ഉച്ച ഊണിനു ശേഷം ഒരു മയക്കം പതിവാണ്. നിർത്താതെ മൊബൈൽ റിംഗ് ചെയ്യുന്നതു കേട്ട് ഞാൻ ഞെട്ടിയുണർന്നു. “സുഭാഷ്, നീയൊന്നു വേഗം വരണം. ഗായത്രി ഉറക്ക ഗുളിക കഴിച്ചു.”
“ഞാനിപ്പോ നഴ്‌സിംഗ് ഹോമിലുണ്ട്. നീ….” പിന്നെയും ഇടറിയ ശബ്‌ദത്തിൽ നിതീഷ് ഫോണിൽ എന്തൊക്കെയോ പറഞ്ഞു. നിതീഷിനെ വർഷങ്ങളായി എനിക്ക് പരിചയമുണ്ട്. സ്‌ക്കൂൾ തലം മുതലുള്ള സൗഹൃദമാണ് ഞങ്ങളുടേത്. ഒട്ടും വൈകാതെ ഞാൻ നഴ്‌സിംഗ് ഹോമിലെത്തിച്ചേർന്നു.
എന്നെ കണ്ടതും സീനിയർ ഡോക്‌ടർ ഗൗതം ഗായത്രിയുടെ റിപ്പോർട്ട് എനിക്കു കൈമാറി. “സർ, പേഷ്യന്‍റിനെ കൊണ്ട് വോമിറ്റ് ചെയ്യിച്ചിട്ടുണ്ട്. ഗുളിക ഒരു പിടി കഴിച്ചിട്ടുണ്ട്. തക്ക സമയത്ത് ഇവരുടെ ഹസ്‌ബന്‍റ് ഇവിടെയെത്തിച്ചതു ഭാഗ്യമായി. ഇല്ലെങ്കിൽ….”
ഞാൻ തിടുക്കത്തിൽ നടന്ന് ഐസിയുവിൽ ചെന്ന് ഗായത്രിയെ പരിശോധിച്ചു. ഗായത്രിയേടത്തി നല്ല ഉറക്കത്തിലാണ്. അപകടനില തരണം ചെയ്‌തിട്ടുണ്ട്. നഴ്‌സിനു വേണ്ട നിർദ്ദേശങ്ങൾ നൽകി ഞാൻ ഐസിയുവിൽ നിന്നും പുറത്തു കടന്നു. നിതീഷ് ആകാംക്ഷയോടെ എന്‍റെ മുഖത്തേക്ക് നോക്കി.
“ഏടത്തി ഇതു മൂന്നാം തവണയല്ലെ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത്. ഇത്തവണ സ്ലീപ്പിംഗ് പിൽസ് കുറേയധികം കഴിച്ച് ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ച മട്ടാണ്. നിതീഷ്, നിനക്കൊന്നും പറയാനില്ലെ? എന്താണിതിന്‍റെയൊക്കെ അർത്ഥം! ഗായത്രിയുടെ മുൻ ദേഷ്യം നിനക്ക് നന്നായറിയാവുന്നതല്ലെ. ഇത്തവണ എന്തായിരുന്നു വഴക്കിന്‍റെ കാരണം.” ഞാൻ ആകാംക്ഷയോടെ നിതീഷിന്‍റെ കണ്ണുകളിലേക്ക് നോക്കി.
“സുഭാഷ്.. സത്യമായിട്ടും എനിക്കറിയില്ല. ആത്മഹത്യ ചെയ്യാനും മാത്രം വലിയ വഴക്കൊന്നുമുണ്ടായിട്ടില്ല…. നീ എന്നെ വിശ്വസിക്കണം….” നിതീഷിന്‍റെ ശബ്‌ദം ഇടറി.
“നുണ… ശുദ്ധ നുണ…” ഞാൻ ശബ്‌ദമല്‌പം കനപ്പിച്ചു.
നിതീഷ് കണ്ണുകൾ ഇറുകെ അടച്ചു. “ശരി, ഞാൻ പറയാം. മൂന്നു ദിവസം മുമ്പ് ഞങ്ങൾക്കിടയിൽ ചെറിയൊരു വാക്ക് തർക്കമുണ്ടായി. പക്ഷേ അതിനു ശേഷം… ഇന്നലെയോ ഇന്നു രാവിലെയോ ഞങ്ങൾ തമ്മിൽ യാതൊന്നും സംസാരിച്ചതേയില്ല.” നിതീഷിന്‍റെ മുഖം മ്ലാനമായി.
തീർത്തും നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന സംസാരവും പെരുമാറ്റവുമായിരുന്നു നിതീഷിന്‍റേത്. എങ്കിലും മനസ്സിൽ കുരുക്കഴിയാതെ കിടന്ന ചില സംശയങ്ങളുടെ ചുവടുപറ്റി ഞാൻ ചോദിച്ചു.
“എന്തിനെ ചൊല്ലിയായിരുന്നു അന്നത്തെ ആ വഴക്ക്?”
“ആ…. പഴയ വഴക്ക് തന്നെ….”
“ഓ, അച്‌ഛന്‍റെ കൈവശമുള്ള തറവാടും കടയും നിന്‍റെ പേരിലാക്കാൻ… ഇല്ലെ.”
“കഴിഞ്ഞ ആഴ്‌ച ഞങ്ങൾ തറവാട് വീട് വരെയൊന്നു പോയിരുന്നു. ഗായത്രി വീണ്ടും സ്വത്തുകാര്യങ്ങൾ എടുത്തിടാൻ ശ്രമിച്ചു. ഞങ്ങൾ ആരും തന്നെ ആ സംസാരം കേൾക്കാൻ കൂട്ടാക്കിയില്ല. അവൾ പെട്ടെന്ന് നിശബ്‌ദയായി. അവൾക്ക് കാര്യങ്ങൾ മനസ്സിലായി കാണും.
പിന്നെ വീട്ടിലെത്തിയ ഉടനെ ഞാനുമായി പൊരിഞ്ഞ വാക്ക് തർക്കമുണ്ടായി. പക്ഷേ ആ തീപ്പൊരി അന്നു രാത്രി തന്നെ കെട്ടടങ്ങുകയും ചെയ്‌തു.
“അതിരിക്കട്ടെ, നീ ആ പേരിൽ ഏടത്തിയെ തല്ലിയോ?”
“സുഭാഷ്, ഞാനത്ര വിഡ്‌ഢിയൊന്നുമല്ല. ഇപ്പോൾ തന്നെ നാലഞ്ചു തവണ പോലീസുകാർ വീട്ടിൽ വന്നതാണ്. ഇതിപ്പോ എത്ര വലിയ പ്രശ്നമുണ്ടായാലും ഞാൻ പ്രതികരിക്കാറേയില്ല. അല്ല. മിണ്ടരുതെന്നാണല്ലോ നീ ഓർഡറിട്ടിരിക്കുന്നത്. എന്‍റെ ഓർമ്മയിൽ ഇതൊക്കെയെ സംഭവിച്ചിട്ടുള്ളൂ.”
“ഏടത്തി മുമ്പും ഗുളിക കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണ്. അത് വെറുതെ നിന്നെ ഭയപ്പെടുത്താനും മാത്രമായിരുന്നു. പക്ഷേ ഇതിപ്പോ ആത്മഹത്യ തന്നെയാ ലക്ഷ്യം. നന്നായൊന്ന് ആലോചിച്ചു നോക്ക്. മറ്റെന്തെങ്കിലും….” സുഭാഷിന് സത്യാവസ്‌ഥ അറിയാൻ ആഗ്രഹമുണ്ടായിരുന്നു.
“കൂടുതൽ ആലോചിക്കാനൊന്നുമില്ല. എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.” നിതീഷിന്‍റെ മുഖത്ത് ദൈന്യത നിറഞ്ഞു.
“മക്കൾ ഇതൊക്കെ അറിഞ്ഞോ. മനുവും.. മേഘയും.” 23 വയസ്സുള്ള മകന്‍റെയും 19 വയസ്സുള്ള മകളുടെയും കാര്യമെടുത്തിട്ട് ഞാൻ സംസാരത്തിന്‍റെ ഗതി മാറ്റാൻ ശ്രമിച്ചു.
“രാവിലെ ഓഫീസിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ അവരും പുറത്തേങ്ങോട്ടൊ പോവാൻ ഒരുങ്ങുന്നുണ്ടായിരുന്നു. പക്ഷേ അവർ…..”
“എന്താ? എന്താ നിതീഷ്?”
“അവർക്കെന്തൊക്കെയോ പറയണമെന്നുള്ളതു പോലെ, പക്ഷേ അതെന്നോടല്ല. ഗായത്രിയോട്”
“അതെന്തായിരിക്കും….”
“എനിക്കൊന്നും മനസ്സിലാവുന്നില്ല. ഈയിടെയായി അവർ ഒരു പേഴ്‌സണൽ കാര്യവും എന്നോടു പറയാറില്ല. എന്നിൽ നിന്നും വലിയൊരു ദൂരം പാലിക്കുന്നുണ്ടവർ..” നിതീഷ് നിരാശയോടെ പറഞ്ഞു.
അല്‌പസമയത്തേക്കെങ്കിലും മൗനം അവലംബിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. ഉയരങ്ങളും താഴ്‌ചകളും തൊട്ടറിഞ്ഞ ജീവിതമായിരുന്നു അവരുടേത്. കാൽ നൂറ്റാണ്ടു വരുന്ന അവരുടെ വൈവാഹിക ജീവിതം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
അപ്‌സരസ്സ് എന്നൊക്കെ വിശേഷിപ്പിച്ചില്ലെങ്കിലും കാഴ്‌ചയ്‌ക്ക് സുന്ദരിയായിരുന്നു ഗായത്രിയേടത്തി. പക്ഷേ സൗമ്യത തൊട്ടു തീണ്ടാത്ത പെരുമാറ്റം. വിവാ ത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ ദാമ്പത്യത്തിന്‍റെ ചെറിയ താളപ്പിഴകൾ അവർക്കിടയിൽ നാമ്പിട്ടിരുന്നു.
വലിയ തുകയും സ്വർണ്ണവും സ്‌ത്രീധനമായി കൊണ്ടു വന്നതിന്‍റെ ഗർവ്വും ഗായത്രിയേടത്തിക്കുണ്ടായിരുന്നു. ഭർത്താവിനോടും ഭർതൃവീട്ടുകാരോടും അനാദരവിനു ഇതൊരു കാരണവുമായി.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയും മുമ്പ് തന്നെ അവർ ഭർതൃവീട്ടിൽ നിന്നും മാറി വാടക വീട്ടിൽ താമസം തുടങ്ങിയിരുന്നു. തറവാട്ടിൽ നിന്നും മാറാൻ നിതീഷിനു ഒട്ടും താത്പര്യമില്ലായിരുന്നു. ഇതേച്ചൊല്ലി അവർക്കിടയിൽ കലഹവും പതിവായിരുന്നു.
പൊങ്ങച്ചവും ആർഭാടവും ഒക്കെയായിരുന്നു ഗായത്രിയേടത്തിയുടെ രീതി. എന്നാൽ നിതീഷിന്‍റെ വരുമാനം ഇതിനൊന്നും തികയുമായിരുന്നില്ല. മാത്രവുമല്ല ലളിത ജീവിതം നയിക്കാനായിരുന്നു നിതീഷിനു താത്പര്യം. ഇതൊക്കെ മനസ്സിലാക്കി ഗായത്രിയുടെ അച്‌ഛൻ മരുമകന് പാർട്ട്‌ടൈം ബിസിനസ് തുടങ്ങുന്നതിനുള്ള ധനസഹായം ചെയ്‌തു കൊടുത്തു.
ബിസിനസിലെ ഒത്തുകളികളും രീതികളും നിതീഷിനു അത്ര വശമില്ലായിരുന്നു. പാർട്ട്‌നറുടെ ചില നീക്കങ്ങളും നിതീഷിനു ബിസിനസിൽ 4-5 ലക്ഷത്തിന്‍റെ നഷ്‌ടമുണ്ടാക്കി.
നിതീഷിന്‍റെ കഴിവുകുറവു കാരണമാണ് ബിസിനസിൽ തകർച്ചയുണ്ടായതെന്ന് ഗായത്രി ഏടത്തി പലവട്ടം കുറ്റപ്പെടുത്തി.
നിതീഷ് പൊതുവെ മൗനം പാലിക്കാറാണ് പതിവെങ്കിലും പരിഹാസം അതിരു കടന്നപ്പോൾ ഗായത്രിയേടത്തിയെ ഒന്നു രണ്ടു വട്ടം തല്ലുകയും ചെയ്‌തു. പിന്നെ ഒന്നും രണ്ടും പറഞ്ഞു നാട്ടുകാർ കേൾക്കും വിധം അവർക്കിടയിൽ വഴക്ക് പതിവായി.
വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനുള്ളിൽ അവർക്ക് രണ്ടു മക്കളുണ്ടായി. മനുവും മേഘയും. ഗായത്രി മരുമകളായി വന്ന ശേഷം നിതീഷിന്‍റെ രണ്ടു സഹോദരിമാരുടെ വിവാഹത്തിനു തീരുമാനമായി.
നല്ല സാമ്പത്തിക ശേഷിയും പ്രശ്നരഹിതമായ കുടുംബാന്തരീക്ഷവുമായിരുന്നു അവരുടേത്. അല്ലലില്ലാത്ത അവരുടെ ജീവിതം കണ്ട് ഗായത്രിയേടത്തിയുടെ ഈർഷ്യ ഇരട്ടിച്ചു. അവരുടെ ജീവിതവുമായി താരതമ്യം ചെയ്‌ത് സ്വന്തം ജീവിതം കൂടുതൽ നരകതുല്യമാക്കി.
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നതായിരുന്നു നിതീഷിന്‍റെ കാഴ്‌ചപ്പാട്. എന്നാൽ ആർഭാടം വിട്ടൊരു കളിയില്ലെന്ന് ഗായത്രിയേടത്തി ചട്ടം കെട്ടി. കുട്ടികളുടെ ഭാവി ഭദ്രമാക്കുകയെന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു ഗായത്രിയേടത്തിയ്‌ക്ക്. തന്‍റെ രീതികൾ മാത്രമായിരുന്നു അവർക്ക് ശരി.
ഡോ.സുഭാഷ് മനസ്സിലെ പഴയ ഏടുകൾ വീണ്ടുമൊന്നു മറിച്ചു നോക്കി.
“തറവാടും കടയും നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ സഹോദരിമാർക്ക് ഇതിൽ ഒരവകാശവും ഇല്ല. അവരുടെ വിവാഹത്തിനു പണം വാരിക്കോരി ചെലവഴിച്ചതല്ലേ. നിങ്ങളുടെ അമ്മ ആഭരണങ്ങൾ അവർ രണ്ടാൾക്കുമായി വീതിച്ചു കൊടുക്കുമായിരിക്കും. എനിക്കറിയാം, പക്ഷേ എനിക്കും എന്‍റെ മക്കൾ വലുതാണ്. അവരുടെ ഭാവി, ജീവിതം എനിക്കും ആശങ്കയുണ്ട്. നിങ്ങൾ തറവാടും കടയും നിങ്ങളുടെ പേരിലാക്കണം. എന്താ സുഭാഷ്, ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ?” ഗായത്രിയേടത്തിയുടെ ദേഷ്യവും ബഹളവുമൊക്കെ താനും നേരിൽ കണ്ടതാണ്. സുഭാഷ് ഓർത്തെടുക്കുകയായിരുന്നു. അവരുടെ വീട്ടിൽ അതിഥിയായെത്തിയ ദിവസം. അതും 13 വർഷങ്ങൾക്കു മുമ്പ്.
ഗായത്രിയുടെ ആവശ്യം കേട്ടയുടനെ നിതീഷ് കോപം കൊണ്ട് തുള്ളി. “നീ അധികം മണ്ടത്തരമൊന്നും വച്ചു വിളമ്പണ്ട. അച്‌ഛന്‍റെ ചിലവിലായിരുന്നു എന്‍റെ വിവാഹവും നടന്നത്. അമ്മയെ നീ വന്ന ദിവസം തൊട്ടെ വെറുപ്പിച്ചു വച്ചിരിക്കുകയാണല്ലോ. അങ്ങനെ അമ്മയുടെ പക്കൽ നിന്നും സ്വർണ്ണം കിട്ടേണ്ട സാഹചര്യം നീ തന്നെ ഇല്ലാതാക്കി. അച്‌ഛൻ പറയുന്നതാണ് എന്‍റെ ശരി. അദ്ദേഹത്തിന്‍റെ മുന്നിൽ നിന്‍റെ ഈ തരം താഴ്‌ന്ന ആവശ്യം കാട്ടി സ്വയം താഴാൻ ഞാനൊരുക്കമല്ല.”
താൻ പറഞ്ഞതാണ് അവസാന വാക്ക് എന്ന വാശി ഉണ്ടായിരുന്നു ഏടത്തിയ്ക്ക്. ഒരു പടി പോലും താഴ്‌ന്നു കൊടുക്കുവാൻ നിതീഷും ഒരുക്കമല്ലായിരുന്നു.
തന്‍റെ ആവശ്യങ്ങൾ നടക്കാതെ വന്നപ്പോൾ ഗായത്രിയേടത്തിയ്‌ക്ക് ഭ്രാന്തുപിടിക്കുമെന്ന അവസ്‌ഥയായി. തറവാടും കടയും സ്വന്തമാക്കണമെന്ന ദുശാഠ്യം മാത്രമായിരുന്നു മനസ്സു നിറയെ. പലവട്ടം ഉറക്കഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതും ഇതിന്‍റെ പേരിലായിരുന്നു. എന്നാൽ ഇതൊന്നും കണ്ട് നിതീഷിന്‍റെ മനസ്സ് മാറിയില്ല.
ഞങ്ങളുടെ സുഹൃത്ത് വിവേകിനു ഇതൊക്കെ അറിയാമായിരുന്നു. സുപ്രീംകോടതി അഭിഭാഷകനായിരുന്നു വിവേക്. അതിനാൽ നിതീഷിനോടു വിവാഹമോചനത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചതും വിവേകാണ്. അതും 10 വർഷം മുമ്പ്.
ഗായത്രിയേടത്തിയ്‌ക്ക് ഒപ്പമുള്ള ജീവിതം നിതീഷിനു നരക തുല്യമായിരുന്നു. പക്ഷേ ഡിവേഴ്‌സിനെക്കുറിച്ച് നിതീഷ് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. മക്കളുടെ സന്തോഷവും രക്ഷിതാക്കളുടെ ഒപ്പമുള്ള സുരക്ഷിത ജീവിതവും ഒന്നു കൊണ്ട് മാത്രമാണ് നിതീഷ് ഈ ഉദ്യമത്തിനു മുതിരാതിരുന്നത്. മക്കളുടെ കാര്യങ്ങൾ നല്ലരീതിയിൽ ഒറ്റയ്‌ക്ക് നോക്കി നടത്താനും മാത്രം സാമർത്ഥ്യം ഗായത്രിക്കില്ലെന്ന് നിതീഷിനു നന്നായറിയാമായിരുന്നു. തന്‍റെ ശ്രദ്ധ കിട്ടിയില്ലെങ്കിൽ മക്കളുടെ ഭാവി അവതാളത്തിലാവുമെന്നു നിതീഷ് ഭയന്നു.
ആവനാഴിയിൽ നിന്നും തുരുതുരെ തൊടുത്ത അമ്പുകൾ ജീവിതം സംഘർഷഭരിതമാക്കിയെങ്കിലും നിതീഷ് ഡിവേഴ്‌സിനെക്കുറിച്ച് ചിന്തിച്ചതേയില്ല.
ഗായത്രിയുടെ രക്ഷിതാക്കളുടെ നിലവിളിയും ശകാരവും കേട്ട് പഴയ ഓർമ്മകളിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു.
ഗായത്രി അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഞാൻ പറഞ്ഞതു കേട്ട് ആശ്വസിക്കുന്നതിനു പകരം അവർ നിതീഷിനെ കണക്കെ ശകാരിക്കുകയായിരുന്നു.
“ശരിക്കും അബദ്ധം പറ്റിയെന്നു പറഞ്ഞാൽ മതിയല്ലോ. എന്‍റെ മകൾക്ക് ഒട്ടും അനുയോജ്യനായ ഭർത്താവല്ല അയാൾ. ഒരു ദിവസം പോലും അവളൊന്ന് സ്വസ്‌ഥമായി ഉറങ്ങിയിട്ടില്ല. കണ്ടില്ലേ ഇപ്പോ തന്നെ അവളുടെ ഈ അവസ്‌ഥ, അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അയാൾ ജയിലഴികൾ എണ്ണും.” ഗായത്രിയുടെ അമ്മ ആക്രോശിച്ചു.
“ചേച്ചി, നിതീഷിനെ വെറുതെ തെറ്റിദ്ധരിക്കുകയാണ്. അവർക്കിടയിൽ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെങ്കിലും ഇന്നതല്ല കാരണം. ഗായത്രി ഏടത്തിയോടു നേരിട്ടു ചോദിക്കാം.” ഞാൻ ഒരു കണക്കിന് അവരെ ശാന്തരാക്കാൻ ശ്രമിച്ചു.
മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ ഗായത്രിയേടത്തിയുണർന്നു. എല്ലാവരും അവർക്ക് ചുറ്റും കൂടി നിന്നു. ഗായത്രിയേടത്തി എന്താണ് പറയുന്നതെന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ടായിരുന്നു.
ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്നറിയാൻ ഞങ്ങൾ കൂടി നിന്നവർ അവരവരുടേതായ രീതിയിൽ ചോദ്യം ചെയ്‌തു നോക്കി. പക്ഷേ ഗായത്രി ഏടത്തി മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല കണ്ണടച്ചു കിടന്നു. മനസ്സിൽ അടക്കിയ ദുഃഖം കണ്ണിലൂടെ തുരെതുരെ കവിളിലേക്കൊഴുകി.
ഗായത്രിയുടെ വിചിത്രമായ പെരുമാറ്റം കണ്ട് മനുവും മേഘയും അവർക്കരികിൽ വന്നു നിന്നു. അയൽക്കാരാരോയൊക്കെ പറഞ്ഞറിഞ്ഞാണ് അവരവിടെ എത്തിയത്.
“എന്താ മമ്മി… ഇപ്പോ എങ്ങനെയുണ്ട്?” മേഘ സ്‌നേഹത്തോടെ ഗായത്രിയുടെ തോളിൽ കൈവച്ചു. ഗായത്രി മകളുടെ കൈതട്ടി മാറ്റി തിരിഞ്ഞു കിടന്നു.
“എന്താ, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം? ഏടത്തി ഉറക്കഗുളിക കഴിക്കാനും മാത്രം.. നിങ്ങൾക്ക് കാരണമറിയാമായിരിക്കും..” ഡോ.സുഭാഷ് മേഘയേയും മനുവിനേയും മാറി മാറി നോക്കി.
നിഗൂഡമായ എന്തോ രഹസ്യം ഒളിപ്പിക്കുന്നുവെന്ന് അവരുടെ പരസ്‌പര നോട്ടത്തിൽ നിന്നും എനിക്ക് പെട്ടെന്നു മനസ്സിലായി. മേഘ പെട്ടെന്ന് വിതുമ്പി.
ദേഷ്യമടക്കാനാവാതെ മനുവിന്‍റെ മുഖം വലിഞ്ഞുമുറുകി. “ഇവിടൊന്നും സംഭവിച്ചിട്ടില്ല.”
“നടന്നതെന്തായാലും നിങ്ങളൊന്നു തുറന്നു പറയൂ” നിതീഷ് മനുവിനോടു ശകാര സ്വരത്തിൽ പറഞ്ഞു.
മേഘയെ സംരക്ഷിക്കുന്നുവെന്ന വിധത്തിൽ മനു മേഘയുടെ കൈകൾ കൂട്ടിപ്പിടിച്ചു.
“ഇന്ന് മേഘയും എന്‍റെ സുഹൃത്ത് കിരണുമായുള്ള വിവാഹം രജിസ്‌റ്റർ ഓഫീസിൽ വച്ചു നടന്നു. “വാട്ട്?” നിതീഷ് നിലവിളി ശബ്‌ദത്തോടെ ചോദിച്ചു.
“കിരൺ നല്ല പയ്യനാ പപ്പ. എനിക്കവനെ നന്നായിട്ടറിയാം. അവൻ എംടെക് ചെയ്യുന്നതിന് വിദേശത്തേക്ക് പോവുകയാണ്. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്നും അവന് സ്‌കോളർഷിപ്പും അനുവദിച്ചിട്ടുണ്ട്.”
“നിനക്കും സെലക്ഷൻ കിട്ടിയിട്ടുണ്ടല്ലോ, നീയും പോവുമോ?” നിതീഷ് ചോദിച്ചു.
“പപ്പ, ശാന്തനായി ആദ്യം ഞാൻ പറയുന്നതൊന്ന് കേൾക്ക്. കിരണിനു മേഘയെ ഇഷ്‌ടമാണ്. എന്‍റെ കരിയർ… അതിനെനിക്ക് അമേരിക്കയിൽ പോയേ തീരൂ.”
“ഞങ്ങൾ മുതിർന്നവരോട് ചോദിക്കാതെ നിങ്ങൾ ഇത്ര വലിയൊരു തീരുമാനമെടുത്തത് തെറ്റായി പോയി. കല്യാണമെന്നൊക്കെ വച്ചാൽ എന്താ കുട്ടിക്കളിയാണെന്നു കരുതിയോ? പഠനം പാതി വഴിയ്‌ക്കിട്ട് ഈ ചെറിയ പ്രായത്തിൽ വിവാഹത്തിനു തിടുക്കം കൂട്ടേണ്ട കാര്യമുണ്ടായിരുന്നോ?” നിതീഷ് മേഘയെ ശകാരിച്ചു. ഇവിടെന്താ എംടെക് ഉള്ള യൂണിവേഴ്‌സിറ്റിയൊന്നുമില്ലെ, ഇതൊക്കെ എന്നിൽ നിന്നും മറയ്‌ക്കാൻ ഞാനെന്താ നിങ്ങളുടെ ശത്രുവാണോ. നിതീഷ് ഗദ്‌ഗദത്തോടെ മനുവിനേയും മേഘയേയും മാറി മാറി നോക്കി.
“അപ്പോ എന്താ ഞങ്ങൾക്ക് ഞങ്ങളുടേതായ ഇഷ്‌ടങ്ങളില്ലേ? ആഗ്രഹങ്ങളില്ലേ? മനു ഉച്ചത്തിൽ സംസാരിച്ചു തുടങ്ങി. മമ്മിയ്‌ക്ക് മമ്മി പറഞ്ഞതാ അവസാന വാക്ക്. ഇന്ന് രാവിലെ ഇക്കാര്യം മമ്മിയോട് പറഞ്ഞതു കൊണ്ടാ മമ്മി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചത്. പപ്പയോടു പറഞ്ഞിരുന്നെങ്കിൽ ഞങ്ങളെ വളർത്തിയ കണക്കു പറഞ്ഞു ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്‌തേനെ. രണ്ടായാലും ഇതൊരിക്കലും നടക്കില്ലായിരുന്നു.” മകൻ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്നു മനസ്സിലാക്കിയ നിതീഷ് എന്തു പറയണമെന്നറിയാതെ എന്നെ നോക്കി.
നിതീഷിന്‍റെ ഈ നിസ്സഹായാവസ്‌ഥ കണ്ട് ഞാനവനെ സാന്ത്വനിപ്പിക്കാനായി എന്‍റെ കൈ കൊണ്ടവനെയൊന്നു താങ്ങി. നിതീഷ് ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ തോളിൽ മുഖം ചേർത്തു ഏങ്ങി.
“സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതു നടപ്പാക്കാനുമുള്ള പ്രാപ്‌തിയും നിങ്ങൾ രണ്ടാൾക്കും ആയില്ലേ? എനിക്കിനി നിങ്ങളുടെ മുഖം കാണണ്ട. നിങ്ങളുടെ ഭാവിയെ കരുതി ഞാനെന്‍റെ ബന്ധുക്കളുമായി പിണങ്ങി അവരെയൊക്കെ വെറുപ്പിച്ചു. അതിനുള്ള ശിക്ഷ ഇപ്പോൾ എനിക്കു കിട്ടി. നീ അമേരിക്കയിലോ എവിടെയെങ്കിലും പോയി തുലയ്. നീ ഭർത്താവിന്‍റെ വീട്ടിൽ കിടന്ന് നരകിയ്‌ക്ക്. ഇന്നു മുതൽ ഇങ്ങനെ രണ്ടു മക്കൾ എനിക്കില്ല.” ഗായത്രിയുടെ മുഖത്ത് വെറുപ്പ് മാത്രമായിരുന്നു.
ഗായത്രിയുടെ രക്ഷിതാക്കൾ മകളെ സാന്ത്വനിപ്പിക്കാൻ ആവതും ശ്രമിച്ചു. മനുവും മേഘയും എങ്ങനെ പ്രതികരിക്കണമെന്നറിയാതെ പതറി നിന്നു. പക്ഷേ കണ്ണുകളിൽ നിഷേധഭാവം പ്രകടമാക്കുന്നുണ്ടായിരുന്നു.
ഡോ. സുഭാഷ് നിതീഷിനെ പതിയെ താങ്ങി തന്‍റെ റൂമിൽ കൊണ്ടിരുത്തി.
“സുഭാഷ്! എന്‍റെ വിധി നോക്ക്, എത്ര വലിയ ചതിയാണ് കാലം എനിക്ക് സമ്മാനിച്ചത്” നിതീഷ് ഏങ്ങി.
“മക്കളെ നല്ല നിലയിലെത്തിക്കണമെന്ന ചിന്ത കാരണം ഞാൻ ഗായത്രിയോട് പലപ്പോഴും വളരെ ക്രൂരമായി പെരുമാറിയിട്ടുണ്ട്. അവൾ എന്തെല്ലാം സഹിച്ചിട്ടുണ്ട്.” നിതീഷ് കുറ്റബോധത്തോടെ തല താഴ്‌ത്തി.
“ഇന്ന് ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനമെടുക്കുമ്പോൾ അവരെന്‍റെ അഭിപ്രായം ചോദിച്ചതു പോലുമില്ല. പാലിൽ വീണ ഈച്ചയെ പോലെ എത്ര നിസാരമായാണ് അവർ ഞങ്ങളെ എടുത്ത് ഒഴിവാക്കിയത്, അവഗണിച്ചത്.” എന്‍റെ മക്കൾ എന്നോട് എത്ര വലിയ ചതിയാണ് കാണിച്ചത്.. ഇതിലും ഭേദം മരണമായിരുന്നു. നിതീഷ് വിതുമ്പിക്കരഞ്ഞു.
മരുന്ന് ഗന്ധം നിറഞ്ഞുനിൽക്കുന്ന ആശുപത്രി മുറികളിൽ ആ പുരുഷവിലാപം സാവധാനം മരവിച്ച് ഇല്ലാതായി. അന്നേരം ഒരു വൃദ്ധപിതാവിനെ സ്നേഹനിധിയായ ഒരു മകൻ വീൽചെയറിലിരുത്തി നിതീഷിന്‍റെ മുമ്പിലൂടെ കടന്നുപോയി.