ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുജാതയുടെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഓര്‍മ്മയില്‍ അപ്പോഴും മേല്‍ശാന്തി ശങ്കരന്‍തിരു മേനിയുടെ വാക്കുകള്‍.

പ്രസാദത്തിന്‍റെ കൂടെ ഒരു കടലാസുപൊതി അവളെ ഏല്പിച്ച ശേഷം തിരുമേനി പറഞ്ഞു. ”ശശിധരന്‍ നായര്‍ മധൂന്‍റെ പേരില്‍ ഒരു ഗണപതി ഹോമം കഴിക്കാന്‍ ഏല്പിച്ചതിന്‍റെ പ്രസാദാ. ഇന്നലെ സന്ധ്യക്ക്‌ നായരും മധൂം കൂടി തൊഴാന്‍ വന്നിരുന്നു. മൂപ്പരും മോനും കൂടി ഇന്ന് രാവിലെ യാത്ര പോവ്വാണത്രെ അതോണ്ട് ഹോമത്തിന്‍റെ പ്രസാദം വാങ്ങിക്കാന്‍ വരണുണ്ടാവില്ല്യാന്ന് ഇന്നലെ വഴിപാട്‌ ഏല്പിക്കുമ്പോള്‍ തന്നെ പറയേണ്ടായി. ഏതായാലും കുട്ടി ഇതൊന്ന് അങ്ങോട്ടെത്തിച്ചേക്കൂ.

സുജാത ഒരു നിമിഷം അത്ഭുതസ്തബ്ധയായിനിന്നു. പിന്നെ തിരുമേനിയില്‍നിന്നും പ്രസാദപ്പൊതി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് മടങ്ങി.

മധുവേട്ടന്‍ ലീവില്‍ നാട്ടില്‍ വന്നുപോയിട്ട്‌ രണ്ടുമാസമാകാന്‍ പോകുന്നതേയുള്ളു. ഇപ്പോള്‍ പെട്ടെന്നുള്ള ഈ വരവ്?

മധുവേട്ടന്‍റെ വീടും തന്‍റെ വീടും തമ്മില്‍ കാല്‍നടയായി പോകാവുന്നത്ര ദൂരമേയുള്ളൂ. അച്ഛന്‍ കഴിഞ്ഞയാഴ്ച മധുവേട്ടന്‍റെ വീട്ടിലേക്ക് പോയതുമാണ്. എന്നിട്ടും മധുവേട്ടന്‍റെ ഈ വരവിനെക്കുറിച്ച് അച്ഛനൊന്നും പറഞ്ഞ് കേട്ടില്ല. അപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ വരാന്‍, എന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ? അതാകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ ഇന്ന് ചെറിയച്ഛന്‍റെ കൂടെ യാത്രക്ക് പുറപ്പെടില്ലല്ലോ. ആ യാത്ര എങ്ങോട്ടാണാവോ. ഏതായാലും എല്ലാം വിചിത്രമായി തോന്നുന്നു.

വീടിന്‍റെ ഉമ്മറപ്പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അച്ഛന്‍ സുധാകരന്‍റെയും അമ്മ കുസുമത്തിന്‍റെയും സ്വരങ്ങള്‍ പതിവിലും ഉച്ചത്തില്‍ കേട്ടു. അവര്‍ തമ്മിലെന്തോ വാദപ്രതിവാദത്തിലാണെന്ന് തോന്നുന്നു.

ഭാഗിചിറ്റയുടെയും ചെറിയച്ഛന്‍റെയും മധുവേട്ടന്‍റെയും പേരുകള്‍ സംഭാഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ മധുവേട്ടന്‍റെ പെട്ടെന്നുള്ള വരവാണ് വിഷയമെന്ന് മനസ്സിലായി. പ്രഭാതസവാരിക്കിടയില്‍ ആരോ പറഞ്ഞ് അച്ഛനും ആ വാര്‍ത്ത‍ അറിഞ്ഞുകാണും.

സുജാത ചെവിയോര്‍ത്തു.

“ഞാനറിഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലേ കുസുമം? ഞാന്‍ നേരിട്ടവിടെ ചെന്ന് സത്യാവസ്ഥ അറിഞ്ഞിട്ടുപോരെ ഈ ബഹളമൊക്കെ?” സുധാകരന്‍റെ അനുനയസ്വരം.

“ഇനി കൂടുതലായി എന്തറിയാനാണ് സുധേട്ടാ. അച്ഛനും മകനും കൂടി തിരുവനന്തപുരത്തേക്ക് പോയിരിക്കുന്നത് മകന് പെണ്ണ് കാണാനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ നമ്മളറിഞ്ഞില്ലെന്നു മാത്രം.” കുസുമത്തിന്‍റെ സ്വരം ക്ഷോഭം കൊണ്ട് ഇടറി.

“നാട്ടുകാരെല്ലാം അറിഞ്ഞിട്ടൊന്നുമില്ല. മധു എത്തിയിട്ടുണ്ടെന്നറിഞ്ഞ് അയല്‍പക്കത്ത് താമസിക്കുന്ന ബാലന്‍ അവനെ കാണാന്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചു. ഇന്ന് ബാലന്‍ എന്നെ കണ്ടപ്പോള്‍ ഈ സംഭവം എന്നോട് പറഞ്ഞു അത്രേള്ളൂ.”

“ശരി. അപ്പോഴത് സത്യം തന്നെയാണല്ലോ. മധൂം സുജാതേം കുട്ടികളായിരുന്ന കാലം മുതല്‍ക്ക് അവള് അവന്‍റെ പെണ്ണാണെന്ന് സുധേട്ടന്‍റെ പൊന്നുപെങ്ങള്‍ ആയിരം വട്ടോങ്കിലും പറഞ്ഞിട്ടില്ലേ? എന്നിട്ടിപ്പോഴെന്താ ഇങ്ങനൊരു മറവി?”

“ഭാഗി മറന്നതാവില്ല. ശശിയേട്ടന്‍റെ നിര്‍ബന്ധത്തിന് വഴങ്ങീതാവും. ശശിയേട്ടന്‍റെ മുഖത്ത് നോക്കി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള തന്‍റേടമൊന്നും അവള്‍ക്കില്ലാന്നറിഞ്ഞൂടെ? പാവം !”

“അതെയതെ. പഞ്ചപാവം. പക്ഷെ സുധേട്ടന്‍റെ പെങ്ങള്‍ക്ക് ഓന്തിന്‍റെ സ്വഭാവമാണെന്ന് മാത്രം.” കുസുമത്തിന്‍റെ സ്വരത്തില്‍ പരിഹാസത്തിന്‍റെ മുള്ളുകള്‍.

“നമ്മളിങ്ങനെ തര്‍ക്കിച്ചിട്ടെന്താ ഫലം കുസുമം. മധു പെട്ടന്നിവിടെ വരെ വരാനും പെണ്ണുകാണാന്‍ പോകാനുമെല്ലാം തയ്യാറായെങ്കില്‍ എന്താ അതിനര്‍ത്ഥം? അവനീ ആലോചനയില്‍ താല്പര്യമുണ്ടായിട്ടല്ലേ? അവന്‍റെ വിദ്യാഭ്യാസയോഗ്യതക്കും ഉയര്‍ന്ന ഉദ്യോഗപദവിക്കും അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ ആണ് അവന്‍ ആഗ്രഹിക്കുന്നതെങ്കിലോ? നമുക്ക് അതില്‍ ഇടപെടാന്‍ എന്താണവകാശം.?”

“നമ്മുടെ മോള്‍ക്ക്‌ എന്താണൊരു കുറവ്? പോസ്റ്റ്‌ ഗ്രജ്‍വേറ്റ്‍ അല്ലേ? കമ്പ്യുട്ടര്‍ ട്രേനിംഗിനും പോണുണ്ടല്ലോ.. കാണാനും തെറ്റില്ല.”

എല്ലാം ശരി തന്നെ. രണ്ടു വര്‍ഷമായി മധു വിദേശത്തല്ലേ. നമ്മളെക്കാളൊക്കെ ലോകം കണ്ടവനല്ലേ അവന്‍. അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നമ്മുടേതുമായി ഒത്തുപോകണമെന്നില്ലല്ലോ. പിന്നെ മറ്റൊരു കാര്യം. കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും പെണ്‍കുട്ടിയുമായി അവന്‍ അടുപ്പത്തിലാണെങ്കിലോ? ഒരുപക്ഷെ ഇത് ആ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനമാകാനും സാധ്യതയുണ്ട്. ഏതായാലും എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ മോള്‍ക്ക്‌ ഈശ്വരന്‍ ഒരുത്തനെ നിശ്ചയിചിട്ടുണ്ടാവൂല്ലോ. അതുകൊണ്ട് തൃപ്തിപ്പെട്ട്‌ അവരുടെ ജീവിതം സന്തോഷകരമാകാന്‍ പ്രാര്‍ത്ഥിക്കാം.”

“മധൂനും ശശിയേട്ടനും മാനത്തെ മാവിന്‍റെ കൊമ്പത്താണ് നോട്ടോങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ. ഈ ലോകത്ത് വേറേം ചെറുപ്പക്കാരുണ്ടല്ലോ. എന്‍റെ മോള്‍ക്കും യോഗ്യനായ ഒരുത്തനെ തന്നെ കിട്ടും…. അതുറപ്പാ. എങ്കിലും.” കുസുമത്തിന്‍റെ സ്വരത്തിലപ്പോഴും എന്തോ നഷ്ടബോധം.

“ഒരെങ്കിലുമില്ല. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. മനപ്പൊരുത്തമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ കുസുമം.?

“അത് ശരിയാ. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. പിന്നീടുള്ള ജീവിതത്തില്‍ സന്തോഷോം സമാധാനോം ഒക്കെ വേണോല്ലോ.”

അമ്മയുടെ സ്വരത്തില്‍ ഇപ്പോള്‍ അല്പം പോലും ആവലാതി ഇല്ലെന്ന് സുജാത ശ്രദ്ധിച്ചു. അച്ഛന്‍റെ വിശകലനങ്ങള്‍ അമ്മയ്ക്കും സ്വീകാര്യമായെന്ന് തോന്നുന്നു

ഏതാനും നിമിഷത്തെ നിശ്ശബ്ദത

“ഞാനൊന്ന് കുളിച്ചിട്ട് വരാം “അച്ഛന്‍റെ സ്വരം

“ആട്ടെ. ഞാന്‍ അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കാം.” അമ്മയുടെ സ്നേഹശീതളമായ സ്വരം.

സുജാതയുടെ ചുണ്ടിലപ്പോള്‍ നനുത്തൊരു പുഞ്ചിരി വിരിഞ്ഞു.

അച്ഛനും അമ്മയും വീണ്ടും രഞ്ജിപ്പിലെത്തിയിരിക്കുന്നു.

അവരെപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും കാര്യത്തിന് കലമ്പല്‍ കൂട്ടിയാല്‍ തന്നെ നിമിഷങ്ങള്‍ക്കകം രണ്ടുപേരും കൂടുതല്‍ രമ്യതയിലാകും. മനപ്പൊരുത്തം എന്ന വാക്കിന് വിവാഹജീവിതത്തില്‍ എത്രയധികം പ്രസക്തിയുണ്ടെന്ന് അവളോര്‍ത്തുപോയി.

‘അന്തരീക്ഷം ശാന്ത’മായെന്ന് ഉറപ്പായപ്പോള്‍ സാധാരണത്വം അവലംബിച്ചുകൊണ്ട് സുജാത തളത്തിലേക്ക് ചെന്നു. നിവേദ്യപൊതി മേശപ്പുറത്തുവെച്ചുകൊണ്ട് അവള്‍ അറിയിച്ചു “ശശികൊച്ചച്ഛന്‍ ഏല്പിച്ചിരുന്ന ഗണപതിഹോമത്തിന്‍റെ പ്രസാദാ. എന്നെ കണ്ടപ്പോള്‍ തിരുമേനി ഒന്നിതങ്ങോട്ടെത്തിച്ചേക്കാന്‍ പറഞ്ഞ് എന്നെ ഏല്പിച്ചു. ”

“ഉം… ഉം… ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ നടത്തിയ വഴിപാടായിരിക്കും” കുസുമത്തിന്‍റെ സ്വരത്തില്‍ അമര്‍ഷം തുളുമ്പി.

“കുസുമം, എന്തിനാ വെറുതെ……..” സുധാകരന്‍റെ വാക്കുകള്‍ അര്‍ദ്ധോക്തിയില്‍ അവസാനിച്ചു. പിന്നെ വീണ്ടുവിചാരമുണ്ടായതു പോലെ അയാള്‍ തുടര്‍ന്നു. “കുളിയെല്ലാം കഴിഞ്ഞ് ഞാനൊന്നവിടെവരെ പോയിട്ട് വരാം. പ്രസാദം എല്പിക്കലുമായി, ഭാഗിയെ ഒന്ന് കാണൂം ചെയ്യാം.”

കുസുമത്തിന്‍റെ മുഖത്തപ്പോള്‍ നിസ്സംഗത മാത്രം.

“ഞാനീ വേഷമൊന്നു മാറിയിട്ട് വരാമ്മേ. എന്നിട്ട് ഞാനും സഹായിക്കാം.”

“നിനക്കിന്നു കമ്പ്യുട്ടര്‍ ക്ളാസ്സിനു പോവണ്ടേ? “

“ഇന്ന് അംബേദ്‌കര്‍ ജയന്തി ആയതുകൊണ്ട് ക്ലാസ്സില്ലമ്മേ. ”

കുസുമം എന്തോ പറയാനോങ്ങിയെങ്കിലും അടുത്ത നിമിഷം മൗനത്തിലേക്ക്‌ പിന്‍വാങ്ങി. തന്‍റെ മുഖത്ത് തിരിയുഴിയുന്ന അമ്മയുടെ കണ്ണുകളില്‍ നനവൂറിയിരുന്നോ? സുജാതക്ക് സംശയം തോന്നി.

ബെഡ്രൂമിലേക്ക് നടക്കുമ്പോള്‍ നനുത്തൊരു നൊമ്പരം അവളുടെ മനസ്സിനെയും കീഴ്പെടുത്തിയിരുന്നു. ഒരു കളിക്കൂട്ടുകാരി എന്ന നിലക്ക്‌ തന്നോടെപ്പോഴും സ്നേഹ വാത്സല്യങ്ങളോടെ മാത്രമേ മധുവേട്ടന്‍ പെരുമാറിയിട്ടുള്ളൂവെങ്കിലും തങ്ങളുടെ ബന്ധത്തിന് അതില്‍ കൂടുതല്‍ അര്‍ത്ഥതലങ്ങളൊന്നും അവകാശപ്പെടാനാ കില്ല. പക്ഷെ… ഭാഗിചിറ്റ എത്രയോ തവണ മധുവേട്ടന്‍ കേള്‍ക്കേ സ്വന്തം ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും മധുവേട്ടന്‍ മറ്റൊരു വിവാഹാലോചനക്ക് വഴിപ്പെട്ടത്‌, തന്നെ ജീവിതപങ്കാളിയാക്കാന്‍ താല്പര്യമില്ലാത്തതിനാലാണല്ലോ.

എന്നാല്‍ ഭാഗിചിറ്റയുടെ പരാമര്‍ശങ്ങള്‍ താനറിയാതെതന്നെ തന്‍റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ചിറ്റ എപ്പോഴും മാതൃസഹജമായ വാത്സല്യം പ്രകടിപ്പിക്കാറുമുണ്ട്. ചിറ്റ ചാരിതാര്‍ത്ഥ്യത്തോടെ നല്‍കിയ നിലവിളക്കുമായി മധുവേട്ടന്‍റെ വധുവായി വലത്തുകാല്‍ വെച്ച് ഭത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന ധന്യനിമിഷങ്ങള്‍ തന്‍റെ സങ്കല്പങ്ങളിലും ഇടം പിടിച്ചിരുന്നല്ലോ. ആ സൗഭാഗ്യം അന്യമാവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍…

സുധാകരന്‍റെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ട് സുജാത സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

“അച്ഛന്‍ പറഞ്ഞതിലും കാര്യമുണ്ട്. മനസ്സുകൊണ്ട് അന്യോന്യം പൊരുത്തപ്പെടാത്ത വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധതിന് സന്തുഷ്ടമായ ഒരു ഭാവി അവകാശപ്പെടാനാകില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് മധുവേട്ടന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തനിക്കതില്‍ യാതൊരു പരിഭവവുമില്ല.”

സുധാകരന്‍ മധുവിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഭാഗീരഥി മാത്രമേ ഉണ്ടായിരുന്നുള്ളു.

പതിവുപോലെ സുധാകരനെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തിയ ശേഷം ഭാഗീരഥി ചോദിച്ചു “ഏട്ടന് കുടിക്കാന്‍ സംഭാരമെടുക്കട്ടെ.എന്ത് വെയിലാ പുറത്ത്.”

“ജീരകവെള്ളം മതി ഭാഗി. ഇതാ ഗണപതി ഹോമത്തിന്‍റെ പ്രസാദം. സുജാത തൊഴാന്‍ ചെന്നപ്പോള്‍ തിരുമേനി അവളെ ഏല്പിച്ചതാ.”

അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ്‌ ജീരകവെള്ളം കൊണ്ടുവന്ന് സുധാകരന് നല്‍കിയ ശേഷം ഭാഗീരഥി പറഞ്ഞു “ഇവിടത്തെ ചില വിശേഷങ്ങളൊക്കെ അറിയിക്കാന്‍ ഞാന്‍ ഏട്ടനേയും കാത്തിരിക്ക്യായിരുന്നു.”

“രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഇവിടെ അയല്‍പക്കത്തുള്ള ബാലനെ കണ്ടു. അയാള്‍ പറഞ്ഞ് ചിലതൊക്കെ അറിയൂം ചെയ്തു.”

“മധു വന്നൂന്നറിഞ്ഞ് അവനെ കാണാന്‍ ബാലനിവിടെ വന്നിരുന്നു. മധൂന്‍റെ പെട്ടെന്നുള്ള രണ്ടാം വരവിന്‍റെ കാരണം ചോദിച്ചപ്പോള്‍ മധൂന്‍റെ അച്ഛന്‍ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞിട്ടുണ്ടാവും. മധൂന് യോജിച്ച പെണ്‍കുട്ടിയെ തിരക്കി കണ്ടുപിടിക്കാന്‍ മധൂന്‍റെ അച്ഛന്‍ കമ്പ്യുട്ടറിന് മുന്നില്‍ തപസ്സു തുടങ്ങീട്ട് മാസങ്ങളായി.”

“സുജാതയുടെ കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും മധൂന്‍റെ വിദ്യാഭ്യാസ യോഗ്യതക്കും ഉദ്യോഗത്തിനും കിടപിടിക്കാവുന്നത്ര നിലവാരമുള്ള ഒരു പെണ്‍കുട്ടി തന്നെയാവണം അവന്‍റെ ഭാര്യയായി വരേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മധൂന്‍റെ അച്ഛന്‍.”

“അങ്ങനെയൊരു പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതത്രേ. പെണ്ണിന്‍റെ വീട്ടുകാരുമായി ഓണ്‍ലൈനില്‍ ജാതകം കൈമാറലും ഫോട്ടോ കൈമാറലും എല്ലാം എട്ടുപത്ത്‌ ദിവസംകൊണ്ട് നടന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടപ്പോള്‍ മധൂനും ഇഷ്ടമായി.”

“വിവാഹം കഴിയുന്നത്ര വേഗം നടത്തിയാല്‍ കൊള്ളാമെന്ന് പെണ്‍വീട്ടുകാര്‍ പറഞ്ഞതുകൊണ്ട് മധൂനെ ഞാന്‍ പോലുമറിയാതെ പെട്ടെന്ന് ഇങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. തിരുവനന്തപുരത്താണ് പെണ്‍കുട്ടിയുടെ വീട്. കുട്ടിയുടെ പേര് മേഘന. ജോലി ബാംഗ്ലൂരിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനീലാ.”

“പെണ്ണുകാണല്‍ ചടങ്ങ് ഇന്നുച്ചയ്ക്ക് നടത്താമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതുകൊണ്ട് ഇന്ന് അച്ഛനും മകനും കൂടി രാവിലെ ഇന്‍റര്‍സിറ്റിയില്‍ തിരുവനന്തപുരത്തേക്ക് പോയി. ചടങ്ങ് കഴിഞ്ഞ് വൈകുന്നേരത്തെ വഞ്ചിനാട് എക്സ്പ്രസ്സില്‍ മടങ്ങുമെന്നാണ് പറഞ്ഞത്.”

“അധികം ലീവില്ലാത്തതുകൊണ്ട് മധൂന് ബുധനാഴ്ച രാത്രിയിലെ ഫ്ളൈറ്റിന് തന്നെ യുകേലേക്ക് മടങ്ങൂം വേണം. എനിക്ക് ഇതിലൊന്നും തീരെ താല്പര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട്‌ മധൂന്‍റെ അച്ഛന്‍ മിനിഞ്ഞാന്നുവരെ ഈ സംഗതികളൊന്നും എന്നെ അറിയിച്ചിരുന്നില്ല. ഏട്ടനില്‍നിന്ന് ഞാനീ സംഭവങ്ങളെല്ലാം മനപ്പൂര്‍വം മറച്ചുവച്ചതാണെന്ന് കരുതരുതേ. എല്ലാം വളരെ പെട്ടെന്നായിപ്പോയി.”

“സാരമില്ല. മധൂന് ഈ ബന്ധം ഇഷ്ടപെട്ടുവെങ്കില്‍ അത് നടക്കട്ടെ.”

“എന്‍റെ പഴയൊരു വാക്ക് പാഴ്വക്കായി പോയല്ലോ, ഏട്ടനോടും കുസുമത്തിനോടും ഞാന്‍ ഇങ്ങനെയൊരു നെറികേട് ചെയ്തല്ലോ എന്നെല്ലാം ആലോചിക്കുമ്പോള്‍… മധുവും അവന്‍റെ അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങിയപ്പോള്‍ എനിക്ക് വെറുമൊരു നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നു.”

ഭാഗീരഥിയുടെ കണ്ണുകള്‍ ഈറനാകുന്നത് ശ്രദ്ധിച്ചുകൊണ്ട് ആര്‍ദ്രതയോടെ സുധാകരന്‍ പറഞ്ഞു. “വിധിയെ തടുക്കാന്‍ ആര്‍ക്കാവും ഭാഗി, ഒന്നും സാരമില്ല. ഞങ്ങള്‍ക്കിതില്‍ ഒരു പരാതിയുമില്ല. നീയിനി അതോര്‍ത്ത് വിഷമിക്കൂം വേണ്ട.”

മേഘനയുടെ അച്ഛന്‍ മാധവ് മനോഹറും അമ്മ മാലിനി മാധവും മകളുടെ വരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കയാണ്‌. തിങ്കളാഴ്ച്ച രാവിലത്തെ ബാംഗ്ളൂര്‍ ഫ്ലൈറ്റിന്‍റെ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മേഘനയെ കാണാതായപ്പോള്‍ അവര്‍ പരിഭ്രാന്തരായി. എയര്‍പോര്‍ട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഫ്ലൈറ്റ് കൃത്യ സമയത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക്‌ ഒരു മണിക്കൂര്‍ ഡ്രൈവ് മതി. പക്ഷെ മേഘനയെവിടെ?

പെണ്ണുകാണല്‍ ചടങ്ങിന് ഏതാനും അടുത്ത ബന്ധുക്കളും എത്തിയിട്ടുള്ളതിനാല്‍ മാധവ് മനോഹറും മാലിനിയും ബെഡ്രൂമിന്‍റെ സ്വകാര്യതയിലേക്ക് മാറി നിന്നു കൊണ്ട് മേഘനയുടെ മൊബൈലില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ് എന്ന സന്ദേശമാണ് ലഭിച്ചത്.

“ശശിധരന്‍ നായരും മധുവും ഉച്ചക്ക് എത്തുമല്ലോ. നമ്മള്‍ അവരോട് എന്ത് സമാധാനം പറയും?” മാലിനിയുടെ സ്വരത്തില്‍ പരിഭ്രാന്തി കലര്‍ന്നിരുന്നു.

“അതാ ഞാനും ആലോചിക്കുന്നത്. ഈ വിവാഹാലോചനയുടെ എല്ലാ വിവരങ്ങളും വിശദമായി നമ്മളവളെ അറിയിച്ചിരുന്നതല്ലേ?. ഓണ്‍ലൈനില്‍ മധുന്‍റെ ഫോട്ടോയും അയച്ചുകൊടുത്തു. അതവള്‍ക്ക്‌ ഇഷ്ടപ്പെട്ടാല്‍ മധുവും അവളും തമ്മില്‍ കാണുന്ന ചടങ്ങാണ് അടുത്തതെന്ന് പറഞ്ഞപ്പോള്‍ ഈ ആലോചന അവള്‍ക്ക് ഇഷ്ടമായെന്നും ചടങ്ങ് എന്നാണെന്ന് അറിയിച്ചാല്‍ അന്ന് രാവിലത്തെ ഫ്ലൈറ്റിന് ഇങ്ങോട്ട് എത്തിക്കോളാമെന്നും അവള്‍ സമ്മതിക്കൂം ചെയ്തിരുന്നല്ലോ.”

“തിങ്കളാഴ്ചയാണ് പെണ്ണുകാണല്‍ ചടങ്ങെന്ന് പറയാന്‍ ഞാന്‍ വ്യാഴാഴ്ച വിളിച്ചപ്പോള്‍ അവള്‍ പൂനയിലായിരുന്നു. ഇന്നലെ, അതായത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബാംഗ്ലൂരിലേക്ക് പുറപ്പെടുമെന്നും ഇന്ന് രാവിലത്തെ ഫ്ളൈറ്റിന് ഇവിടെ എത്തിക്കോളാമെന്നും അവള്‍ ഉറപ്പ് തന്നതാണ്. ഒരു മീറ്റിങ്ങിലായതുകൊണ്ട് അവള്‍ പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യൂം ചെയ്തു. നമ്മുടെ ഭാഗത്തു നിന്നും ഒരു ഉപേക്ഷയും ഉണ്ടായിട്ടില്ല എന്ന് തീര്‍ത്തു പറയാം. എന്നിട്ടും അവള്‍ എന്താണിങ്ങോട്ടെത്താഞ്ഞത് എന്നറിയില്ല. അവളെ വിളിച്ചിട്ട് കിട്ടുന്നുമില്ലല്ലോ.”

“അവള്‍ പൂനേന്ന് ഇന്നലെയേ ബാംഗ്ലൂരില്‍ എത്തുകയുള്ളു എന്നല്ലേ പറഞ്ഞത്?. അവളീ ചടങ്ങിന്‍റെ കാര്യം ജോലിത്തിരക്കിനിടയില്‍ വിട്ടുപോയതാണോ എന്നാണെന്‍റെ സംശയം. ഈയിടെയായി നമ്മളോട് തികച്ച് നാലുവാക്ക്‌ സംസാരിക്കാന്‍ പോലും അവള്‍ക്ക് സമയമില്ലല്ലോ.. എപ്പോഴും ടൂറും മീറ്റിങ്ങും ഒക്കെയായി തിരക്കോട് തിരക്കല്ലേ?. ശശിധരന്‍ നായരോട് നമ്മളെന്ത് സമാധാനം പറയും? മധു അവളെ പെണ്ണുകാണാന്‍ മാത്രമായി യൂകേന്ന് ഇവിടെവരെ വന്നതല്ലേ?”

“ഇനിയിപ്പോള്‍ ഒന്നേ ചെയ്യാനുള്ളു. അവളെത്താതിരുന്നതിന് വിശ്വസനീയമായൊരു കാരണം കണ്ടുപിടിക്കണം. ചടങ്ങ് മുടങ്ങിയത് മേഘനയുടെ അനാസ്ഥകൊണ്ടാണെന്ന് മധുവിന് സംശയം തോന്നിയാല്‍ ഈ വിവാഹാലോചനയും അലസി പിരിഞ്ഞേക്കാം.” മാധവ് മനോഹര്‍ അത്മഗതമെന്നപോലെ പറഞ്ഞു

“വയസ്സ് ഇരുപത്തെട്ട് കഴിഞ്ഞില്ലേ അവള്‍ക്ക്. പയ്യന്‍ ഉയര്‍ന്ന ബിരുദവും ഉദ്ദ്യോഗവും ഉള്ള ആളാവണം. കാണാന്‍ സുന്ദരനായിരിക്കണം. നല്ല ഉയരവും അതിനൊത്ത വണ്ണവും വേണം. അവള്‍ക്കങ്ങനെ കുറേ കണ്ടീഷന്‍സും ഉണ്ടല്ലോ. എത്ര കേസ് നോക്കീട്ട് ഒത്തുവന്നതാണീ ആലോചന. ഇതും നടക്കാതെ പോയാല്‍….”

“അതൊന്നും ആലോചിച്ച് വിഷമിക്കാനുള്ള സമയമല്ലിപ്പോള്‍. എത്രയും വേഗം ഈ ഊരാക്കുടുക്കീന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തിയേ മതിയാകൂ.”

ഏതാനും നിമിഷങ്ങള്‍ ചിന്താമൂകനായി ഇരുന്നശേഷം മാധവ് മനോഹര്‍ പറഞ്ഞു. ”ട്രാഫിക് ബ്ളോക്ക് കാരണം അവള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെന്ന് അവളിങ്ങോട്ട് അറിയിച്ചെന്ന് പറയാം. ഇങ്ങോട്ടുള്ള മറ്റ് ഫ്ളൈറ്റുകളിലൊന്നും ടിക്കെറ്റ് കിട്ടിയില്ലെന്നും പറയാം.”

“അതൊരു നല്ല ഉപായമാണ്. ബാംഗ്ലൂരില്‍ ട്രാഫിക് ബ്ളോക്ക് സാധാരണമാണല്ലോ. എല്ലാരുമത് വിശ്വസിക്കും. മേഘന നിരപരാധി ആണെന്ന് മധൂന് തോന്നൂം ചെയ്യും. ഈ ചടങ്ങ് ഇനി എന്ന് നടത്താമെന്നും ആലോചിക്കണ്ടേ.?” മാലിനി ചോദിച്ചു

“അത് മേഘനയോടും മധൂനോടും ആലോചിച്ചിട്ട് വേണമല്ലോ. മധൂന് എന്നാണിനി ലീവ് കിട്ടുക എന്നാര്‍ക്കറിയാം.”

“കഷ്ടമായിപ്പോയി. മേഘനയെ ഒരിക്കല്‍കൂടി വിളിച്ചുനോക്കൂ. എന്താണവള്‍ ഇങ്ങോട്ട് വരാഞ്ഞതെന്ന് അറിയാമല്ലോ. അവള്‍ക്ക് അസുഖമെന്തെങ്കിലും ഉണ്ടോ എന്തോ”

“വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. തല്ക്കാലം നമുക്കീ നാണക്കേടീന്ന് തലയൂരാന്‍ നോക്കാം. ട്രാഫിക് ബ്ളോക്കില്‍ പെട്ടുപോയതിനാല്‍ അവള്‍ക്ക് സമയത്തിന് എയര്‍ പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന വിവരം എല്ലാ ബന്ധുക്കളോടും പറയാം. ശശിധരന്‍ നായരും മധുവും വരുമ്പോഴേക്കും ഈ വാര്‍ത്തയുടെ ചൂടൊന്ന് ആറൂം ചെയ്യും” മാധവ് മനോഹര്‍ നയം വ്യക്തമാക്കി.

ശശിധരന്‍ നായരും മധുമോഹനും കൃത്യസമയത്തുതന്നെ മേഘനയുടെ വീട്ടിലെത്തി.  അവളുടെ മാതാപിതാക്കളും ബന്ധുക്കളും വളരെ ആതിഥ്യമര്യാദയോടുകൂടി അവരെ സ്വാഗതം ചെയ്യുകയും സല്ക്കരിക്കുകയും ചെയ്തെങ്കിലും മേഘനയുടെ അസാന്നിദ്ധ്യം അവരെ നിരാശപ്പെടുത്തുകതന്നെ ചെയ്തു.

മേഘനയുടെ ഒരു ഫോട്ടോ മധുവിന് സമ്മാനിച്ചുകൊണ്ട് അവളെത്താതിരുന്നതിന്‍റെ കാരണമായി “ട്രാഫിക് ബ്ളോക്കിന്‍റെ കഥ” വളരെ തന്മയത്വത്തോടെ മാധവ് മനോഹര്‍ വിശദീകരിച്ചു. ഉച്ചക്ക് ഗംഭീര സദ്യയൂണും കഴിഞ്ഞ് മടങ്ങുമ്പോള്‍ മേഘനയുടെ ബന്ധുക്കളുടെ ആഭിജാത്യവും, കുലീനതയോടെയുള്ള പെരുമാറ്റവും മറ്റും ശശിധരന്‍ നായര്‍ക്കും മധുവിനും വളരെ ഹൃദ്യമായി തോന്നി. മേഘനയെ മധു ഒന്ന് നേരില്‍ കാണുക കൂടി ചെയ്‌താല്‍ വിവാഹം ഉറപ്പിക്കാമെന്ന അഭിപ്രായമായിരുന്നു ശശിധരന്‍ നായര്‍ക്ക്‌.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയശേഷം മേഘനയുടെ വീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഡ്രസ്സ്‌ മാറാനും മറ്റും എടുത്ത ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ശശിധരന്‍ നായര്‍ തന്‍റെ ആഗ്രഹം മധുവിനോട് സൂചിപ്പിക്കുകയും ചെയ്തു.

“എന്തുകൊണ്ടും നിനക്ക് ചേരുന്ന ബന്ധമാണന്നാണ് എനിക്ക് തോന്നുന്നത്. മേഘനയുംകൂടി എത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായേനെ. ഇനിയിപ്പോള്‍ നിങ്ങള്‍ തമ്മിലൊന്ന് കാണാന്‍…അധി കം വൈകാതെ നിനക്ക് ഒരിക്കല്‍ക്കൂടി നാട്ടിലേക്ക് വരാന്‍ കഴിയോ?”

“ഉള്ള ലീവെല്ലാം തീര്‍ത്തും എടുത്തിട്ടാണ് ഞാന്‍ രണ്ട് മാസം മുന്‍പ് നാട്ടിലേക്ക് വന്നത്. ഒഴിച്ചുകൂടാനാകാത്ത ഒരത്യാവശ്യമുണ്ടെന്ന്‍ എഴുതിക്കൊടുത്തിട്ടാണ് ഇപ്രാവശ്യം ലീവ് സാങ്ഷനായത്. ഓഫീസില്‍ നല്ല തിരക്കുള്ള സമയമാണ്. ബുധനാഴ്ചത്തെ ഫ്ളൈറ്റിന് തന്നെ എനിക്ക് മടങ്ങൂം വേണം.”

“അപ്പോള്‍ പിന്നെ ഈ ചടങ്ങിന് നിന്‍റെ അടുത്ത വരവ് കാത്തിരിക്കുകയേ നിവൃത്തിയുള്ളു എന്നര്‍ത്ഥം അല്ലേ?” ശശിധരന്‍ നായരുടെ സ്വരത്തില്‍ നിരാശ നിഴലിച്ചു.

“ഞാനല്പം കിടക്കട്ടെ. നമുക്കെപ്പോഴാണ് സ്റ്റേഷനില്‍ എത്തേണ്ടത്?”

ട്രേയിനിന്‍റെ സമയം ഉറപ്പുവരുത്താന്‍ പേഴ്സില്‍നിന്ന് ടിക്കെറ്റ് പുറത്തെടുത്ത് നോക്കുന്നതിനിടയില്‍ അതില്‍ നിന്ന് മേഘനയുടെ ഫോട്ടോ നിലത്തേക്ക് വീണു. അതെടുത്ത് വീണ്ടും ഭദ്രമായി പേഴ്സിനകത്തേക്ക് വെക്കുന്നതിനിടയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളുടെ മുഖശോഭയില്‍ ഒരുനിമിഷം ഉടക്കിനിന്നു. ആ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം, അവളുടെ ജീവിതത്തിലേക്ക് തന്നെ മാടി വിളിക്കുകയാണ്‌

സ്റ്റേഷനിലെത്തേണ്ട സമയം ശശിധരന്‍ നായരെ അറിയിച്ചശേഷം എന്തെല്ലാമോ തീരുമാനിച്ചുറച്ചതു പോലെ മധു സന്തതസഹചാരിയായ ലാപ്ടോപ് തുറന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...