കുണുങ്ങിയൊഴുകുന്ന കൊച്ചരുവികൾ, നിരന്നു നിന്ന് കാറ്റിലാടുന്ന തെങ്ങോലത്തലപ്പുകൾ, അരിവാളേന്തിയ നെൽപാടങ്ങൾ, വയലുകളിൽ പണിയെടുക്കുന്ന കർഷകർ, മാവും പ്ലാവും കല്ലിൽ കൊത്തിയെടുത്ത

ക്ഷേത്രങ്ങളും മലനിരകളും… ഒട്ടുമിക്കതിലും ഒരു കേരളീയത… ബാലി ഒരു കൊച്ചു കേരളം തന്നെയാണ്. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബാലി.

കേരളത്തിന്‍റെ ഏഴിലൊന്ന് വിസ്തൃതിയിൽ ഇന്ത്യയിൽ നിന്ന് ഏതാണ്ട് 3500 മൈൽ ദൂരെ ഭൂപടത്തിൽ ഒരു കൊച്ചു പൊട്ടുപോലെ കാണുന്ന ദ്വീപ് സമൂഹമാണിത്. 2095 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ഇന്തോനേഷ്യൻ ദ്വീപിൽ ചെറുതും വലുതുമായി ഏതാണ്ട് 10,000ത്തിലധികം ക്ഷേത്രങ്ങൾ ഉണ്ട്. ഒന്നിനൊന്ന് വെല്ലുന്ന ശിൽപ സൗന്ദര്യമുള്ളവയാണ് ഈ ക്ഷേത്രങ്ങളത്രയും. ഇവയിൽ ഒട്ടുമിക്കവയും തന്നെ നെൽപാടങ്ങളിലും മലകൾക്ക് മീതെയുമാണ് നിർമ്മിച്ചിരിക്കുന്നത്.

നമ്മുടെ സംസ്കാരവും രീതികളുമായി ഇഴചേർന്നു നിൽക്കുന്ന മറ്റൊരു സംസ്കാരം… ദേശം… യാത്രകളെ ഹൃദയത്തോട് ചേർത്തു നിർത്താൻ ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയ്ക്ക് ഇത്തവണ ബാലി സന്ദർശനം മാത്രമായിരുന്നു മനസ്സു നിറയെ…

ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യ കാണണമെന്ന മോഹവുമായി ജക്കാർത്തയിൽ നിന്നും ഏതാണ്ട് രണ്ട് മണിക്കൂർ യാത്ര കഴിഞ്ഞ് ഞങ്ങൾ ബാലിയുടെ തലസ്ഥാനമായ ഡെൻപസാറിലെത്തി. അതിനിത് അന്യനാടൊന്നുമല്ലല്ലോ. നമ്മുടെ നാട് തന്നെയാണ്.

എയർപോർട്ടിൽ കാല് കുത്തിയതു മുതൽ അപരിചിതത്വം ഒട്ടും തീണ്ടാത്ത ചിന്തകളായിരുന്നു മനസ്സ് നിറയെ. ഗരുഡന്‍റെ സുന്ദരൻ പ്രതിമ, റോഡിലും ഹോട്ടലുകളിലും വച്ചിരിക്കുന്ന കാർത്തികേയ രൂപങ്ങൾ, ദേവന്മാരുടേയും ദേവതകളുടേയും പേര്, വീട്, ഓഫീസ്, കടകൾ, സർക്കാർ സ്ഥാപനങ്ങളോടു ചേർത്ത് പണിതുയർത്തിയ കൊച്ചു ക്ഷേത്രങ്ങൾ… ഓരോന്നിലും തനതു ഭാരതീയ ശിൽപകലാ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇതൊക്കെ കണ്ട് ഞങ്ങൾക്ക് അതിയായ ഉത്സാഹം തോന്നി.

എയർപോർട്ടിൽ നിന്നും ടാക്സിയിലാണ് ഞങ്ങൾ ഹോട്ടലിലേയ്ക്കു പോയത്. യാത്രാ മദ്ധ്യേ ഭംഗിയുള്ള ഒരു ക്ഷേത്രം കണ്ട് എനിക്ക് കൗതുകം തോന്നി. “എയ് ഭായ് ഇതേതു ക്ഷേത്രമാണ്?” ഞാൻ ടാക്സി ഡ്രൈവറോടു ചോദിച്ചു. ചോദ്യം രസിച്ചെന്ന മട്ടിൽ അയാൾ നന്നായൊന്നു ചിരിച്ചു.

“സർ, അതിനത് അമ്പലമൊന്നമല്ല. സർക്കാർ ഓഫീസാണ്.” ശരിക്കൊരു ക്ഷേത്രനഗരി തന്നെയാണിത്?” കാഴ്ചകൾ പലതും കണ്ട് ഹോട്ടലിലെത്തിയപ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു.

സുഖദമായ ഇളം കാറ്റിന്‍റെ തലോടലും… തിരമാലകളുടെ താളാത്മക സംഗീതവും.. ഇരുട്ടും വെളിച്ചവും കണ്ണാരം പൊത്തി കളിക്കുന്ന തീരദൃശ്യങ്ങളും കൺകുളിർക്കേ കാണണമെന്ന് അതിയായ ആഗ്രഹം കാരണം സമുദ്ര തീരത്തോടു ചേർന്നു കിടക്കുന്ന ഹോട്ടലാണ് ഞങ്ങൾ തങ്ങാനായി തെരഞ്ഞെടുത്തത്.

കാഴ്ചയ്ക്കിതു ഹോട്ടലല്ല മറിച്ച് ഒരു രാജസ്ഥാനി കൊട്ടാരമാണോ എന്നു പോലും തോന്നിപ്പോവും…. കറുത്ത കല്ലിൽ തീർത്ത ഭംഗിയുള്ള പ്രവേശന കവാടം, റിസപ്ഷൻ കൗണ്ടറിലെ ഭീമാകാരൻ ഗരുഡൻ പ്രതിമ, സമുദ്രതീരത്ത് ഒരു ഉയർന്ന ചതുരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബുദ്ധന്‍റെ പ്രതിമ… മുന്നിൽ സുഗന്ധം വിതറി നിൽക്കുന്ന അഗർബത്തികൾ.. ഇത് അന്യനാടല്ല നമ്മുടെ നാട് തന്നെ എന്ന് തോന്നിക്കും വിധമുള്ള സെറ്റപ്പ്.

ഉലുവാതു ക്ഷേത്രം

ഇന്തോനേഷ്യക്കാരെ സംബന്ധിച്ച് ബുദ്ധമതവും ഹിന്ദുമതത്തിന്‍റെ തന്നെ ഒരു ഭാഗമാണത്രേ! ഇവിടത്തെ ദേശീയ പക്ഷി പരുന്താണെന്നുള്ള വസ്തുത ബാലിയാത്രാ സന്ദർഭത്തിലാണ് ഞാൻ മനസ്സിലാക്കിയത്. ഗൈഡ് മറ്റൊന്നു കൂടി പറഞ്ഞു, ഇവിടെ ഏതൊരു ക്ഷേത്രത്തിലേയും പോലെ പ്രതിഷ്ഠാ ദിനം വളരെ കെങ്കേമമായാണത്രേ ആഘോഷിക്കാറുള്ളത്. ബാലിയിലെ അതിപുരാതനമായ ഒരു ക്ഷേത്രപ്രതിഷ്ഠാദിന ചടങ്ങ് നേരിട്ടു കാണാൻ ഞങ്ങൾക്കും സാധിച്ചു.

ബാലിയിലെ അതിപ്രശസ്തമായ ഉലുവാതു ക്ഷേത്രം. തലസ്ഥാനമായ ഡെൻപസാറിൽ നിന്നും ഏകദേശം 30 കി. മീറ്റർ ദൂരെ തെക്ക് കൂട്ടാ ഡിസ്ട്രിക്റ്റിലെ പേക്കാട്ടു ഗ്രാമത്തിലാണ് ക്ഷേത്രം.. അധികം തിടുക്കം കൂട്ടാതെ ചുറ്റുമുള്ള സുന്ദരദൃശ്യങ്ങൾ കൺകുളിർക്കേ ആസ്വദിച്ച് ഞങ്ങൾ മലമുകളിലെത്തി. നമ്മുടെ നാട്ടിലേതോ അമ്പലത്തിലെത്തിയ പ്രതീതി. റോഡിനിരുവശവും വഴിക്കച്ചവടക്കാരുടെ ബഹളം. താൽക്കാലിക കടകളാണധികവും.

പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പ്, ഭക്ഷ്യവസ്തുക്കൾ എന്നുവേണ്ട എന്തുമിവിടെ കിട്ടും. സ്ത്രീകളും പുരുഷന്മാരുടെ കുട്ടികളും വൃദ്ധജനങ്ങളും എങ്ങും തിക്കും തിരക്കും മാത്രം!

വൃത്തിയായി അടുക്കി വച്ച പൂജാ സാമഗ്രികൾ കൂടകളിൽ നിറച്ച് തലയിലേന്തി തിടുക്കത്തിൽ കടന്നുപോവുന്ന ഭക്‌തരുടെ തിരക്ക് വേറെയും. വാഴയില ഉപയോഗിച്ചും പനയോലകൾ വച്ച് മറച്ചുമാണ് കൂടകൾ തയ്യാറാക്കിയിരിക്കുന്നത്. കൂടയിൽ പൂജാ സാമഗ്രികളൊക്കെയും കലാപരമായി അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും ചുവട്ടിൽ വിവിധ ഫലയിനങ്ങൾ, അതിനുമീതെ വിവിധ വർണ്ണങ്ങളിലും ആകൃതിയിലുമുള്ള നിവേദ്യ അപ്പങ്ങൾ ഏറ്റവും മുകളിലായി വർണ്ണ വൈവിദ്ധ്യമുള്ള പുഷ്പങ്ങളും.

നമ്മുടെ നാട്ടിൽ മതപരമായ ചടങ്ങുകളിൽ മാംസാഹാരം വർജ്‌ജ്യമാണല്ലോ? എന്നാൽ ഉലുവാതുവിലെ സ്ഥിതി നേരെ മറിച്ചാണ്. ഇവിടെ കടകളിൽ മാംസാഹാരം ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്.

ഒരു പ്രത്യേകതരം വേഷം ധരിച്ചാണ് സ്ത്രീ പുരുഷന്മാർ ക്ഷേത്ര ദർശനത്തിന് എത്തിക്കൊണ്ടിരുന്നത്. ഏതൊരാഘോഷാവസരത്തിലും ഇവിടത്തുകാർ ഈ വേഷം ധരിച്ചെത്തുന്നതെന്ന് ഞാൻ മനസ്സിലാക്കി. സ്ത്രീകൾ നീണ്ട കൈകളുള്ള നെറ്റഡ് ബ്ലൗസുകളാണ് ധരിച്ചിരുന്നത്. ഇതിനു താഴെ രണ്ടുമുഴം നീളമുള്ള ലുങ്കി പോലൊരു വസ്ത്രവും.. ബാലിക്കാർ ഇതിനെ സൈരോംഗ് എന്നാണത്രേ വിശേഷിപ്പിക്കാറുള്ളത്. ബ്ലൗസിനു താഴെ അരക്കെട്ടിനു ചുറ്റുമായി വീതിയുള്ള ഒരു തുണി ചുറ്റിയിട്ടുണ്ട്. സ്ത്രീജനങ്ങളിൽ ഭൂരിഭാഗവും സർവ്വാഭരണ വിഭൂഷിതകളായിരുന്നു. വർണ്ണത്തിലുള്ള പൂക്കൾ കൊണ്ട് കേശാലങ്കാരവും നടത്തിയിട്ടുണ്ട്. ഇവിടെ ശുഭ്രവസ്ത്ര ധാരികളായ സ്ത്രീപുരുഷന്മാരാണധികവും. പുരുഷന്മാരാകട്ടെ തൊപ്പിയുടെ ആകൃതിയിലുള്ള വെളുത്ത വസ്ത്രമാണ് തലപ്പാവായി ചുറ്റിയിരിക്കുന്നത്.

ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ ഈ വസ്ത്രം നിർബന്ധമാണത്രേ! സൈരോംഗ് ധരിച്ച് അരയിൽ മഞ്ഞ ബാന്‍റ് ചുറ്റിയ ശേഷം മാത്രമാണ് ഞങ്ങൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചത്. ക്ഷേത്ര പരിസരത്ത് ഇവ വാടകയ്ക്ക് നൽകുന്നുമുണ്ട്.

നമ്മുടേതായി ഒട്ടുമിക്ക കാര്യങ്ങളിലും സാമ്യത പുലർത്തുന്ന സംസ്കാരമാണിവിടത്തേതെങ്കിലും ക്ഷേത്രനിർമ്മാണത്തിൽ ഒരു വ്യത്യസ്തത എന്‍റെ ശ്രദ്ധയിൽപ്പെട്ടു. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളുടേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ! മേൽക്കൂരയില്ലാതെ നാലുചുവരുകൾക്കുള്ളിൽ തീർത്തതാണിവ.

സമുദ്രനിരപ്പിൽ നിന്നും 70 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയാൽ സൂര്യാസ്തമനത്തിന്‍റെ നയനമനോഹര ദൃശ്യം കൺകുളിർക്കേ കാണാനാവും. മനസ്സിന്‍റെ ക്യാമറയിൽ എന്നെന്നും പകർത്തി വയ്ക്കാവുന്ന ഒരു ഉഗ്രൻ ഷോട്ട്!

മദർ ഓഫ് ഓൾ ടെംമ്പിൾസ്

അംഗുഗ് പർവ്വതത്തിനു മീതെയുള്ള പുർ ബൈസാഖി ബാലിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ്. മദർ ഓഫ് ഓൾ ടെംമ്പിൾസ് അഥവാ ക്ഷേത്രങ്ങളുടെ അമ്മയെന്നാണ് ബാലിക്കാർ പൊതുവേ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. ഇവിടെ അടുത്തടുത്തായി ഏതാണ്ട് 60 ഓളം ക്ഷേത്രങ്ങളാണുള്ളത്. എന്നാൽ ഉലുവാതു ക്ഷേത്രത്തിന്‍റേതുപോലെ ഇവയ്ക്കൊന്നും ക്ഷേത്രമതിലില്ല. ഇവിടെ തുറന്ന ആകാശത്തിനു കീഴെയാണ് ദേവീദേവന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ബാലിക്കാരെ സംബന്ധിച്ച് അംഗുഗ് പർവ്വതം ലോകത്തിന്‍റെ നാഭി പ്രദേശമാണ്. ഈയൊരു വിശ്വാസത്തിന്‍റെ ബലത്തിലാവണം ബാലിക്കാർ പർവ്വതത്തിന്‍റെ ദിശയിൽ തലഭാഗം വച്ചാണുറങ്ങാറുള്ളതും.

നൂറ്റാണ്ടുകളോളം ബൈസാഖി ക്ഷേത്രത്തിലെ പൂജാ അധികാരം കേവലം രാജാക്കന്മാരിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നു. പിന്നീട് ക്ഷേത്രവാതിൽ സകലർക്കും മുന്നിൽ തുറന്നുകൊടുക്കപ്പെടുകയായിരുന്നു. 1917 ലെ വൻ ഭൂകമ്പത്തിൽ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടമുണ്ടായി. എന്നാൽ പിന്നീടെത്തിയ ഡച്ച് ഭരണാധികാരികൾ ക്ഷേത്രം പുനർ നിർമ്മിക്കുകയായിരുന്നു. 1963 ൽ അഗ്നിപർവ്വതത്തിന്‍റെ വിസ്ഫോടനം നടന്നതോടെ ക്ഷേത്രം ഒരു ഭഗ്നാവശിഷ്ടമായി തീരുകയായിരുന്നു. പിന്നീട് നാട് ഭരിച്ച മുസ്ലീം ഭരണാധികാരികൾ ജനങ്ങളുടെ ഇംഗിതമറിഞ്ഞ് ക്ഷേത്രം പുനർ നിർമ്മിക്കുകയായിരുന്നു. ഇവിടെ ദേവീദേവന്മാരുടേയും നാടുവാഴികളായ രാജാക്കന്മാരുടെയും പ്രതിമകളും കാണാൻ സാധിക്കും. ഇന്നും ഇവിടത്തുകാർ അഗ്നിപർവ്വത വിസ്ഫോടനത്തിന്‍റെ ഭീതി മനസ്സിൽ പേറി നടക്കുന്നവരാണ്. ഈയൊരു ഭയം കാരണം ക്ഷേത്രനിർമ്മാണത്തിനു കൂടുതലായും മരത്തടിയാണുപയോഗിച്ചിരിക്കുന്നത്.

നീലജലാശയങ്ങളും പഞ്ചാരമണൽ തീരങ്ങളുമുള്ള കൂട്ടാ ബീച്ചിൽ ഹോട്ടലുകൾ, മാളുകൾ, റെസ്റ്റോറന്‍റ്, ബാർ എന്നുവേണ്ട ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സർഫിംഗ് പോലുള്ള വിനോദോപാധികളുമുണ്ട്. ലീജിയൻ/കാംഗു ബീച്ച് സർഫിംഗ് താൽപര്യമുള്ളവർക്ക് അനുയോജ്യമായ ഇടമാണ്. എന്നാൽ നീന്താനും വെയിൽ കായാനും സൈന്നൂർ ബീച്ചാണ് ഉചിതം. ഇവിടെ കടൽ പൊതുവേ ശാന്തമാണ്. ഇവിടെ തദ്ദേശീയരായ കലാകാരന്മുടെ കരവിരുതിൽ വിരിഞ്ഞ വൈവിദ്ധ്യമുള്ള കലാരൂപങ്ങൾ വാങ്ങാൻ കിട്ടും. ബൊത്തിക്ക് പെയിന്‍റഡ്  വസ്ത്രങ്ങൾ, വെള്ളിയിൽ തീർത്ത ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ…

അലുൻ അലുൻ പുപുതാൻ അഥവാ പുപുതാൻ സ്ക്വയറിലുള്ള ബ്രഹ്‌മാവിന്‍റെ മനോഹരമായ ചതുർമുഖപ്രതിമ. ബാലിയുടെ മദ്ധ്യഭാഗത്തായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിൽ വച്ച് സ്ഥലഭ്രമമോ വഴിതെറ്റുകയോ ചെയ്താൽ പ്രതിമയുടെ സഹായത്തോടെ തങ്ങുന്ന ഹോട്ടലിലെത്തി ചേരാനാവും. ബ്രഹ്‌മാവിന്‍റെ പ്രതിമയുടെ കിഴക്ക് ഭാഗത്താണ് ബാലിയിലെ പ്രശസ്തമായ മ്യൂസിയം. ദ്വീപിന്‍റെ ചരിത്രം, പുരാതന ഹിന്ദു രാജകുടുംബങ്ങളുടെ കലാസംസ്കാരവുമൊക്കെ മ്യൂസിയത്തിന്‍റെ ശേഷിപ്പുകളിൽ നിന്നും ദർശിക്കാനാവും.

നാലു ഗ്യാലറികളോടു കൂടിയതാണീ മ്യൂസിയം. പ്രധാന ഗ്യാലറിയിൽ കല്ല്, ചെമ്പ്, മരത്തടി എന്നിവയിൽ തീർത്ത കലാരൂപങ്ങൾ വച്ചിട്ടുണ്ട്. തെക്കുഭാഗത്തുള്ള ഗ്യാലറിയിലാകട്ടെ വസ്ത്രങ്ങളിൽ വരച്ച രൂപങ്ങൾ ബൊത്തീക് പെയിന്‍റിംഗുമൊക്കെ കാണാൻ സാധിക്കും. ബാലി സംഗീതത്തിന്‍റെയും നാടോടി നൃത്തരൂപങ്ങളുടേയും ചരിത്ര പ്രാധാന്യം പ്രതിപാദിക്കുന്നതാണ് വടക്കു ഭാഗത്തുള്ള ഗ്യാലറി. മ്യൂസിയത്തോടു ചേർന്ന് അംഗുഗ് ജഗത്നാഥാ എന്ന ക്ഷേത്രവുമുണ്ട്.

ബാലിയാത്ര പൂർണ്ണമാവണമെങ്കിൽ ലപാംഗാൻ പുപുതാൻ മർഗർനാ (പുപുതാൻ പാർക്ക്) സന്ദർശനം കൂടി കഴിഞ്ഞേ മടങ്ങാവൂ. വിദേശ ഭരണാധികാരികളുമായുള്ള ഏറ്റുമുട്ടലിൽ ജീവത്യാഗം ചെയ്യേണ്ടി വന്നവരുടെ ഓർമ്മയ്ക്കായ് തീർത്തതാണ് വജ്ര സന്ധി സ്മാരകം. ഇതിന്‍റെ ഉയരം ഏകദേശം 45 മീറ്ററോളം വരും. പുപുതാനിൽ നിന്നും ഏകദേശം 300 മീറ്റർ ദൂരെ വടക്കുഭാഗത്തായി ഡെൻപസാർ രാജകുടുംബാംഗങ്ങളുടെ കൊട്ടാരം കാണാം. ഇതിനകത്ത് കൊട്ടാരം വക മനോഹര ക്ഷേത്രങ്ങളുമുണ്ട്.

ബാലിയാത്രയിലെ ഏറ്റവും ആകർഷകമായ ഇനമാണ് നൃത്തനാടകങ്ങൾ. ഇരുൾ പരന്നു കഴിഞ്ഞതോടെ ഹോട്ടലിലെ വിശാലമായ തളത്തിൽ ബാലിയിലെ ഈ കലാവിരുന്ന് അരങ്ങേറി. നമ്മുടെ നൃത്തരൂപത്തോടു സാമ്യമുള്ള നടന ശൈലി. രാമായണത്തിലധിഷ്ഠിതമായ കഥകളാണ് കലാകാരന്മാർ അധികമായും അവതരിപ്പിക്കാറുള്ളതും.

और कहानियां पढ़ने के लिए क्लिक करें...