മനുഷ്യന്‍റെ ആഗ്രഹങ്ങൾക്ക് ചിറകുണ്ടായിരുന്നെങ്കിൽ ആദ്യം പറന്നിറങ്ങുക ആൻഡമാൻ നിക്കോബാറിലായിരിക്കും. ഭൂമിയിലെ രണ്ടാമത്തെ സ്വർഗ്ഗം എന്നൊക്കെ പറയാം. അപ്പോൾ ഭൂമിയിലെ ഒന്നാമത്തെ സ്വർഗ്ഗമേതാണ്. അതും ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹം തന്നെ! എങ്കിൽ ആ സ്വപ്നം കാണാൻ പോകാം...
ബംഗാൾ ഉൾക്കടലിൽ മ്യാൻമാറിന്‍റെ തെക്ക് വശത്തിനും ഇന്ത്യോനേഷ്യയുടെ തെക്ക് ഭാഗത്തിനും ഇടയിലായി മുത്തുകൾ കോർത്ത മാല പോലെ സ്‌ഥിതി ചെയ്യുന്ന പ്രദേശമാണ് ആൻഡമാൻ ദ്വീപു സമൂഹം. വടക്കു മുതൽ തെക്ക് വരെ നീണ്ടു കിടക്കുന്ന ആൻഡമാൻ നിക്കോബാറിന്‍റെ സമുദ്രതീരം 1912 കിലോമീറ്ററാണ്. വിസ്തീർണ്ണം 8249 കിലോമീറ്ററും. ചെറുതും വലുതുമായ 572 ദ്വീപുകളുടെ സംഗമമാണ് ആൻഡമാൻ ദ്വീപ് സമൂഹം.
അതിൽ 37 ദ്വീപുകളിലെ മനുഷ്യവാസമുള്ളൂ. ബാക്കിയുള്ളവയെല്ലാം വനനിബിഡമായ പ്രദേശങ്ങളാണ്. ആകാശ ഉയരത്തിൽ നിന്ന് താഴേയ്‌ക്ക് നോക്കിയാൽ കടലിൽ കാട് വളർന്ന് നിൽക്കുന്ന പച്ചപ്പ് കാണാം. ഉഷ്ണ മേഖലയാണ്. വർഷം മുഴുവനും അന്തരീക്ഷത്തിൽ ചൂടു കാറ്റ് അനുഭവപ്പെടും. ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 23 ഡിഗ്രി സെൽഷ്യസുമാണ്. അന്തരീക്ഷത്തിലെ ഈർപ്പാവസ്‌ഥ 70 മുതൽ 90 വരെയാണ്. വർഷത്തിൽ 3200 മില്ലിമീറ്റർ മഴ ലഭിക്കും.
മനുഷ്യനാൽ മലിനീകരിക്കപ്പെടാത്ത പ്രകൃതിയാണ് ഈ ദ്വീപിനെ സ്വർഗ്ഗമാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തനതായ പ്രകൃതിയുടെ സൗന്ദര്യം മായമില്ലാതെ ദർശിക്കാനാവും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചാണ് ഇവിടുത്തേത്. പച്ചപുകൾ കൊണ്ടും അപൂർവ്വ ഔഷധ സസ്യങ്ങൾ കൊണ്ടും സമ്പന്നമാണ് ഇവിടം. അലോസരപ്പെടുത്താതെ തഴുകാനെത്തുന്ന കാറ്റും സൗഹാർദ്ദ മനോഭാവമുള്ള സ്‌ഥലവാസികളും ഏതൊരു ടൂറിസ്‌റ്റിനെയും ആകർഷിക്കും.
ഒക്ടോബർ മുതൽ മെയ് വരെയാണ് സന്ദർശന യോഗ്യമായ സമയം. മെയ് മുതൽ സെപ്തംബർ വരെയും നവംബർ മുതൽ ജനുവരി വരെയും മഴക്കാലമാണ്. കപ്പൽ മാർഗ്ഗവും വിമാന മാർഗ്ഗവും ആൻഡമാനിൽ എത്തിച്ചേരാനാവും. ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്ക്ക് കപ്പൽ സർവ്വീസ് ഉണ്ട്. ടിക്കറ്റിനായി അവിടുത്തെ ഫിഷിംഗ് കമ്പനി ഓഫസുമായി ബന്ധപ്പെടാവുന്നതാണ്. ഡൽഹി, കൊൽക്കൊത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് ഉണ്ട്. പോർട്ട്ബ്ലയറിൽ ഇറങ്ങി ടൂറിസം ഡിപ്പാർട്ട്മെന്‍റfന്‍റെ ഓഫീസുമായി ബന്ധപ്പെട്ടാൽ അവർ സൗകര്യങ്ങൾ ഏർപ്പെടുത്തി തരും. ആൻഡമാന്‍റെ തലസ്‌ഥാനം പോർട്ട്ബ്ലയർ ആണ്.
സന്ദർശന യോഗ്യമായ ദ്വീപ് സമൂഹത്തെ രണ്ടായി തരം തിരിയ്ക്കാം. വടക്ക് ദ്വീപ് ശൃംഖലയും തെക്ക് ദ്വീപ് ശൃംഖലയും വടക്ക് ദ്വീപ് ശൃംഖലയിൽ വടക്ക് ആൻഡമാൻ, മദ്ധ്യ ആൻഡമാൻ ദക്ഷിണ ആൻഡമാൻ എന്നിവ ഉൾപ്പെടും. ഇവയെ കടൽ തുരുത്തുകൾ വേർപ്പെടുത്തുന്ന രീതിയിലാണ് സ്‌ഥിതി ചെയ്യുന്നത്.
തെക്ക് ശൃംഖലയിൽ നിക്കോബാർ ദ്വീപ് സമൂഹമാണുള്ളത്. അതിൽ ആദ്യം വരുന്നത് കർ നിക്കോബാർ ആണ്. സന്ദർശകർക്ക് ഇവിടെ എത്തിപ്പെടാൻ പ്രയാസമാണ്. അനേകം പ്രതിബന്ധങ്ങൾ ഉള്ളതിനാൽ ഇവിടം സന്ദർശിക്കണമെങ്കിൽ സർക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. 10 ഡിഗ്രി കടലിടുക്കാണ് ഈ ദ്വീപ് ശൃംഖലകളെ വേർത്തിരിക്കുന്നത്. ഗതാഗതയോഗ്യമായ ജലപരപ്പാണിത്.