ഒരുമിച്ച് ഉറങ്ങാത്തതാണ് ചില ദമ്പതികളുടെ അകൽച്ചയ്ക്ക് കാരണമെങ്കിൽ, മറ്റു ചിലരിൽ നേരെ മറിച്ചാണ്. ഒരുമിച്ച് ഉറങ്ങുന്നതാണ് പ്രശ്നം! അതു തന്നെ. പല ഭാര്യാഭർത്താക്കന്മാരിടയിലും സംഭവിക്കുന്ന വഴക്കുകളിൽ നല്ലൊരു കാരണം ഒരാൾക്ക് ഉറക്കം നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്. അത് കൂർക്കം വലിയാകാം, വൃത്തിയില്ലായ്മയോ ദുർഗന്ധമോ ആകാം. അടങ്ങി ഒതുങ്ങി കിടന്നു ശീലമില്ലാത്തതുമാകാം കാരണം.
അനിലിന്‍റെയും സീമയുടെയും അനുഭവം എടുക്കാം. അനിലിന്‍റെ കൂർക്കം വലിയാണ് പ്രശ്നം. നന്നായി ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ സ്ക്കൂട്ടർ ഓടിക്കുന്ന ശബ്ദമാണ് മൂക്കിൽ നിന്നും വായിൽ നിന്നും ഉയരുക. സീമ പുതപ്പും തലയിണ വച്ചും ഒക്കെ കുറേ സഹിച്ചും ഇടയ്ക്കിടയ്ക്ക് അനിലിനെ നുള്ളി എഴുന്നേൽപ്പിച്ചും നേരം വെളുപ്പിക്കേണ്ട അവസ്‌ഥ. രാത്രി ശരിക്കും ഉറങ്ങാൻ പറ്റാതെ തലയ്ക്ക് കനത്ത ഭാരം. ഓഫീസിലും വീട്ടിലും ഉറക്കം തൂങ്ങലും തളർച്ചയും. പോരാത്തതിന് എല്ലായിടത്തു നിന്നും മോശം പെർഫോമൻസിന് ചീത്തയും കേൾക്കണം. സീമയുടെ ക്ഷീണം കൂടിക്കൂടി വന്നതോടെ, അവൾക്കും സംശയം. ഇതു വല്ല മാരകരോഗവുമാണോ?
ഡോക്‌ടറെ കണ്ടു സംസാരിച്ചപ്പോൾ കാര്യം വ്യക്‌തമായി. ഉറക്കം ശരിയാവാത്തതാണ് കാരണം. രാത്രി ഇന്‍റിമേറ്റ് സമയം കഴിഞ്ഞാൽ പിന്നെ രണ്ടു മുറിയിൽ ഉറങ്ങി നോക്കൂ. എന്ന ഡോക്‌ടറുടെ നിർദ്ദേശം പാലിച്ചു. സീമയുടെ ക്ഷീണവും മറ്റു പ്രശ്നങ്ങളും ഒരാഴ്ചക്കുള്ളിൽ മാറി. മിടുമിടുക്കിയായി.
ഭാര്യയും ഭർത്താവും ഒരു മുറിയിൽ കഷ്ടപ്പെട്ട് ഉറങ്ങണമെന്ന നിയമം പാലിക്കാൻ ഉറക്കം തന്നെ കളയേണ്ട കാര്യമില്ല. സത്യത്തിൽ പലരും രണ്ടു മുറിയിൽ സ്വസ്ഥമായി ഉറങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വാസ്‌തവം. ഇത്തരം അവസ്‌ഥയിൽ വേർപിരിഞ്ഞ് ഉറങ്ങുന്നതിനെ സ്ലീപ് ഡിവോഴ്സ് എന്ന് വിളിക്കാറുണ്ട്.
പങ്കാളിയുടെ കൂർക്കം വലിയോ മറ്റെന്തെങ്കിലും ശീലങ്ങളോ തന്‍റെ ഉറക്കവും സ്വസ്ഥതയും നശിപ്പിക്കുന്നു എന്ന് തുറന്നു പറയാൻ പലർക്കും മടിയായിരിക്കും. പരസ്പരം സ്നേഹം ഉണ്ടാകും. അതു നഷ്‌ടമാകുമോ എന്ന പേടിയും ഒരു കാരണമാണ്. എന്നാൽ കാര്യം തുറന്നു പറയുകയും, അതനുസരിച്ച് രണ്ടുപേരും പ്രവർത്തിക്കുകയും ചെയ്‌താൽ ദാമ്പത്യം സന്തോഷകരമായി തുടരുമെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്.
സ്ലീപ് ഡിവേഴ്സിനെ നൈറ്റ് ഡിവോഴ്സ് എന്നും വിളിക്കാറുണ്ട്. ചില സ്ത്രീകളിലും ഹോർമോൺ മാറ്റം കൊണ്ട് ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ളവർ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കൂടെ കിടന്നയാളുടെ ഉറക്കവും നഷ്‌ടമാകാം. അസുഖങ്ങൾ ഉള്ളപ്പോൾ, മറ്റൊരാൾക്ക് രാത്രിയിൽ എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കിലുമൊക്കെ രണ്ടു കിടപ്പുമുറി ഉപയോഗിക്കുന്നതാണ് നല്ലത്.
ഭാര്യാഭർത്താക്കന്മാർ രണ്ടു മുറിയിൽ ഉറങ്ങുന്നതു കൊണ്ട് ദോഷമൊന്നും ഇല്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ലൈംഗികതയുടെ കാര്യത്തിലും ഇതു ഗുണം ചെയ്യും. എന്നും അടുത്തു കിടക്കുമ്പോൾ സ്പർശത്തിൽ പഴയ ത്രില്ല് കിട്ടാതെ പോകാം. ഇടയ്ക്കിടയ്ക്ക് മാറിക്കിടന്നാൽ സെക്‌സിലും ഗുണം ചെയ്യുമത്രേ.
ഭാര്യയും ഭർത്താവും ഒരുമിച്ചേ ഉറങ്ങാവൂ എന്നത് പഴഞ്ചൻ ചിന്താഗതിയാണ്. മോണിംഗ് വാക്കിന് പോകുന്ന ഭർത്താവ്, രാവിലെ ഭാര്യയുടെ ഉറക്കം കെടുത്തുന്നുണ്ടാകാം. ഭാര്യയുടെ ഉറക്കം നഷ്‌ടപ്പെടുത്തേണ്ട എന്നു കരുതി മോണിംഗ് വാക്കും വേണ്ടെന്ന് വയ്ക്കേണ്ട.
എഴുത്തുകാരിയായ കവിതാ ബൻസാൽ പറയുന്നതു കേൾക്കൂ. ഉറങ്ങുന്നതിനു മുമ്പ് ഞാൻ ഒരു മണിക്കൂറെങ്കിലും വായിക്കാൻ ഇഷ്‌ടപ്പെടുന്നു. എഴുത്തും വായനയും എനിക്ക് ഒഴിവാക്കാൻ പറ്റില്ല. രാത്രിയാണ് അതിനു യോജിച്ച സമയം. പക്ഷേ ലൈറ്റിട്ട് ബെഡ്റൂമിൽ ഇരുന്ന് ഇത് ചെയ്താൽ ഭർത്താവിന് ഉറക്കം ശരിയാവില്ല. അതിനാൽ ഞാൻ മറ്റൊരു മുറിയിൽ ഇരുന്നു വായിക്കും. രണ്ടുപേരുടെയും വിശ്രമത്തിന് വേണ്ടത്ര പരിഗണന പരസ്പരം ഞങ്ങൾ നൽകുന്നു. അത് ഞങ്ങൾക്കിടയിലെ സ്നേഹം വർദ്ധിപ്പിച്ചിട്ടേ ഉള്ളൂ.”
കേട്ടല്ലോ… അപ്പോൾ അതാണ് കാര്യം. ഒരുമിച്ചുറങ്ങുമ്പോൾ ഒരാളുടെ ഉറക്കം ശരിയാവുന്നില്ലെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാം സ്ലീപ് ഡിവേഴ്സ്. ചെവിയിൽ പഞ്ഞി വച്ച് കിടന്നാൽ തീരുന്ന പ്രശ്നമേയുള്ളൂവെങ്കിൽ അതും ചെയ്യാം. എന്തായാലും ഭാര്യയ്ക്കും ഭർത്താവിനും നല്ല ഉറക്കവും വിശ്രമവും കിട്ടാൻ രണ്ടു മുറിയിൽ ഉറങ്ങുന്നതിൽ ഒരു തെറ്റിമില്ല. മാത്രമോ സ്നേഹത്തോടെ കൂടുതൽ കാലം ഒരുമിച്ച് ജീവിക്കാമല്ലോ…