കുട്ടികൾ കുട്ടികളെ പോലെയല്ല ഇപ്പോൾ പെരുമാറുന്നത്, പലപ്പോഴും മുതിർന്നവർ കുട്ടികളെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലേ? ചില സമയത്ത് കുട്ടികൾ മറ്റുള്ളവർക്ക് മുന്നിൽ മാതാപിതാക്കളെ ലജ്ജിപ്പിക്കുന്ന വിധം സംസാരിക്കും.

പലപ്പോഴും കുഞ്ഞുങ്ങൾ മാതാപിതാക്കളെ സംബന്ധിച്ചുള്ള വ്യക്‌തിപരമായ കാര്യങ്ങൾ മറ്റുള്ളവരോട് വിളിച്ച് പറയുന്നത് കേട്ടിട്ടില്ലേ… മാതാപിതാക്കളെ നാണം കെടുത്തും വിധമായിരിക്കും കുട്ടികള്‍ മറ്റുള്ളവരോട് പറയുക. ചിലപ്പോൾ അച്‌ഛനുമമ്മയും തമ്മിൽ നടന്ന പൊരിഞ്ഞ കലഹങ്ങളെക്കുറിച്ചാവും കുട്ടി വലിയ വിശേഷമായി മറ്റുള്ളവരോട് വിളമ്പുക. എന്തിനേറെ, അച്‌ഛൻ അമ്മയെ ചുംബിച്ച കാര്യം വരെ കുട്ടി അതിശയോക്തിയോടെ പറഞ്ഞു കളയും. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്നറിയാതെ സങ്കോചിച്ച് നിൽക്കുന്ന മാതാപിതാക്കളുടെ അവസ്‌ഥയെന്തായിരിക്കും. ഇത് കേട്ട് അതിഥികൾ ചിരിച്ചു തള്ളുമെങ്കിലും അച്‌ഛനമ്മമാർ വെന്തു വിയർക്കും.

അന്യരെക്കുറിച്ച് പരദൂഷണം പറയുക

കുട്ടികളിൽ നിന്നും മറ്റൊരു വലിയ ഭീഷണിയുമുണ്ട്. ഏതെങ്കിലും ബന്ധുക്കളെക്കുറിച്ചോ കൂട്ടുകാരെക്കുറിച്ചോ മാതാപിതാക്കൾ ഏതെങ്കിലും അവസരത്തിൽ കുട്ടികളുടെ സാന്നിദ്ധ്യത്തിൽ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ടെങ്കിൽ മാതാപിതാക്കൾ ജാഗ്രതൈ! അവർ വീട്ടിലെങ്ങാനും വിരുന്ന് വന്നാൽ കുട്ടികൾ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ വിളമ്പും. കാര്യം തീർന്നില്ലേ… മാതാപിതാക്കൾ ഐസായി മാറുന്ന അവസ്‌ഥയായിരിക്കും. പറഞ്ഞ കാര്യം സത്യമായതിനാൽ കൂടുതൽ സൗഹൃദമായെന്നും വരാം.

ചില കുട്ടി വിരുതന്മാരുണ്ട്. അമ്മയും അച്‌ഛനും അപ്പുറത്തെ അങ്കിളിന് ഇട്ടിരിക്കുന്ന ഇരട്ടപ്പേരാകും ആ അങ്കിളിനെ കാണുമ്പോൾ വിളിക്കുക. ദേ അമ്മേ, ശകുനി അങ്കിൾ വന്നിരിക്കുന്നു. അതോടെ അയലത്തെ അങ്കിളിന്‍റെയും കുട്ടിയുടെ അച്‌ഛന്‍റെയും അമ്മയുടെയും മുഖം പേപ്പർ വൈറ്റാകും. ഇത്തരം കുട്ടി ഭീകരന്മാർ മാതാപിതാക്കൾക്ക് ചില്ലറ തലവേദനയായിരിക്കില്ല സൃഷ്ടിക്കുക. കുടുംബത്തിനകത്തുണ്ടായ കലഹത്തെയും പ്രശ്നങ്ങളെയും കുറിച്ച് അയൽവീട്ടിലോ വീട്ടിലെത്തുന്ന അതിഥികളോടോ പോക്കിരികൾ തുറന്നടിക്കും. മറ്റുള്ളവർ അറിയാൻ പാടില്ലാത്ത രഹസ്യങ്ങളുടെ കലവറ ആയിരിക്കും അവർ പൊട്ടിക്കുന്നത്. പരദൂഷണക്കാരായ അയൽക്കാർക്ക് നല്ലൊരു കോള് കിട്ടിയ സന്തോഷമായിരിക്കും അപ്പോൾ.

വീട്ടിലെ സാമ്പത്തിക സ്‌ഥിതിയെക്കുറിച്ച് മറ്റുള്ളവരോട് പറയുക

ഒരു വീടായാൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ അത്തരം കാര്യങ്ങളൊന്നും സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടേണ്ട കാര്യമില്ലല്ലോ. അതൊക്കെ വ്യക്‌തിപരമായ കാര്യങ്ങളായി കണ്ട് വീട്ടിനകത്ത് ഒതുക്കി നിർത്തും. എന്നാൽ കുട്ടികൾ രഹസ്യങ്ങൾ സൂക്ഷിക്കില്ല. പലപ്പോഴും വീട്ടിലെ സാമ്പത്തിക സ്‌ഥിതിയെക്കുറിച്ച് കുട്ടികൾ തന്നെ പുറത്തു പോയി പറയുക സാധാരണമാണ്. “വീട്ടിൽ പൈസയില്ല, അച്‌ഛനും അമ്മയും അതേ ചൊല്ലി എപ്പോഴും വഴക്കിടാറുണ്ട്.” അല്ലെങ്കിൽ അച്‌ഛൻ ഫ്രണ്ടിൽ നിന്നും പണം കടം വാങ്ങിയിരിക്കുകയാ… എന്നിങ്ങനെ വീട്ടിലെ തന്ത്ര പ്രധാനങ്ങളായ രഹസ്യങ്ങൾ കുട്ടികൾ മറ്റുള്ളവരിലേക്ക് കൈമാറിക്കളയും. ചിലപ്പോൾ കുട്ടികളുടെ അനാവശ്യങ്ങളായ ആവശ്യങ്ങൾ നിരാകരിക്കാനാവും മാതാപിതാക്കൾ പണമില്ലെന്ന് പറയുക. ഇതെത്ര നാണക്കേടാ…

ഉച്ചത്തിൽ സംസാരിക്കുക

പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ചില കുട്ടികൾ. അത്തരം കുട്ടികൾ ദേഷ്യപ്പെട്ട് ഉച്ചത്തിൽ സംസാരിക്കും. കുട്ടികളുടെ ദേഷ്യവും വാശിയും വീട്ടിൽ വച്ചാണെങ്കിൽ അമ്മമാർ സഹിക്കുകയും അവരുടെ ആവശ്യം സാധിച്ചു കൊടുക്കുകയും ചെയ്യും. എന്നാൽ ഇത്തരം വാശിക്കാരായ കുട്ടികളെയും കൊണ്ട് ആരുടെയെങ്കിലും വീട്ടിൽ സന്ദർശനം നടത്തുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുക. അല്ലെങ്കിൽ ആരെയെങ്കിലും വീട്ടിൽ ക്ഷണിക്കുമ്പോഴോ ആണ് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുക.

അതിഥികളുടെ മുന്നിലിരിക്കുമ്പോൾ കുട്ടി എന്തെങ്കിലും അനാവശ്യ പ്രവൃത്തി ചെയ്യുന്നത് അമ്മ ശാന്തമായി വിലക്കുകയോ മറ്റോ ചെയ്താൽ കുട്ടി നിലത്ത് വീണുരുണ്ട് ആവശ്യം സാധിച്ച് കിട്ടാൻ ബഹളം വച്ച് തുടങ്ങും. കുട്ടിയുടെ അനവസരത്തിലുള്ള നിർബന്ധവും വാശിയും മാതാപിതാക്കളെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തുമെന്ന് പറയേണ്ടതില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ പ്രായമായ കുട്ടികളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കുട്ടികളിൽ ശരിയായ സ്വഭാവരൂപീകരണം നടത്തിയില്ലായെന്ന പഴി മതാപിതാക്കൾ കേൾക്കേണ്ടിയും വരും.

ഷോപ്പിംഗിന് വാശി പിടിക്കുക

ഷോപ്പിംഗിന് പോകുമ്പോൾ വാശിക്കാരായ കുട്ടികൾ മാതാപിതാക്കൾക്ക് വലിയ തലവേദനയാകാറുണ്ട്. ഷോപ്പിൽ കാണുന്ന കളിപ്പാട്ടങ്ങളോ തീറ്റ വസ്‌തുക്കൾക്കോ വേണ്ടി അവർ വാശിപിടിച്ചു കൊണ്ടിരിക്കും. വിലക്കിയാലും കുട്ടികൾ ആവശ്യം ആവർത്തിച്ച് വാശിപിടിച്ച് മാതാപിതാക്കൾക്ക് തലവേദന സൃഷ്ടിക്കും. മാതാപിതാക്കൾ ആവശ്യം പൂർണ്ണമായി നിരാകരിച്ചാലോ കുട്ടികൾ വലിയ വായിൽ കരയാൻ തുടങ്ങും. ചിലപ്പോൾ സെയിൽസ് സ്റ്റാഫിന് മുന്നിൽ കുട്ടികൾ മാതാപിതാക്കളെ അധിക്ഷേപിച്ച് സംസാരിച്ചു കളയും. ഒന്നും വാങ്ങി തരില്ല എന്ന് പറഞ്ഞ് ഫ്ളോറിൽ വീണ് കിടന്ന് വാശി പിടിക്കും. അതോടെ മാതാപിതാക്കൾ എല്ലാവരുടേയും മുന്നിൽ പരിഹാസ പാത്രവുമാകും.

മോശം വാക്കുകൾ പറയുക

വീട്ടിൽ ദേഷ്യം വരുമ്പോൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ പൊതുസ്ഥലത്ത് വച്ച് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാലുള്ള അവസ്‌ഥ എത്ര ഭീകരമായിരിക്കും.

മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലുപരിയായി അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മികച്ച സ്വഭാവ രൂപീകരണത്തിലും ശരിയായ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. അവർ പൂർണ്ണമായും മാതാപിതാക്കളെ ആശ്രയിച്ചാണിരിക്കുന്നത്. വീടാണ് കുഞ്ഞുങ്ങളുടെ ആദ്യ സ്ക്കൂൾ. അവർ അമ്മയും അച്‌ഛനും പറയുന്നതാണ് കേട്ട് പഠിക്കുക.

മാതാപിതാക്കളുടെ പെരുമാറ്റം, വീട്ടിലെ മറ്റംഗങ്ങളുമായുള്ള മാതാപിതാക്കളടെ സമീപനം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുഞ്ഞുങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയും. ഇവയെല്ലാം തന്നെ അവന്‍റെ/അവളുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. സാദ്ധ്യമെങ്കിൽ മുതിർന്ന അംഗങ്ങളെ വീട്ടിലൊപ്പം നിർത്തുക. മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കറകളഞ്ഞ സ്നേഹവാത്സല്യങ്ങൾ ഏറ്റ് വളരുന്ന കുഞ്ഞുങ്ങളിൽ നല്ല ശീലങ്ങൾ കൂടുതലായിരിക്കും.

और कहानियां पढ़ने के लिए क्लिक करें...