ചില ഭക്ഷ്യ വസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവയുടെ പോഷകങ്ങൾ നഷ്ടപ്പെടുകയും കേടാവാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമെന്ന കാര്യം നിങ്ങൾക്കറിയാമോ… അവ ഏതൊക്കെയെന്ന് അറിയാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് റഫ്രിജറേറ്റ് ചെയ്യുന്നത് അതിന്‍റെ രുചിയെ ബാധിക്കും. അതിനാൽ ഉരുളക്കിഴങ്ങ് പുറത്ത് പേപ്പർ ബാഗിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് ബാഗിൽ ഇട്ടുവച്ചാൽ ഈർപ്പം തങ്ങി നിന്ന് വേഗം കേടുവരാം.
സവാള, ചെറിയ ഉള്ളി
ഇവ പേപ്പർ ബാഗിലാക്കി നോർമൽ റൂം ടെംപറേച്ചറിൽ വെളിച്ചം ഇല്ലാത്ത ഇരുണ്ട സ്‌ഥലത്തായി സൂക്ഷിക്കാം. ഉരുളക്കിഴങ്ങിനടുത്തായി സൂക്ഷിക്കരുത്. ഫ്രിഡ്ജിൽ ഇവ സൂക്ഷിച്ചാൽ നനവ് ഉണ്ടായി കേടായി പോകാം.
തക്കാളി
ഫ്രിഡ്ജിൽ തക്കാളി വച്ചാൽ രുചി വ്യത്യാസമുണ്ടായി ചീഞ്ഞു പോകാം. എന്നാൽ തക്കാളി പഴുത്ത് കിട്ടാൻ ഒരു പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പഴുത്ത് കഴിഞ്ഞാൽ 3 ദിവസം കേടു കൂടാതെയിരിക്കും.
അച്ചാർ
കേടുകൂടാതിരിക്കാൻ പലരും അച്ചാർ ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാറുണ്ട്. പ്രിസർവേറ്റിവുകൾ ചേർത്ത അച്ചാറുകൾ പുറത്ത് സൂക്ഷിക്കാം. കേടാവില്ല.
തണ്ണിമത്തൻ
തണ്ണിമത്തൻ ഫ്രിഡ്ജിലല്ലാതെ പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. അത് ഫ്രിഡ്ജിൽ വച്ചാൽ ചീഞ്ഞു പോകും. അതിനാൽ രുചിയും ഫ്രഷ്നസും അതേപ്പടി നിലനിർത്താൻ റൂം ടെംപറേച്ചറിൽ സൂക്ഷിക്കുന്നതാണ് ഉചിതം. എങ്കിലും തണ്ണിമത്തൻ മുറിച്ചാൽ അതിന്‍റെ ബാക്കി വന്ന ഭാഗം ഫ്രിഡ്ജിൽ മൂന്നാല് ദിവസം സൂക്ഷിക്കാം.
തേൻ
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തേൻ കട്ടിയുള്ളതാവും. അതുകൊണ്ട് റൂം ടെംപറേച്ചറിൽ നേരിട്ട് സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് തേൻ ഭദ്രമായി സൂക്ഷിക്കാം.
വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്‍റെ ഗന്ധത്തിനും രുചിക്കും വ്യത്യാസമുണ്ടാകും. വേഗം കേടായി പോവുകയും ചെയ്യും. സവാള പോലെ തന്നെ പുറത്ത് പേപ്പർ ബാഗിൽ വെളുത്തുള്ളി സൂക്ഷിച്ചു വയ്ക്കാം.
ജാം, ജെല്ലി
ഇവ ഫ്രിഡ്ജിൽ വയ്ക്കാതെ കുപ്പി തുറന്ന് ഉപയോഗിച്ചതാണെങ്കിൽ കൂടി പുറത്ത് വയ്ക്കാം.
ഡ്രൈനട്ട്സ്
പലരും നട്ട്സ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്, അതിന്‍റെ ആവശ്യമില്ല. പുറത്ത് സൂര്യപ്രകാശം കടക്കാത്ത ഇരുണ്ട ഇടത്ത് സൂക്ഷിക്കാം.
എണ്ണ
എല്ലാതരം എണ്ണകളും റൂം ടെംപറേച്ചറിൽ സൂക്ഷിക്കാം. എന്നാൽ സൺഫ്ളവർ പോലെ പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണ ഇരുണ്ട കാബിനകത്തോ ഫ്രിഡ്ജിന്‍റെ ഡോറിലോ സ്റ്റോർ ചെയ്യാം.
സലാദ് ഡ്രസ്സിംഗ്
വിനേഗർ, ഓയിൽ ബേസ്ഡ് ആയിട്ടുള്ളവ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കാം. എന്നാൽ ക്രീം, യോഗർട്ട്, മയോണൈസ് എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉചിതം.