കഴിഞ്ഞ വര്‍ഷം ഓണാവധിക്കാനെന്നാണോർമ mygov.in എന്ന വെബ്‌സൈറ്റിൽ ‘സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ നോൺ വൈലെന്‍റ് കമ്മ്യൂണിക്കേഷൻ’ എന്ന കോഴ്സ് കാണാനിടയായി. തുറന്ന് നോക്കിയപ്പോൾ കൗതുകം ആവേശത്തിലേക്ക് വഴിമാറി. മുപ്പത്-മുപ്പത്തിനാല് പേജിൽ അഞ്ചു മൊഡ്യൂളുകളിലായി അത്യന്തം സമകാലിക പ്രാധാന്യമുള്ള ഉൾകാഴ്ചയുള്ള ഒരു കോഴ്സ്!
അന്ന് ഞാൻ ആ കോഴ്സ് കാണുമ്പോൾ അതിന്‍റെ ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി തീരാറായിരുന്നു. അതിൽ കണ്ട വിലാസത്തിൽ വെറുതെ ഒരു മെയിൽ അയച്ചു നോക്കി. ഏതാനും ദിവസങ്ങൾക്ക് ശേഷം മറുപടി വന്നു; ഈ ജീവിതകാലയളവിനിടയിൽ ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും എളിമയുള്ള ഒരു മനുഷ്യനെ പരിചയപ്പെടാനുള്ള ഒരു നിമിത്തമായി അത് മാറി, ഗാന്ധി സ്‌മൃതി ഭവനിലെ പ്രോഗ്രാം കോർഡിനേറ്ററും കോഴ്സ് ഡെവലപ്പെറും ആയ ഡോക്ടർ വേദഭ്യാസ് കുന്ദു!
ഗാന്ധി സ്‌മൃതി ദർശൻ സമിതി
ഇന്ത്യാ ഗവൺമെന്‍റിന്‍റെ സാംസ്കാരിക മന്ത്രാലയത്തിന്‍റെ ഉപദേശത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി ചെയർപേഴ്സൻ പദവി വഹിക്കുന്ന, ഒരു സ്വതന്ത്ര സ്ഥാപനമാണ് ഗാന്ധി സ്‌മൃതി ദർശൻ സമിതി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിവിധ സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക പരിപാടികളിലൂടെ മഹാത്മാഗാന്ധിയുടെ ജീവിതവും ദൗത്യവും ചിന്തയും പ്രചരിപ്പിക്കുക എന്നതാണ് സമിതിയുടെ അടിസ്ഥാന ഉദ്ദേശ്യവും ലക്ഷ്യവും. മുതിർന്ന ഗാന്ധിയന്മാരുടെയും വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെയും നാമനിർദ്ദേശം ചെയ്ത ഒരു കൂട്ടായ്മയാണ് ഇതിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മെയിലിലൂടെ ഡോക്ടർ കുന്ദുവിനെ പരിചയപെട്ടതായി മുകളിൽ സൂചിപ്പിച്ചുവല്ലോ; അത് പതുക്കെ നല്ലൊരു സഹോദര-ബന്ധമായി രൂപാന്തരപ്പെട്ടു. ക്ഷണിച്ച മാത്രയിൽ സന്നദ്ധനായി അദ്ദേഹം ഞങ്ങളുടെ രാജഗിരി കലാലയത്തിലെ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികളുമായി ഒരു വെബിനാറിലൂടെ ഇന്നത്തെ കാലത്തെ ഗാന്ധിയൻ ചിന്തകളുടെ അനിവാര്യതയെക്കുറിച്ചും സമകാലീനതയെക്കുറിച്ചും സംവദിച്ചു.
കുട്ടികളുടെ ചുറുചുറുക്കും ആവേശപൂർവമുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് വളരെ സന്തോഷമേകി. അങ്ങനെ അന്ന് വൈകിട്ട് സംസാരിക്കവെ അദ്ദേഹം എന്നോട് പറഞ്ഞു “അന്ന് ആനന്ദിനെ പരിചയപ്പെടാൻ ഇടയാക്കിയ ആ കോഴ്സ് ഇല്ലേ, അത് വീണ്ടും ആക്റ്റീവ് ആകാൻ പോകുവാണ്. അന്ന് അത് ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരുന്നല്ലോ ഞാൻ രൂപകല്പന ചെയ്തിരുന്നത്, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോയമ്പത്തൂർ ഉള്ള ഒരു ടീച്ചർ അത് തമിഴിലേക്കും വിവർത്തനം ചെയ്തു; ഇനി ആ കോഴ്സ് തമിഴിലും ലഭ്യമാണ്. മറ്റു ഭാഷകളിലേക്ക് കൂടി അത് വരണമെന്നാണ് എന്‍റെ സ്വപ്നം.”
അത് കേട്ടപ്പോൾ എന്ത് കൊണ്ട് ഇത് മലയാളത്തിലേക്ക് ആക്കികൂടാ എന്ന് എനിക്കും തോണി. അദ്ദേഹവുമായി അത് പങ്കുവച്ചപ്പോൾ അദ്ദേഹം വളരെയധികം ആഹ്‌ളാദത്തോടെ സമ്മതമേകി. രാജഗിരി പ്രിൻസിപ്പൽ ബിനോയ് ജോസഫും മാനേജ്‌മെന്‍റും പരിപൂർണ പിന്തുണ നൽകിയതോടെ, പരിമിതികളേറെ ഉണ്ടായിരുന്നുവെങ്കിലും ആ യാത്ര അങ്ങനെ ആരംഭിച്ചു. ആദ്യാവസാനം കിരൺ തമ്പി സാറിന്‍റെ ഏകോപനവും തുണയായി.
കുട്ടിക്കളി അല്ല തർജമ!
ആവേശത്തോടെ ഏറ്റത്തെടുത്തെങ്കിലും കടമ്പകളേറെയുണ്ടായിരുന്നു. കോവിഡ് കാലമായതിനാൽ ഓൺലൈൻ ആയിരുന്നു ക്‌ളാസ്സുകൾ ഒക്കെ. പുതിയ പഠനരീതി, പഠന മാധ്യമം ഒക്കെ ആയി പൊരുത്തപ്പെട്ട് വരുന്ന സമയം. നേർക്ക്-നേർ ക്ലാസ്സുകളെ അപേക്ഷിച്ചു ഓണ്‍ലൈനിൽ ബ്ലാക്ക് സ്‌ക്രീനിൽ കാണുന്ന കുട്ടികളുടെ അഭിരുചികളും പ്രാവീണ്യവും അളക്കുക വളരെ ദുഷ്കരമായിരുന്നു.
ഞങ്ങളുടെ ഭാഷാ വിഭാഗത്തിൽ മലയാളം പഠിപ്പിക്കുന്ന ഒരു ആളേ ഉണ്ടായിരുന്നുള്ളു സിഷ മിസ്. എന്നെ അപേക്ഷിച്ചു ടീച്ചർക്ക് നല്ല വർക്ക് ലോഡ് ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇതിനെക്കുറിച്ചു സംസാരിച്ചപ്പോൾ മിസ്സ് അത് ആവേശത്തോടെ ഉൾക്കൊള്ളുകയും സമ്മതമരുളുകയും ചെയ്തു. അങ്ങനെ മിസ്സിന്‍റെ കൂടെ നിർദേശപ്രകാരം കഴിവും താല്പര്യവും ഒത്തിണങ്ങിയ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയുണ്ടാക്കി.
റോഷ്നി എബ്രഹാം (ഒന്നാം വർഷ മനഃശാസ്ത്ര ബിരുദ വിദ്യാർഥിനി), ശാരിക ശശിധരന്‍ (രണ്ടാം വർഷ മനഃശാസ്ത്ര ബിരുദ വിദ്യാർഥിനി), മൂന്നാം വർഷ സാമൂഹിക സേവന ബിരുദ വിദ്യാർഥികളായ അഖില കെ വി, ആൻ തെരെസ, സാമൂഹിക സേവന ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ആന്‍റണി ജയ്സൺ (ഒന്നാം വര്‍ഷം ), ഉണ്ണിമായ എ എസ് (രണ്ടാം വര്‍ഷം) എന്നിവരുമായി നിരന്തരമായി ഞങ്ങളിരുവരും ആശയവിനിമയം നടത്തുകയും വിവർത്തന പ്രക്രിയക്കുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു പോന്നു. അവരെ സംബന്ധിച്ചിടത്തോളവും ഇത് വിചാരിച്ചതിനേക്കാൾ ശ്രമകരമായിരുന്നു. കേവലം ഗൂഗിൾ ട്രാൻസ്‍ലേറ്ററുടെ പരിധിയിൽ ഒതുങ്ങുന്ന ഉള്ളടക്കമായിരുന്നില്ല ഇതിൽ.
വെറും മുപ്പത്തിനാല് പേജ് അല്ലെ ഉള്ളു എന്ന ആശ്വാസത്തിൽ തുടങ്ങിയ ഞങ്ങൾ അത് തർജമ ചെയ്യാൻ നാല് മാസത്തോളം എടുത്തു. മിക്ക ദിവസങ്ങളിലും രാവിലത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണി വരെ എന്ന ക്രമത്തിൽ ഞാനും സിഷാ മിസ്സും ഓരോ മോഡ്യൂളും വെട്ടിയും തിരുത്തിയും ഊർജിതമായി തർജ്ജമയിലേർപ്പെട്ടു.
എനിക്കേറ്റവും മതിപ്പ് തോന്നിയത് കുന്ദു സാറിന്‍റെ സമീപനമായിരുന്നു. വിചാരിച്ചതിനേക്കാൾ നീണ്ടു പോകുന്നത് കൊണ്ട് തന്നെ ഇടയ്ക്കിടെ വിളിച്ചു അത് പറയാൻ എനിക്ക് ചമ്മലായിരുന്നു. എന്നാൽ വളരെ ലാളിത്യത്തോടു കൂടെ അദ്ദേഹം ഇടയ്ക്കിടെ സുഖ വിവരം അന്വേഷിക്കാൻ വിളിക്കും “എങ്ങനുണ്ട് ഇപ്പൊ കേരളത്തിലെ കോവിഡ് സാഹചര്യം? വീട്ടിൽ എല്ലാവര്ക്കും സുഖമാണോ? ഈ വരുന്ന തിരഞ്ഞെടുപ്പിൽ ആർക്കാണ് സാധ്യത?” എന്നൊക്കെ ആരാഞ്ഞിട്ട്, “നമ്മുടെ തർജ്ജമ എവിടം വരെ ആയി” എന്ന് നിസ്സാരനെ അനേഷിക്കും.
ചമ്മലോടെ സമയമെടുക്കുന്നുണ്ട് എന്ന് പറയുമ്പോൾ “ഓക്കേ ഓക്കേ, അതൊന്നും സാരമില്ലെന്നേ, സമയമെടുത്തു ചെയ്തോളു” എന്ന് ആശ്വസിപ്പിക്കും, ധൈര്യം തരും! താൻ വിഭാവനം ചെയ്ത കോഴ്‌സിലെ മൂല്യങ്ങൾ പ്രവർത്തിയിലൂടെ അദ്ദേഹം എനിക്ക് മനസിലാക്കി തന്നു. ഒരിക്കൽ പോലും മുഷിയുകയോ ദേഷ്യപെടുകയോ ചെയ്യാതെ ക്ഷമയോടെ, പ്രോത്സാഹനത്തോടെ അദ്ദേഹം ഞങ്ങളെ ചേർത്ത് പിടിച്ചു!
എന്താണാവോ നെഗറ്റീവിന്‍റെ മലയാളം?
പറഞ്ഞുവല്ലോ, തർജമ ശരിക്കും വെള്ളം കുടിപ്പിക്കുന്ന ഒന്നായിരുന്നു! ആദ്യ ഘട്ടം കഴിഞ്ഞപ്പോ തന്നെ പദാനുപദ വിവർത്തനം കൊണ്ട് കാര്യമില്ല എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. ആശയം ചോർന്നു പോകാതെ തർജമ ചെയ്യുക എന്നതിലായി പിന്നെ ശ്രദ്ധ. അവിടെയും കീറാമുട്ടിയായി കുറെ വാക്കുകൾ കടന്നുവന്നു. അതിൽ എടുത്ത് പറയേണ്ടത് ‘നെഗറ്റീവ്’ എന്ന വാക്കാണ്! ‘നെഗറ്റീവ് ചിന്തകൾ’, ‘നെഗറ്റീവ് സ്വാധീന ഘടകങ്ങൾ’, ‘നെഗറ്റീവ് ആശയധാര’, എന്നിങ്ങനെ പലതിനെയും നിരാകരിക്കലിലൂടെയേ അഹിംസാത്മക ആശയവിനിമയം ശീലമാകാനും വിജയിപ്പിക്കാനാവു എന്ന് വിവർത്തിക്കുമ്പോൾ ‘നെഗറ്റീവ്’ എന്ന ആംഗലേയ വാക്ക് തന്നെ നിലനിർത്തേണ്ടി വന്നു!
നല്ല ചിന്തകളും ആരോഗ്യകരമായ ജീവിതവും എന്നീ ചിന്തകളിലൂന്നി ആനന്ദത്തിന്‍റെ ഓരോ ലക്കവും എഴുതുന്ന ഈയുള്ളവനിൽ മലയാളത്തിൽ നെഗറ്റീവ് നു ഒരു തത്തുല്യ പദമില്ല എന്ന കണ്ടുപിടിത്തം സമ്മാനിച്ച ആനന്ദം എടുത്തു പറയേണ്ടതില്ലലോ!
തർജ്ജമയിൽ ആംഗലേയത്തിൽ നിസ്സാരം എന്ന് തോന്നിച്ച പല വാക്കുകൾക്കും കനം കൂടി വന്നു. ചില ആശയങ്ങൾ വിശദമാകാൻ തന്നെ ഒരു ഖണ്ഡിക അധികം വേണ്ടി വന്നു. ഇതിനൊക്കെ ഏറ്റവും അധികം ശ്രമപ്പെടേണ്ടി വന്നത് സിഷ മിസ്സിനാണ് (ഞാൻ ഒരു പാവം ആംഗലേയ വാധ്യാരാണല്ലോ! മലയാളം എന്‍റെ രണ്ടാം ഭാഷ മാത്രവും!) അങ്ങനെ എഴുതി എഴുതി വന്നപ്പോൾ മുപ്പത്തിനാല് പേജ് ഇരട്ടിയിലുമധികരിച്ചു എഴുപത്തിയഞ്ച് പേജുകളായി!
പ്രകാശനം- പ്രകാശം പരത്തി!
‘അഹിംസാത്മക ആശയ വിനിമയം’ എന്ന പേരിൽ ഈ കോഴ്സ് മലയാളത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഔപചാരിക ഉദ്ഘാടനം മെയ് 25 , രാവിലെ 11 മണിക്ക് വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്നു. പ്രമുഖ ഗാന്ധിയനും ജി.എസ്.ഡി.എസ്. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ലക്ഷ്മി ദാസ് ആയിരുന്നു വിശിഷ്ടാതിഥി. ലോകത്താകമാനം (അഫ്ഗാനിസ്ഥാനിലും ആഫ്രിക്കയിലുമടക്കം) 70000 പരം ആളുകൾ ഗുണഫലം അനുഭവിച്ച ഈ കോഴ്സിന്‍റെ ഭാഗമാകാനുള്ള ഞങ്ങളുടെ പ്രയത്നത്തെ അദ്ദേഹം പ്രശംസിച്ചു. ഗാന്ധിയനായ പ്രൊഫ.എൻ. രാധാകൃഷ്ണൻ തന്‍റെ മുഖ്യപ്രഭാഷണത്തിൽ ഗാന്ധിയൻ ജീവിതരീതി അവലംബിക്കേണ്ടതിന്‍റെ ആവശ്യകതയെ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
പ്രിയ വായനക്കാരെ, നിങ്ങൾക്കും ഈ കോഴ്‌സിന്‍റെ ഭാഗമാവാവുന്നതാണ്. കോഴ്സ് തികച്ചും സൗജന്യമാണ്. റെജിസ്റ്ററേഷനോ പരീക്ഷകളോ ഒന്നുമില്ല. അഞ്ചാമത്തെ മൊഡ്യുളിന്‍റെ അവസാനം നൽകിയിരിക്കുന്ന ഏഴു വിശകലനാത്മക ചോദ്യങ്ങൾക്ക് 100 വാക്കിൽ കുറയാതെ ഉത്തരം എഴുതി അയക്കുന്ന എല്ലാവര്ക്കും സർട്ടിഫിക്കറ്റ് ലഭിക്കും.
ഗാന്ധിമാർഗം
ഈ കോഴ്സ് തർജമ ചെയ്തതിലൂടെ ഞങ്ങളുടെ ജീവിതത്തോടുള്ള സമീപനത്തിലും കാഴ്ചപ്പാടിലും ഉണ്ടായ മാറ്റം ചില്ലറയല്ല. പ്രത്യേകിച്ചും വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും, നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്തി ശുഭാപ്തി വിശ്വാസത്തോടെ പ്രതിസന്ധികളെ നേരിടുന്നതിലും, സഹജീവിസ്നേഹം വർദ്ധിപ്പിക്കുന്നതിനും ഒക്കെ ഇതൊരു മുതൽക്കൂട്ടായി മാറി.
ജൂലൈയിൽ ഗാന്ധിമാർഗത്തെക്കുറിച്ചെഴുതിയത് അത് കൊണ്ട് കൂടിയാണ്. രാഷ്ട്രപിതാവ് ഓർക്കപ്പെടേണ്ടത് കേവലം ഒക്ടോബറിലും ജനുവരിയിലും മാത്രമല്ല. അദ്ദേഹവും അദ്ദേഹം മുന്നോട്ട് വെച്ച ഗാന്ധിയൻ ആശയങ്ങളും കേവലം നോട്ടിലടിച്ചു വരുന്ന പടങ്ങളിലോ പ്രതിമകളിലോ പുസ്തകത്താളുകളിലോ ഒതുങ്ങി നിൽക്കേണ്ടവയല്ല. ഗാന്ധിയൻ പാത ഗാന്ധിയൻ ജീവിത മാതൃക എന്നതിലുപരി ഒരു ജീവിത രീതി കൂടിയാണ്. ഏവർക്കും അഹിംസാത്മക ആശയവിനിമയം സ്വായത്തമാകുമാറാവട്ടെ.
കാർട്ടൂണിസ്റ്റ് നിപിന്‍ നാരായൺ ഒരിക്കൽ എഴുതിയിരുന്നത് പോലെ “തോക്കുകൾക്കും ബോംബുകൾക്കും പകരം അമേരിക്ക പൂവുകൾ കയറ്റുമതി ചെയ്തിരുന്നെങ്കിൽ ലോകം എത്രമേൽ പ്രണയസുരഭിലമായേനെ!” അഹിംസാത്മക ആശയവിനിമയം നിങ്ങൾക്ക് ഒരു സുസ്ഥിര ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള താക്കോൽ ആവുമാറാവട്ടെ. നന്ദി!