1984ലെ മിസ് ഇന്ത്യയായ ജൂഹി ചൗള ഇന്ന് രണ്ട് മക്കളുടെ അമ്മയാണ്. സൗന്ദര്യവും യൗവ്വനവും നിലനിർത്തുന്നതിന്‍റെ രഹസ്യം പുഞ്ചരിയാണെന്ന് ജൂഹി പറയുന്നു. ഈ പുഞ്ചിരി കൊണ്ടാണ് അവർ വെള്ളിത്തരിയിലും വിജയക്കൊടി പാറിച്ചത്. മോഡലിംഗിൽ നിന്ന് അഭിനേത്രിയായ ശേഷം നിർമ്മാതാവിന്‍റെ റോളിലും തിളങ്ങി. ഈ പ്രായത്തിലും സ്റ്റാർഡം നിലനിർത്തുന്ന താരം പേഴ്സണൽ ലൈഫിലെ സന്തോഷങ്ങളും പങ്കിടുന്നു.
വ്യക്‌തിജീവിതവും കരിയറും എങ്ങനെയാണ് ബാലൻസ് ചെയ്തു കൊണ്ടുപോകുന്നത്?
അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്‍റെ കുടുംബത്തോടാണ്. അവരുടെ സഹകരണമില്ലായിരുന്നെങ്കിൽ പ്രോഫഷണൽ ലൈഫിൽ എനിക്കൊരിക്കലും വിജയിക്കാനാവുമായിരുന്നില്ല. കുട്ടികൾ ചെറുതായിരുന്ന സമയത്ത് വരെ നോക്കിയിരുന്നത് എന്‍റെ ഇൻലോസ് ആയിരുന്നു. ഞാൻ ഷൂട്ടിംഗിന് പോകുമ്പോൾ അവരാണ് കുട്ടികളെ നോക്കി വളർത്തിയത്. എനിക്ക് അസുഖം വരുമ്പോഴും എന്‍റെ കൂടെ നിൽക്കും. ഞാനെപ്പോഴും കുടുംബത്തെയാണ് ആശ്രയിച്ചിരുന്നത്. ഏതൊരാൾക്കും തങ്ങളുടെ സ്വന്തക്കാരുടെ സഹകരണമില്ലാതെ ജീവിതത്തിൽ എന്തെങ്കിലും ആകാൻ കഴിയുകയില്ല. എനിക്ക് ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യാനാവില്ല, കുടുംബമാണ് എന്നെ സഹായിച്ചത്. ഞാനവരോട് കടപ്പെട്ടിരിക്കുന്നു. അവരെന്നും എന്‍റെ ഒപ്പമുണ്ട്.
കുട്ടികളെ വളർത്തുന്നതിൽ എന്ത് പേരന്‍റിംഗ് റൂൾസാണ് നിങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നത്?
കുട്ടികളെ സൽസ്വഭാവികളായി വളർത്തിക്കൊണ്ടുവരാൻ കുറേയധികം പേരന്‍റിംഗ് റൂൾസ് ആവശ്യമാണ്. പക്ഷേ എനിക്കെന്തെങ്കിലും ആവശ്യമായി വരുമ്പോൾ അത് താനെ എന്‍റെ തലയിൽ ഉദിക്കാറുണ്ട്. ഞാനൊരിക്കലും എന്‍റെ വിചാരങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. അതവരെ സമ്മർദ്ദത്തിലാക്കും. അവർക്ക് ഇഷ്ടമുള്ള കരിയർ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം നൽകിയിട്ടുണ്ട്. നമ്മുടെ ഇഷ്ടങ്ങൾ അല്ലല്ലോ അവരിലൂടെ പുറത്തുവരേണ്ടത്. അവരുടെ ഇഷ്ടത്തിന് ഞാനൊരിക്കലും എതിരല്ല. നല്ലത് ഞാനവരെ പഠിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അമ്മയുടെ എന്ത് നന്മയാണ് നിങ്ങളുടെ ജീവിതത്തിലും കിട്ടിയിരിക്കുന്നത്?
എന്‍റെ അമ്മ വർക്കിംഗ് വുമൺ ആയിരുന്നു. അമ്മയുടെ ഡ്രസ്സിംഗ് സെൻസ് അപാരമായിരുന്നു. അമ്മ അതിസുന്ദരിയായിരുന്നു. വീടും ജോലിയും കൂൾ ആയി മാനേജ് ചെയ്തു. വലുതാവുമ്പോൾ ഞാനും അമ്മയെപ്പോലെയാകാൻ ആഗ്രഹിച്ചു. അമ്മ ഇന്ന് ഞങ്ങൾക്കൊപ്പമില്ല. അമ്മ എന്നും എന്‍റെ പ്രചോദനമായിരുന്നു. എന്നെ എന്‍റെ ജീവിതം ജീവിക്കാൻ അമ്മ അനുവദിച്ചിരുന്നു. എന്‍റെ കല്യാണം കഴിഞ്ഞ ശേഷവും അമ്മ എന്നോട് പറയാറുണ്ടായിരുന്നത് നിന്‍റെ ആഗ്രഹങ്ങളിൽ നിന്ന് ഒളിച്ചോടരുത് എന്നായിരുന്നു. അമ്മയെപ്പോലെ ഒരു നല്ല അമ്മായിഅമ്മ ആവണം എനിക്ക്.
ജൂഹിയുടെ കുട്ടികൾ സ്റ്റാർ കിഡ്സ് ആണ്. അവരിൽ എന്തുതരം തോന്നൽ ആണ് നിങ്ങൾ സൃഷ്ടിക്കുന്നത്?
അവരുടെ ഹൃദയം ശുദ്ധമാണ്. എനിക്ക് പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യവും അവർ ചെയ്യില്ല. പക്ഷേ തിരുത്തേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഞാനവരെ വഴക്ക് പറയാറുണ്ട്. ചെറുതും വലുതുമായ കാര്യങ്ങൾ വളരെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. അവർ ഉറങ്ങി എഴുന്നേറ്റ ഉടനെ ഭക്ഷണം റെഡിയായിരിക്കും, എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ കാർ റെഡിയായിരിക്കും. അതിനാൽ അവർക്ക് ഈ വക കാര്യങ്ങളുടെ മഹത്വം അറിയില്ലായിരിക്കാം. പക്ഷേ ഈ സൗകര്യങ്ങൾ ലഭിക്കുന്നതിന് എത്രമാത്രം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടെന്ന് ഞാനവരെ പഠിപ്പിച്ചിട്ടുണ്ട്. എന്‍റെ ബാല്യകാലത്ത് അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ പോലും എളുപ്പത്തിൽ കിട്ടിയിരുന്നില്ല. അതിനാൽ അതിന്‍റെയൊക്കെ മൂല്യം എനിക്കറിയാം.
കുടുംബത്തിനൊപ്പം സമയം എങ്ങനെയാണ് ചെലവിടുന്നത്?
സമയം കിട്ടുമ്പോഴെല്ലാം ഞാൻ കുടുംബത്തിനൊപ്പം ചെലവിടാറുണ്ട്. കുട്ടികൾക്കൊപ്പമാവും ഏറെ നേരവും. വീട്ടിൽ കുട്ടികൾക്കൊപ്പം ഇരിക്കുന്നതാണ് ഏറെ സന്തോഷം. എന്‍റെ സാന്നിദ്ധ്യം അവരെയും സന്തോഷിപ്പിക്കാറുണ്ട്. ഞാൻ വീട്ടിൽ ഒരു റൂൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും ഒന്നിച്ചുള്ളപ്പോൾ ഭക്ഷണം കഴിക്കുന്ന നേരത്ത് ഡൈനിംഗ് ടേബിളിൽ മൊബൈലോ പുസ്തകമോ ഉണ്ടാവാൻ പാടില്ല. ഇനി എന്‍റെയോ ഭർത്താവിന്‍റെയോ ഫോൺ അടുത്തെങ്ങാനും ഉണ്ടെങ്കിൽ കുട്ടികൾ വിലക്കും! അതു എനിക്ക് സന്തോഷം തരുന്ന കാര്യമാണ്.
അമ്മയായ ശേഷം പ്രൊഫഷൻ ഉപേക്ഷിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?
അങ്ങനെ തീരുമാനമെടുത്ത അവരുടെ ധൈര്യത്തെ ഞാൻ മാനിക്കുന്നു. ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക് അതിന് സാധിച്ചിട്ടില്ല. ഞാൻ എപ്പോഴും ജോലിയിൽ മുഴുകിയിരിക്കും. ഞാൻ ഫീൽഡ് വിടാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മനസ്സതിന് വഴങ്ങിയില്ലെന്നതാണ് സത്യം.