ശരീരഭാരം വർദ്ധിക്കുകയെന്നത് എല്ലാ പ്രായക്കാരും നേരിടുന്ന ഒരു പ്രശ്നമാണ്. തടി കുറച്ച് ശരീരാകർഷണീയത കൂട്ടാമെന്ന അവകാശ വാദവുമായി വിപണിയിൽ ധാരാളം മരുന്നുകളും ലേപനങ്ങളുമൊക്കെ എത്തുന്നുണ്ട്. വണ്ണം കുറയ്‌ക്കുന്നതിനുള്ള ഇത്തരം ഔഷധങ്ങൾ ശാശ്വതമായ പരിഹാരം നൽകില്ല. ബ്ലഡ് ഗ്രൂപ്പ് അടിസ്‌ഥാനമാക്കിയുള്ള ഡയറ്റ് ശരീരഭാരം കുറയ്‌ക്കാൻ സഹായകമാണെന്ന കാര്യം എത്രപേർക്കറിയാം. അതെ! ബ്ലഡ് ഗ്രൂപ്പ് അനുസരിച്ചുള്ള ഡയറ്റിലൂടെ ശരീരഭാരം ഫലപ്രദമായി കുറച്ച് ശരീര സൗന്ദര്യം വർദ്ധിപ്പിക്കാമെന്നാണ് ന്യൂട്രീഷനിസ്‌റ്റും ഡയറ്റീഷ്യനുമായ രഞ്‌ജിനി പറയുന്നത്.
ബ്ലഡ്ഗ്രൂപ്പ് ഡയറ്റ് അടിസ്‌ഥാനമാക്കിയുള്ള ഡയറ്റ് ബഹുഭൂരിഭാഗത്തിനും പ്രയോജനപ്രദമാണെന്നത് സത്യമാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഇതനുസരിച്ചുള്ള ഡയറ്റ് ചാർട്ടുകൾ സാധാരണമാണ്.
ശരീരഭാരം കുറയ്‌ക്കാനുള്ള ഈ പദ്ധതിയ്‌ക്ക് ടെയിലർ മെയ്‌ഡ് ട്രീറ്റ്‌മെന്‍റ് എന്നാണ് പറയുന്നത്.
ഓരോ വ്യക്‌തിയുടേയും ദഹന പ്രക്രിയയും രോഗപ്രതിരോധശേഷിയും അവരുടെ ബ്ലഡ് ഗ്രൂപ്പിനെ ആശ്രയിച്ചാണിരിക്കുക. എന്നിരുന്നാലും ഒ ബ്ലഡ് ഗ്രൂപ്പ് വ്യക്‌തികളെ പൊതുവെ എക്‌സിമ, അലർജി, പനി എന്നിവയാവും ഏറെ അലട്ടുന്നതെന്ന് പരിശോധന വ്യക്‌തമാക്കുന്നു.
ബി ബ്ലഡ് ഗ്രൂപ്പുകാർക്കാകട്ടെ രോഗപ്രതിരോധശേഷി കുറവായിരിക്കും. ബി ബ്ലഡ് ഗ്രൂപ്പിലുള്ളവർക്ക് എപ്പോഴും തളർച്ചയും ക്ഷീണവുമുണ്ടാകും. വളരെ വ്യത്യസ്‌തമാണ് എബി ബ്ലഡ് ഗ്രൂപ്പുകാരുടെ പ്രശ്നം. ഇവർക്ക് ചെറിയ അസുഖങ്ങൾ പിടിപ്പെടുന്നത് കുറവായിരിക്കും. ക്യാൻസർ, അനീമിയ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.
ഡയറ്റ് തിയറിയനുസരിച്ച് ഭക്ഷണം കഴിക്കുമ്പോൾ രക്‌തത്തിൽ പ്രത്യേക തരത്തിലുള്ള മെറ്റബോളിക് റിയാക്ഷൻ ഉണ്ടാകുമെന്നാണ് ഡയറ്റീഷ്യനായ രഞ്‌ജിനി പറയുന്നത്. പ്രോട്ടീനും ഓരോ ബ്ലഡ് ഗ്രൂപ്പിലുള്ള ആന്‍റിജനും പരസ്‌പരം പ്രവർത്തിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഓരോ രക്‌തഗ്രൂപ്പിലും സ്വന്തമായി ആന്‍റിജൻ തയ്യാറാക്കപ്പെടാറുണ്ട്. തെറ്റായ ഭക്ഷണം കഴിച്ചാൽ ആന്‍റിജൻ വളരെ വേഗത്തിൽ റിയാക്ഷനുണ്ടാക്കും. അതു കൊണ്ട് ബ്ലഡ് ഗ്രൂപ്പിന് അനുസരിച്ച് സ്വന്തം ഡയറ്റ് ചാർട്ട് തയ്യാറാക്കുന്നത് ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും.
ബ്ലഡ് ഗ്രൂപ്പ് ഒ
ബ്ലഡ് ഗ്രൂപ്പ് തിയറിയനുസരിച്ച് ഏറ്റവും പഴക്കം ചെന്ന ബ്ലഡ് ഗ്രൂപ്പാണിത്. ചരിത്രാതീത കാലത്തിന് മുമ്പുള്ള മനുഷ്യരുടെ ബ്ലഡ് ഗ്രൂപ്പായതിനാലാണ് ഏറ്റവും പഴക്കമേറിയ ബ്ലഡ് ഗ്രൂപ്പെന്ന് പറയുന്നത്. ഈ ഗ്രൂപ്പിലുള്ളവരുടെ ദഹനക്ഷമത മികച്ചതായിരുന്നു.
ഈ ബ്ലഡ് ഗ്രൂപ്പിൽ ഹൈസ്‌റ്റൊമക്ക് ആസിഡ് (ആമാശയത്തിലുള്ള അമ്ലം) ഉള്ളതിനാൽ ഹൈ പ്രോട്ടീൻ വളരെയെളുപ്പം ദഹിക്കപ്പെടും.
ബ്ലഡ് ഗ്രൂപ്പ് ഒ ആയിട്ടുള്ളവർ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. മത്സ്യമാംസവും കടൽ വിഭവങ്ങളും ഇത്തരക്കാർക്ക് കഴിക്കാം. ഹൈപ്രോട്ടീൻ ഫുഡിൽ ചില ഭക്ഷ്യ വസ്‌തുക്കൾ ഒഴിവാക്കേണ്ടതായുണ്ട്. ശരീരാകർഷണീയത വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആട്ട, മൈദ എന്നിവകൊണ്ടുള്ള ഭക്ഷ്യവസ്‌തുക്കൾ വളരെ കുറച്ചാക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. എന്നാൽ ക്വാളിഫ്‌ളവർ, കാബേജ്, കടുക് എന്നിവ എത്ര കുറയ്‌ക്കാമോ അത്രയും നന്ന്. ഇതിന് പുറമെ ഡ്രൈ ഫ്രൂട്ട്‌സ്, പാൽ, നെയ്യ്, വെണ്ണ, പാലുൽപന്നങ്ങൾ തുടങ്ങിയവയും ഒഴിവാക്കുന്നതാവും മെച്ചം. ബ്രോക്കോലി, പാലക് ചീര, റെഡ് മീറ്റ്, സീഫുഡ് എന്നിവ ശരീരഭാരം കുറയ്‌ക്കാൻ സഹായകരമാണ്. ഇവർക്ക് വ്യായാമം അനിവാര്യവുമാണ്.
ബ്ലഡ് ഗ്രൂപ്പ് എ
ബ്ലഡ് ഗ്രൂപ്പ് ഒ വിനെ പോലെ തന്നെ ബ്ലഡ് ഗ്രൂപ്പ് എയും ആയിരക്കണക്കിന് വർഷം പഴക്കമേറിയ ഗ്രൂപ്പാണ്. എന്നാൽ ഒ ഗ്രൂപ്പിന്‍റെയത്രയും പഴക്കമില്ലെന്നു മാത്രം. മനുഷ്യൻ ഗുഹകളിൽ നിന്നിറങ്ങി കൃഷി- മൃഗപരിപാലന ജോലികൾ ചെയ്യാൻ തുടങ്ങിയതുമുതൽ ഈ ബ്ലഡ് ഗ്രൂപ്പ് മനുഷ്യനിലുണ്ടായി തുടങ്ങിയിരുന്നു.
പൊതുവെ അനിമൽ പ്രോട്ടീൻ ഇവർക്ക് അനുയോജ്യമായിരിക്കുകയില്ല. അതിനാൽ മത്സ്യ മാംസാദികളും ചിക്കനും പാലുൽപന്നങ്ങളും വർജ്‌ജിക്കുന്നതാണ് നല്ലത്. കാരണം ഇവരുടെ ദഹന ക്ഷമത പൊതുവെ അത്ര മെച്ചമായിരിക്കുകയില്ല. ബദാം, ബീൻസ്, പഴങ്ങൾ എന്നിവ ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തണം. വളരെ ലൈറ്റായ വ്യായാമങ്ങളും ചെയ്യണം.
ബ്ലഡ് ഗ്രൂപ്പ് ബി
ബ്ലഡ് ഗ്രൂപ്പ് ഒവ പോലെ ബ്ലഡ് ഗ്രൂപ്പ് ബിക്കാർക്ക് സന്തുലിതമായ ഭക്ഷണവും വ്യായാമവും ആവശ്യമാണ്. പശുവിൻ പാലോ, ആട്ടിൻ പാലോ ഇവർക്ക് മികച്ച ഭക്ഷ്യവസ്‌തുവാണ്. മീനും ആട്ടിറച്ചിയും യഥേഷ്‌ടം കഴിക്കാം. ചിക്കൻ അമിതമായ അളവിൽ കഴിക്കുന്നത് ദോഷകരമാണ്. പച്ചനിറത്തിലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒപ്പം വ്യായാമവും ചെയ്യാം.
ബ്ലഡ് ഗ്രൂപ്പ് എ ബി
മേൽ വിവരിച്ച ബ്ലഡ് ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ എബിവ ബ്ലഡ് ഗ്രൂപ്പ് ഏറ്റവും പുതിയതാണ്. എല്ലാത്തരം ഭക്ഷണവും കഴിക്കാമെന്നതാണ് ഈ ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. എ ബി ബ്ലഡ് ഗ്രൂപ്പുകാരുടെ ഭക്ഷണം ഇവർക്ക് അനുയോജ്യമാണ്.
കടൽ വിഭവങ്ങൾ, പാൽ, പാലുൽപന്നങ്ങൾ പഴം, ഇലക്കറി, പച്ചക്കറി എന്നിവ കഴിക്കാം. റെഡ്‌മീറ്റ്, ബീൻസ്, കോൺ എന്നിവ ഒഴിവാക്കണം. പൈനാപ്പിൾ, ഇലക്കറി, കടൽ വിഭവങ്ങൾ എന്നിവ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ ഉത്തമമാണ്. ഡയറ്റിനൊപ്പം നടക്കുന്നതും പതിവാക്കുക. നീന്തൽ നല്ലൊരു വ്യായാമമാണ്.