അന്ധവിശ്വാസത്തിന്‍റെ പേരിൽ ദേവിപ്രീതിക്കായും സമ്പത്തിനായും നടത്തിയ ഇലന്തൂർ ഇരട്ട നരബലിയിൽ അരങ്ങേരിയത് ചോര മരവിപ്പിക്കുന്ന ക്രൂരത. പോലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ വന്ന റിപ്പോർട്ടുകൾ സമാനതകൾ ഇല്ലാത്ത ക്രൂരതകളാണ് വെളിവാക്കുന്നത്.
ഇലന്തൂരിലെ ഇരട്ട നരബലിക്കായി സ്ത്രീകളെ തട്ടിക്കൊണ്ട് പോയത് വന്‍തുക വാഗ്ദാനം ചെയ്ത് സിനിമയിൽ അഭിനയിപ്പിക്കാനെന്ന് വിശ്വസിപ്പിച്ചായിരുന്നു. ഷാഫി എന്ന റഷീദാണ് പത്മ, റോസ്‌ലി എന്നിവരെ കബളിപ്പിച്ച് പത്തനംതിട്ടയില്‍ എത്തിച്ചത്. ഇയാളുടെ തലയിൽ ഉദിച്ച കുബുദ്ധി ആണ് മൂവരും ചേർന്ന് നടപ്പാക്കിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ഭഗവൽ സിംഗും ഭാര്യയും ഷാഫിയുടെ പൂർണമായ നിയന്ത്രണത്തിലാണ്. മാനസികമായും ശാരീരികമായും ഇവർ അയാളുടെ വലയത്തിൽ പെട്ടുപോവുകയായിരുന്നു. മുൻപ് 75 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ആയ ഷാഫി പലതരം ലൈംഗിക വൈകൃതങ്ങളുടെയും ക്രൂരതകളുടെയും ഉടമ ആണ് എന്ന് പോലീസ് കണ്ടെത്തി.
ശ്രീദേവി എന്ന പേരില്‍ ഷാഫി ഫേസ്ബുക്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിംഗുമായും ഭാര്യ ലൈലയുമായും ബന്ധം സ്ഥാപിക്കുകയായിരുന്നു. ഭഗവല്‍ സിംഗുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു.
റഷീദിനെ കണ്ട് പരിഹാരം ചെയ്താൽ ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുമെന്നും ഭഗവൽ സിംഗിനെയും ലൈലയെയും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്‍റെ നമ്പർ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പർ ഷാഫി കൈമാറി. ഭഗവല്‍ സിംഗ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവല്‍ സിംഗിന്‍റെ വീട്ടിലെത്തി നല്ല സൗഹൃദബന്ധം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാന്‍ എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ഭഗവൽ സിംഗിന്‍റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു. നരബലി നല്‍കിയാൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ശ്രീദേവിയും ഇക്കാര്യം സമ്മതിച്ചതോടെ ദമ്പതികൾ നരബലി എന്ന ക്രൂര കൃത്യം ചെയ്യാൻ തയ്യാറായി. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിംഗും അറിഞ്ഞിരുന്നില്ല.
സിനിമയില്‍ അഭിനയിക്കാൻ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ഭഗവല്‍ സിംഗിന്‍റെ വീട്ടിലെത്തിച്ച റോസ്‍ലിനെ കട്ടിലില്‍ കെട്ടിയിട്ടു. അവരുടെ വായിൽ തുണി തിരുകി ടേപ്പ് വെച്ച് ഒട്ടിച്ചു. തലയിൽ ചുറ്റികയ്ക്ക് അടിച്ചു ബോധം കെടുത്തിയ ശേഷം ഭഗവല്‍ സിംഗിന്‍റെ ഭാര്യ ലൈലയെ കൊണ്ട് നരബലി ചെയ്യിക്കുകയായിരുന്നു.
റോസ്‍ലിന്‍റെ കഴുത്ത് അറുത്ത ശേഷം ലൈല ജനനേന്ദ്രിയത്തിൽ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ച ശേഷം വീട് ശുദ്ധീകരിക്കാന്‍ പലഭാഗങ്ങളിലും തളിക്കാനും ആവശ്യപ്പെട്ടു.
റോസ്‍ലിനെ നരബലി നല്‍കി ഒരു മാസത്തിനു ശേഷം പ്രതീക്ഷിച്ച ഗുണമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിംഗ് പരാതിപ്പെട്ടു. ഇതിന് കാരണം കുടുംബത്തിലെ ഒരു ശാപമായിരുന്നു എന്നായിരുന്നു ഷാഫി നല്‍കിയ മറുപടി. ആദ്യത്തെ നരബലിയോടെ ഈ ദോഷം മാറിയെന്നും മറ്റൊരു നരബലി കൂടി നല്‍കിയാൽ ഐശ്വര്യവും സമ്പത്തും വരുമെന്ന് ഇവരെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. സനിമയില്‍ അഭിനയിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും നരബലി നല്‍കി.