വിഷം അടിച്ചു വരുന്ന പച്ചക്കറികൾ തിന്നാൻ വിധിക്കപ്പെട്ട മലയാളികളോട് ഇനി കാർഷിക ഉത്സവത്തിന്‍റെ മഹത്വം പറഞ്ഞിട്ട് കാര്യമുണ്ടോ? നിരാശപ്പെടാതെ ചങ്ങാതി. നന്മയുടെ ചില തുരുത്തുകൾ ഇപ്പോഴും അവിടവിടെയായി ഉണ്ട്. ചില കൂട്ടായ്മകൾ ചില ഒറ്റയാൾ പോരാട്ടങ്ങൾ. ടെറസിലും വീടിന്‍റെ ഇത്തിരി ചുറ്റിലും കൃഷി ചെയ്യുന്നവർ. ലാഭത്തിനു വേണ്ടിയല്ലാതെ കൃഷി ചെയ്യുന്ന പുണ്യാത്മാക്കളും വിരളമല്ല. അവർക്കു വേണ്ടിയാണ് ഈ വർഷത്തെ കൊന്ന പൂക്കുന്നത്. നന്മയുടെയും പ്രതീക്ഷയുടെയും പുതുവർഷത്തെ വിളിച്ചറിയിക്കുന്ന മഞ്ഞ വർണ്ണക്കുലകൾ. എല്ലാവർക്കും ഗൃഹശോഭയുടെ വിഷു ആശംസകൾ.
ലഘു വ്യായാമം
അദ്ധ്വാനിക്കാതെ ഉണ്ണുന്നവരല്ലെങ്കിലും ശാരീരികാദ്ധ്വാനമില്ലാത്തതിന്‍റെ സൂകേട് നല്ലോണം ഉള്ളവരാണ് നാം ഏറേ പേരും. വിഷു ആ ദുഷ്പേര് മാറ്റാൻ ഒരു നിമിത്തമാകട്ടെ. ഈ വിഷു മുതൽ വീട്ടിൽ ഇരിക്കുന്ന സമയം അൽപ്പം വ്യായാമം ചെയ്യാൻ മാറ്റി വയ്ക്കുക. വയറ് കുറയ്ക്കാനും മസിലുരുട്ടാനും ഒന്നുമല്ലെങ്കിലും, എയറോബിക്കും യോഗയും ശരീരത്തിനും മനസ്സിനും ആയുരാരോഗ്യം നൽകും. ജീവിതശൈലി രോഗങ്ങളെ അകറ്റാൻ ഇത്തരം വ്യായാമങ്ങൾ ശീലമാക്കുക.
അടുക്കളത്തോട്ടം
ഈ വിഷു ദിനത്തിൽ ഒരു പച്ച തീരുമാനം എടുത്തോളൂ. നല്ല വിത്തുകൾ സംഘടിപ്പിച്ച് പാകാം. മുളപൊട്ടുന്നതു വരെ കാത്തിരിക്കാം. വെള്ളം ഒഴിക്കാം. സംരക്ഷിക്കാം. വളമിട്ട്, അതും ജൈവവളം വളർത്തി വിളവെടുക്കാം. ഈ വിഷുവിന് ആ തീരുമാനം നടപ്പിലാക്കിക്കോളൂ. ടെറസിലോ, ബാൽക്കണിയിലോ, ചെടിച്ചട്ടിയിലോ കൃഷിയിറക്കാം. മണ്ണിന്‍റെ മണമുള്ള പച്ചക്കറികൾ നിങ്ങളുടെ ആരോഗ്യം കൂടി കാക്കട്ടെ. അതു മാത്രമല്ല നട്ട് നനച്ച് ഉണ്ടാക്കുന്നതിന്‍റെ മാനസിക സന്തോഷവും അനുഭവിക്കാമല്ലോ. ഇതിനായി പ്രത്യേക സമയമൊന്നും കണ്ടെത്തേണ്ടതില്ലാത്തതിനാൽ കണ്ണടച്ച് വിത്തെറിഞ്ഞോളൂ!
ആരോഗ്യമുള്ള അടുക്കള
നല്ല ഭക്ഷണം പാകം ചെയ്യാൻ നല്ല പാത്രങ്ങളും വേണം എന്ന് ഓർക്കുക. അലുമിനിയം പാത്രങ്ങളും, നോൺസ്റ്റിക്ക് പാത്രങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നോൺസ്റ്റിക്ക് പാത്രങ്ങളിലെ കെമിക്കൽ കോട്ടിംഗ് ഇളകിയാൽ, ചൂടാകുമ്പോൾ വിഷ പദാർത്ഥം പുറപ്പെടുവിക്കും. അത് ഭക്ഷണത്തെ വിഷമയമാക്കും. ആരോഗ്യത്തിന് ഹാനികരമാണ് ഇത്. അലുമിനിയം പാത്രങ്ങൾ ചൂടാകുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. ചീനച്ചട്ടി ഇരുമ്പു കൊണ്ടുള്ളത് ഉപയോഗിക്കുന്നതാണ് നല്ലത്. അയേണിന്‍റെ കുറവ് പരിഹരിക്കാനും ഇതിലെ പാചകം കൊണ്ട് സാധിക്കും. അതുപോലെ പാത്രങ്ങൾ കഴുകാൻ കെമിക്കൽ വാഷുകൾ ഉപയോഗിക്കണോ. ഈ വിഷു മുതൽ നിർത്താം. ബേക്കിംഗ് സോഡയും വിനാഗിരിയും നാരങ്ങാനീരും ഇതിനായി ഉപയോഗിക്കാം.
വായന, ഹോബി
നിങ്ങളുടെ ഹോബി വരുമാനമാകുന്നതിനെപ്പറ്റിയുള്ള ഒരു ആലോചനയാകട്ടെ ഈ പ്രാവശ്യത്തെ വിഷു റസല്യൂഷൻ. മാല നിർമ്മാണമോ, പെയിന്‍റിംഗോ, കുട്ടികളുടെ ഉടുപ്പ് ഡിസൈനിംഗോ എന്തും കാശാക്കി മാറ്റാം. വായന ശീലമുള്ളവരാണെങ്കിൽ ബ്ലോഗ് എഴുതി തുടങ്ങാം. പിന്നീടത് പുസ്തകമായി പ്രസിദ്ധീകരിക്കാമല്ലോ. ബോൺസായ് നിർമ്മാണത്തിൽ താൽപര്യമുണ്ടെങ്കിൽ അത് സജീവമാക്കിക്കൊള്ളൂ. ഇന്‍റീരിയറിൽ അവയ്ക്ക് ഇപ്പോൾ വൻ ഡിമാന്‍റാണ്. നിങ്ങൾ നല്ല പാചകക്കാരിയാണെങ്കിൽ അതും ബിസിനസ്സ് ആക്കാം.