അങ്ങിനെ അദ്ദേഹത്തിന്‍റെ ജോലി പോയി. കെമിസ്ട്രിയിൽ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകൻ. അദ്ദേഹം തെരുവിൽ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുന്നതു കണ്ട് ഉറ്റ സുഹൃത്തുക്കൾ പോലും എന്നെ കുറ്റപ്പെടുത്തി. എന്‍റെ നിസ്സഹായത അവരാരും തിരിച്ചറിഞ്ഞില്ല. അദ്ദേഹം തെരുവിൽ അലയുമ്പോൾ ഞാൻ ജീവിതം ആഘോഷിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി അങ്ങനെയാണ് ഞാൻ അവരുടെ ശത്രുപക്ഷത്തായത്.

ഒരിക്കൽ ഡൽഹിയിലെ കോണാട്ട് പ്ലേസിൽ വച്ച് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തെക്കണ്ട് എന്‍റെ സമനില തെറ്റിയിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ച് ഒരു ഫക്കീറിന്‍റെ വേഷത്തിൽ അവിടെ എത്തിയതാണ്. അതു മനസ്സിലായപ്പോൾ ഞാനും ചിത്തഭ്രമം ബാധിച്ചവളെ പോലെയായിത്തീർന്നു. നരേട്ടനേയും, മക്കളേയും ജോലിയിലും ശ്രദ്ധിക്കാതെ കുറ്റബോധത്താൽ ഞാൻ ഉഴറി നടന്നു. അതുകണ്ട് സഹിക്കവയ്യാതെ നരേട്ടനും ഒരു മദ്യപാനിയായിത്തീർന്നു.

നിത്യവുമുള്ള ഞങ്ങളുടെ ശണ്ഠ കൂടൽ കണ്ട് മക്കൾ വഴിതെറ്റി. ഒടുവിൽ അവരെ നേർവഴിയ്ക്ക് കൊണ്ടു വരാനായി ഞങ്ങൾ ഒന്നു ചേർന്നു. മക്കളോടുള്ള ഞങ്ങളുടെ കടമകൾ ഞങ്ങളെ ഒന്നാക്കിത്തീർത്തു എന്നുവേണം പറയുവാൻ. അങ്ങിനെ ഫഹദ്സാറിനെ മനസ്സിൽ നിന്നും നിർബന്ധപൂർവ്വം എനിക്ക് പടിയിറക്കിവിടേണ്ടി വന്നു. എന്‍റെ മനസ്സിൽ നരേട്ടനു മാത്രം സ്‌ഥാനം നൽകി. പിന്നീടുള്ള ഞങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു. എന്നാൽ ഫഹദ്സാറിന്‍റെ ആത്മ – നൊമ്പരങ്ങൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അത് ഒന്നൊന്നായി ഞങ്ങളുടെ കുടുംബ – ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കി

ആദ്യം രാഹുലിനേയും പിന്നെ നരേട്ടനെയും എനിക്ക് നഷ്ടപ്പെട്ടു. ആർക്കു വേണ്ടിയാണോ ഞാൻ ഫഹദ്സാറിനെ മറന്നത് അവരെല്ലാം എന്നെ ഉപേക്ഷിച്ചു പോയി. ഭർത്താവ്… മക്കൾ ഇന്ന് ആരുമില്ലാതെ ഞാൻ ഏകയായിത്തീർന്നിരിക്കുന്നു. എല്ലാം ഫഹദ്സാറിനെ വേദനിപ്പിച്ചതിന്‍റെ പരിണതഫലമാകാം. എന്നെ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നതിൽ തെറ്റില്ല അല്ലേ അരുൺ…

“ജീവിതം ഒരു വലിയ പാഠപുസ്തകമാണ് അല്ലേ മാഡം. ഗുണപാഠങ്ങൾ മാത്രം നിറഞ്ഞ ഒരു പുസ്തകം. തിക്തമായ ഓരോ അനുഭവവും ഓരോ ഗുണപാഠമാണ്. അത് കണ്ടറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നവനെ ജീവിതം പൂർണ്ണമാകുന്നുള്ളൂ…” ആ വാക്കുകൾ ഹൃദയത്തിൽ എവിടെയോ ചെന്ന് തറച്ചു.

അരുൺ പറഞ്ഞത് എത്ര ശരിയാണ്. പലപ്പോഴും നമ്മൾ ഇരുട്ടിൽ തപ്പുകയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയാതെ… തെറ്റിൽ നിന്നും ശരിയെ വേർതിരിച്ചെടുക്കുന്നവനു മാത്രമേ ജീവിതത്തെ ശരിയായ പാതയിലൂടെ നയിക്കാനാവുകയുള്ളൂ. ഇന്നിപ്പോൾ ആ ശരി കണ്ടുപിടിക്കേണ്ടത് എന്‍റെ കർത്തവ്യമായിത്തീർന്നിരിക്കുന്നു. അതോർത്തപ്പോൾ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം മുമ്പിൽ തെളിഞ്ഞു വരുന്നതായി തോന്നി. ഒരു പുതിയ പാത മുന്നിൽ നീണ്ടു കിടക്കുന്നതായും…

പിറ്റേന്ന് പുലരുമ്പോൾ ഒരു പുനഃജനിയ്ക്കായുള്ള പ്രേരണ മനസ്സിലുണർന്നിരുന്നു. നിറമുള്ള സ്വപ്നങ്ങൾ മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി. ആർക്കോവേണ്ടി കാത്തിരിക്കാൻ… എന്‍റെ മുഖത്തെ പ്രസന്നത കണ്ട് അരുൺ ചോദിച്ചു.

“എന്താ മാഡം?… ഇപ്പോൾ മാഡത്തിൽ ചില മാറ്റങ്ങൾ ഞാൻ കാണുന്നു…”

“അതെ അരുൺ… ഞാനിന്ന് സന്തോഷവതിയാണ്. ഒരു പുതിയ പ്രഭാതം ഞാൻ സ്വപ്നം കാണുന്നു. ചെയ്തുപോയ തെറ്റുകൾ തിരുത്തുവാൻ. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ എനിക്കാവുമെന്നു തോന്നുന്നു.” അൽപം നിർത്തി തുടർന്നു.

“ഈ ശ്രമത്തിൽ ഒരു മകനെപ്പോലെ അരുൺ എന്നെ പിന്തുണയ്ക്കുമെന്നു ഞാൻ വിശ്വസിയ്ക്കട്ടെ…”

അൽപം അവിശ്വസനീയതയോടെ അരുൺ ചോദിച്ചു. “എന്താ മാഡം? മാഡം എന്താണ് ഉദ്ദേശിക്കുന്നത്? മാഡം ശുഭസൂചകമായ എന്തോ ഒന്ന് പ്രതീക്ഷിക്കുന്നതു പോലെ…”

“ഞാൻ… ഞാൻ ഫഹദ്സാറിനെ തേടിപ്പിടിക്കുവാൻ പോകുന്നു അരുൺ, ആ കാലുകളിൽ വീണ് മാപ്പപേക്ഷിക്കുവാൻ… കഴിയുമെങ്കിൽ ഈ ജീവിതം ഒരുമിച്ച് പങ്കുവയ്ക്കുവാൻ… അങ്ങിനെ അദ്ദേഹത്തോടു ചെയ്‌തു പോയ കഠിനമായ അപരാധം തിരുത്തുവാൻ… എന്‍റെ മനസ്സു പറയുന്നു നമ്മൾ അദ്ദേഹത്തെ കണ്ടെത്തുമെന്ന്. എന്നാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം എനിക്കു സ്വസ്ഥത ലഭിക്കുകയില്ല അരുൺ. ഒരവസരം എനിക്കു വേണം അരുൺ… “നീ എന്‍റെ കൂടെ നിൽക്കുകയില്ലെ?…” ഒടുവിലത്തെ വാക്കുകൾ പറയുമ്പോൾ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞു പോയി.

“മാഡം… വിഷമിക്കരുത്… ഏതു വിഷമ സന്ധിയിലും ഞാൻ മാഡത്തിന്‍റെ കൂടെ ഉണ്ടാകും. നമുക്ക് അദ്ദേഹത്തെ തേടി കണ്ടുപിടിക്കാം. ഒരു പക്ഷെ അദ്ദേഹം വിവാഹിതനല്ലെങ്കിൽ മാഡത്തിനെ അദ്ദേഹം സ്വീകരിക്കുക തന്നെ ചെയ്യും…”

“തീർച്ചയായും എന്നെ അദ്ദേഹം സ്വീകരിക്കും അരുൺ. എനിക്കുറപ്പുണ്ട്… അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് കേട്ടത്. ഇന്നും അദ്ദേഹം വിഭാര്യനായി കഴിയുന്നുവെങ്കിൽ അത് എന്നെ ഓർത്തു മാത്രമായിരിക്കും. ഞാനല്ലാതെ മറ്റൊരു ഭാര്യയെ അദ്ദേഹത്തിനു സങ്കൽപിക്കാൻ പോലുമാവുകയില്ല. അതദ്ദേഹം മുമ്പും പലപ്പോഴും പറഞ്ഞിട്ടുണ്ട്.” എന്‍റെ വാക്കുകൾ ഉറച്ചതായിരുന്നു അപ്പോൾ. പ്രതീക്ഷയുടെ നറും തിരിവെട്ടം എന്‍റെ മിഴികളിൽ തിളങ്ങി നിന്നു. ഒടുവിൽ എന്തോ ഓർത്ത് പറഞ്ഞു.

“ഒരു പക്ഷെ അദ്ദേഹം എന്നെ സ്വീകരിച്ചില്ലെങ്കിലും സാരമില്ല. ഒരുവട്ടം ആ കാലുകളിൽ വീണ് മാപ്പു ചോദിച്ചില്ലെങ്കിൽ പശ്ചാത്താപത്തിന്‍റെ കണ്ണുനീർ പുഷ്പങ്ങൾ കൊണ്ട് ആ കാലടികളെ അഭിഷേകം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയില്ല അരുൺ…”

“മാഡം… ഇങ്ങിനെയൊന്നും ചിന്തിയ്ക്കരുത്. നമുക്ക് ഇന്നു തന്നെ പോകാം. അദ്ദേഹത്തിന്‍റെ വീട് തെരഞ്ഞു കണ്ടുപിടിക്കാം. മാഡം തയ്യാറായിരുന്നോളൂ. ഞാൻ അങ്ങോട്ടു പോകുവാൻ ഒരു വണ്ടി കിട്ടുമോന്നു നോക്കട്ടെ…”

“ശരി അരുൺ… ഞാൻ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യട്ടെ. അതിനു മുമ്പ് മഞ്ജുവിനോടും മായയോടും എനിക്ക് യാത്ര പറയണം…”

ഞാൻ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു. മുറിയിലെത്തി ഹ്രസ്വമായ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു. അൽപം കഴിഞ്ഞ് തിരികെ ഡ്രോയിംഗ് റൂമിലെ ഹാളിലെത്തി. അവിടെ മായയും മഞ്ജുവും അവരുടെ മക്കളുമുണ്ടായിരുന്നു. എന്നെക്കണ്ടയുടനെ മായയുടെ മകൾ ആര്യ ഓടിയെത്തി എന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“വല്യമ്മ എങ്ങോട്ടോ യാത്ര പോവുകയാണെന്നു തോന്നുന്നു. ഈ വേഷത്തിൽ വല്യമ്മ ഏറെ സുന്ദരിയായിരിക്കുന്നു.” അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. വല്യമ്മ കോളേജിൽ വച്ച് പഠനമുൾപ്പെടെയുള്ള എല്ലാറ്റിനും മിടുക്കിയായിരുന്നുവെന്നും, ട്രോഫികൾ വാരിക്കൂട്ടിയിട്ടുണ്ടെന്നും അമ്മ പറഞ്ഞറിഞ്ഞിട്ടുണ്ട്. സുന്ദരിയായ ഈ വല്യമ്മയെ കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ? എന്നാൽ ഇപ്പോൾ മാത്രമാണ് അതിനുള്ള അവസരം കൈവന്നത്… ഇത്രനാളും വല്യമ്മ എവിടെയായിരുന്നു?”

ആര്യമോളുടെ നിഷ്ക്കളങ്കമായ ചോദ്യത്തിനുത്തരം നൽകുവാൻ എനിക്കാകുമായിരുന്നില്ല. ഇത്രനാളും വിധിയുടെ കൈയ്യിലെ കളിപ്പാവയായി. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വല്യമ്മ, എന്നിക്കവളോടു പറഞ്ഞാലോ എന്നോർത്തു. എന്നാൽ അതിനു മുമ്പു തന്നെ മായ പറഞ്ഞു. “ശരിയാണ്… മീരചേച്ചി നമ്മൾ ഒരുമിച്ചുള്ള ഫോട്ടോകൾ എടുത്തു നോക്കി ഇവൾ പറയും മീര വല്യമ്മയെ കാണാൻ എത്ര സുന്ദരിയാണെന്ന്. മീര വല്യമ്മയുടെ ഛായ തനിക്കുമുണ്ടെന്ന് സ്വയം പുകഴ്ത്തുകയും ചെയ്യും…” ആര്യയുടെ നിഷ്ക്കളങ്കമായ പ്രകടനങ്ങളും മായയുടെ വാക്കുകളും എന്നെ ഒട്ടൊന്ന് ഉത്സാഹഭരിതയാക്കി.

പെട്ടെന്ന് ആര്യ ഉത്സാഹത്തോടെ ചോദിച്ചു “മീര വല്യമ്മയുടെ ഛായ എനിക്കുമില്ലേ? മീര വല്യമ്മ തന്നെ പറയൂ… മീര വല്യമ്മയെപ്പോലെ, പഠനമുൾപ്പെടെ എല്ലാ ആക്റ്റിവിറ്റീസിലും ഞാനും കഴിവു തെളിയിച്ചിട്ടുണ്ട്…” ആര്യ അഭിമാനത്തോടെ പറഞ്ഞു.

അവളുടെ താടിപിടിച്ചുയർത്തി ഞാൻ പറഞ്ഞു. “ആര്യമോൾ എന്നെക്കാളും സുന്ദരിയും മിടുക്കിയുമാണല്ലോ…”

എന്‍റെ വാക്കുകൾ അവളെ ആഹ്ലാദഭരിതയാക്കി. അതുകേട്ടപ്പോൾ മഞ്ജുവിന്‍റെ മക്കളായ നിമിഷയ്ക്കും ശ്വേതയ്ക്കും സഹിച്ചില്ല. ഡിഗ്രിക്കാരികളായ അവർ ഇരുവരും പ്ലസ്ടുക്കാരിയായ ആര്യയെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

“ഉം… ഉം… പിന്നെ ഒരു സുന്ദരിക്കോത….ഞങ്ങൾക്കും കിട്ടിയിട്ടുണ്ട് വല്യമ്മയുടെ സൗന്ദര്യവും മിടുക്കും നിനക്കുമാത്രമല്ല… ഇല്ലേ വല്യമ്മേ…” അസൂയാലുക്കളായ അവരും എന്‍റെ അടുത്തെത്തി. അവരെ ഇരുവശവും ചേർത്തു പിടിച്ചു കൊണ്ടു ഞാൻ പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും എന്‍റെ ഛായ കിട്ടിയിട്ടുണ്ട്. എന്‍റെ മാത്രമല്ല നിങ്ങളുടെ സുന്ദരികളായ അമ്മമാരുടേയും…”

“ഓ… വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാർക്കില്ല…” അവർ മൂവരും ചേർന്നു പറഞ്ഞു.

“എന്താ എല്ലാവരും ചേർന്ന് ഒരു വിവാദം. മീര വല്യമ്മയെ നിങ്ങളെന്താ തടഞ്ഞു നിർത്തിയിരിക്കുകയാണോ?” മായയുടെ ഭർത്താവ് ഡോ.മോഹനനായിരുന്നു അത്. അയാൾ ബാംഗ്ലൂരിൽ മായയോടൊപ്പം സ്വന്തം പ്രൈവറ്റ് ഹോസ്പിറ്റലിൽ വർക്കു ചെയ്യുന്നു.

“ഞങ്ങൾ മീര വല്യമ്മയുടെ സൗന്ദര്യത്തെപ്പറ്റിയും കഴിവുകളെപ്പറ്റിയും പറയുകയായിരുന്നു. ഞങ്ങൾ പറഞ്ഞതു ശരിയല്ലെ ഇളയച്ഛാ… മീര വല്യമ്മയുടെ അത്ര സൗന്ദര്യം ഞങ്ങളുടെ അമ്മമാർക്കില്ലല്ലോ?” നിമിഷയും ശ്വേതയും ചോദ്യഭാവത്തിൽ നോക്കി. “ഓ… ഇതാണോ വിഷയം… ഇത്തരമൊരു കാര്യത്തിൽ മറുപടി പറയാൻ ഞാനളല്ല… എന്തിനാ വീടിനു പുറത്താകുന്നത്?”

കുസൃതിച്ചിരിയോടെ മോഹൻ മായയെ നോക്കിപ്പറഞ്ഞു. മായ അൽപം പരിഭവത്തിൽ മുഖം വീർപ്പിച്ച് മോഹനനെ നോക്കി. പിന്നെ പറഞ്ഞു.

“അല്ലെങ്കിലും ഈ ആണുങ്ങൾക്ക് സ്വന്തം ഭാര്യയിൽ അത്ര സൗന്ദര്യവും കഴിവുമൊന്നും കാണാനാവുകയില്ല. മറ്റുള്ള പെണ്ണുങ്ങളെ തുറിച്ചു നോക്കി സൗന്ദര്യം ആസ്വദിക്കാനല്ലെ അവർക്കിഷ്ടം…”

“ഞാൻ പറഞ്ഞില്ലേ ചേച്ചീ… ഞാൻ അഭിപ്രായം പറഞ്ഞാൽ കുഴപ്പമാകുമെന്ന്. ഇപ്പോൾ നോക്കൂ ചേച്ചിയുടെ പ്രിയപ്പെട്ട അനുജത്തിയുടെ പരിഭവം പറച്ചിൽ…”

ആഹ്ലാദകരമായ ആ അന്തരീക്ഷം അൽപനേരത്തെയ്ക്കെങ്കിലും എന്‍റെ ദുഃഖങ്ങളെ അകറ്റി നിർത്തി. ഞാൻ പറയുവാൻ വന്ന കാര്യം തന്നെ മറന്നു പോയ മട്ടായി. ഇതിനിടയിൽ മായ എന്‍റെ അടുത്തെത്തി.

“സോറി ചേച്ചീ ഞാൻ മോഹനെ ഒന്ന് ഇരുത്തുവാൻ വേണ്ടി പറഞ്ഞതല്ലെ? അല്ലെങ്കിൽ നാളെ എന്‍റെ തലയിൽ കേറി ഭർത്താവു കളിക്കാൻ തുടങ്ങും. അതൊഴിവാക്കാൻ വേണ്ടി…”

അവിടെ കൂട്ടച്ചിരി മുഴങ്ങി. ഏതാനും ദിവസങ്ങൾ ദുഃഖം മാത്രം തളംകെട്ടി നിന്ന ഒരു ഗൃഹമായിരുന്നില്ല അപ്പോൾ അത്. ഒരു വീടിന്‍റെ നെടുംതൂണായ അമ്മ യാത്ര പറഞ്ഞു പോയ ഒരു മരണ വീടുമായിരുന്നില്ല. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു ചേരുമ്പോൾ സ്വാഭാവികമായി ഉളവാകുന്ന ആഹ്ലാദാന്തരീക്ഷം ആ വീട്ടിലും നിറഞ്ഞു നിന്നു. അൽപ നേരത്തേയ്ക്ക് അവരോടൊത്ത് ഉല്ലസിക്കുമ്പോൾ മറ്റെല്ലാം മറന്നു, ഞാൻ പറയുവാൻ വന്ന കാര്യം പോലും. പെട്ടെന്ന് മഞ്ജു ഗൗരവപൂർവ്വം പറഞ്ഞു. “മീര ചേച്ചി ഇവിടെ ഇരിക്കൂ. ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“എന്താ മഞ്ജു… എന്താണെങ്കിലും പറഞ്ഞോളൂ” ഒരു മുഖവുരയ്ക്കായി തപ്പുന്ന മഞ്ജുവിനോട് ഞാൻ പറഞ്ഞു. അടുത്ത നിമിഷം മായയും ഞങ്ങളുടെ സമീപമെത്തി.

“ചേച്ചിയ്ക്കറിയാമല്ലോ അമ്മ നമുക്കെല്ലാം പ്രിയപ്പെട്ടതായിരുന്നു. ഇന്നിപ്പോൾ അമ്മ കടന്നു പോയിട്ട് ഇരുപതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അമ്മയുടെ ചിതാഭസ്മം കാശിയിൽ കൊണ്ടു പോയി ഗംഗയിലോ മറ്റോ ഒഴുക്കണം. അതിന് ആരാണ് പോകുന്നതെന്ന് തീർച്ചപ്പെടുത്തണം എനിക്കാണെങ്കിൽ തീരെ ലീവില്ല. ഞാൻ മറ്റന്നാൾ തിരിച്ചു പോവുകയാണ്. ഇപ്പോൾ തന്നെ ലീവ് വളരെയധികം എടുത്തിരിക്കുന്നു. ദിവാകരേട്ടന്‍റേയും ലീവ് തീർന്നിരിക്കുന്നു. പിന്നെ കുട്ടികൾ രണ്ടുപേരും എഞ്ചിനിയറിംഗിന് പഠിക്കുന്നതു കൊണ്ട് അവരുടേയും ക്ലാസ്സുകൾ നഷ്ടപ്പെടുത്താനാവില്ല. മഞ്‌ജു പറഞ്ഞു നിർത്തി. ഉദ്വേഗത്തോടെ എന്നെ നോക്കി. അപ്പോൾ ഞാൻ പറഞ്ഞു.

“ശരി മഞ്ജു… നീ മടങ്ങിപ്പോയ്ക്കോളൂ. എനിക്ക് കുറച്ചു ദിവസം കൂടി ലീവുണ്ട്. ഇതിനിടയിൽ ഞാൻ കാശിയിൽ പോയി വരാം. അമ്മയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കുകയും ചെയ്യാം. അല്ലെങ്കിലും നരേട്ടനും രാഹുലിനും വേണ്ടി ബലി കർമ്മങ്ങൾ നടത്താൻ അവിടം വരെ പോകുവാൻ ഞാൻ ആലോചിച്ചിരുന്നതാണ്. മായ മോളെന്തു പറയുന്നു?”

“ചേച്ചി ഇഷ്ടം പോലെ ചെയ്തോളൂ… എനിക്ക് പ്രത്യേകിച്ച് ധൃതിയൊന്നുമില്ല. ഹോസ്പിറ്റൽ ഞങ്ങളുടെ സ്വന്തമായതു കൊണ്ട് എപ്പോൾ പോയാലും മതി. എങ്കിലും ചേച്ചീ നമ്മുടെ അമ്മ പോയില്ലെ.”

അവൾ അൽപം നിർത്തി ഏതോ ഓർമ്മകളിൽ മുഴുകിയെന്നോണം പറഞ്ഞു. “വളരെക്കാലമായി അമ്മ എന്‍റെ കൂടെയുണ്ട്. വിപിനെയും ആര്യയെയും നോക്കി വളർത്തിയത് അമ്മയാണ്. അതുകൊണ്ടു തന്നെ അവർക്കിപ്പോഴും അമ്മയെന്നു വച്ചാൽ ജീവനാണ്.”

അമ്മ മരിച്ചപ്പോൾ ഏറ്റവും കൂടുതൽ ദുഃഖിച്ചതും അവരാണല്ലോ എന്ന് ഞാനോർത്തു. പെട്ടെന്ന് അടുത്തു നിന്ന ആര്യ പൊട്ടിക്കരയാൻ തുടങ്ങി.

“മുത്തശ്ശിയെ മറക്കാൻ എനിക്കാവില്ല വല്യമ്മെ… മുത്തശ്ശി എന്തെല്ലാം നല്ല കാര്യങ്ങൾ ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നെന്നോ? മുത്തശ്ശിയുടെ പഴയകാലമെല്ലാം ഞങ്ങളോടു പറയുമായിരുന്നു. കൂടാതെ കൊച്ചു കുട്ടിയായിരുന്നപ്പോൾ എത്ര പുരാണ കഥകളും പാട്ടുകളും പറഞ്ഞു തന്നിരിക്കുന്നു. പക്ഷെ ഇന്നിപ്പോൾ കഥ പറഞ്ഞു തരാൻ മുത്തശ്ശിയില്ലല്ലോ.” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അകത്തേയ്ക്കോടി.

അതുകണ്ടപ്പോൾ പുതുതലമുറയിലും ഇത്തരക്കാരുണ്ടല്ലോ എന്ന് ഞാനോർത്തു. പഴമയുടെ ഗന്ധവും, നന്മകളും നെഞ്ചോടു ചേർക്കുന്നവർ. ഒരു പക്ഷെ എന്‍റെ മകൾക്ക് അമ്മയുടെ സാമീപ്യവും, സ്നേഹവും നഷ്ടപ്പെട്ടതാകാം അവൾക്ക് അമ്മയോട് അടുപ്പമില്ലാതെയാകാൻ കാരണം. എങ്കിൽ അത് എന്‍റെ തെറ്റാണല്ലോ എന്നും ഓർത്തു. അപ്പോൾ മായ അടുത്തെത്തിപ്പറഞ്ഞു.

“ശരിയാണ് ചേച്ചീ… അമ്മയായിരുന്നു അവർക്കെല്ലാം. അതുകൊണ്ടു തന്നെ എന്നെക്കാൾ കൂടുതൽ അവർ അമ്മയെ സ്നേഹിച്ചു. ഇന്നിപ്പോൾ അമ്മയില്ലാതെ അനാഥമായി പോകുന്ന ഈ വീടിനെക്കുറിച്ചോർക്കുമ്പോഴും ദുഃഖം തോന്നുന്നു. അതുകൊണ്ട് കുറച്ചു ദിവസം കൂടി ഇവിടെ നിന്നിട്ട് ഞാനും മടങ്ങിപ്പോകും ചേച്ചീ…” മായ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ചിരുന്ന മഞ്ജു പറഞ്ഞു.

“ചേച്ചീ… ഇനി ഇതു പോലെയുള്ള നമ്മുടെ കൂടിക്കാഴ്ചകൾ കുറയും. ഈ വീടും അനാഥമായതു പോലെ പൂട്ടിക്കിടക്കും. എനിക്കൊരു ഐഡിയ തോന്നുന്നു. നമുക്ക് ഈ വീട് വിറ്റാലോ ചേച്ചീ… അല്ലെങ്കിൽ ആരെങ്കിലും ഒരാൾ, ഈ വീട് ഏറ്റെടുത്ത് മറ്റുള്ളവർക്ക് ഷെയർ കൊടുത്താലും മതി.” മഞ്ജു അതുപറഞ്ഞ് ഞങ്ങളിരുവരേയും നോക്കി എന്നിട്ട് തുടർന്നു പറഞ്ഞു.

“ഈയൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു കാര്യം സംസാരിക്കുന്നത് അനുചിതമാണെന്നറിയാം. എങ്കിലും ഞാൻ നേരത്തെ പറഞ്ഞതു പോലെ നമ്മൾ തമ്മിൽ ഇനിയും ഇതുപോലെ കണ്ടുമുട്ടിയില്ലെന്നു വരാം. എല്ലാവർക്കും തിരക്കാണല്ലോ. അതുകൊണ്ട് ഇപ്പോൾത്തന്നെ ഇത്തരം കാര്യങ്ങൾ ആലോചിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.”

എൻജിനീയറായ മഞ്ജു പണ്ടേ അൽപം പ്രാക്ടിക്കലാണ്. അതുകൊണ്ട് അവൾ ചിന്തിക്കുന്നതും അത്തരത്തിലാണ്. എങ്കിലും അമ്മ മരിച്ച് ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവൾ ഇതവതരിപ്പിച്ചതിൽ അൽപം ദേഷ്യം തോന്നാതിരുന്നില്ല. എങ്കിലും ഞാനും മായയും ഒന്നും പ്രകടിപ്പിച്ചില്ല. ഞങ്ങൾ വെറുതെ ഒന്നും മിണ്ടാതെ മുഖത്തോടു മുഖം നോക്കിയിരുന്നു. അപ്പോൾ മഞ്ജു പറഞ്ഞു. “നിങ്ങൾക്കു രണ്ടുപേർക്കും ഇക്കാര്യത്തിൽ താൽപര്യമില്ലെങ്കിൽ വേണ്ട. ഞാൻ ഒന്നും പറഞ്ഞില്ലെന്നു വിചാരിച്ചാൽ മതി.”

പെട്ടെന്ന് മായ പറഞ്ഞു.

“അതല്ല ചേച്ചീ… അമ്മ പോയിട്ട് ഇത്രയും കുറച്ചു ദിവസങ്ങളല്ലെ ആയുള്ളൂ. അതിനുള്ളിൽ നമ്മൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചെന്നറിഞ്ഞാൽ നാട്ടുകാരെന്തു പറയും? അല്ലെങ്കിൽ തന്നെ ഇക്കാര്യത്തിൽ അമ്മയുടെ ആത്മാവ് നമ്മളോടു ക്ഷമിക്കുമോ?”

“അമ്മയ്ക്ക് വിരോധമൊന്നുമുണ്ടാവുകയില്ല മായേ. അമ്മ മുമ്പൊരിയ്ക്കൽ പറഞ്ഞിട്ടുണ്ട് ഞാൻ മരിച്ചാലുടൻ നിങ്ങളീ വീടു വിറ്റോളൂ, എന്നിട്ട് തുല്യമായിട്ട് ഷെയർ ചെയ്യണം എന്ന്. എനിക്കായിട്ട് നിങ്ങൾക്കു തരാൻ ഇനി ഇതേ ഉള്ളൂവെന്ന്…” അതുപറയുമ്പോൾ മഞ്ജുവിന്‍റെ ശബ്ദം ഇടറിയിരുന്നു. ഇതിനിടയിൽ എല്ലാം കേട്ടുകൊണ്ടു നിന്ന ദിവാകരൻ ഇടപെട്ടു കൊണ്ടു പറഞ്ഞു.

ഇതിപ്പോൾ വിറ്റാൽ പത്തു പന്ത്രണ്ടു കോടിയെങ്കിലും കിട്ടും. പത്തു നാൽപതു സെന്‍റ് സ്ഥലമില്ലേ. സെന്‍റിന് പത്തു മുപ്പതു ലക്ഷം ഇവിടെ ഇപ്പോൾ വിലയുണ്ടാകും. ഓരോരുത്തർക്കും നാലു കോടി വീതം കിട്ടും…” ദിവാകരനും ഉത്സാഹത്തിലായിരുന്നു. അയാളാണ് മഞ്ജുവിനെ പറഞ്ഞ് പ്രേരിപ്പിക്കുന്നതെന്നു തോന്നി.

ഏതായാലും ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് മനസ്സു പറഞ്ഞു. എനിക്കും, മായയ്ക്കും ആ വീടിനോടുള്ള വൈകാരിക ബന്ധം ഏറെയായിരുന്നു. അച്ഛനമ്മമാരോടൊത്ത് സന്തോഷം മാത്രം പങ്കിട്ടു ജീവിച്ചിരുന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കുട്ടിക്കാലം. എന്നും വസന്തം വിരുന്നിനെത്തിയിരുന്ന ആ കാലഘട്ടം. ഓർമ്മയുടെ ചെപ്പിൽ ഒരു മധുര സ്മരണയായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.

അടുത്തുള്ള ദേവീക്ഷേത്രത്തിലെ ഉത്സവകാലം, അച്‌ഛന്‍റെ നാട്ടിലേയ്ക്ക് ഇടയ്ക്കിടയ്ക്കുള്ള യാത്രകൾ… ഓണവും, വിഷുവും വിരുന്നിനെത്തിയിരുന്ന ദിനരാത്രങ്ങൾ, കാർത്തിക മാസത്തിലെ ഉത്സവാഘോഷങ്ങൾ… എല്ലാമെല്ലാം മനസ്സിനെ കുളിരണിയിക്കുന്ന ഓർമ്മകളാണ്.

പൂത്തുമ്പികളെപ്പോലെ പാറി നടന്ന മൂന്നു പെൺകിടാങ്ങൾ അപ്പോൾ മനസ്സിലോടിയെത്തി. അവരുടെ ജന്മദിനാഘോഷങ്ങൾ അച്‌ഛന്‍റേയും അമ്മയുടേയും മാര്യേജ് ആനിവേഴ്സറികൾ ഇവയെല്ലാം ഞങ്ങൾ അടിച്ചു പൊളിച്ചാഘോഷിച്ചിരുന്നു. പണത്തിന് ഒരു കുറവുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ വിചാരിക്കുന്നതെന്തും നേടിത്തരുന്ന മാതാപിതാക്കൾ…

അച്‌ഛനും അമ്മയും കാലം അവരുടെ മധുര പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചുവെങ്കിലും, ജരാനരകൾ നൽകി കറുത്ത തിരശ്ശീലയ്ക്കപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയിയെങ്കിലും, ഇന്നും അവരുടെ ഉച്ഛ്വാസ നിശ്വാസങ്ങൾ അവിടെ ഉറങ്ങിക്കിടപ്പുണ്ട്. അവർ അവസാനമായി പൊഴിച്ച ശ്വാസഛ്വാസം പോലും അവിടത്തെ അന്തരീക്ഷത്തിൽ തങ്ങി നില്പുണ്ട്.

ഞങ്ങൾക്ക് ഇന്നും ആ വീടിനോടുള്ള വൈകാരിക അടുപ്പത്തിന് കാരണങ്ങൾ ഇവയാകാം. എന്തായാലും ഇപ്പോൾ ഒന്നും പ്രതികരിക്കേണ്ടെന്നു മനസ്സു പറഞ്ഞു.

“നമുക്ക് അതിനെപ്പറ്റി ആലോചിയ്ക്കാം മഞ്ജു… ഇപ്പോഴല്ല… പിന്നീടെപ്പോഴെങ്കിലും…” ഞാൻ പറഞ്ഞൊഴിഞ്ഞു. പിന്നീട് മഞ്ജുവും അതിനെപ്പറ്റി കൂടുതലൊന്നും സംസാരിച്ചില്ല.

അൽപ സമയത്തിനുള്ളിൽ അരുൺ വന്നെത്തി. “മാഡം, ഞാൻ കാർ കൊണ്ടുവന്നിട്ടുണ്ട്. നമുക്കിറങ്ങാം…”

അപ്പോൾ മാത്രമാണ് ഞാനെങ്ങോട്ടാണ് യാത്ര പോകുന്നതെന്ന് മായ അന്വേഷിച്ചത്. ഒരു സുഹൃത്തിനെ കാണുവാനാണ് ഈ യാത്ര എന്നു മാത്രം പറഞ്ഞു. ഞാൻ കാറിൽ കയറി. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും അറിയിച്ചു.

കാർ ഞങ്ങളേയും കൊണ്ട് അതിവേഗത്തിൽ പാഞ്ഞു. ഒരിക്കൽ മണവാട്ടിയുടെ മധുര പ്രതീക്ഷകളോടെ ഞാൻ ചെന്നെത്തിയ ആ നാട്ടിലേയ്ക്ക്… ഒടുവിൽ കണ്ണീർപ്പൂക്കൾ മാത്രം സമ്മാനിച്ച് എന്നെ യാത്രയാക്കിയ ആ വിദൂര മണ്ണിലേയ്ക്ക്…

(തുടരും)

और कहानियां पढ़ने के लिए क्लिक करें...