ഇത്രയും കേട്ടപ്പോൾ അവന്‍റെ മുഖം ഇപ്പോൾ കരഞ്ഞുപോകും പോലെയായി. അപ്പോൾ തന്നെ അവൻ പറഞ്ഞു,
“ഞാൻ, ഞാൻ... പപ്പാ പറഞ്ഞു നിങ്ങളെ പെട്ടെന്നു വിളിക്കാൻ... അതു കൊണ്ട് പറ്റിയതാണ്. ഇനി ആവർത്തിക്കില്ല. മാപ്പ്" അവൻ പറഞ്ഞു. തിരിച്ച് റൂമിലേക്ക് നടന്നു.
"അവനല്ല നിങ്ങൾക്കാണ് മാനേഴ്സ്‌സില്ലാത്തത്. അവനെന്തു ചെയ്തു. ഒന്നും അറിയാതെ കാര്യം പറയാൻ വന്നതാണ് അവൻ വാതിലും തുറന്നിട്ട് എന്‍റെ അനുവാദമില്ലാതെ കേറിപ്പിടിച്ചു ഉമ്മ വയ്ക്കുന്നതാണോ നിങ്ങളുടെ മാനേഴ്സ്സ്?" പെട്ടെന്നവൾ ദേഷ്യത്തോടെ ചോദിച്ചു. ആദ്യമായി അവളുടെ ദേഷ്യം കണ്ടപ്പോൾ പെട്ടെന്ന് രമിത്ത് തെറ്റ് മനസ്സിലായപോലെ പറഞ്ഞു.
“വിഷമിക്കേണ്ട. ഞാൻ സോറി പറഞ്ഞോളാം അവനോട് പോരേ?" അവൾ ദേഷ്യത്തോടെ രമിത്തിനെ തട്ടിമാറ്റി അടുക്കളയിലേക്ക് നടന്നു. അപ്പോഴേക്കും രമിത്തിനുവേണ്ടിയുള്ള സോണിച്ചന്‍റെ വണ്ടിയുടെ ഹോൺ മുഴങ്ങി. ബാഗുമെടുത്ത് കൊണ്ട് രമിത്ത് വണ്ടിയിൽ കയറി. സോണിച്ചൻ വണ്ടി മുന്നോട്ടെടുത്തു. വണ്ടിയുടെ ശബ്ദം അകന്നപ്പോൾ റൂമിൽ നിന്നും ജോമോൻ പുറത്തേക്ക് വന്നു. അപ്പോഴേക്കും അവൻ മുന്നിൽ ആലീസ് നിൽക്കുന്നുണ്ടായിരുന്നു.
“ജോമോനേ.... നിൽക്ക് ഞാൻ പറയട്ടെ?"
"മാറ്... പ്ലീസ്..." അതുപറഞ്ഞു തീർന്നതും ധാരയായി അവന്‍റെ കണ്ണിൽ നിന്നും കണ്ണീർ കവിളിലേക്ക് വീണു. പെട്ടെന്നവനത് തുടച്ചുകൊണ്ട് മുറ്റത്തേക്ക് നടന്നു. വെളിയിൽ വച്ചിരുന്ന ബൈക്കെടുത്ത് പുറത്തേക്കുപോയി. ആലീസ് ഇനിയെന്ത് ചെയ്യണമെന്നറിയാതെ സെറ്റിയിൽ കണ്ണീരോടെ ഇരുന്നു. ഏറെനേരം കഴിഞ്ഞു എന്തോ തീരുമാനിച്ച പോലെ അവൾ അവിടെനിന്നും എഴുന്നേറ്റു.
ഉച്ചകഴിഞ്ഞും ജോമോനെ കാണാതായപ്പോൾ മൊബൈലിൽ വിളിച്ചു നോക്കി. സ്വിച്ചോഫ്... പലതവണ ശ്രമിച്ചിട്ടും സ്വിച്ചോഫ് എന്നുതന്നെ. അവൾ ജോമോൻ റൂമിലെത്തിയപ്പോൾ ഫോൺ ഫ്ളൈറ്റ് മോഡിൽ മേശപ്പുറത്തുണ്ട്. അവളതെടുത്ത് വെറുതെ ഗ്യാലറി നോക്കി. ഒറ്റയ്ക്കു ഒരു സെൽഫി മാത്രം. ബാക്കിയെല്ലാ ഫോട്ടോയും അവളുടെയൊപ്പം മുൻപെടുത്തതാണ്. അവൾ പുറത്തേക്കു നടന്നു. വൈകുന്നേരം ഓർമ്മ പ്രാർത്ഥന കഴിഞ്ഞു തിരിച്ചുവരുന്ന കാറിൽ ജോമോനെ കണ്ടപ്പോൾ അവൾ ഓടി മുമ്പിൽ വന്നു. അവന്‍റെ ദേഹം മൊത്തം ചളിയും പോരാതെ നെറ്റിയിൽ ചോരപ്പാടുള്ള ഒരുകെട്ടും കണ്ടപ്പോൾ ഇതെന്താ ജോമോനെ എന്നവൾ ചോദിച്ചു? അവനൊന്നും പറഞ്ഞില്ല.
"ബൈക്ക് ഓടിക്കുമ്പോൾ ചെറുതായിട്ടൊന്നു തലചുറ്റി വീണതാണ്. ഭക്ഷണം കഴിക്കാൻ മറന്നെന്നു ഡോക്ടറോട് ഇവൻ പറഞ്ഞത്രേ... ബിപി കുറഞ്ഞതാ,” ആന്‍റോ പറഞ്ഞു.
ഒന്നും കഴിച്ചില്ല കഴിഞ്ഞ മൂന്നുദിവസമായിട്ട് ജോമോനെന്ന് ആലീസ് ഓർത്ത്കൊണ്ട് ചോദിച്ചു.
“ജോമോൻ വണ്ടിയെവിടെ?"
"അത് ലോറിക്കടിയിലേക്ക് പോയി. ഇവൻ റോഡിൽ തെന്നി വീണനിമിഷം അടുത്തുനിന്നൊരാൾ അവൻ ലോറിക്കടിയിൽ പോകാതെ ഇവന്‍റെ ഷർട്ടിൽ വലിച്ചു പിടിച്ചോണ്ട് ഇവൻ രക്ഷപ്പെട്ടു. നെറ്റിയിൽ മൂന്ന് സ്‌റ്റിച്ചേയുള്ളൂ. ഇല്ലെങ്കിൽ എന്‍റെ കർത്താവേ എനിക്കോർക്കാൻ കൂടിവയ്യേ.." സോണിച്ചൻ അതുപറഞ്ഞ് അകത്തേക്ക് എല്ലാവരുമായി കയറി...
അപ്പോഴേക്കും ആലീസിന്‍റെ കണ്ണു നിറഞ്ഞുപോയി. “എന്നെ ഒറ്റയ്ക്കാക്കിയിട്ട് മരിക്കാൻ നോക്കിയതാ അല്ലേടാ ജോമോനെ. അവൾ പതുക്കെ അവനോട് ചോദിച്ചു. അവൻ മറുപടി പറയാതെ മുറിയിലേക്ക് നടന്നു. അവൾ കണ്ണീരോടെ റൂമിലേക്കും നടന്നു. ഓർമ്മ പുതുക്കൽ പ്രാർത്ഥനയുടെ വിശേഷങ്ങൾ കഴിഞ്ഞെല്ലാവരും ഭക്ഷണം കഴിക്കാൻ വന്നു.





