ഇരുണ്ട ചർമ്മമാണോ നിങ്ങളുടേത്? എങ്കിൽ ചർമ്മത്തിന്‍റെ നിറത്തിനനുസരിച്ച് മേക്കപ്പിട്ടോളൂ. മുഖസൗന്ദര്യം വർദ്ധിക്കും. എന്നാൽ മേക്കപ്പിടും മുമ്പ് സ്‌കിൻ ടോൺ എങ്ങനെയുള്ളതാണെന്ന് അറിയുക പ്രധാനമാണ്. അതറിഞ്ഞ ശേഷം യോജിച്ച ന്യൂട്രിലൈസർ, കൺസീലർ, ഫൗണ്ടേഷൻ ബേസ് എന്നിവ ഉപയോഗിക്കാം. ഇന്ന് എല്ലാത്തരം ചർമ്മക്കാർക്കുമുള്ള മേക്കപ്പ് ഉല്‌പന്നങ്ങൾ ലഭ്യമാണ്. അനുയോജ്യമായത് തെരഞ്ഞെടുത്ത് ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് അത് ഫലം ചെയ്യുക. മൂന്ന് തരം ന്യൂട്രിലൈസറുകളുണ്ട്.
ഐവറി ന്യൂട്രിലൈസർ : സ്‌കിൻ ടാനിംഗിനായുള്ളതാണിത്.
ഗ്രീൻ ന്യൂട്രിലൈസർ : ഇത് ചുവപ്പു നിറത്തിനായി പ്രയോഗിക്കുന്നു.
ഓറഞ്ച് ന്യൂട്രിലൈസർ : ഇരുണ്ട ചർമ്മത്തിനുള്ളത്.
ഡാർക്ക് ഫേസ് മേക്കപ്പ്
ഏറ്റവുമാദ്യം മുഖം വൃത്തിയാക്കാനായി വെറ്റ് വൈപ്‌സ് ഉപയോഗിക്കുക. ഇത് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. ഇനി സ്‌പ്രേ ബോട്ടിലിൽ ടോണർ ഒഴിച്ച് മുഖത്ത് സ്‌പ്രേ ചെയ്യാം. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് മുഖത്ത് വട്ടത്തിൽ ചലിപ്പിച്ച് ടോണിംഗ് ചെയ്യാം. ഉണങ്ങിയ ശേഷം മുഖത്ത് മോയ്‌സ്‌ചുറൈസർ പുരട്ടാം. ചുണ്ടുകളിൽ വിരലുപയോഗിച്ച് കണ്ടീഷണർ പുരട്ടാം.
മോയ്‌സ്‌ചുറൈസർ പുരട്ടി 10 മിനിറ്റിനു ശേഷം കണ്ണിനു താഴെയും നെറ്റിയിലും ചുണ്ടുകൾക്കു സമീപത്തും (കറുപ്പു നിറമുള്ള ഭാഗങ്ങളിൽ) ബ്രഷുപയോഗിച്ച് ന്യൂട്രിലൈസർ പുരട്ടാം. ഇരുണ്ട ചർമ്മത്തിൽ ഓറഞ്ച് നിറത്തിലുള്ള ന്യൂട്രിലൈസറാണ് യോജിക്കുക. കാരണം ഇത് ചർമ്മത്തിൽ നന്നായി മിക്‌സായിക്കോളും.
ചർമ്മത്തിൽ ഇത് 15 മിനിറ്റ് ഇരിക്കാൻ അനുവദിക്കുക. മുഖത്ത് നന്നായി ന്യൂട്രിലൈസായിക്കോളും. അഥവാ സമയമില്ലെങ്കിൽ അതിനുമീതെ ട്രാൻസ്‌പെരന്‍റ് പൗഡർ പുരട്ടി ഉടനടി മേക്കപ്പ് ചെയ്യാം. ബ്രഷുപയോഗിച്ചു വേണം മുഖത്ത് ടച്ച്‌അപ്പ് ചെയ്യാൻ.
ഇനി മുഖം മുഴുവൻ കൺസീലർ പുരട്ടുക. മുഖത്തെ എല്ലാ കുറവുകളേയും ഭംഗിയായി മറയ്‌ക്കും. പിന്നീട് ഇതിന് മീതെ ബ്രഷ് ഉപയോഗിച്ച് ട്രാൻസ്‌പെരന്‍റ് പൗഡർ പുരട്ടാം. ശേഷം ഫൗണ്ടേഷൻ ഇടാം. അതിനുമീതെ ലൂസ് പൗഡറോ കോംപാക്‌റ്റ് പൗഡറോ ടച്ച്‌അപ്പ് ചെയ്യാം. ഫൗണ്ടേഷൻ സെറ്റാവാൻ ഇത് സഹായിക്കും. ഇനി സ്‌കിൻ ഫിനിഷ് പൗഡർ ടച്ച് ചെയ്യാം.
ഐ മേക്കപ്പ്
മുഖത്തെ ബേസ് തയ്യാറായ ശേഷം കണ്ണുകൾക്കുള്ള മേക്കപ്പ് തുടങ്ങാം. ഏറ്റവുമാദ്യം കണ്ണുകൾക്ക് മുകളിൽ ഐലിഡിൽ ഐഷാഡോ ഫിക്‌സർ പുരട്ടുക. ഇത് ഷാഡോ താഴോട്ട് പടരാതിരിക്കാൻ സഹായിക്കും. തുടർന്ന് സിൽവർ അഥവാ ഗോൾഡ് കളറുള്ള ഐഷാഡോ ഐലിഡിൽ പുരട്ടാം. നന്നായി മെർജ് ചെയ്യുക. ഐബ്രോസിന് താഴെയായി വൈറ്റ് ഹൈലൈറ്റർ പുരട്ടാം. ഇനി ഐലൈനർ പെൻസിലോ ബ്രഷോ ഉപയോഗിച്ച് ഇത് പുരട്ടുക. കണ്ണിന് താഴെയായി വാട്ടർ ലൈൻ ഏരിയായിൽ കാജൽ പെൻസിൽ കൊണ്ട് വരയ്‌ക്കുക. മേക്കപ്പ് പടരുന്നത് തടയാനിത് സഹായിക്കും. കൺപീലികളിൽ മസ്ക്കാര പുരട്ടി കണ്ണുകൾ മനോഹരമാക്കാം.
ചീക്‌സ് മേക്കപ്പ്
ബ്രഷുപയോഗിച്ച് ബ്രോൺസർ കവിളിണകളിൽ കൺടൂറിംഗ് ചെയ്യാം. ഇത് മൂക്കിലും മുഖത്തും ചെയ്യാം. കൺടൂറിംഗിനു ശേഷം കവിളിണകളിൽ ബ്ലഷർ പുരട്ടാം. ചീക്‌സ് ബോൺ തുടങ്ങി കൺകോണുകൾ വരെ ഇത് ടച്ചപ്പ് ചെയ്യാം.
ലിപ് മേക്കപ്പ്
ചുണ്ടുകളിൽ ആദ്യമെ തന്നെ പെൻസിലുകൊണ്ട് ഔട്ട്‌ലൈൻ വരയ്‌ക്കുക. ഔട്ട്‌ലൈനിനുള്ളിൽ ലൈറ്റ് കളർ ലിപ്‌സ്‌റ്റിക് നിറയ്‌ക്കുക. നേർത്ത ചുണ്ടുകളാണെങ്കിൽ ഔട്ട്‌ലൈൻ പുറത്തേക്ക് വരത്തക്കവണ്ണം വരയ്‌ക്കുക. വലുതാണെങ്കിൽ ലിപ് ഔട്ട്‌ലൈൻ അകത്തേക്ക് വരത്തക്കവണ്ണം ഒതുക്കി വരച്ച് ലിപ്‌സ്‌റ്റിക് പുരട്ടാം.
ഹെയർ സ്‌റ്റൈൽ
പ്ലീറ്റ്‌സ് റോൾ സ്‌റ്റൈൽ : മുടി നന്നായി ചീകിയതിനു ശേഷം ഇയർ ടു ഇയർ മുടി പാർട്ടാക്കുക. മുൻവശത്തെ മുടി ചെറിയ സെക്ഷനായി എടുത്ത് ബാക്ക് കോമ്പ് ചെയ്‌ത് പിന്നിലോട്ട് പിൻ ഉപയോഗിച്ച് സെറ്റ് ചെയ്‌തിടുക. സെറ്റ് ചെയ്‌ത മുടിയിൽ നിന്നും ബാക്കി വന്ന മുടികൊണ്ട് കൊണ്ട കെട്ടുക. കൊണ്ടയ്‌ക്ക് താഴെയുള്ള മുടി മൂന്ന് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗവും ബാക്ക് കോമ്പിംഗ് ചെയ്‌ത് കൊണ്ട കവർ ചെയ്‌ത് പിൻവെച്ച് സെറ്റ് ചെയ്യാം. മുകളിൽ കൊണ്ടയിൽ അല്‌പം മുടിയെടുത്ത് നേർത്തതായി പിന്നി കൊണ്ടചുറ്റി സെറ്റ് ചെയ്യാം.
ഇനി ആർട്ടിഫിഷ്യൽ ഹെയർ അറ്റാച്ചുമെന്‍റിൽ (പിന്നിയത്) ഹെയർ ആക്‌സസറീസ് ഫിക്‌സ് ചെയ്‌ത് കൊണ്ടയ്‌ക്ക് സൈഡിലായി അറ്റാച്ചു ചെയ്യാം. ഹെയർ സ്‌റ്റൈലിൽ സ്‌പ്രേ ചെയ്യുക. വേനൽക്കാലത്ത് ഈ ഹെയർസ്‌റ്റൈൽ ഏറെ അനുയോജ്യമായിരിക്കും.
സ്‌മോക്കി ഐസ് മേക്കപ്പ്
കണ്ണുകൾക്ക് സമീപത്തായി കൺസീലർ പുരട്ടി ഐഷാഡോ ബേസ് പുരട്ടുക. അതിനുശേഷം ഐലിഡിൽ കാജൽ പുരട്ടി ഐഷാഡോവിന്‍റെ സ്‌ഥാനത്ത് മെർജ് ചെയ്യാം. ഇനി ഇതിൽ ബ്രൗൺ കളറിന്‍റെ ഐഷാഡോ പുരട്ടാം. ഐബ്രോസ് ബോണിന് താഴെ സിൽവർ കളർ ഹൈലൈറ്റർ പുരട്ടുക. ഡാർക്ക് ബ്രൗൺ കളർ പെൻസിലുകൊണ്ട് ഐബ്രോസ് ഡാർക്ക് ചെയ്യാം. ഇനി ഐഷാഡോവിന് മുകളിൽ സീലർ പുരട്ടാം. ഐലിഡിനിടയിൽ പിഗ്‌മെന്‍റ്/ റോസ് കളർ ടച്ച്അപ്പ് ചെയ്യാം. ജെൽ ഐലൈനർ ബ്രഷിന്‍റെ സഹായത്തോടെ കണ്ണെഴുതുക. കണ്ണുകൾക്ക് താഴെയായി ബ്രൗൺ പെൻസിൽ കാജലുകൊണ്ട് വരയ്ക്കുക. ഒടുവിലായി കൺപീലികളിൽ മസ്‌ക്കാര പുരട്ടാം.
എയർ ബ്രഷ് മേക്കപ്പ്
ഏറ്റവുമാദ്യം മുഖം വെറ്റ് വൈപ്‌സ് കൊണ്ട് തുടച്ച് വൃത്തിയാക്കുക. അതിനുശേഷം ടോണിംഗ് ചെയ്യാം. ഇനി എയർബ്രഷ് മെഷീനിൽ മൈക്രോ ഫൗണ്ടേഷൻ ഇടാം. പിന്നീട് മുഖത്ത് ആവശ്യമായ ഇടത്തൊക്കെ കൺസീലിംഗ് ചെയ്യാം. ഇനി എയർ മെഷീനിന്‍റെ പ്രഷർ ഫിറ്റ് ഫൗണ്ടേഷൻ കൊണ്ട് മുഖത്ത് പ്രഷർ നൽകാം. അതിനു ശേഷം ബ്രഷുപയോഗിച്ച് നന്നായി മെർജ് ചെയ്യാം. ഫൗണ്ടേഷൻ മെർജ് ആയ ശേഷം അതിൽ മൈക്രോ സിൽക്ക് പൗഡർ പുരട്ടുക. ഇനി അതിൽ ബ്രഷുകൊണ്ട് ലൂസ് പൗഡർ പുരട്ടാം.