ഇതുവരെ കാൻസറിനുള്ള മുഖ്യ കാരണമായി പറയപ്പെട്ടിരുന്നത് ജീവിത ശൈലിയും ഹാനികരമായ പദാർത്ഥങ്ങൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതുമൊക്കെയായിരുന്നു. അതിനാൽ തന്നെ ആരോഗ്യകരമായ ജീവിതം നയിക്കുന്നവർക്ക് രോഗം പിടിപെടുമ്പോൾ ആശ്ചര്യത്തോടെ ആളുകൾ പറയുമായിരുന്നു. “കാണുമ്പോൾ ആളൊരു പാവമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഈ രോഗം എങ്ങനെ വന്നു.?”
അഞ്ച് വർഷം മുമ്പ് അമേരിക്കയിലും ഇംഗ്ലണ്ടിലും നടന്ന ഒരു പഠനത്തിൽ വിസ്‌മയകരമായ ഒരു കാര്യമാണ് വെളിപ്പെട്ടത്. അസുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെ പരക്കുന്ന ഹ്യൂമൺ പൈപിലോമ വൈറസ് (എച്ച്‌പിവി) ശരീരത്തിൽ വിവിധ തരം കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇതിന്‍റെ നൂറിൽപരം ഇനങ്ങളിൽ അധികവും ഹാനികരങ്ങളല്ല.
വായ, യോനി. മലദ്വാരം എന്നിവിടങ്ങളിൽ കണ്ടുവരുന്ന എച്ച്‌പിവി ടൈപ്പ് 16,18 എന്നിവ ഓറൽ-അനൽ സെക്‌സ് മൂലം ഓറോ ഫംഗൽ (കഴുത്ത്, നാവ്, ടോൺസിൽ) മലദ്വാരം, ഗർഭാശയഗളം (സർവിക്‌സ്) യോനി, വാൾവാ എന്നിവിടങ്ങളിലും കാൻസർ ഉണ്ടാകാം.
മദ്യപാനം, പുകവലി, പുകയില മുറുക്ക് എന്നിവ ഉപയോഗിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നതു പോലെ, ലൈംഗികതയിലൂടെ എയ്‌ഡ്‌സ് പരക്കുന്നതു പോലെ എച്ച്‌പിവി കാൻസർ വ്യാപകമായി പരക്കുന്നുണ്ട്. നിലവിൽ മൂന്നിലൊന്ന് തൊണ്ടയിലെ കാൻസർ ഇതു വഴി ഉണ്ടാകുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്ത് വിട്ടത്. ലോകത്ത് 60 ശതമാനം ഗർഭാശയ കാൻസറും 80 ശതമാനം തൊണ്ടയിലെ കാൻസറും 60 ശതമാനം ഓറോഫങ്കൽ കാൻസറും എച്ച്‌പിവി കാരണമാണ് ഉണ്ടാവുന്നത്. ഹോളിവുഡിലെ പ്രശസ്‌ത നായകൻ മൈക്കൽ ഡഗ്ലസ്, ഓറൽ സെക്‌സിൽ ഏർപ്പെട്ടതിനാലാണ് തനിക്ക് തൊണ്ടയിലെ കാൻസർ പിടിപെട്ടതെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്രട്ടറി ഡഗ്ലസ് അദ്ദേഹം പറഞ്ഞത് പൊതുവായ ഒരു കാര്യമാണെന്ന് തിരുത്തിയിരുന്നു. അധികം വൈകാതെ ആ യാഥാർതഥ്യം ലോകം തിരിച്ചറിഞ്ഞു. അമേരിക്കയിൽ പ്രതിവർഷം 2,370 സ്‌ത്രീകളും 9,356 പുരുഷന്മാരുമാണ് എച്ച്‌പിവി ഓറോഫങ്കൽ കാൻസറിന് ഇരയാവുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, 2008-ൽ ലോകത്ത് 27,400 സ്‌ത്രീകളാണ് എച്ച്‌പിവി ഗർഭാശയ ഗള കാൻസറിന് ഇരയായി മരണമടഞ്ഞത്.
എങ്ങനെ രക്ഷപ്പെടാം?
രോഗബാധിതനായ വ്യക്‌തിയുമായി വായ, മലദ്വാരം എന്നിവ ഉപയോഗിച്ച് സെക്‌സിൽ ഏർപ്പെടുമ്പോഴാണ് വൈറസ് പിടിപെടുന്നത്. ചുംബനത്തിലൂടെ പകരുമെന്ന കാര്യം ശാസ്‌ത്രജ്‌ഞർ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. അവയവങ്ങളുടെ രോഗ പ്രതിരോധശക്‌തി ക്ഷയിപ്പിച്ച് കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാലാണ് ആ ഭാഗങ്ങളിൽ ആന്‍റിബോഡിയുടെ സാന്നിദ്ധ്യം ഉണ്ടാവുന്നത്.
അനേകം വകഭേദങ്ങൾ ഉണ്ടെങ്കിലും പലതും ഹാനികാരകങ്ങളല്ല! അധികമാളുകളിലും രോഗപ്രതിരോധശക്‌തി കൂടിയവരിൽ (ടൈപ്പ് 16, 18) ഒന്ന് രണ്ട് വർഷത്തിനിടയിൽ ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതെ ശരീരത്തിൽ നിന്ന് ഒഴിഞ്ഞുപോകും. പക്ഷേ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്.
അമേരിക്കയിലെ ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച് പുകവലി, പാൻമസാല, മദ്യം എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന വായയിലെ കാൻസറിനേക്കാൾ വദനസുരതം പോലുള്ള കാമലീലയിൽ ഏർപ്പെടുന്നവരിൽ വായയിൽ കാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്.
പുകവലി, മദ്യം എന്നിവ മൂലമുണ്ടാകുന്ന കാൻസറിന്‍റേയും വൈറസ് മൂലമുണ്ടാകുന്ന കാൻസറിന്‍റേയും ലക്ഷണങ്ങൾ ഒന്നാണെങ്കിലും രണ്ടും രണ്ടുതരം അസുഖങ്ങളാണ്. പാശ്ചാത്യ രാജ്യത്ത് ബോധവൽക്കരണം മൂലം പുകവലി, മദ്യം മൂലമുണ്ടാകുന്ന കാൻസർ കുറഞ്ഞ് വരുന്നുണ്ട്. പക്ഷേ എച്ച്‌പിവി കാൻസറിന്‍റെ കാര്യത്തിൽ രോഗികളുടെ എണ്ണത്തിൽ ആശങ്കയുണ്ടാക്കുന്ന വർദ്ധനവാണ് കണ്ടു വരുന്നത്.
“അമേരിക്കയിൽ 1980-2000 വർഷത്തിനിടയിൽ എച്ച്‌പിവി കാൻസറിന്‍റെ കാര്യത്തിൽ നാല് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്” ഓഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ. മൈഗൽ സൺ പറയുന്നു.
മുമ്പത്തെ അപേക്ഷിച്ച് സെക്‌സിന്‍റെ കാര്യത്തിൽ തുറന്ന സമീപനം വന്നതോടെ രോഗാണുക്കൾ പരക്കുന്നത് വ്യാപകമായിരിക്കുകയാണ്. അമേരിക്കയിൽ ഇപ്പോൾ രണ്ടു കോടി രോഗബാധിതരാണ്. ഓരോ വർഷവും ജനസംഖ്യയുടെ രണ്ട് ശതമാനം ജനങ്ങളിൽ ഇത് പരക്കുന്നുമുണ്ട്. ഇംഗ്ലണ്ടിൽ പതിനാലു വയസ്സുള്ളവരിൽ പോലും ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അനാരോഗ്യകരമായ ലൈംഗികത കാരണം ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ സ്‌ഥിതി വഷളാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
റിപ്പോർട്ട് അനുസരിച്ച്, പുരുഷൻമാരിലാണ് സ്‌ത്രീകളെ അപേക്ഷിച്ച് വൈറസ് കൂടുതലായി കണ്ടു വരുന്നത്. അതിനാൽ പുരുഷന്മാരാണ് അധികവും കാൻസർ രോഗികളാവുന്നത്. ഇതിനർത്ഥം സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് പങ്കാളിയെ മാറ്റുന്നത് എന്നാണ്. അതിനാൽ പുരുഷന്മാർ തന്നെയാണ് വൈറസ് വാഹകരാവുന്നത്. ദ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്‍റെ പഠന പ്രകാരം ഗ്രൂപ്പിലെ 10 ശതമാനം വൈറസ് ബാധിതരിൽ 3.6 ശതമാനം മാത്രമാണ് സ്‌ത്രീകൾ ഉണ്ടായിരുന്നത്.
അനാരോഗ്യകരമായ സെക്‌സ്
വൈറസ് ബാധിതനായ വ്യക്‌തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വായ, മലദ്വാരം എന്നിവ ഉപയോഗിച്ചുള്ള രതി ഒഴിവാക്കുക, എച്ച്‌പിവി കാൻസർ പിടിപെടാതിരിക്കാൻ ഈ മുൻകരുതൽ സ്വീകരിച്ചേ മതിയാവൂ. സെക്‌സ് വർക്കറുമായി ലൈംഗികബന്ധം പാടില്ല. അതുപോലെ ഒന്നിലധികം പേരുമായി സെക്‌സിൽ ഏർപ്പെടുന്നതും വൈറസ് ബാധ ഉണ്ടാവാനും കാൻസർ പിടിപെടാനും ഇടയാക്കും. ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലർത്തുന്ന 80 ശതമാനം സ്‌ത്രീകളിലും തങ്ങളുടെ ജീവിതകാലത്ത് വൈറസ് ബാധ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അപരിചിതരുമായി സെക്‌സിൽ ഏർപ്പെടുന്നത് തീർത്തും ഒഴിവാക്കണം. ഗർഭ നിരോധന ഉറകൾ ഈ കാര്യത്തിൽ വിശ്വസനീയമല്ല. കാരണം അത് പുരുഷജനനേന്ദ്രിയത്തിൽ ശരിയ്‌ക്കും ഫിറ്റായിരിക്കുകയില്ല. അതിനാൽ വൈറസ് സംഗ്രമിക്കാൻ ഇടയുണ്ട്.
വൈദ്യപരിശോധനയിലൂടെ വൈറസ് ബാധ കണ്ടുപിടിക്കാൻ കഴിയും. ഉദാ- സ്‌ത്രീകൾക്കുള്ള പാപ്‌സ്‌മീയർ ടെസ്‌റ്റ്. പക്ഷേ സുരക്ഷയ്‌ക്ക് യാതൊരു ഗ്യാരണ്ടിയും ഇതുകൊണ്ട് ലഭിക്കില്ല. എങ്കിലും മദ്യപാനം, പുകവലി എന്നിവ മൂലം ഉണ്ടാക്കുന്ന കാൻസറിനേക്കാൾ എളുപ്പത്തിൽ എച്ച്‌പിവി കാൻസറിൽ നിന്ന് രക്ഷനേടാൻ കഴിയും. രോഗം തിരിച്ചറിഞ്ഞാലുടൻ ചികിത്സ നൽകിയാൽ രക്ഷപ്പെടാൻ കഴിയും. അതിനാലാണല്ലോ മൈക്കൽ ഡഗ്ലസ് അതിൽ നിന്ന് പൂർണ്ണമായി മോചിതനായത്.
എയ്റോബിക് വ്യായാമം, ശരിയായ ഭക്ഷണ ശീലം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവ പുലർത്തിയാൽ പ്രതിരോധശേഷി കൂട്ടാനും അതുവഴി രോഗ മുക്‌തി എളുപ്പമാക്കാനും സാധിക്കും. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഈ വൈറസ് കാൻസർ ഉണ്ടാക്കും. അതിനാൽ ഒരു പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നതു മാത്രമാണ് രോഗം വരാതിരിക്കാനുള്ള പ്രതിരോധം.
ജാഗ്രത വേണം
ചിട്ടയായ ജീവിതം നയിച്ചാൽ മാത്രമേ രോഗരഹിതമായ ഒരു നല്ല ജീവിതം സാധ്യമാവുകയുള്ളൂ. ഒന്നിൽ കൂടുതൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, അപരിചിതരുമായി രതിയിലേർപ്പെടുക, സ്വവർഗ്ഗരതി തുടങ്ങിയവ എച്ച്‌പിവി വരാനുള്ള സാധ്യത വളരെ കൂട്ടുന്നു. പുതിയ തലമുറയിൽ സെക്‌സിന്‍റെ കാര്യത്തിൽ ഉണ്ടായിട്ടുള്ള തുറന്ന സമീപനവും മദ്യപാനവും മറ്റ് ലഹരികളും ഉപയോഗിക്കുന്നതിലുള്ള വർദ്ധനവും ലൈംഗികതയിലൂടെ പകരുന്ന അസുഖങ്ങളും വർദ്ധിക്കാനിടയാക്കിയിട്ടുണ്ട്. അതിനാൽ ബോധവൽക്കരണം നടത്തിയില്ലെങ്കിൽ, സ്വയം പരിശുദ്ധമായ ജീവിതം നയിക്കാൻ മനസ്സ് കാണിച്ചില്ലെങ്കിൽ, സമീപ ഭാവിയിൽ എയ്‌ഡ്‌സ് പോലെ തന്നെ എച്ച്‌പിവി കാൻസറും ഗുരുതരമായ സാമൂഹ്യ വിപത്തായി തീരാനിടയാകും.