വേണ്ട അമ്മി, ഞാനത് സമ്മതിക്കില്ല. എന്‍റെ കല്യാണത്തിന് സൗത്ത് ഹോളിലെ കടയിലെ വസ്‌ത്രമണിയണമെന്ന് അമ്മി സ്വപ്‌നത്തിൽ പോലും വിചാരിക്കരുത്. അമ്മിക്കറിയുമോ, ജെഫിന്‍റെ വീട്ടുകാർ എത്ര ധനികരാണെന്ന്? അവരുടേത് ഒരു കൂറ്റൻ ബംഗ്ലാവാണ്.” സൈറ സ്വരം അല്‌പം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.
“അറിയാം മോളേ, നീ ആഗ്രഹിക്കും പോലെയെ ഞാൻ ചെയ്യൂ.” സോയ ശബ്‌ദം താഴ്‌ത്തിക്കൊണ്ട് പറഞ്ഞു.
“ങ്‌ഹാ, ഒരു കാര്യവും കൂടിയുണ്ട്. അമ്മി ഒരു തുക്കട കട നടത്തുകയാണെന്ന് അവരോട് പറയരുത്. അമ്മി ഫാഷൻ ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുകയാണെന്നാ ഞാനവരോട് പറഞ്ഞിരിക്കുന്നത്.”
സൈറ പറയുന്നതു കേട്ട് സോയ ദീർഘ നിശ്വാസമുതിർത്തു. 20 വർഷം
മുമ്പ് തകർച്ചയിലേക്ക് കൂപ്പുകുത്തിയ തന്‍റെ കുടുംബത്തെ താങ്ങി നിർത്തിയത് ഈ കടയാണ്. ഇന്നത് മക്കൾക്ക് ഒരു നാണക്കേടാണ്. ഇന്നും അതെല്ലാം ഓർക്കുമ്പോൾ സോയയുടെ ഉള്ളിൽ ഒരു ഉൾക്കിടിലം അനുഭവപ്പെടും.
ഇർഫാനുമായുള്ള വിവാഹം നടന്നതും തുടർന്നുള്ള ജീവിതവും സോയയ്‌ക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു. സഹാരൻപൂരിലെ ഒരു പെൺകുട്ടിയെ ലണ്ടനിൽ ഉദ്യോഗമുള്ള ഒരു യുവാവ് വിവാഹം ചെയ്യുകയെന്നത് ആ ഗ്രാമത്തെ സംബന്ധിച്ച് അഭിമാനകരമായിരുന്നു. വലിയ ആർഭാടത്തോടെയായിരുന്നു വിവാഹം.
ഇർഫാൻ 15 ദിവസം സോയയ്‌ക്കൊപ്പം കഴിഞ്ഞ ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങി. അതിനു ശേഷം സോയയുടെ അബ്ബ സോയയുടെ പാസ്‌പോർട്ടും വിസയും മറ്റും തയ്യാറാക്കാനായി നെട്ടോട്ടം പാഞ്ഞു നടന്നു. സോയയ്‌ക്ക് കൈ വന്ന ഭാഗ്യത്തിൽ അയൽപക്കത്തുള്ള അവളുടെ സമപ്രായ പെൺകുട്ടികൾക്ക് അവളോട് ചില്ലറ അസൂയയൊന്നുമല്ല തോന്നിയത്.
ലണ്ടനിൽ എത്തിയ ശേഷം സോയ അവിടുത്തെ ഭാഷയും സംസ്‌കാരവും മനസ്സിലാക്കാൻ ഏറെ പണിപ്പെട്ടു. എബർഡീനിലുള്ള ചെറിയൊരു വീട്ടിലായിരുന്നു സോയയുടെയും ഇർഫാന്‍റെയും താമസം. ഇർഫാന് ലഭിച്ചിരുന്ന തുച്‌ഛമായ ശമ്പളം കൊണ്ട് ലണ്ടനിലെ ചെലവേറിയ ജീവിതം നയിക്കുക കഠിനമായിരുന്നു. പലപ്പോഴും പണമൊരു വലിയ പ്രശ്നമായി തീർന്നു. എങ്കിലും സോയയുടെ ബുദ്ധിയും കഴിവും മൂലം കുടുംബ ജീവിതം വലിയ അല്ലലും അലച്ചിലുമില്ലാതെ കടന്നു പോയിരുന്നു.
പരിമിതമായ ആ ജീവിത സാഹചര്യത്തിൽ രണ്ട് പേർക്ക് കഴിഞ്ഞു പോകാമായിരുന്നുവെങ്കിലും മൂന്നാമൊതൊരാളെ കൂടി ഉൾക്കൊള്ളാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. സൈറയുടെ വരവോടെ ഇർഫാൻ ഏറെക്കുറെ ഉദാസീനനായി. സന്തോഷത്തിന് പകരം അയാളുടെ മുഖത്ത് ദേഷ്യവും അസ്വസ്‌ഥതയും നിറഞ്ഞു. ഇർഫാന്‍റെ ശമ്പളം വീട്ടിലെ ആവശ്യങ്ങൾക്ക് തികഞ്ഞിരുന്നില്ലെങ്കിലും അവളെ പുറത്ത് ജോലിക്ക് അയയ്‌ക്കാൻ അയാൾ ഒട്ടും താൽപര്യപ്പെട്ടില്ല.
സൈറയ്‌ക്ക് മൂന്ന് വയസ്സും ഒമറിന് ഏട്ട് മാസവും പ്രായമുള്ളപ്പോഴാണ് കുടുംബ ഉത്തരവാദിത്തങ്ങൾ വഹിക്കാനാവില്ലെന്ന് പറഞ്ഞ് ഒരു ദിവസം ഇർഫാൻ വീട്ടിൽ നിന്നിറങ്ങി പോകുന്നത്. പിന്നീടൊരിക്കലും അയാൾ മടങ്ങി വന്നില്ല.
അന്നൊക്കെ വീട്ടിലുള്ള ഓരോ സാധനങ്ങൾ വിറ്റു പെറുക്കിയാണ് സോയ വീട്ടുചെലവ് കഴിച്ചിരുന്നത്. അത് കഴിഞ്ഞ് കടകളിൽ സെയിൽസ് ഗേളായി നിന്നും സോയ കുടുംബം പോറ്റാൻ പാടുപെട്ടു. കുട്ടികളെ സംരക്ഷിക്കാൻ കഴിയും വിധത്തിൽ സൗകര്യപ്രദമായ രീതിയിലാണ് സോയ ഓരോ ജോലിയും ചെയ്‌തിരുന്നത്. അതല്ലാതെ മറ്റെന്തെങ്കിലും ജോലിയ്‌ക്ക് പോയാൽ കുട്ടികളുടെ സംരക്ഷണം ഒരു പ്രശ്നമായി തീരും. അതുണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമായിരുന്നു.
“ജെഫിന്‍റെ അമ്മ ഡെറിഫോർഡ് റോഡിലുള്ള ഒരു കമ്പ്യൂട്ടർ കമ്പനിയിലാണ് ജോലി ചെയ്യുന്നത് അവന്‍റെ പപ്പ ഒരു എം.എൻ.സി. കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്‌ഥനാണ്.” സൈറ പറഞ്ഞു.
സോയ ഒന്നും പറയാതെ കുറച്ചു നേരം അവളെ നോക്കി നിന്നു. സൗത്ത് ഹോളിലുള്ള കടയില്ലായിരുന്നുവെങ്കിൽ സൈറ എന്നെങ്കിലും ജെഫിനെ കണ്ടുമുട്ടുമായിരുന്നോ? സോയ ഓർത്തു.
ആറുമാസം മുമ്പ് ഒരു ദിവസം അവിചാരിതമായി സൈറ കടയിൽ വന്നപ്പോഴാണ് ജെഫിനെ കാണാനിടയായത്. ജെഫ് തൊട്ടടുത്ത് പൂട്ടിക്കിടക്കുന്ന കടയെക്കുറിച്ച് അന്വേഷിച്ച് വന്നപ്പോഴായിരുന്നുവത്.
“ഈ കട നിങ്ങളുടേയാണോ? ജെഫ് വളരെ വിനയപൂർവ്വം ചോദിച്ചു.
“അല്ല അല്ല.. ഞാനിവിടെ വെറുതെ വന്നതാ…” സൈറ വളരെ സങ്കോചത്തോടെയാണ് മറുപടി പറഞ്ഞത്.
കടയിൽ നിന്നും മടങ്ങി പോകുമ്പോൾ സൈറയെ വഴിയിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞ് ജെഫ് സൈറയെ ക്ഷണിക്കുകയും സൈറ ആ ക്ഷണം സ്വീകരിക്കുകയും ചെയ്‌തിരുന്നു. അതായിരുന്നു ആ ബന്ധത്തിന്‍റെ തുടക്കം.
“ജെഫിന്‍റെ മുത്തച്‌ഛൻ ആന്‍റിക്ക് ഷോപ്പ് നടത്തുകയാണ്” സൈറ തെല്ലൊരു ആഹ്ലാദത്തോടെ പറഞ്ഞു.
“പഴയ വസ്‌തുക്കൾ വിൽക്കുന്ന കട ഞാനും നടത്തുന്നുണ്ടല്ലോ.” സോയ പൊടുന്നനെ പറഞ്ഞു.
“എന്ത് പഴയ സാധനം… പഴയ തുണിയല്ലേ.” തെല്ല് പരിഹാസത്തോടെയാണ് സൈറ അത് പറഞ്ഞതെങ്കിലും സോയയുടെ മനസിലത് വല്ലാത്ത വേദനയുണ്ടാക്കി.
വർഷങ്ങൾക്കു മുമ്പ് എങ്ങനെ ജീവിതം നയിക്കുമെന്നറിയാതെ പകച്ചിരുന്ന ആ നാളുകളെക്കുറിച്ച് സോയ വേദനയോടെ ഓർത്തു. ഒരു ദിവസം പാതിമനസ്സോടെ കൂട്ടികാരിക്കൊപ്പം ഫാഗൺ മാർക്കറ്റിൽ പോയതായിരുന്നു വഴിത്തിരിവായത്. കൂട്ടുകാരിക്ക് ഒരു ഈവനിംഗ് ഗൗൺ വാങ്ങാൻ പോയതായിരുന്നു അന്ന്. അവിടെ ചെന്ന് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. സെക്കന്‍റ് സെയിൽ മാർക്കറ്റിൽ എന്തെല്ലാമാണ് വിൽക്കുന്നത് അതും കുറഞ്ഞ വിലയ്‌ക്ക്! ഉപയോഗിക്കാത്ത സമ്മാനങ്ങൾ, ഉപയോഗിച്ച വസ്‌ത്രങ്ങളും ചെരുപ്പുകളും സ്വറ്ററും അങ്ങനെ പലതും.
പിന്നെയൊട്ടും ആലോചിച്ചില്ല. സോയ സൗത്ത് ഹോളിൽ ഒരു കടയങ്ങ് വാടകയ്‌ക്ക് എടുത്തു. എല്ലാ വൈകുന്നേരങ്ങളിലും അവൾ ഫാഗൺ മാർക്കറ്റിൽ പോയി വസ്‌ത്രങ്ങൾ വാങ്ങി വന്നു. പിന്നെ അവ ഓരോന്നും കഴുകി ഉണക്കി ഇസ്‌തരിയിട്ടു പുതുപുത്തനാക്കി വിറ്റു. സോയയുടെ ബിസിനസ് വലിയ വിജയമായി. തുച്‌ഛമായ വിലയിലുള്ള വസ്‌ത്രങ്ങൾ പതിന്മടങ്ങ് വിലയിൽ വിറ്റു.
“അമ്മി, അമ്മി അവരുടെ വീട് കാണണം. നമ്മുടെ വീട് അവരുടെ വീടിന്‍റെ നാലിലൊന്നു പോലും വരില്ല.” സൈറ വലിയ ആവേശത്തിൽ പറഞ്ഞു.
മകളുടെ വാക്കുകളിലെ കടുത്ത നിന്ദ സോയയെ വല്ലാതെ വേദനിപ്പിച്ചു. സൈറയ്‌ക്കും ഓമറിനും സ്വന്തം കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാൻ യാതൊരു സങ്കോചവുമുണ്ടാകരുതെന്ന് വിചാരിച്ചാണ് ആയിരക്കണക്കിന് തുണി വാങ്ങി വിറ്റു കൊണ്ടിരുന്നത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്താണ് ഒരു ക്രിസ്‌ത്യാനിയെ വിവാഹം കഴിക്കുന്നതിനെ എതിർക്കാതിരുന്നതു പോലും.
ക്രിസ്‌ത്യൻ ആചാരമനുരിച്ചാണ് വിവാഹം നടത്താനിരിക്കുന്നതും, തുടർന്നുള്ള വിവാഹസൽക്കാരം ജെഫിന്‍റെ വീട്ടിൽ വെച്ചുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് ജെഫിന്‍റെ അമ്മ മുൻകൂട്ടി തന്നെസോയയോട് ചോദിച്ചിരുന്നു. വിവാഹ സൽക്കാരം ജെഫിന്‍റെ വീട്ടിൽ വെച്ച് നടത്തിയാലും അതിന്‍റെ ചെലവ് മുഴുവനും തങ്ങൾ വഹിക്കുമെന്ന് സോയ മറുപടിയും നൽകി.
“ഇനി നിനക്ക് ഈ കൊച്ചുവീട്ടിൽ അധികനാൾ കഴിയേണ്ടി വരില്ല.” സോയ സൈറയോട് പറഞ്ഞു.
“ഇല്ല അമ്മി, അമ്മി എനിക്കു വേണ്ടി എന്തെല്ലാമാണ് ചെയ്‌തത്” സൈറ തെല്ലൊരു സങ്കടത്തോടെ പറഞ്ഞു.
“പക്ഷേ ഞാൻ നിന്‍റെ സ്വന്തം അമ്മയാണെന്ന് പറയുന്നതിൽ നിനക്ക് നാണക്കേടുണ്ട് അല്ലേ.” സോയ ഇടയ്‌ക്കു കയറി പറഞ്ഞു.
“അമ്മി അങ്ങനെയല്ല.” എന്നു പറഞ്ഞു കൊണ്ട് സൈറ സോയയെ കെട്ടിപ്പിടിച്ചു. എല്ലാ അമ്മമാരേക്കാളിലും ഗ്രേറ്റാണ് എന്‍റെ? അമ്മ. ജെഫിന്‍റെ അമ്മയേക്കാളിലും സുന്ദരിയാണ് പക്ഷേ ആ കട.”
“കടയ്‌ക്കെന്താ കുഴപ്പം?”
“ങ്‌ഹും.” എന്നു മൂളിക്കൊണ്ട് സൈറ ചിരിക്കാൻ തുടങ്ങി.
മധ്യവർഗ്ഗ കുടുംബത്തിൽപ്പെട്ട ധാരാളം സ്‌ത്രീകൾ സോയയുടെ കടയിൽ വസ്‌ത്രങ്ങൾ വാങ്ങാനെത്തിയിരുന്നു. മാഡം ഗ്രാച്ചാകട്ടെ കടയിൽ നെറ്റഡ് ആയ ഡ്രസ്സുകൾ എപ്പോൾ കണ്ടാലും ഉടനടി അത് വാങ്ങിയിരുന്നു. കട തുടങ്ങിയിട്ട് വർഷങ്ങളായതിനാൽ ഓരോ കസ്‌റ്റമർമാരുടെയും നിറങ്ങളും അളവും ഇഷ്‌ടങ്ങളുമൊക്കെ സോയയ്‌ക്ക് മനഃപാഠമായിരുന്നു. അവർക്കെല്ലാം അതനുസരിച്ചുള്ള വസ്‌ത്രങ്ങൾ കൊണ്ടു വരാൻ അതിനാൽ അവരെപ്പോഴും ശ്രദ്ധിച്ചിരുന്നു. അവരിൽ പലരും വിശേഷാവസരങ്ങൾ എത്തും മുമ്പ് തന്നെ തങ്ങൾക്കിണങ്ങുന്ന വസ്‌ത്രങ്ങൾ കൊണ്ടു വരാൻ സോയയെ മുൻക്കൂട്ടി വിളിച്ചറിയിക്കും. ഒരിക്കൽ ഒരു പത്രത്തിൽ മേയറിന്‍റെ വീട്ടിൽ നടന്ന പാർട്ടിയുടെ ചിത്രം അച്ചടിച്ചു വന്നു. അതിൽ സോയയുടെ കടയിൽ നിന്നുംവാങ്ങിയ വസ്‌ത്രം ധരിച്ച് നിൽക്കുന്ന ഒരു കസ്‌റ്റമറിന്‍റെ ചിത്രവുമുണ്ടായിരുന്നു. കേവലം 15 പെൻസിന് വാങ്ങിയ ആ വസ്‌ത്രം ചില മോടിപ്പെടുത്ത ലുക്കൾക്കു ശേഷം 10 പൗണ്ടിനാണ് അന്ന് സോയ വിറ്റത്.
പണ്ട് സഹാറൻപൂരിൽ ആരുടെ വിവാഹം നടന്നാലും കൂട്ടുകാരികളുടെ വസ്‌ത്രങ്ങളും മറ്റും അലങ്കരിച്ചിരുന്നത് സോയയായിരുന്നു. സറാറയും കുർത്തിയിലുമൊക്കെ കസവു മുത്തുകളും വെച്ച് അലങ്കരിക്കുന്നതിൽ മിടുക്കിയായിരുന്നു സോയ. അതുകൊണ്ട് വിവാഹ വസ്‌ത്രങ്ങളും മറ്റും മോടിപ്പിടിപ്പിക്കാൻ ദൂര സ്‌ഥലങ്ങളിൽ നിന്നുവരെ സ്‌ത്രീകൾ സോയയെ തേടിയെത്തിയിരുന്നു.
“ക്രിസ്‌ത്യൻ രീതിയിലാവും വിവാഹം നടക്കുക. അമ്മിക്കറിയാമല്ലോ, അതുകൊണ്ട്? അമ്മി നല്ലൊരു ഈവനിംഗ് ഗൗൺ വാങ്ങണം. അവിടെ വരുന്ന സ്‌ത്രീകളെല്ലാവരും നല്ല വേഷങ്ങൾ അണിഞ്ഞാവും വരിക? അവർ ധനികരാണല്ലൊ. സൽവാറും സറാറയുമൊക്കെ അണിയുന്നത് മോശമാണ്.” സൈറ തെല്ലൊരുവിഷമത്തോടെ പറഞ്ഞു.
സൈറ പറഞ്ഞതനുസരിച്ച് സോയ തനിക്കണിയാനായി ഒരു ഗൗൺ തയ്യാറാക്കാൻ തീരുമാനിച്ചു. സൈറയെ അറിയിക്കാതെ അവൾ സ്വന്തം കടയിൽ നിന്നും ഒരു ഗൗൺ തെരഞ്ഞെടുത്തു. സ്വന്തം കടയിലെ വസ്‌ത്രങ്ങൾ പ്രത്യേകിച്ചും അവളുടെ വിവാഹത്തിന് അണിയാൻ സമ്മതിക്കുകയില്ലെന്ന് സോയയ്‌ക്ക് നന്നായി അറിയാമായിരുന്നു.
എന്നാൽ ഒരു നേരത്തെ ഉപയോഗത്തിന് പണം വെറുതെ കളയാൻ സോയ ഒട്ടും ഒരുക്കമല്ലായിരുന്നു. മാത്രവുമല്ല സമ്പന്ന ഗൃഹങ്ങളിലെ സ്‌ത്രീകൾ വരെ വിശേഷാവസരങ്ങൾക്ക് അണിയാൻ സോയയുടെ കടയിൽ നിന്നാണ് വസ്‌ത്രങ്ങൾ വാങ്ങിയിരുന്നത്. ആ നിലയ്‌ക്ക് മറ്റൊരു കടയിൽ നിന്നും വിലപിടിപ്പുള്ള വസ്‌ത്രം വാങ്ങി ധരിക്കുന്നതിനോട് സോയയ്‌ക്ക് യോജിക്കാനാവുമായിരുന്നില്ല.
ഏറെ നേരത്തെ ആലോചനകൾക്കൊടുവിൽ സോയ തനിക്കുവേണ്ടി ഒരു നീല നിറത്തിലുള്ള വസ്‌ത്രം തെരഞ്ഞെടുത്തു. കുറച്ചു ദിവസം മുമ്പ് ഫാഗൺ മാർക്കറ്റിൽ നിന്നും വാങ്ങിയതായിരുന്നുവത്. ധാരാളം നെറ്റുള്ളതും സങ്കീർണ്ണങ്ങളായ ഫാഷൻ ഡിസൈനുകളുള്ളതിനാൽ ആരും അത് വാങ്ങിയിരുന്നില്ല. സോയ അത് മുറിച്ച് തന്‍റെ അളവിന് അനുസരിച്ചുള്ളതാക്കി. ഡിസൈനുകളിൽ ചില്ലറ മാറ്റവും വരുത്തി. മുറിച്ചുമാറ്റിയ തുണിക്കഷണം കൊണ്ട് വെളുത്ത തൊപ്പിക്ക് ചുറ്റിലും മനോഹരങ്ങളായ തൊങ്ങലുകൾ തുന്നിച്ചേർത്തു.
വിവാഹശേഷം സൽക്കാരത്തിൽ പങ്കെടുക്കാനായി സോയ ജെഫിന്‍റെ വീട്ടിലെത്തി. അവിടുത്തെ പകിട്ടും മോടിയും കണ്ട് സോയ അദ്‌ഭുതം കൂറി. കൂറ്റൻ ബംഗ്ലാവിന് ചുറ്റിനും നിരനിരയായി വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു അതിൽ ചാർത്തിയിരുന്ന അലങ്കാര വിളക്കുകളുടെ ദീപപ്രഭയിൽ ബംഗ്ലാവും പരിസരവുമൊക്കെ സ്വർഗ്ഗഭൂമിയായി മാറിയതുപോലെ സോയയ്‌ക്ക് തോന്നി. മകൾക്ക് കൈവന്ന ഭാഗ്യത്തിൽ സോയ ഉള്ളാലെ സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌തു. അപ്പോഴേക്കും ജെഫിന്‍റെ മമ്മ മെറിൻ സോയയ്‌ക്ക് അരികിലെത്തി.
“സോയ, കല്യാണം ഗംഭീരമായിരുന്നുവല്ലേ. സൈറ വിവാഹ വേഷത്തിൽ എത്ര സുന്ദരിയായിരുന്നുവെന്നോ! സ്വന്തം കുട്ടികളെയോർത്ത് നിങ്ങൾക്ക് അഭിമാനിക്കാം. കുട്ടികളെ തനിയെ വളർത്തി വലുതാക്കിക്കൊണ്ടു വരികയെന്നത് ചില്ലറ കാര്യമല്ല. സൈറ പറഞ്ഞ് അറിഞ്ഞിരുന്നു, നിങ്ങളുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ്… എനിക്ക് വിഷമമുണ്ട്.”
മെറീന്‍റെ വർത്തമാനത്തിൽ നിന്നും അവർ മാന്യയായ സ്‌ത്രീയാണെന്ന് തോന്നിച്ചു.
“എനിക്കത് സങ്കല്‌പിക്കാൻ പോലുമാവില്ല. വിദേശരാജ്യത്ത് ഭർത്താവിന്‍റെ അസാന്നിധ്യത്തിൽ കുട്ടികളെ തനിച്ച് വളർത്തിക്കൊണ്ടുവരിക… ഓർക്കാൻ കൂടി കഴിയില്ല. നിങ്ങൾ ബഹുമാന്യ തന്നെ. ഇതെല്ലാം എങ്ങനെ ചെയ്‌തു?
“വളരെ നന്ദി, മെറീൻ.” സോയ
വളരെ സന്തോഷവതിയായിരുന്നുവെങ്കിലും ഉള്ളിലെവിടെയോ ഒരു വേദനയും പടർന്നിരുന്നു. തന്‍റെ കസ്‌റ്റമർമാരിൽ ആരെങ്കിലും ജെഫിന്‍റെ ബന്ധുവായി ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു സോയ. പക്ഷേ ഭാഗ്യവശാൽ അങ്ങനെ സംഭവിച്ചില്ല.
പൊടുന്നനെ മെറീൻ സോയയുടെ കൈകോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
“സൈറ പറഞ്ഞിരുന്നു. നിങ്ങൾ ഫാഷൻ ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുയാണെന്ന്. നല്ലൊരു പ്രൊഫഷനാണത്. നിങ്ങൾ അണിഞ്ഞിരിക്കുന്ന ഈ വേഷമുണ്ടല്ലോ എത്ര മനോഹരമാണെന്നോ. ഹിലയർ ബെല്ലിയിൽ നിന്നും വാങ്ങിയതായിരിക്കുമല്ലേ?”
സോയ നിശബ്‌ദയായി ശിരസ്സാട്ടി നിന്നു. “ഭയങ്കരം തന്നെ. നിങ്ങൾക്കിത് നന്നായി ഇണങ്ങുന്നുണ്ട്. നെറ്റ് ഡിസൈനിന് പുറമെ ഇത്ര കൃത്യമായി അളവിൽ ഡ്രസ്സുകൾ കിട്ടുമെന്നോ അതിനൊപ്പം ഹാറ്റ് കിട്ടുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. നിങ്ങൾക്കറിയാമോ.. എന്‍റെ കയ്യിലും ധാരാളം നെറ്റുള്ള ഒരു ഡ്രസ്സുണ്ടായിരുന്നു. ഇതേ നിറത്തിൽ പക്ഷേ നിറയെ നെറ്റായിരുന്നു. ഇപ്പോഴത്തെ ലേറ്റസ്‌റ്റ് ഫാഷനെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാമല്ലോ.”
കുറച്ചു നേരത്തെ മൗനത്തെതുടർന്ന് മെറീൻ വീണ്ടും പറഞ്ഞു. “ങ്‌ഹാ ആ ഡ്രസ് ഞാനാർക്കോ കൊടുത്തെന്നാ തോന്നുന്നത്… കൃത്യമായി ഓർക്കുന്നില്ല.”
അതെ ഓർക്കുകയില്ല. സോയ നിഷ്‌കളങ്കമായ കണ്ണുകൾ ചിമ്മിക്കൊണ്ട് തന്‍റെ ഫാഷൻ വർക്കിനെയോർത്ത് പുഞ്ചിരി തൂകി നിന്നു അലങ്കാര വിളക്കുകളുടെ ദീപപ്രഭയിൽ അവർ ഏറെ സുന്ദരിയായി കാണപ്പെട്ടു.