ഏറ്റവും സുന്ദരമായ സെൽഫിയെടുക്കുക, അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത് കൂട്ടുകാരുടെയൊക്കെ ലൈക്കുകളും കമന്‍റുകളും കണ്ടമാനം വാരികൂട്ടുക… ടീനേജ് ഗേൾസിന്‍റെ മാത്രം ഹോട്ട് ക്രേയ്സ് ആണിതെന്ന് വിചാരിക്കരുത്. വീട്ടമ്മമാരും ഉദ്യോഗസ്‌ഥകളും അടങ്ങുന്ന വിവിധ പ്രായക്കാരായിട്ടുള്ളവരും സെൽഫി ആരാധകരായുണ്ട്. എന്നാൽ സെൽഫി ക്ലിക്ക് ചെയ്യുന്നത്ര ഈസിയല്ല ഒരു പെർഫക്‌റ്റ് ക്ലിക്കെടുക്കുന്നത്. മേക്കപ്പ്, ക്യാമറ ആങ്കിൾ, ബാക്ക് ഗ്രൗണ്ട് തുടങ്ങിയ പല കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ടു വേണം ഒരു മാജിക്കൽ പെർഫക്റ്റ് സെൽഫിയെടുക്കാൻ. സെൽഫി ക്വീൻ ആകാൻ ചില മാജിക്കൽ ടിപ്സ്.
എസ്പിഎഫ് ഉള്ള ബ്യൂട്ടി ഉൽപന്നങ്ങൾ വേണ്ട
സൺസ്ക്രീൻ ക്രീം, ലോഷൻ എന്നിവ പുരട്ടി സെൽഫിയെടുത്താൽ മുഖം കഴുകിയതുപോലെയിരിക്കും. ബ്യൂട്ടി ഉത്പന്നങ്ങളിലുള്ള എസ്പിഎഫ് മുഖത്ത് ഒരു ലെയർ ഓഫ് ഷൈൻ സൃഷ്ടിക്കുന്നതാണ് അതിന് കാരണം. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് സൺ ടാനിംഗ് ഒഴിവാക്കാനാണ് ഈ ലെയർ ഇടുന്നത്.
മാറ്റ് പ്രൈമർ ഉപയോഗിക്കുക
മാറ്റ് പ്രൈമർ ഉപയോഗിക്കുന്നതിലൂടെ ടീ സോൺ ഏരിയ തിളക്കമുള്ളതായി കാണപ്പെടുന്നത് ഒഴിവാക്കാം. മാത്രവുമല്ല ചർമ്മം ഓയിലിയായും പാച്ചിയായും കാണപ്പെടുകയുമില്ല. മുഖത്തെ മുഴുവൻ പാച്ചുകളും മറഞ്ഞു കിട്ടുമെന്നതാണ് പ്രൈമറിന്‍റെ ഒരു പ്രയോജനം. ഫിൽറ്റർ ഉപയോഗിക്കാതെ തന്നെ സെൽഫി ഫ്രഷും മനോഹരവും ആകും. ഒപ്പം ചെറുപ്പം തോന്നിക്കുകയും ചെയ്യും.
ബ്ലാക്ക് മസ്ക്കാര തെരഞ്ഞെടുക്കാം
സെൽഫിയെടുക്കുന്ന സമയത്ത് മസ്‌ക്കാര നിർബന്ധമായും പുരട്ടാം. കണ്ണുകൾ വിടർന്നിരിക്കും. കരിമിഴി കണ്ണഴകിന്‍റെ വശ്യതയേറും. കണ്ണിണകളെ നീണ്ടതാക്കുമെന്ന് മാത്രമല്ല കൺപീലികൾ ഇടതൂർന്നിരിക്കും. മിഴികളുടെ പെർഫക്റ്റ് ഷെയ്പ്പ് ഹൈലൈറ്റ് ചെയ്യാനും മസ്‌ക്കാരക്ക് കഴിയും. എന്നാൽ സെൽഫിയെടുക്കുമ്പോൾ എപ്പോഴും ബ്ലാക്ക് മസ്‌ക്കാര തന്നെ തെരഞ്ഞെടുക്കണം. ഡ്രസ്സിന്‍റെ നിറത്തിനിണങ്ങുന്ന തരത്തിൽ ബ്ലൂ, ഗ്രീൻ, ബ്രൗൺ മസ്ക്കാരയിടരുത്. സെൽഫിക്ക് ബ്ലാക്ക് മസ്‌ക്കാര തന്നെയാണ് മികച്ച റിസൽറ്റ് നൽകുക.
ഐ ബ്രോസ്
ഐ ബ്രോസ് പെർഫക്റ്റ് ഷെയ്പിലായാൽ മുഖത്തിന് നീറ്റ് ആൻഡ് ക്ലീൻ ലുക്ക് കിട്ടും. ഒപ്പം ഐബ്രോസിലുള്ള ഗ്യാപ്പുകൾ ഐബ്രോപെൻസിൽ കൊണ്ട് ഫിൽ ചെയ്ത് സുന്ദരമാക്കുക. ഐ ബ്രോസിന് നല്ല ഡാർക്ക് കളർ കിട്ടും.
ഐ ലാഷസ്
കൺപീലികൾ നീണ്ട് ഇടതൂർന്ന് കാണപ്പെടാൻ ക്രയോൺ ബേസ്ഡ് പെൻസിൽ അപ്ലൈ ചെയ്യാം.
ലിപ്സ്
ഫുളർ ലിപ്സ് ഇഫക്‌റ്റ് ലഭിക്കാൻ ക്യുപിഡ് ബോയിൽ ഹൈലൈറ്റർ അപ്ലൈ ചെയ്യാം. പെർഫക്‌റ്റ് പൗട്ട് ലുക്കിന് (ചുണ്ട് കൂപ്പിച്ചുള്ള) സെൽഷ്യസ് ലിപ്ഗ്ലോസ് ടച്ച് ചെയ്യാം. അഥവാ ക്ലാസിക്ക് ഫിനിഷ് ആഗ്രഹിക്കുന്നുവെങ്കിൽ മാറ്റ് ലിപ്സ്റ്റിക്ക് ടച്ച് ചെയ്യാം. അൽപം മുതിർന്ന പ്രായത്തിലുള്ള സ്ത്രീകൾക്ക് ഡാർക്ക് മുതിർന്ന പ്രായത്തിലുള്ള സ്ത്രീകൾക്ക് ഡാർക്ക് കളർ ടച്ച് ചെയ്‌താൽ ചുണ്ടുകളിലെ റിങ്കിൾസ് എടുത്ത് കാട്ടും.
നിങ്ങളുടെ ചുണ്ടുകളാണ് മുഖത്തെ ഏറ്റവും വലിയ ആകർഷണമെങ്കിൽ ബോൾഡ് കളറിലുള്ള ലിപ്സ്റ്റിക്ക് വിത്ത് ലിപ്ഗ്ലോസ് പുരട്ടാം. പ്രോപ്പർ ഫിൽറ്റർ ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകളെ ഹൈലൈറ്റ് ചെയ്യാം.
ബ്ലഷ് ഓൺ
യംഗ് ആന്‍റ് ഗ്ലോയിംഗ് സ്കിൻ ലഭിക്കുന്നതിന് ലിക്വിഡ് ഇല്യുമിനൈസർ ഏറ്റവും മികച്ചതാണ്. കവിളെല്ല് പൊന്തിയിട്ടില്ലാത്തവർക്ക് ഇല്യുമിനേറ്റർ ടച്ച് ചെയ്‌ത് ചീക്ക് ബോൺസിന് സൗന്ദര്യം പകരാം. ഒപ്പം മാജിക്കൽ സെൽഫിയും എടുക്കാം.
ബ്രോൺസർ
സൺകിസ്ഡ് ലുക്ക് (സൂര്യകിരണം മുഖത്ത് തട്ടുന്നത്) വേണമെന്നുള്ളവർക്ക് ബ്രോൺസർ അപ്ലൈ ചെയ്യാം. പക്ഷേ ഇത് ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. ഷിമറി ബ്രോൺസർ കാഴ്ചയിൽ സുന്ദരമാണെങ്കിലും സെൽഫിക്ക് അത് ഒട്ടിപിടിച്ച ഇഫക്റ്റ് ഉണ്ടാകും. അതുകൊണ്ട് സെൽഫിയെടുക്കുന്ന സമയത്ത് മാറ്റ് ബ്രോൺസർ ഉപയോഗിക്കാം.
സ്മൈൽ
കള്ളദേഷ്യം (ചുണ്ടുകൂർപ്പിച്ച) കാട്ടുന്ന മുഖം ഇപ്പോൾ ബോറിംഗ് പോസായി മാറിയിരിക്കുകയാണ്. ഒരു ചെയ്‌ഞ്ചിനായി മനം കവരുന്ന പുഞ്ചിരിയോടെ മുഖചിത്രം സ്വയം പകർത്തി നോക്കൂ… കുറഞ്ഞ പക്ഷം 500 ലൈക്കുകളെങ്കിലും കിട്ടും.
ഹെയർഡു
മുടിക്ക് പെർഫക്‌റ്റ് ഹെയർ സ്റ്റൈൽ നൽകി ഡാഷിംഗ് ബ്യൂട്ടിയാകാം. അതോടെ ലുക്‌സ് തന്നെ മാറിമറിയും. സെൽഫിയ്‌ക്കായി ഫാൻസി ബൺ ഹെയർഡു സ്വന്തമാക്കൂ അല്ലെങ്കിൽ മുടിയിൽ വേവ് ഉണ്ടാക്കൂ അതുമല്ലെങ്കിൽ നിറം പകരൂ. ഇവയെല്ലാം തന്നെ സൗന്ദര്യം കൂട്ടും. കുന്നിൻ പ്രദേശത്തോ അതുമല്ലെങ്കിൽ ബീച്ചിലോ പിക്നിക്ക് ഗെറ്റ്റ്റുഗദറിന് പോകുന്നതെങ്കിൽ എന്തായാലും സെൽഫിയെടുക്കാം. എന്നാൽ ശക്‌തമായ കാറ്റ് പ്രശ്നത്തെ കൂടുതൽ വഷളാക്കാം. അതുകൊണ്ട് ബാഗിൽ ഒരു ഹെയർസ്പ്രേ കരുതി വയ്‌ക്കുന്നത് ഇത്തരം സാഹചര്യത്തിൽ ഗുണം ചെയ്യും. ഒപ്പം കുറച്ച് ഹെയർപിന്നുകളും.
ലൈറ്റിംഗ്
ലൈറ്റ് ഇഫക്‌റ്റ് യോജിച്ച രീതിയിൽ വരുന്ന ചിത്രങ്ങളെ പെർഫക്‌റ്റ് സെൽഫിയാകൂ. അതിൽ ഒട്ടും ഷാഡോ വരാൻ പാടില്ല. മാത്രവുമല്ല സെൽഫിയെടുക്കുന്ന സമയത്ത് പ്രകൃതിദത്തമായ പ്രകാശം വിനിയോഗിക്കാം. വീടിനകത്തായാലും, ജനാലകൾക്കും വാതിലിനും അടുത്ത് നിന്ന് സൂര്യപ്രകാശം മുഖത്ത് തട്ടുന്ന വിധത്തിൽ സെൽഫിയെടുക്കാം. രാത്രിയിലാണ് സെൽഫിയെടുക്കുന്നതെങ്കിൽ സോഴ്സ് ഓഫ് ലൈറ്റ് നിങ്ങൾക്ക് അഭിമുഖമായിരിക്കണം അല്ലെങ്കിൽ തലയ്ക്ക് മുകളിൽ പ്രകാശം വരണം.
ശിരസ് ചലിപ്പിക്കരുത്
തല ചലിപ്പിച്ചാൽ സെൽഫി ക്ലിയർ ആവുകയില്ല. അതുകൊണ്ട് സെൽഫി എടുക്കാൻ രണ്ട് കൈകളും ഉപയോഗിക്കുന്നതാവും നല്ലത്. ചില സ്മാർട്ട് ഫോണുകളിൽ ആന്‍റിഷേക്ക് ഫീച്ചർ ഉണ്ടാവും. അത്തരം ഫീച്ചർകൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടും. ബർസ്റ്റ് മോഡിൽ ഫോട്ടോയെടുക്കുന്നതാണ് മറ്റൊരു രീതി. ഇതിൽ ഓട്ടോമാറ്റിക്കായി പല ഷോട്ടുകളും ക്ലിക്ക് ചെയ്യാനാവും. അവയിൽ നിന്നും മികച്ച ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്‌താൽ മതി.
ബാക്ക് ഗ്രൗണ്ടും പ്രധാനം
സെൽഫിയിൽ നിങ്ങൾ സുന്ദരിയായി കാണപ്പെടുകയെന്നത് മാത്രമല്ല പ്രധാനം അനുയോജ്യമായ ബാക്ക് ഗ്രൗണ്ടും ഏറ്റവും ആവശ്യമാണ്. അലങ്കോലമായ ബെഡ്റൂം, ഡ്രോയിംഗ് റൂം എന്നിവ ബാക്ക് ഗ്രൗണ്ടായി വന്നാൽ സെൽഫി അപ്പീലിംഗ് ആയി തോന്നുകയില്ല. സ്വന്തം വസ്ത്രത്തിനിണങ്ങുന്ന തരത്തിലുള്ള ബാക്ക്ഗ്രൗണ്ട് തെരഞ്ഞെടുക്കാം. നിങ്ങളുടെ സെൽഫി സൂപ്പർ ആകും.
ശരിയായ ക്യാമറ ആംഗിൾ തെരഞ്ഞെടുക്കാം
ഡബിൾ ചിൻ ഇഫക്‌റ്റിൽ നിന്നും രക്ഷപ്പെടുന്നതിന് ക്യാമറ താടിക്ക് താഴെ പിടിച്ച് സെൽഫിയെടുക്കരുത്. ശിരസ് അൽപം ചരിച്ച് പിടിച്ച് പോസ് ചെയ്‌താൽ സ്റ്റൈലിഷ് ഫോട്ടോ ലഭിക്കും. സെൽഫിയിൽ കംപ്ലീറ്റ് ബോഡി പിക്‌ച്ചർ എടുക്കാൻ ശ്രമിക്കരുത്. പലപ്പോഴും ബോഡി ഡിഫക്‌ടീവായി കാണാൻ ഇതിടയാക്കും. സെൽഫിയെടുക്കുമ്പോൾ ആകർഷകമായ ആക്സസറീസുകൾ ഉപയോഗിച്ച് എക്ട്ര, ഗ്ലാമർ ടച്ച് നൽകുന്നവരുണ്ട്. ഉദാ: സ്കാർഫ്, ഓക്സിഡൈസ്ഡ് ജ്വല്ലറി പീസ്, ഗോഗിൾസ് അല്ലെങ്കിൽ ഹാറ്റ് എന്നിവ. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക. ഒരേ സമയം രണ്ടിൽ കൂടുതൽ ആക്സസറീസ് ധരിക്കരുത്.
ശരിയായ ഫിൽറ്റർ ഉപയോഗിക്കുക
ഇതിന്‍റെ ഉപയോഗം കുറയ്‌ക്കുക. മുഖത്തെ പാടുകളും മറ്റും മറയ്‌ക്കുന്നതിനോ അല്ലെങ്കിൽ ചുണ്ടുകൾ കണ്ണുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ അമിതമായ രീതിയിൽ ഫിൽറ്റർ ഉപയോഗിച്ചാൽ നാച്ചുറാലിറ്റി നഷ്‌ടപ്പെടും.
സ്വന്തം സന്തോഷത്തിനും നേരംമ്പോക്കിനുമായി സെൽഫിയെടുക്കുക. ഇതൊരു അഡിക്ഷനായി മാറ്റരുതെന്ന് മാത്രം. അങ്ങനെ വന്നാൽ അപ്ലോഡ് ചെയ്‌ത ഫോട്ടോയ്ക്ക് വരുന്ന കമന്‍റുകൾ കണ്ട് വിഷമിക്കേണ്ടി വരും. മറ്റൊരു പ്രധാന കാര്യം. സെൽഫിയെടുക്കുന്നതിന് സാഹസികത കാട്ടാതിരിക്കുക. സാഹസികത കാട്ടി സ്വന്തം ജീവൻ അപകടത്തിലാക്കരുത്.