എന്നുമെന്നുമുള്ള ഈ തിരക്കുകൾ… ഒരേ റൂട്ടിലൂടെയുള്ള പതിവു യാത്രകൾ… ഉഫ്! മടുത്തു എന്ന് മനസ്സ് മന്ത്രിക്കും മുമ്പ് ഒരു വിനോദയാത്രയ്‌ക്ക് തയ്യാറെടുത്തോളൂ. മനസ്സിനെയും ശരീരത്തെയും തരളിതമാക്കാൻ നഗരത്തിരക്കുകളിൽ നിന്നും മാറി ഘോര വനാന്തരങ്ങളിലൂടെ ഒരു യാത്ര തന്നെയാവാം. പ്രകൃതിരമണീയമായ മദ്ധ്യപ്രദേശ് നാഷണൽ പാർക്ക് സന്ദർശിക്കാം.

കാൻഹാ നാഷണൽ പാർക്ക്

സാല വൃക്ഷങ്ങളും മുളങ്കാടുകളും കൊണ്ട് സമൃദ്ധമായതും 940 സ്‌ക്വയർ കിലോ മീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്നതമായ ഭൂപ്രദേശമാണിത്. കടുവകളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ പ്രൊജക്‌റ്റ് ടൈഗർ പദ്ധതിയിൽ 1974ലാണ് കാൻഹാ പ്രദേശത്തെ ഉൾപ്പെടുത്തിയത്.

സന്ദർശന യോഗ്യമായ സ്‌ഥലങ്ങൾ

ബാമനി ദാദർ: സൂര്യോദയത്തിന്‍റെയും സൂര്യാസ്‌തമയത്തിന്‍റെയും കാഴ്‌ചകൾ എത്ര കണ്ടാലും മതിവരാത്തതാണ്. മദ്ധ്യപ്രദേശിലെ ബാമനി ദാദറിൽ നിന്നുള്ള സൂര്യാസ്തമയം ഒരിക്കലും മറക്കാനാവാത്ത ദൃശ്യ വിസ്‌മയമാണ് സമ്മാനിക്കുക.

പലതരം സസ്‌തനികൾ

കാൻഹാ വനാന്തരങ്ങളിൽ 22ൽ പരം സസ്‌തനികളുണ്ടത്രെ. ഇവയിൽ മുതുകിൽ വരയുള്ള അണ്ണാൻ, കുരങ്ങ്, കുറുനരി, കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം എന്നിവയുമുണ്ട്. കൂടാതെ കാട്ടുപൂച്ച, ആര്യമാൻ, മുള്ളൻപന്നി, ചെന്നായ, നീർനായ എന്നിവയെ വിരലിലെണ്ണാൻ പാകത്തിനെങ്കിലും ഇവിടെ കാണാനാവും.

കാൻഹായിലെ പക്ഷിലോകം

കാൻഹായിലെ വനാന്തരങ്ങളിൽ 200ൽ പരം പക്ഷികളുടെ ഇനങ്ങളുണ്ട്. കുന്നിൻ ചരിവുകളും വനാന്തരങ്ങളിലെ ഉയർന്ന ഭാഗങ്ങളുമൊക്കെ പക്ഷി നിരീക്ഷണത്തിന് അനുയോജ്യമാണ്. അതിരാവിലെയോ സന്ധ്യയ്‌ക്കൊ ബൈനോക്കുലറിലൂടെ ഇവയെ നിരീക്ഷിക്കാനാവും. ശ്രവണ തടാകത്തിലും ചെറിയ കുളങ്ങളിലും വിവിധയിനം പക്ഷികൾ വന്നെത്താറുണ്ട്. കൊക്ക്, കാട്ടുകോഴി, ഡ്രോഗോ പക്ഷി, വൈറ്റ് ക്രൗൺ സ്‌നേക്ക്, പരുന്ത്, മരംകൊത്തി, പ്രാവ്, തത്ത, മൈന, ജലപക്ഷികൾ എന്നിവയെ കാൻഹാ വനാന്തരങ്ങളിൽ സുലഭമായി കാണാനാവും. പക്ഷി പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ടയിടം കൂടിയാണിത്.

ആന സവാരിയും തുറന്ന ജീപ്പും

മദ്ധ്യപ്രദേശ് ടൂറിസം വകുപ്പിന്‍റെ ജീപ്പ്/ ജിപ്‌സിയിൽ സഞ്ചരിച്ചാൽ പാർക്ക് ഉടനീളം ചുറ്റിക്കാണാനാവും. കടുവകളെ കാണണമെന്നുണ്ടോ? എങ്കിൽ ഒരു ആന സവാരി തരപ്പെടുത്തിയാൽ മതിയാവും.

യാത്രാ മാർഗ്ഗം

രണ്ടു പ്രധാന വഴികളിലൂടെ സഞ്ചരിച്ച് കാൻഹാ നാഷണൽ പാർക്കിൽ എത്തി ച്ചേരാനാവും. ഒന്ന് ഖട്ടിയ വഴി (കിസലിയിൽ നിന്നും 3 കി.മീ). മറ്റൊന്ന് മുക്കി വഴി. ജബൽപുരിൽ നിന്നും ചിരയി ഡോംഗരി വഴി 165 കി.മീ ദൂരം താണ്ടിയാൽ കിസലിയിൽ എത്തിച്ചേരാനാവും. മോത്തി നാലാ- ഗാർഹി വഴിയിലാണ് യാത്രയെങ്കിൽ മുക്കിയിലെത്താൻ 203 കി.മീ താണ്ടേണ്ടി വരും. നാഷണൽ ഹൈവേ 26 ഇതുവഴി കടന്നു പോകുന്നുവെന്നതും യാത്രാക്ലേശം കുറയ്‌ക്കും. നാഗ്‌പുർ, നൈൻ പുർ, ചിരയി സോംഗരി വഴി കിസലിയിലേക്കുള്ള ദൂരം 159 കി.മീറ്ററും ബാലാഘട്ടിൽ നിന്നും 289 കി.മീറ്ററും ആണ്.

വിമാന യാത്ര: രായ്‌പുർ (240 കി.മീ), നാഗ്‌പുർ (335 കി.മീ) ജബൽപുർ (160 കി.മീ).

ട്രെയിൻ യാത്ര: ജബൽപുർ, വിലാസ് പുർ വരെ ട്രെയിൻ സൗകര്യമുണ്ട്.

റോഡ് യാത്ര: ജബൽപുരിൽ നിന്നും കിസലി, മുക്കി എന്നിവിടങ്ങളിലേക്ക് ഡെയ്‌ലി ബസ്സ് സർവ്വീസുണ്ട്. ജബൽപുർ, വിലാസ്‌പുർ, രായ്‌പുർ എന്നിവിടങ്ങളിൽ നിന്ന് ടാക്‌സി സൗകര്യവും ലഭ്യമാണ്.

താമസം: കാൻഹാ സഫാരി ലോഞ്ച്- മുക്കി, ബഗീരാ ലോംഗ് ഹട്ട്‌സ് – കിസലി, ടൂറിസ്‌റ്റ് ഹോസ്‌റ്റൽ – കിസലി ഇതൊക്കെ മദ്ധ്യപ്രദേശ് ടൂറിസം ഡിപ്പാർട്ട്‌മെന്‍റ് ഒരുക്കുന്ന താമസസൗകര്യമാണ്.

ബാന്ദവ് ഗഡ് നാഷണൽ പാർക്ക്

ഇന്ത്യയിലെ മറ്റേതു നാഷണൽ പാർക്കിലുള്ളതിലുമധികം കടുവകളെ ബാന്ദവ് ഗഡ് നാഷണൽ പാർക്കിൽ കാണാം. ബാന്ദവ് ഗഡ് വെള്ള കടുവകളുടെ ജന്മദേശമായും അറിയപ്പെടുന്നു. രീവാ പ്രദേശത്ത് വർഷങ്ങൾക്കുമുമ്പ് അപൂർവ്വ ഇനം സിംഹങ്ങളെ കണ്ടെത്തിയിരുന്നതായും പറയപ്പെടുന്നു. ചെങ്കുത്തായ പർവ്വതനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് ബാന്ദവ് ഗഡ്. ഏറ്റവും ഉയർന്ന പർവ്വതനിരയിലാണ് ഏതാണ്ട് 2000 വർഷം പഴക്കമുള്ള ബാന്ദവ്‌ഗഡ് കോട്ട സ്‌ഥിതി ചെയ്യുന്നത്. കോട്ടയ്‌ക്ക് ചുറ്റുമായി എണ്ണിയാലൊടുങ്ങാത്തത്ര ഗുഹകളുമുണ്ട്. ഇവയിൽ വേദങ്ങളും പ്രാചീന സംസ്‌കൃത ശിലാ ലിഖിതങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഉമരിയ ജില്ലയിൽ വിന്ധ്യ പർവ്വതനിരകളിലാണ് ബാന്ദവ് ഗഡ് പാർക്ക് സ്‌ഥിതി ചെയ്യുന്നത്. ഇത് 448 സ്‌ക്വയർ കിലോ മീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 811 മീറ്റർ ഉയരത്തിലാണ് ബാന്ദവ് ഗഡ് പർവ്വതം. ഇവിടെ താഴ്‌വരകളും ചെറിയ ചതുപ്പു പ്രദേശങ്ങളും കാണാനാവും. തദ്ദേശവാസികൾ ബൊഹെരാ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 1968ൽ നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെടുന്നതു വരെ ബാന്ദവ് ഗഡ് വനം രീചാ രാജാക്കന്മാരുടെ നായാട്ടു സ്‌ഥലമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

സന്ദർശന യോഗ്യമായ സ്‌ഥലങ്ങൾ

കോട്ട: ബാന്ദവ് ഗഡ് കോട്ടയുടെ നിർമ്മാണം നടന്നകാലം വ്യക്‌തമാക്കുന്ന തെളിവുകളൊന്നുമില്ല. ഒട്ടനവധി രാജകുടുംബങ്ങൾ കോട്ടയിൽ ഭരണം കാഴ്‌ച വച്ചിരുന്നു. 13-ാം നൂറ്റാണ്ടിൽ ബഘേൻ രാജാക്കന്മാർ കോട്ട കീഴടക്കി 1671 വരെ ഭരണം തുടർന്നു. മഹാരാജാ വിക്രമാദിത്യസിംഗിന്‍റെ ഭരണകാലത്ത് രീവയായിരുന്നു തലസ്‌ഥാന നഗരി. അദ്ദേഹത്തിന്‍റെ പിൻഗാമികൾ 1935ൽ കോട്ട ഉപേക്ഷിക്കുകയായിരുന്നു.

വന സമ്പത്ത്

22 ൽ പരം സസ്‌തനികളും 250 ഇനം പക്ഷികളും വനാന്തരങ്ങളിലുണ്ട്. കുറുക്കൻ, ബംഗാൾ കുറുനരി, കരടി, വെളുത്ത കീരി, കഴുതപ്പുലി, കാട്ടുപൂച്ച, പുള്ളിപ്പുലി, കടുവ എന്നിവ ബാന്ദവ് ഗഡിലെ ഘോരവനാന്തരങ്ങളിലുണ്ട്. കാട്ടുപന്നി, പുള്ളിമാൻ എന്നിങ്ങനെ സസ്‌തനികളുമുണ്ട്. കൊറ്റി, മയിൽ, കറുത്ത പരുന്ത്, കാട്ടുകോഴി, തത്ത, കാട്ടുകാക്ക തുടങ്ങിയ പക്ഷി ഇനങ്ങളും ഇവിടെ കണ്ടു വരുന്നു. മൂർഖൻ, പൈപ്പർ, പെരുമ്പാമ്പ്, ഉഗ്രവിഷമുള്ള സർപ്പങ്ങൾ എന്നിവയും വനാന്തരങ്ങളിലുണ്ട്. സുര്യോദയം മുതൽ രാവിലെ 10 മണിവരെയും 4 മുതൽ സന്ധ്യവരെയുമാണ് പാർക്ക് സന്ദർശനത്തിനു അനുയോജ്യമായ സമയം.

യാത്രാ മാർഗ്ഗം

വിമാന യാത്ര: ഖജുരാഹോ (237 കി.മീ) ജബൽപുർ (190 കി.മീ).

ട്രെയിൻ യാത്ര: ജബൽപുർ (164 കി.മീ), കട്‌നി (102 കി.മീ), സത്ന (120 കി.മീ), ഉമരിയ (35 കി.മീ).

റോഡ് യാത്ര: സർക്കാർ – സ്വകാര്യ ബസ്സുകൾ കട്‌നി, ഉമരിയാ, രീവാ, സത്നാ വഴി സർവ്വീസ് നടത്തുന്നുണ്ട്. യാത്രയ്‌ക്കായി ടാക്‌സി സൗകര്യവും ലഭ്യമാണ്.

താമസം: വൈറ്റ് ടൈഗർ ഫോറസ്‌റ്റ് ലോഡ്‌ജ് (മദ്ധ്യപ്രദേശ് ടൂറിസം). പേൻച്ച് നാഷണൽ പാർക്ക് മഹാരാഷ്‌ട്ര അതിർത്തിയോടു ചേർന്ന് 757.90 സ്‌ക്വയർ കിലോ മീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശമാണിത്. മദ്ധ്യപ്രദേശിന്‍റെ ഏതാണ്ട് തെക്കു ഭാഗത്തായാണ് പേൻച്ച് നാഷണൽ പാർക്ക് നിലകൊള്ളുന്നത്. വനാന്തർ ഭാഗത്തു കൂടി പേൻച്ച് നദി ഒഴുകുന്നുണ്ട്.

റൂഡ്‌യാർഡ് കിപ്പ്‌ളിംഗിന്‍റെ പ്രശസ്‌ത പുസ്‌തകമായ ദ ജംഗിൾ ബുക്കിലെ പ്രധാന വിഷയം പേൻച്ച് വനാന്തരങ്ങളാണ്. പേൻച്ച് പാർക്കിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്‌തകത്തിലെ വിവരണങ്ങൾ മനസ്സിലൂടെ മിന്നി മറയും. മെഗാലി ചരിത്രം സർ വില്ല്യം ഹെൻറി സ്ലീമെന്‍റെ ലേഖനത്തെ അടിസ്‌ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഇതിൽ 1831 ൽ സിവനി ജില്ലയ്‌ക്കരികിൽ സൻത്ത് ബാവേരിയിൽ നിന്നും ലഭിച്ച വനബാലനെക്കുറിച്ചുള്ള വിവരണവുമുണ്ട്. വനത്തിലെ യഥാർത്ഥ സ്‌ഥലങ്ങളെക്കുറിച്ച് തന്നെയാണ് ജംഗിൾ ബുക്കിൽ പലയിടത്തും പരാമർശിച്ചിട്ടുള്ളത്.

പാർക്കിന്‍റെ നല്ലൊരു ഭാഗവും വന്യജീവികളുടെ വാസത്തിനു ഏറെ അനുയോജ്യമാണ്. പുള്ളിപ്പുലി, പുള്ളിമാൻ, കാട്ടുനായ, കാട്ടുപന്നി എന്നിവ വനത്തിൽ ധാരാളമായുണ്ട്. വനം മുഴുവനും ചുറ്റിക്കാണണമെന്നുണ്ടെങ്കിൽ ജീപ്പ്, ജിപ്‌സി, ആന സവാരി നടത്തിയാൽ മതിയാവും. ഇവിടെ ബോട്ടിംഗ് സ്വകര്യവുമുണ്ട്.

യാത്രാ മാർഗ്ഗം

വിമാന യാത്ര: ഏറ്റവും അടുത്ത വിമാനത്താവളം നാഗ്‌പൂർ (92 കി.മീ).

ട്രെയിൻ യാത്ര: നാഗ്‌പൂർ റെയിൽവേ സ്‌റ്റേഷൻ (92 കി.മീ).

റോഡ് യാത്ര: ഛിന്ദ് വാഡാ, ഖവാഡാ, സിപനി, നാഗ്‌പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് ടാക്‌സി സൗകര്യം ലഭ്യമാണ്.

താമസം : മദ്ധ്യപ്രദേശ് ടൂറിസം ക്ലിപ്പിംഗ് കോർട്ട് പേൻച്ച്.

പന്ന നാഷണൽ പാർക്ക്

പന്ന നാഷണൽ പാർക്ക് 1981 ലാണ് പാർക്ക് നിർമ്മിച്ചത്. 1994 ലിലാണ് ഇത് പ്രൊജക്‌റ്റ് ടൈഗറിൽ ഉൾപ്പെടുത്തിയത്. മുൻഭരണാധികാരികളുടെ നായാട്ടു സ്‌ഥലമായ പന്ന, ഛതർപുർ, ബിജാവർ കൂടി നാഷണൽ പാർക്കിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെക്ക് കേപ്പ് കോമറിനിൽ നിന്നും തുടങ്ങുന്ന വനഭാഗം അവസാനിക്കുന്നിടത്ത് ഗംഗ സമതലം തുടങ്ങുന്നു.

പന്ന നാഷണൽ പാർക്കിലൂടെ 55 കിലോ മീറ്ററോളം ഒഴുകുന്ന കേൻ നദി മനം മയക്കുന്ന ദൃശ്യ വിരുന്നാണ് സമ്മാനിക്കുന്നത്. ഇത് മുതലകളുടേയും ചീങ്കണ്ണികളുടേയും ആവാസ ഭൂമി കൂടിയാണ്. താൽഗാവ് സമതലം ഹിനോത്ത സമതല പ്രദേശം, കെൻ താഴ്‌വര എന്നിവ ഇവിടെയാണ് സ്‌ഥിതി ചെയ്യുന്നത്. നിരവധി താഴ്‌വരകളും സമതലഭൂമിയും കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം. ഏതാണ്ട് 209.53 സ്‌ക്വയർ കി.മീ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്നു.

വന സമ്പത്ത്

ഇവിടെ പ്രകൃതിദത്തമായ ആവാസ വ്യവസ്‌ഥയാണ് കടുവകൾക്കുള്ളത്. പുള്ളിപ്പുലി, കാട്ടുനായ, കഴുതപ്പുലി, കരടി, പൂച്ച, മാൻ എന്നു വേണ്ട പലയിനത്തിലുള്ള പാമ്പുകളെയും പെരുമ്പാമ്പുകളെയും ഇവിടെ കാണാനാവും.

പക്ഷികൾ

തത്ത, പരുന്ത്, അരയന്നം, ഹംസംഎന്നിങ്ങനെ 200ൽപരം പക്ഷി ഇനങ്ങളുണ്ട്. ദേശാടന പക്ഷികൾക്ക് ഏറെ പ്രിയങ്കരമായ പ്രദേശം കൂടിയാണിത്. പന്ന ടൈഗർ റിസർവിൽ ഏഴിനം കഴുകന്മാരെ കാണാനാവും. അപൂർവ്വ സുന്ദരമായ പക്ഷികളുടെ ആവാസ സ്‌ഥാനമാണിവിടം.

സന്ദർശന യോഗ്യമായ സ്‌ഥലങ്ങൾ

അജയ്‌ഗഡ് കോട്ട : 800 അടി ഉയരമുള്ള കോട്ട 1765ൽ ജൈത്ത്‌പുർ മഹാരാജാവിന്‍റെ അനന്തിരവൻ ഗുമാൻ സിംഗാണ് പണി കഴിപ്പിച്ചത്. 1809ൽ ഇംഗ്ലീഷ് ഭരണാധികാരികൾക്കായിരുന്നു കോട്ടയുടെ മേൽ ആധിപത്യം.

പാണ്ഡവ് ഫോൾ : പന്ന റോഡ് ഖജുരാഹോയിൽ നിന്നും 34 കി.മീറ്ററും മണ്ഡലയിൽ നിന്നും 7 കി.മീ ദൂരെയാണ് സ്‌ഥിതി ചെയ്യുന്നത്. ഇവിടത്തെ വെള്ളച്ചാട്ടത്തിന്‍റെ മനം കുളിർപ്പിക്കുന്ന കാഴ്‌ച ടൂറിസ്‌റ്റുകൾക്കേറെ ഇഷ്‌ടമാവും.

യാത്ര മാർഗ്ഗം

വിമാന യാത്ര: ഖജുരാഹോ ഏറ്റവും അടുത്ത വിമാനത്താവളമാണ്.

ട്രെയിൻ യാത്ര: ഖജുരാഹോ (46 കി.മീ) സത്നാ (74 കി.മീ).

റോഡ് യാത്ര: ഇത് നിരവധി റോഡുകളുടെ ശൃംഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഖജുരാഹോയിൽ നിന്നും മഡലാ (25 കി.മീ), സത്നയിൽ നിന്നും മഡലാ (90 കി.മീ) പന്നയിൽ നിന്നും മഡലാ (19 കി.മീ).

താമസം: മദ്ധ്യപ്രദേശ് ടൂറിസം വകുപ്പിന്‍റെ – ജംഗിൾ ക്യാമ്പ് മണ്ഡൽ, പന്ന. ഇവിടെ താമസവും ഭക്ഷണ സൗകര്യവുമൊരുക്കുന്ന എയർ കണ്ടീഷൻഡ് സ്വിസ് കോട്ടേജുകളുണ്ട്. റിസർവേഷന് 07732-275275, 095827749975 നമ്പർ ഡയൽ ചെയ്യുക.

അനുകൂല കാലാവസ്‌ഥ: നവംബർ മുതൽ ജൂൺ വരെ. ജൂലൈ ഒന്നു മുതൽ സെപ്‌റ്റംബർ 30 വരെ മൺസൂൺ കാലത്ത് പാർക്ക് അടച്ചിടും.

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിളങ്ങുന്ന വസ്‌ത്രങ്ങൾ തീർത്തും ഒഴിവാക്കുക. ഗൈഡിന്‍റെ നിർദ്ദേശങ്ങൾ പാലിക്കുക. സിംഹം, കടുവ, മാൻ, പുള്ളിപ്പുലി എന്നിങ്ങനെ വന്യജീവികൾ സ്വച്‌ഛന്ദം വിഹരിക്കുന്നതു കാണുമ്പോൾ ചിലർക്കെങ്കിലും ഇവയെ വേട്ടയാടണമെന്ന തോന്നലുണ്ടാവാറുണ്ട്. ഇത്തരം ചിന്തകൾ മനസ്സിൽ നിന്നും പാടെ ഉപേക്ഷിക്കുക. വന്യജീവികൾ നാടിന്‍റെ സമ്പത്താണ്. ഇവയെ കൺകുളിർക്കെ കാണാം, പ്രകൃതി ഭംഗിആവോളം ആസ്വദിക്കാം.

और कहानियां पढ़ने के लिए क्लिक करें...