ശരീരത്തിലെ ടോക്സിനുകളെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ പുറന്തള്ളാൻ ഡീറ്റോക്സ് ഡ്രിങ്കുകൾ മികച്ചതാണ്. ദൈനംദിന ജീവിതത്തിൽ സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഡീറ്റോക്സ് ഡ്രിങ്കുകൾ കുടിക്കുന്നത് ശീലമാക്കൂ.
- കുക്കുംബർ- മിന്‍റ് ഡീറ്റോക്സ് ഡ്രിങ്ക്
ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനൊപ്പം ശരീരത്തിന് മൊത്തത്തിൽ റിഫ്രഷ്മെന്‍റ് പകരുന്ന ഒരു ഡീറ്റോക്സ് പാനീയം. തയ്യാറാക്കാനും എളുപ്പം. ഒരു വലിയ ജാറിൽ കുക്കുംബർ സ്ലൈസാക്കിയതും ഫ്രഷ് പൊദീനയിലയും ഇട്ട് ജാറ് നിറച്ച് തിളപ്പിച്ചാറ്റിയ വെള്ളവും ഒഴിച്ച് ഏതാനും മണിക്കൂർ നേരം അടച്ച് വയ്ക്കുക. ശേഷം മുഴുവൻ ദിവസവും ഈ വെള്ളം കുടിക്കുക. കുക്കുംബറിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾക്ക് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരത്തെ ഹൈഡ്രേറ്റാക്കാനും കഴിയും.
- ലെമൺ – ജിഞ്ചർ ഡീറ്റോക്സ് ഡ്രിങ്ക്
നാരങ്ങയും ഇഞ്ചിയും ശരീരഭാരം നിയന്ത്രിക്കാൻ ഫലവത്താണെന്ന കാര്യം പൊതുവെ എല്ലാവർക്കും അറിവുള്ളതാണ്. അതുപോലെ ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന മൂലിക ഉദര വൈഷമ്യങ്ങൾക്കും ദഹനത്തിനും ഉത്തമമായ പരിഹാരമാണ്. വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങ. അതുപോലെ ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമാണ് നാരങ്ങാ. ഇവ രണ്ടും ചേർത്തുള്ള ഡ്രിങ്ക് കുടിക്കുകയും ഒപ്പം കൃത്യമായ വർക്കൗട്ടും കൂടിയാൽ ശരീരത്തിൽ അദ്ഭുതങ്ങളായ മാറ്റങ്ങൾ സംഭവിക്കും.
ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ പകുതി നാരങ്ങാനീരും ഒരിഞ്ച് വലിപ്പമുള്ള ഇഞ്ചിയുടെ സത്തും ചേർത്ത് എന്നും രാവിലെ കുടിച്ചു നോക്കൂ. മധുരം വേണമെന്നുള്ളവർക്ക് വളരെ നിയന്ത്രിതമായ അളവിൽ തേൻ ചേർക്കാം.
- കറുവാപ്പട്ട – തേൻ
ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ അര സ്പൂൺ കറുവാപ്പട്ട പൗഡറും മുക്കാൽ സ്പൂൺ തേനും ചേർത്ത് മിക്‌സ് ചെയ്യുക. ഒരൽപ്പം നാരങ്ങാനീരും ചേർത്ത് കുടിച്ചാൽ മികച്ച ഫലം ലഭിക്കും. വിശപ്പിനെ നിയന്ത്രിക്കുന്നതിന് മികച്ചതാണ് കറുവാപ്പട്ട.
- ഗ്രീൻ ടീ
ഗ്രീൻ ടീയുടെ ഗുണങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. ഫാറ്റ് ബേണിംഗിനും ഹൃദയാരോഗ്യത്തിനും മസ്തിഷ്ക പ്രവർത്തനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും ബാഡ് ബ്രത്ത് തടയാനും പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യത്തിനുമൊക്കെ മികച്ച ഒരു ഡ്രിങ്കാണിത്. ചായ, കാപ്പി എന്നിവയ്ക്ക് പകരമായി ഗ്രീൻ ടീ ശീലമാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും. ഒപ്പം ദിവസം മുഴുവൻ എനർജറ്റിക്കുമാകാം. ഗ്രീൻ ടീ ഒരു കലോറി ഫ്രീ ഡ്രിങ്കാണ്. ഗ്രീൻ ടീയിലുള്ള കാറ്റേചിൻസും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിലെ ഫ്രീ റാഡിക്കൽസിന്‍റെ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നു.
- മല്ലി വെള്ളം
അസംഖ്യം ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്ന ഒരു ഡ്രിങ്കാണിത്. പൊട്ടാസ്യം, അയൺ, മഗ്നീഷ്യം, കാത്സ്യം, ഫോളിക് ആസിഡ് അടക്കം ധാരാളം പോഷകങ്ങളുമുള്ള മല്ലിയ്ക്ക് നമ്മുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ നല്ലൊരു പങ്ക് നിർവഹിക്കാനാവും.
3 കപ്പ് വെള്ളത്തിൽ 2 ടീസ്പൂൺ മല്ലി ചേർത്ത് തിളപ്പിച്ച് അരിച്ച് ഇളം ചൂടോടെ കുടിച്ച് നോക്കൂ. ദിവസം മുഴുവനും എനർജറ്റിക്കായിരിക്കാൻ ഈ പാനീയം മികച്ച ഒന്നാണ്. നിത്യേനയല്ലാതെ ഇടയ്ക്കിടയ്ക്ക് ഈ പാനീയം കുടിക്കാം. മല്ലിയില ഉപയോഗിച്ചും ജ്യൂസ് തയ്യാറാക്കി കുടിക്കാം.
ഒരു പിടി മല്ലിയില രണ്ട് ഗ്ലാസ് വെള്ളത്തിലിട്ട് 10 മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം ഗ്യാസിൽ നിന്നിറക്കി മല്ലിയില വെള്ളം അരിച്ചെടുത്ത് അതിൽ 2 ടേബിൾ സ്പൂൺ നാരങ്ങാനീരും രുചിയ്ക്ക് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്‌ത് ഇളം ചൂടോടെ കുടിയ്ക്കുക.
ചായയ്ക്കും കാപ്പിയ്ക്കും പകരമായി ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കാണിത്. അതിരാവിലെ വെറും വയറ്റിൽ മല്ലിയില ജ്യൂസ് കുടിക്കുന്നത് ശരീരം മികച്ച രീതിയിൽ ഡീറ്റോക്സ് ചെയ്യാൻ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കും. ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ചർമ്മ പ്രശ്നങ്ങളെ പരിഹരിക്കാനും വായിലെ പുണ്ണ് മാറി കിട്ടാനും മറ്റ് പല പ്രശ്നങ്ങൾ അകന്നു കിട്ടാനും സഹായിക്കുന്ന ഹെൽത്ത് ഡ്രിങ്കാണിത്.
- രാമച്ച വെള്ളം
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രകൃതിദത്തമായ ഒന്നാണ് രാമച്ചം. മലയാളിയ്ക്ക് സുപരിചിതമാണ് ഈ ഔഷധം. രാമച്ചം ഇംഗ്ലീഷിൽ വെട്രിവേൽ എന്നാണറിയപ്പെടുന്നത്. രാമച്ച വേരുകളാണ് നാം പൊതുവെ വെള്ളം തിളപ്പിക്കാനായി ഉപയോഗിക്കുക. രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്.
ശരീരത്തിലെ ജലാംശം നിലനിർത്താൻ ഈ പാനീയം മികച്ചതാണ്. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ ഫലവത്താണ് ഈ പാനീയം. കരൾ, കിഡ്നി പ്രശ്നങ്ങൾക്ക് ഇത് നല്ലതാണ്. രക്തശുദ്ധി വരുത്താനും ചർമ്മ സൗന്ദര്യം വർധിക്കാനും രാമച്ചമിട്ട വെള്ളം കുടിക്കാം. ഉദരാരോഗ്യത്തിന് മികച്ചതാണിത്. അസിഡിറ്റി, ഗ്യാസ് ട്രബിൾ എന്നിവ ഇല്ലാതാക്കാനും മലബന്ധത്തിന് ഉടനടി പരിഹാരം കാണാനും രാമച്ചമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഉറക്കക്കുറവിനെ (ഇൻസോംമ്നിയ) പരിഹരിക്കും.
- ഓറഞ്ച്- കാരറ്റ് ജ്യൂസ്
ബീറ്റാ കരോട്ടിനും ഫൈബറും കൊണ്ട് സമ്പന്നമായ കാരറ്റ് ഏറെ പോഷക സമ്പന്നമാണ്. കാരറ്റ് കഴിക്കുന്നത് വിശപ്പിനെ കുറച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ഓറഞ്ച് വിറ്റാമിൻ സിയുടെ കലവറയാണ്. ശരീരഭാരം നിയന്ത്രിക്കാൻ ഓറഞ്ച് കഴിക്കുന്നത് ഏറെ സഹായിക്കും. ഒപ്പം വ്യായാമവും കൂടി ചെയ്യുമ്പോൾ മികച്ച ഫലം ലഭിക്കും. ഓറഞ്ചും കാരറ്റും ചേർത്തുള്ള കോംബിനേഷൻ ചർമ്മസൗന്ദര്യം മെച്ചപ്പെടുത്തും.
കാരറ്റ് കഷണങ്ങളും ഓറഞ്ച് അല്ലികളും മിക്സറിലിട്ട് അടിക്കുക. അതിൽ അൽപ്പം തേനും മല്ലിയിലയും അൽപ്പം വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ഈ ജ്യൂസ് ഗ്ലാസിലേക്ക് പകർന്ന് ഐസ് ക്യൂബ് ചേർത്തോ അല്ലാതെയോ കുടിക്കുക.
- തക്കാളി – കുക്കുംബർ ജ്യൂസ്
ശരീരഭാരത്തെ നിയന്ത്രിക്കുന്നതിന് ലൈക്കോപിൻ ധാരാളമായി അടങ്ങിയിരിക്കുന്ന തക്കാളി ഏറെ നല്ലതാണ്.
തക്കാളി കഷണങ്ങളും കുക്കുംബറും മിക്സറിലിട്ട് വെള്ളവും ചേർത്ത് അടിച്ചെടുക്കുക. രുചിയ്ക്കായി പൊദീനയിലയും ഇന്തുപ്പും ചേർക്കാം. ഈ പാനീയം വെറും വയറ്റിൽ കുടിക്കുക.
- ബീറ്റ്റൂട്ട് ജ്യൂസ്
വളരെ ഉയർന്ന അളവിൽ നാരുകളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ഡയറ്റിൽ ഫൈബർ ഉള്ള ഭക്ഷ്യവസ്തു ചേർക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കും. കരളിന്‍റെ ശുദ്ധീകരണത്തിനും ബീറ്റ്റൂട്ട് മികച്ചതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന്‍റെ സ്റ്റാമിനയും മസിൽ പവർ വർധിപ്പിക്കാനും കാൻസർ പ്രതിരോധത്തിനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് മികച്ചതാണ്.
പൊട്ടാസ്യത്തിന്‍റെ മികച്ചൊരു സ്രോതസാണ് ബീറ്റ്റൂട്ട്. ശരീര തളർച്ചയെ അകറ്റാൻ ഈ പോഷകമാവശ്യമാണ്. അയൺ, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, സിങ്ക് എന്നീ പോഷകങ്ങളും ബീറ്റ്റൂട്ടിൽ യഥേഷ്ടം അടങ്ങിയിരിക്കുന്നു.
ബീറ്റ്റൂട്ടും ഒരു പിടി പൊദീനയിലയും ഒരു നുള്ള് ഉപ്പും വെള്ളവും ചേർത്ത് മിക്സറിലടിച്ച് ജ്യൂസെടുത്ത് കുടിക്കുക.