കോവിഡ് -19, ഓക്സിജൻ ലെവൽ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും ഉത്തരങ്ങളും .
ചോദ്യം – പ്രോൺ പൊസിഷൻ എന്താണ്?
ഉത്തരം – ഇത് ലളിതമായ ഒരു ചികിത്സ രീതി ആണ്. രോഗികൾ കമിഴ്ന്നു കിടന്നു കൊണ്ട് നെഞ്ചും മുഖവും അല്പം ലോവർ പൊസിഷനിൽ വയ്ക്കുന്നു. രോഗിയെ പ്രോൺ പൊസിഷനിൽ കിടത്തുമ്പോൾ അവരുടെ രക്തത്തിൽ ഓക്സിജൻ വിതരണം മെച്ചപ്പെടുന്നു, ഇത് ശ്വസനത്തെ സഹായിക്കുന്നു.
ചോദ്യം – ഓക്സിജന്‍റെ അളവ് കൂട്ടുന്നതിൽ പ്രോൺ പൊസിഷൻ എങ്ങനെ പ്രവർത്തിക്കും?
ഉത്തരം – സാധാരണ നിലയിൽ മുഖവും നെഞ്ചും ഉയർന്നിരിക്കുമ്പോൾ ഹൃദയത്തിന്‍റെ സമ്മർദ്ദം ശ്വാസകോശത്തിന് മുകളിലായി വരുന്നു. ഇതുമൂലം ഹൃദയം ശ്വാസകോശത്തെ അമർത്തുന്നു ശ്വാസകോശം പൂർണ്ണമായും വ്യാപിക്കുകയോ പൂർണ്ണമായി വികസിക്കുകയോ ഇല്ല… പക്ഷേ, നാം കമിഴ്ന്നു കിടക്കുമ്പോൾ ഹൃദയത്തിന്‍റെ ഭാരത്തെ വാരിയെല്ലും നട്ടെല്ലും പിന്തുണയ്ക്കുന്നു.
ഹൃദയം അപ്പോൾ ശ്വാസകോശത്തെ പൂർണ്ണമായും സമ്മർദ്ദത്തിലാക്കുന്നില്ല, ഇത് ശ്വാസകോശങ്ങളെ പൂർണ്ണമായും വികസിതമാക്കുകയും ശരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഓക്സിജൻ വിതരണം ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തുല്യമായി എത്തുന്നത് വളരെ പ്രധാനമാണ്. ഓക്സിജൻ എത്തുന്നത് രക്തചംക്രമണത്തിലൂടെയാണ്. പ്രോൺ പൊസിഷനിൽ , രക്തചംക്രമണം, ഓക്സിജൻ വിതരണം എന്നിവ മികച്ച തലത്തിലാണ്, ഇത് ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ആവശ്യമായ രക്തം എത്തിക്കുന്നു.
വെന്‍റിലേഷനും (ശ്വാസകോശത്തിലേക്കും ശ്വാസകോശ ഭിത്തികൾക്കു പുറത്തേക്കും ഉള്ള വായുപ്രവാഹം) പെർഫ്യൂഷനും (ശ്വാസകോശ ഭിത്തിയുടെ കാപിലറികളിലേക്കുള്ള രക്തയോട്ടം) തമ്മിലുള്ള സന്തുലിതാവസ്ഥക്ക് പ്രോൺ പൊസിഷൻ വളരെ നല്ലതാണ്.
ചോദ്യം – വീട്ടിൽ തന്നെ ചെയ്യാവുന്ന സെൽഫ് പ്രോണിങ് എങ്ങനെ ചെയ്യാം?
ഉത്തരം – ഈ പ്രക്രിയയിലുടനീളം ഓക്സിജന്‍റെ അളവ് അളക്കാൻ ഒരു ഓക്സിമീറ്റർ ഉപയോഗിക്കുക. ഓക്സിജൻ ലെവൽ 94 ൽ താഴെ വരാതെ ശ്രദ്ധിക്കുക.
സ്‍റ്റെപ്പ് 1: 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ കമിഴ്ന്നു കിടക്കുക. രോഗി ഓക്സിജൻ സപ്പോർട്ടിലാണെങ്കിൽ അത് നീക്കം ചെയ്യരുത്, തല ഇടത് / വലത്തേക്ക് തിരിക്കുക. പിന്തുണയ്ക്കായി, തല, നെഞ്ച്, പെൽവിസ് എന്നിവയ്ക്ക് കീഴിൽ തലയിണ വയ്ക്കുക, പക്ഷേ ആമാശയത്തിൽ സമ്മർദ്ദം ഉണ്ടാകരുത്.
സ്‍റ്റെപ്പ് 2: ഇനി ഇടതുവശം വെച്ച് 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ കിടക്കുക.
സ്‍റ്റെപ്പ് 3: 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ എഴുനേറ്റു ചാരി നിവർന്നു കിടക്കുക .
സ്‍റ്റെപ്പ് 4: വലതുവശം വെച്ച് 30 മിനിറ്റ് മുതൽ 2 മണിക്കൂർ കിടക്കുക.
സ്‍റ്റെപ്പ് 5: ഒന്നാമത്തെ സ്‍റ്റെപ്പിലേക്ക് മടങ്ങുക. 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ കമിഴ്ന്നു കിടക്കുക.
ചോദ്യം – എല്ലാ രോഗികൾക്കും പ്രോൺ പൊസിഷൻ വഴി പ്രയോജനം നേടാൻ കഴിയുമോ?
ഉത്തരം – ഇതിന്‍റെ ഗുണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുന്നു., രോഗി പ്രോൺ പൊസിഷൻ ചെയ്ത് കഴിമ്പോൾ മാത്രമേ ഇത് നിർണ്ണയിക്കാൻ കഴിയൂ. ചില ആളുകൾക്ക് പ്രോൺ പൊസിഷനിൽ ഓക്സിജന്‍റെ അളവ് വളരെ മെച്ചപ്പെട്ടതാണ്, എന്നാൽ ചില ആളുകളിൽ ഓക്സിജന്‍റെ അളവിൽ വലിയ വ്യത്യാസം കാണുന്നില്ല.
ചോദ്യം – പ്രോൺ പൊസിഷൻ ആരാണ് ഒഴിവാക്കേണ്ടത്?
ഉത്തരം – പ്രോൺ പൊസിഷൻ താഴെ പറയുന്ന ആളുകൾക്ക് അനുയോജ്യമല്ല.
- ഗർഭിണി
- കഠിനമായ ഹൃദ്രോഗമുള്ള രോഗികൾ
- നട്ടെല്ല് രോഗം,നട്ടെല്ല് ഒടിവുള്ളവർ
- പെൽവിക് പ്രശ്നം ഉള്ള രോഗികൾ.
ചോദ്യം – സ്വയം പ്രോണിങ് സമയത്ത് ശ്രദ്ധിക്കേണ്ടത് എന്താണ്
ഉത്തരം – നിങ്ങൾ വീട്ടിൽ സ്വയം പ്രോൺ പൊസിഷൻ ചെയ്യാൻ നേരം , പ്രധാനപ്പെട്ട ചില കാര്യങ്ങൾ മനസ്സിൽ വയ്ക്കുക.
- ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 2 മണിക്കൂറെങ്കിലും പ്രൊണിംഗ് ചെയ്യുന്നത് ഒഴിവാക്കുക.
- സ്വയം സഹിക്കാൻ കഴിയുന്ന അത്രയും സമയം മാത്രം ആവർത്തിക്കുക. വളരെയധികം സമ്മർദ്ദം ചെലുത്തരുത്.
- രക്തസമ്മർദ്ദവും ശരീരത്തില്‍ ജലാംശവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക.
– ഡോ. രാജേഷ് കുമാർ