നിറങ്ങളും വികാരവിചാരങ്ങളും തമ്മിൽ ശരീരവും മനസും പോലുള്ള ബന്ധമുണ്ട്. ഒരു വ്യക്തിയുടെ മൂഡും കളറും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സന്തോഷം കാര്യമായി തോന്നാത്ത ദിവസത്തിൽ മഞ്ഞനിറത്തിലുള്ള ഒരു കുട എടുത്ത് ചൂടി നോക്കൂ... സന്തോഷം മഞ്ഞപ്പൊട്ടുകളായി മനസ്സിലേക്ക് മെല്ലെ അരിച്ചിറങ്ങിവരും. നമ്മുടെ തലച്ചോറിനെ വരെ സ്വാധീനിക്കുന്നുണ്ട് നിറങ്ങൾ. നിങ്ങളുടെ ഇഷ്ടവർണ്ണത്തിന്‍റെ പ്രത്യേകതകളറിയൂ.
ചുവപ്പ്
ചുവപ്പ്നിറം നിങ്ങളുടെ ഹൃദയമിടുപ്പ് കൂട്ടുമെന്നാണ്. ദേഷ്യം, ഭയം, കാമം ഈ വികാരങ്ങളെ ഉണർത്തുന്നതാണ് ചുവപ്പ്നിറം. ഈ നിറം പുരന്മാരേയും സ്ത്രീകളേയും എതിർലിംഗത്തോട് കൂടുതൽ അടുപ്പിക്കുന്നു എന്നാണ് ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോയസ്റ്റർ നടത്തിയ പഠനങ്ങളിൽ പറയുന്നത്. പല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളുടെ ചിത്രങ്ങൾ കാണാനിടയായ 100 പുരുഷന്മാരിൽ ഭൂരിപക്ഷത്തിനും കൂടുതൽ ഇഷ്ടപ്പെട്ടത് ചുവപ്പ് വസ്ത്രം ധരിച്ചവരെയായിരുന്നു. ആൾക്കൂട്ടത്തിൽ റെഡി കളർ വസ്ത്രം ധരിച്ച പുരുഷന്മാരെ സ്ത്രീകളും കൂടുതൽ ശ്രദ്ധിക്കുമത്രേ. നഖങ്ങളിൽ റെഡ് നെയിൽ പോളിഷ് ഇടുന്നതും ചുണ്ടിൽ റെഡ് ലിപ്സ്റ്റിക് ഇടുന്നതും സെക്സ് അപ്പീൽ കൂട്ടുമെന്ന് പറയുന്നത് വെറുതെയല്ല. പ്രണയം മനസ്സിലുണ്ടെങ്കിൽ ഇണയെ ആകർഷിക്കാൻ ഇടയ്ക്കിടെ ചുവപ്പ് നിറത്തെ കൂട്ടുപിടിച്ചോളൂ.
നീല
ഏറെ തിക്കുംതിരക്കും കഴിഞ്ഞ ഒരു ദിവസത്തിനൊടുവിൽ ശാന്തത തോന്നുന്നുവോ? എങ്കിൽ അത് നീല നിറത്തിന്‍റെ സാന്നിദ്ധ്യമാകാം. നീലനിറത്തിലുള്ള വസ്ത്രമോ നീല പെയിന്‍റടിച്ച മുറിയോ നീല ബെഡ്ഷീറ്റോ ഒക്കെയാകാം. മാനസികമായി വിലയിരുത്തിയാൽ റെഡിന്‍റെ നേരെ വിപരീതനിറമാണ് ബ്ലൂ. ചുവപ്പ് പ്രഷർ കൂട്ടുകയാണ് ചെയ്യുന്നതെങ്കിൽ നീല അത് കുറയ്ക്കും. ആകാശത്തിന്‍റേയും കടലിന്‍റേയും നീലനിറം പ്രകൃതിയിൽ നിറയ്ക്കുന്ന ശാന്തത ശ്രദ്ധിച്ചുനോക്കൂ. നീലനിറത്തിലുള്ള വസ്ത്രം ധരിക്കുമ്പോഴും ഉണ്ടാകുന്നത് അതുതന്നെയാണ്. ഇന്‍റർവ്യൂവിന് പോകുമ്പോൾ, ഒരാളെ ആദ്യമായി കാണുമ്പോൾ ഒക്കെ ഇളം നീലനിറത്തിലുള്ള വസ്ത്രം ധരിക്കാവുന്നതാണ്. വിശ്വാസ്യത, കരുത്ത്, വിധേയത്വം ഇവയാണ് നീലനിറം പ്രതിഫലിപ്പിക്കുന്നത്. ഇനി മെലിഞ്ഞ് സുന്ദരിയാവണമെന്ന് ആഗ്രഹമുണ്ടെങ്കിലും നീലയെ കൂട്ടുപിടിക്കാം. നിങ്ങളുടെ അടുക്കളുയുടെ ഭിത്തികൾക്കും ഡൈനിംഗ് റൂമിനും നീലനിറം നൽകിയാൽ മതി. ചുവപ്പ്, മഞ്ഞ പെയിന്‍റടിച്ച ഡൈനിംഗ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ കുറച്ചു ഭക്ഷണമേ നീല പശ്ചാത്തലമുള്ള മുറിയിലിരുന്ന് കഴിക്കൂ. നീലനിറത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണമെന്ന് മനുഷ്യർ പൊതുവേ ചിന്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
പിങ്ക്
പെൺകുട്ടികളുടെ നിറം എന്നാണ് പിങ്കിനെ വിശേഷിപ്പിക്കുന്നത്. അതിനു കാരണമുണ്ട്. മനസ്സിൽ ശാന്തതയും സന്തോഷവും പ്രണയവും തൊട്ടുനൽകുന്ന നിറമാണ് പിങ്ക്. ദേഷ്യപ്പെട്ട്, ആക്രമണോത്സുകയായി നിൽക്കുന്ന ഒരു വ്യക്തിയുടെ മുന്നിലേക്ക് ഒരാൾ പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയാൽ അയാൾ സ്വയമറിയാതെ കീഴടങ്ങിപ്പോകുമെന്നാണ്. ഉത്കണ്ഠയും കോപവും പിങ്കിനു മുന്നിൽ തോറ്റുപോകുമെന്നർത്ഥം. പിങ്കിന്‍റെ ഡാർക്ക് ഷേഡിലുള്ളതോ പർപ്പിൾ കളറോ ഉപയോഗിക്കുന്നത് ആത്മവിശ്വാസം കൂട്ടാനും ഉപകരിക്കും.
മഞ്ഞ
മനസ്സിനെ സന്തോഷത്തിലേക്ക് ക്ഷണിക്കുന്ന നിറമാണ് മഞ്ഞ. ആൾക്കൂട്ടത്തിനിടയിൽ മഞ്ഞ വസ്ത്രം ധരിച്ചവർ പെട്ടെന്ന് മറ്റുള്ളവരുടെ ശ്രദ്ധ നേടും. ഒരു പ്രോജക്ട് വർക്ക് ബോസിനു മുന്നിൽ പ്രസന്‍റ് ചെയ്യാൻ പോകുകയാണോ നിങ്ങൾ? എങ്കിൽ മഞ്ഞനിറത്തിലുള്ള വസ്ത്രമോ അക്സസറീസോ ഗുണം ചെയ്തേക്കാം. ശ്രദ്ധ, ഏകാഗ്രത ഇവ വർദ്ധിപ്പിക്കുന്ന നിറമാണ് മഞ്ഞ. തലച്ചോറിനെയും നാഡീവ്യൂഹത്തെയും മഞ്ഞനിറ ഉണർത്തും. അതിലൂടെ ഉന്മേഷം തോന്നിപ്പിക്കുന്ന ഹോർമോൺ സെറോടോണിന്‍റെ ഉൽപാദനത്തെയും.