“അമ്മേ… എന്‍റെ അമ്മേ ഒരു നോക്കു കാണുവാൻ ഇതാ ഈ മക്കളെത്തിയിരിക്കുന്നു…” ഹൃദയം ഒരു കടലു പോലെ അലറുന്നത് ഞാനറിഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി തറവാട്ടിനകത്തേയ്ക്ക് ഞാൻ ഓടിക്കയറുകയായിരുന്നുന്നോ? പടിക്കെട്ടുകൾ കയറി സിറ്റൗട്ടിലെത്തുമ്പോൾ അവിടെ നനഞ്ഞ മിഴികളോടെ മായ നില്പുണ്ടായിരുന്നു.

“എവിടെ മോളെ അമ്മ? അമ്മയ്ക്കെന്തു പറ്റി?” ഉദ്വേഗത്തോടെയുള്ള എന്‍റെ ചോദ്യം കേട്ടിട്ടാവണം മായ മിഴികൾ തുടച്ച് പറഞ്ഞു.

“അമ്മ അകത്ത് ബെഡ്റൂമിൽ കിടക്കുകയാണ് ചേച്ചി. ബാംഗ്ലൂരിൽ വച്ച് ഒന്നു വീണു. അതിനെത്തുടർന്ന്..” മുഴുമിക്കാൻ കഴിയാതെ അവൾ മൂകയായി നിന്നു. പിന്നെ ഇടറുന്ന വാക്കുകളോടെ തുടർന്നു. അവിടെ ഹോസ്പിറ്റലിയായിരുന്നു കുറെനാൾ. എന്നാൽ വലിയ വ്യത്യാസമൊന്നും കാണാത്തതിനാൽ ഇങ്ങോട്ടു പോരണം എന്ന് അമ്മ നിർബന്ധം പിടിച്ചു. വീഴ്ചയിൽ നട്ടെല്ലിനാണ് പരുക്കേറ്റത്. നേരത്തെ രോഗിയായിരുന്ന അമ്മയെ അത് കൂടുതൽ ബാധിച്ചു. ഇവിടെ വന്ന് ആയുർവേദമൊക്കെ കുറെ നോക്കി. പക്ഷേ കൂടുതൽ കൂടുതൽ സീരിയസ്സായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറവൊന്നും കാണുന്നില്ല ചേച്ചീ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ അകത്തേയ്ക്കു തിരിഞ്ഞു നടന്ന അവളുടെ പുറകേ നടക്കുമ്പോൾ ഹൃദയം കനൽ തീയിലെന്ന പോലെ വെന്തു നീറി.

ഒരു കാലത്ത് അമ്മയായിരുന്നു തനിക്കെല്ലാമെല്ലാം. ഏതു ദുഃഖവും ഇറക്കിവെയ്ക്കാനുള്ള അത്താണി. അച്ഛന്‍റെ ക്രൂരമായ സമീപനത്തിൽ ഞാൻ പിടഞ്ഞപ്പോൾ അകലെ മാറി നിന്നാണെങ്കിലും, കണ്ണീരൊഴുക്കാനും, സ്വയം നീറിയുരുകാനും അമ്മയുണ്ടായിരുന്നു. അന്നൊക്കെ എന്‍റെ വേദനകൾ അമ്മ പങ്കിട്ടെടുത്ത് സമാശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നെ ഞാൻ ഡൽഹിയ്ക്കു പോയപ്പോൾ അകന്നു നിന്നാണെങ്കിലും എല്ലായ്പ്പോഴും എന്‍റെ ദുഃഖങ്ങൾ അമ്മ കണ്ടറിഞ്ഞിരുന്നു. അടുത്തിരുന്ന് ആശ്വസിപ്പിയ്ക്കാനായില്ലെങ്കിലും അകന്നു നിന്ന് എന്‍റെ വേദനകൾ പങ്കിട്ടെടുക്കാൻ അമ്മയ്ക്കു കഴിഞ്ഞു. പലപ്പോഴും കത്തുകളിലൂടെ എന്നെ സമാശ്വസിപ്പിച്ചു.

അച്‌ഛനോടുള്ള വൈരാഗ്യത്താൽ കുടുംബത്തിൽ നിന്നും അകന്നു മാറാനും, പൂർവ്വ – ബന്ധങ്ങളെ മറക്കുവാനും ശ്രമിച്ച എന്നെ സ്നേഹത്തിലൂടെ ആവാഹിച്ച് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നത് അമ്മയാണ്. എല്ലാമെല്ലാം ഓർത്തപ്പോൾ അമ്മയോടുള്ള എന്‍റെ സ്നേഹം കൂടുതൽ കൂടുതൽ കത്തിജ്വലിച്ചു. വിറയ്ക്കുന്ന കാലടികളോടെ കിടപ്പു മുറിയിലെത്തി നിന്ന എന്നെ, കാളിമ പൂണ്ട രണ്ടു മിഴിയിണകളാണ് വരവേറ്റത്. അമ്മ! കിടക്കയിൽ അനങ്ങാനാവാതെ… സജലങ്ങളായ കണ്ണുകളോടെ എന്നെ നോക്കി കിടക്കുന്നു.

“ങ്ഹാ… നീയെത്തിയോ? നിന്നെക്കാണാതെ മരിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. ഭഗവാൻ കാത്തൂ. നിന്നെ കണ്ടല്ലോ. എന്‍റെ പൊന്നുമോളെ കണ്ടല്ലോ.”

“അതെ അമ്മെ… ഞങ്ങൾ ഗുരുവായൂർക്ക് പോയതായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മയെ കാണണം എന്നു തോന്നി.”

ആ കിടക്കയ്ക്കരികിലിരുന്നു കൊണ്ട് ഇടറുന്ന മനസ്സോടെ ഞാൻ പറഞ്ഞു.

“അതു നന്നായി മോളെ, എവിടെ എല്ലാവരും? നരനും മറ്റും വന്നില്ലെ?”

ആകാംക്ഷ തുടിയ്ക്കുന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ ആ കരങ്ങളെടുത്ത് മടിയിൽ വച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“എല്ലാവരുമുണ്ടമ്മേ… നരേട്ടനും, കൃഷ്ണമോളും, ദേവാനന്ദും പിന്നെ ടുട്ടുമോനും അപ്പോഴേയ്ക്കും വാതിൽക്കലെത്തി നിന്ന നരേട്ടനേയും കൃഷ്ണമോളെയും കണ്ട് അമ്മ അമിതാഹ്ലാദത്തോടെ പറഞ്ഞു.

“ങ്ഹാ… എത്രനാളായി എല്ലാവരേയും കണ്ടിട്ട് കൃഷ്ണമോളിങ്ങടുത്തു വന്നേ… മുത്തശ്ശി ഒന്നു നല്ലോണം കാണട്ടെ…”

കൃഷ്ണമോൾ വളരെ പതുക്കെ അമ്മയുടെ അടുത്ത് നടന്നെത്തി ആ കട്ടിലിനു സമീപം നിന്നു.

“മുത്തശ്ശിയ്ക്കെന്തു പറ്റി? ആകെ ക്ഷീണിച്ച് കോലം കെട്ടു പോയല്ലോ? അമ്മയുടെ കൈയ്യിലിരിക്കുന്ന മുത്തശ്ശിയുടെ പഴയ ഫോട്ടോയിൽ മുത്തശ്ശിയെക്കാണാനെന്ത് ഭംഗിയാണ്?”

“മുത്തശ്ശിക്കിപ്പോൾ തീരെ വയ്യാണ്ടായി കുട്ടി. ഇനി അധികകാലമൊന്നും മുത്തശ്ശിയില്ല. അതിനുമുമ്പ് നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞുവല്ലോ. അതു തന്നെ വലിയ സമാധാനം.” അതുകേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മുത്തശ്ശിയ്ക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ. മുത്തശ്ശി ഇപ്പോഴും നല്ല ചെറുപ്പമല്ലേ? സ്വീറ്റ് സെവന്‍റീ ഓർ എയിറ്റീ? അതൊന്നും ഇന്നത്തെക്കാലത്ത് മരിയ്ക്കാനുള്ള പ്രായമല്ലല്ലോ മുത്തശ്ശി?”

“അതെയതെ… വയസ്സ് എൺപത്തിയഞ്ചാകുന്നു. ഇനിയും അധികം കിടന്ന് നരകിപ്പിയ്ക്കാതെ അങ്ങ് വിളിച്ചാൽ മതിയായിരുന്നു.”

അൽപം നിർത്തി അമ്മ വീണ്ടും ചോദിച്ചു.

“അല്ല… നരനും നിന്‍റെ ഭർത്താവും കുഞ്ഞുമെല്ലാം അവിടെത്തന്നെ നിൽക്കുകയാണോ? എല്ലാവരോടും എന്‍റെയടുത്തേയ്ക്ക് വരാൻ പറയൂ. ഞാൻ എല്ലാവരേയും ഒന്നു നല്ലോണം കാണട്ടെ.”

വാതിക്കൽ തന്നെ നിന്ന് അമ്മയെത്തന്നെ വീക്ഷിച്ചു കൊണ്ടു നിന്ന നരേട്ടനും, ദേവാനന്ദും കുഞ്ഞിനെയും കൊണ്ട് അമ്മയുടെ സമീപത്തെത്തി നിന്നു.

“അല്ലാ…. വിഷ്ണു നാരായണാ നിയെന്താ വല്ലാതെ ക്ഷീണിച്ചു പോയല്ലോ? നീയിപ്പോൾ ഡോക്ടറെ കാണാറും, മരുന്നു കഴിക്കാറുമൊന്നുമില്ലെ” അമ്മ ഉദ്വേഗത്തോടെ അന്വേഷിച്ചു. അതുകേട്ട് നരേട്ടൻ വ്യാകുല ചിത്തനായി അറിയിച്ചു.”

“എല്ലാം മുറപോലെ നടക്കുന്നുണ്ട് അമ്മേ. പക്ഷേ വയസ്സായില്ലെ. അതിന്‍റെ ക്ഷീണവും കാണും. .”

“എന്തു വയസ്സ്. നിങ്ങളെക്കാൾ എത്രയോ മൂത്ത ഞാനിപ്പോഴാണ് കിടപ്പിലായത്. ഇത്രയും നാൾ വലിയ കുഴപ്പമൊന്നും കൂടാതെ ഓടി നടന്നതാണ്. പക്ഷേ ബാംഗ്ലൂരിൽ വച്ചുണ്ടായ ആ വീഴ്ച അതെന്നെ കിടത്തിക്കളഞ്ഞു. ങ്ഹാ… അങ്ങോട്ടു ചെല്ലാൻ സമയമായെന്ന് ഭഗവാന് തോന്നിക്കാണും. അതിന് വല്ല കാരണവും വേണ്ടേ.” അങ്ങനെ പറഞ്ഞ് അൽപം നിർത്തി അമ്മ നരേട്ടന്‍റെ പുറകിൽ നിൽക്കുന്ന ദേവാനന്ദിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.

“ആ നിൽക്കുന്നത് കൃഷ്ണമോളുടെ ഭർത്താവും, കുഞ്ഞുമല്ലോ? ഇങ്ങടുത്തു വാ മക്കളെ. മുത്തശ്ശി നല്ലോണം കാണട്ടെ.”

പക്ഷെ മുത്തശ്ശിയുടെ മലയാളം മനസ്സിലാകാതെ നിന്ന ദേവാനന്ദ് അനങ്ങാതെ നിന്നപ്പോൾ കൃഷ്ണമോൾ അടുത്തെത്തി ഹിന്ദിയിൽ അറിയിച്ചു.

“ദേവേട്ടാ… മുത്തശ്ശി വിളിക്കുന്നത് നിങ്ങളെയാണ്. മോനേയും കൊണ്ട് അടുത്തേയ്ക്കു ചെല്ലൂ.”

അതുകേട്ട് ഒരു ചെറുമന്ദസ്മിതത്തോടെ ദേവാനന്ദ് മുത്തശ്ശിയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. അപ്പോൾ കൃഷ്ണമോൾ അറിയിച്ചു.

“മുത്തശ്ശി, ദേവേട്ടൻ പഞ്ചാബിയാണ്. ഹിന്ദിയും പഞ്ചാബിയും മാത്രമേ അറിയൂ…”

“ഓ… അങ്ങിനെയാണോ? അതു ഞാനറിഞ്ഞില്ല. ഏതായാലും കൊച്ചുമോനെ ഞാനൊന്നു കണ്ടോട്ടെ…”

കൃഷ്ണമോൾ ദേവാനന്ദിന്‍റെ കൈയ്യിൽ നിന്ന് ടുട്ടുമോനെ വാങ്ങി മുത്തശ്ശിയുടെ അടുത്തെത്തിപ്പറഞ്ഞു.

“ഇതാ മുത്തശ്ശി. നല്ലോണം കണ്ടോളൂ. മുത്തശ്ശിയുടെ പേരക്കിടാവിനെ.

അവനെക്കണ്ട് അമ്മ നിറകണ്ണുകളോടെ പറഞ്ഞു. “നമ്മുടെ രാഹുൽമോൻ കൊച്ചിലെ ഇരുന്നതുമാതിരിത്തന്നെയുണ്ട്. ഈശ്വരന്‍റെ മായാലീല… അല്ലാതെന്തു പറയാൻ.”

അതുകേട്ട് നരേട്ടന്‍റേയും, എന്‍റേയും കണ്ണുകൾ നിറഞ്ഞു വന്നു. നരേട്ടൻ നിറകണ്ണുകളോടെ പറഞ്ഞു.

“അതെ! രാഹുലിനു പകരം ഈശ്വരൻ ടുട്ടുമോനെ നൽകി ഞങ്ങളെ സമാശ്വസിപ്പിക്കുവാൻ ശ്രമിക്കുകയാണ്. പക്ഷേ അദ്ദേഹം വിളിച്ചു കൊണ്ടു പോയ ഞങ്ങളുടെ പൊന്നുമോനെ തിരിച്ചു നൽകാൻ ഭഗവാനാവുകയില്ലല്ലോ… മനുഷ്യന്‍റെ മുമ്പിൽ പലപ്പോഴും ഈശ്വരനും നിസ്സഹായനായിത്തീരുന്നു എന്നല്ലെ അതിനർത്ഥം.”

“അതെ! മരണത്തെ തോൽപിക്കുവാൻ ഈശ്വരനുമാവുകയില്ല കുഞ്ഞെ. മരണമാണ് ആത്യന്തികമായ സത്യം. തിരശ്ശീലയ്ക്കപ്പുറത്ത് നമ്മുടെ ഊഴമെത്താൻ കാത്തു നിൽക്കുന്ന കാലമെന്ന സത്യത്തെ പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. മിക്കപ്പോഴും നിഴൽ പോലെ നമ്മുടെ തൊട്ടു മുന്നിൽ നില കൊള്ളുന്ന മരണമെന്ന ആത്യന്തിക സത്യത്തെ തിരിച്ചറിയുന്ന മനുഷ്യന് ഒരിക്കലും തെറ്റുപറ്റുകയില്ല കുഞ്ഞെ… ലൗകീകമായ സുഖഭോഗങ്ങളിൽ മയങ്ങി ജീവിക്കുമ്പോൾ പലപ്പോഴും നമ്മളാ സത്യത്തെക്കുറിച്ചോർക്കുന്നില്ല. ജീവിതം അനന്തമായി നീളുമെന്ന് വിശ്വസിക്കുന്നവർ പലപ്പോഴും ലൗകിക സുഖഭോഗങ്ങൾക്കായി തെറ്റുകളിൽ നിന്ന് തെറ്റുകളിലേയ്ക്ക് വഴുതി വീണു പോകുന്നു.”

അമ്മ ഒരു സന്യാസിനിയെപ്പോലെ വേദാന്ത ചിന്തകൾ ഉരുവിട്ടു കൊണ്ടിരുന്നു. ജീവിതപ്പൊരുളറിഞ്ഞ മരണത്തോടടുത്ത ഒരു വ്യക്‌തിയുടെ മൊഴികളായിരുന്നു അവ. അതുകൊണ്ടു തന്നെ ആ വാക്കുകളുടെ പൊരുൾ എനിക്കും നരേട്ടനും തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ ഞങ്ങളുടെ സമീപം നിന്ന കൃഷ്ണമോൾ അസ്വസ്ഥയായി.

“എന്താ മുത്തശ്ശിയും പപ്പായെയും മമ്മിയെയും പോലെ വേദാന്തിയായി മാറുകയാണോ?” അതുകേട്ടു കൊണ്ടിരുന്ന കൃഷ്ണമോൾ അൽപം നീരസത്തോടെ ചോദിച്ചു.

“അതെ മോളെ… അനുഭവങ്ങളാണ് മനുഷ്യനെ പലപ്പോഴും വേദാന്തിയാക്കി മാറ്റുന്നത്. കുറച്ചു കൂടി പ്രായമാവുമ്പോൾ നിനക്കതു മനസ്സിലാകും.”

അമ്മയുടെ വാക്കുകൾ കൃഷ്ണമോൾക്ക് ദഹിക്കാത്തതു പോലെ തോന്നി. അവൾ പുറം തിരിഞ്ഞ് നടന്നു കൊണ്ടു പറഞ്ഞു.

“ഈ വേദാന്തമൊന്നും എനിക്ക് ദഹിക്കുന്നില്ല മുത്തശ്ശി. ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ തുടങ്ങിയാൽ ജീവിതമുണ്ടാവുകയില്ല. എനിക്കേതായാലും ഈ വേദാന്തമൊക്കെ കേട്ടു കേട്ടു മടുത്തു. ഞാൻ പോവുകയാണ്.”

അവൾ കുഞ്ഞിനെയുമെടുത്ത് മുറിയ്ക്കു പുറത്തു കടന്നപ്പോൾ അമ്മ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അവൾ ചെറുപ്പമല്ലേ? ഇത്തരം കാര്യങ്ങളെ ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞെന്നു വരികയില്ല. സാരമില്ല… നിങ്ങൾ അകത്തു പോയി ഡ്രസ്സൊക്കെ മാറ്റി എന്തെങ്കിലും കഴിയ്ക്കൂ. മായമോളെ ഇവർക്കവരുടെ റൂം ഒരുക്കി കൊടുക്കൂ. കുളിക്കുകയോ, എന്തെങ്കിലും ആഹാരം കഴിക്കുകയോ ഒക്കെ ചെയ്ത് യാത്രാക്ഷീണം മാറ്റട്ടെ അവർ…”

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് മുറിയിൽ ഒതുങ്ങി നിന്ന മായമോൾ ഞങ്ങളുടെ അടുത്തെത്തിപ്പറഞ്ഞു. “വരൂ ചേച്ചി… നരേട്ടനെയും കൂട്ടി ചേച്ചിയുടെ മുറിയിലേയ്ക്ക് വന്നോളൂ. ഞാനെല്ലാം ഒരുക്കിയിട്ടുണ്ട്.”

മായയുടെ പുറകെ റൂമിലേയ്ക്കു നടക്കുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഏതോ നടുക്കുന്ന ഓർമ്മകൾ എന്നെ പിന്തുടർന്നെത്തുന്നതായി തോന്നി. ഒരിക്കൽ വിസ്മൃതിയുടെ കയങ്ങളിൽ ഞാനുപേക്ഷിച്ചു പോയ ദുരന്ത സ്മൃതികൾ വീണ്ടും എന്നെ തേടിയണയുകയാണോ?

ഏതോ അനുരാഗ കഥയുടെ ദുരന്തപൂർണ്ണമായ പരിസമാപ്തിയല്ലേ ഇവിടുത്തെ കാറ്റിൽ അലയടിക്കുന്നത്? തടവറയിൽ പീഡിപ്പിക്കപ്പെട്ട ഒരാത്മാവിന്‍റെ തേങ്ങലുകൾ ഇപ്പോഴും ഇവിടെ തങ്ങി നിൽക്കുന്നില്ലേ? വിറപൂണ്ട പാദപതനങ്ങളോടെ നരേട്ടനു പുറകെ ഞാനാ മുറിയിൽ പ്രവേശിച്ചു. ഞങ്ങളെ മുറിയിലാക്കി മായമോൾ തിരിഞ്ഞു നടന്നപ്പോൾ ഞാനാ മുറിയാക വീക്ഷിച്ചു.

ആ മുറിയിലെ ഓരോ വസ്തുവും മനസ്സിന്‍റെ ഉള്ളറകളിൽ മരിക്കാതെ സൂക്ഷിച്ച ഏതോ സ്മരണകളിലേയ്ക്കു മനസ്സിനെ വീണ്ടും വീണ്ടും ക്ഷണിച്ചു കൊണ്ടിരുന്നു. സുഗന്ധം പൂശിയ ഓർമ്മകളുടെ നറുമണം ഒരിക്കൽ കൂടി ഇന്ദ്രിയങ്ങളെ കുളിരണിയിച്ചു. അറിയാതെ വാർഡ്രോബിനടുത്തേയ്ക്ക് കാലുകൾ നടന്നെത്തി. ആരോ തന്നെ അങ്ങോട്ടേയ്ക്ക് നയിച്ചു എന്നു പറയുന്നതാവും ശരി.

വാർഡ്രോബിന്‍റെ താക്കോൽ അപ്പോൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അതിന്‍റെ കീഹോളിൽത്തന്നെയുണ്ടായിരുന്നു. ഒരു നിമിഷം വാതിൽ വലിച്ചു തുറന്ന ഞാൻ സ്തംബ്ധയായിപ്പോയി. ഇന്നും പുതുമ മങ്ങാതെ അതിൽ സൂക്ഷിച്ചിരിക്കുന്ന എന്‍റെ കല്യാണ വസ്ത്രങ്ങൾ. ഏതാനും ദിവസം ഉമ്മയുടെ ആഗ്രഹമനുസരിച്ച് മുസ്ലീം വധുവായിക്കഴിഞ്ഞ എന്നെ അദ്ദേഹത്തിന്‍റെ ഉമ്മ അണിയിച്ചൊരുക്കിയപ്പോൾ ഞാനണിഞ്ഞ ആഭരണങ്ങൾ കസവുതട്ടം, പിന്നെ ഏതാനും കുപ്പിവളകൾ… എല്ലാമെല്ലാം പുതുമ മങ്ങാതെ അതേപടി സൂക്ഷിച്ചിരിക്കുന്നു. മനസ്സിനുള്ളിൽ ഒരായിരം മാലപ്പടക്കങ്ങൾ പൊട്ടിച്ചിതറി. അത് സന്തോഷത്തിന്‍റെയോ അതോ സന്താപത്തിന്‍റെയോ എനിക്കു തന്നെ നിശ്ചയമില്ലെന്നു തോന്നി.

പിന്നെ ഡ്രോയ്ക്കുള്ളിൽ ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്, ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. സുവർണ്ണ ലിപികളിൽ അദ്ദേഹം കോറിയിട്ട അക്ഷരങ്ങൾ.

“അനശ്വര സ്നേഹത്തിന്‍റെ താജ്മഹൽ ഹൃദയത്തിൽ പണിതുയർത്തി നിനക്കായി ഞാൻ കാത്തിരിക്കുന്നു.” ആ വാക്കുകളുടെ ആന്തരാർത്ഥത്തെക്കുറിച്ചോർക്കാതെ അദ്ദേഹം കുറിച്ച വരികൾ. അവ അറം പറ്റിയോ? അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ ആ മാർബിൾ കുടീരത്തിൽ ഇന്ന് ഞാൻ യഥാർത്ഥത്തിൽ മരിച്ചു ജീവിക്കുന്നവളാണല്ലോ. നിറഞ്ഞുതുളുമ്പിയ കണ്ണുകൾ വീണ്ടും എന്തോ പരതി ചുറ്റും നോക്കി. (തുടരും)

और कहानियां पढ़ने के लिए क्लिक करें...