മാറുന്ന ജീവിതശൈലിക്കനുസരിച്ച് എന്തും ട്രെൻഡിയും മോഡേണും ആകണമെന്നത് ആരും ഇഷ്ടപ്പെടുന്ന ഒന്നാണല്ലോ. പക്ഷേ വേഷത്തിലും മേക്കപ്പിലും മാത്രമേ ഭൂരിഭാഗംപേരും ഇക്കാര്യം ശ്രദ്ധിക്കാറുള്ളൂവെന്ന് മാത്രം. സ്വന്തം വീടിനെ ട്രെൻഡിയാക്കാമെന്ന ചിന്ത പലർക്കുമുണ്ടാവില്ല. വീട് ട്രെൻഡിയാക്കി പുതിയ ലുക്ക് നൽകുന്ന ധാരാളം രീതികൾ ഇപ്പോൾ നിലവിലുണ്ട്. ഇതിൽ ടൈൽസ് ഫ്ളോറിംഗ് ഏറ്റവും പ്രധാനമാണ്. വീടിന്‍റെ ഇന്‍റീരിയറിൽ ടൈൽ ഫ്ളോറിംഗ് വിപ്ലവാത്മകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇന്ന് വിപണിയിൽ വിവിധതരം ടൈലുകളുടെ വിപുലമായ ശ്രേണി തന്നെയുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന തരത്തിലുള്ള മികച്ച തരം ടൈലുകൾ വരെ ലഭ്യമാണ്.

ടൈൽസ് ഫ്ളോറിംഗിന്‍റെ പ്രയോജനങ്ങൾ

വീടിനകത്തളത്തിൽ എത്ര വിലപിടിപ്പുള്ള വസ്‌തുക്കൾ വച്ചാലും ഫ്ളോറിംഗ് മനോഹരമല്ലെങ്കിൽ വീടിന്‍റെ ഇന്‍റീരിയറിനെ അത് മൊത്തത്തിൽ ബാധിക്കും. ഫ്ളോറിംഗിന് ടൈൽസാണ് ഏറ്റവും മികച്ച ഈടും ഉറപ്പും നൽകുന്നത്. ഒപ്പം മുറിക്ക് മനോഹാരിതയും പകരുന്നു. ഉറപ്പിന്‍റെ കാര്യത്തിൽ ഇതിനെ വെല്ലാൻ മറ്റൊന്നുമില്ല തന്നെ. വെള്ളം വീണ് ഇത് ചീത്തയാവുകയുമില്ല. അതു പോലെ തന്നെ അനായാസം വൃത്തിയാക്കാനും കഴിയും.

മോഡേൺ ടൈൽസ്

വീടിന് ആധുനികതയും മനോഹാരിതയും പകരാൻ മികച്ച ടൈലുകൾ പതിക്കാം. നിലവിൽ ത്രീഡി, വുഡൻ, സ്റ്റോൺ ഫിനിഷ്, മാജിക്, സ്റ്റീൽ ടൈൽസ് വരെ വിപണിയിൽ ലഭിക്കുന്നുണ്ട്. ഇപ്പോൾ പാറ്റേൺ ടൈലുകളും ലഭ്യമാണ്. ഇത് നിലത്തും ചുമരുകളിലും ഒട്ടിക്കാം. ഇനി വീടിന് ട്രെഡീഷണൽ ലുക്ക് പകരണോ അതിനും വഴിയുണ്ട്. ഹാൻഡ് മെയ്ഡ് ടൈൽസ് പതിച്ചാൽ മതിയാവും. മാത്രമല്ല ഡെക്കറേറ്റിവ് ടൈലുകളും ഇതിനായി ഉപയോഗിക്കാം. പക്ഷേ മുഴുവൻ ഫ്ളോറിൽ പതിക്കുന്നതിന് പകരമായി ചുവരിൽ കുറച്ച് ഭാഗത്ത് ഒട്ടിക്കുന്നതാണ് ട്രെൻഡ്. ആവശ്യമെങ്കിൽ വീടിന്‍റെ പ്രധാന കവാടത്തിലും ഇത് ഒട്ടിച്ച് വേറിട്ട ട്രെഡീഷണൽ ലുക്ക് പകരാം.

ടൈൽസിൽ മാറ്റ് ഫിനിഷ് ടൈലുകൾ ഉപയോഗിക്കുന്നതാണ് പുതിയ പ്രവണത. നല്ല തിളക്കമുള്ളതോ ഗ്ലോസി ടൈലുകളോ ഉപയോഗിക്കുന്നത് ഇപ്പോൾ ഔട്ട് ഓഫ് ഫാഷനാണ്. ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് ടൈലുകൾ നിർമ്മിക്കുന്ന രീതി ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് ഇത്തരം ടൈലുകൾ രൂപകൽപന ചെയ്യുക. ഇത്തരം ടൈലുകളിൽ ഇഷ്ടമുള്ള മോട്ടിഫ് ഡിസൈനുകളോ കുടുംബാംഗങ്ങളുടെ ഫോട്ടോയോ പ്രിന്‍റ് ചെയ്യാമെന്നതാണ് വലിയ പ്രത്യേകത. ഈ ലേറ്റസ്‌റ്റ് ട്രെൻഡ് ഹിറ്റാവുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ടൈൽസ് ഫ്ളോറിംഗ് ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അത് ചുവരുമായി മാച്ച് ചെയ്യുന്നതാവണം. ചുമര് ലൈറ്റ് കളറാണെങ്കിൽ ടൈൽസ് ഡാർക്ക് കളറിലുള്ളത് തെരഞ്ഞെടുക്കാം. ചുമര് ഡാർക്ക് കളറാണെങ്കിൽ ലൈറ്റ് കളർ ടൈൽസാവും ഫ്ളോറിംഗിന് യോജിക്കുക.

tiles

പ്രിയമേറും ഡിസൈനർ ടൈൽസ്

  • ഡിജിറ്റൽ പ്രിന്‍റഡ് ഗ്ലാസ് ടൈൽസ്
  • വുഡൻ ലുക്ക് ടൈൽസ്
  • ലെദർ ആന്‍റ് വുഡൻ ടൈൽസ്
  • വാട്ടർ ടൈൽസ് വിത്ത് ഡിജിറ്റൽ പ്രിന്‍റ്
  • ഗ്ലിറ്റർ ടൈൽസ്
  • സ്റ്റോൺ കോൺസെപ്റ്റ് ഡിസൈനിംഗ് ടൈൽസ്

ലിവിംഗ് ഏരിയ

അതിഥികളെ സ്വാഗതം ചെയ്യുന്ന പ്രധാന മുറിയെന്ന സ്റ്റാറ്റസാണ് ലിവിംഗ് റൂമിന്. അതു കൊണ്ട് ലിവിംഗ് സ്പേസിന്‍റെ പ്രാധാന്യവും വലുതാണ്. ലിവിംഗ് റൂമിൽ കാർപ്പെറ്റ് ടൈൽസ് പതിക്കുന്നതാണ് അനുയോജ്യം. ഇത് മുറി മുഴുവൻ ഒട്ടിക്കുന്നതിന് പകരം ഒരു നിശ്ചിത സ്‌ഥാനത്ത് ഒട്ടിക്കുന്നതാണ് നല്ലത്. കാഴ്ചയിൽ കാർപ്പറ്റ് വിരിച്ച പ്രതീതിയുളവാക്കും. അതോടൊപ്പം ഏതാനും ഹാൻഡ്മെയ്ഡ് മാജിക് ടൈൽസും വിരിക്കാം.

മറ്റൊന്ന് ഫ്ളോറിൽ ടൈൽ പതിക്കുന്നതിനൊപ്പം ലിവിംഗ് ഏരിയയുടെ ഒരു വശത്തെ ചുമരിലും ടൈൽസ് പതിക്കുന്നതും ലേറ്റസ്റ്റ് ട്രെന്‍റാണ്.

ചെറിയ വീടാണെങ്കിൽ ഒരേതരം ടൈൽസ് ഒട്ടിക്കുന്നത് വീടിന് മികച്ച ലുക്ക് നൽകും. വീട് വലുതാണെങ്കിൽ വ്യത്യസ്‌ത ഡിസൈനുകളിലുള്ള ടൈൽസ് ഒട്ടിക്കാം. ലിവിംഗ് ഏരിയയിൽ പാറ്റേൺ ബോർഡർ ഉള്ള ടൈൽസ് പതിക്കുന്നത് കൂടുതൽ അഴക് പകരും.

ബെഡ്റൂം

വിശ്രമ മുറിയെന്ന നിലയിൽ ബെഡ് റൂമിന്‍റെ ഇന്‍റീരിയർ അതീവ പ്രാധാന്യമർഹിക്കുന്നു. പലരും ഇക്കാര്യം കണക്കിലെടുത്ത് ഡാർക്ക് കളർ ഫ്ളോറിംഗ് ചെയ്‌ത് കാണാറുണ്ട്. ഇത് തെറ്റാണ്. ബെഡ്റൂം പോലെയുള്ള ഏരിയയിൽ എപ്പോഴും ലൈറ്റ് പെസ്റ്റൽ ഷെയ്‌ഡിലുള്ള ടൈലുകളാണ് അനുയോജ്യം. ഇത്തരം നിറങ്ങൾക്ക് മനസ്സിന് സന്തോഷവും സ്വസ്ഥതയും പകരാനാവുമെന്നതാണ് അതിന്‍റെ പിന്നിലെ സീക്രട്ട്. ഫോളറൽ പാറ്റേണിലുള്ളതോ അല്ലെങ്കിൽ ലൈറ്റ് ഷെയ്ഡിലുള്ളതോ ആയ ടൈൽ ഉപയോഗിക്കാം. ഇതിന് പുറമെ വർണ്ണ വൈവിദ്ധ്യമാർന്നതോ വ്യത്യസ്‌ത തരം ബോർഡർ ഉള്ളതോ ആയ ടൈലും ബെഡ് റൂമിനായി തെരഞ്ഞെടുക്കാം. നാച്ചുറൽ സ്റ്റോൺ ടൈൽസും ബെഡ്റൂമിന് മികച്ചതാണ്.

കിച്ചൺ

കിച്ചൺ ചെറുതാണെങ്കിൽ ചുമരുകളിൽ ലൈറ്റ് ഷെയ്ഡിലുള്ള ടൈൽസ് പതിക്കാം. വലിയ കിച്ചനാണെങ്കിൽ സോഫ്റ്റ് കളർ ടൈൽസ് മികച്ച ലുക്ക് പകരും. കിച്ചണിൽ സ്റ്റീൽ ലുക്ക് പകരുന്ന ടൈൽസ് പതിക്കുന്നതും ഇപ്പോൾ ലേറ്റസ്റ്റ് ട്രെൻഡാണ്.

ഇതുകൊണ്ട് കിച്ചൺ വൃത്തിയാക്കാൻ യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. കിച്ചണിൽ പ്ലെയിൻ സർഫസുള്ള ടൈൽസ് പതിക്കുന്നതാണ് എപ്പോഴും നല്ലത് കാരണം ഇത്തരം ടൈലുകൾ അനായാസം തുടച്ച് വൃത്തിയാക്കാം. ഡിസൈനുകൾ പൊന്തി നിൽക്കുന്ന ടൈലുകൾ ഒട്ടിച്ചാൽ ഡിസൈനുകൾക്കിടയിൽ അഴുക്ക് അടിഞ്ഞുകൂടിയിരിക്കും. അത് വൃത്തിയാക്കാൻ പ്രയാസവുമായിരിക്കും.

ബാത്ത്റൂം

വീട്ടിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരിടമാണ് ബാത്ത്റൂം. ഇത് വൃത്തിയുള്ളകും മനോഹരവും ആയിരിക്കേണ്ടത് പ്രധാനമാണ്. ബാത്ത്റൂമിൽ എപ്പോഴും സോഫ്റ്റ് ഫീലുള്ള ടൈൽസ് പതിക്കുന്നതാണ് നല്ലത്. നഗ്‍നപാദങ്ങൾക്കിത് റിലാക്സേഷൻ നൽകും. ബാത്ത്റൂമിൽ വള്ളിച്ചെടികളും പൂക്കളുമുള്ള ടൈൽസ് സാധാരണ ഒട്ടിച്ചു കാണാറുണ്ട്. ഇത് പാടില്ല. റിഫ്രഷിംഗ് തീമിന് അനുസരിച്ച് ടൈൽസ് ഒട്ടിക്കുന്നതാണ് നല്ലത്. അതായത് കുളിക്കുന്ന സമയത്ത് നമ്മുടെ കണ്ണുകൾ അതിൽ പതിക്കുകയാണെങ്കിൽ മനസ്സിനെയത് റിഫ്രഷാക്കും. ബാത്ത്റൂമിൽ ബ്ലൂ, പിങ്ക് കളറുകളിലുള്ള ആന്‍റിസ്കിഡ് ടൈൽസുകൾ ഒട്ടിക്കുന്നത് ഇപ്പോൾ ട്രെൻഡായി കൊണ്ടിരിക്കുകയാണ്. ബാത്ത്റൂമിനായി വ്യത്യസ്‌തതരം സിറാമിക് ടൈലുകൾ ലഭ്യമാണ്. അതുപോലെ ബോർഡർ ഉള്ളതോ. ക്രിസ്ക്രോസ് പാറ്റേണിലുള്ളതോ ആയ ടൈൽസും ബാത്ത്റൂമിൽ പതിക്കാം.

വാൾ ടൈൽസ്

ഇപ്പോൾ ഫ്ളോറിൽ മാത്രമല്ല ചുമരിലും ടൈൽ ഒട്ടിച്ചു കാണാറുണ്ട്. വീടിനകത്ത് വാൾടൈലുകൾ ഒട്ടിക്കാൻ ധാരാളം ഇടങ്ങളുണ്ടാവും. അത്തരം ഭാഗങ്ങളിൽ ടൈലുകൾ ഒട്ടിക്കാം. ഉദാ: പൂന്തോട്ടത്തെ അഭിമുഖീകരിക്കുന്ന ചുമർ, ഏണിപ്പടിയോട് ചേർന്നുള്ള ചുമർ എന്നിവിടങ്ങളിൽ വാൾടൈലുകൾ പതിക്കുന്നത് കൂടുതൽ ഭംഗി പകരും. ഈജിപ്റ്റ്, ഇന്ത്യൻ, ട്രെഡീഷണൽ, ചൈനീസ് പാറ്റേണിലുള്ള ടൈലുകൾ ഡ്രോയിംഗ് റൂമിലോ, എൻട്രി ഗേറ്റിലോ പെയിന്‍റിംഗ് പോലെ ഉപയോഗിക്കാം.

സംരക്ഷണം

വർഷങ്ങളോളം ടൈൽ ഭംഗിയായി നിലനിൽക്കും ഇത്. അനായാസം വൃത്തിയാക്കുകയും ചെയ്യാം. ടൈൽ വൃത്തിയാക്കാൻ വീര്യം കൂടിയ കെമിക്കലുകൾ പലതും ഉപയോഗിച്ച് കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ടൈലുകളുടെ ഭംഗി നഷ്ടപ്പെടുത്തും. ടൈലുകൾ വൃത്തിയാക്കാൻ ഓർഗാനിക് ടൈൽ ക്ലീനറുകൾ ഉപയോഗിക്കാം. അതുപോലെ സർഫ് കലക്കിയ വെള്ളം ഉപയോഗിച്ചും ടൈലുകൾ വൃത്തിയാക്കാവുന്നതാണ്. വിനാഗിരി ചേർത്ത വെള്ളം ഉപയോഗിച്ചും ടൈലുകൾ വൃത്തിയാക്കാം. ഈ രീതികളൊന്നും തന്നെ ടൈലുകളുടെ ഭംഗി നഷ്‌ടപ്പെടുത്തുകയില്ല.

और कहानियां पढ़ने के लिए क्लिक करें...