“എത്രയൊക്കെ പുരോഗമനം ആയി എന്ന് പറഞ്ഞാലും അശുദ്ധി ഇപ്പോഴും അശുദ്ധി തന്നെയാണ്. അതനുസരിച്ച് ജീവിക്കുക തന്നെ വേണം.” ഈ വാചകങ്ങൾ ഇപ്പോഴും അശരീരി പോലെ പലയിടങ്ങളിൽ മുഴങ്ങുന്നുണ്ട്. നമ്മളിൽ എത്തിച്ചേരുമ്പോഴേ എന്തും അതിന്‍റേതായ രീതിയിൽ നാം അനുഭവിക്കുന്നുള്ളൂ. ആർത്തവം എന്നത് ഒരു തെറ്റാണോ? അതോ അതിനെ എന്തിനാണ് ചിലർ ഭയക്കുന്നത്? ഓരോ ആർത്തവവും പുതിയൊരു ജീവന്‍റെ കരുതൽ ആയിരുന്നുവെന്ന് എന്നാണീ സമൂഹം മനസ്സിലാക്കുക?

കോരിച്ചൊരിയുന്ന മഴയത്ത് പിന്നാമ്പുറത്തെ ഉമ്മറത്ത് തണുപ്പടിച്ചു കിടക്കുന്ന ഒരുവളുടെ മനസ്സിൽ അങ്ങനെ ഒട്ടനവധി ചിന്തകളും ചോദ്യങ്ങളും വന്നു പോയിക്കൊണ്ടേയിരുന്നു. തറയിലെ തണുപ്പിന് മാത്രമേ അവളോട് അത്രമേൽ സ്നേഹവും അനുകമ്പയും തോന്നിയുള്ളൂ. അടിതൊട്ട് മുടി വരെ തണുപ്പ് അവളെ വാരിപ്പുണർന്നു.

വെളുപ്പാൻ കാലം തൊട്ട് സായാഹ്നം വരെ അവൾക്ക് കൂട്ടായി ഇടിയും മിന്നലും മഴയും തണുപ്പും ഒറ്റക്കെട്ടായി നിന്നു. അരയ്ക്ക് താഴോട്ട് വേദന അവളെ വലിഞ്ഞു മുറുക്കുമ്പോഴും തണുപ്പ് അവളെ കൂടുതൽ കൂടുതൽ നിശ്ചലയാക്കി കൊണ്ടിരുന്നു. കാലുകളിലെ മരവിപ്പ് ശരീരമാകെ പടർന്നു. ഒരു ദയയും ഇല്ലാതെ കർക്കിടകം അപ്പോഴും പെയ്തു കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ അവളുടെ വിവരം അന്വേഷിക്കാൻ എത്തിയവരുടെ വക, “മഴയല്ലേ… അതാ കിടക്കാൻ പായ തരാത്തത്. മഴയത്ത് ഉണങ്ങണ്ടേ…”?

ശരിയാണ്, മഴയാണ് അശുദ്ധിയായി ഇരിക്കുമ്പോൾ ഉപയോഗിച്ചത് എല്ലാം കഴുകി ഉണക്കണമല്ലോ. പായ ഒക്കെ എങ്ങനെ ഉണങ്ങാനാണ്? അതും ഈ കോരിച്ചൊരിയുന്ന മഴയത്ത്.

അവർ പോയതിനു ശേഷം വീണ്ടും അവളും തണുപ്പും മാത്രം. എന്തോ തണുപ്പിന് അവളെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു കാണും. ആരൊക്കെ പോയാലും തണുപ്പ് മാത്രം അവളെ വിട്ടു പോവാതങ്ങനെ കൂട്ടു പിടിച്ച് കിടപ്പുണ്ട്.

മനസ്സാകെ അസ്വസ്ഥമാണ്. പലരോടും വെറുപ്പും ദേഷ്യവും പതിയെ പതിയെ മനസ്സിൽ വന്നു നിറയാൻ തുടങ്ങി. സത്യത്തിൽ ഏകാന്തതയെ പ്രണയിച്ചവരെയൊക്കെ സമ്മതിക്കണം. ചിലപ്പോൾ സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കിയതുമാകാം. അങ്ങനെ ഒരുപാടൊരുപാട് ചിന്തകൾ അവളുടെ മനസ്സിലൂടെ വന്നും പോയും കൊണ്ടിരുന്നു.

ഇനിയും ഒരാഴ്ചക്കാലം ഈ തറയിൽ തന്നെ കഴിച്ചു കൂട്ടണം എന്ന ചിന്തയാണ് ഏറെ മനസ്സമാധാനം കെടുത്തുന്നത്. പേരുകേട്ട വലിയ കൂട്ടുകുടുംബമാണത്രേ. വേദനയും ദേഷ്യവും അതിന്‍റെ ഉച്ഛസ്‌ഥായിൽ എത്തുമ്പോൾ മുഷ്ടി ചുരുട്ടി തറയിൽ ഇടിച്ച് അവൾ നിർവൃതിയടഞ്ഞു. അവളെ സംബന്ധിച്ചിടത്തോളം ആചാരങ്ങൾക്ക് നേരെയുള്ള പ്രഹരം കൂടിയായിരുന്നു അത്.

അവളെപ്പോലെ എത്രയെത്ര പെൺകുട്ടികൾ ഇപ്പോഴും ഇതിനപ്പുറം അനുഭവിക്കുന്നു.

സമൂഹം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും ഇത്തരം കാര്യങ്ങളിൽ മാത്രം എന്തേ ആവോ പുരോഗമനം തൊട്ടു തീണ്ടാത്തത്? മഴയുടെ ശക്തിയേറി വരുന്നു. മിന്നലുകൾ കൂടുതൽ പ്രകാശത്തോടെ വന്നു പതിക്കാൻ തുടങ്ങി. വെളിച്ചം പാടേ അന്തരീക്ഷത്തിൽ നിന്നും മാഞ്ഞുപോയി. ഇടിയും ആരാവാരം കൂട്ടി എത്തിത്തുടങ്ങി. വേദനയിലമർന്ന് ആ തറയിൽ കിടന്ന് അവൾ എപ്പോഴോ ഉറങ്ങി.

और कहानियां पढ़ने के लिए क्लिक करें...