2010 മാസ്റ്റർ ഷെഫ് സീസൺ ഒന്നിൽ വിജയിയായ പങ്കജ് ഭദൗരിയ ഇന്ന് എല്ലാവർക്കും പരിചിതയാണ്. ഷെഫ് പങ്കജ് കാ ജായക, കിഫായത്തി കിച്ചൻ, 3 കോഴ്സ് വിത്ത് പങ്കജ് തുടങ്ങിയ ധാരാളം ടിവി ഷോകൾ അവരെ എല്ലാം വീടുകളിലും സുപ്രസിദ്ധയാക്കി. രണ്ട് കുക്ക് ബുക്ക് പ്രസിദ്ധീകിരിക്കുകയുണ്ടായി. അതും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. 2 കുട്ടികളുടെ അമ്മയായ പങ്കജ് സ്ക്കൂൾ ടീച്ചറുടെ റോളിൽ നിന്ന് മാസറ്റർ ഷെഫ് ആയതും കുടുംബത്തെ പരിപാലിച്ചതും കരിയർ വിജയിപ്പിച്ചതും എങ്ങനെയെന്ന് അറിയാം.

പാചകത്തിൽ പണ്ടേ അഭിരുചി ഉണ്ടായിരുന്നോ?

എന്‍റെ മാതാപിതാക്കൾക്ക് പാചകത്തിൽ വലിയ കമ്പം ഉണ്ടായിരുന്നു. അവർ രണ്ടാളും നല്ല ഹോം കുക്ക് ആയിരുന്നു. ആളുകളെ ക്ഷണിക്കുന്നതും അവർക്ക് വിവിധതരം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും അവരുടെ ഹരം ആയിരുന്നു. നല്ല ഭക്ഷണം ഉണ്ടാക്കിയാൽ നല്ല ഭക്ഷണം കഴിക്കാൻ പറ്റും എന്ന് മാത്രമല്ല ആളുകളുടെ അഭിനന്ദനവും നേടാം എന്ന് എനിക്ക് അങ്ങനെയാണ് മനസ്സിലായത്. അങ്ങനെ ഞാനും പാചകത്തിലേക്ക് വന്നു. ഞാൻ 11 വയസ്സ് മുതൽ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ പാചക പരീക്ഷണം നടത്താൻ വലിയ താൽപര്യമായിരുന്നു. ചൈനീസ്, ഇറ്റാലിയൻ, തായ് എന്നിവ കൂടുതൽ ഇഷ്ടമാണ്. ഭർത്താവും ഭക്ഷണപ്രിയനാണ്. അതിനാൽ പരീക്ഷണങ്ങൾ തുടരുന്നു.

ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ്, കരിയർ കെട്ടിപ്പടുക്കാൻ വിഷമിച്ചോ?

എനിക്ക് 13 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. 21 വയസ്സുള്ളപ്പോൾ അമ്മയും പോയി. എന്‍റെ അമ്മ എപ്പോഴും പറയുമായിരുന്നു വിദ്യാഭ്യാസമാണ് ഒരാളുടെ വിധിയെന്ന്. അത് ആർക്കും മോഷ്ടിക്കാൻ ആവില്ലെന്നും. അതിനാൽ ഞാൻ പഠനം മുടക്കിയില്ല. അമ്മയ്ക്ക് അത്ര വിദ്യാഭ്യാസമില്ലായിരുന്നു. അതിനാൽ അച്ഛന്‍റെ മരണശേഷം അമ്മയ്ക്ക് നല്ല ജോലി ലഭിച്ചില്ല. എന്നോട് നന്നായി പഠിക്കാൻ പറയുമായിരുന്നു.

ഞാൻ ഇംഗ്ലീഷിൽ എംഎ എടുത്തു. സ്ക്കൂൾ ടീച്ചറായി. വിവാഹം കഴിഞ്ഞു. അവിടെ വിരുന്നുകാർ വരുമ്പോൾ ഞാനുണ്ടാക്കുന്ന ഭക്ഷണം എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. ആയിടെ ടിവിയിൽ മാസ്റ്റർ ഷെഫിന്‍റെ പരസ്യം കണ്ടു. ഞാനും മാറ്റുരയ്ക്കാൻ തീരുമാനിച്ചു. ഞാൻ ജോലി വിട്ടു. വിജയിച്ചപ്പോൾ ഞാനെന്‍റെ പാഷൻ പ്രൊഫഷനാക്കി.

വീട് നോക്കുന്നതിനിടയിൽ പ്രൊഫഷനിൽ മുന്നോട്ട് പോകാൻ തടസ്സം?

ഞാൻ വീട്ടിലെ കാര്യങ്ങൾ ഓഫീസിലേക്കും, ഓഫീസിലെ കാര്യങ്ങൾ വീട്ടിലേക്കും വലിച്ചിഴക്കാറില്ല. അതാതു ജോലി അതാതിടത്ത് തന്നെ തീർക്കും. ഞാൻ വേഗം സ്വിച്ച് ഓഫാകുകയും അത്രതന്നെ വേഗത്തിൽ സ്വിച്ച് ഓൺ ആകുകയും ചെയ്യുന്ന ആളാണ്. വീട്ടിൽ ഞാനൊരു തനി വീട്ടമ്മയാണ്. വീട്ടിൽ പ്രൊഫഷണൽ ലൈഫിന് സ്ഥാനമില്ല. വീട്ടുകാരുടെ സഹകരണം ഉള്ളതിനാൽ എനിക്ക് രണ്ടും നന്നായി കൊണ്ടുപോകാൻ കഴിയുന്നു.

രണ്ട് കുട്ടികൾക്കൊപ്പം എങ്ങനെയാണ് ബന്ധം കൊണ്ടുപോകുന്നത്?

മോളും മോനും എന്‍റെ നല്ല കൂട്ടുകാരാണ്. എന്‍റെ രക്ഷിതാക്കളും എന്നോട് ഇങ്ങനെയാണ് പെരുമാറിയിരുന്നത്. കുട്ടികളെ നല്ല മനുഷ്യരായി വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് അവരെ മാനസികമായും ശാരീരികമായും ഫിറ്റ് ആക്കി വയ്ക്കുന്നു. ഞങ്ങള്‍ നാല് പേരും ഒന്നിച്ചിരുന്ന് കളിക്കാറുണ്ട്. സിനിമകൾ കാണും. എല്ലാവിഷയങ്ങളും സംസാരിക്കും. ഞങ്ങളുടെ സോഷ്യൽ നെറ്റ് വർക്കിംഗ് ചെറുതാണ്. കാരണം ഞങ്ങൾ ഒന്നിച്ച് സമയം ചെലവിടാറാണ് പതിവ്. എന്തും തുറന്നു പറയുന്ന തരത്തിലുള്ള ഒരു ബന്ധം ഞാൻ കുട്ടികളുമായി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിനാൽ ട്രസ്റ്റും അധികമായുണ്ട്. എന്തു സംഭവിച്ചാലും മമ്മി കൂടെ ഉണ്ടെന്ന വിചാരം അവർക്കും ഉണ്ട്.

അമ്മയായശേഷം പ്രൊഫഷൻ ഉപേക്ഷിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?

കരിയറിലും കുട്ടികൾക്കുമിടയിൽ ഒരു ചോയിസ് വരുന്ന ഘട്ടം സ്ത്രീകളുടെ ജീവിതത്തിൽ ഉണ്ടാവാറുണ്ട്. എനിക്ക് അത് നേരിടേണ്ടി വന്നിട്ടില്ല. ഇങ്ങനെ ജോലി ഉപേക്ഷിക്കുന്നവർ മിഡ് ഏജിൽ ജോലിയിലേക്ക് തിരിച്ചു വരാറുണ്ട്. അങ്ങനെയുള്ളവർക്ക് പാർട്ട് ടൈം, വർക്ക് അറ്റ് ഹോം ഒക്കെ പരീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ അനുമാനത്തിൽ വിജയം എന്നാൽ എന്താണ്?

ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ, നേടിയ കാര്യങ്ങൾ എന്നിവയിൽ സന്തോഷിക്കുന്നതാണ് എന്‍റെ അഭിപ്രായത്തിൽ ജീവിത വിജയം.

और कहानियां पढ़ने के लिए क्लिक करें...