വീട് നിറയെ വസ്‌തുക്കൾ…… ഒന്നും അടുക്കും ചിട്ടയുമില്ലാതെ ഇരുന്നാലോ ലൈഫ് മൊത്തത്തിൽ ഡള്ളായതു തന്നെ. ഇതിനൊരു മാറ്റം വേണമെന്ന് തോന്നുന്നില്ലെ………. എങ്കിൽ ലളിതമായ ഈ മാർഗ്ഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ. വൃത്തിയും വെടിപ്പുമുള്ള വീട്ടിൽ മിനിമം വസ്‌തുക്കൾ എന്ന രീതിയിൽ പുതിയൊരു ജീവിതം തുടങ്ങാം:-
പാഠം 1 – ഉപയോഗ്യമല്ലാത്തത് ഒഴിവാക്കാം
വീട്ടിൽ ആവശ്യമായ വസ്‌തുക്കൾ ഉണ്ടെന്ന് എല്ലാ ദിവസവും സ്വയം ഓർമ്മിപ്പിക്കുക. ഇനിയും സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നത് തെറ്റല്ലെങ്കിൽ കൂടി അത് നിങ്ങളുടെ ഊർജ്‌ജത്തേയും സമയത്തേയും നഷ്‌ടപ്പെടുത്തുന്നുണ്ടെങ്കിൽ അനാവശ്യമായവ ഒഴിവാക്കാം. വീട്ടിൽ നിന്നും അനാവശ്യമായ വസ്‌തുക്കൾ ഒഴിഞ്ഞു കിട്ടുന്നതോടെ സ്വന്തം സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാൻ ധാരാളം സമയം ലഭിക്കും. ആവശ്യമില്ലാത്ത വസ്‌ത്രങ്ങൾ അനാഥാലയത്തിലേക്ക് ദാനം ചെയ്യാം. അതുപോലെ പഴയ പ്ലാസ്‌റ്റിക് വസ്‌തുക്കൾ വിൽക്കുകയും ചെയ്യാം. ജീവിതത്തെ ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തിൽ പറിച്ചു നടുക.
പാഠം 2- വസ്‌തുക്കളുടെ മൂല്യനിർണയം
വസ്‌തുക്കളുടെ ശരിയായ മൂല്യനിർണയം നടത്തി അവ ഉപേക്ഷിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രിയപ്പെട്ട അമ്മാവൻ വിവാഹ സമ്മാനമായി തന്ന ആന്‍റിക് ചൈന പോട്ടിന്‍റെ വില കൃത്യമായി അറിയുന്നില്ലെങ്കിൽ ഗൂഗിളിൽ അതിന് സമാനമായ ചിത്രങ്ങൾ കണ്ടെത്തി വില നിജപ്പെടുത്താം. അല്ലെങ്കിൽ ഇ-ബേയിലെ ആർട്ട് സെക്ഷനിൽ സെർച്ച് ചെയ്‌ത് മാർക്കറ്റ് വാല്യു കണ്ടുപിടിക്കാം. അതിനു ശേഷം അത് വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്യാം.
പാഠം 3- മികച്ച വസ്‌ത്രങ്ങൾ മാത്രം മതി
ഭൂരിഭാഗം പേരും 80% ത്തിൽ 20% വസ്ത്രങ്ങൾ മാത്രമേ അണിയൂ. അതുകൊണ്ട് സമയ ലാഭത്തിനും ലളിതമായ ജീവിതത്തിനും അലമാരയിൽ എപ്പോഴും ധരിക്കാനിഷ്ടപ്പെടുന്ന മികച്ച വസ്‌ത്രങ്ങൾ മാത്രം അടുക്കി വയ്‌ക്കുക. കാലാവസ്‌ഥയ്‌ക്ക് യോജിച്ചതും ട്രെൻഡിയുമായ വസ്ത്രങ്ങൾ വാർഡ്രോബിൽ സ്റ്റെലായി അടുക്കി വയ്‌ക്കാം. ഇങ്ങനെയാവുമ്പോൾ വസ്‌ത്രങ്ങൾ തെരഞ്ഞ് സമയം നഷ്‌ടപ്പെടുത്തുകയും വേണ്ടല്ലോ……
പാഠം 4- ജങ്ക് ഡ്രോയർ ഒരുക്കാം
ഉപേക്ഷിക്കാൻ മനസ്സില്ലാത്ത ചില പ്രിയപ്പെട്ട വസ്‌തുക്കൾ ഉണ്ടാവുമല്ലോ അവയൊക്കെയും ജങ്ക് ഡ്രോയറിൽ നിക്ഷേപിക്കാം. നിങ്ങളുടെ ജീവിതത്തിലെ മിസ്‌റ്റീരിയസ് ശേഖരമായി ഇരിക്കട്ടെ ഈ ജങ്ക് ഡ്രോയർ. ഇടയ്‌ക്ക് ഓർമ്മകളെ പൊടി തട്ടിയെടുക്കാൻ തോന്നുമ്പോൾ അവ തുറന്നു നോക്കി ആത്മനിർവൃതി അടയാം. പ്രത്യേകിച്ച് എന്തിനു വേണ്ടിയാണീ ഇടമെന്ന് രേഖപ്പെടുത്താത്ത ശേഖരണ സ്‌ഥലമാവണം ഇത്. വൃത്തിയും വെടിപ്പുമുള്ള ഏത് വീട്ടിലും ഇത്തരമൊരു മിസ്റ്റീരിയസ് ശേഖരണ സ്‌ഥലമുണ്ടാവണം. ഓർമ്മകളെ അയവിറക്കാൻ ഇടയ്ക്ക് കിറുക്ക് തോന്നുമ്പോഴൊക്കെ ജങ്ക് ഡ്രോയർ തുറന്ന് പ്രിയപ്പെട്ട വസ്‌തുക്കൾ കൺ കുളിർക്കെ കണ്ട് സന്തോഷിക്കാം.
പാഠം 5- ആവശ്യമില്ലാത്തത് വാങ്ങി കൂട്ടരുത്
ആവശ്യമില്ലാത്ത കുറെ വസ്‌തുക്കൾ വീട്ടിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ പുതിയവ വാങ്ങി കൂട്ടരുത്. പുതിയ വസ്‌തുക്കൾ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഏറ്റവും ആവശ്യമുള്ളതും പ്രചോദിപ്പിക്കുന്നതും പൂർണ്ണമായ സംതൃപ്തി തരുന്നതുമായ വസ്‌തുക്കൾ മാത്രം വാങ്ങാം. സ്വന്തം ജീവിതത്തിലെ ആർക്കിടെക്‌റ്റ് എന്ന നിലയിൽ ജീവിതത്തെ അതിന്‍റെ റൂട്ട് ലെവലിൽ നിന്നും നിങ്ങൾക്ക് ഡിസൈൻ ചെയ്യാം.
പാഠം 6- ജോലിയ്‌ക്കും ടൈംടേബിൾ വേണം
ജോലി പകുതിക്ക് ഉപേക്ഷിക്കുന്നത് ജോലി കുന്നുകൂടാനും പിന്നീട് അത് ചെയ്‌ത് തീർക്കാൻ മടി തോന്നാനും ഇടയാക്കും. ഓരോ ജോലിയും കൃത്യമായി ചെയ്‌ത് തീർക്കുക പ്രധാനമാണ്. ഭക്ഷണം കഴിച്ച പ്ലെയിറ്റ് സിങ്കിൽ നിക്ഷേപിക്കാതെ അതപ്പോൾ തന്നെ വൃത്തിയായി കഴുകി സ്‌റ്റാൻഡിൽ വയ്‌ക്കുന്നത് ജോലി എളുപ്പമാക്കും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ വസ്ത്രങ്ങൾ വൃത്തിയായി ഹാങ്കറിൽ തൂക്കിയിടുകയോ ലോണ്ട്രിയിൽ നിക്ഷേപിക്കുകയോ ചെയ്യാം. ബില്ലുകളും പേപ്പറുകളും കത്തുകളും ടേബിളിന് പുറത്ത് കുന്നു കൂടാൻ അനുവദിക്കരുത്. അത്യാവശ്യമുള്ളവ കൃത്യമായി ഫയൽ ചെയ്‌ത് വച്ചിട്ട് ബാക്കിയുള്ളവ കളയുക.
പാഠം 7- ഉപയോഗമില്ലാത്തവ കൈമാറാം
പ്രിയപ്പെട്ട കൂട്ടുകാരെ വീട്ടിൽ ക്ഷണിച്ചുവരുത്തി നിങ്ങൾക്കാവശ്യമില്ലാത്ത വസ്‌തുക്കൾ വിൽക്കുക. കൂട്ടുകാരെ ഒരു മാസം മുമ്പ് തന്നെ വിൽപന വിവരം അറിയിക്കാം. അവർക്കും ആവശ്യമില്ലാത്ത വസ്‌തുക്കൾ വീട്ടിലുണ്ടെങ്കിൽ അവ കണ്ടെത്താനുള്ള സമയമാണിത്. വൃത്തിയുള്ളതും പ്രവർത്തന യോഗ്യവുമായ ടോസ്‌റ്റർ, എക്സ്ട്രാ യോഗ മാറ്റ് എന്നിങ്ങനെയുള്ള വസ്‌തുക്കളവണം വിൽപനയ്‌ക്ക് വയ്‌ക്കേണ്ടത്. എല്ലാവരും കൊണ്ടുവരുന്ന വസ്‌തുക്കൾ ടേബിളിൽ ഡിസ്പ്ലേ ചെയ്‌ത് വിൽപന നടത്താം.
പാഠം 8- മനസ്സിനിഷ്ടപ്പെട്ടത് ഒഴിവാക്കാൻ വിഷമമുണ്ടെങ്കിൽ
ചില വസ്‌തുക്കളോടുള്ള വൈകാരികാടുപ്പം മൂലം ഉപേക്ഷിക്കാൻ വിഷമം തോന്നുന്നുണ്ടെങ്കിൽ ദൃഢപ്രതിജ്‌ഞയെടുക്കുക.
- പഴകിപ്പോയ പട്ടുസാരി പണ്ട് അമ്മ സമ്മാനിച്ചതാണെങ്കിൽ കൂടി അത് നിങ്ങളുടെ അമ്മയല്ലെന്ന തോന്നൽ മനസ്സിലുറപ്പിച്ച് ഉപേക്ഷിക്കുക.
- നിങ്ങൾക്ക് എല്ലാ വസ്‌തുക്കളും സൂക്ഷിക്കാൻ പരിമിതമായ സ്‌ഥലം മാത്രമേയുള്ളൂ.
- പിന്നീട് എല്ലാം ശരിയാക്കാമെന്ന് കരുതി മാറ്റി വയ്‌ക്കുന്ന വസ്‌തുക്കൾ കുന്നുകൂടി വലിയൊരു കൂമ്പാരമാകും. ഇക്കാര്യം ഓർക്കുക.
- നിരപ്പാർന്ന ഇടങ്ങൾ സാധനങ്ങൾ ശേഖരിച്ച് വയ്‌ക്കാനുള്ള ഇടമല്ല.
- വീട്ടിലുള്ള ഓരോ വസ്‌തുക്കളും ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് വെളിപ്പെടുത്തുന്നു.
പാഠം 9- വീടിന്‍റെ അടുക്കും ചിട്ടയും
മേശമേൽ ഉള്ള കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ടാബ്‍ലറ്റുമെല്ലാം ആകെ അടുക്കും ചിട്ടയുമില്ലാതെ ലിവിംഗ് റൂമിൽ അസ്വസ്‌ഥത ഉള്ളവാക്കുന്നുണ്ടെങ്കിൽ അവയെല്ലാം ആദ്യം നന്നായി തുടച്ച് വൃത്തിയാക്കുക
ടേബിളിൽ ചിട്ടയോടെ ക്രമീകരിക്കുക. അനായാസം കൈകാര്യം ചെയ്യാനും കാണാവുന്നതുമായ രീതിയിൽ ഭംഗിയായി ക്രമീകരിക്കാം. ഡസ്ക്ടോപ്പ് ഐക്കണുകളെല്ലാം ഓർഗനൈസ് ചെയ്യാം. ഫോട്ടോയും പാസ്‌വേർഡും ക്രമീകരിക്കുന്നതുപോലെ എല്ലാം സ്വന്തം സൗകര്യമനുസരിച്ചാവണം ക്രമീകരിക്കേണ്ടത്. സിസ്റ്റം മൊത്തത്തിൽ അപ്ഡേറ്റ് ചെയ്‌ത് ജോലി എളുപ്പമുള്ളതാക്കുക.
പാഠം 10- സാധനങ്ങള്‍ ശരിയായ സ്‌ഥാനത്ത്
സ്‌പൂണിനായാലും ഗ്ലാസിയാലും എല്ലാറ്റിനും വീട്ടിൽ അതാത് സ്‌ഥാനങ്ങളുണ്ട്. സ്‌പൂൺ സോഫയ്‌ക്ക് അടിയിലോ ബെഡ്റൂമിലെ ഷെൽഫിലോ കണ്ടെത്തിയാൽ ഉടൻ അത് കൃത്യമായ സ്ഥാനത്ത് വെയ്‌ക്കുക. എല്ലാ സാധനങ്ങളും അതാതിടത്ത് വൃത്തിയായി ക്രമീകരിച്ച് വയ്‌ക്കുക വഴി സമയം ലാഭിക്കാം. ജോലിയും അത് എളുപ്പമാക്കുമല്ലോ.
പാഠം 11- ഒഴിവാക്കേണ്ടവ പടിയ്‌ക്ക് പുറത്ത്
- ഉപയോഗ ശൂന്യമായ ഉപകരണങ്ങൾ
- കുട്ടികൾ മുതിർന്നവരായെങ്കിൽ അവരുപയോഗിച്ച കളിപ്പാട്ടങ്ങളും പുസ്‌തകങ്ങളും.
- പഴയ പാത്രങ്ങൾ, മാഗസിനുകൾ.
- മറ്റ് ഉപയോഗശൂന്യമായ വസ്‌തുക്കൾ
പാഠം 12- ഫ്രിഡ്ജിൽ ആവശ്യമുള്ളത് മതി
ഫ്രിഡ്ജിൽ പഴയതും പുതിയതുമായ ഭക്ഷ്യവസ്‌തുക്കൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെങ്കിൽ പഴകിയവ തീർത്തും ഒഴിവാക്കുക. ഭക്ഷണം മിച്ചം വരാത്ത രീതിയിൽ പാകം ചെയ്‌ത് കഴിക്കുക.
പാഠം 13- പുതിയ അനുഭവങ്ങൾ തേടാം
ഹോം ക്ലീനിംഗ് പോലെ പ്രധാനമാണ് സ്വന്തം മനസ്സും റിഫ്രഷാക്കുകയെന്നത്. നമുക്ക് കുഴഞ്ഞുമറിഞ്ഞ കാര്യങ്ങളും അനുഭവങ്ങളുമെല്ലാം ഉണ്ടാവും. ദിവസം ചെല്ലുതോറും ഇത്തരം ധാരാളം കാര്യങ്ങൾ സ്വാഭാവികമായും മനസ്സിൽ കടന്നുകൂടും. ചിലപ്പോൾ അത്തരം അനുഭവങ്ങൾ വേദനയോ നിരാശയോ ഉണ്ടാക്കാം. അല്ലെങ്കിൽ സന്തോഷം ജനിപ്പിക്കാം. പണ്ട് സന്തോഷിപ്പിച്ച അനുഭവങ്ങൾ നിങ്ങളെ എപ്പോഴും സന്തോഷിപ്പിക്കണമെന്നില്ല. അതുകൊണ്ട് മനസ്സിനെ റിഫ്രഷാക്കുന്ന പുതിയ അനുഭവങ്ങൾ തേടി പോവുക. പുതിയ സൗഹൃദങ്ങൾ, പുസ്‌തകങ്ങൾ, യാത്ര, ഒത്തുചേരലുകൾ എന്നിവയെല്ലാം മനസ്സിന് പുത്തനുണർവും ഊർജ്‌ജവും പകരും.
എല്ലാം അടുക്കും ചിട്ടയുമുള്ളതാക്കുകയെന്നാൽ പിന്നീടുള്ള ജോലി എളുപ്പമായി ചെയ്യാനുള്ള അവസരമായി എന്നു വേണം കരുതാൻ. ജോലി ഭാരമില്ലാതെ വീട്ടിൽ റിലാക്‌സായിരിക്കാൻ അടുക്കും ചിട്ടകളുള്ള ശീലം സഹായിക്കുമല്ലോ. ജീവിതം ഈസിയാക്കാനുള്ള പാഠങ്ങൾ ഇന്ന് തന്നെ അപ്ലെ ചെയ്‌ത് തുടങ്ങിക്കോളൂ…….. അതുവഴി ജീവിതത്തിന് പുതിയൊരു താളവും ഈണവുമാണ് ലഭിക്കുക. ഒപ്പം നമ്മൾ സ്വയം സ്നേഹിക്കുന്നതുപോലെ വീടിനേയും സ്നേഹിച്ചു പോകും.