വേനലിന് വിട ചൊല്ലി കൊണ്ട് ഒരു മഴക്കാലം കൂടി… വേനൽക്കാലത്തെന്നപോലെ തന്നെ മഴക്കാലത്തും ചർമ്മസൗന്ദര്യത്തിന് മങ്ങലേൽക്കാറുണ്ട്. ഇതിന് പരമപ്രധാനമായ കാരണം മഴക്കാലത്ത് രോഗപ്രതിരോധശേഷി കുറയുന്നതാണ്. മഴക്കാലത്ത് ശരീരത്തിന് ഏൽക്കുന്ന ചെറുതും വലുതുമായ പല അസ്വസ്ഥതകൾക്കും ഇടവരുത്താം. ദഹനക്കേട്, വയറിളക്കം, പനി, ജലദോഷം, ശ്വാസ സംബന്ധമായ അസുഖങ്ങൾ, ആസ്തമ, എക്സിമ, ചൊറിഞ്ഞ് തടിക്കൽ, കുരുക്കൾ അങ്ങനെ ഒരുപിടി പ്രശ്നങ്ങൾ അതിൽ ഉൾപ്പെടും. അതുപോലെ അന്തരീക്ഷ മലനീകരണവും ജല മലനീകരണവും ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു.
പ്രകൃതിദത്തമായ തിളക്കവും മൃദുത്വവും വൃത്തിയുമുള്ള ചർമ്മത്തിന് ചില ടിപ്സുകളിതാ.
ക്ലൻസിംഗ്
കാലാവസ്ഥ ഏതുമായ്ക്കൊള്ളട്ടെ ചർമ്മം വൃത്തിയായി സൂക്ഷിക്കുകയെന്നത് പരമപ്രധാനമാണ്. ക്ലൻസിംഗിന് വീര്യം കുറഞ്ഞ നാച്ചുറൽ ചേരുവകൾ അടങ്ങിയ ഫേസ്‍വാഷ് ഉപയോഗിക്കാം. അല്ലെങ്കിൽ ഹോം മെയ്ഡ് പായ്ക്കുകൾ ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യാം. തേനും കടലമാവും ചേർത്ത് ഫേസ്വാഷായി ഉപയോഗിക്കാം. കടലമാവും തൈരും ചേർത്ത് ഫേസ് ക്ലീൻ ചെയ്യാം. അതുപോലെ തൈരും തേനും ചേർത്ത് മുഖത്ത് പുരട്ടി അൽപ്പസമയം കഴിഞ്ഞ് കഴുകി കളയാം. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് വേണം ഫേസ്‍വാഷുകൾ തെരഞ്ഞെടുക്കാൻ. മഴക്കാലത്ത് ചർമ്മം കൂടുതൽ വരളുന്നത് തടയാൻ തേൻ നല്ലൊരു ഉപാധിയാണ്. ഓയിലി സ്കിൻ ക്ലീൻ ചെയ്യുന്നതിന് നാരങ്ങാനീര് ചെറിയ അളവിൽ ഹോം മെയ്ഡ് ഫേസ് വാഷിൽ ചേർത്ത് ഉപയോഗിക്കാം.
ടോണിംഗ്
ഈർപ്പം കലർന്ന അന്തരീക്ഷം ചർമ്മസുഷിരങ്ങളിൽ അഴുക്കും മെഴുക്കും നിറയാൻ കാരണമാകാം. അതിനാൽ ചർമ്മം ഹൈഡ്രേറ്റഡ് ആക്കി ചർമ്മത്തിന് ശ്വസിക്കാൻ സഹായിക്കുകയുമാണ് വേണ്ടത്. ഫ്രീ റാഡിക്കലുകൾ ചർമ്മത്തിനകത്ത് പ്രവേശിക്കുന്നത് ഇത് തടയും. മികച്ച ക്വാളിറ്റിയുള്ള ടോണറിൽ പഞ്ഞിമുക്കി മുഖത്ത് അപ്ലൈ ചെയ്യുക. ഒപ്പം കഴുത്തിലും അപ്ലൈ ചെയ്യാൻ മറക്കരുത്.
ധാരാളം വെള്ളം കുടിക്കുക
ചർമ്മം തിളക്കമുള്ളതാക്കാൻ ധാരാളം വെള്ളം കുടിക്കുകയെന്നുള്ളത പ്രധാനമാണ്. ചർമ്മം ഹൈഡ്രേറ്റഡാക്കാനും മൃദുത്വമുള്ളതാകാനും ഇത് സഹായിക്കും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ അകറ്റി നിർത്തും. വെള്ളം ചർമ്മത്തിന് ഹൈഡ്രേഷൻ പകർന്ന് നൽകുമെന്ന് മാത്രമല്ല ചർമ്മത്തിനാവശ്യമായ സ്നിഗ്ദ്ധത നൽകും. ഒപ്പം ടോക്സിനുകളെ പുറന്തള്ളും. ചർമ്മം മുഴുവൻ ദിവസവും ഫ്രഷായിരിക്കുകയും ചെയ്യും.
എക്സ്ഫോളിയേഷൻ
മഴക്കാലത്ത് അത്യാവശ്യമായും ചെയ്‌തിരിക്കേണ്ട ഒന്നാണ് എക്സ്ഫോളിയേഷൻ. ആഴ്ചയിൽ ഒരു തവണ ഉയർന്ന ഗുണനിലവാരമുള്ള എക്സ് ഫോളിയേറ്റിംഗ് സ്ക്രബ്ബ് ഉപയോഗിക്കാം.
ചർമ്മത്തിലെ എക്സസ് ഓയിലിനേയും മൃതചർമ്മത്തേയും അഴുക്കിനേയും ഇത് നീക്കം ചെയ്യും. ഹോം മെയ്ഡ് സ്ക്രബ്ബ് ഉപയോഗിച്ചും സ്കിൻ ക്ലീൻ ചെയ്യാം. ഒരു സ്പൂൺ കോഫി പൗഡറിൽ തൈര് ചേർത്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. അല്ലെങ്കിൽ കോഫി പൗഡറിൽ പഞ്ചസാര പൊടിച്ച് ചേർത്ത് പാൽ അല്ലെങ്കിൽ തൈര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യാം. തേനും പഞ്ചസാര പൊടിച്ചതും അൽപ്പം നാരങ്ങാനീരും ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം. അരിപ്പൊടിയിൽ അൽപ്പം തേൻ, പഞ്ചസാര പൗഡർ, പാൽ അല്ലെങ്കിൽ തൈര് ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം.
മേക്കപ്പ് ഒഴിവാക്കാം
മഴക്കാലത്ത് മേക്കപ്പ് ലൈറ്റായിട്ട് അപ്ലൈ ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാം. ലിപ്ഗ്ലോസ്, പൗഡർ എന്നിവയിൽ മേക്കപ്പ് ഒതുക്കാം. മുഖത്ത് അമിതമായി മേക്കപ്പിടുന്നത് ബാക്ടീരിയകളും മറ്റും കടന്നു കൂടി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.
സൺസ്ക്രീൻ
സൺസ്ക്രീൻ അപ്ലൈ ചെയ്യുകയെന്നുള്ളത് മഴക്കാലത്തും പ്രധാനം തന്നെ. എസ്പിഎഫ് 30 ഉള്ള സൺസ്ക്രീൻ തെരഞ്ഞെടുക്കാം.
ഡ്രൈ സ്കിന്നിന്
പോഷകക്കുറവിന്‍റെ ഫലമായാണ് ചർമ്മം വരണ്ടു പോകുന്നത്. മറ്റൊന്ന് വെള്ളം കുറഞ്ഞയളവിൽ കുടിക്കുന്നതും ഒരു പ്രധാന കാരണമാണ്. ഇക്കാരണങ്ങളെല്ലാം തന്നെ മഴക്കാലത്ത് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ചില ടിപ്സുകൾ ഫോളോ ചെയ്യുക.
- വെള്ളം ധാരാളം കുടിക്കുക.
- മികച്ച ഗുണനിലവാരമുള്ള ക്ലൻസറുകൾ ഉപയോഗിക്കുക.
- ചർമ്മം അടിക്കടി മോയിസ്ച്ചറൈസ് ചെയ്യുക. ചർമ്മോപരിതലം ശരിയായ രീതിയിൽ ഹൈഡ്രേറ്റഡായിരിക്കാൻ ഇത് സഹായിക്കും.
- റോസ്‍വാട്ടർ, ഗ്ലിസറിൻ എന്നിവ ഉപയോഗിക്കാം.
- ആൽക്കഹോൾ ബേസ്ഡ് ആയിട്ടുള്ള ടോണർ ഒഴിവാക്കുക.
ഓയിലി സ്കിൻ
ഹോർമോൺ വ്യവസ്‌ഥയിലുള്ള മാറ്റങ്ങളാണ് ചർമ്മം ഓയിലിയാക്കുന്നതിന് പ്രധാനമായും കാരണങ്ങളാകുക. അതുകൊണ്ട് പൂർണ്ണമായും സ്കിൻ കണ്ടീഷൻ മാറ്റുകയെന്നത് അസാധ്യമായ കാര്യമാണ്. എന്നാലും ചർമ്മ പരിപാലനത്തിലൂടെ ചെറിയ മാറ്റങ്ങൾ കൊണ്ടു വന്ന് ചർമ്മത്തിന് പരിപൂർണ്ണമായ സൗന്ദര്യം പകരാനാവും.
- മുഖം ദിവസവും 3-4 തവണ കഴുകി എക്സസ് ഓയിൽ നീക്കം ചെയ്യുക. അമിതമായി കഴുകരുത്. മുഖം ഡ്രൈ ആകും.
- സ്ക്രബ്ബ് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കാം. അടഞ്ഞ സുഷിരങ്ങൾ തുറന്ന് അഴുക്കും മൃതചർമ്മവും നീങ്ങി കിട്ടും. ഹോംമെയ്ഡ് അല്ലെങ്കിൽ നാച്ചുറൽ സ്ക്രബ്ബുകൾ ഉപയോഗിക്കാം.
- വീര്യം കൂടിയ ക്ലൻസിംഗ് ഉത്പന്ന ങ്ങൾ ഒഴിവാക്കുക.
കോമ്പിനേഷൻ സ്കിൻ
ഓയിലി ചർമ്മവും വരണ്ട ചർമ്മവും ഇടകലർന്നതാണിത്. ചിലർക്ക് മുഖത്ത് ടി ഷെയ്പിലായിട്ടായിരിക്കും ചർമ്മം ഓയിലിയായിരിക്കുക. അതായത് നെറ്റി തുടങ്ങി മൂക്കിന്‍റെ ഇരുവശത്തുമായി ഉള്ള ഭാഗം. അതുകൊണ്ട് ഡ്രൈ ഏരിയ മോയിസ്ച്ചുറൈസ് ചെയ്യേണ്ടത് ആവശ്യമാണ്. അതുപോലെ ഓയിലി പാർട്ട് നന്നായി ക്ലീൻ ചെയ്യുകയും സ്ക്രബ്ബ് ചെയ്യുകയും വേണം.
- ധാരാളം വെള്ളം കുടിക്കുക. ആരോഗ്യവും അഴകും തിളക്കവുമുള്ള ചർമ്മം ലഭിക്കാനുള്ള ഏറ്റവും അനായാസകരമായ മാർഗ്ഗമാണിത്.
- ആന്‍റി ബാക്ടീരിയൽ ഫേസ് വാഷ് ഉപയോഗിച്ച് 2 തവണ മുഖം കഴുകുക.
- നിത്യവും ചർമ്മം മോയിസ്ച്ചുറൈസ് ചെയ്യുക.
- ആഴ്ചയിൽ 2-3 തവണ സ്ക്രബ്ബ് ചെയ്യുക.
- ചർമ്മ സ്വഭാവത്തിനിണങ്ങുന്ന ഫേസ് പായ്ക്കിടുക. ഹോം മെയ്ഡ് പായ്ക്കായാൽ നന്ന്. അല്ലെങ്കിൽ വിപണിയിൽ മികച്ച ഗുണനിലവാരമുള്ള പായ്ക്കുകൾ ലഭ്യമാണ്.
മഴക്കാല ചർമ്മ പരിപാലനം
- സോപ്പ് ചേരാത്ത ക്ലൻസേഴ്സും സ്ക്രബ്ബും ഉപയോഗിക്കുക.
- ആൽക്കഹോൾ ഫ്രീ ടോണർ ഉപയോഗിക്കാം.
- മഴക്കാലത്ത് ഫേഷ്യലുകളും ബ്ലീച്ചിംഗും ചെയ്യാതിരിക്കുന്നതാണ് ഉചിതം. ആവശ്യമെങ്കിൽ വളരെ പരിമിതമായ രീതിയിൽ ചെയ്യാം.
- ചുണ്ടുകൾ വരണ്ടു പൊട്ടുന്നത് തടയാൻ പതിവായി വെണ്ണയോ തേനോ പുരട്ടുക. ഇരുണ്ട നിറത്തിലുള്ള ലിപ്സ്റ്റിക് ഒഴിവാക്കാം.
- ശരീരം മൊത്തം വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ കൃത്യമായി വെട്ടി വെടിപ്പാക്കുക. മാനിക്യൂർ, പെഡിക്യൂർ, വാക്സിംഗ് എന്നിവ ചെയ്യുക.
കേശസംരക്ഷണം
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നിൽക്കുന്നതിനാൽ സൃഷ്ടിക്കുന്നതാൽ ശിരോചർമ്മത്തിൽ ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. താരൻ ശല്യമുണ്ടെങ്കിൽ ഹോട്ട് ഓയിൽ മസാജ് ചെയ്ത് ആന്‍റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ചെമ്പരത്തി താളി, കുറുന്തോട്ടി താളി, ആര്യവേപ്പ് ഇലയും തുളസിയിലയും ഒരുമിച്ച് അരച്ച് എടുത്ത നീര് എന്നിവയിലേതെങ്കിലും തലയിൽ പുരട്ടി 15 മിനിറ്റിനു ശേഷം തല കഴുകാം. താരൻ ശല്യം അകലും. എന്നിട്ടും താരൻ മാറുന്നില്ലെങ്കിൽ ഒരു ചർമ്മരോഗവിദഗ്ദ്ധനെ കണ്ട് വേണ്ട പരിഹാരം തേടാം.
- മഴ നനയേണ്ടി വരുന്ന സാഹചര്യത്തിൽ മുടി ഉണങ്ങും മുമ്പെ ഷാംപൂ ഉപയോഗിച്ച് കഴുകുക.
- ഷാംപൂ ചെയ്യുമ്പോഴൊക്കെ കണ്ടീഷണറും ഉപയോഗിക്കാൻ മറക്കരുത്.
- കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങളേക്കാൾ ഹെർബൽ ചേരുവകളടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കാം.
- മുടി നന്നായി ചീകി ഉടക്ക് മാറ്റുക. മുടി ചീകുന്നത് ശിരോ ചർമ്മത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.
- മുടി ഉണക്കാൻ ഡ്രയർ ഉപയോഗിക്കുന്നതിനുപകരമായി ടവ്വലു കൊണ്ട് മുടി തുവർത്തി ഉണക്കാൻ ശ്രമിക്കുക.
ആരോഗ്യം
ബാഹ്യമായ സൗന്ദര്യം തിളക്കമുള്ളതായി കാണപ്പെടുന്നതിന് ആന്തരീകമായ പരിചരണം ആവശ്യമാണ്. മികച്ച പോഷക സമ്പന്നമായ ഭക്ഷണം നിത്യവും കഴിക്കാൻ ശ്രദ്ധിക്കുക.
- പ്രോട്ടീൻ റിച്ച് ഭക്ഷണം കഴിക്കുക.
- സീസണൽ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവയെല്ലാം തന്നെ നല്ലവണ്ണം കഴുകി വൃത്തിയാക്കി വേണം കഴിക്കാൻ.
- ഫ്രൂട്ട് ജ്യൂസ് കഴിക്കുക. തൈര്, മോര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- അതാത് ദിവസം പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. തലേ ദിവസത്തെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച് പിറ്റേ ദിവസം കഴിക്കുന്നത് ഒഴിവാക്കുക. കൃത്യമായ അളവിൽ ഭക്ഷണം പാകം ചെയ്‌ത് കഴിക്കുകയാണെങ്കിൽ ഭക്ഷണം മിച്ചം വരുന്നത് ഒഴിവാക്കാം.
- മഴക്കാലത്ത് ജലജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വെള്ളം തിളപ്പിച്ചാറ്റിയോ ഫിൽറ്റർ ചെയ്തോ കുടിക്കുക.
ഇളം ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന പല അസ്വസ്ഥതകൾക്കുംപരിഹാരമാണ്.
- മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മല്ലി, ജീരകം എന്നിവ ഭക്ഷണത്തിൽ നല്ലയളവിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനശേഷി മികച്ച രീതിയിലാക്കാനും സഹായിക്കും.
- ഇടയ്ക്ക് ജീരകം, കരിങ്ങാലി, മല്ലി, തുളസിയില എന്നിവയിലെതെങ്കിലുമൊന്ന് ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ആരോഗ്യത്തിനും ദഹനത്തിനും ആന്തരിക ശുചിത്വത്തിനും ഉത്തമമാണിത്.
- പതിവായി വ്യായാമം ചെയ്യുക. ശരീരവും മനസും ഫിറ്റായിരിക്കാൻ വ്യായാമം ഏറെ സഹായിക്കും. ഒപ്പം മാനസികാരോഗ്യവും വർദ്ധിക്കും.