ഞാൻ താങ്ങിയെടുത്ത് എന്‍റെ കസേരയിൽ ഇരുത്തി. ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാൽ മതി എന്നാണ്. അതുകൊണ്ടാണു ഞാൻ മാഡത്തെ ഉടൻ തന്നെ വിളിച്ചത്…

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മതി എന്ന് കൈ കൊണ്ടു വിലക്കി. ബാക്കി എല്ലാം ഞാൻ നേരിട്ടു കണ്ടതാണല്ലോ.

“മതി രാമേട്ടാ… ബാക്കി എല്ലാം എനിക്കറിവുള്ളതാണല്ലോ…” അങ്ങിനെ പറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നു നീങ്ങി. സുബോധം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു പിന്നീടുള്ള എന്‍റെ ഓരോ ചലനങ്ങളും. അതുകണ്ട് രാമേട്ടൻ വിളിച്ചു പറഞ്ഞു.

“മാഡം… തനിച്ചു പോകണ്ട. ഞാൻ വരാം കൂടെ…” എന്നാൽ രാമേട്ടൻ വന്നെത്തുന്നതിനു മുമ്പ് തന്നെ ഞാൻ ഞങ്ങളുടെ ബെഡ്റൂമിലെത്തി വാതിലടച്ചു. അവിടെ കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു.

എന്‍റെ നരേട്ടൻ… നരേട്ടൻ പോയത്… മൂന്നാമത്തെ ഹൃദയ സ്തംഭനത്തോടെയാണ്. പക്ഷെ ഞാൻ വരുന്നതു വരെ ആ ജീവൻ നിലനിന്നു. അല്ലെങ്കിൽ നരേട്ടന്‍റെ ഇഛാശക്തി എന്നെക്കണ്ട്, എന്‍റെ മടിയിൽ കിടന്നു മരിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം… ആ ആഗ്രഹത്തിനു മുന്നിൽ യമദേവൻ പോലും അൽപനേരം മടിച്ചു നിന്നിരിക്കാം.

ഒടുവിൽ എന്‍റെ മുന്നിൽ അദ്ദേഹം തന്‍റെ അന്ത്യാഭിലാഷവും വെളിപ്പെടുത്തി. രാഹുൽ മോനെക്കാണുന്നതിനുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ദാഹം. പിന്നെ എന്നെ ഒറ്റപ്പെടുത്തി പോകുന്നതിലുള്ള വേദന. ഞാൻ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ അഭ്യർത്ഥനയായി രൂപം മാറി.

ഫഹദ്സാറിനെ കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെത്തന്നെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കണമെന്നും. എന്നും എന്‍റെ ആഗ്രഹങ്ങൾക്കു വില കൽപിച്ചിരുന്ന, സ്വാർത്ഥ താൽപര്യങ്ങൾക്കുമുപരിയായി മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിരുന്ന, നരേട്ടന് ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പെരുമാറാനാവുക? ലോകത്തോളം വിശാലമായ ഒരു മനസ്സ്, അത് നരേട്ടനു മാത്രം സ്വന്തമാണ്. പെട്ടെന്ന് അടുത്തു തന്നെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിവാഹ ആൽബം ഒരു വിങ്ങലോടെ ഞാൻ കൈയ്യിലെടുത്തു മറിച്ചു തുടങ്ങി.

ജീവസ്സുറ്റ, ഇന്നും മിഴിവോടെ നിറഞ്ഞു നിൽക്കുന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിൽ വിവിധ വികാരങ്ങൾ തളം കെട്ടി. നരേട്ടൻ താലിയണിയിക്കുമ്പോൾ ലജ്ജാവിവശയായ നവവധുവിനു പകരം എന്‍റെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന മൂക ദൂഃഖം, ആ ആൽബത്തിൽ പ്രകടമായി കാണാമായിരുന്നു. എന്നാൽ എന്നെ താലിയണിയ്ക്കുമ്പോൾ നരേട്ടന്‍റെ കണ്ണുകളിൽ പകരം കത്തി നിന്ന പ്രേമാവേശവും മിഴിവുറ്റ ആ ചിത്രങ്ങളിൽ നിറഞ്ഞു കാണാം. പിന്നെ എന്നെ മോതിരമണിയിച്ചു കൊണ്ട് അദ്ദേഹം ആ മോതിരവിരൽ തന്‍റെ കൈകളിലെടുത്ത് പ്രേമ വായ്പോടെ ചുംബിച്ചത്… എല്ലാമെല്ലാം ജീവസുറ്റ ചിത്രങ്ങളായി ഇന്നും കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

സുഹൃത്തുക്കൾക്കിടയിൽ എന്നെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കത്തി നിന്ന അഭിമാനബോധം ഇത്രത്തോളം സുന്ദരി തനിക്കു ചേരുമോടോ എന്ന സുഹൃത്തുക്കളുടെ കളിവചനങ്ങൾ എല്ലാമെല്ലാം ഇന്നലെക്കഴിഞ്ഞതു പോലെ താനോർക്കുന്നു.

മുന്നിലെരിയുന്ന അഗ്നികുണ്ഠം അന്ന് എന്‍റെ മനസ്സിലും എരിഞ്ഞു കൊണ്ടിരുന്നു എന്ന നഗ്നസത്യം എനിക്കുമാത്രം അറിയുന്ന ഒന്നായിരുന്നല്ലോ. എന്നെ നരേട്ടന്‍റെ കൈകളിലേൽപ്പിച്ച് ആശീർവചനങ്ങൾ ചൊരിഞ്ഞ് സന്തോഷഭരിതനായി നിന്ന അച്‌ഛന്‍റെ കാൽക്കൽ നമസ്കരിക്കുമ്പോൾ, ഞാൻ വിങ്ങിപ്പൊട്ടി. അപ്പോൾ എന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച അച്‌ഛൻ.

“എല്ലാം നിന്‍റെ നന്മയ്ക്കാണ് മോളെ… ഇതിനു വേണ്ടി നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. ക്രൂരനാകേണ്ടി വന്നു. ഒടുവിൽ എന്‍റെ മോൾക്ക് ഒരു നല്ല ജീവിതം തന്നെ ലഭിച്ചല്ലോ. ഈ അച്‌ഛൻ സംതൃപ്തനാണ് മോളെ…” എന്നോടുള്ള അച്‌ഛന്‍റെ അവസാന വാക്കുകൾ. അതു കേൾക്കുമ്പോൾ തലയിൽ ആരോ കൂടം കൊണ്ടടിക്കുന്ന പ്രതീതി അനുഭവപ്പെട്ടു.

ഇല്ല അച്ഛാ… അച്‌ഛൻ വിജയിച്ചു എന്ന് കരുതേണ്ട. ഈ മകളെയോർത്ത് അച്‌ഛൻ അടുത്തു തന്നെ ദുഃഖിക്കേണ്ടി വരും.

അങ്ങനെ മനസ്സിൽ ഉരുവിട്ടു കൊണ്ട് നരേട്ടന്‍റെ കൈപിടിച്ച് അഗ്നിയെ വലം വച്ച ഞാൻ. ഉള്ളൂ നിറയെ ആരോടൊക്കെയോ ഉള്ള വാശിയും പകയും നിറഞ്ഞു നിന്നു. പ്രത്യേകിച്ച് അച്‌ഛനോട്… ഒടുവിൽ അമ്മയേയും അനുജത്തിമാരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ച് സ്വയം നിയന്ത്രിച്ചു. ഇല്ല… ഞാനിനി കരയുകയില്ല. എന്‍റെ എല്ലാ ദുഃഖങ്ങളും ചിതയിൽ എരിഞ്ഞടങ്ങിക്കോളും… എന്ന് സ്വയം സമാശ്വസിച്ചു കൊണ്ട് ആദ്യരാത്രിയിൽ തന്നെ സ്വയം മരിക്കാനുള്ള ദൃഢ നിശ്ചയത്തോടെ യാത്ര തുടർന്നത്…

ഒടുവിൽ മണിയറയിൽ കടന്നപ്പോൾ കൈയ്യിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് കഴിച്ച് ആത്മഹത്യയ്ക്കു തുനിഞ്ഞ എന്നെ കൈയ്യോടെ പിടിച്ച നരേട്ടൻ…

“എല്ലാം അറിഞ്ഞു കൊണ്ടാണ് നിന്നെ ഞാൻ വിവാഹം ചെയ്‌തത്. അതോർത്ത് കുറ്റബോധം വേണ്ട…” എന്നു പറഞ്ഞ് എന്നെ ചേർത്തണച്ച നരേട്ടന്‍റെ കാൽക്കൽ ഒരു പൂജാ പുഷ്പം പോലെ വീണടിഞ്ഞ ഞാൻ… അന്നു മുതൽ നരേട്ടൻ എനിക്ക് ദൈവമായിരുന്നുവോ? ദൈവത്തേക്കാളുപരിയാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നന്മയുടെ മൂർത്തിമദ്ഭാവമായ മനുഷ്യൻ. മരിക്കും വരെ നരേട്ടൻ അങ്ങനെ തന്നെയായിരുന്നുവല്ലോ.

പെട്ടെന്നാണ് ആൽബത്തിന്‍റെ ഒടുവിലത്തെ പേജിൽ നരേട്ടന്‍റെ കൈയ്യക്ഷരത്തിൽ എഴുതിയ ഒരു കത്ത് ഭദ്രമായി വച്ചിരിക്കുന്നത് എന്‍റെ ദൃഷ്ടിയിൽ പെട്ടത്. അതിന്‍റെ ഉള്ളടക്കം അറിയാനുള്ള ജിജ്ഞാസയോടെ ഞാനാകത്തു കൈയ്യിലെടുത്തു തുറന്നു വായിച്ചു തുടങ്ങി.

പ്രിയപ്പെട്ട മീരാ എന്ന സംബോധനയോടെ തുടങ്ങുന്ന ആ കത്ത് കൈകളിലെടുക്കുമ്പോൾ എന്‍റെ കൈകൾ അറിയാതെ വിറ കൊണ്ടുവോ… എന്തായിരിക്കും നരേട്ടന് ഈ കത്തിലൂടെ എന്നോട് പറയാനുള്ളത്? ഇത്ര രഹസ്യമായി ഒരു കത്ത് അദ്ദേഹം സൂക്ഷിക്കണമെങ്കിൽ എന്തായിരിക്കും ആ കത്തിലടങ്ങിയിട്ടുള്ളത്? ഒടുങ്ങാത്ത ജിജ്ഞാസയും പേറി ഞാനാകത്തിലൂടെ കണ്ണോടിച്ചു തുടങ്ങി.

“മീരാ… ഈ കത്തു വായിച്ചു കഴിഞ്ഞ് നീ എന്നെ വെറുക്കരുത്. ശപിക്കുകയുമരുത്. കാരണം ഞാൻ നിന്നെ അത്രത്തോളം അഗാധമായി സ്നേഹിച്ചിരുന്നു. ഒരു പക്ഷെ എന്‍റെ കൗമാര കാലഘട്ടം മുതൽ നീ നിന്‍റെ മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം എന്‍റെ തറവാട്ടിലേയ്ക്ക് വന്നു തുടങ്ങിയ നമ്മുടെ ബാല്യകാലം മുതൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാണ്. വില തീരാത്ത ഒരു മുത്തുമണി പോലെ മാറോടടുക്കി ആശ്ലേഷിക്കാൻ… നിന്നെ ജീവിതകാലം മുഴുവൻ എന്‍റേതു മാത്രമാക്കിത്തീർക്കാൻ ഞാൻ എത്രമാത്രം അഭിലഷിച്ചിരുന്നു വെന്നോ…

നിന്‍റെ മനോഹരമായ കണ്ണുകൾ സ്വപ്നം കണ്ടുറങ്ങാത്ത രാവുകൾ എന്‍റെ ജീവിതത്തിൽ. പ്രത്യേകിച്ച് എന്‍റെ യൗവ്വനത്തിൽ ഇല്ലായിരുന്നു എന്നു തന്നെ പറയാം. നിന്നെ എന്‍റെ മുറപ്പെണ്ണാണെന്ന അവകാശ ബോധത്തോടു കൂടി തന്നെ ഞാൻ അഭിലഷിച്ചു. വീട്ടിൽ വിവാഹാലോചനകൾ പലതും വന്നപ്പോൾ ഞാൻ എന്‍റെ അഭിലാഷം തുറന്നു പറഞ്ഞ് അതിനെ എതിർത്തു കൊണ്ടിരുന്നു. നീയല്ലാതെ മറ്റൊരു പെണ്ണും എന്‍റെ ജീവിതത്തിലുണ്ടാവുകയില്ലെന്ന് ഞാൻ ശാഠ്യം പിടിച്ചു. ഒടുവിൽ നിന്‍റെ അച്‌ഛനോട്, എന്‍റെ അമ്മാവനോട് ആ ആഗ്രഹം തുറന്നു പറഞ്ഞ് ഞാൻ പെണ്ണു കാണാൻ വന്നു. പക്ഷെ നിനക്കപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞ് നീ ഒഴിഞ്ഞു മാറി.

എന്നാൽ അതിനു പിന്നിൽ ഫഹദിനോടുള്ള നിന്‍റെ പ്രേമമായിരുന്നുവെന്ന് ഞാൻ വൈകിയാണറിഞ്ഞത്. പ്രേമം മൂത്ത് നീ ഫഹദിനൊടൊപ്പം ഒളിച്ചോടിയപ്പോൾ, പ്രേമനൈരാശ്യത്താൽ ഞാൻ മരിക്കുവാൻ തയ്യാറായി. അതുകണ്ട് നിന്‍റെ അച്‌ഛൻ പെങ്ങളായ എന്‍റെ അമ്മ സ്വന്തം ആങ്ങളയോട് മകന്‍റെ സ്‌ഥിതി വിവരിച്ചു കൊണ്ട് ഒരു കത്തെഴുതി. എത്രയും വേഗം മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്.

ഒരു മുസൽമാനെ നീ വിവാഹം കഴിക്കുന്നതിൽ അതൃപ്തിയുണ്ടായിരുന്ന നിന്‍റെ അച്‌ഛൻ എന്‍റെ ആഗ്രഹപ്രകാരം തന്നെ നിന്നെ അയാളിൽ നിന്നും അടർത്തിയെടുത്ത് എനിക്കു നൽകി. മറ്റൊരാളുടെ ഭാര്യയായിക്കഴിഞ്ഞിട്ടും നിന്നോടുള്ള അഭിനിവേശം എനിക്കൊട്ടും ചോർന്നിരുന്നില്ല. മാത്രമല്ല നിന്‍റെ അച്‌ഛന്‍റെ മേൽ ഞാനും, അമ്മയും ചേർന്ന് നിന്നെ എനിക്കു നൽകുവാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തു.

അങ്ങിനെ നമ്മുടെ വിവാഹം നടന്നു. നിന്നെ എനിക്കു ലഭിച്ചപ്പോൾ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമാണ് എനിക്കുണ്ടായത്. എന്നാൽ നമ്മുടെ ജീവിതത്തിൽ പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങൾ എന്‍റെ ആത്മവിശ്വാസം തകർത്തു. പാപബോധം എന്നെ പിടിക്കൂടി. ഫഹദ്സാറിനെ വേദനിപ്പിച്ചതിനു പകരമായി, രാഹുൽമോനെ ദൈവം നമുക്കു നഷ്ടപ്പെടുത്തിയതാണെന്ന് ഞാൻ വിശ്വസിച്ചു. ഇന്നിപ്പോൾ ആ വിശ്വാസം എന്നെ വല്ലാതെ മഥിക്കുന്നു. ഒരിക്കൽ കൂടി മരണത്തെ ആശ്ലേഷിക്കുവാൻ മനസ്സു വെമ്പുന്നു…

മീരാ… നീയിപ്പോഴും ഫഹദ്സാറിനെ അഭിലഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ജീവിതത്തിൽ എന്നെ പൂർണ്ണമായി സ്നേഹിക്കുവാൻ നിനക്കു കഴിഞ്ഞിട്ടില്ലെന്നും. എങ്കിലും എന്‍റെ മക്കളുടെ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും നീ നിന്‍റെ കടമ നിർവഹിച്ചു. എന്നെ അറിയുവാനും എന്‍റെ സ്നേഹത്തെ ഉൾക്കൊള്ളുവാനും നീ ശ്രമിച്ചു.

സത്യത്തിൽ മറ്റൊരു സ്ത്രീയ്ക്കും കഴിയാത്ത വിധത്തിൽ എല്ലാം മറന്ന് നീ ഒരു കുടുംബിനിയായി ജീവിച്ചു. അക്കാര്യത്തിൽ എനിക്കു നന്ദിയുണ്ട്. എങ്കിലും ഉള്ളിന്‍റെ ഉള്ളിൽ നീ ഫഹദിനെ ആഴത്തിൽ സ്നേഹിച്ചിരുന്നു എന്നു എനിക്കറിയാം. രണ്ടു പുരുഷന്മാരേ ഒരേസമയം ഒരു സ്ത്രീയ്ക്കു സ്നേഹിക്കാൻ കഴിയണമെങ്കിൽ അതിൽ ഒരാളിനോടുള്ള സ്നേഹത്തിന് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. ആ അർത്ഥത്തിൽ നോക്കിയാൽ നീ എന്നെ സ്നേഹിച്ചു വഞ്ചിച്ചു എന്നു വേണമെങ്കിൽ പറയാം.

ഒരർത്ഥത്തിൽ നാം രണ്ടുപേരും പാപം ചെയ്‌തവരാണ്. നീ എന്നോടും, ഞാൻ ഫഹദ്സാറിനോടും… പക്ഷെ നിന്‍റെ പാപം എനിക്കു ക്ഷമിയ്ക്കാവുന്നതേയുള്ളൂ… കാരണം അതിനുത്തരവാദി ഞാൻ തന്നെയാണ്. ഇന്നിപ്പോൾ മരണത്തോടടുത്ത ഈ നാളുകളിൽ നിന്നോടും ഫഹദ്സാറിനോടും ഞാനതിന് മാപ്പു ചോദിക്കുന്നു. എന്‍റെ മരണ ശേഷം നീ ഫഹദ്സാറിനെ വിവാഹം ചെയ്‌ത് എന്നെ എന്‍റെ പാപത്തിൽ നിന്നും മോചിപ്പിക്കണം.

അദ്ദേഹത്തിന്‍റെ ആ കത്ത് എന്നിൽ ഉളവാക്കിയ നടുക്കത്തിനും ചോദ്യ ശരങ്ങൾക്കും അളവില്ലായിരുന്നു. അപ്പോൾ അദ്ദേഹം എന്‍റെയും ഫഹദ്സാറിന്‍റേയും ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു. പക്ഷെ എല്ലാം എന്നോടുള്ള അതിരു കവിഞ്ഞ പ്രേമം കൊണ്ടു മാത്രം. ആ പ്രേമം അദ്ദേഹം ജീവിതകാലം മുഴുവൻ പുലർത്തിപ്പോന്നു.

എനിക്കദ്ദേഹത്തെ പൂർണ്ണമായി സ്നേഹിക്കാൻ കഴിയുകയില്ലെന്നറിഞ്ഞു കൊണ്ടു തന്നെ, അദ്ദേഹം എനിക്കു സ്നേഹം വാരിക്കോരിത്തന്നു. അദ്ദേഹം പറയുമ്പോലെ ഞാനദ്ദേഹത്തെ വഞ്ചിച്ചിരുന്നുവോ… ആവോ എനിക്കറിയില്ല… ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ആത്മാർത്ഥ സ്നേഹം മനസ്സിലാക്കിയിട്ടാവണം, ആദ്യമൊക്കെ നിറഞ്ഞു നിന്ന വെറുപ്പിനെ മനസ്സിൽ നിന്നുമകറ്റി പകരം സ്നേഹം നിറയ്ക്കാൻ എനിക്ക് കഴിഞ്ഞത്. ഒരു കുടുംബിനിയുടെ റോളിൽ വിജയിക്കാൻ കഴിഞ്ഞത്. പക്ഷെ ഒടുവിൽ ഞാൻ ചെയ്‌തത് കൊടുംപാപമായിരുന്നുവെന്നും, ഒരു മനുഷ്യാത്മാവിന്‍റെ വിങ്ങൽ എന്‍റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട പലതും നഷ്ടപ്പെടുത്തുന്നുവെന്ന ചിന്തയായിരിക്കാം അദ്ദേഹത്തെ മഥിച്ചത്…

ആ ചിന്തയിൽ സ്വജീവിതം ബലിയർപ്പിക്കാൻ അദ്ദേഹം തയ്യാറായതാണോ? ജീവിതത്തിൽ താൻ ചെയ്‌ത ആദ്യത്തേതും അവസാനത്തേതുമായ തെറ്റ്. ഒരർത്ഥത്തിൽ വിശാലഹൃദയനായിരുന്ന അദ്ദേഹത്തിന് ആതുൾക്കൊള്ളാൻ കഴിഞ്ഞില്ലായിരിക്കാം. സ്വന്തം പാപബോധത്തിൽ മുങ്ങി മരിക്കാൻ അതിടയാക്കിയിരിക്കാം. പക്ഷെ അദ്ദേഹത്തെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് അഹങ്കരിച്ച എനിക്ക് തെറ്റുപറ്റിയോ? നിസ്വാർത്ഥമെന്ന് കരുതിയ അദ്ദേഹത്തിന്‍റെ സ്നേഹം സ്വാർത്ഥപൂർണ്ണമായിരുന്നുവെന്നോ?

പക്ഷെ അദ്ദേഹത്തിന്‍റെ അളവറ്റ സ്നേഹം ജീവിതകാലം മുഴുവൻ നുകർന്ന ഞാൻ അദ്ദേഹത്തെ വെറുക്കുന്നതെങ്ങിനെ? ഒരുപക്ഷെ പാപബോധത്തിൽ നീറി നീറി മരിച്ച അദ്ദേഹത്തെ എനിക്കു രക്ഷിക്കാമായിരുന്നു എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്.

അപ്പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. കൃഷ്ണമോൾ വീണ്ടും വിളിക്കുന്നതാകുമെന്നു കരുതി. അച്‌ഛന്‍റെ മരണത്തെപ്പറ്റി കൂടുതലറിയാൻ അവൾക്ക് ആകാംക്ഷയുണ്ടാകുമല്ലോ…

പക്ഷെ അവളുടെ അച്‌ഛൻ അവളുടെ അമ്മയോടുള്ള അഭിനിവേശം മൂത്ത് ചെയ്ത ഒരു തെറ്റിന്‍റെ പ്രായശ്ചിതമായി സ്വജീവൻ ബലിയർപ്പിക്കുകയായിരുന്നുവെന്ന് അവൾക്കറിയില്ലല്ലോ. പാപബോധത്താൽ വീർപ്പുമുട്ടിയ അദ്ദേഹം രക്‌തസമ്മർദ്ദം കൂടി തലകറങ്ങി താഴെ വീണ് മുറിവു പറ്റിയിട്ടും ചികിത്സ നിഷേധിച്ച് സ്വയം മരണത്തെ വരിക്കുകയായിരുന്നുവെന്നും.

അതവളോടു പറഞ്ഞാൽ അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം അവളെ സംബന്ധിച്ചിടത്തോളം അച്‌ഛൻ ഒരു മനുഷ്യനെന്നതിലുപരി ഒരു ദേവനായിരുന്നുവല്ലോ. ഞാനാണ് അവളുടെ കണ്ണിൽ തെറ്റു ചെയ്തവൾ… അതെ!

ഒരർത്ഥത്തിൽ നരേട്ടൻ ഒരു ദേവൻ തന്നെയായിരുന്നു. താൻ കാമിച്ചവൾക്കു വേണ്ടി പ്രേമ കുടീരം തീർത്ത് കാത്തിരിക്കുകയും ഒടുവിൽ അവളെ വരിച്ച് ദേവനായി ഉയരുകയും ചെയ്‌ത സ്നേഹസ്വരൂപൻ, എന്‍റെ ഭർത്താവെന്ന നിലയിൽ അദ്ദേഹം ഒരു വിജയമായിരുന്നു. എന്നാലും ഒരു മകൾക്ക് അമ്മയോടു പറയാവുന്ന വാക്കുകളല്ലല്ലോ കൃഷ്ണമോൾ എന്നോട് പറഞ്ഞതെന്നോർത്തപ്പോൾ വീണ്ടും മനസ്സിൽ സ്തോഭം വന്ന് നിറഞ്ഞു.

ആൽബം താഴെ വച്ച് മേശപ്പുറത്തിരുന്ന ഫോൺ കൈയ്യിലെടുക്കുമ്പോൾ ഒരിക്കൽ കൂടി വാക്കുകൾ കൊണ്ട് അവളോട് പൊരുതി ജയിക്കാൻ എനിക്കാവുമോ എന്ന് ആലോചിച്ചു നോക്കി. ഇല്ല കൃഷ്ണമോളെ… ഈ അമ്മയ്ക്കിനി ജയിക്കേണ്ട… നിന്‍റെ വിചാരങ്ങൾ തന്നെയാണ് ശരി എന്ന് നീ കരുതിക്കോളൂ… എന്നും എന്‍റെ ശത്രു പക്ഷത്ത് നിൽക്കുവാനായിരുന്നല്ലോ നിനക്കിഷ്ടം. ഈ മമ്മിയെ പ്രതിക്കൂട്ടിൽ നിർത്തി വാദിച്ചു തോൽപിക്കുവാൻ നീ എന്നും ശ്രമിച്ചിരുന്നു. നിന്‍റെ കണ്ണിൽ നിന്‍റെ അച്‌ഛൻ മാത്രമായിരുന്നു ശരി. മമ്മി കാമുകനെ മനസ്സിൽ കൊണ്ടു നടന്ന് അച്‌ഛനെ വഞ്ചിച്ചവളും.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...