കേവലം 6 വയസ്സു മുതൽ സംഗീതരംഗത്തേക്ക് ചുവടുവച്ച ഗായികയും ഗാനരചയിതാവുമായ പ്രിയ സരയ്യ മുംബൈ സ്വദേശിയാണ്. ഗന്ധർവ മഹാവിദ്യാലയത്തിൽ നിന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഇതിനു ശേഷം, ലണ്ടൻ, ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പാശ്ചാത്യ സംഗീതത്തിൽ പരിശീലനം നേടി. അതിനുശേഷം കല്യാൺജി ആനന്ദ്ജിയോടൊപ്പം വർഷങ്ങളോളം സ്റ്റേജ് ഷോകൾ ചെയ്യുകയും പരിശീലനം നേടുകയും ചെയ്തു. ഇതിനിടയിൽ സംഗീതജ്ഞൻ ജിഗർ സരയ്യയെ കണ്ടുമുട്ടി, നിരവധി വർഷത്തെ പരിചയത്തിന് ശേഷം വിവാഹം കഴിക്കുകയും ചെയ്തു. തന്‍റെ സംഗീത യാത്രയെ കുറിച്ച് പ്രിയ.
സംഗീത രംഗത്തേക്ക്
ഞാൻ ചെറുപ്പം മുതലേ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങിയിരുന്നു. സംഗീതജ്ഞൻ പത്മശ്രീ കല്യാൺ- ആനന്ദ്ജിയെ കണ്ടുമുട്ടുകയും അദ്ദേഹത്തോടൊപ്പം നിരവധി സ്റ്റേജ് ഷോകൾ ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തു. അദ്ദേഹവുമായുള്ള 16 വർഷത്തെ എന്‍റെ ബന്ധം സ്റ്റേജ് ഷോകളിലൂടെയാണ് തുടർന്നത്. ഇതിനിടയിൽ പുതിയത് എന്തെങ്കിലും ചെയ്യണമെന്ന ചിന്ത എന്നെ ഒരു ഗാനരചയിതാവാക്കി, കാരണം കുട്ടിക്കാലം മുതൽ എനിക്ക് എഴുത്ത് ഇഷ്ടമായിരുന്നു, പക്ഷേ പ്രൊഫഷണലായി ചെയ്തിരുന്നില്ല എന്ന് മാത്രം.
എന്‍റെ കുടുംബത്തിൽ ആർക്കും സംഗീത ബന്ധമില്ല എന്നാൽ എല്ലാവർക്കും സംഗീതം ഇഷ്ടമാണ്. എന്‍റെ മുത്തച്ഛൻ രതിലാൽ പഞ്ചൽ നന്നായി പാടുമായിരുന്നു. സംഗീതത്തിൽ വളരെയധികം നേട്ടങ്ങൾ നേടിയ കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയാണ് ഞാൻ.
ഞാൻ സ്കൂൾ മത്സരത്തിൽവെച്ചാണ് കല്യാൺജിയെ പരിചയപ്പെട്ടത്, അദ്ദേഹം അവിടെ ജഡ്ജ് ആയി വന്നതായിരുന്നു. സംഗീതത്തിൽ പരിശീലനം ലഭിച്ചാൽ എനിക്ക് നല്ല ഭാവി ഉണ്ടാകുമെന്നു എന്‍റെ മാതാപിതാക്കളോട് പറഞ്ഞത് അദ്ദേഹമാണ്. എന്‍റെ അച്ഛൻ ജിതേന്ദ്ര പഞ്ചൽ ഒരു എഞ്ചിനീയറാണ് ഇന്‍റീരിയർ ഡെക്കറേറ്ററായി ജോലി ചെയ്യുന്നു, അമ്മ ഹൻസ പഞ്ചൽ വീട്ടമ്മയാണ്.
കുടുംബത്തിന്‍റെ പിന്തുണ
25 വർഷം മുമ്പ് ഞാൻ സ്റ്റേജ് ഷോകൾക്ക് പോകുമ്പോൾ, ഇന്നത്തെ പോലെ ടിവി റിയാലിറ്റി ഷോ ഇല്ലായിരുന്നു, മുഴുവൻ കുടുംബത്തിന്‍റെയും പിന്തുണയോടെ അല്ലാതെ ഷോകൾക്ക് പോകാൻ കഴിയുമായിരുന്നില്ല. സംഗീതവും നൃത്തവും പ്രൊഫഷൻ ആയല്ല ഹോബികളായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. അത്തരമൊരു സാഹചര്യത്തിൽ, പെൺകുട്ടികൾ പുറത്തു പോകുന്നതും ഷോകൾ ചെയ്യുന്നതും ആളുകൾ അംഗീകരിച്ചില്ല. എന്തുകൊണ്ടാണ് നിങ്ങളുടെ മകളെ രാത്രി മുഴുവൻ ഷോ എന്ന് പറഞ്ഞു പുറത്ത് വിടുന്നത് എന്നൊക്കെ പലരും ചോദിച്ചു. മാതാപിതാക്കൾക്ക് അത്തരം നിരവധി അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്
ജിഗർ സരയ്യയെ കണ്ടു മുട്ടിയത്
ഫേസ്ബുക്കിലൂടെയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. ‘ഫാൽതു’ എന്ന ഹിന്ദി സിനിമയുടെ ജോലികൾ നടന്നുവരികയായിരുന്നു. ഫെയ്സ്ബുക്കിലൂടെ ഒരു യുവ എഴുത്തുകാരനെ അദ്ദേഹം തേടുകയായിരുന്നു. കോളേജ് ജീവിതം ആണ് സിനിമയുട പ്രമേയം, ഇത് മനസ്സിൽ വച്ചാണ് പാട്ട് എഴുതേണ്ടത്. ഞാൻ അദ്ദേഹത്തെ സ്റ്റുഡിയോയിൽ വെച്ചു കണ്ടുമുട്ടി ജോലി തുടങ്ങി. എന്‍റെ വർക്ക് സംവിധായകർക്കും നിർമ്മാതാക്കൾക്കും ഇഷ്ടപ്പെട്ടു. ഈ രീതിയിൽ, ഞാൻ ഏകദേശം 20 സിനിമകൾക്ക് വരികൾ എഴുതിയിട്ടുണ്ട്.
അഭിപ്രായ വ്യത്യാസങ്ങൾ
അത് സാധാരണമാണല്ലോ. ചിലപ്പോൾ വഴക്കുകളുണ്ടാകും, പക്ഷേ പാട്ട് തയ്യാറായി ആളുകൾ അത് ഇഷ്ടപ്പെടുമ്പോൾ അഭിപ്രായ വ്യത്യാസം കാര്യമല്ല..
പിന്നണി ഗായകരുടെ പങ്ക്
സിനിമകളിൽ ഗാനങ്ങൾ കുറവായിരിക്കാം, പക്ഷേ സ്വതന്ത്രമായി ഇറക്കുന്ന ഗാനങ്ങളോടുള്ള ക്രേസ് വർദ്ധിച്ചു. മ്യൂസിക് ആൽബങ്ങൾ ഒക്കെ വളരെ നല്ല രീതിയിൽ ഇക്കാലത്തു ഇറങ്ങുന്നു. എല്ലാ ഗായകരും സ്വതന്ത്രമായി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടു പാടാനും ആടാനും എഴുതാനും കഴിവുള്ളവർ ഉണ്ട്. ഇന്ന് അഭിനേതാക്കൾ പോലും പാട്ടുകൾ പാടുന്നു, അവരുടെ ശബ്ദത്തിലെ എന്തെങ്കിലും കുറവ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കപ്പെടുന്നു.
പഴയ കാലങ്ങളിലും അഭിനേതാക്കൾ പാടാറുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, കിഷോർ കുമാർ, ഗീത ദത്ത്, നൂർ ജഹാൻ തുടങ്ങിയവർ ഉദാഹരണം. ഇന്ന്, സാങ്കേതികവിദ്യ ഉപയോഗിച്ച് ചില ഗാനങ്ങൾ ശരിയാക്കാൻ കഴിയുമെന്നു മാത്രം. എന്തായാലും ആര് പാടിയാലും അവർക്ക് ഒരു ചാൻസ് ലഭിക്കുന്നു.
സിനിമയിലെ പാട്ടെഴുത്ത്
കവിതകളിൽ കവിതയുടെ അംശം കുറഞ്ഞു വരുന്നുണ്ട്. എന്നാൽ പാട്ടുകൾ കേൾക്കുകയും അവയെ ഹിറ്റാക്കുകയും ചെയ്യുന്നത് ശ്രോതാക്കൾ ആണല്ലോ. കവിത ഇഷ്ടപ്പെടുന്നവർ ഇർഷാദ് കാമിലിന്‍റെയും അമിതാഭ് ഭട്ടാചാര്യയുടെയും ഗാനങ്ങൾ കേൾക്കും.
നേരത്തെ സംഗീതത്തിന്‍റെ വരികൾ കഥയുടെ അടിസ്ഥാനത്തിലാണ് എഴുതിയത്, കാരണം സിനിമകളിൽ കഥ മുന്നോട്ട് കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ ഗാനത്തിലൂടെ ആണ്. ഇപ്പോൾ പാട്ടുകൾ ആദ്യം നിർമ്മിക്കുകയും സിനിമകളിൽ അത് ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് പറയാറുണ്ട്. നമ്മൾ ഒന്നോർക്കണം, ഒരു വർഷം 250 മുതൽ 300 വരെ സിനിമകൾ നിർമ്മിക്കപ്പെടുന്നു. നിർമ്മാതാക്കൾക്ക് വേഗത്തിൽ പാട്ട് വേണം. സമയം ഒരു പരിധി ആണ്.
മുമ്പ്, ഗാനരചയിതാക്കൾക്ക് പാട്ട് എഴുതാൻ ധാരാളം സമയം ലഭിച്ചിരുന്നു. കഥ കേൾക്കാനും അതിന്‍റെ അടിസ്ഥാനത്തിൽ പുതിയ കവിത നൽകാനും ഗാനങ്ങൾ മികച്ചതാക്കാനും മുൻപ് കഴിഞ്ഞു. ചില നിർമ്മാതാക്കളും സംവിധായകരും ഇന്നും പാട്ട് എഴുതാൻ ധാരാളം സമയം നൽകുന്നുണ്ട്.
റിയാലിറ്റി ഷോ
പകർച്ചവ്യാധി അവസാനിച്ചതിനു ശേഷം, ഏതാനും ഷോകൾ ചെയ്യാൻ ആഗ്രഹമുണ്ട്. കൂടാതെ റിയാലിറ്റി ഷോകൾ കാരണം ഇന്നത്തെ ഗായകർക്ക് വളരെ നല്ല പ്ലാറ്റ്ഫോം ലഭിക്കുന്നുണ്ട്. അത് ഭംഗിയായി ഉപയോഗിക്കുന്നവർക് മികച്ച ഭാവി പ്രതീക്ഷിക്കാം