നിങ്ങൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? ഇത്തരം ചോദ്യങ്ങൾ ആരെങ്കിലും ചോദിച്ചാൽ എന്തു മറുപടി പറയും? വിശപ്പുമാറാൻ കഴിക്കുന്നു. നല്ല രുചിയായതിനാൽ കഴിക്കുന്നു. ഇങ്ങനെയൊക്കെ മറുപടി കിട്ടിയേക്കാം. ചുരുക്കം ചിലർ ആരോഗ്യം നിലനിർത്താൻ കഴിക്കുന്നു എന്നും പറഞ്ഞേക്കാം.
നല്ല ഭക്ഷണം കഴിച്ചാൽ നല്ല ആരോഗ്യം ലഭിക്കും എന്ന് നമുക്കറിയാം. എന്നാൽ ശരിയായ ഭക്ഷണത്തിലൂടെ രോഗാവസ്‌ഥകളെ നിയന്ത്രിക്കാനോ ഇല്ലായ്‌മ ചെയ്യാനോ സാധിക്കും. ഇതറിയുന്നവർ പോലും അതറിഞ്ഞു ഭക്ഷണ ക്രമീകരണം നടത്താറില്ല. എല്ലാ രോഗങ്ങൾക്കും സന്തുലിത ഡയറ്റിംഗ് പരിഹാരമാണെന്നല്ല പറഞ്ഞു വരുന്നത്. അമിതവണ്ണം മുതൽ ക്യാൻസർ വരെ വിവിധ രോഗങ്ങൾ ഒരാളെ പിടികൂടിയത് അയാളുടെ തീൻമേശയിൽ നിന്നാകാം എന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പൊതുവായ ചില രോഗങ്ങൾക്ക് കൃത്യമായ ഭക്ഷണരീതി എങ്ങനെ പരിഹാരമാകുമെന്ന് നോക്കാം.
എന്തൊരു ക്ഷീണം!
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണമാണ്. എത്ര ഭക്ഷണം കഴിച്ചാലും ഒരു സുഖവുമില്ല. ഉണർവ്വ് കിട്ടുന്നില്ല. ശരീരം തളർന്നു പോകുന്നതുപോലെ. ചിലർ ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ലേ? സത്യത്തിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ ജാഗ്രതയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ ക്ഷീണം കൂടും! തിന്നതു ദഹിക്കാൻ ശരീരം അമിതമായി പണിയെടുക്കുന്നുണ്ട്, നിങ്ങൾ അനങ്ങുന്നില്ലെങ്കിലും! രാവിലെ ബിസ്‌ക്കറ്റ്, മധുര പലഹാരം വറുത്തതും പൊരിച്ചതും, അമിതമായി മധുരമിട്ട ചായ, കോഫി ഇതിലേതെങ്കിലും കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒന്ന് ഒഴിവാക്കി നോക്കൂ. ഇത്തരം സാധനങ്ങൾ ശരീരത്തിലെ ഇൻസുലിൻ ലെവൽ വർദ്ധിപ്പിച്ച് ശാരീരികമായി തളർച്ച ഉണ്ടാക്കും.
നാരുകളടങ്ങിയ, ശരാശരി അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണ് ആവശ്യം. ഇത്തരം ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കുകയും പ്രവൃത്തികളിൽ മുഴുകുകയും ചെയ്യുന്നവർക്ക് രക്‌തസഞ്ചാരം ഊർജിതമാകുകയും ഉന്മേഷം തോന്നുകയും ചെയ്യും. വ്യായാമവും വേഗത്തിലുള്ള നടത്തവും തളർച്ചയകറ്റാൻ സഹായിക്കുന്നു. (ചില പ്രത്യേക നാരുകൾ അടങ്ങിയ ഭക്ഷണത്തിന്‍റെ അളവു കൂടിയാലും കുഴപ്പമുണ്ട്. ചിലർക്ക് വയറിന് അസ്വസ്‌ഥതകൾ ഉണ്ടാകും.)
ഭാരം ഓവർ ഡോസ്
വണ്ണം കൂടാൻ ഉള്ള കാരണങ്ങൾ പലതുണ്ടാകാം. എന്നാൽ തീർച്ചയായും ഒരു കാരണം ഭക്ഷണം തന്നെയാണ്. പഞ്ചസാര, സോഫ്‌റ്റ് ഡ്രിങ്കുകൾ, കാൻഡി ബാറുകൾ തുടങ്ങിയവ ഇഷ്‌ടപ്പെടുന്ന വ്യക്‌തിയാണോ നിങ്ങൾ? മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയ സംസ്‌കരിക്കപ്പെട്ട ഭക്ഷണപദാർത്ഥങ്ങളാണ് മാർക്കറ്റിൽ കൂടുതൽ ലഭ്യമാകുന്നത്. ഇവ കൂടുതലായി ഉപയോഗിക്കുന്നവർക്ക് അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുണ്ട്.
വിശപ്പിനേയും ദഹനത്തേയും നിയന്ത്രിക്കുന്ന ഹോർമോണുകളെ മേൽപ്പറഞ്ഞ യീസ്‌റ്റ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ സാരമായി ബാധിക്കുന്നു. പിസയും ബർഗറും ഫ്രഞ്ച് ഫ്രൈയും ഇഷ്‌ടപ്പെടുന്നവരാണ് കുട്ടികൾ. അവർ ഇത് പതിവായി കഴിച്ചാൽ അമിതവണ്ണവും മലബന്ധവും ഉണ്ടാകും. നല്ല ബാക്‌ടീരിയ കൂടുതലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിലൂടെ ശരീരം ക്ലീൻ ചെയ്യാം. തൈര്, സോയ ഇവ അടങ്ങിയ വിവിധ ഭക്ഷണങ്ങൾ, ചപ്പാത്തി തുടങ്ങിയവ കൂടുതൽ ഉപയോഗിക്കാവുന്നതാണ്.
ഹൊ ഈ തലവേദന
ദിവസവും മീൻകറി വേണമെന്ന് നിർബന്ധമുണ്ടായിരുന്നു സുരേഷിന്. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കുമ്പോൾ ചോറിൽ നല്ല മീൻകറി ഒഴിച്ച്, കുറച്ച് തൈരും കൂടി കൂട്ടിക്കുഴച്ചാൽ നല്ല കുശാൽ. പക്ഷേ സുരേഷിന് തലവേദന ഒഴിഞ്ഞിട്ട് നേരമില്ല. ഭക്ഷണ ശീലങ്ങളിൽ നിന്നാണ് തലവേദനയുടെ ഉറവിടം എന്നു മനസ്സിലാക്കിയ ഡോക്‌ടർ മീൻ- തൈര് കോമ്പിനേഷൻ ഉപേക്ഷിക്കാൻ പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞപ്പോൾ തലവേദന പമ്പ കടന്നു.
ചിലർക്ക് സ്‌ട്രെസ് കൊണ്ടും തലവേദന ഉണ്ടാകും. തലച്ചോറിൽ ചില രാസവസ്‌തുക്കൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെട്ട് അവ രക്‌തക്കുഴലുകളെ ബാധിക്കുമ്പോഴാണ് തലവേദന തോന്നുന്നത്. ചിലർക്ക് ഭക്ഷണം കഴിക്കാതിരുന്നാൽ തലവേദന എടുക്കും. മൈഗ്രേയിൻ ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കാത്തതോ, അനുയോജ്യമല്ലാത്ത ഭക്ഷണം കഴിക്കുന്നതോ ആണ്.
ഒരു നേരം ഭക്ഷണം ഒഴിവാകുമ്പോഴേ ചിലർക്ക് കടുത്ത ക്ഷീണവും അസ്വസ്‌ഥതയും തോന്നും. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു കൊണ്ടാണിത്. നമ്മുടെ തലച്ചോറ് കൊഴുപ്പല്ല ഉപയോഗിക്കുന്നത്, ഗ്ലൂക്കോസാണ്. അത് വേണ്ടത്ര അളവിൽ കിട്ടാതെ വന്നാൽ തലവേദന ഉണ്ടാകും. ഇങ്ങനെ അനുഭവപ്പെടുന്നവർ മൂന്നു മണിക്കൂർ ഇടവിട്ട് ലഘുവായ ഭക്ഷണം കഴിക്കുന്നത് നന്നായിരിക്കും.
കോപം മൂക്കിൻതുമ്പത്ത്
ഒരാളുടെ മനോനിലയെ നിയന്ത്രിക്കുന്നത് അന്ന് ആ വ്യക്‌തി കഴിച്ച ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണമാണ് നിങ്ങൾ രാവിലെ കഴിച്ചതെങ്കിൽ, പെട്ടെന്ന് ദേഷ്യം വരാൻ സാധ്യതയുണ്ട്. നിരാശ, ആശയക്കുഴപ്പം ഇങ്ങനെ പലപല നെഗറ്റീവ് ഫാക്‌ടറുകൾ സംഭവിച്ചേക്കാം.
നമ്മെ സന്തോഷിപ്പിക്കാൻ കഴിവുള്ള സെറോട്ടോനിൻ ഹോർമോണിന് ക്ഷമത കുറയുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അതു കൊണ്ട് രാവിലെ തന്നെ സെറോട്ടോനിനെ ഉദ്ദീപിപ്പിക്കാൻ ശക്‌തിയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചോളൂ. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ ഇവയിലൊക്കെ ധാരാളം കാർബോ ഹൈഡ്രേറ്റുണ്ട്. ഇൻസുലിൻ അമിതമായ തോതിൽ ഉൽപാദിപ്പിക്കാവുന്ന തരം ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം വേണ്ടെന്നു മാത്രം.
സെറോട്ടോനിൻ വേണ്ടത്ര ഉൽപാദിപ്പിക്കപ്പെട്ടില്ലെങ്കിൽ ഉറക്കക്കുറവും സംഭവിക്കാം. അതും നമ്മുടെ മനോനിലയെ ബാധിക്കുമെന്നുറപ്പാണല്ലോ. മൂഡ് ശരിയാക്കാൻ ചിലർ മദ്യത്തെ ആശ്രയിക്കുന്നതു കണ്ടിട്ടില്ലേ, തൽക്കാലത്തേക്ക് ചെറിയ മാറ്റം ഉണ്ടാക്കുമെങ്കിലും പിന്നീട് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. കുത്തരി, പഴം, ഓട്‌സ്, ബീൻസ്, പയറുവർഗ്ഗങ്ങൾ, മത്സ്യം തുടങ്ങിയവ ഉപയോഗിച്ചാൽ സെറോട്ടോനിൻ പിണങ്ങാതിരിക്കും. ഒപ്പം നിങ്ങളും.