കേട്ടാൽ ഒരു സുഖമൊക്കെ തോന്നണം വിളിക്കാൻ എളുപ്പമാകണം. ആർക്കും അത് ഉണ്ടാകുകയുമരുത്!

എന്താ കടങ്കഥ പറഞ്ഞ് കളിക്കുകയാണെന്നാണോ? അല്ലേയല്ല. കുഞ്ഞുങ്ങൾക്ക് പേരിടുന്നതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ആറ്റുനോറ്റുണ്ടാവുന്ന കണ്മണിക്ക് ആരും കേൾക്കാത്ത, ആരും കൊതിക്കുന്ന പേര്! ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത, കേൾക്കുമ്പോൾ “ഹായ് കൊള്ളാമല്ലോ?” എന്ന് തോന്നുന്ന പേര്, എന്താ നിങ്ങളും ആ ആഗ്രഹത്തിലാണോ, എങ്കിൽ തീർച്ചയായും ഇത് വായിക്കണം.

അപൂർവ്വമായ പേരുകൾ കണ്ടെത്തി ഇടുന്നതിൽ ഏറ്റവും കൂടുതൽ താൽപര്യം സിനിമാരംഗത്തുള്ളവർക്കാണോ? അങ്ങനെ തോന്നും സിനിമാതാരങ്ങളുടെ മക്കളുടെ പേര് കേട്ടാൽ. പ്രത്യേകിച്ചും, ബോളിവുഡ് താരങ്ങൾ ഇത്തരം ക്രേസുകൾക്ക് പിന്നാലെയാണ്. പേര് കേട്ടാൽ ജാതിയും മതവും ഏതെന്ന് കൃത്യമായി മനസ്സിലാവരുത് എന്നൊരു ആഗ്രഹവും ഇത്തരം ചിന്തകൾക്കു പിന്നിലുണ്ട്. എന്തായാലും ആണോ, പെണ്ണോ എന്നുപോലും വ്യക്‌തമല്ലാത്ത പേരുകൾ ഇടാൻ ഇവർക്കൊന്നും താൽപര്യമില്ല!

സിനിമാതാരങ്ങളിൽ പലരുടെയും പ്രേമ വിവാഹമായതിനാൽ, എല്ലാ മതസ്‌ഥർക്കും സ്വീകാര്യമായ പേരിടുവാൻ ആഗ്രഹിക്കുന്നവരുണ്ട്. ജാതിമത പരിഗണനകളില്ലാതെ പേരിലൂടെ തന്നെ സന്താനങ്ങൾക്ക് ഐഡന്‍റിറ്റി വേണമെന്ന് ഇവർ കരുതുന്നു. ഇപ്പോഴത്തെ പേരുകൾ കേട്ടാൽ വ്യക്‌തി ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്‌ത്യാനിയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ല. നല്ല കാര്യം!

റ്വിതിക് റോഷന്‍റെ മകന്‍റെ പേരിൽ നിന്നു തുടങ്ങാം. റിഹാൻ എന്നാണ് പേര്. ഉച്ചാരണം കേൾക്കുമ്പോൾ അറബി വാക്കാണെന്ന് മനസ്സിലാക്കാം. വ്യത്യസ്‌തമായ പേര് എന്ന ലക്ഷ്യം വച്ച് സംസ്‌കൃതവും ഉറുദുവും എന്തിന് ആഫ്രിക്കൻ ഭാഷ വരെ അരിച്ചു പെറുക്കുന്നവരുണ്ട്. ഇവരൊക്കെ ഇംഗ്ലീഷ് വളരെ നന്നായി സംസാരിക്കുന്നവരാണെങ്കിലും ഇംഗ്ലീഷ് ഒറിജിനുള്ള പേരുകളോട് അത്ര പഥ്യമില്ല.

ആൻ ഇഷ്‌ടം

പേരിന്‍റെ അവസാനം ആൻ എന്ന് ഉച്ചാരണം വരുന്ന തരം പേരുകളോട് ഇപ്പോൾ വലിയ പ്രിയമാണ്. ആര്യമാൻ (ബോബി ഡിയോൾ), ആര്യൻ (ഷാരൂഖ് ഖാൻ), ഷഹ്‌റാൻ (സഞ്‌ജയ് ദത്ത്), റയാൻ (മാധുരി ദീക്ഷിത്), നെവാൻ (സോനു നിഗം), ഇഷാൻ (ഓംപുരി), ജിഡാൻ (അർശദ് വസി), അഹാൻ (സുനിൽ ഷെട്ടി), അയാൻ (ഇമ്രാൻ ഹാഷ്‌മി), വിവാൻ (നസ്‌റുദ്ദീൻ ഷാ), വിഹാൻ (നന്ദിത ദാസ്), അജാൻ (അമൃത അറോറ).. ഈ പട്ടിക ഇനിയും നീളുന്നു. സ്‌ഥലപരിമിതി കൊണ്ട് ചുരുക്കുകയാണ്.

ആൻ എന്ന ധ്വനി പേരിൽ വരുമ്പോൾ ഒരു പൗരാണികത തോന്നുന്നതോടൊപ്പം, അന്താരാഷ്‌ട്ര സ്‌റ്റൈലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. മലയാളം സിനിമയിൽ മമ്മൂട്ടിയുടെ മകന്‍റെ പേരിലുണ്ട്. അന്തരിച്ച നടൻ അഗസ്റ്റിൻ തന്‍റെ മകൾക്ക് ആൻ എന്നാണ് പേരിട്ടത് (ആൻ അഗസ്റ്റിൻ). ആൻ (ദുൽഖർ സൽമാൻ) എന്തായാലും ആൻ പ്രേമം നിമിത്തം കുറേ സിനിമാതാരങ്ങളുടെ മക്കൾക്ക് ഒരേ പേരുണ്ട്. ഫിർഫാൻ ഖാന്‍റേയും ഇമ്രാൻ ഹഷ്‌മിയുടെയും മകന്‍റെ പേര് അയാൻ എന്നാണ്. അദ്‌നൻ സാമിയുടെയും അമൃത അറോറയുടേയും മകന്‍റെ പേര് അജാൻ.

പെൺ പേരുകളിൽ ലാളിത്യം

സിനിമാ രംഗത്തുള്ളവർക്കെല്ലാം തന്നെ പെൺമക്കളുണ്ട്. വളരെ കുറച്ചു പേർക്കു മാത്രമാണ് പെൺ മക്കൾ ഇല്ലാത്തത്. ഇതിൽ രസകരമായ ഒരു കാര്യം പലർക്കും ഇരട്ട പെൺകുട്ടികളുണ്ട് എന്നതാണ്. കരിയർ മോഹങ്ങളിൽ പെട്ടതിനാൽ നടീനടന്മാരിൽ ഭൂരിഭാഗവും വൈകി വിവാഹിതരാകുകയാണ് പതിവ്. തുടർന്ന് കുട്ടികളുണ്ടാവാൻ കൃത്രിമഗർഭ ധാരണ മാർഗ്ഗങ്ങൾ തേടേണ്ടി വരുന്നു. അതിനാൽ ഇരട്ടക്കുട്ടികളുണ്ടാകാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഫറാ ഖാന് ഒറ്റ പ്രസവത്തിൽ മൂന്നു മക്കളുണ്ട്. ഇവരിൽ രണ്ടു പേർ പെൺകുട്ടികളും ഒരാൾ ആൺകുട്ടിയും. അന്യ, ദിവ എന്നാണ് പെൺകുട്ടികളുടെ പേര്.

ഇനി മറ്റു താരങ്ങളുടെ പെൺമക്കളുടെ പേര് ശ്രദ്ധിക്കൂ.

സുഹാന (ഷാരുഖ്), ന്യാസ (അജയ് ദേവ്‌ഗൺ), രശാ (രവീണ ഠണ്ഡൻ), എയാന (ലിയാണ്ടർ പയസ്), എയ്‌മി (ഗോപിക), സബൈന (ശ്വേത), അഥിക (സുനിൽ ഷെട്ടി), അഹാന, ഇഷ (ഹേമാ മാലിനി), മഹിക, മ്യാര (അർജ്‌ജുൻ രാംഗോപാൽ), റീനി (സുസ്‌മിതാ സെൻ), അമിയ, മിയ (മധു), സിയ (ലാലു അലക്‌സ്), വേദ (ജയസൂര്യ), നൈന (നിത്യാദാസ്) എന്നിവ കേൾക്കാനിമ്പമുള്ള ലളിതമായ പേരുകളാണ്.

അച്‌ഛനമ്മമാരുടെ പേരിൽ നിന്ന്

സ്വന്തം പേരിന്‍റെ ആദ്യാക്ഷരത്തിൽ തുടങ്ങുന്ന പേര് തന്നെ മക്കൾക്കും നൽകുന്നവർ ധാരാളമാണ്. അങ്ങനെയുള്ളവരിൽ പ്രശസ്‌തരായ ദമ്പതികൾ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമാണ്. ആരാധ്യ എന്നാണ് മകളുടെ പേര്. അനുമാലിക്കിന്‍റെ മക്കളുടെ പേരെന്തെന്നോ? അൻമോൽ, ആദ. മലയാളത്തിന്‍റെ നിവിൻ പോളിയുടെ മകന്‍റെ പേര് നെയ്‌ൽ എന്നാണ്.

നടൻ സൈജുക്കുറുപ്പ് മകൾക്ക് പേരിട്ടിരിക്കുന്നത് മയൂഖ എന്നാണ്. സൈജുവിന്‍റെ ആദ്യ ചിത്രമായ മയൂഖത്തിന്‍റെ സ്മരണയിലാണ് ഇങ്ങനെ ചെയ്തത്. ശങ്കർ മഹാദേവന്‍റെയും സവിതയുടെയും മക്കളുടെ പേര് സിദ്ധാർത്ഥ്, ശിവം എന്നാണ്. ശക്‌തി കപൂർ- ശിവാംഗി ദമ്പതികൾ മക്കൾക്ക് പേരിട്ടിരിക്കുന്നത് ശ്രദ്ധ, സിദ്ധാന്ത് എന്നിങ്ങനെ.

റ്വിതിക് റോഷന് രണ്ട് ആൺമക്കളാണുള്ളത്. റിഹാൻ, റിധാൻ ഇവരുടെ മൂന്നു പേരുടെ പേരും എച്ച് എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. എന്നാലത് സൈലൻറുമാണ്.

ബോളിവുഡിലെ രൺവീർ

വീരൻ എന്ന് അർത്ഥമുള്ളതു കൊണ്ടാകാം രൺവീർ, രൺബീർ എന്നീ പേരുകളോട് ബോളിവുഡിന് ഒരൽപം പ്രിയം കൂടുതലുണ്ട്. രൺവീർ കപൂർ, രൺബീർ സിംഗ്, രൺവീർ ഷോരി എന്നിങ്ങനെ മൂന്നു സിനിമാ താരങ്ങൾ നിലവിൽ ബോളിവുഡിലുണ്ട്. സൊണാലി ബന്ദ്രേ, സണ്ണി ഡിയോൾ എന്നിവരുടെ മക്കളുടെ പേരും രൺവീർ എന്നാണ്!

കൗതുകമുള്ള പേരുകൾ

അമിതാഭ് ബച്ചന്‍റെ മകൾ ശ്വേതയുടെ മകളുടെ പേര് നവ്യാ നവേലി എന്നാണ്. പുതിയ പെൺകുട്ടി എന്നാണ് പേരിന്‍റെ അർത്ഥം. എന്നാൽ മകന് പേരിട്ടിരിക്കുന്നത് അഗസ്‌ത്യ എന്നാണ്. ഒരു മുനിയുടെ പേരാണിത്. ബോളിവുഡ് താരം കരിഷ്‌മയുടെ പുത്രിയുടെ നാമം സമായറ എന്നാണ്. ഈശ്വരന്‍റെ സംരക്ഷണത്തിൽ എന്നാണിതിന്‍റെ അർത്ഥം. മകന് കിഖാൻ എന്നാണ് പേര്. പ്രതീക്ഷ, രാജാവ് എന്ന അർത്ഥം വരുന്നു. ഫർഹാൻ അക്‌തർ മക്കൾക്ക് പേരിട്ടിരിക്കുന്നത് അകിരാ, ശാക്‌വാ, കല്യാൺ എന്നിങ്ങനെയാണ്.

പരമ്പരാഗത പേരുകളോടും പ്രിയം

യശോ വർധൻ, ഷർഷ വർധൻ, ഹരൂൺ, വേദാന്ത്, ജാൻഹവി, അർജുൻ, സിദ്ധി, മൽഹാർ, വസുധ, അവന്തിക, ആനന്ദിത, അരുന്ധതി, യുഗ്, കാവേരി, നർമ്മദ, സാരിണി, തുടങ്ങിയ പേരുകളും ബോളിവുഡിൽ ഹിറ്റാണ്. ബിജു മേനോൻ സംയുക്‌ത താര ജോടികളുടെ പുത്രന്‍റെ പേര് വേറിട്ടു നിൽക്കുന്നു. ദക്ഷ് ധാർമ്മിക്ക്. ജയസൂര്യയുടെ മകന്‍റെ പേര് അദ്വൈത് എന്നും മകളുടെ പേര് വേദ എന്നുമാണ്.

മോഹൻ ലാലിന്‍റെ മകന്‍റെ പേര് പ്രണവ് എന്നാണ്. ജയറാമിന്‍റെ മകന്‍റെ പേര് കാളിദാസൻ എന്നാണ്. അജയ് ദേവ്‌ഗൺ മകനെ യുഗ് എന്നാണ് വിളിക്കുന്നത്. ശോഭ ഡേയുടെ മൂന്ന് പെൺ മക്കളുടെ പേരും രസകരമാണ്. അവന്തിക, ആനന്ദിത, അരുന്ധതി. പേരുകളുടെ രസകരമായ കഥ ഇനിയും തുടരുകയാണ്. പുതിയ പേരുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നിടത്തോളം ആ കഥയ്‌ക്ക് അന്ത്യമില്ല.

और कहानियां पढ़ने के लिए क्लिक करें...