ടാഴ്‌ച മുമ്പ് ലെൻസ് നീക്കം ചെയ്‌തിരിക്കണം. അതുപോലെ കണ്ണിൽ വരൾച്ചയുണ്ടെങ്കിലോ മുമ്പ് ചികിത്സ ചെയ്‌തിട്ടുണ്ടെങ്കിലോ അക്കാര്യം ഡോക്‌ടറെ മുൻകൂട്ടി അറിയിക്കുകയും വേണം.
എങ്ങനെയാണ് ഇത് ചെയ്യുന്നത്?
ഒരു ദിവസം കൊണ്ട് ചെയ്‌ത് വീട്ടിൽ പോകാവുന്ന ചികിത്സയാണിത്. രണ്ടുകണ്ണുകളിലും കൂടി ലാസിക് ചെയ്യാൻ 10 മുതൽ 15 മിനിറ്റു വരെ മാത്രം മതിയാവും. ഐ ഡ്രോപ്‌സ് ഉപയോഗിച്ച് കണ്ണിന് അനസ്‌തേഷ്യ നൽകിയ ശേഷമാണ് സർജറി.
രോഗിയെ കിടത്തിയ ശേഷം മൃദുവായ ഒരു ക്ലിപ്പ് കൺപോളയിൽ വച്ച് കണ്ണു തുറന്നു പിടിക്കുന്നു. മൈക്രോ കെരാട്ടോം എന്ന ഉപകരണം ഉപയോഗിച്ച് മൃദുവായ കോർണിയൽ ഫ്‌ളാപ്പ് ഉണ്ടാക്കുന്നു. ഇത് തീർത്തും വേദനാരഹിതമാണ്. തുടർന്ന് കോർണിയയെ റീഷേപ്പ് ചെയ്യാനായി ലേസർ രശ്മികൾ കടത്തി വിടുന്നു. അതിനുശേഷം ഫ്‌ളാപ്പ് തിരിച്ചു വയ്ക്കുന്നു. സ്‌റ്റിച്ചോ വേദനയോ ഒന്നുമില്ലാത്ത സർജറിക്കു ശേഷം ഉടനെ തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം.
ശസ്‌ത്രക്രിയ കഴിഞ്ഞാൽ എന്തൊക്കെ ശ്രദ്ധിക്കണം
ചികിത്സയ്‌ക്കു ശേഷം വീട്ടിലേക്ക് പോകുന്നതിനു മുമ്പോ ശസ്‌ത്രക്രിയയുടെ പിറ്റേന്നോ ഡോക്‌ടർ വീണ്ടും കണ്ണ് പരിശോധിക്കും. സർജറി കഴിഞ്ഞ് നാല് മണിക്കൂർ നേരത്തേക്ക് ചെറിയ അസ്വസ്‌ഥത കണ്ണിനുണ്ടാകും. വെള്ളം വരിക, ചുവപ്പ് ഇതൊക്കെ കണ്ടേക്കാം. ആറ് മണിക്കൂറിനകം വ്യക്‌തമായ കാഴ്‌ച ലഭിക്കും. നാലു ദിവസത്തിനകം എല്ലാ അസ്വസ്‌ഥതകളും മാറി വ്യക്‌തമായ കാഴ്‌ചയുണ്ടാകും. ചികിത്സയ്‌ക്കു ശേഷം ഡോക്‌ടർ നിർദ്ദേശിച്ച രീതിയിൽ കണ്ണിൽ തുള്ളി മരുന്ന് ഉപയോഗിക്കണം.
ശസ്‌ത്രക്രിയയുടെ പിറ്റേന്നു മുതൽ കൺപോള സ്‌റ്റെറിലൈസ്‌ഡ് ടിഷ്യൂ കൊണ്ട് വൃത്തിയാക്കാം. എന്നാൽ മൂന്നു ദിവസത്തേക്ക് തല കുളിക്കാൻ പാടില്ല. രണ്ട് ആഴ്ച കണ്ണിനെ സംരക്ഷിക്കുന്ന കണ്ണട ഉപയോഗിക്കേണ്ടതാണ്. പുറത്തു പോകുമ്പോഴും കണ്ണട ഒഴിവാക്കരുത്. ടിവി കാണൽ, പുസ്‌തകം വായന എന്നിവ പിറ്റേ ദിവസവും, കമ്പ്യൂട്ടർ ഉപയോഗം എഴുപത്തിരണ്ടു മണിക്കൂറുകൾക്ക് ശേഷവും ചെയ്യാം. കണ്ണിൽ തിരുമ്മുക, വെള്ളം തെറിപ്പിക്കുക, നീന്തുക തുടങ്ങിയവ കുറേ നാളത്തേക്ക് ഒഴിവാക്കേണ്ടതാണ്. കൺമഷി, ഐലൈനർ തുടങ്ങിവയും ഒരു മാസത്തേക്ക് ഉപയോഗിക്കരുത്.
സർജറിക്ക് മുമ്പ് ചെയ്യേണ്ടത് എന്തെല്ലാം?
ലാസിക് സർജറി (lasik surgery) ചെയ്യുന്നതിനു മുമ്പ് ഡോക്‌ടർ വിശദമായ കണ്ണു പരിശോധന നടത്തും. കൃഷ്ണമണി (cornea) യുടെ ആകൃതി, വലിപ്പം, കനം, അപവർത്തന വ്യതിയാനങ്ങൾ (ഹ്രസ്വദൃഷ്‌ടി, ദീർഘദൃഷ്‌ടി, അസ്‌റ്റിഗ്‌മാറ്റിസം) മറ്റു കാഴ്‌ച പ്രശ്നങ്ങൾ (ഹെഓഡർ അബറേഷൻസ്) ഇവയുടെ പരിശോധനയിലൂടെ മനസ്സിലാക്കിയ ശേഷമാണ് ശസ്‌ത്രക്രിയ തീരുമാനിക്കുന്നത്. കോണ്ടാക്‌റ്റ് ലെൻസ് ഉപയോഗിക്കുന്നവരാണെങ്കിൽ ലാസിക് പ്രക്രിയയ്‌ക്ക് ഒരാഴ്ച മുമ്പെങ്കിലും കോണ്ടാക്‌ട് ലെൻസ് ധരിക്കുന്നത് ഒഴിവാക്കണം. കോർണിയയുടെ ശരിയായ ആകൃതിയെ ബാധിക്കുന്നതിനാലാണിത്.
ലാസികിന് പാർശ്വഫലങ്ങളുണ്ടോ?
പ്രത്യേകമായി ഒന്നും പറയാനില്ല. തൊണ്ണൂറ്റിയാറ് ശതമാനം രോഗികൾക്കും അവരാഗ്രഹിക്കുന്ന കാഴ്‌ച ശക്‌തി ഇതിലൂടെ ലഭ്യമാകും. ലാസികിലൂടെ കോർണിയയിൽ ഉണ്ടാക്കുന്ന മാറ്റം, വിദഗ്‌ദ്ധ ഡോക്‌ടർമാർ മാത്രം ചെയ്യേണ്ടതാണ്. അശ്രദ്ധ കൊണ്ട് സംഭവിക്കാവുന്ന പാർശ്വഫലങ്ങളേ ഈ സർജറിക്കുള്ളൂ.
ലാസിക് ആരാണ് കൂടുതൽ ചെയ്യുന്നത്?
കാഴ്‌ചശക്‌തി (eye sight) പരിഗണിക്കപ്പെടുന്ന ജോലികൾക്ക് പോകും മുമ്പ്, കാഴ്‌ച വൈകല്യങ്ങൾ ലാസികിലൂടെ പരിഹരിക്കുന്നത് ഗുണകരമാവും. ഇപ്പോൾ ധാരാളം പേർ ഈ ലക്ഷ്യത്തോടെ ലാസികിന് വരുന്നുണ്ട്. കണ്ണട വയ്‌ക്കാൻ ഇഷ്‌ടമില്ലാത്തവർക്ക് മാത്രമല്ല, സ്വാഭാവികമായ കാഴ്‌ച ഏതു സമയത്തും വേണം എന്നാഗ്രഹിക്കുന്നവർക്ക് ലാസിക് ചെയ്യാവുന്നതാണ്. വിവാഹത്തിനു മുമ്പ് കണ്ണിന്‍റെ കാഴ്‌ചശക്‌തി ശരിയാക്കാനും കണ്ണട ഒഴിവാക്കാൻ വേണ്ടിയും നിരവധി ആളുകൾ ലാസിക് ചികിത്സ തേടിയെത്തുന്നുണ്ട്.