മഴയെല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. പക്ഷേ മൺസൂൺ കാലം സുന്ദരമാണെങ്കിലും നമ്മുടെ പല ദൈനംദിന ചര്യകൾക്ക് അത് മുടക്കം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ചും പ്രഭാത സവാരി അല്ലെങ്കിൽ ജിം വർക്കൗട്ടുകളെ മാത്രവുമല്ല കോവിഡ് മഹാമാരി നടമാടുന്ന ഈ സാഹചര്യത്തിൽ പുറത്ത് പോയുള്ള വ്യായാമങ്ങൾ ഒഴിവാക്കുന്നതുമാണ് കൂടുതൽ സുരക്ഷിതം. നടക്കാനും ഓടാനും ഏറെയിഷ്ടപ്പെടുന്നവരാണെങ്കിൽ അതിന് വീട്ടിലെ വിശാലമായ മുറിയോ മുറ്റമോ ടെറസോ വേദിയാക്കാം. ഇൻഡോർ വ്യായാമങ്ങളിലൂടെ ശരീരത്തിന്‍റെയും മനസിന്‍റെയും ഫിറ്റ്നസ് നിലനിർത്തുകയും ചെയ്യാം. അത്തരം ചില ഫവർ ഫുള്ളായ വ്യായാമങ്ങളെ പരിചയപ്പെടാം.

സ്ട്രച്ചിംഗ്, വാം അപ്പ് എക്സർസൈസുകൾ

വാം അപ്പ് എക്സർസൈസുകൾ ഏറ്റവും അനിവാര്യമായ ഒന്നാണ്. വേഗത്തിലുള്ള നടപ്പോ ജോഗിങ്ങോ മികച്ച വാം അപ്പ് എക്സർസൈസുകളാണ്. ഏത് പ്രായക്കാർക്കും ഇത് ചെയ്യാം. ഹാർട്ട് റേറ്റ് വർദ്ധിപ്പിക്കാനും മസിലുകളെ ഫ്ളക്സിബിളാക്കാനും മികച്ചതാണിത്. വീട്ടിലെ മുതിർന്ന പ്രായക്കാർക്കും അല്ലാത്തവർക്കും അതിരാവിലെ ഇത്തരം വ്യായാമങ്ങൾ ചെയ്യാം. മസിൽ വേദനകളും സന്ധി വേദനകളും കുറയ്ക്കാനും കാലുകളും കൈകളും ശരീരവും കൂടുതൽ വഴക്കമുള്ളതാക്കാനും വാം അപ്പുകൾ നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. വീട്ടിൽ തന്നെ ചെയ്യാവുന്നതാണിത്.

പൈലേറ്റ്സ്

ലോ ഇംപാക്ട് മൂവ്മെന്‍റ്സ് ഉള്ള പൈലേറ്റ്സ് മസിൽ സ്ട്രംഗ്തിനെയും ഫ്ളക്സിബിലിറ്റിയേയും മെച്ചപ്പെടുത്തും. ഓൺലൈനിൽ പൈലേറ്റ്സ് സംബന്ധിയായുള്ള ധാരാളം വീഡിയോകളുണ്ട്. അത്തരം വീഡിയോകൾ നോക്കി ഈ വ്യായാമം പരിശീലിച്ചെടുക്കാവുന്നതാണ്.

കോർ മസിലുകളെ ബലപ്പെടുത്താൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. മൊത്തം ഫിറ്റ്നസ് മെച്ചപ്പെടുത്താൻ മികച്ചതാണ് പൈലേറ്റ്സ്.

മനസും ശരീരവും ചേർന്നുള്ള വർക്കൗട്ടാണ് പൈലേറ്റ്സ്. അതിലുള്ള ഓരോ വ്യായാമവും കോർ മസിലുകളെ ബലപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

പൈലേറ്റ്സ് വിഭാഗത്തിലുള്ള ചില വ്യായാമങ്ങൾ തെരഞ്ഞെടുത്ത് പരിശീലിച്ചെടുക്കാം. ആദ്യമായി ഈ വ്യായാമം ചെയ്യുന്നവർ ഓരോ വ്യായാമവും 30 സെക്കന്‍റു നേരം ചെയ്‌ത് ക്രമേണ സമയം കൂട്ടാം.

ലെഗ് സർക്കിൾ, സിംഗിൾ ലെഗ് സ്ട്രച്ച്, സിസേഴ്സ് കിക്ക്, ക്രിസ് ക്രോസ്, ഡബിൾ ലെഗ് സ്ട്രച്ച് എന്നിവയൊക്കെ യോജിച്ച വ്യായാമങ്ങളാണ്.

സ്പോട്ട് ജോഗിംഗ്

ആർക്കും ചെയ്യാൻ കഴിയുന്ന വളരെ ലളിതമായ ഒരു വ്യായാമമാണിത്. ഓരോ വ്യക്‌തിയുടെയും ശാരീരിക ക്ഷമതയനുസരിച്ച് ഇതിന്‍റെ സ്പീഡ് കൂട്ടിയും കുറച്ചും ക്രമീകരിച്ച് ചെയ്യാം. കലോറി എരിച്ചു കളയാനും ശരീരഭാരം കുറയ്ക്കാനും ഫലവത്തായ ഒന്നാണ് ഇത്.

ജോഗിംഗിന് യോജിച്ച ട്രാക്ക് സ്യൂട്ടും ഷൂസും അണിഞ്ഞ് ഒരേയിടത്തായി ഓടുന്നതാണീ വ്യായാമം. നിവർന്ന് നിന്ന് ചുമലുകൾ ഉയർത്തി വേണം ജോഗിംഗ് ചെയ്യാൻ.

സ്കിപ്പിംഗ്

വളരെ ലളിതമായ ഒരു വ്യായാമമാണിത്. പക്ഷേ ഈ വ്യായാമത്തിന്‍റെ ഫലം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. വെറുമൊരു സ്കിപ്പിംഗ് റോപ്പ് മാത്രം മതി ഈ വ്യായാമത്തിന്, ഫാറ്റ് ബേണിംഗിന് സഹായിക്കുന്ന മികച്ചൊരു കാർഡിയോ വർക്കൗട്ട് ആണിത്. ശരീരത്തിലെ എല്ലാ മസിലുകളിലും ഈ വ്യായാമം ഒരുപോലെ ഫലം ചെയ്യും. സ്കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് പല തരത്തിൽ വ്യായാമം ചെയ്യാം. തുടക്കക്കാർ കഴിവിനനുസരിച്ച് നിർത്താതെ 20-30 തവണ സ്കിപ്പിംഗ് ചെയ്‌ത് ക്രമേണ നമ്പർ വർദ്ധിപ്പിക്കാം.

ഡാൻസ് വർക്കൗട്ട്

വ്യായാമം വളരെ രസകരമായി ചെയ്യുന്ന രീതിയാണിത്. ഇഷ്‌ടപ്പെട്ട മ്യൂസിക്കിനനുസരിച്ച് ശരീരവും കാലുകളും കൈകളും ചലിപ്പിച്ച് വ്യായാമം ചെയ്യാവുന്നതാണ്. ശരീരത്തിന് അഴകാർന്ന ഷെയ്പ് കിട്ടുന്നതിനൊപ്പം അമിതമായ കൊഴുപ്പിനെ അത് എരിച്ചു കളയുകയും ചെയ്യും.

സുംബ

ഒരു ഫുൾബോഡി വർക്കൗട്ട് ആണിത്. മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിന് ശരിയായ ബാലൻസിംഗ് ലഭിക്കാനും സഹായിക്കുന്ന കാർഡിയോ വ്യായാമമാണിത്. ഇത് സംബന്ധിച്ചുള്ള വീഡിയോകൾ നോക്കി സുംബ പരിശീലിക്കാവുന്നതാണ്. വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയും സുംബ വർക്കൗട്ട് ചെയ്യുന്നത് കൂടുതൽ രസം പകരും.

സൂര്യനമസ്കാരം

മനസിനും ശരീരത്തിനും ശക്തിയും ഊർജ്ജവും ഏകാഗ്രതയും ഫ്ളക്സിബിലിറ്റിയും പകരുന്ന മികച്ച വ്യായാമമാണിത്. കുറഞ്ഞത് 5 സൂര്യനമസ്ക്കാരമെങ്കിലും ചെയ്യുന്നത് മികച്ച ഫലം ചെയ്യും.

കോണിപ്പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്

മുകളിലോട്ടും താഴോട്ടും 20-30 തവണ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് മികച്ചൊരു വർക്കൗട്ടാണ്. സ്വയമറിയാതെ തന്നെ ശരീരത്തിന് ഫിറ്റ്നസ് ലഭിക്കാൻ ഈ വ്യായാമം സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മൂന്നാല് സ്റ്റൈപ്പ് സ്പീഡിൽ ഓടിക്കയറി അതേ വേഗത്തിൽ താഴോട്ട് ഇറങ്ങിയും വ്യായാമം ചെയ്യാം. ഫാറ്റ് ബേൺ ചെയ്യുന്നതിനൊപ്പം ബോഡി ഫിറ്റ്നസ് കൂടാൻ ഇത് സഹായിക്കും.

और कहानियां पढ़ने के लिए क्लिक करें...