നീലിമ സ്വന്തം വീട്ടിൽ പോയി വന്നശേഷം അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റം വന്നതുപോലെ ഹർഷന് തോന്നി. മുമ്പൊരിക്കലും അവളങ്ങനെയൊന്നും പെരുമാറിയിരുന്നില്ല. മുമ്പ് ഹർഷന് ഓഫീസിൽ പോകാൻ നേരമാകുമ്പോൾ അവൾ ഹർഷന്‍റെ എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഒന്നിലും ഒരു കുറവുണ്ടാകരുത് അവൾക്കത് നിർബന്ധമായിരുന്നു.
ഹർഷനുള്ള ടിഫിൻ ഭംഗിയായി ഒരുക്കി വയ്ക്കുക, വാച്ച്, മൊബൈൽ, പേഴ്സ്, പേന, തൂവാലയൊക്കെ അവൾ കൃത്യമായി എടുത്ത് വയ്ക്കും. എന്തെങ്കിലും മറന്നു പോയാലോയെന്ന ആധിയായിരുന്നു അവൾക്ക്. ഹർഷൻ കുളിച്ചിറങ്ങുമ്പോഴേക്കും നീലിമ ഹർഷന്‍റെ ഷർട്ടും പാന്‍റുമൊക്കെ ഒറ്റ ചുളിവുമില്ലാതെ ഭംഗിയായി വടിവൊത്ത് ഇസ്തിരിയിട്ട് തയ്യാറാക്കി വയ്ക്കും.
ഹർഷൻ സ്വയം ചെയ്‌തിരുന്ന ഒരേയൊരു ജോലി ഷൂ പോളിഷ് ചെയ്യുന്നതായിരുന്നു. ഹർഷന്‍റെ ഭക്ഷണകാര്യത്തിലും അവൾക്ക് വലിയ ശ്രദ്ധയായിരുന്നു. ഹർഷന് ഇഷ്‌ടമുള്ള ഭക്ഷണം പാകം ചെയ്‌ത് കൊടുത്തിരുന്നുവെങ്കിലും അയാളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിഭവങ്ങളും നിർബന്ധിച്ച് കഴിപ്പിക്കും. ഞായറാഴ്ച ദിവസങ്ങളിൽ നീലിമ അടുക്കളയിൽ തിരക്കിട്ട പണിയിലായിരിക്കും. അന്ന് ഉച്ചയൂണിന് സ്പെഷ്യൽ വിഭവങ്ങളായിരിക്കും.
വീട് എപ്പോഴും വൃത്തിയായി സൂക്ഷിച്ചു. വീട്ടിലെ ഒരു വസ്തുവും അലക്ഷ്യമായി കിടക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു. ഇതേ നിഷ്ക്കർഷത സ്വന്തം കാര്യത്തിലും അവൾ പുലർത്തിയിരുന്നു.
എന്നും കുളിച്ച് അണിഞ്ഞൊരുങ്ങി നടക്കാനായിരുന്നു നീലിമയ്ക്കിഷ്ടം. മുഖത്ത് സദാ പുഞ്ചിരിയുമായി നടക്കുന്ന നീലിമയെ കാണുമ്പോൾ തന്നെ എല്ലാവർക്കും സന്തോഷമായിരിക്കും. അതുകൊണ്ട് ഹർഷൻ സദാസമയവും സന്തോഷവാനായി നടന്നു.
പക്ഷേ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു. വീട് അലങ്കോലപ്പെട്ട് കിടന്നാലും നീലിമ ഒന്നും തന്നെ ശ്രദ്ധിക്കാതെയായി. ഹർഷൻ എന്തെങ്കിലും കാര്യം അന്വേഷിച്ചാൽ എടുത്തടിച്ചതു പോലെയാവും നീലിമയുടെ മറുപടി. കുറച്ചൊക്കെ തന്നെ ചെയ്‌തു കൂടെയെന്ന് ചോദിക്കും. എല്ലാം താൻ തന്നെ ശ്രദ്ധിച്ചാൽ മതിയോ എന്നൊക്കെ അവൾ വിചിത്രമായി പ്രതികരിച്ചു തുടങ്ങി. അവളുടെ അസാധാരണമായ മാറ്റം കണ്ട് ഹർഷന്‍റെ മനസ്സ് പലപ്പോഴും അസ്വസ്ഥമായ ചിന്തകളിൽ മുഴുകിയിരുന്നു.
ഹർഷന് സുഖമില്ലെന്നറിഞ്ഞ് ഒരിക്കൽ ഹർഷന്‍റെ പഴയൊരു സഹപ്രവർത്തക അയാളെ കാണാൻ വീട്ടിൽ വന്നു. സഹപ്രവർത്തക വന്നതിൽ അന്ന് നീലിമയ്ക്ക് പ്രത്യേകിച്ച് വിഷമമൊന്നുമുണ്ടായില്ലെങ്കിലും പിന്നീട് അവൾ അക്കാര്യത്തിലുള്ള നീരസം പ്രകടിപ്പിച്ചു. ഒരു പക്ഷേ നീലിമയുടെ നാത്തൂന്‍റെ ഉപദേശപ്രകാരമായിരിക്കാം നീലിമ അങ്ങനെ പ്രതികരിച്ചതെന്ന് ഹർഷൻ സമാധാനിച്ചു.
ഓഫീസിൽ തിരക്കുപിടിച്ച ജോലിയായതിനാൽ കുറേ നാളായി ഹർഷൻ വീട്ടിൽ വൈകിയാണ് എത്തിയിരുന്നത്. വീട്ടിൽ മുഴുവൻ സമയം ഒറ്റയ്ക്കിരിക്കുന്നതു കൊണ്ട് ഒരു പക്ഷേ നീലിമയ്ക്ക് മടുപ്പു തോന്നുന്നുണ്ടാകും. കുഞ്ഞുങ്ങളുമില്ലല്ലോ, അവർക്കൊപ്പം സമയം ചെലവഴിക്കാൻ കുഞ്ഞുങ്ങൾ ഉടനെ വേണ്ട 2-3 വർഷം കഴിഞ്ഞു മതിയെന്നുള്ള തീരുമാനം നീലിമയുടേതായിരുന്നു. അതേപ്പറ്റി സൂചിപ്പിക്കുമ്പോഴൊക്കെ അവൾ ഈയിടെയായി കൃത്യമായി മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഹർഷൻ ഓരോന്നും ഓർത്തു കൊണ്ടിരുന്നു.
“ഹർഷൻ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്. എടുത്ത് കഴിച്ചിട്ട് ബാക്കിയുള്ളത് ഫ്രിഡ്ജിൽ വച്ചേക്കണം. ഞാൻ ചിലപ്പോൾ വരാൻ വൈകും. എന്‍റെയൊരു ഫ്രണ്ടിന്‍റെ ബർത്ത്ഡേ പാർട്ടിയുണ്ട്” നീലിമ ഉച്ചത്തിൽ പറഞ്ഞു.
“ഞായറാഴ്ച തന്നെ വേണോ? ഈയൊരു ദിവസം ഭർത്താക്കന്മാർ എല്ലാവരും വീട്ടിലുണ്ടാവില്ലേ?”
“അപ്പോൾ ഞങ്ങൾ ഭാര്യമാർ എല്ലാ ദിവസവും വീട്ടിലിരിക്കുന്നതോ… അതിനൊന്നും പറയാനില്ലേ? ബെഡിൽ ഇന്നലെ മുതൽ നിങ്ങളുടെ ഡ്രസ്സൊക്കെ കിടക്കുവാ, അതൊക്കെ അടുക്കി വയ്ക്കണം. ഞാൻ തന്നെ ചെയ്യണമെന്ന് പറയുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല?” ഇത്രയും പറഞ്ഞു കൊണ്ട് അവൾ വാതിൽ വലിച്ചടച്ച ശേഷം പുറത്തേക്ക് പോയി.
നീലിമ മുമ്പും ഇതുപോലെ പോകുമായിരുന്നുവെങ്കിലും അവൾ വീട്ടിലെ എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്‌ത് തീർത്ത ശേഷമേ പോയിരുന്നുള്ളൂ. ഹർഷൻ ഓർത്തു. ഇപ്പോഴാകട്ടെ പെരുമാറ്റത്തിലാകെ പാരുഷ്യം.
അകലം കൂടി വരുന്നതു പോലെ ഇനി താനവൾക്ക് ഒരു ഭാരമാകരുത്. സ്വന്തം ജോലികൾ സ്വയം ചെയ്യണം. അയാൾ പുതിയൊരു തീരുമാനമെടുത്തു. ഹർഷൻ മനസ്സില്ലാമനസ്സോടെ എങ്ങിനെയെക്കെയോ ഭക്ഷണം കഴിച്ചു. നീലിമയുണ്ടാക്കി വച്ച ഭക്ഷണത്തിന് രുചിക്കുറവ് ഒന്നുമുണ്ടായിരുന്നില്ല. അവളെന്ത് ഉണ്ടാക്കിയാലും നല്ല രുചിയായിരിക്കും. പക്ഷേ ഇപ്പോൾ അവൾ എന്ത് ഉണ്ടാക്കിയാലും ഒന്നുകിൽ ഉപ്പ് കൂടുതൽ ആയിരിക്കും അല്ലെങ്കിൽ ഒട്ടുമുണ്ടാവില്ല. ചിലപ്പോൾ പച്ചക്കറി നന്നായി വെന്ത് കരിഞ്ഞിരിക്കും. അവൾക്കെന്താണ് സംഭവിച്ചിരിക്കുക?
ഹർഷൻ ആകെ അസ്വസ്ഥനായി. അയാൾക്കൊന്നും മനസ്സിലായില്ല. പക്ഷേ മനസ്സിൽ ഊറിക്കൂടിയ സങ്കടത്തിനിടയിൽ അയാൾക്കൊരാശയം തോന്നി. “മോനെ… ഹോസ്‌റ്റൽ ദിനങ്ങൾ ഓർക്ക്… എന്തെങ്കിലും വിഭവം തയ്യാറാക്കി നീലിമയ്ക്കൊരു ഉഗ്രൻ സർപ്രൈസ് കൊടുക്ക്. അവൾ മടങ്ങിയെത്തുമ്പോഴേക്കും ഉഗ്രനൊരു ഡിന്നറൊരുക്ക്. താനും എപ്പോഴെങ്കിലും എന്തെങ്കിലും അവൾക്കു വേണ്ടി ചെയ്യേണ്ടതല്ലേ.” അയാളുടെ മനസ്സിൽ ആരോയിരുന്ന് മന്ത്രിക്കുന്നതുപോലെ തോന്നി.
മനസ്സിൽ തോന്നിയ ആശയത്തിൽ ഉണർവ്വിൽ അയാൾ ഒരു സിനിമ കാണാനുള്ള ടിക്കറ്റും ബുക്ക് ചെയ്‌തു. അതിനു ശേഷം രണ്ടുപേർക്കും ഏറ്റവുമിഷ്‌ടമുള്ള വിഭവങ്ങൾ തയ്യാറാക്കി നീലിമയെ കാത്തിരുന്നു.
മടങ്ങിയെത്തിയ നീലിമ ഹർഷൻ ജോലിയൊക്കെ ഏറെക്കുറെ ഭംഗിയോടെ ചെയ്ത് തീർത്തിരിക്കുന്നത് ശ്രദ്ധിച്ചു. അവൾ ഉള്ളാലെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷം അവൾ പുറമെ പ്രകടിപ്പിച്ചില്ല.
ഹർഷൻ തന്നെ ആശ്രയിക്കാതെ സ്വയം എല്ലാം ചെയ്ത് ശീലിക്കണം. അതാണല്ലോ അവൾ ആഗ്രഹിച്ചിരുന്നതും. അതുകൊണ്ട് അവൾ വലിയ സംസാരമൊന്നുമില്ലാതെ ഹർഷനൊപ്പമിരുന്ന് അത്താഴം കഴിച്ചു. അത് കഴിഞ്ഞ് അവർ ഇരുവരും കൂടി സിനിമ കാണാനും പോയി. അപ്പോഴും അവൾ ഏറെക്കുറെ നിശബ്ദത പാലിച്ചു.
അവളുടെ നിശബ്ദത ഹർഷനെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു. “നീലി… എന്തെങ്കിലും വിഷമമുണ്ടോ? എന്നോടത് പറയരുതോ? എന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതോ എന്‍റെ കൂടെയുള്ള ജീവിതം നിനക്ക് മടുത്തോ?”
“നിങ്ങൾക്ക് ഹിന്ദി സിനിമ ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ അക്ഷയ്കുമാറിനെ ഇഷ്‌ടമല്ല. പിന്നെന്തിനാ. അക്ഷയിന്‍റെ സിനിമ കാണാൻ പുറപ്പെട്ടത്. എനിക്കു വേണ്ടിയല്ലേ… ഞാൻ കാരണം നിങ്ങൾ ആ സിനിമ കാണേണ്ട വല്ല കാര്യവുമുണ്ടോ?”
അവളുടെ പ്രതികരണം കേട്ട് ഹർഷൻ അദ്ഭുതപ്പെട്ടു പോയി. ഹർഷൻ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തനിക്കൊപ്പം നിർബന്ധിച്ചിരുത്തി രാത്രി മുഴുവനും സിനിമ കാണുന്ന അതേ നീലിമയാണോ ഇങ്ങനെയൊക്കെ പറയുന്നത്. എന്തുകൊണ്ടാണ് നീലിമ തന്നോടിത്ര ദേഷ്യം കാട്ടുന്നത്? ഇനി അവളുടെ മനസ്സിൽ മറ്റാരെങ്കിലും കടന്നു കൂടിയിട്ടുണ്ടാകുമോ? അടുത്ത നിമിഷം നീലിമയെപ്പറ്റി അങ്ങനെ ചിന്തിച്ചതോർത്ത് അയാൾ സ്വയം കുറ്റപ്പെടുത്തി.
തന്നെ ഏറ്റവും സ്നേഹിക്കുന്ന തന്‍റെ സാമീപ്യത്തിനായി കൊതിയോടെ കാത്തിരിക്കുന്ന നീലിമയ്ക്ക് അങ്ങനെയൊരിക്കലും ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. താൻ സ്വന്തം ജോലി സ്വയം ചെയ്യണമെന്നാണ് നീലിമ ആഗ്രഹിക്കുന്നത്. എന്നാലെ അവൾക്ക് സന്തോഷമുണ്ടാകൂ. അങ്ങനെ ആയാൽ പഴയ നീലിമയെ തനിക്ക് തിരിച്ചു കിട്ടൂവെന്ന് ഹർഷനും വിചാരിച്ചു.
2-3 മാസങ്ങൾ കൊണ്ട് ഹർഷനിൽ കുറേ മാറ്റങ്ങൾ ഉണ്ടായി. ഞായറാഴ്ച ദിവസങ്ങളിൽ അയാൾ സ്വന്തം വസ്ത്രമലക്കി വിരിച്ചു. ഉണങ്ങിയ വസ്ത്രങ്ങളിൽ ചിലത് അയാൾ സ്വയം ഇസ്തിരിയിട്ടു. മറ്റ് ചിലത് പുറമേ കൊടുത്ത് ഇസ്തിരിയിടീച്ച് വെടിപ്പാക്കി.
ഓഫീസിൽ പോകാൻ തയ്യാറാകുന്ന സമയത്ത് സ്വന്തം പേഴ്സും വാച്ചും മൊബൈലും ചാർജ്‌ജറും മറ്റും അയാൾ കൃത്യമായി എടുത്തു വച്ചു. അതിനായി അയാൾ നീലിമയെ വിളിച്ച് വിഷമിപ്പിച്ചതേയില്ല.
ബ്രേക്ക്ഫാസ്റ്റും സ്വയമെടുത്ത് കഴിച്ച് പ്ലെയ്റ്റ് കഴുകി സ്റ്റാൻഡിൽ കൃത്യമായി വച്ചു. ഓഫീസിലേക്ക് പുറപ്പെടും മുമ്പേ സ്വന്തം മുറിയിൽ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കൾ ഒതുക്കി വയ്‌ക്കുകയും കിടക്കയിലെ വിരിപ്പ് വിരിച്ച് കൃത്യമാക്കുകയും ചെയ്യുന്നത് അയാൾ പതിവാക്കി.
നീലിമ ഇതൊക്കെ കണ്ട് സന്തോഷിച്ചിരിക്കുമോ? അയാൾ അതേപ്പറ്റി അഭിപ്രായമറിയാനായി ജിജ്ഞാസയോടെ ചോദിക്കുമ്പോഴൊക്കെ അവൾ നേരിയ പുഞ്ചിരിയിൽ മറുപടി ഒതുക്കി. പക്ഷേ സ്വന്തം കാര്യങ്ങളൊക്കെ ഹർഷൻ സ്വയം ചെയ്യുന്നത് കണ്ട് അവൾ ഉള്ളിൽ ഏറെ വേദനിച്ചിരുന്നുവെങ്കിലും അവൾ അതൊന്നും പുറമെ പ്രകടിപ്പിച്ചതേയില്ല. സ്വന്തം നിസ്സഹായവസ്‌ഥയിൽ അവൾ മനമുരുകി വേദനിച്ചു.
“ഹർഷാ… പുതിയൊരു ഇംഗ്ലീഷ് മൂവി റിലീസായിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം പോയി കണ്ടോളൂ.”
“നീലി… നീയെന്തിനാ എന്നെ നിന്നിൽ നിന്നും അകറ്റി നിർത്തുന്നത്. നിനക്കതിൽ സന്തോഷമുണ്ടാകുമോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. നിനക്ക് യോജിച്ച ആളല്ല ഞാനെന്ന് നിനക്ക് തോന്നി തുടങ്ങിയോ?”
“ഹർഷാ എനിക്ക് യോജിച്ചയാൾ തന്നെയാ… പക്ഷേ നിങ്ങളുടെ ഇളയമ്മ നിങ്ങൾക്കു വേണ്ടി ഒരു പെൺകുട്ടിയെ ആലോചിച്ചിരുന്നില്ലേ. അവളായിരുന്നുവെങ്കിൽ നിങ്ങൾക്ക് പെർഫക്റ്റ് മാച്ചായേനെ. അറിയാമോ… അവളിപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഞാൻ കാരണം അവളുമായിട്ടുള്ള വിവാഹം മുടങ്ങി അതിന്‍റെ പേരിലുള്ള ഇളയമ്മയുടെ ദേഷ്യവും മാറിയിട്ടില്ല. ഇളയമ്മയുടെ ദേഷ്യം മാറ്റാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ പറയ്…”
“നീ ഇപ്പോഴും കഴിഞ്ഞ കാര്യവും ഓർത്തിരിക്കുകയാണോ. നമ്മൾ പരസ്പരം ഇഷ്‌ടപ്പെട്ടു. സ്നേഹിച്ചു. ഒടുക്കം കല്യാണവും കഴിച്ചു. ഇപ്പോഴെന്തിനാ കഴിഞ്ഞു പോയ കഥ പറയുന്നത്. ഓഫീസിൽ പോകാൻ നേരമായി. ഞാൻ പോകട്ടെ. വൈകിട്ട് സംസാരിക്കാം. റിലാക്സ്.” അയാൾ എന്നും ചെയ്യുന്നതു പോലെ അവളുടെ നെറ്റിയിൽ സ്നേഹ പൂർവ്വം ചുംബിച്ചു.
“നീ എന്ത് വേണമെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തോ… പക്ഷേ ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും സീ യു ഹണി…”
“അതാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. നിങ്ങളോട് ഒന്നും പറയാൻ എനിക്കാവില്ല.” അയാൾ ഓഫീസിലേക്ക് പുറപ്പെട്ടശേഷം നീലിമ ഏറെ നേരം കരഞ്ഞു കൊണ്ടിരുന്നു.
നാളെയാണ് മുംബൈയിലേക്ക് പുറപ്പെടേണ്ടത്. ഇനിയൊരു മടങ്ങി വരവില്ലാത്ത യാത്ര. അവൾ പാടുപ്പെട്ട് സ്വയം നിയന്ത്രിച്ചു. ചെറിയൊരു ബാഗിൽ അവൾ സ്വന്തം വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തു വച്ചു. രാത്രിയിൽ ഉറക്കം വരാതെ അവൾ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
“നിനക്കെന്താ നീലി… സുഖമില്ലേ?” അവളുടെ അസ്വസ്ഥത കണ്ട് ഹർഷൻ ഇടയ്ക്ക് എഴുന്നേറ്റ് ചായ തയ്യാറാക്കി അവൾക്ക് കൊടുത്തു. ചിലപ്പോൾ ചൂട് വെള്ളവുമായി അയാൾ വന്നു. അടുത്തിരുന്ന് അവളുടെ നെറ്റി തടവി കൊടുത്തു.
“ഡോക്ടറെ വിളിക്കണോ?”
“സാരമില്ല. ചെറിയൊരു തലവേദന. രാവിലെയാകുമ്പോൾ ശരിയാവും. ഹർഷൻ കിടന്നോളൂ.”
പക്ഷേ ഹർഷൻ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ തലയിൽ തേക്കാനുള്ള എണ്ണക്കുപ്പിയെടുത്തു കൊണ്ടു വന്നു. എണ്ണക്കുപ്പിയുടെ അടപ്പ് തുറന്നപ്പോൾ അയാൾ എണ്ണ ബെഡിൽ വീഴാതിരിക്കാൻ നിലത്തിരുന്നു. ആ സമയത്ത് കട്ടിലിനടിയിൽ വച്ചിരിക്കുന്ന ബാഗ് കണ്ട് ഹർഷന് അദ്ഭുതം തോന്നി.
“ഈ ബാഗ്! ആരാണ് യാത്ര പോകുന്നത്?”
“അതെ ഹർഷാ, എനിക്ക് നാളെ മുംബൈയ്ക്ക് പോകണം. നാളെ രാവിലെ എന്നെ കൂട്ടി കൊണ്ടുപോകാൻ അഭി വരും. എന്‍റെ കൂട്ടുകാരി രൂപയുടെ അനിയത്തിയുടെ കല്യാണമാണ്. അവർക്കാരുമില്ല. ആകെ ഡിപ്രഷനായിട്ട് അവൾ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്യണം. അവൾ വീട്ടിൽ അമ്മയെ വിളിച്ച് കുറേ റിക്വസ്റ്റ് ചെയ്തു. അതുകൊണ്ടാ അമ്മ അഭിയെ അയച്ചത്. ഹർഷന് സമ്മതക്കുറവൊന്നുമുണ്ടാകില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു മാസമല്ല 6 മാസം വരെ അവൾക്കൊപ്പം താമസിക്കാനുള്ള അനുവാദമൊക്കെ ഹർഷൻ തരുമെന്ന് ഞാൻ പറഞ്ഞു. മുഴുവൻ കാര്യങ്ങളും ഇപ്പോൾ ഹർഷന് ചെയ്‌ത് ശീലമായിട്ടുണ്ടല്ലോ. അതുകൊണ്ട് ഒറ്റയ്ക്കായാലും വിഷമമുണ്ടാകില്ല.” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ… തന്നെ ഇത്രയധികം സ്നേഹിക്കുന്ന ഹർഷനോട് മനസ്സിലുള്ള ആ രഹസ്യം പറയുന്നതെങ്ങനെ.
“പക്ഷേ… എത്ര ദിവസം… ഞാൻ ഒറ്റയ്ക്ക് എങ്ങനെ?”
“ഒറ്റയ്ക്ക് താമസിച്ചുള്ള ശീലം വേണം… സ്വയം പര്യാപ്തനാവണം. എല്ലാ വിധത്തിലും അല്ലാതെ ആരെങ്കിലും പോയാലുടൻ കണ്ണീരൊലിപ്പിക്കുകയല്ല വേണ്ടത്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇനിയൊന്നും പറയരുത്. നീ എന്തൊക്കെയാ ഈ പറയുന്നത്. നീ പോകുകയാണെങ്കിൽ ഞാൻ നിന്നെ തടയില്ല. പക്ഷേ എന്നാ മടങ്ങി വരിക. വിവാഹത്തിന് 10 ദിവസം നിൽക്കുന്നത് തന്നെ ധാരാളമാണ്. പിന്നെന്തിനാ ഒരു മാസം. പക്ഷേ ആവശ്യമാണെങ്കിൽ പോവുക. എല്ലാ ദിവസവും എനിക്ക് ഫോൺ ചെയ്യണം. ഇപ്പോ നീ ഉറങ്ങ്.”
സമയം 8 മണിയായിരിക്കുന്നു. അഭി അപ്പോഴേക്കും വീട്ടിൽ എത്തി.
“ചേച്ചി എവിടെയാ?”
“അഭി അവൾ എഴുന്നേറ്റില്ല. ഇന്നലെ അവൾക്ക് ഒട്ടും സുഖമില്ലായിരുന്നു. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് ഉണർത്തിയില്ല.”
“ചേട്ടാ ഒരു മണിക്കാ ഫ്ളൈറ്റ്. ലേറ്റാകരുത്.”
“ങ്ഹും, ഞാൻ എഴുന്നേൽപ്പിക്കാൻ പോവുകയായിരുന്നു. ഇന്നലെ രാത്രിയാ ഞാൻ ഈ യാത്രയെപ്പറ്റി അറിയുന്നത് തന്നെ. ഞാൻ ചായ എടുക്കട്ടെ നീ അവളെ വിളിക്ക്”
“ചേച്ചി എഴുന്നേറ്റെ, ദേ ഞാൻ വന്നു.?എന്താ പോകുന്നില്ലേ…? ലേറ്റാകും.” അഭി മുറിയിൽ ചെന്ന് അവളെ കുലുക്കി വിളിച്ചു.
“ഇപ്പോ തന്നെ കുറേ ലേറ്റായി. ഇനി ലേറ്റായാൽ എന്താ?” ഉറക്കമുണർന്ന നീലിമ കണ്ണുതിരുമ്മി കൊണ്ട് ചോദിച്ചു.
“ചേച്ചി” അഭി സങ്കടപ്പെട്ടു.
“ചേച്ചി അവിടെ ചികിത്സയ്ക്കായ് നിൽക്കുന്നല്ലേ… എന്തുകൊണ്ടാ ചേട്ടനോട് പറയാതിരുന്നത്?” അഭി വാത്സല്യത്തോടെ അവളുടെ അരികിൽ ചേർന്നിരുന്നു. അവന്‍റെ കണ്ണുകൾ നിറഞ്ഞു നിന്നു.
“എനിക്ക് വളരെ കുറച്ച് സമയമല്ലേയുള്ളൂ. എത്ര ചികിത്സിക്കാനാ. നിനക്കറിയാമല്ലോ. ഹർഷന് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്‌ത് ശീലിക്കേണ്ടിയുമിരുന്നു. ഇപ്പോൾ ഹർഷൻ ഒന്നും അറിയണ്ട.” നീലിമ അഭിയുടെ കണ്ണുകൾ തുടച്ചു.
ഹർഷൻ റൂമിലേക്ക് വരുന്ന ശബ്ദം കേട്ടപ്പോൾ അഭി കണ്ണുകൾ അമർത്തി തുടച്ച് സാധാരണ പോലെയിരിക്കാൻ ശ്രമിച്ചു.
യാത്രയ്ക്കൊരുങ്ങുന്നതിനിടെ നീലിമ ഓരോരോ കാര്യങ്ങൾ ചെയ്യേണ്ടതിനെപ്പറ്റി നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു. “ഒത്തിരി ഫോണൊന്നും ചെയ്യണ്ട. അവിടെ എല്ലാരും എന്നെ കളിയാക്കും. എനിക്ക് ഹർഷൻ ഇല്ലാതെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ്.”
“ഇനി നീ വിഷമിക്കാതെ. നീയൊരു നീണ്ട പ്രോഗ്രാം തയ്യാറാക്കിയതല്ലേ. കൂട്ടുകാരിയുടെ കല്യാണത്തിന് പോവുകയല്ലേ സന്തോഷത്തോടെ പോയി വാ. എന്നെയോർത്ത് ഒട്ടും വിഷമിക്കണ്ട. ഞാനെല്ലാം മാനേജ് ചെയ്‌തു കൊള്ളാം. എവരിതിങ് വിൽ ബി ഫൈൻ.” ഹർഷൻ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.
എയർപോർട്ട് ലോഞ്ചിൽ നിന്നും അകത്തേക്ക് പോകാൻ നേരം നീലിമ ഹർഷന്‍റെ കൈവിട്ടപ്പോൾ അവളുടെ ലോകം അവളിൽ നിന്നും എന്നന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന തോന്നലാണ് ഉണ്ടായത്. അവൾ അവസാനമായി ഹർഷനെ കൺനിറച്ച് കാണാൻ ആഗ്രഹിച്ചു. ഉള്ളിൽ തിങ്ങി കൂടിയ സങ്കടത്തെ നിയന്ത്രിക്കാൻ പാടുപ്പെട്ടു കൊണ്ട് അവൾ ഹർഷനെ നോക്കി കൈവീശി കാണിച്ചു. പെട്ടെന്നവൾ മുഖം തിരിച്ചു. കണ്ണുകളിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടി മഴയായി പെയ്തിറങ്ങുന്നത് തടയാൻ അവൾക്കാകുമായിരുന്നില്ല.
നീലിമ പോയിട്ട് രണ്ട് ദിവസം ആയപ്പോഴാണ് മുംബൈയിൽ തനിക്കൊരു മീറ്റിംഗ് ഉണ്ടെന്ന അറിയിപ്പ് ഹർഷന് കിട്ടുന്നത്. നീലിമയെ കാണാമല്ലോയെന്ന ചിന്തയിൽ ഹർഷൻ സന്തോഷം കൊണ്ട് മതിമറന്നു. അയാൾ ഉടൻ തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം നീലിമയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവളെ ലൈനിൽ കിട്ടിയില്ല. അതോടെ ഈ സന്ദർശനം സർപ്രൈസാക്കാൻ ഹർഷൻ തീരുമാനിച്ചു.
“ഫോൺ കിട്ടുന്നില്ലല്ലോ. ഇന്ന് 3 മണിക്കാണ് മീറ്റിംഗ്. അവൾക്കൊരു സർപ്രൈസ് കൊടുക്കണം. അഭി നീ വേഗം രൂപയുടെ അഡ്രസ്സ് തന്നെ.” ഹർഷൻ അഭിയോട് ചോദിച്ചു. അഭി ഹർഷനെ പകപ്പോടെ നോക്കി.
“ചേട്ടാ” അഭി ഹർഷന്‍റെ കൈപിടിച്ച് കുലുക്കി.
“ഞാൻ അവിടേക്ക് പോവുകയാണ്. ചേട്ടനും എന്‍റെ കൂടെ വാ. ഒരു മിനിറ്റ് ഞാനമ്മയോട് പറയട്ടെ.”
“എല്ലാവരും അവിടാ ചേട്ടാ” അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നിനക്കിതെന്തുപറ്റി. നിന്നെ വേഗം കെട്ടിക്കുന്നതാ നല്ലത്.” ഹർഷൻ പിറുപിറുത്തു.
“അഭി നീയെന്നെ എവിടെയാ കൊണ്ടു വന്നത്. ടാറ്റാ മെമ്മോറിയൽ… ആരാ ഇവിടെയുള്ളത്. എന്തെങ്കിലും പറയ്. അഭി നീലി എവിടെ…” ഹർഷൻ വെപ്രാളത്തോടെ ചോദിച്ചു കൊണ്ടിരുന്നു. അഭി ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ ഹർഷന്‍റെ കയ്യും പിടിച്ച് നീലിമയുടെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി.
“സോറി ചേച്ചി… ചേച്ചിക്ക് തന്ന പ്രോമിസ് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല.” എന്നു പറഞ്ഞു കൊണ്ട് അഭി പൊട്ടിക്കരഞ്ഞു.
മനസ്സ് ആഗ്രഹിച്ചതല്ലെങ്കിലും നീലിമയുടെ കണ്ണുകളും ഹർഷനെ കാണാൻ കാത്തിരിക്കുകയായിരുന്നു. നിങ്ങളെ കൺകുളിർക്കെ കണ്ടു കൊണ്ട് ആശ്വാസത്തോടെ പോകാമല്ലോയെന്ന് പറയും പോലെയായിരുന്നു ആ കണ്ണുകളിലെ ഭാവം. സന്തോഷം കൊണ്ട് ഹർഷനെ ഇറുക്കി പിടിച്ച ആ കൈകളുടെ പിടിത്തം അയഞ്ഞു തുടങ്ങി. അവൾ ബോധരഹിതയായി.
“നീലി നീലി…. നിനക്കൊന്നും സംഭവിക്കില്ല. നീയെന്താ എന്നോടൊന്നും പറയാതിരുന്നത്? ഡോക്ടർ…? സിസ്റ്റർ?”
“നിങ്ങൾ പുറത്ത് വരൂ പ്ലീസ് ധൈര്യം കൈവെടിയാതിരിക്കൂ. ഞാൻ 2-3 മാസം മുമ്പേ നീലിമയോട് പറഞ്ഞതായിരുന്നു. വളരെ വൈകിയാണ് അവൾ എത്തിയത്. കാൻസറിന്‍റെ ലാസ്റ്റ് സ്റ്റേജ് ആയിരുന്നു. ഇനിയൊന്നും ചെയ്യാനാവില്ല.” ഡോക്ടർ ഹർഷന്‍റെ കൈകൾ ചേർത്തു പിടിച്ചു.
ആ നിസ്സഹായ അവസ്‌ഥയിൽ തോറ്റു പോകാൻ മനസ്സില്ലാതെ അയാൾ പൊട്ടിക്കരഞ്ഞു. “ഡോക്ടർ? നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ ഞാനവളെ അമേരിക്കയിലേക്ക് കൊണ്ടു പോകും. എന്‍റെ നീലിയെ ഞാൻ മരണത്തിന് വിട്ടു കൊടുക്കില്ല. വേഗം ഡിസ്ചാർജ് ചെയ്യൂ. നീലി… നിനക്കൊന്നും സംഭവിക്കില്ല…” ഹർഷൻ ഒരു ഭ്രാന്തനെപ്പോലെ പുറത്തേക്ക് പാഞ്ഞു.
ഞൊടിയിട നേരം കൊണ്ട് സകല ശ്രമങ്ങളുമെടുത്ത് ഹർഷൻ അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി. രണ്ട് ദിവസത്തിനു ശേഷം അയാൾ നീലിമയേയും കൂട്ടി ലുഫ്താൻസ വിമാനത്തിൽ കയറി. പ്രതീക്ഷകൾ പേറിയുള്ള ഒരു യാത്ര.
“നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല നീലി.” അവളുടെ മൂർധാവിൽ ചുംബനങ്ങൾ അർപ്പിച്ചു. പക്ഷേ ആ ചുംബനങ്ങളത്രയും കണ്ണീരിൽ കുതിർന്നിരുന്നു.