“ഇനി ഇല്ല…” എന്നു അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ കൂടുതൽ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി.

“നീ എന്‍റേതു മാത്രമാണു മീര…” അദ്ദേഹത്തിന്‍റെ ആ വാക്കുകളിൽ പഴയ ആവേശം തുടിച്ചു നിന്നു. അന്ന് വൈകുന്നേരം അമ്മയുടെ മുറിയിലെത്തി. അമ്മയുടെ ശരീരം തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ ഒരു സ്റ്റൂളിൽ വച്ച പാത്രത്തിലെ ചൂടുവെള്ളത്തിൽ തുണിമുക്കി ഞാനാശരീരമാസകലം തുടച്ചു വൃത്തിയാക്കി. ഏറെ നാളത്തെ ബെഡ് റെസ്റ്റ് അമ്മയുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു. അതുകണ്ട് എന്‍റെ കണ്ണുകൾ നിറഞ്ഞു വന്നു.

അപ്പോഴാണ് അയൽപക്കത്തെ, അമ്മയുടെ ഏതാനും സുഹൃത്തുക്കൾ അങ്ങോട്ടേയ്ക്ക് കയറി വന്നത്. അവരെല്ലാം അമ്മയുടെ പഴയകാല സുഹൃത്തുക്കൾ ആയിരുന്നു. അവർ ചിരിച്ചു കൊണ്ട് എന്നോടും അമ്മയോടും കുശലന്വേഷണം നടത്തി.

“അല്ല ദേവകിയമ്മേ മക്കളെല്ലാം വന്നിട്ടുണ്ടെന്നു തോന്നുന്നു. അല്ലാ ഇതാരാ മീരമോളല്ലെ… ഞങ്ങളെയൊക്കെ മറന്നുവോ?…”

എൺപതിനോടടുത്ത പ്രായമുള്ള അവരിൽ പലരേയും എനിക്ക് പണ്ടേ പരിചയമുള്ളവരായിരുന്നു. എന്‍റെ സുഹൃത്തുക്കളുടെ  അമ്മമാരും കൂടിയായ അവർ അടുത്തെത്തി എന്നെ സൂക്ഷിച്ചു നോക്കിപ്പറഞ്ഞു.

“പ്രായം ഇത്രയുമായിട്ടും മീരയുടെ സൗന്ദര്യത്തിന് ഒരു കുറവുമില്ല. എന്‍റെ ഇന്ദുമോൾ എപ്പോഴും പറയും മീരയുടെ സൗന്ദര്യത്തെപ്പറ്റി. വെറുതെയല്ല, പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന ആ സാറിന് തന്നെക്കണ്ട് അത്രയ്ക്ക് ഇഷ്‌ടമായത്.”

നാണിയമ്മ പറയുന്നതു കേട്ട് ഞാൻ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. അപ്പോൾ അമ്മ ഉത്സാഹത്തോടെ പറയുന്നതു കേട്ടു.

“പണ്ടത്തെ ആ സൗന്ദര്യമൊക്കെ എന്‍റെ മീരമോൾക്ക് എപ്പോഴെ നഷ്ടപ്പെട്ടു. മുട്ടറ്റം എത്തിയിരുന്ന ആ മുടിയ്ക്ക് തന്നെ എന്തൊരു ഭംഗിയായിരുന്നു. ഇപ്പോഴതെല്ലാം കൊഴിഞ്ഞു പോയില്ലെ?…”

“അല്ല വല്ല നാട്ടിലും പോയിക്കിടന്നാൽ അങ്ങിനെയൊക്കെത്തന്നെയെ വരൂ… നമ്മുടെ നാട്ടിലേതു പോലെയൊന്നുമായിരിക്കില്ലല്ലോ അവിടെ. പിന്നെ മനഃപ്രയാസവും കുറച്ചൊന്നുമല്ലല്ലോ അനുഭവിച്ചിട്ടുള്ളത്… ” അമ്മ തുടർന്നു.

“അല്ല… എന്തിനായിരുന്നു ദേവകിയമ്മെ ആ കുട്ടിയെ ആ സാറ് കല്യാണം കഴിച്ചിട്ട് അവിടെ നിന്നും പിടിച്ചു കൊണ്ടു പോന്നത്. അത് കുറച്ചു കഷ്ടമായിപ്പോയിട്ടോ. എങ്കിലും ഒരാളിന്‍റെ കൂടെ അഞ്ചാറു ദിവസം കഴിഞ്ഞ ഒരു പെണ്ണിനെയല്ലേ, ഒരു വിഷമവും കൂടാതെ മറ്റൊരാൾക്കു പിടിച്ച കൊടുത്തത്. അതും പോലീസിന്‍റെ സഹായത്തോടെ പിടിച്ചിറക്കി കൊണ്ടു വന്നിട്ട്. ഇന്നാട്ടിലെങ്ങും കേട്ടു കേൾവി പോലും ഇല്ലാതിരുന്ന കാര്യായിപ്പോയി അത്.” മീനാക്ഷിയമ്മയുടെ വാക്കുകൾ കേട്ട് ഭൂമി തുരന്ന് താഴേയ്ക്കിറങ്ങിപ്പോവുന്നതായി തോന്നി. അമ്മയുടെ മുഖവും വിവർണ്ണമാവുന്നത് ഞാൻ കണ്ടു. പക്ഷേ അമ്മ പെട്ടെന്നു തന്നെ നിയന്ത്രണം വീണ്ടെടുത്ത് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അന്ന് മാധവേട്ടന് അങ്ങിനെയൊക്കെ തോന്നി. അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നീട് പശ്ചാത്താപവും ഉണ്ടായിരുന്നു.” അമ്മ സ്വയം നിയന്ത്രിച്ച് പറഞ്ഞു നിർത്തി.

“അതെയതെ… അക്കാര്യം ഓർക്കുമ്പോൾ ഞങ്ങൾക്കൊക്കെ ഇങ്ങോട്ടുവരാനൊരു നാണക്കേടാ കേട്ടോ. പിന്നെ ദേവകിയമ്മയുടെ മനസ്സു നല്ലതാണല്ലോ എന്നോർത്താ ഞങ്ങളൊക്കെ ഇങ്ങോട്ടു വരുന്നേ. എന്തായാലും ഇപ്പോ സുഖമാണോ കുഞ്ഞെ. എന്താ അയാളുടെ പേര്. വിഷ്ണു നാരായണനെന്നോ മറ്റോ അല്ലേ? ഒരു കോളേജ് പ്രൊഫസർ…”

“അതെ നരേട്ടൻ. അദ്ദേഹത്തിനൊടൊപ്പം എനിക്കു സുഖമാണ്.” മീനാക്ഷിയമ്മയുടെ ചോദ്യം കേട്ട് ഞാൻ വിക്കി വിക്കി പറഞ്ഞു.

“അതെയതെ… ഒരു ഉളിപ്പുമില്ലാതെ രണ്ടു കെട്ടിയേച്ച് പറയുന്നത് കേട്ടില്ലേ? കെട്ടിച്ച അച്‌ഛനും കൊള്ളാം കെട്ടിയ മോളും കൊള്ളാം…”

വീടിനു തൊട്ടപ്പുറത്തുള്ള നാക്കിനെല്ലില്ലാത്ത മേരിചേച്ചിയുടെ വകയായിരുന്നു അത്. എന്തായാലും എല്ലാം കേട്ടപ്പോൾ ചെവി പൊത്തി അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നി. നിമിഷങ്ങൾക്കകം അസഹത്യയോടെ മുറി വിട്ടു പോരുമ്പോൾ മേരി ചേച്ചി പറയുന്നതു കേട്ടു.

“എന്നാലും ഇപ്പഴത്തെ പെണ്ണുങ്ങളുടെ മനക്കട്ടി അപാരം തന്നെ. ഒരാളെ സ്നേഹിച്ച്, കല്യാണം കഴിച്ച് വഞ്ചിച്ചേച്ച് മറ്റൊരാളെ കെട്ടുക. പാവം ആ സാറ്… കുറെ നാൾ ഭ്രാന്തനായി നടന്നെന്നു കേട്ടു…”

എല്ലാം കേട്ട് ക്ഷമയോടെ പ്രതികരിക്കുന്ന അമ്മയുടെ ശബ്ദവും അവൾ കേട്ടു.

“അതിനെല്ലാ കുറ്റവും നിങ്ങൾ മീരമോളുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്തിനാ… ഇവിടത്തെ മാധവേട്ടനാ എല്ലാറ്റിനും കാരണക്കാരൻ.”

“ആ.. അതു ശരിയായിരിക്കാം. പക്ഷേ ഉള്ളതു പറയാമല്ലോ ദേവകിയമ്മെ… ആ പ്രായത്തിൽ പെൺപിള്ളേർക്ക് കുറെ അടക്കോം, ഒതുക്കാം ഒക്കെ വേണം. അതില്ലാതെ പോയതിന്‍റെ കുറ്റമാ മീര അനുഭവിച്ചത്. ഞങ്ങടെ പെണ്മക്കളെയൊക്കെ ഞങ്ങൾ നല്ല നിയന്ത്രണത്തിലാ വളർത്തിയത്. അതുകൊണ്ട് അവരൊന്നും അങ്ങിനെ പോയില്ല.”

എന്തും വെട്ടിത്തുറന്നു പറയുന്ന മേരി എന്ന ആ സ്ത്രീയുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് കല്യാണിയമ്മ പറയുന്നതു കേട്ടു.

“എല്ലാം പഴയ കാര്യങ്ങളല്ലെ മേരി. നമ്മളിനി അതൊക്കെ കുത്തിപ്പൊക്കി വയ്യാതെ കിടക്കുന്ന ദേവകിയെ വേദനിപ്പിക്കുന്നതെന്തിനാ. നമ്മൾ വന്നത് അവളുടെ അസുഖവിവരം അന്വേഷിക്കാനല്ലെ?”

തുടർന്ന് അവർ അമ്മയുടെ അസുഖ വിവരം അന്വേഷിക്കുന്നതു കേട്ടു. വല്ലാതെ അപമാനിതയാക്കപ്പെട്ടതായി തോന്നി. മുറിയിൽ വന്നിരുന്ന് പൊട്ടിക്കരയുമ്പോൾ എല്ലാം കേട്ടു നിന്ന മായ അടുത്ത് വന്ന് സമാശ്വസിപ്പിച്ചു.

“ഇതെല്ലാം നമ്മുടെ നാട്ടുകാരുടെ സ്വഭാവമാണ് ചേച്ചി. ആർക്കെങ്കിലും ഒരു വീഴ്ച പറ്റിയാൽ അവരെ കുത്തി നോവിക്കുക. ഉള്ളതും, ഇല്ലാത്തതും പറഞ്ഞു നടന്ന് രസിക്കുക. ഈ പറയുന്ന മേരി ചേച്ചിയുടെ ഒരു മകൻ മയക്കുമരുന്നിന് അടിമയാ. എന്നിട്ട് അവർ വലിയ നേരസ്‌ഥയായത്. അവനവന്‍റെ കണ്ണിലെ കോലു കണ്ടില്ലാന്ന് നടിച്ച് മറ്റുള്ളോരുടെ കണ്ണിലെ കരടെടുക്കാനാ എല്ലാവർക്കും താൽപര്യം.”

മായ എന്നെ സമാശ്വസിപ്പിക്കാനായി വീണ്ടും അതുമിതും പറഞ്ഞു കൊണ്ടിരുന്നു.എന്നാൽ എന്‍റെ മനസ്സിന്‍റെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിപ്പോയിരുന്നു. അന്യനാട്ടിൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാനിടവരാതിരുന്നതു കൊണ്ട് ഇത്രത്തോളം അപമാനവും, കുറ്റബോധവും സഹിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞു പോയിട്ടും ഞാൻ മറ്റൊരാളുടെ ഭാര്യയായി. രണ്ടുകുട്ടികളുടെ അമ്മയും, മുത്തശ്ശിയുമായി ക്കഴിഞ്ഞിട്ടും പഴയതൊക്കെ ഓർമ്മിക്കുന്ന നാട്ടുകാർ എന്നെ വെറുതെ വിടുവാൻ ഭാവമില്ല.

ഇവിടെ ഇപ്പോൾ അഗ്നിയിൽ ചവുട്ടി നിൽക്കുന്ന പ്രതീതിയാണ് എനിക്കുണ്ടാകുന്നത്. ഉള്ളിലെ പുണ്ണിൽ വീണ്ടും വീണ്ടും കുത്തി രസിക്കുന്നവർ. എന്നെ അഗ്നിയിലെന്ന പോലെ ചുട്ടു നീറ്റുകയും പൊറുക്കാനാവാത്ത പാപമായിരിക്കാം.

എത്ര ജന്മങ്ങൾ കഴിഞ്ഞാലും പരിഹാരമില്ലാത്ത പാപകർമ്മം. ഒരു മനുഷ്യനോടു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം. പക്ഷേ എന്‍റെ അച്‌ഛൻ മൂലം സ്വയമറിയാതെ ചെയ്ത തെറ്റിന് ഞാൻ ഇഞ്ചിഞ്ചായി നീറിയത് കുറച്ചൊന്നുമല്ലല്ലോ.

സ്വന്തം ജീവിതത്തേയും കുടുംബത്തേയും ബലി കഴിച്ച് കുറെനാൾ വിഭ്രാന്തിയിൽ ജീവിക്കുകയും ചെയ്‌തു. ഒടുവിൽ നരേട്ടന്‍റെ സ്നേഹം ഒന്നുമാത്രമാണ് ആ സ്ഥിതിയിൽ നിന്നും എന്നെ കരകയറ്റിയത്.

ഇന്നിപ്പോൾ ഈ നാട്ടിൽ വച്ച് വീണ്ടും ക്രൂശിക്കപ്പെടുമ്പോൾ ആ പഴയ സ്‌ഥിതിയിലേയ്ക്ക് വീണ്ടും വഴുതി വീഴുകയാണെന്ന തോന്നൽ വയ്യ. ഇവിടെ നിന്ന് എത്രയും വേഗം രക്ഷപ്പെടണം. ഈ വീട് ഈ അന്തരീക്ഷം ചുറ്റുപാടുകൾ എല്ലാം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.

ഒരിക്കൽ കൂടി കുടുംബത്തിന് എന്നെ നഷ്ടപ്പെടുവാൻ വയ്യാ. നരേട്ടനെ വേദനിപ്പിക്കുവാനും. അതെ ഇവിടെ ഞാൻ സ്വാർത്ഥയാവുകയാണ്. എല്ലാറ്റിൽ നിന്നും ഓടിയൊളിക്കുവാൻ പഴയതെല്ലാം മറക്കുവാനുള്ള വെമ്പൽ മനസ്സിനെ കീഴടക്കുന്നു. അന്നു രാത്രിയിൽ ധൃതി പിടിച്ച് പെട്ടിയും സാമാനങ്ങളും പായ്ക്കു ചെയ്യുമ്പോൾ മായ അടുത്തു വന്നു ചോദിച്ചു.

“ചേച്ചീ പോകാനുള്ള ഒരുക്കത്തിലാണോ… എന്തിനാ ചേച്ചീ… ഒരു ഭീരുവിനെപ്പോലെ ഈ ഒളിച്ചോടൽ. ചേച്ചി അതിന് തെറ്റൊന്നും ചെയ്‌തിട്ടില്ലല്ലോ.”

“ഇല്ല മോളെ… ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ചേച്ചിയുടെ മനഃസാക്ഷിയും ചേച്ചിയെ ചുട്ടു നീറ്റുന്നുണ്ട്. ചേച്ചിയുടെ കയ്യിൽ നിന്നും വന്നിട്ടുണ്ട് കുറെ തെറ്റുകൾ. അന്ന് മരിക്കേണ്ടി വന്നാൽ പോലും എനിക്ക് മറ്റൊരു വിവാഹത്തിന് വഴങ്ങാതെ ഉറച്ചു നിൽക്കാമായിരുന്നു. പക്ഷേ ഫഹദ്സാറിനെ, അച്‌ഛന്‍റെ സ്വാധീനം കൊണ്ട് ജയിലിലിട്ട് കൊല്ലുമെന്ന സ്‌ഥിതി വന്നപ്പോൾ എനിക്ക് അച്‌ഛന് വഴങ്ങിക്കൊടുക്കാതെ നിവൃത്തിയില്ലെന്നു വന്നു. സാറിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അന്ന്…”

തുടർന്ന് മുഴുമിയ്ക്കാനാകാതെ പൊട്ടിക്കരഞ്ഞ എന്നെ മായ തലോടിക്കൊണ്ടു പറഞ്ഞു.

“സാരമില്ല ചേച്ചീ… പഴയതൊന്നും ഇനി ഓർക്കണ്ട. ഇന്ന് ചേച്ചി ഭാര്യയും അമ്മയുമായവളാണ്. ചേച്ചിയുടെ കുടുംബത്തോടുള്ള നീതിയാണ് ചേച്ചിയ്ക്കിന്ന് വലുത്. പോരാത്തതിന് നരേട്ടൻ ചേച്ചിയെ അത്രമാത്രം സ്നേഹിക്കുകയും ചെയ്യുന്നു.”

“ശരിയാണ് മോളെ… ഇനിയും ഇവിടെ നിന്നാൽ എനിക്കു ഭ്രാന്തു പിടിക്കും. അതാണ് ഞാൻ മടങ്ങി പോകാൻ തീരുമാനിച്ചത്. നീ അമ്മയുടെ കാര്യങ്ങൾ ശരിയ്ക്കു നോക്കണം. നമ്മുടെ അമ്മ ഒരുപാട് പാവമാണ്. നമുക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറായവളാണ്. അമ്മയ്ക്ക് ഒന്നും സംഭവിക്കാതെ നീ നോക്കണം. ചേച്ചി ഇനി ഇങ്ങോട്ട് വരികയില്ല.”

“ശരി ചേച്ചീ… ചേച്ചീ മടങ്ങിപ്പോയ്ക്കോളൂ. അമ്മയുടെ കാര്യങ്ങൾ ഞാൻ നല്ലോണം നോക്കിക്കോളാം. അമ്മയ്ക്കു വേണ്ടിയാണ് ഞാൻ എന്‍റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഇവിടെ വന്നു നിൽക്കുന്നത്.

“അവരെയെല്ലാം ഞാൻ അന്വേഷിച്ചതായി പറയണം. പിന്നെ മഞ്ജുവിനേയും കുടുംബത്തേയും കണ്ടിട്ട് കുറെ നാളുകൾ ആയി. ങാ… ഇനി ഞാനും നരേട്ടനും കൂടി ഒരു യാത്ര പുറപ്പെടുന്നുണ്ട്. അപ്പോൾ നിങ്ങളെയൊക്കെ കാണാൻ അങ്ങോട്ടെയ്ക്ക് വരാം. അപ്പോഴേയ്ക്കും അമ്മയെ സുഖപ്പെടുത്തി നീ ബാംഗ്ലൂർക്ക് കൊണ്ടു പോകണം.”

മായ കുറെ നേരം എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവൾക്കും, മഞ്ജുവിനും എന്നോടുള്ള പഴയ സ്നേഹം ഇപ്പോഴും നിലനിൽക്കുന്നതറിഞ്ഞ് ഞാൻ സന്തോഷിച്ചു. പിറ്റേന്ന് കാലത്ത് പെട്ടിയും സാമാനങ്ങളുമൊരുക്കി ഞാൻ മുറിയിൽ ഏകയായിരിക്കുമ്പോൾ നരേട്ടനും കൃഷ്ണമോളും അങ്ങോട്ടേയ്ക്ക് കടന്നു വന്നു.

“അല്ല… അമ്മ തിരിച്ചു പോകാൻ ഒരുങ്ങുകയാണോ? ഇവിടുത്തെ താമസം മതിയായോ അമ്മയ്ക്ക്?” നരേട്ടന്‍റെ കണ്ണുകളിലെ പകപ്പും കൃഷ്ണമോളുടെ അതിശയോക്തി കലർന്ന ചോദ്യത്തിനും മുന്നിൽ ഞാൻ ഉത്തരമില്ലാതെ നിന്നു. മനസ്സു മൂകമായി മന്ത്രിച്ചു.

അതെ കൃഷ്ണമോളെ… ഒരിക്കൽ കൂടി എനിക്ക് ഇവിടെ നിന്ന് നിർബന്ധപൂർവ്വം പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. ഒരിക്കൽ എന്‍റേതല്ലാത്ത തെറ്റിന് ഈ മണ്ണിൽ നിന്നും നിർബന്ധപൂർവ്വം പടിയിറക്കപ്പെട്ടവളാണ് ഞാൻ. കഴുകൻ കൊത്തി വലിക്കുന്ന ഹൃദയ വേദനയോടെയാണ് ഞാനന്നീ പടികളിറങ്ങിയത്.

ഫഹദ്സാറിനായി ഓരോ നിമിഷവും മിടിയ്ക്കുന്ന ഹൃദയവും പറിച്ചെടുത്തു കൊണ്ട് അന്നെനിക്കീ നാടുവിടേണ്ടി വന്നു. അന്നീ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ അനുഭവേദ്യമായ കോളിളക്കങ്ങൾ അതേ അളവിൽ ഇന്നും മനസ്സിനെ പിന്തുടരുന്നു. അടങ്ങാത്ത മനസ്സിന്‍റെ അശാന്തമായ തിരയിളക്കങ്ങൾ.

ഓർമ്മയുടെ ചുഴിയിൽ ഞാൻ ഇന്നും ഏകയായി നട്ടം തിരിയുന്നു. ആരുടെയൊക്കെയോ ശാപവചനങ്ങൾ എന്‍റെ ഹൃദയത്തെയും ജീവിതത്തെയും വിടാതെ പിന്തുടരുന്നു.

പിടയുന്ന മനസ്സിന്‍റെ ഉണങ്ങാത്ത മുറിവുകൾക്ക് ആരാണ് തൈലം പുരട്ടിത്തലോടാനെത്തുക? ഒരിറ്റു സ്നേഹ ജലത്തിനായി, ആശ്വാസത്തിന്‍റെ കുളിർനീരിനായി തനിക്കിന്നു ചുറ്റും പരതേണ്ടി വന്നിരിക്കുന്നു. അമ്മയൊഴിച്ച് ആരും എന്നെ തിരിച്ചറിയുന്നില്ല. ആരും…. ഒരു പക്ഷെ നരേട്ടൻ പോലും.

അറിയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ആരും കാണാതെ തുടച്ചു നീക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ കൃഷ്ണമോൾ പുറകിൽ നിന്നും പറയുന്നതു കേട്ടു.

“അമ്മയ്ക്കിവിടെ ശ്വാസം മുട്ടിത്തുടങ്ങിയെന്നു തോന്നുന്നു. കരയിൽ പിടിച്ചിട്ട പരൽ മീനിന്‍റെ അവസ്‌ഥയിലാണ് അമ്മയിപ്പോൾ എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ചെയ്തു പോയ തെറ്റുകൾ കൂർത്ത ശരങ്ങൾ പോലെ അമ്മയെ വിടാതെ പിന്തുടരുന്നുണ്ട് അല്ലേ അമ്മേ? നാട്ടുകാരുടെ വക കുത്തുവാക്കുകൾ വേറെയും. ഞാനെല്ലാം മാറി നിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ അമ്മ ഓർക്കേണ്ടതായിരുന്നു. ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്ന്. പ്രത്യേകിച്ച് ഞങ്ങളുടേയും അച്‌ഛന്‍റെയും മനസ്സിനെ…”

കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ കൃഷ്ണമോൾ എന്നെ കുത്തിമുറി വേൽപിക്കുകയാണെന്നു മാത്രം മനസ്സിലായി. അവൾ പറയുന്നതെന്താണെന്ന് അവൾക്കറിയില്ലല്ലോ എന്നും അപ്പോൾ മനസ്സിലോർത്തു. അവളുടെ മുന്നിൽ എന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട അമ്മയായിരുന്നു ഞാൻ. അതിനി മാറുകയില്ലെന്നും മനസ്സിലോർത്തു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...