നിറം, മേന്മ, ഗുണം എന്നിവ കൊണ്ട് സ്വർണ്ണം പോലെ അമൂല്യമാണ് ഒലിവ് എണ്ണയും. ലിക്വിഡ് ഗോൾഡ് എന്ന ഗ്രീക്കുകാരുടെ വിശേഷണത്തിനു പിന്നിലുള്ള കാരണവും ഇതു തന്നെ. അന്നും ഇന്നും ഒന്നാന്തരം സൗന്ദര്യകൂട്ടായി ഒലിവ് എണ്ണ ഉപയോഗിച്ചു പോരുന്നു. നല്ലൊരു മോയ്‌സ്‌ചുറൈസര്‍ ആണെന്നതിനാൽ ബോഡി മസാജിനു അത്യുത്തമമാണിത്. ശൈത്യകാലത്ത് ഒലിവ് എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് തണുപ്പകറ്റാൻ നല്ലതാണ്. കേശചർമ്മാരോഗ്യത്തിനും നഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ഔഷധമായി ഉപയോഗിക്കുന്നു. സ്വർണ്ണ പ്രഭ ചൊരിയുന്ന ഈ മാജിക് ഓയിലിന്‍റെ രഹസ്യങ്ങളിലേയ്‌ക്ക്…..

വരണ്ട ചർമ്മത്തിന്

ഒലിവ് എണ്ണയിൽ മുട്ട മിക്‌സ് ചെയ്‌ത് ഈ മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ കരുവാളിപ്പ് മാറുന്നതിന് ഒലിവ് എണ്ണയോടൊപ്പം അല്‌പം നാരങ്ങാനീര് ചേർത്താൽ മതിയാവും.

ഫെയ്‌സ് മാസ്‌ക്

നല്ലൊരു ഫെയ്‌സ് മാസ്‌ക് ചേരുവ കൂടിയാണിത്. രണ്ടു സ്‌പൂൺ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത്, ഒലിവ് ഓയിൽ, തേൻ, തൈര് ഇവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം മുഖം കഴുകാം. മുഖത്തെ വരൾച്ച പാടെ മാറുമെന്ന് മാത്രമല്ല മുഖം തിളക്കമുള്ളതായി തീരും.

മാനിക്യൂർ

ഒലിവ് എണ്ണ പുരട്ടി മസാജ് ചെയ്‌താൽ കൈകൾ മൃദുലവും സുന്ദരവുമായി തീരും. ഇനി അര സ്‌പൂൺ പഞ്ചസാരയെടുത്ത് കൈകൾ നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം കൈ കഴുകാം.

സ്‌ട്രെച്ച് മാർക്ക്‌സ്

പ്രസവ ശേഷമുള്ള സ്‌ട്രെച്ച് മാർക്ക്‌സ് അറ്റുന്നതിനും ഒലിവ് ഓയിൽ ഫലപ്രദമാണത്രെ! മുഖക്കുരു, മുറിവ്, പൊള്ളൽ പാടുകളുടെ കാഠിന്യവും കുറയ്‌ക്കാനാവും. എണ്ണ തീരെ ചേരാത്ത സ്‌കിന്നിനു പോലും ഒലിവ് ഓയിൽ യാതൊരു വിധ ദോഷവും ഏൽപ്പിക്കുകയില്ല. ഒലിവ് ഓയിലിൽ ടിട്രി ഓയിൽ ചേർത്ത് ചർമ്മത്തിൽ മസാജ് ചെയ്യുന്നതു ഗുണകരമാണ്. ഫ്രഷ്‌ ഫീൽ നൽകും. ഒലിവ് ഓയിലിൽ ലാവന്‍റർ ചേർത്ത് നെറ്റി, കണ്ണുകൾ, തല, കൈകാലുകൾ എന്നിവിടങ്ങളിൽ മസാജ് ചെയ്യുന്നത് പുത്തൻ ഉണർവ്വ് പകരും. ഇത് ബേബി ഓയിലിൽ ചേർത്തും ഉപയോഗിക്കാം.

താരൻ അകറ്റുന്നതിന്

ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി കോട്ടനിൽ മുക്കി സ്‌കാൽപ്പിൽ തേച്ചു പിടിപ്പിക്കുക. ഇനി 5-10 മിനിറ്റ് കൈകൾ കൊണ്ട് സാവകാശം മസാജ് ചെയ്യുക. ശിരോചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ ഇളകി വരും. രാത്രി എണ്ണ തേച്ചു കിടക്കുക. പിറ്റേന്നു രാവിലെ നാരങ്ങാ നീര് പുരട്ടുക. ഇനി നല്ല ഷാംപൂ കൊണ്ട് മുടി കഴുകാം. നല്ലൊരു കണ്ടീഷണറാണിത്. ആഴ്‌ചയിൽ ഒരിക്കൽ ഇതാവർത്തിക്കാം. മുടി തഴച്ചു വളരും.

ആഴ്‌ചയിൽ ഒരിക്കൽ ഒലിവ് എണ്ണ പുരട്ടുക. അരമണിക്കൂറിനു ശേഷം ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ടവ്വൽ തലയിൽ കെട്ടി വയ്‌ക്കുക. ഇനി ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. അറ്റം പിളർന്ന മുടി ഇല്ലാതാക്കാം. മാത്രമല്ല മുടിയ്‌ക്ക് തിളക്കവും ശക്‌തിയും കൈവരും. എണ്ണ പുരട്ടിയാൽ ചിലർക്ക് തലവേദനയുണ്ടാവും. ഒലിവ് ഓയിലിൽ കുറച്ചു ബർഗോമെട്ട് എണ്ണയും കർപ്പൂരവും ചേർത്ത് തലയിൽ പുരട്ടുക. കേശാരോഗ്യ ത്തിന് ഉത്തമമാണിത്.

और कहानियां पढ़ने के लिए क्लिक करें...