രാത്രിയിൽ നല്ല മഴയായിരുന്നു. നല്ല കാറ്റും. വേനലിലെ ആദ്യത്തെ മഴ. മഴയുടെ താളം ശ്രവിച്ച് സീത വെറുതെ ഓരോന്നോർത്തു കിടക്കുകയായിരുന്നു. ഒട്ടും ഉറക്കം വന്നതേയില്ല. രാവിലെ അവൾ നേരത്തെ എഴുന്നേറ്റു.

ഞായറാഴ്ചയാണ്. ഒരുപാടു ജോലികൾ ചെയ്‌തു തീർക്കാനുണ്ട്. അവധിയുടെ ആലസ്യമാണോ പുതുമഴ സമ്മാനിച്ച കുളിരാണോ എന്താണെന്നറിയില്ല രഘുനാഥൻ മൂടി പുതച്ചു കിടന്നു നല്ല ഉറക്കത്തിലാണ്.

ഇത് എങ്ങനെയൊക്കെയാണ് ഈ കിടക്കുന്നത്… കൊച്ചു കുട്ടികളെക്കാൾ കഷ്ടമായിട്ട് സ്‌ഥാനം തെറ്റിക്കിടന്നിരുന്ന അയാളുടെ വസ്ത്രം അവൾ ശരിക്ക് പിടിച്ചിട്ടു. കിടക്കയിൽ നിന്നും വഴുതി പോയ തലയിണ നേരെ വച്ചു കൊടുത്തു. മധുരതരമായ ഏതോ സ്വപ്നം കണ്ടിട്ടെന്നവണ്ണം ഒരു ചെറുപുഞ്ചിരി ഇടക്കിടയ്ക്ക് അയാളുടെ ചുണ്ടിൽ മിന്നിമറയുന്നുണ്ട്. അതും നോക്കി സീത കട്ടിലിന്‍റെ ഓരം ചേർന്ന് വേറുതെയങ്ങനെയിരുന്നു.

പണ്ട് രഘുനാഥനോടൊപ്പം ചെലവഴിച്ച ഞായറാഴ്ചകളിലെ പുലർച്ചകളെപ്പറ്റി അവൾ ഓർത്തു. രണ്ടുപേരും പരസ്പരം കെട്ടിപ്പിണഞ്ഞു ഓരോരോ കുസൃതിത്തരങ്ങളും കാട്ടി അങ്ങനെ കിടക്കും. ആരുടേയും ഒരു ശല്യമോ, ബഹളമോ ഒന്നുമില്ലാതെ. നഗരം നേർത്ത് നേർത്ത് വന്ന് അവസാനിക്കുന്നിടത്ത് ഗ്രാമത്തിന്‍റെ ശാലീന സൗന്ദര്യമുള്ള ഒരു കൊച്ചു വീട്ടിൽ അവർ രണ്ടേ രണ്ടുപേർ മാത്രം. ഉച്ചിയിൽ വെയിൽ വന്നു വീഴുമ്പോഴാകും എഴുന്നേൽക്കുക. അതുപോലെ ഒരിക്കൽ കൂടി കുറച്ച് നേരം മനസ്സും ശരീരവും ഒന്നായി അയാളെ ഇറുകെ പുണർന്ന് കിടക്കുവാൻ അവൾ അതിയായി മോഹിച്ചു. പക്ഷേ…?

മുടി വാരിക്കെട്ടി അവൾ ഒരു നെടുവീർപ്പോടെ പുറത്തേക്കിറങ്ങി. വിചാരിച്ചതു പോലെ മുറ്റം മുഴുവൻ കാറ്റും മഴയും ചേർന്ന് ഒരു യുദ്ധം നടത്തിയതു പോലുണ്ട്. മുറ്റത്തെ മൂവാണ്ടൻ മാവിന്‍റെ ഒരു കൊമ്പൊടിഞ്ഞു അതിൽ തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മുറ്റമടിച്ചു വൃത്തിയാക്കിയപ്പോഴേക്കും ആകെ കുഴഞ്ഞു പോയി. അവൾ പിന്നെ അകത്തു ചെന്ന് പുരയ്ക്കകം മുഴുവൻ തൂത്ത് തുടച്ചു, കർട്ടൻ വിരികൾ നേരയാക്കി അവിടെയും ഇവിടെയും അലക്ഷ്യമായി കിടന്നിരുന്ന സാധനങ്ങളും, പഴയ പത്രമാസികകളുമെല്ലാം അടുക്കി വച്ച് എല്ലാത്തിനുമൊരു ചിട്ട വരുത്തി. പിന്നെ അടുക്കളയിൽ ചെന്ന് പ്രഭാത ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായി.

രഘുനാഥിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും, മുട്ടക്കറിയുമുണ്ടാക്കി ഹോട്ട് ഡിഷിലാക്കി അവൾ ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു അപ്പോഴേക്കും അടുപ്പത്തു വച്ചിരുന്ന വെള്ളം തിളച്ചു. അതിൽ അരി കഴുകി വാരിയിട്ടു, കറിക്കരിഞ്ഞു, ഫ്രിഡ്ജിൽ മുളക് തേച്ച് വച്ചിരുന്ന മീനെടുത്തു വറുത്ത് എല്ലാം കഴിഞ്ഞ് വന്നു നോക്കുമ്പോഴും രഘുനാഥൻ ഉണർന്നിട്ടില്ല. കട്ടിലിൽ കിടന്നു അയാൾ ഭ്രമണം ചെയ്യുകയാണെന്നു അവൾക്കു തോന്നി.

അവൾ അയാളെ വിളിക്കാനൊന്നും പോയില്ല. അവധിയല്ലേ… ഓഫീസിലൊന്നും പോകണ്ടല്ലോ. ഉണരുമ്പോൾ ഉണരട്ടെയെന്നു വിചാരിച്ചു.

പ്രതീക്ഷിച്ചതിലും നേരത്തെ ജോലികൾ എല്ലാം തീർന്നു. ഒന്നു രണ്ടു ഡ്രസ്സുകൾ കൂടി നനച്ചിടാമെന്നു വച്ചു അവൾ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ നോക്കി ഹാംഗറിൽ നിന്നും എടുത്തുകൊണ്ടു പോയി. പോകുന്ന വഴിക്ക് ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് താഴെ വീണു.

ഒരു വർണ്ണക്കടലാസ്. അവൾ അതിലൂടെ നിസംഗതയോടെ കണ്ണുകളോടിച്ചു. നഗരത്തിലെ പ്രശസ്തമായ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ആർക്കോ ചുരീദാറോ മറ്റോ വാങ്ങിയതിന്‍റെ ബില്ലാണത്. അവൾ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കാനൊന്നും നിന്നില്ല. ആ പേപ്പർ മടക്കി പോക്കറ്റിലിട്ട് അവളത് അതേ പടി ഹാംഗറിൽ കൊണ്ടു പോയി തൂക്കി.

വെള്ളത്തിൽ മുക്കുന്നതിന് മുമ്പ് അത് കണ്ടത് നന്നായെന്ന് അവൾ വിചാരിച്ചു. അപ്പോൾ കൃത്യം പോലെ രഘുനാഥന്‍റെ ഫോൺ വിളറി പിടിച്ച് ഗൗളിയെപ്പോലെ ചിലച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഒരു വിളിയുള്ളതാണ്. ഏതോ ഒരു രേണുകയോ മറ്റോ ആണ്. രഘുനാഥന് ഗുഡ്മോണിംഗ് പറയാൻ വേണ്ടി വിളിക്കുന്നതാണ്.

കൂട്ടത്തിൽ രാത്രിയിൽ നന്നായി ഉറങ്ങിയോ? രാവിലെ എന്താണ് കഴിച്ചത്? ഓഫീസിൽ വരുമ്പോൾ ഏത് ഷർട്ടാണിടുന്നത്? ഉച്ചയ്ക്ക് ചോറിന്‍റെ കൂടെ എന്തൊക്കെയുണ്ടാകും കൂട്ടാൻ? അങ്ങനെ നിർദോഷമായ ചില അന്വേഷണങ്ങളും ഉണ്ടാകും. അതെല്ലാം പരിഭ്രമം പിടിച്ച നോട്ടങ്ങളിൽ, അമർത്തിപ്പിടിച്ച മൂളലുകളിൽ ഒളിക്കാൻ നോക്കുന്ന സുഖദമായ ഞരങ്ങലുകളിൽ മണക്കാതെ മണത്തും, കേൾക്കാതെ കേട്ടും അവൾ പണ്ടേ രഘുനാഥന്‍റെ മുഖത്ത് നിന്ന് വായിച്ചെടുത്തിട്ടുള്ളതാണ്.

ഫോൺ നിറുത്താതെ റിംഗ് ചെയ്‌തു കൊണ്ടിരുന്നെങ്കിലും അവളത് എടുക്കാനൊന്നും പോയില്ല. ഉദ്ദേശിച്ച ആളല്ല എടുക്കുന്നതെങ്കിൽ അങ്ങേത്തലയ്ക്കൽ ഒരു മഹാ മൗനമായിരിക്കും മറുപടി. വെറുതെ മറ്റുള്ളവരെ കൂടി എന്തിന് അർദ്ധവിരാമത്തിന്‍റെ മുൾമുനയിൽ നിർത്തണം?

വസ്ത്രങ്ങൾ അലക്കി വിരിച്ചിട്ടു പിന്നെ കുളിച്ചു ഈറൻ മാറാത്ത മുടിയുമായി അകത്തെത്തിയപ്പോഴേക്കും രഘുനാഥൻ എഴുന്നേറ്റ് പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു. വാതിൽപ്പടി ചാരി ശിരസ്സ് കുനിച്ചു ഏതോ ചിന്തയിലാണ്ട് അവൾ കുറേ നേരം അയാൾക്കു മുന്നിൽ തന്നെ നിന്നു.

രഘുനാഥൻ പ്രാതൽ കഴിക്കുന്നതിനോടൊപ്പം കൈയിലിരുന്ന പത്രത്തിന്‍റെ നിർജീവങ്ങളായ കോളങ്ങളിലേക്ക് നോക്കിയതല്ലാതെ അവളെ ശ്രദ്ധിച്ചതേയില്ല. മുഖമുയർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഞാൻ പോകുകയാണ്. ഇനി വരില്ല… ഒരിക്കലും…” അവൾ പറഞ്ഞു. അയാളത് കേട്ടതായി ഭാവിച്ചില്ല. പത്രത്തിലെ മാട്രിമോണിയൽ കോളത്തിലെ ഏതോ കോളത്തിൽ മിഴിനട്ടിരിക്കുകയായിരുന്നു അയാളപ്പോൾ. അയാളുടെ മറുപടി പ്രതീക്ഷിച്ചിട്ടാണെന്നു തോന്നുന്നു പിന്നെയും കുറേനേരം അവൾ അവിടെ തന്നെ നിന്നത്.

രാവിലത്തെ ഒരുക്കം കണ്ടപ്പോൾ അയാൾ വിചാരിച്ചത് അവളേതോ അമ്പലത്തിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ്. അവളിങ്ങനെ ദിവസോം അമ്പലത്തിൽ പോകുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളതെന്നു അയാൾ പുച്ഛത്തോടെ ചിന്തിക്കുകയും ചെയ്‌തു. പ്രാതൽ കഴിഞ്ഞു രഘുനാഥൻ എഴുന്നേറ്റു കൈ കഴുകി വന്നു വീണ്ടും പത്രതാളുകളിലേക്ക് മുഖം പൂഴ്ത്തി.

“ബസ്സ് എപ്പോഴോണ്ട്?” അതിനിടയ്ക്ക് അയാൾ ചോദിച്ചു.

“ബസ്സല്ല, ട്രെയിന് പോകുകയാണ്. അതാണ് സുഖം” അവൾ പറഞ്ഞു.

“പോകനെല്ലാം ഒരുക്കിയോ?”

“ഇല്ല ഒരുക്കാനൊന്നുമില്ല”

“എടുക്കാനുള്ളതെല്ലാം മറക്കാതെ എടുത്തോളണം” അയാളുടെ വാക്കുകളിൽ എന്തോ കാർക്കശ്യമുണ്ടായിരുന്നതു പോലെ.

അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ മനഃപൂർവ്വം ചോദിച്ചില്ല. അവൾക്കു പോകാൻ അധികമിടമൊന്നും ഇല്ലെന്ന് അയാൾക്കും അറിവുള്ളതായിരുന്നുവല്ലോ.

അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അച്‌ഛൻ പട്ടാളത്തിൽ ഭേദപ്പെട്ട റാങ്കുള്ള ഒരുദ്യോഗസ്‌ഥനായിരുന്നു. അവളെ വിവാഹം കഴിച്ചയച്ചതിനു ശേഷം അയാൾ മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ കെട്ടി ജോലി സ്‌ഥലത്തേക്ക് കൊണ്ടു പോയി. അതോടു കൂടി അയാളും അവളെക്കുറിച്ച് അന്വേഷിക്കാതെയായി. മകളെ ഒരു സർക്കാർ ഉദ്യോഗസ്‌ഥന് വിവാഹം കഴിച്ചു കൊടുത്തതോടെ അവളുടെ ജീവിതം സുരക്ഷിതമായെന്ന് അയാളും വിചാരിച്ചു കാണണം.

സീത പിന്നീടു അവിടെ നിന്നില്ല. അവൾ കണ്ണ് തുടച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് പോകാനെല്ലാം ഒരുക്കി. ഒരു സ്യൂട്ട് കേസിലും ഒരു ചെറിയ ബാഗിലും കൊള്ളാവുന്ന സാധനങ്ങൾ മാത്രമേ അവളുടേതായിട്ട് ഉണ്ടായിരുന്നുള്ളൂ. പെട്ടന്നവൾ എന്തോ ഓർത്തിട്ടെന്നവണ്ണം അലമാര തുറന്നു അവരുടെ വിവാഹ ആൽബം പുറത്തെടുത്തു.

“ഞാനിതിൽ നിന്നും ഒരു ഫോട്ടോ എടുക്കുകയാണ്” അവൾ പറഞ്ഞു. ഒരു ഫോട്ടോയല്ല ആ ആൽബം തന്നെ എടുത്തോളാൻ അയാൾ പറഞ്ഞു. അവളത് ഭദ്രമായി പൊതിഞ്ഞു ബാഗിനകത്തു വച്ചു. പിന്നെ നിലക്കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്ന് വിവാഹത്തിന്‍റെ ആദ്യ വാർഷിക ദിനത്തിൽ രഘുനാഥൻ സമ്മാനിച്ച ചുവപ്പിൽ ഇളം പൂക്കളുള്ള പട്ടുസാരിയെടുത്ത് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാൻ തുടങ്ങി. പത്രം വായിക്കുന്നു എന്നാ ഭാവേനെ രഘുനാഥൻ അത് അസഹ്യതയോടെ നോക്കിയിരുന്നു. “ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണന്നറിയുമോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പിടികിട്ടി. എങ്കിലും അയാൾ അജ്‌ഞത നടിച്ചു.

“ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. ഏഴു വർഷങ്ങൾക്കു മുമ്പ് ഇതേ പോലൊരു ദിവസമാണ് ഞാനാദ്യമായി നിങ്ങളോടൊപ്പം ഈ വീടിന്‍റെ പടി ചവിട്ടുന്നത്. അതെല്ലാം ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു.”

രഘുനാഥൻ പരമ പുച്ഛത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു.

“കുറെനാളായി അമ്മാതിരി കാര്യങ്ങളൊന്നും ഓർക്കാൻ ഞാനിഷ്ടപ്പെടുന്നതേയില്ല.”

“അതെനിക്കറിയാം. അതുകൊണ്ടാണല്ലോ ഉറക്കത്തിനിടയിൽ പോലും നിങ്ങൾ എന്നിൽ നിന്നും കൃത്യമായ അകലം പാലിക്കുന്നത്.”

രഘുനാഥന് ചെറുതായെങ്കിലും കുറ്റബോധം തോന്നിയിരിക്കണം. അയാൾ പത്രവായന അവസാനിപ്പിച്ച്, അവൾ അണിയിച്ച വിവാഹ മോതിരവും തെരുപ്പിടിപ്പിച്ചു അങ്ങനെയിരുന്നു.

“ചോറും കറികളും വിളമ്പി ഞാൻ അടുക്കളേൽ അടച്ചു വച്ചിട്ടുണ്ട്. നിങ്ങളത് സമയത്തിനെടുത്തു കഴിക്കണം.”

“ഓഹോ… നന്ദി.”

രഘുനാഥൻ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ പിടിപ്പിച്ചു കൊണ്ട് എന്തോ ആലോചിച്ചു കസേരയിലേക്ക് ചാഞ്ഞു കിടന്നു.

“നിങ്ങൾ ആരോഗ്യം നോക്കണം. സിഗരറ്റു വലി കുറക്കണം. അസുഖം വന്നാൽ സമയത്തിന് ഡോക്ടറെ പോയി കാണണം. മഴക്കാലം വരികയാണ്. തലയിൽ വെള്ളം താന്നാൽ പെട്ടെന്ന് പനി പിടിക്കുന്ന സ്വഭാവമാ നിങ്ങൾക്ക്. അതുകൊണ്ട് റെയിൻ കോട്ടോ, കുടയോ ഒന്നുമില്ലാതെ പുറത്തോട്ടൊന്നും പോകരുത്.”

“നീയെന്നെ ഇങ്ങനെ ഉപദേശിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല” അയാൾ അൽപം ദേഷ്യത്തോടെ പറഞ്ഞു.

അവൾ അതൊന്നും വക വയ്ക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഗ്യാസ് ഓൺ ചെയ്‌തിട്ട് എങ്ങും പോവരുതെന്നോ, അടുക്കളയിലെ സ്റ്റോറിൽ ചമ്മന്തിപ്പൊടിയോ, മാങ്ങാ അച്ചാറോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടന്നോ, അതൊന്നും നനഞ്ഞ സ്പൂണിട്ടു എടുക്കരുതെന്നോ, രാവിലെ മുറ്റമടിക്കാൻ അയലത്തെ വീട്ടിൽ അടുക്കളയ്ക്ക് നിൽക്കുന്ന സ്ത്രീയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നോ… അങ്ങനെ പലതും ഒടുവിൽ പതുക്കെ പതുക്കെ അവൾ തനിയെ നിശബ്ദയായി.

മുറിക്കകത്തുനിന്നും ബാഗും സ്യൂട്കേസുമെടുത്തു സിറ്റൗട്ടിൽ കൊണ്ടു വച്ച് അവൾ വിദൂരതയിലേക്ക് നോക്കി നിന്നു.

നല്ല മഴക്കോളുണ്ട്. മൂടൽ മഞ്ഞ് പോലെ പൊടിമഴ ചാറുന്നു.

“റോഡ് മുഴുവൻ വെള്ളമായിരിക്കും. നടന്നു പോയാൽ സാരി മുഴുവൻ ചെളി തെറിക്കും. അതുകൊണ്ട് നിങ്ങൾ…”

“സ്ക്കൂട്ടർ കണ്ടീഷനല്ല” പൊടുന്നനെ അയാൾ പറഞ്ഞു.

“മഴയത്ത് സ്ക്കൂട്ടെറെടുത്ത് നിങ്ങൾ ബുദ്ധിമുട്ടെണ്ടാ. ഒരു ഓട്ടോ പിടിച്ചു തന്നാൽ മതി. അതാണ് നല്ലത്” അവൾ പറഞ്ഞു.

രഘുനാഥൻ നീരസത്തോടെ എഴുന്നേറ്റു ചെന്ന് ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്‌തു വന്നു.

“ഓട്ടോ ഇപ്പോഴിങ്ങെത്തും. ഒന്നും മറന്നിട്ടില്ലല്ലോ” രഘുനാഥൻ ഓർമ്മിപ്പിച്ചു.

അവളപ്പോൾ കൈവിരലിലെ നഖങ്ങൾ കൊണ്ട് ഭിത്തിയിലെന്തോ കോറുകയായിരുന്നു. ഭിത്തിയിൽ നിന്നപ്പോൾ നരച്ച മേഘത്തിന്‍റെ നിറമുള്ള വെള്ളയുടെ ഒരുപാളി അടർന്നു താഴെ വീണു ചിന്നി ചിതറി.

“നിങ്ങളുടെ ഒരു കുഞ്ഞിന്‍റെ അമ്മയാകാൻ കഴിഞ്ഞില്ല എന്ന തെറ്റു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. രമണിയേയോ, രേണുകയേയോ ആരെയാണെങ്കിലും നിങ്ങൾ ഉടനെ വിവാഹം ചെയ്യണം. ആഗ്രഹം പോലെ ഒരു കുഞ്ഞിന്‍റെ അച്‌ഛനാകണം. ഒന്നിനും ഞാനൊരു തടസ്സമാകുന്നില്ല. നിങ്ങളെന്നെ ഒഴിയുക മാത്രം ചെയ്യരുത്. അവകാശം ചോദിച്ചു ഞാനൊരിക്കലും വരില്ല.”

മുറ്റത്തു ഒരു ഓട്ടോ വന്നു ഞരങ്ങി നിന്നു. ചാറി ചാറി നിന്നിരുന്ന മഴ അപ്പോൾ ചന്നം പിന്നം പെയ്യാൻ തുടങ്ങി. നാലുവശത്തു നിന്നും തൂവാനും അകത്തേക്ക് അടിച്ചു കയറി. ഡ്രൈവർ ഓട്ടോ പോർച്ചിലേക്ക് നീക്കിയിട്ടു. സീത തണുത്ത കൈവിരലുകൾ കൊണ്ട് രഘുനാഥന്‍റെ നെഞ്ചിൽ പതിയെ സ്പർശിച്ചു. അവളുടെ കരസ്പർശം ഏറ്റു തന്‍റെ നെഞ്ചു പൊള്ളുന്നത് പോലെ അയാൾക്ക് തോന്നി.

“ജീവിതത്തിൽ ഞാനാദ്യമായും, അവസാനമായും സ്നേഹിച്ച പുരുഷൻ നിങ്ങളാണ്. എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോൾ വരാൻ മടിക്കരുത്.”

അവൾ സ്യൂട്ട്കേസ്, ഓട്ടോയിൽ കൊണ്ട് വച്ച് അതിൽ കയറിയിരുന്നു. “മഴതോരട്ടെ… ഓട്ടോക്കാരന് ധൃതിയൊന്നുമില്ല” രഘുനാഥൻ പറഞ്ഞു. അവളൊന്നു ചിരിച്ചു. “ഈ മഴ ഇപ്പോഴെങ്ങും തോരില്ല. വെള്ളം അകത്തേക്ക് തെറിക്കാതിരിക്കാനെന്നവണ്ണം അവൾ സൈഡിലെ ടാർപാളിൻ ഷീറ്റുകൾ താഴ്ത്തിയിട്ടു. അതിനിടയിൽ അവൾ പറഞ്ഞു. “കുടിക്കാൻ വെള്ളം എടുത്തു വയ്ക്കുന്ന കാര്യം ഞാൻ മറന്നു പോയി. നിങ്ങൾ പച്ചവെള്ളം കുടിച്ചു ഇല്ലാത്ത രോഗം ഒന്നും വരുത്തി വയ്ക്കരുത്.”

ഓട്ടോ ഒരു ഇരമ്പലോടെ അകന്നു പോയി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ ഏതാണ്ട് തോർന്നിരുന്നു. യാത്രക്കാരായിട്ടു വളരെ കുറച്ചു ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ അവൾ രഘുനാഥനെക്കുറിച്ചോർത്തു, മടിയനാണ്. കുടിക്കാനുള്ള വെള്ളം ചൂടാക്കിയിരിക്കാൻ ഒരു വഴിയുമില്ല.

നാളെ ഓഫീസിലേക്കു പോകാൻ അയാൾക്ക് ആരായിരിക്കും എല്ലാം ഒരുക്കി കൊടുക്കുക. നല്ല കാര്യം, നാട്ടിൽ ഹോട്ടലുകൾക്കാണോ പഞ്ഞം?

“അടുത്ത ട്രെയിൻ എപ്പോഴാണ്?” കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനോട് അവൾ ചോദിച്ചു.

അയാൾ മനോഹരമായി ചിരിച്ചു. “തെക്കോട്ടാണോ… വടക്കോട്ടാണോ…?”

“ആദ്യം ഏതാണ് വരുന്നത്…?”

വടക്കോട്ടാണെങ്കിൽ ഇപ്പോൾ ഒരു എക്സ്പ്രസ്സുണ്ട്. പക്ഷേ അതിനിവിടെ സ്റ്റോപ്പില്ല. പിന്നെ പാസഞ്ചറുണ്ട്. അതു വരാൻ ഉച്ച കഴിയും.”

അവൾ അവിടെ കണ്ട ഒരു സിമന്‍റ് ബഞ്ചിൽ പോയിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പ്രാതൽ കഴിക്കുന്ന കാര്യം തിരക്കിനിടയിൽ മനഃപൂർവ്വം മറന്നു. അവൾ ബാഗു തുറന്നു വിവാഹ ആൽബമെടുത്ത് വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നു.

രഘുനാഥന്‍റെ നവവധുവായി ആ വീട്ടിൽ ചെന്ന് കയറിയ ദിനം. അയാളുടെ സ്നേഹ പ്രകടനങ്ങൾ, കുസൃതിത്തരങ്ങൾ, നേരമ്പോക്കുകൾ, ഉച്ചത്തിലുള്ള പൊട്ടിച്ചിരികൾ…

തെക്കു നിന്ന് ഒരു ട്രെയിന്‍റെ ഉച്ചത്തിലുള്ള മുഴക്കം കേട്ടു അവൾ ബാഗും സ്യൂട്ട്കേസും അവിടെത്തന്നെ വച്ചിട്ട് പതിയെ എഴുന്നേറ്റു നടന്നു. പ്ലാറ്റ്ഫോമും കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്നു.

അപ്പോൾ വലിയൊരു കാറ്റ് വീശി. ഓരത്തെ മരച്ചില്ലകളിൽ നിന്ന് സ്ഫടിക കഷ്ണങ്ങൾ പോലെ ജലകണങ്ങൾ പൊഴിഞ്ഞു. അതേൽക്കാതിരിക്കാനെന്നവണ്ണം അവളപ്പോൾ സാരിത്തലപ്പു പിടിച്ചു തലവഴിയേയിട്ടു.

और कहानियां पढ़ने के लिए क्लिक करें...