മകളോ മകനോ വിവാഹ പ്രായമെത്തിയാൽ അച്‌ഛനമ്മമാർ കല്ല്യാണാലോചനകൾ തുടങ്ങുകയായി. വരന്‍റേയും വധുവിന്‍റേയും കുടുംബ പരിസ്‌ഥിതി, ജോലി, സ്വഭാവം, വ്യക്‌തിത്വം, സാമ്പത്തിക നിലപാട്, രണ്ട് കുടുംബങ്ങളും തമ്മിലുള്ള ചേർച്ച എന്നിങ്ങനെ ഒട്ടേറെ വസ്‌തുതകൾ കണക്കിലെടുത്തുകൊണ്ടാണ് നാം വിവാഹ ബന്ധങ്ങൾ ഉറപ്പിക്കുന്നത്. പക്ഷേ വധൂവരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്പൊരുത്തം കൂടി നോക്കേണ്ടത് വളരെ അത്യാവശ്യമാണ്.
കല്ല്യാണം കഴിക്കാതെ യുവതീയുവാക്കൾ ഒന്നിച്ചു താമസിക്കുക (live in relationship), വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം (premarital sex), മദ്യപാനവും പുകവലിയും ലഹരി പദാർത്ഥ സേവനവും പോലുള്ള ദുശീലങ്ങൾ എന്നിവ ആധുനിക ജീവിതശൈലിയുടെ ഒരു ഭാഗമായിത്തീർന്നിരിക്കുകയാണല്ലോ. ഇത്തരം ജീവിതശൈലി കൊണ്ട് വിവിധ രോഗങ്ങൾ ഉണ്ടാവുകയും (എയ്‌ഡ്‌സ്, ലൈംഗിക രോഗങ്ങൾ തുടങ്ങിയവ) അവ ഭാവി ജീവിത പങ്കാളിയിൽ നിന്നും മറച്ചു പിടിക്കുകയും ചെയ്‌താൽ പിന്നീട് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാം. ഹൃദ്രോഗവും എയ്‌ഡ്‌സ് പോലുള്ള രോഗങ്ങളും മരണത്തിനിടയാക്കാം. ചിലതരം ജനിതക രോഗങ്ങളും കുടുംബപാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങളും കുട്ടികളിലും ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് വിവാഹത്തിനു തയ്യാറെടുക്കുന്നതിനു മുമ്പ് വധൂവരന്മാരുടെ ആരോഗ്യ പരിശോധനകൾ നടത്തണം.
എന്താണ് വിവാഹത്തിനു മുമ്പുള്ള ആരോഗ്യ പരിശോധന
ജനിതകമായി ലഭിക്കുന്ന രോഗങ്ങൾ, കുടുബത്തിൽ നിന്നും പാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങൾ, പങ്കാളിയിലേക്ക് പകരാനിടയുള്ള ലൈംഗിക രോഗങ്ങൾ. രക്‌തഗ്രൂപ്പുകളുടെ പൊരുത്തക്കേട്, പ്രമേഹം, വൃക്കയുടെ രോഗങ്ങൾ, വന്ധ്യത, ലൈംഗിക ശേഷിക്കുറവ്, മന്ദബുദ്ധി, അപസ്‌മാരം, മാനസിക രോഗങ്ങൾ എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളും പ്രശ്നങ്ങളും ഭാവിയിൽ ദാമ്പത്യ ജീവിതത്തെ ബാധിക്കാനും ഒരുപക്ഷേ വിവാഹ മോചനം വരെയെത്താനുമിടയുണ്ട്.
വരനോ വധുവിനോ ഇത്തരം രോഗങ്ങളുണ്ടോ എന്നു മുൻകൂട്ടി കണ്ടുപിടിക്കാനാണ് ആരോഗ്യ പരിശോധന നടത്തുന്നത്. ഇതിനെപ്പറ്റി വിഷമിക്കേണ്ട കാര്യമില്ല, ഇൻഷുറൻസിൽ ചേരുന്നതിനു മുമ്പും വിദേശ യാത്രയ്‌ക്കു മുമ്പും ജോലികളിൽ ചേരുന്നതിനു മുമ്പും പോലീസിലോ സൈന്യത്തിലോ ചേരുന്നതിനു മുമ്പും മെഡിക്കൽ ചെക്കപ്പ് നടത്തുന്നത് സാധാരണയാണല്ലോ. അതുപോലെ വിജയകരമായ ദാമ്പത്യബന്ധം നിലനിൽക്കാൻ വിവാഹപൂർവ്വമായ ആരോഗ്യപരിശോധന (premarital screening) ഉപകാരപ്രദമാണ്.
എപ്പോഴാണ് പരിശോധന നടത്തേണ്ടത്?
പ്രായപൂർത്തിയെത്തിയ സ്‌ത്രീപുരുഷന്മാർക്ക് ഏതു സമയവും ആരോഗ്യപരിശോധനകൾ നടത്താവുന്നതാണ്. കല്ല്യാണത്തിന് 6 മാസം മുമ്പ് നടത്തുന്നതാണ് നല്ലത്. പരിശോധനയിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമോ രോഗമോ കണ്ടുപിടിക്കപ്പെട്ടാൽ അവ നിസ്സാരമായ ശസ്‌ത്രക്രിയയോ മരുന്നോ മനശാസ്‌ത്രപരമായ കൗൺസിലിങ്ങോ കൊണ്ട് ഭേദമാക്കാവുന്നവയാണ്. ഉദാ: ലൈംഗികശേഷിക്കുറവ്, ഹെർണിയ, അടഞ്ഞു നിൽക്കുന്ന കന്യാചർമ്മം തുടങ്ങിയവ ഗൗരവമേറിയ പ്രശ്നങ്ങളാണെങ്കിൽ വിവാഹം വേണ്ടെന്നു വയ്‌ക്കുകയും ചെയ്യാം.
പരിശോധനകൾ: പൊതുവെ താഴെപ്പറയുന്ന പരിശോധനകളാണ് നടത്തുന്നത്
പുരുഷന്മാർക്ക് : പൂർണ്ണമായ രക്‌ത പരിശോധന (complete heamogram), രക്‌തഗ്രൂപ്പുകളും ആർ.എച്ച് ഘടകവും (blood grouping & RH typing), രക്‌തത്തിലെ പഞ്ചസാര അളക്കാനുള്ള പരിശോധനകൾ, ലൈംഗികമായി പകരാനിടയുള്ള രോഗങ്ങളെ തിരിച്ചറിയാനുള്ള പരിശോധനകൾ(VDRL, HIV, Hbs Ag), മൂത്ര പരിശോധന ( urine routine – വൃക്ക രോഗങ്ങളും മൂത്രനാളി, മൂത്രസഞ്ചി എന്നിവയിലെ രോഗങ്ങളും മനസ്സിലാക്കാൻ), യൂറോളജിസ്‌റ്റ് നടത്തുന്ന ശുക്ല പരിശോധന (semen analysis).
സ്‌ത്രീകൾക്ക് : പൂർണ്ണമായ രക്‌തപരിശോധന, രക്‌തഗ്രൂപ്പുകളും ആർ.എച്ച് ഘടകവും രക്‌തത്തിലെ പഞ്ചസാര അളക്കാനുള്ള പരിശോധനകൾ ( blood sugar- RBS, Hb AIC) ലൈംഗികമായി പകരാനിടയുള്ള രോഗങ്ങളെ തിരിച്ചറിയാനുള്ള പരിശോധനകൾ, പെൽവിക് അൾട്രാസൗണ്ട് പരിശോധന, പാപ്പ് സ്‌മീയർ (pap smear), ഗൈനക്കോളജിസ്‌റ്റ് നടത്തുന്ന പരിശോധന.
പരിശോധനകൾക്കു മുമ്പ് കുടുംബത്തിൽ എന്തെങ്കിലും പാരമ്പര്യരോഗങ്ങളുടെ ചരിത്രമുണ്ടോ എന്നും പ്രമേഹം, വന്ധ്യത, വൃക്കരോഗങ്ങൾ, ലൈംഗിക ശേഷിക്കുറവ്, വൃക്കരോഗത്തിന് വൃക്ക മാറ്റി വച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും ഡോക്‌ടറോടു പറയണം. അതുപോലെ സ്‌ത്രീപുരുഷന്മാർ മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ, ഗർഭഛിദ്രം നടത്തിയിട്ടുണ്ടോ, എന്നീ വസ്‌തുതകൾ ഡോക്‌ടറോടു തുറന്നു പറയണം. ഹൃദ്രോഗം, അപസ്‌മാരം, മന്ദബുദ്ധി, തൈറോയ്‌ഡ് രോഗങ്ങൾ, മാനസിക രോഗങ്ങൾ എന്നിവയും മറച്ചു വയ്‌ക്കരുത്. അപ്പോളോ ഹോസ്‌പിറ്റൽ പോലുള്ള പല വൻകിട ആശുപത്രികളും ഇപ്പോൾ സ്‌ത്രീ പുരുഷന്മാരുടെ വിവാഹപൂർവ്വമായ ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്.
വന്ധ്യത കണ്ടുപിടിക്കാനുള്ള പരിശോധന
സ്‌ത്രീയുടേയോ പുരുഷന്‍റേയോ തകരാറുകൾ വന്ധ്യതയ്‌ക്കു കാരണമാകാം. സ്‌ത്രീകളുടെ ഗർഭപാത്രം, അണ്ഡാശയം, അണ്ഡ വാഹിനിക്കുഴലുകൾ എന്നിവയിലുണ്ടാകുന്ന പ്രശ്നങ്ങളും രോഗങ്ങളും ഗർഭധാരണത്തെ ബാധിക്കുന്നു. പുരുഷ ശുക്ലത്തിൽ വേണ്ടത്ര ബീജങ്ങളില്ലെങ്കിലും ബീജങ്ങളുടെ ശക്‌തിയും വേഗതയും കുറവാണെങ്കിലും വന്ധ്യത ഉണ്ടാവാം. വന്ധ്യത കണ്ടുപിടിക്കപ്പെട്ടാൽ അതിനു വിശദമായ പരിശോധനകൾ നടത്തി ചികിത്സ തുടങ്ങാം. സ്‌ത്രീ പുരുഷന്മാരുടെ ഹോർമോൺ പരിശോധനയും നടത്താറുണ്ട്.
പകരുന്ന രോഗങ്ങൾ കണ്ടുപിടിക്കാനുള്ള പരിശോധന
ലൈംഗികബന്ധം വഴിയോ അല്ലാതെയോ പങ്കാളിയിലേക്കു പകരാനിടയുള്ള പല രോഗങ്ങളും കണ്ടുപിടിച്ചാൽ നേരത്തെ ചികിത്സ തുടങ്ങാം. എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് തുടങ്ങിയ പല രോഗങ്ങളും രക്‌തപരിശോധന വഴി കണ്ടുപിടിക്കാം.
ജനിതക രോഗങ്ങളും പാരമ്പര്യ രോഗങ്ങളും കണ്ടുപിടിക്കാനുള്ള പരിശോധന
കുട്ടികൾക്ക് ജനിതകരോഗങ്ങളും കുടുംബപാരമ്പര്യമായി കൈമാറപ്പെടുന്ന രോഗങ്ങളും ലഭിക്കാനിടയുണ്ട്. വർണ്ണാന്ധത, മംഗോളിസം, ഹീമോഫീലിയ, താലസ്സീമിയ, സിക്കിൾ സെൽ അനീമിയ, സ്‌കിസോഫ്രീനിയ, down syndrome തുടങ്ങിയ ചില രോഗങ്ങൾ പുറമേ കാണാൻ കഴിയുമെങ്കിലും മറ്റ് ചിലവ ലക്ഷണമില്ലാത്തവയായിരിക്കും. രക്‌താർബുദം, രക്‌തത്തിനെ ബാധിക്കുന്ന ചിലരോഗങ്ങൾ, കുട്ടികളുടെ പ്രമേഹം (juvenile diabetics) എന്നിവയും കണ്ടുപിടിച്ചു ചികിത്സ തുടങ്ങാൻ കഴിയും.
ചിലതരം പാരമ്പര്യ രോഗങ്ങൾ (hereditary disease) പെൺകുട്ടികളിൽ ലക്ഷണമൊന്നും ഉണ്ടാക്കാറില്ലെങ്കിലും അവർ രോഗകാരണമായ ജീനുകൾ ശരീരത്തിൽ വഹിക്കുന്നുണ്ടാവും (silent carrier). അങ്ങനെയുള്ള പെൺകുട്ടി വിവാഹശേഷം ഒരാൺകുഞ്ഞിന് ജന്മം കൊടുത്താൽ ആ ആൺകുട്ടിയിൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയെ X- Linked രോഗങ്ങൾ എന്നു പറയുന്നു.
മറ്റു ചില രോഗങ്ങൾ രക്‌തത്തിനെ ബാധിക്കുന്നവയാണെങ്കിലും ചില പ്രത്യേകതരം ജനവിഭാഗത്തിൽ കൂടുതലായി കാണപ്പെടാറുണ്ട്. ഉദാഹരണമായി സിക്കിൾ സെൽ അനീമിയ ആഫ്രിക്കൻ ജനതയിൽ കാണപ്പെടുന്നു. താലസ്സീമിയ എന്ന രോഗം പൊതുവേ ഭാരതത്തിന്‍റെ വടക്കുപടിഞ്ഞാറു ഭാഗങ്ങളിൽ ജനിച്ചവരിലും സിന്ധികളിലും കൂടുതൽ കാണപ്പെടുന്നു. ഇത്തരം രോഗങ്ങൾ രക്‌തപരിശോധന വഴി കണ്ടുപിടിക്കുകയും ആവശ്യമെങ്കിൽ വിവാഹം തടയുകയും ആവാം.
രക്‌തഗ്രൂപ്പുകളുടെ പൊരുത്തക്കേട് കണ്ടെത്താനുള്ള പരിശോധന
രക്‌തത്തിൽ A, B, AB, O എന്നീ വിവിധ ഗ്രൂപ്പുകൾക്കു പുറമേ റീസസ്സ് ഘടകവും (Rh factor) പ്രാധാന്യമർഹിക്കുന്നു. ആർഎച്ച് ഘടകം എല്ലാ മനുഷ്യരിലും കാണാറില്ല. ഇതുള്ളവരെ “Rh +ve എന്നും, ഇല്ലാത്തവരെ “Rh -ve എന്നും പറയുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 80% Rh +ve ആണ്.
ആർഎച്ച് ഗ്രൂപ്പുകളുടെ പൊരുത്തം ദാമ്പത്യ ജീവിതത്തിൽ പ്രധാനമാണ്. Rh +ve ആയ പുരുഷൻ Rh +ve ആയ സ്‌ത്രീയെ കല്ല്യാണം കഴിച്ചാൽ പ്രശ്നമില്ല. എന്നാൽ Rh -ve ആയ സ്‌ത്രീയെ ആണ് കല്ല്യാണം കഴിച്ചതെങ്കിൽ അവർക്കുണ്ടാവുന്ന കുട്ടികൾക്ക് ഉണ്ടാവാനിടയുള്ള പ്രശ്നങ്ങളെയാണ് ആർഎച്ച് പൊരുത്തക്കേട് (Rh incompatability) എന്നു വിളിക്കുന്നത്. Rh +ve അച്‌ഛനും Rh -ve അമ്മയ്‌ക്കും ജനിക്കുന്ന ആദ്യശിശു Rh -ve ആണെങ്കിൽ പ്രശ്നമില്ല. പക്ഷേ കുട്ടി Rh +ve ആണെങ്കിൽ അമ്മയുടെ രക്‌തവുമായി ഗർഭകാലത്ത് പൊരുത്തക്കേട് ഉണ്ടാകുന്നു. ആദ്യശിശു കുഴപ്പമൊന്നും കൂടാതെ ജനിക്കുന്നു. പക്ഷേ പൊരുത്തക്കേട് കൊണ്ട് അമ്മയുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നതിനാൽ രണ്ടാമത്തെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ (വിളർച്ച, മഞ്ഞപ്പിത്തം, നീര് എന്നിവയുണ്ടായി കുട്ടി മരിച്ചു പോവാനുമിടയുണ്ട്) ഉണ്ടാവാം. അതു തടയാനായി ഇപ്പോൾ ആദ്യ പ്രസവ ശേഷം ഉടനെ അമ്മയ്‌ക്ക് പ്രതിരോധ കുത്തിവയ്‌പ് നൽകാറുണ്ട്.
മനശാസ്‌ത്രപരമായ കൗൺസിലിംഗ്
വധൂവരന്മാർ വിവാഹത്തിനായി പൂർണ്ണമായി തയ്യാറെടുക്കണമെങ്കിൽ അവർക്ക് മാനസികമായ പിന്തുണയും ഉപദേശവും ആവശ്യമുണ്ട്. ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അജ്‌ഞത, തെറ്റിദ്ധാരണകൾ, സ്വയംഭോഗത്തെക്കുറിച്ച് കുറ്റബോധം, അപകർഷതാബോധം, അന്ധ വിശ്വസം എന്നിവയെല്ലാം ദാമ്പത്യപ്രശ്നങ്ങൾക്കും ചിലപ്പോൾ വിവാഹ മോചനത്തിനുമിടയാക്കാം. ലൈംഗികമായ അപര്യാപ്‌തതയും വൈകാരികമായ അപക്വതയും മാനസിക പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അതുകൊണ്ട് വിവാഹത്തിനുമുമ്പ് ഒരു കൗൺസിലിംഗ് നൽകുന്നത് ദാമ്പത്യ പൊരുത്തക്കേടുകൾ തടയാൻ സഹായിക്കും. വരനും വധുവും തമ്മിൽ ചേരുമോ എന്നു കുടുംബക്കാർക്ക് തീരുമാനിക്കാൻ ഇത്തരം പരിശോധനകൾ ആവശ്യം തന്നെ.