വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങി. നിരഞ്‌ജന്‍റെ മനസ്സ് പിടഞ്ഞു. വരേണ്ടിയിരുന്നില്ല. മനസ്സിനെ അസ്വസ്‌ഥമാക്കിക്കൊണ്ട് ചിന്തകൾ പലവഴിക്കു പിരിഞ്ഞു. മൂന്നു വർഷങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തുകയാണ്. ഗൃഹാതുരത്വം നൽകുന്ന സന്തോഷം നിരഞ്‌ജന്‍റെ മുഖത്ത് പ്രകടമായിരുന്നില്ല. ഏക സഹോദരി നീലിമയുടെ വിവാഹത്തിൽ പങ്കെടുത്തേ തീരൂ… അമ്മയുടെ നിർബന്ധമാണ്. മറുത്തെന്തു പറയും?

ഇംഗ്ലണ്ടിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ… മനസ്സു നിറയെ അവളായിരുന്നു. സുപ്രിയാ. അതൊക്കെ മറക്കാൻ പലവുരു ശ്രമിച്ചതാണ്.

മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ ശ്രമിക്കുന്തോറും പിന്നേയും കൂടി ചേരുകയാണല്ലോ? സ്വന്തം അസ്‌തിത്വം പോലും അലിയിച്ചു കളയുന്നത്ര ഗാഢമാണ് എന്‍റെ പ്രണയം… സുപ്രിയ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്. പക്ഷേ തന്‍റെ ഈ കാമുക മനസ്സ് അതൊരിക്കലും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ?

പ്രണയ നൈരാശ്യത്താൽ മനസ്സ് ഭ്രാന്തമായ അവസ്‌ഥയിലേക്കു നീങ്ങുമെന്നായപ്പോഴാണ് അന്ന് നാടും നഗരവും വിടാൻ താൻ തീരുമാനിച്ചത്. അവളെ മറക്കാൻ ഒരു പലായനം അനിവാര്യമായിരുന്നു… പിന്നീട് ഊണിലും ഉറക്കത്തിലും ബിസിനസ്സ് ചിന്തകൾ മാത്രമായി.

കണ്ണുനിറഞ്ഞപ്പോൾ നിരഞ്‌ജൻ ചുറ്റുമൊന്നു നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലോകത്താണ്. ഒരു ദീർഘനിശ്വാസമുതിർത്ത് നിരഞ്‌ജൻ സ്വയം നോർമലാവാൻ ഒരു ശ്രമം നടത്തി.

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി ടാക്‌സി ഡ്രൈവർക്ക് സ്‌ഥലമേതെന്ന് പറഞ്ഞ് കൊടുത്ത് നിരഞ്‌ജൻ സീറ്റിൽ തല ചായ്‌ച്ചിരുന്നു. മനോഹരമായ പുറംകാഴ്‌ചകൾ സമ്മാനിച്ച് കാർ മുന്നോട്ടു നീങ്ങി. പെട്ടെന്ന് മൊബൈൽ ശബ്‌ദിച്ചു. “അമിത്” മൊബൈൽ സ്‌ക്രീനിൽ പേര് തെളിഞ്ഞു വന്നതു കണ്ട് നിരഞ്‌ജന്‍റെ മുഖത്തു ചിരി പടർന്നു.

“അഹ്! ഇപ്പോഴെത്തും”

വാടിത്തളർന്ന മനസ്സുമായാണ് അന്ന് ഇംഗ്ലണ്ടിലേയ്‌ക്ക് വിമാനം കയറിയത്. അവിടെ വച്ചാണ് അമിത്തിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കമ്പനി ഡെപ്യൂട്ടേഷനിൽ പരിശീലനത്തിനായി ഇംഗ്ലണ്ടിലെത്തിയതായിരുന്നു അമിത്. അടുത്തടുത്ത ഫ്‌ളാറ്റുകളിലായിരുന്നു താമസം. ആയിടയ്‌ക്ക് അമിതിനൊരപകടം പറ്റി. രാപകലെന്നില്ലാതെ സ്വന്തം സഹോദരനെപ്പോലെ നിരഞ്‌ജൻ അമിതിനെ പരിചരിച്ചു.

ആ സാമീപ്യത്തിൽ നിന്നാണ് ഹൃദ്യമായ സ്‌നേഹ ബന്ധം ഉടലെടുത്തത്. ട്രെയിനിംഗിനു ശേഷം അമിത് ഇന്ത്യയിലേക്കു മടങ്ങി. അധികം വൈകാതെ അമിത് വിവാഹിതനായി. എങ്കിലും അവർക്കിടയിൽ ഫോണിലൂടെയുള്ള സൗഹൃദം തുടർന്നു. കൊച്ചിയിലേയ്‌ക്കു വരുന്നുണ്ടെങ്കിൽ തന്നെ കണ്ടിട്ടെ മടങ്ങാവൂ എന്ന് അമിത് നിർബന്ധിച്ചിരുന്നു.

“സർ, സ്‌ഥലമെത്തി” ഡ്രൈവറുടെ ശബ്‌ദം കേട്ട് നിരഞ്‌ജൻ ചുറ്റും നോക്കി. അമിതിനെക്കുറിച്ചുളള ഓർമ്മകൾക്കിടയിൽ ദൂരം എത്ര താണ്ടിയെന്നൊന്നും നിരഞ്‌ജൻ ശ്രദ്ധിച്ചതേയില്ല. ഡ്രൈവർക്ക് പണം നല്‌കി ലഗേജുമെടുത്ത് നിരഞ്‌ജൻ അകത്തേക്കു നടന്നു.

ഡോർബെൽ അമർത്തി. അമിതാണ് വാതിൽ തുറന്നത്. വർഷങ്ങൾക്കു ശേഷമുളള കണ്ടുമുട്ടലാണ്. രണ്ടുപേരുടെയും മുഖത്ത് അതിന്‍റേതായ സന്തോഷം നിറഞ്ഞിരുന്നു.

“സോറി ദോസ്‌ത്, എയർപോർട്ടിൽ വരണമെന്നു കരുതിയതാണ്.” അമിത് ക്ഷമാപണം നടത്തി.

“ഇറ്റ്‌സ് ഓ.കെ, പെട്ടെന്നുളള വരവായിരുന്നല്ലോ? നീലുവിന്‍റെ മാര്യേജ്… അമ്മയുടെ നിർബന്ധം. ഒരൊറ്റ പെങ്ങൾ. എങ്ങനെ നോ പറയും. എയർപോർട്ടിൽ എത്തിയ ഉടനെ ഞാൻ നിന്നെ വിളിച്ചിരുന്നു. അവിടെ വച്ചു തന്നെ നിന്നെ കണ്ടിട്ടു മടങ്ങാമെന്നു കരുതിയതാണ്…

പക്ഷേ നീ… എനിക്ക് നിന്‍റെ സ്വഭാവം നന്നായറിയാം…” നിരഞ്‌ജൻ പറഞ്ഞതുകേട്ട് അമിത് പൊട്ടിച്ചിരിച്ചു.

നിരഞ്‌ജന്‍റെ തോളിൽ കൈയിട്ട് അമിത് അകത്തേക്കു നടന്നു.

“ഹൗ ഈസ് ഇറ്റ്… വീട് ഇഷ്‌ടമായോ എന്ന്?” അമിത് ചിരിച്ചു.

“ശാന്തസുന്ദരം എന്നൊക്കെ പറയാറില്ലേ? റിയലി ബ്യൂട്ടിഫുൾ. സാഹിത്യഭാഷയിൽ പറഞ്ഞാൽ സ്വർഗ്ഗം പോലുണ്ട്.”

“ഓഫ്‌കോഴ്‌സ്. പക്ഷേ ഈ സ്വർഗ്ഗത്തിൽ ഒരൊറ്റ അപ്‌സരസ്സേയുളളൂ.” അമിത്തിന്‍റെ മറുപടി കേട്ട് നിരഞ്‌ജൻ പൊട്ടിച്ചിരിച്ചു.

“നീയിരിക്ക്, ഞാനിപ്പോ വരാം” ടി.വി ഓണാക്കി അമിത് അകത്തേക്കു നടന്നു.

ഒരു കൈക്കുഞ്ഞുമായാണ് അമിത് മടങ്ങിയത്.

“നിരഞ്‌ജൻ, ഇതാരാണെന്നറിയാമോ?”

ഒരു ചെറുചിരി മാത്രം സമ്മാനിച്ച് നിരഞ്‌ജൻ കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി. തുടുത്ത കവിളുകൾ, നല്ല ചുറുചുറുക്ക്, ഓമനത്തമുളള മുഖം…

“ഇത് അപ്പു… അപരാജിത്…” അമിത് സംസാരം തുടർന്നു.

“അമീ, ഫുഡ് റെഡി,” വെളുത്ത നിറത്തിൽ കൊച്ചുപൂക്കൾ തുന്നി പിടിപ്പിച്ച റോസ് നിറത്തിലുളള സാരിയുടുത്തെത്തിയ യുവതിയെ കണ്ട് നിരഞ്‌ജൻ അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി. ഹൃദയമിടിപ്പ് നിലച്ചു പോവുന്നതുപോലെ…

“ഇത് സുപ്രിയ, ഞാൻ നേരത്തെ പറഞ്ഞ ആ അപ്‌സരസ്സ്… എന്‍റെ ഭാര്യ.” അമിത് വിശദമായി പരിചയപ്പെടുത്തി.

നിരഞ്‌ജനെ നേരത്തെ അറിയാമായിരുന്നിട്ടു കൂടി സുപ്രിയയുടെ മുഖത്ത് പരിചയത്തിന്‍റേതായ യാതൊരു ഭാവവും പ്രകടമായിരുന്നില്ല.

“അമിതിനെപ്പോഴും നിരഞ്‌ജനെക്കുറിച്ചു പറയാനേ നേരമുള്ളൂ. ഇന്നിപ്പോൾ നിരഞ്‌ജൻ വരുമെന്ന് പറഞ്ഞ് ആൾ വലിയ സന്തോഷത്തിലുമാണ്.” സുപ്രിയ ഒഴുക്കൻ മറുപടി പറഞ്ഞു.

ചതി… വിശ്വാസവഞ്ചന… എന്നിട്ടിപ്പോ ഒന്നുമറിയാത്തതു പോലൊരു ഭാവവും.

“അമീ, ഫുഡ് എടുത്തു വച്ചിട്ടുണ്ട്. അപ്പുവിനെ ഇങ്ങുതരൂ, ഞാനവനെ ഉറക്കിയിട്ടുവരാം” സുപ്രിയ കുഞ്ഞിനെയുമെടുത്ത് അകത്തേക്കു നടന്നു.

“ഈ വീട്ടിൽ കാണുന്ന ഈ സന്തോഷവും ഐശ്വര്യവും സുപ്രിയയുടെ മിടുക്കാണ്.” അമിതിന്‍റെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

അപ്‌സരസ്സു പോലും… അസുര സ്‌ത്രീയാണിവൾ. ഇവളുടെ തനി രൂപമെന്തെന്നു കാട്ടിക്കൊടുക്കാൻ ഒരൊറ്റ നിമിഷം മതി എനിക്ക്. സുപ്രിയയെക്കുറിച്ച് ഓർത്തപ്പോൾ വെറുപ്പ് ഒരു നേർത്ത കാറ്റായി മനസ്സിലേക്ക് പാഞ്ഞെത്തി.

“അമിത്, എന്താ വൈഫ് നമുക്കൊപ്പം ഭക്ഷണം കഴിക്കുന്നില്ലേ?”

അമിത് വിളിക്കുന്നതിനു മുമ്പ് തന്നെ സുപ്രിയ ഡൈനിംഗ് ടേബിളിനരികിലെത്തി.

“അപ്പു ഉറങ്ങി, എനിക്കിന്ന് പതിവിലധികം വിശപ്പുണ്ട്” സുപ്രിയ നിരഞ്‌ജന് അഭിമുഖമായി കസേര വലിച്ചിട്ടിരുന്നു.

പ്രണയം ഒരു വിചിത്ര വികാരം തന്നെയാണ്. പ്രണയിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ താൻ മരിച്ചുപോവുമെന്ന് പ്രണയക്കുരുക്കിൽപ്പെടുന്ന ഏതൊരു പെൺകുട്ടിയും ചിന്തിച്ചു കളയും. എന്നാൽ വിവാഹശേഷം ഭർത്താവിന്‍റെ സ്‌നേഹത്തിലലിഞ്ഞ് ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ബാലിശമെന്നു പറഞ്ഞ് ചിരിച്ചു തളളാനും മടിക്കില്ല.

“നീയെന്താ ആലോചിക്കുന്നത്.? ഭക്ഷണം കഴിക്ക്” അമിത്തിന്‍റെ സ്വരം.

“ഏയ്, ഒന്നുമില്ല.” അസ്വസ്‌ഥത പുറത്തുകാട്ടാതെ നിരഞ്‌ജൻ പറഞ്ഞു.

“ഭക്ഷണം ഇഷ്‌ടമായില്ലെന്നുണ്ടോ?” സുപ്രിയ ആകാംക്ഷയോടെ ചോദിച്ചു.

“ഏയ്… അതൊന്നുമല്ല. ഭക്ഷണം നല്ല ടേസ്‌റ്റിയാണ്” നിരഞ്‌ജൻ മുഖമുയർത്താതെ പറഞ്ഞു.

“ഭക്ഷണമുണ്ടാക്കുന്ന കാര്യത്തിൽ പ്രിയ ഉസ്‌താദാണ്.” അമിതിന്‍റെ മറുപടി കേട്ട് സുപ്രിയ പൊട്ടിച്ചിരിച്ചു.

“നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ ചായയുണ്ടാക്കി കൊണ്ടു വരാം.” സുപ്രിയ എഴുന്നേറ്റു. അധികം വൈകാതെ സുപ്രിയ ട്രേയുമായി മടങ്ങിയെത്തി.

“അമീ, നിരഞ്‌ജൻ ഇന്നു വൈകിട്ടു തന്നെ പോകുമെന്നല്ലേ പറഞ്ഞത്. കുറഞ്ഞത് ഒരു ദിവസമെങ്കിലും താമസിച്ചിട്ടു പോയാൽ മതി എന്ന് പറയരുതായിരുന്നോ?”

സുപ്രിയ പറഞ്ഞതുകേട്ട് നിരഞ്‌ജൻ ശരിക്കും ഞെട്ടി. തന്നെ ഒഴിവാക്കാനുളള വഴികളാവും സുപ്രിയ ചിന്തിക്കുന്നതെന്നാണല്ലോ താൻ ഇതുവരെ കരുതിയത്. പക്ഷേ ഇതിപ്പോ?

“ഇവനിന്നു വൈകിട്ട് മടങ്ങാനോ? അതിനു ഞാനിവനെ വിട്ടിട്ടു വേണ്ടേ. ഇന്നൊരു ദിവസമെങ്കിലും ഇവിടെ നിന്നിട്ടു പോയാൽ മതി.” അമിത്

ഉത്സാഹത്തോടെ നിരഞ്‌ജന്‍റെ പുറത്തൊന്നു തട്ടി.

സുപ്രിയയോട് പ്രതികാരം ചെയ്യാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിച്ചെന്നു വരില്ല. നിരഞ്‌ജൻ മറുത്തൊന്നും പറഞ്ഞില്ല. ചായ സത്ക്കാരത്തിനു ശേഷം അമിത് നിരഞ്‌ജനെ വിശ്രമിക്കാനുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. വൃത്തിയുള്ള വലിയമുറി. ഏ.സിയുടെ തണുപ്പ്… വല്ലാത്ത യാത്രാക്ഷീണം. നിരഞ്‌ജൻ മെത്തയിൽ കണ്ണടച്ച് നിവർന്നു കിടന്നു. ഓർമ്മകൾ ഒഴുകി വന്നു.

അയൽപക്കത്ത് പുതിയ താമസക്കാരെത്തിയിട്ടുണ്ട്. സുപ്രിയയും പാരന്‍റ്സും. അധികം താമസിയാതെ നീലിമയും സുപ്രിയയും ഉറ്റ സുഹൃത്തുക്കളായി മാറി. നീലിമയെ തിരക്കി പലപ്പോഴും സുപ്രിയ വീട്ടിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പലപ്പോഴായി സുപ്രിയയെ കാണാനും സംസാരിക്കാനും നിരഞ്‌ജന് അവസരം ലഭിച്ചു.

തന്‍റെ സംസാരം സുപ്രിയയ്‌ക്ക് ഇഷ്‌ടമാവുന്നുണ്ടെന്ന് നിരഞ്‌ജനു തോന്നി. തുടർച്ചയായുള്ള കൂടിക്കാഴ്‌ചകൾ… നിരഞ്‌ജന്‍റെ മനസ്സിൽ പ്രണയം പൂവിട്ടു. പക്ഷേ അതു തുറന്നു പറയാനുള്ള ധൈര്യം നിരഞ്‌ജനില്ലായിരുന്നു.

നീലിമയുടെ ഏട്ടൻ, രക്ഷിതാക്കളുടെ പ്രിയ പുത്രനുമായിരുന്നു നിരഞ്‌ജൻ. എം.ബി.എ പഠനത്തിനു ശേഷം നിരഞ്‌ജൻ ബിസിനസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി. നിരഞ്‌ജന്‍റെ താത്പര്യം കണക്കിലെടുത്ത് അമ്മ സുപ്രിയയുടെ ജാതകം വാങ്ങിച്ചു.

പക്ഷേ പൊരുത്തമില്ലെന്നു കണ്ടതോടെ ഇരുവീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതറിഞ്ഞ നിരഞ്‌ജന്‍റെ മനസ്സും ശരീരവും പൊളളലേറ്റതുപോലെ പിടഞ്ഞു. ജാതകച്ചേർച്ച… ഒക്കെ അന്ധവിശ്വാസമാണ്. സുപ്രിയയ്‌ക്കൊപ്പമല്ലാത്ത ഒരു ജീവിതം തനിക്ക് ആലോചിക്കാനേ സാധിക്കുന്നില്ല.

സത്യാവസ്‌ഥയെന്തെന്നറിയാൻ നിരഞ്‌ജൻ നീലുവിനെ സുപ്രിയയുടെ വീട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചു. പ്രണയം… വിവാഹം ഇതേക്കുറിച്ചൊന്നും നിരഞ്‌ജൻ സുപ്രിയയോടു ഒരിക്കൽ പോലും സംസാരിച്ചിരുന്നില്ല. പക്ഷേ സുപ്രിയ മനസ്സുവച്ചിരുന്നെങ്കിൽ താനുമായുള്ള രജിസ്‌റ്റർ വിവാഹം നടക്കുമായിരുന്നു…

എന്നാൽ വീട്ടുകാരെ എതിർത്ത് ഒരു വിവാഹം സുപ്രിയയ്‌ക്കും താല്‌പര്യമില്ലായിരുന്നു. സുപ്രിയയുടെ ഈ പ്രതികരണമാണ് നിരഞ്‌ജനെ തളർത്തിയത്.

“നിരഞ്‌ജന്‍റെ വികാരങ്ങളെ ഞാൻ മാനിക്കുന്നുണ്ട്. നിരഞ്‌ജനെ എനിക്ക് ഇഷ്‌ടവുമാണ്. എന്നാൽ വിവാഹം അച്‌ഛനമ്മമാരുടെ അനുവാദത്തോടെ മാത്രമായിരിക്കും…”

അപ്പോൾ തന്നോടു തമാശ പറഞ്ഞതും അടുത്തിടപഴകിയതും സ്‌നേഹം കാണിച്ചതുമൊക്കെ വെറും പ്രഹസനം മാത്രമായിരുന്നോ? നിരഞ്‌ജന്‍റെ സ്വസ്‌ഥത നഷ്‌ടപ്പെട്ടു. സുപ്രിയ തന്നെ വഞ്ചിക്കുകയായിരുന്നില്ലേ? അതോടെ നീലിമയ്‌ക്കും സുപ്രിയയ്‌ക്കുമിടയിൽ സൗഹൃദം നേർത്തു വന്നു.

സുപ്രിയയിൽ നിന്നകലുന്നതിൽ നിരഞ്‌ജനു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. അധികം താമസിയാതെ നിരഞ്‌ജൻ ഇംഗ്ലണ്ടിലേയ്‌ക്ക് വിമാനം കയറി. നഷ്‌ട പ്രണയത്തിന്‍റെ ഈ നോവ് ഇന്നും അയാളുടെ മനസ്സിനെ വല്ലാതെ ഗ്രസിക്കുന്നുണ്ട്. പഴയതോരോന്നും ആലോചിച്ച് എപ്പോഴാണ് ഉറക്കത്തിലേയ്‌ക്ക് വഴുതി വീണതെന്ന് നിരഞ്‌ജൻ പോലുമറിഞ്ഞില്ല.

ഉണർന്ന് ഫ്രഷ് ആയതോടെ മനസ്സിനെ പിടിമുറുക്കിയ ക്ഷീണമൊക്കെ വിട്ടകന്നു. നിരഞ്‌ജൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. സുപ്രിയ ചായ തയ്യാറാക്കി മേശപ്പുറത്തു വച്ചിരുന്നു. ഓരോ തവണയും സുപ്രിയയെ കാണുമ്പോഴും പഴയതൊക്കെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നു…

“അമിത്…?”

“എന്തോ പർച്ചെസ് ചെയ്യാൻ പോയിരിക്കുകയാ, ഇപ്പോ എത്തും”

“എന്താ, എനിക്കൊപ്പം ചായ കുടിക്കുന്നില്ലേ? നിരഞ്‌ജന്‍റെ അസ്വസ്‌ഥ മനസ്സ് സുപ്രിയയിലേക്ക് വീണ്ടും അടുക്കാൻ ശ്രമിച്ചു.

“നിരഞ്‌ജൻ ചായ കുടിക്കൂ… എനിക്ക് അടുക്കളയിൽ സ്വല്‌പം ജോലിത്തിരക്കുണ്ട്.” സുപ്രിയ അടുക്കള ലക്ഷ്യമാക്കി നടന്നു.

വിശ്വാസ വഞ്ചന കാട്ടിയതല്ലേ എന്നെ അഭിമുഖീകരിക്കാൻ വിഷമം കാണും. പക്ഷേ ഞാനത്ര വിഡ്‌ഢിയല്ല സുപ്രിയ, അതു താമസം കൂടാതെതന്നെ ഞാൻ മനസ്സിലാക്കി തരുന്നുണ്ട്. പ്രതികാരത്തിന്‍റെ ആളിക്കത്തുന്ന മനസ്സുമായി നിരഞ്‌ജനും അങ്ങോട്ടു നടന്നു. വാതിലിൽ ചാരി നിന്ന് നിരഞ്‌ജൻ ഒരു നിമിഷം സുപ്രിയയെ തന്നെ ഉറ്റുനോക്കി.

“എന്തിനാണിങ്ങനെ തുറിച്ചു നോക്കുന്നത്?” ജോലിയിൽ വ്യാപൃതയായിരുന്നെങ്കിലും സുപ്രിയയുടെ ശ്രദ്ധ മുഴുവനും നിരഞ്‌ജനിലായിരുന്നു.

“സനേഹിക്കുന്നത് ഒരാളെ… വിവാഹം കഴിക്കുന്നതു മറ്റൊരാളെ… നിന്നെപ്പോലുളള പെൺകുട്ടികൾക്ക് പ്രണയം വെറുമൊരു ഹോബി മാത്രമാണ്. നിനക്കെങ്ങനെ ഇത്ര ഭംഗിയായി അഭിനയിക്കാൻ സാധിക്കുന്നു.”

“ഇതൊക്കെ എന്നോടു പറയുന്നതെന്തിനാ?” സുപ്രിയ തിരിഞ്ഞു നോക്കാതെ ചോദിച്ചു.

“എല്ലാം അറിഞ്ഞിട്ടും എന്നെ മണ്ടനാക്കാനുളള ശ്രമമാണോ?”

നിരഞ്‌ജന്‍റെ ദൃഢശബ്‌ദം കേട്ട് സുപ്രിയ ശരിക്കും ഞെട്ടി.

“ഞാൻ നിങ്ങളെ വിഡ്‌ഢിയാക്കിയെന്നു പറഞ്ഞല്ലോ. നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണിത്. ഞാൻ നിങ്ങളോട് അല്‌പം സൗഹൃദത്തിൽ പെരുമാറിയിട്ടുണ്ട്. അതെന്‍റെ തെറ്റ്. പക്ഷേ ഇതിനൊക്കെ സ്‌നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും നിർവചനം നൽകിയത് ശരിയായില്ല. നിങ്ങൾക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതു നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്. നിങ്ങളുമായുള്ള വിവാഹാലോചന മുടങ്ങിയതിൽ പിന്നെ ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.”

“നുണ, ശുദ്ധ നുണ. നിനക്കെന്നെ ഇഷ്‌ടമാണെന്ന് ആദ്യം നീ നീലുവിനോട് പറഞ്ഞതോ? നിനക്ക് ആ ഇഷ്‌ടം നിന്‍റെ വീട്ടുകാരെക്കൂടി അറിയിക്കാമായിരുന്നു. നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലെന്നു മനസ്സിലാക്കിയ നീ എന്നെ തഴഞ്ഞു. അമിതുമായുളള നിന്‍റെ വിവാഹം വരെ, നിനക്ക് പലരുമായും ഇതു പോലെ…”

“നിരഞ്‌ജൻ” സുപ്രിയ ആക്രോശിച്ചു. പ്രായമെത്തുമ്പോൾ പെൺകുട്ടികൾക്ക് വിവാഹാലോചനകൾ വരും. നിങ്ങളുടെ വീട്ടുകാർ കൊണ്ടു വന്ന ഈ പ്രൊപ്പോസലും അത്തരത്തിൽ ഒന്നു മാത്രമായിരുന്നു. എനിക്ക് നിങ്ങളെ നേരത്തെ അറിയാം എന്ന ഒരൊറ്റ വ്യത്യാസം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ.”

“പിന്നെ നീലുവിനോട് ഞാൻ പറഞ്ഞത്. നീലു എന്നോട് നിരഞ്‌ജനെക്കുറിച്ച് ഒരു അഭിപ്രായം ചോദിച്ചു. നിരഞ്‌ജൻ സ്‌മാർട്ടാണെന്നും നല്ല സ്വഭാവമാണ് നിരഞ്‌ജന്‍റേതെന്നും ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതു തെറ്റൊന്നുമല്ലല്ലോ. നല്ലതെന്നു പറയിക്കാൻ വേണ്ട സകല ഗുണങ്ങളും നിരഞ്‌ജനിലുണ്ടായിരുന്നല്ലോ. പക്ഷേ എന്‍റെ പാരന്‍റ്സിന് ഇഷ്‌ടമല്ലെന്നറിഞ്ഞതു മുതൽ ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു പോലും നിർത്തി. അല്ല… അച്‌ഛനമ്മമാരെ അവഗണിച്ച് ഞാൻ നിങ്ങളോടൊപ്പം ഇറങ്ങി വന്നിരുന്നെങ്കിൽ… ഒളിച്ചോട്ടക്കാരി എന്ന ചീത്തപ്പേര് കേൾക്കേണ്ടി വരുമായിരുന്നില്ലേ? ഇങ്ങനെ സ്‌നേഹവും ആദരവും ലഭിക്കാത്ത പ്രണയം കൊണ്ടെന്തു നേട്ടം…?”

“ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളെ ഇഷ്‌ടവുമായിരുന്നു. പക്ഷേ അതിനർത്ഥം ഞാൻ നിങ്ങളെ പ്രണയിച്ചിരുന്നുവെന്നാക്കി മാറ്റരുത്. നിങ്ങൾ എന്നെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു. അതുകൊണ്ടാണ് എന്‍റെ വിവാഹം വിശ്വാസവഞ്ചനയായി നിങ്ങൾക്ക് തോന്നുന്നത്. വീട്ടുകാരുടെ താല്‌പര്യം കാരണം അമിതുമായുളള എന്‍റെ വിവാഹം നടന്നു. ഇന്ന് അമിതിന്‍റെ സ്‌നേഹം കെയർ… അതിനപ്പുറം ഞാൻ മറ്റൊന്നും ആലോചിക്കാറില്ല, ആഗ്രഹിക്കുന്നുമില്ല.”

സുപ്രിയയുടെ വാക്കുകൾ നിറയെ അമിതിനോടുള്ള പ്രണയം മാത്രമായിരുന്നു. എന്തൊക്കെ മണ്ടത്തരമാണ് താനിതുവരെ ചിന്തിച്ചു കൂട്ടിയത്. ജീവിതത്തിന്‍റെ നീണ്ട നാളുകൾ വ്യർത്ഥമാക്കുകയായിരുന്നല്ലോ? താൻ മാത്രമാണ് സുപ്രിയയെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നതെന്നറിഞ്ഞ നിരഞ്‌ജൻ ശരിക്കും തളർന്നു പോയി. മനസ്സിന്‍റെ വേദനകൾക്ക് മരുന്ന് കുറിക്കാൻ ഒരു ഡോക്‌ടർക്കാവില്ലല്ലോ…

“നിരഞ്‌ജൻ… എന്തുപറ്റി? എന്താണ് ആലോചിക്കുന്നത്” അടുക്കളയിലെ ചൂടും വിയർപ്പും സുപ്രിയയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

“ഇവൾ… നീലുവിന്‍റെ കൂട്ടുകാരി… തന്‍റെ കാമുകി… സുപ്രിയ… നീ എന്‍റേതായിരുന്നെങ്കിൽ… നീയും എന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചിരുന്നെങ്കിൽ…” പിടിവിട്ടു പോകുന്ന മനസ്സിനെ നിരഞ്‌ജൻ തന്നെ പിടിച്ചുകെട്ടി.

“ഛെ! ഞാനെന്തൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്. സുപ്രിയ ഇന്ന് എന്‍റെ സുഹൃത്തിന്‍റെ ഭാര്യയാണ്.” നിരഞ്‌ജന് കുറ്റബോധവും തന്നോടു തന്നെ പുച്‌ഛവും തോന്നി. നിഞ്‌ജന്‍റെ മുഖത്ത് വികാരങ്ങളുടെ വേലിയേറ്റം പ്രകടമായിരുന്നു.

സുപ്രിയയും അതു വായിച്ചെടുത്തു. “ഇവിടെ നല്ല ചൂടുണ്ട്. നിരഞ്‌ജൻ ഡ്രോയിംഗ് റൂമിലിരുന്നോളൂ… ഞാനിപ്പോ വരാം.”

ഒന്നും പറയാതെ നിരഞ്‌ജൻ ഡ്രോയിംഗ് റൂമിലേയ്‌ക്കു നടന്നു.അപ്പു കളികളിൽ വ്യാപൃതനായിരുന്നു.

അടുക്കളയിലെ ജോലികളൊതുക്കി സുപ്രിയയും ഡ്രോയിംഗ് റൂമിലെത്തി. അല്പ സമയം അവർക്കിടയിൽ നിശ്ശബ്‌ദത തളംകെട്ടി നിന്നു.

“എനിക്ക് സുപ്രിയയെ നേരത്തെ അറിയാം. ഞാൻ സുപ്രിയയെ പ്രൊപ്പോസ് ചെയ്‌തിട്ടുണ്ട് എന്ന് അമിതിനോട് പറഞ്ഞാൽ…” നിരഞ്‌ജൻ സുപ്രിയയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

ഒരു നിമിഷം സുപ്രിയയുടെ കണ്ണുകളിൽ ഇരുട്ടുനിറഞ്ഞു. സംശയത്തിന്‍റെ മുൾമുന തുളഞ്ഞു കയറുന്നതുപോലെ തോന്നി. “പുരുഷന്മാർ വിചിത്ര സ്വഭാവക്കാരാണ്. നല്ല മനസ്സാണെങ്കിൽ ദേവദൂതരെപ്പോലെ സഹായിക്കും. മോശം മനസ്സാണെങ്കിലോ ചെകുത്താനേക്കാൾ ക്രൂരന്മാരുമാകും. എന്തു ചെയ്യണമെന്നു നിരഞ്‌ജൻ തന്നെ തീരുമാനിച്ചോളൂ… എന്‍റെ സമാധാനം നിറഞ്ഞ ഈ ജീവിതം തകർത്ത് അമിതിനു മുന്നിൽ എന്നെ അപമാനിച്ച് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കിൽ അങ്ങനെയാവാം…”സുപ്രിയയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സുപ്രിയ പറഞ്ഞതാണ് ശരി. വിവേകപൂർവ്വം ആലോചിച്ചാൽ… അതെ, അതു തന്നെയാണ് ശരി. പക്ഷേ ഹൃദയവും വികാരങ്ങളും ഇതൊട്ടും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ? വിവേകത്തിനു വികാരങ്ങളെ കീഴ്‌പ്പെടുത്താനാവുമോ?

സുപ്രിയയുടെ മറുപടികേട്ട് നിരഞ്‌ജൻ പ്രജ്‌ഞയറ്റപോലെയിരുന്നു. തന്‍റെ ചിന്തകൾ എത്ര സങ്കുചിതമാണ്. നിരഞ്‌ജനു കുറ്റബോധം തോന്നി.

“ഐ ആം സോറി സുപ്രിയാ, എന്‍റെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുളള തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നോടു ക്ഷമിക്കണം” നിരഞ്‌ജൻ ധൈര്യം സംഭരിച്ചു പറഞ്ഞു.

അപ്പോഴേക്കും ചെറിയൊരു ഷോപ്പിംഗൊക്കെ കഴിഞ്ഞ് അമിതും മടങ്ങിയെത്തി. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നിരഞ്‌ജനും അമിതും പഴയ വിശേഷങ്ങൾ പങ്കുവച്ചു. സുപ്രിയ ജോലിയിൽ വ്യാപൃതയായി.

നിരഞ്‌ജനു മടങ്ങാൻ നേരമായി. അമിത് കാർ പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി നടന്നു.

“ഇനിയെന്നു വരും.” സുപ്രിയ ചോദിച്ചു.

“ഒരു പക്ഷേ… ഒരിക്കലുമില്ല…”

“ഏ… അതെന്താ?”

“വീണ്ടും എന്‍റെ ഈ സാന്നിദ്ധ്യം… സുപ്രിയാ നിനക്ക് ഭയം തോന്നുന്നില്ലേ?”

“ഭയമോ എന്തിന്?”

“സുപ്രിയയുടെ സന്തോഷം നിറഞ്ഞ ഈ ജീവിതം ഞാൻ തകർക്കുമെന്ന പേടി തോന്നുന്നില്ലേ?”

“ഇല്ല, കാരണം നിരഞ്‌ജനതു സാധിക്കില്ല.”

“അത് ഇത്ര ഉറപ്പിച്ചെങ്ങനെ പറയാനാവും.”

“എനിക്കറിയാം നിരഞ്‌ജന്‍റെ മനസ്സ് ശുദ്ധമാണ്, നിങ്ങൾ നല്ലവനാണ്. മാത്രമല്ല അമിതിന്‍റെ ഉറ്റമിത്രമാണ്. നിരഞ്‌ജന് എപ്പോൾ വേണമെങ്കിലും ഈ വീട്ടിൽ വരാം” സുപ്രിയ ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു.

“സുപ്രിയ ശരിക്കും ഭാഗ്യവതിയാണ്. ഇന്നത്തെ പോലെ എന്നും സുഖവും സന്തോഷവും നിങ്ങളുടെ ജീവിതത്തിലുണ്ടാവട്ടെ…” നിരഞ്‌ജൻ പുഞ്ചിരിച്ചു.

“നിരഞ്‌ജനും ഒരു വിവാഹമൊക്കെ കഴിച്ച് പഴയതൊക്കെ മറന്ന് നല്ലൊരു ജീവിതം നയിക്കണം.” സുപ്രിയയുടെ കണ്ണുകളിൽ സന്തോഷം അലതല്ലി. വികാരങ്ങളുടെ വേലിയേറ്റം കഴിഞ്ഞിരിക്കുന്നു.

മനസ്സ് ശാന്തമായ ഒരു നദി കണക്കെ ഒഴുകുകയാണ്. പ്രണയഭാരമിറക്കി വച്ച് തൂവൽപോലെ പറക്കുകയാണ് മനസ്സ്… അതെ… ഇതാണ് യഥാർത്ഥ പ്രണയം… നിരഞ്‌ജന്‍റെ ചുണ്ടുകൾ ചലിച്ചു.

और कहानियां पढ़ने के लिए क्लिक करें...