പരിണാമം

“രേവു…”

“ഇന്ന് ഓഫീസിൽ വേഗമെത്തണം താനെന്നെയൊന്ന് സഹായിക്കാൻ വന്നാൽ നന്നായി.” പ്രാതൽ കഴിച്ചു കൈകഴുകുന്നതിനിടയിൽ നന്ദൻ വിളിച്ചു പറഞ്ഞു.

അല്ലെങ്കിലുമീ നന്ദേട്ടനിതൊരു പതിവാണ് രേവതിയുള്ളിൽ ചിരിച്ചു. എന്തൊക്കെ തയ്യാറാക്കി വച്ചാലും പോകുന്ന നേരത്ത് വല്ലാത്തൊരു തിരക്കാണ്.

ഉച്ചയൂണിനെത്തുമ്പോഴേക്കും മെഴുക്കുപുരട്ടിയുണ്ടാക്കാനായി കായ അരിഞ്ഞെടുക്കുകയായിരുന്നു രേവതി. ഇന്നലെ ജാനു, അടുക്കള ജോലികൾ തീർത്ത് പോകാനൊരുങ്ങുന്നതിനിടയിലാണ് തറവാടിന്‍റെ പാചകപ്പുരയോട് തൊട്ടുനില്ക്കുന്ന വാഴക്കൂട്ടത്തിൽ നിന്നൊരു കായക്കുല വെട്ടിക്കൊണ്ടു വന്നത്. ഇന്ന് മെഴുക്കുപുരട്ടി ഉണ്ടാക്കണമെന്നപ്പോഴേ തീരുമാനിച്ചതായിരുന്നു.

കായമെഴുക്കുപുരട്ടി കൂട്ടിയുള്ള ഊണിനോളം സംതൃപ്‌തി മറ്റൊന്നിനുമില്ല നന്ദേട്ടന്. ജാനു, കായക്കുലയോടൊപ്പം ഉണ്ണിപ്പിണ്ടി മുറിക്കാൻ മറന്നതാണാവോ!

ഇന്ന് ജാനൂനോടത് ഓർമ്മിപ്പിക്കണം.

“രേവൂ നീയെവിട്യാ…”

ദേ നന്ദേട്ടൻ പിന്നേം വിളിച്ചു. തിടുക്കത്തിലാണു ചെന്നത്

തേച്ചുവെച്ച ഷർട്ടിന്‍റെ ബട്ടൺ തിരക്കിട്ട് വിടൂവിക്കാൻ ശ്രമിച്ചിട്ട് ശരിയാവാത്തതിന്‍റെ ദേഷ്യം മുഴുവൻ മുഖത്തുണ്ട്. ചിരി വന്നു.

സഹായത്തിനുതാനെപ്പോഴും കൂടാറുള്ളതുമാണല്ലോ! എത്താനിത്തിരി വൈകിയതിന്‍റെ പരിഭവവുമുണ്ട്. ഷർട്ടു ധരിക്കാൻ പാകത്തിലാക്കി കയ്യിലേൽപ്പിച്ച് നിന്നപ്പോൾ, പതിവുപോലെ നന്ദേട്ടൻ അഭിമുഖമായി മുന്നിൽ നിന്നു.

തന്‍റെ ഡ്യൂട്ടിയാണല്ലോ അത്. മുകളിൽ നിന്നു താഴെവരെയുള്ള ബട്ടനുകളോരോന്നായി ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി അദ്ദേഹമുറങ്ങിയ സമയത്ത് ശ്രീത വിളിച്ച കാര്യം പറഞ്ഞില്ലല്ലോ എന്നോർത്തത്

എഴുത്തുകാരനായ നന്ദേട്ടന്‍റെ ആരാധകരിലൊരാളാണ് ശ്രീത എല്ലാവരേയും കുറിച്ചുള്ള ചെറുവിവരണം നന്ദേട്ടൻ നല്കിയിട്ടുള്ളതിനാൽ ശ്രീത വിളിച്ചപ്പോൾ പെട്ടന്നു മനസ്സിലാക്കാൻ സാധിച്ചു.

പക്ഷേ…

ആ ഫോൺ തന്നെ അന്വേഷിച്ചുള്ളതായിരുന്നുവെന്നത് അതിശയമുണ്ടാക്കി, ഇനിയേതായാലും വന്നിട്ടു പറയാം..

നന്ദേട്ടന് കുടിക്കാനുള്ള വെള്ളംബോട്ടിലിൽ നിറച്ചു കവറിലിട്ട് തിടുക്കത്തിൽ ഗെയിറ്റ് തുറക്കുമ്പോഴേക്കും ആളരികിലെത്തി.

“രേവൂ, ഇന്നെന്‍റെ നഖമൊന്നു കട്ടു ചെയ്തു തരണം. വൈകീട്ടു മതി”

“ചെയ്യാലോ… വിളക്ക് കൊളുത്തുന്നതിന് മുമ്പെന്‍റെയരികിൽ വന്നേക്കണം. ഇല്ലെങ്കിലിന്നു നടക്കില്ല പറഞ്ഞേക്കാം..” ഗൗരവം നടിച്ചു.ആ മുഖത്തേക്ക് നോക്കി.

“ഈ നിയമം പതിവുള്ളതല്ലേ? വൈകാതിരിക്കാനടിയൻ ശ്രമിച്ചേക്കാമേ” നന്ദേട്ടന്‍റെ പുതിയ വിനയം കണ്ടു പൊട്ടിച്ചിരിച്ചു പോയി.

യാത്ര പറഞ്ഞുള്ള പോക്ക് മിഴിയനക്കാതെ നോക്കി നിന്നൊടുവിൽ ഗെയ്റ്റ് അടച്ച് അകത്തേയ്ക്കു കയറുമ്പോഴുള്ളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ തലയുയർത്തി വന്നു. ജാനു വന്നുവെന്നു തോന്നുന്നു.

സിങ്കിലെ പാത്രങ്ങൾ തമ്മിൽതമ്മിൽ കലപിലക്കൂട്ടുന്നതിൽ മത്സരിക്കുന്ന ശബ്ദമുച്ചത്തിൽ കേൾക്കുന്നുണ്ട്.

നെല്ലിക്കക്കൊണ്ടൊരു ചമ്മന്തിയുണ്ടാക്കാൻ ജാനുനോട് പറയുമ്പോഴാണ് മൊബൈലൊച്ചയിട്ടത്.

നന്ദേട്ടന്‍റെ കോളാണല്ലോ! കാതോട് ചേർക്കുമ്പോൾ ആ ശബ്ദം

“രേവൂ… ഇന്നലെ ശ്രീത വിളിച്ചിരുന്നുവല്ലേ?”

അപ്പോഴേക്കും നന്ദേട്ടനറിഞ്ഞുവോ…! അല്ലെങ്കിലും ഓഫീസിലെത്തിയാലാണല്ലോ നന്ദേട്ടനൊന്നാശ്വസിക്കുക. തന്‍റെ ഇരിപ്പിടത്തിലമർന്നു കഴിഞ്ഞാൽ ജോലികൾക്കിടയിൽ ഗ്രൂപ്പൂകളില്‍ ഒക്കെയൊന്ന് കയറിയിറങ്ങുന്ന പണിയുമുണ്ടല്ലോ

“ശരിയാ നന്ദേട്ടാ.. രാവിലത്തെ തിരക്കിനിടയിൽ പറയാൻ വിട്ടു.”

“എന്തു തീരുമാനിച്ചു…?”

“നന്ദേട്ടൻ പറയൂ”

“ശരി രേവൂ… വന്നിട്ടു സംസാരിക്കാം”

“ഉം”  നന്ദേട്ടൻ തന്നോടെന്താണിനി പറയുക? എന്തായാലും അദ്ദേഹമെത്തട്ടെ.

ഓഫീസിൽ നിന്നു വന്നൂണും കഴിച്ച് തിരക്കിട്ടു തിരിച്ചു പോകുമ്പോഴും, ഇന്നത്തെയൂണിന്‍റെ മെഴുക്കുപുരട്ടിയും നെല്ലിക്കച്ചമ്മന്തിയും കേമായെന്ന്  പറയാൻ നന്ദേട്ടൻ മറന്നില്ല.

അപ്പോഴും ശ്രീതയുടെ കാര്യം വൈകിട്ട് സംസാരിക്കാമെന്ന് വീണ്ടും ഓർമ്മിപ്പിച്ചു.

നന്ദേട്ടന് ചൂടുള്ള പരിപ്പുവടയും ആവി പറക്കുന്ന കാപ്പിയുമായി ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോൾ എല്ലാം ദിവസവും ഓഫീസിൽ നിന്നെത്തിയാലുള്ള പതിവ് കുളിയും കഴിഞ്ഞദ്ദേഹം തന്നെ കാത്തിരിപ്പുണ്ടായിരുന്നു.

എന്നുമെല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന ഏറ്റവും നല്ല നിമിഷം. തിരക്കുകളില്ലാത ഇങ്ങനെയുള്ളയിരിപ്പെ-ന്തൊരു സുഖമാണെന്നോ!

പടിഞ്ഞാറേ തിണ്ണയിലെന്നും പോക്കുവെയിൽ വന്നീ കാഴ്ച്ചയൊളിഞ്ഞു നിന്നു നോക്കാറുണ്ട്.

ദേ, ഇന്നും പോകാൻ മടിച്ചു നില്ക്കുന്ന പോലെ… ഇന്നിന്‍റെ നികുഞ്ചത്തിൽ കയറി ആഴിയിലേക്കു മടങ്ങാൻ നേരവുമിങ്ങോട്ടെത്തി നോക്കയാണ്. ഇതൊരു സന്തുഷ്ട ദാമ്പത്യത്തിന്‍റെ മനോഹര തീരമാണെന്നവരെന്നേ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഡൈനിംഗ് റൂമിന്‍റെ ബാൽക്കണിയുടെ ഡോറിനരികിലുള്ള സെറ്റിയിൽ തന്നോടു ചേർന്നിരിക്കുന്ന നന്ദന്‍റെ ഇടതുകാൽ മടിയിലേക്കെടുത്തു വെച്ചു രേവതി, നഖങ്ങൾ പതിയെ കട്ട് ചെയ്യാനാരംഭിച്ചു.

“ഏയ് രേവൂ, പതുക്കെ…”

“എന്താ നന്ദേട്ടായിത്, ഇത്ര പേടിയോ? കുഞ്ഞുമക്കളെപോലെ.. അല്ലെങ്കിലും നന്ദേട്ടൻ വെണ്ണപ്പുല്ലല്ലേ? കട്ടറുകൊണ്ട് ചെയ്യുമ്പോളെങ്ന്യാ വേദനിക്കാ..”

“ശരിയാണ്. എന്നാലുമൊരു പേടില്ലാതില്ല. ആ.. രേവൂ, ശ്രീത പറഞ്ഞ കാര്യം ആലോചിക്കേണ്ടേ? പെട്ടന്നതു വിട്ടുപോയി ഞാൻ. എന്‍റെ പൂർണ്ണസമ്മതം അറിയിക്കുന്നു.”

രേവതിയോർത്തു അക്ഷരങ്ങളെ നെഞ്ചോട്ച്ചേർത്തൊരു കാലമുണ്ടായിരുന്നു. വീട്ടിൽ പഠനമുറിയിലെ അലമാരയിലടുക്കിയ പുസ്തകളിൽ പലതിലും തന്‍റെ രചനാശകലങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവാവാമിപ്പോഴും..

സ്ഥായിയായ ജീവിതത്തിന് അടിത്തറയിട്ട കാലത്ത് താനറിയാതെ എല്ലാം അകന്നുപോയി. എന്നാലും നന്ദേട്ടനിലെ എഴുത്തിനെ താലോലിച്ചു പ്രോത്സാഹനമേകുമ്പോഴെല്ലാം തന്‍റെ സൃഷ്‌ടികള്‍ കാണാനുള്ള ആഗ്രഹം മനപൂര്‍വ്വം തല്ലിക്കെടുത്തിയതുമെന്തിനെന്ന് ചിലപ്പോഴൊക്കെ ചിന്തിക്കാതിരുന്നില്ല. ഇന്നിപ്പോൾ.. .

നന്ദേട്ടനിലൂടെ അക്ഷരലോകത്തേയ്ക്കൊരു കാൽവെയ്പ്പിന് സന്ദർഭം കൈവന്നിരിക്കുന്നു.

“അക്ഷരശ്രീ”  സാഹിത്യക്കൂട്ടായ്മയുടെ പടിപ്പുരയിൽ തന്നേയും പ്രതീക്ഷിച്ചു നിന്നിരുന്ന ശ്രീതയുടെ കൂപ്പുകരങ്ങൾ തനിക്കു നേരെയാണ്. അകത്തേക്ക് കയറുമ്പോൾ രേവതിയ്ക്കാകെ പകപ്പായിരുന്നു. പരിചിതമല്ലാത്ത പുതിയൊരു ലോകം ഇവിടെ തന്‍റെക്കൂടെ നന്ദേട്ടനില്ല.

ശ്രീതയുടെ പരിചയപ്പെടുത്തലിന്‍റെ കുറിമാനത്തിന് പ്രതികരണങ്ങൾ തനിയ്ക്കുള്ള സ്വാഗതമായി മുന്നിൽ നിരക്കുന്നു. ഇമോജികളുടെ പല രൂപങ്ങൾ.. അക്ഷരക്കളരിയുടെ മാസ്മരികക്കാഴ്‌ച്ച. ഉള്ളിലെ പച്ചത്തുരുത്തില്‍ ഒളിപ്പിച്ചുവെച്ച കുഞ്ഞുകൂടയിൽ താനന്ന് മാറ്റിവെച്ച അക്ഷരങ്ങളെയെല്ലാം പെറുക്കിക്കൂട്ടി യോജിപ്പിക്കാൻ മനം വല്ലാതെ തിടുക്കപ്പെടുന്നത് എന്തിനാണിപ്പോൾ…?

നിറഞ്ഞു കിടക്കുന്ന രചനകൾക്ക് അരികിലൂടെ കണ്ണോടിച്ചു നീങ്ങിയപ്പോഴൊരു കുഞ്ഞെഴുത്തിന്‍റെ ആശയം തന്നിൽവന്നു മൊട്ടിട്ടത് രേവതിയറിഞ്ഞു. നിനച്ചിരിക്കാതെ കിട്ടിയ നിമിഷങ്ങൾ.. നന്ദി പറയേണ്ടതാരോട്?

ഇന്നു മുതൽ താനുമിവിടത്തെ അംഗം. എന്നോ എടുത്തുവെച്ച തൂലിക മുന്നിൽ വന്നു നൃത്തമാടുന്നു. തനിയ്ക്കുമെഴുതണം.. .

കാലങ്ങൾക്കുശേഷം. ഉള്ളിലുറങ്ങിക്കിടന്ന സർഗ്ഗശക്തി സടകുടഞ്ഞെ് എഴുന്നേല്ക്കുന്നു. സൃഷ്ടികർമ്മം നടത്തിയേ പറ്റൂ.

എഴുതിതീർന്നപ്പോൾ… ഒരു കഥയുടെ വേഷവിതാനങ്ങൾ. നവാഗതയുടെ അക്ഷരക്കൂട്ടിന് പ്രതീക്ഷിച്ചതിനേക്കാൾ വരവേൽപ്പ്.

തുടക്കത്തിന്‍റെ തിളക്കം മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയപ്പോൾ ഇനിയുമെഴുതാൻ പ്രേരിപ്പിക്കുന്ന അഭിപ്രായങ്ങളിൽ താനങ്ങനെ കുടുങ്ങുകയായിരുന്നു. കൂട്ടായ്മയുടെ ഉന്നമനത്തിനായി ശ്രീതയേല്പ്പിക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നു.

പലപ്പോഴും. മറ്റു പലതും വിസ്‌മൃതിയിലാണ്ട് പോകുന്നു വെന്ന് കുറ്റബോധത്തോടെ തിരിച്ചറിഞ്ഞപ്പോഴാണ് ഒരിയ്ക്കൽ ശ്രീതയോടത് പങ്കുവെച്ചത്.

“നന്ദനതു മനസ്സിലാവും. ഞങ്ങളൊരുമിച്ചുള്ള കൂട്ടായ്മയിൽ പരിപൂർണ്ണ സഹകരണം മറ്റുള്ള അംഗങ്ങളിൽ നിന്നുമുണ്ടാവണമെന്ന് എപ്പോഴും നിർബന്ധം പിടിക്കുന്ന വ്യക്തിയാണ് നന്ദൻ.”

“രചനകളെല്ലാം മറ്റുള്ളവരാൽ വായിക്കപ്പെടണമെന്നും അതോടൊപ്പം ഓരോന്നിനും വായനക്കാരുടെ കൃത്യമായ അഭിപ്രായം കൂടി രേഖപ്പെടുത്തി പോകൂന്നിടത്താണ് ഒരു കൂട്ടായ്മയുടെ വിജയമെന്ന് കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്ന ആളാണ് നന്ദൻ. അതിനാൽ രേവതി ഒന്നുമാലോചിച്ചു വിഷമിക്കേണ്ട.”

ശ്രീതയുടെ വാക്കുകളാശ്വാസം പകർന്നപ്പോൾ മറിച്ചുള്ള ചിന്തകൾക്കും സ്ഥാനമുണ്ടായിരുന്നില്ല.

നാളുകൾക്കുശേഷം…

ഒരിയ്ക്കൽ, രാവിലെ പതിവുള്ള ഉണർച്ചകള്‍ ഇല്ലാതെയുള്ള അടുക്കള കണ്ടിട്ടാണ് രേവതിയെ തിരഞ്ഞ് അവളുടെ എഴുത്തുമുറിയിൽ നന്ദനെത്തിയത് ഒന്നുമറിയാതെ രചനയിൽ വ്യാപൃതയായി രുന്ന രേവതിയെയുണർത്തിയത് നന്ദന്‍റെ ചോദ്യമായിരുന്നു.

“രേവൂ.. നേരം പുലർന്നതറിഞ്ഞില്ലേ? ഈയ്യിടെയായി പതിവുള്ള കാര്യങ്ങളൊക്കെ നീ മറക്കുന്നു കൂട്ടത്തിലെന്നെയും”

എഴുത്തു നിർത്തി ജനൽ കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്കു നോക്കി രേവതി. ശരിയാണ്. സൂര്യമുഖത്തിനിപ്പോൾ തെളിച്ചം കൂടിയിരിക്കുന്നു. മുറ്റത്തെത്താറുള്ള കുഞ്ഞൻ വെയിൽ നാളങ്ങൾക്ക് ശക്തിയാർജ്ജിച്ചിരിക്കുന്നു.

ഉണർന്നാലുടനെ നന്ദേട്ടന് ആവശ്യമുള്ള ബ്ലാക്ക് ടീ താനതു മറക്കുന്നുണ്ടിപ്പോൾ അതുപോലെ പല കാര്യങ്ങളും. എന്നാലും എഴുത്തിന്‍റെ തുടർച്ച നഷ്ടപ്പെടുത്തിയ നന്ദനോടവൾക്ക് ഈര്‍ഷ്യയായിരുന്നു.

“ഈ നേരം വരെ എന്നെ നോക്കിയിരിക്കായിരുന്നോ നന്ദേട്ടൻ? സ്വയമൊരു ചായ നന്ദേട്ടനുണ്ടാക്കി കുടിച്ചാലെന്താ ദോഷം..?”

“രേവൂ… നീ…”

“എന്തേ നന്ദേട്ടാ. ഞാൻ പറഞ്ഞതിൽ വല്ലതെറ്റുമുണ്ടോ? ശ്രീതയെന്നോട് പറഞ്ഞത് വേറെയാണല്ലോ. എല്ലാവരും പരസ്പരം പ്രോത്സാഹനമേകണമെന്ന് നിർബന്ധമുള്ള ആളാണ് നന്ദേട്ടനെന്ന് എന്നിട്ടിപ്പോളിവിടെ…”

ഒരുനിമിഷം അസ്തപ്രജ്ഞനായനന്ദൻ ഒരക്ഷരവും ഉരിയാടാനാവാതെ തിരിഞ്ഞു നടന്നു.

വൈദേഹി

വൈദേഹിയുടെ മനസ്സ് അശാന്തമായിരുന്നു. 10 വർഷങ്ങൾക്കു ശേഷം സൗരഭിന്‍റെ ഒരു ഇമെയിൽ സന്ദേശം വന്നിരിക്കുന്നു… മനസ്സ് സമ്മതിക്കുന്നില്ലെങ്കിലും അറിയാതെ അയാളെക്കുറിച്ച് ഓർത്തു പോകുന്നു. എല്ലാം ഇമെയിൽ കാരണമാണ്. ഒന്നും പറയാതെ പോയിക്കളഞ്ഞ ആളല്ലേ.

നിനക്ക് വേണ്ടി ഞാൻ നക്ഷത്രങ്ങൾ കൊണ്ടുവന്നില്ല. പക്ഷേ ജീവൻ തന്നെ നൽകും… ഇങ്ങനെയൊക്കെയായിരുന്നു ഡയലോഗുകൾ. ഇതൊക്കെ കേൾക്കുമ്പോൾ വൈദേഹി ചിരിച്ചു കൊണ്ടു പറയും “കള്ളനാണ് നീ… പേടിത്തൊണ്ടനായ കള്ളൻ”

ഇന്നും ഇതോർക്കുമ്പോൾ വൈദേഹിയുടെ മുഖത്ത് പുഞ്ചിരി വിടരും. എങ്കിലും ഉള്ളിൽ ദേഷ്യം തളംകെട്ടി നിന്നതിനാൽ മുഖം ചുവന്നു. എന്നിട്ട് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.

“അയാൾ എന്തിനാണ് എന്നെ ഉപേക്ഷിച്ചുപോയത്? ഇന്ന് എന്തിനാണ് എന്നെ ഓർത്ത് ഇമെയിൽ അയച്ചത്.”

വൈദേഹി ഇമെയിൽ തുറന്ന് വായിച്ചു. രണ്ട് വരിയെ ഉണ്ടായിരുന്നുള്ളൂ. “അയാം കമിംഗ് ടു സിംഗപ്പൂർ ടുമാറോ, പ്ലീസ് കം ആന്‍റ് സി മി… വിൽ അപ്ഡേറ്റ് യു ദ ടൈം..”

“ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം” എന്നും ഉണ്ടായിരുന്നു.

നമ്പർ കൊടുക്കണോ? മനസ്സ് പിടയാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്ക് ശേഷം കാണേണ്ട കാര്യമുണ്ടോ? 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലല്ലോ. എന്‍റെ സ്ഥിതി ഒരിക്കലും അന്വേഷിച്ചില്ലല്ലോ.. ഇപ്പോൾ ഇതെന്തിനാണ് തിരിച്ചു വരുന്നത്? വൈദേഹിയുടെ മനസ്സിൽ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു.

കുറേ നേരം വെറുതെയിരുന്ന ശേഷം വൈദേഹി തന്‍റെ നമ്പർ ഇമെയിൽ ചെയ്തുകൊടുത്തു. എന്നിട്ട് ബാൽക്കണിയിൽ പോയിരുന്ന് ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെപ്പറ്റി ഓർത്തു.

10 വർഷം മുമ്പാണത്. ഫോറം ഷോപ്പിംഗ് മാളിന്‍റെ സമീപം ഓർക്കിഡ് റോഡിൽ ഒരു അപകടം നടന്നിട്ടുണ്ടായിരുന്നു. വൈദേഹി അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടപ്പായിരുന്നു. ഏതോ കാർ വന്ന് ഇടിച്ചതാണ്. അവിടെ പെട്ടെന്ന് തന്നെ ട്രാഫിക് ജാം ആയി. ആരും സഹായത്തിന് എത്തിയിരുന്നില്ല. ആളുകൾ കടന്നു പോയതല്ലാതെ ആരും തന്നെ ഒരു കൈ സഹായം തന്നില്ല. ഏതോ ഒരു സിംഗപ്പൂരിയൻ ഹെൽപ്പ് ലൈനിൽ വിളിച്ചതല്ലാതെ, ആംബുലൻസ് നീഡഡ്!

വൈദേഹിയുടെ കാലിൽ നിന്ന് ചോരവാർന്ന് കൊണ്ടിരുന്നു. ഹെൽപ്പ്… ഹെൽപ്പ് എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു അവൾ. ആരും അടുത്ത് വരുന്നില്ല. ആ ട്രാഫിക് ജാമിൽ സൗരഭും കുടുങ്ങിയിരുന്നു. അയാൾ സഹായിക്കാനായി മുന്നോട്ട് വന്നു. വൈദേഹിയെ പൊക്കിയെടുത്ത് തന്‍റെ ബ്രാന്‍റ് ന്യൂ സ്പോർട്ട്സ് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

വൈദേഹിയ്ക്ക് ബോധം പോകുന്നുണ്ടയിരുന്നു. സൗരഭ് അവളെ മടിയിൽ ഇരുത്തിയാണ് കാർ ഓടിച്ചത്. ഇത്രയേ വൈദേഹിയ്ക്ക് ഓർമ്മയുള്ളു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. എന്നാലും അന്നും അയാൾ അന്ന് അണിഞ്ഞ ലെമൺ യെലോ ടീഷർട്ട് വൈദേഹിയ്ക്ക് നല്ല ഓർമ്മയുണ്ട്.

വൈദേഹിയെ സഹായിച്ചതിനാൽ സൗരഭ് പോലീസ് നൂലാമാലകളിൽ പെട്ടിട്ടുണ്ടാവാം. അവിടെ വിദേശി റോഡപകടത്തിൽ പെട്ടാൽ ആരും സഹായിക്കാൻ മെനക്കെടാത്തത്തിന്‍റെ കാരണം ഇതാണ്.

താൻ ഒരു ഇന്ത്യാക്കാരിയാണെന്നതുകൊണ്ടാവാം സൗരഭ് ഇടപെട്ടത്. ചോരവർന്നു കിടക്കുന്ന ഒരാളെ രക്ഷിക്കുകയെന്നത് മനുഷ്യത്വമാണല്ലോ. അതുകൊണ്ട് തന്നെ അയാളോട് വല്ലാത്ത ബഹുമാനവും ആരാധനയുമായി. 4 മണിക്കൂറിനു ശേഷമാണ് വൈദേഹിയ്ക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴും സൗരഭ് കട്ടിലിൽ വൈദേഹിയ്ക്ക് അടുത്ത് ഇരിക്കുകയായിരുന്നു.

അപകടത്തിൽ വൈദേഹിയുടെ ഒരു കാലിന് ഒടിവ് ഉണ്ടായിരുന്നു. മൊബൈലും പൊട്ടിപ്പോയിരുന്നു. വൈദേഹിയ്ക്ക് ബോധം വരാൻ കാത്തിരിക്കുകയായിരുന്നു സൗരഭ്. കാരണം അടുത്ത ബന്ധുക്കളെയോ മറ്റോ അറിയിക്കണമെങ്കിൽ നമ്പർ വേണമല്ലോ.

കണ്ണ് തുറന്നപ്പോൾ വൈദേഹി സൗരഭിനെ നന്നായി കണ്ടു. എന്താണ് അയാളിലേക്ക് താൻ ആകർഷിക്കപ്പെടുന്നത്. അവൾക്ക് അന്നും അതിനൊരു ഉത്തരം ലഭിച്ചിരുന്നില്ല.

എന്തെങ്കിലും ചോദിക്കാൻ പോകും മുമ്പേ സൗരഭ് പറഞ്ഞു “നിങ്ങൾ ഉണർന്നത് നന്നായി. ഇല്ലെങ്കിൽ ഇന്ന് രാത്രി മുഴുവനും ഞാൻ നിങ്ങൾക്കൊപ്പം ആശുപത്രിയിൽ കഴിയേണ്ടി വന്നേനേ… ഞാൻ സൗരഭ്. പേടിക്കണ്ട വലിയ കുഴപ്പമൊന്നുമില്ല.”

സൗരഭിന്‍റെ അടുപ്പം കണ്ടപ്പോൾ വൈദേഹി അയാളോട് താങ്ക്സ് പറഞ്ഞില്ല. കുടുംബത്തിലാരുടെയെങ്കിലും നമ്പർ തരാൻ സൗരഭ് പറഞ്ഞത് നല്ല ഓർമ്മയുണ്ട്. വൈദേഹി അമ്മയുടെ ഫോൺ നമ്പർ കൊടുത്തപ്പോൾ സൗരഭ് സ്വന്തം ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്.

അതിനുശേഷം അയാൾ ആശുപത്രി വിടുകയും ചെയ്തു. ഒരു ബൈ പോലും പറയാതെയാണ് ഇറങ്ങിപ്പോയത്. വൈദേഹി അയാളെ അപരിചിതൻ എന്ന ഓമനപ്പേരിലാണ് മനസ്സിൽ വിളിച്ചിരുന്നത്.

അതിനുശേഷം അയാളെ കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. വൈദേഹിയുടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിയിരുന്നു. വൈദേഹി എല്ലാ കഥകളും അവരെ ധരിപ്പിച്ചു.

ഇങ്ങനെയായിരുന്നു വൈദേഹിയുടെയും സൗരഭിന്‍റെയും ആദ്യ സമാഗമം. എത്ര വിചിത്രമായ കണ്ടുമുട്ടൽ! അതോർത്ത് വൈദേഹി ചിരിച്ചു.

ഒരു ഇമെയിൽ സന്ദേശം അവൾക്ക് സന്തോഷവും സങ്കടവും നൽകിയിരിക്കുന്നു.

അപകടത്തിനു ശേഷം 15 ദിവസം ബെഡ്റെസ്റ്റ് പറഞ്ഞിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച സമയവുമായിരുന്നു. വീട്ടിലെത്തിയതും വൈദേഹി ഓഫീസിൽ അറിയിക്കാമെന്ന് വച്ചു. മൊബൈൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് അത് സൗരഭിന്‍റെ കയ്യിലകപ്പെട്ട കാര്യം ഓർമ്മ വന്നത്.

അന്നത്തെ തിരക്കിനിടയിൽ അയാൾ അതു തിരിച്ചു നൽകാൻ മറന്നുപോയിരുന്നു. ഹോ… എല്ലാ കോണ്ടാക്ട് നമ്പറും അതിലാണ്. ഇനി എന്തു ചെയ്യും അപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. സൗരഭ് അമ്മയെ വിളിച്ചത് സ്വന്തം നമ്പറിൽ നിന്നാണ്. അപ്പോൾ അമ്മയുടെ ഫോണിൽ സർച്ച് ചെയ്താൽ സൗരഭിന്‍റെ നമ്പർ കിട്ടും. അവൾ ആ നമ്പർ തപ്പിയെടുത്തു.

അവൾ അയാളെ വിളിച്ചു ചെറിയ കുശലാന്വേഷണത്തിനു ശേഷം തന്‍റെ മൊബൈൽ തിരിച്ചു കൊണ്ട് തരാമോ എന്ന് അഭ്യർത്ഥിച്ചു.

“ഫ്രീയായി തരില്ല..പകരം നല്ല ഭക്ഷണം തരേണ്ടി വരും. നാളെ വൈകിട്ട് വീട്ടിൽ വരാം. വിലാസം പറയൂ” സൗരഭ് സ്നേഹത്തോടെയാണ് സംസാരിച്ചത്.

ഇയാൾ ഒരു വിചിത്രജീവി തന്നെ. എന്തായാലും മൊബൈൽ ലഭിച്ചല്ലേ പറ്റൂ. അവൾ സമ്മതിച്ചു. അടുത്ത ദിവസം വൈകുന്നേരം കക്ഷി വീട്ടിലെത്തി. ഒറ്റ സായാഹ്നം കൊണ്ട് തന്നെ അയാൾ വീട്ടിലെല്ലാവരുമായി കൂട്ടായി.

ഏറെ കാലമായി അറിയുന്ന ആളെ പോലെയായി സൗരഭ്. അപരിചിതത്വം തോന്നിയതേയില്ല. അത് അയാളുടെ സ്വഭാവത്തിന്‍റെ സവിശേഷതയാവാം. സൗരഭ് പോയി കഴിഞ്ഞിട്ടും എല്ലാവരും അയാളുടെ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു.

അയാൾ വീട് വിട്ടിറങ്ങിയപ്പോൾ വൈദേഹിയുടെ മനസ്സും അയാൾക്കൊപ്പം പോയോ?… അയാളിൽ അവൾ അത്രയ്ക്ക് ആകൃഷ്ടയായിരുന്നു.

സൗരഭ് സിംഗപ്പൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു കാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ മനേജർ ആയിരുന്നു.

സൗരഭിന് പുതിയ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കിട്ടുമായിരുന്നു. പലപ്പോഴും അയാൾ അത് ചോദിച്ചു വാങ്ങാറാണ് പതിവ്. വൈദേഹിയ്ക്ക് അപകടം പിണഞ്ഞ ദിവസവും സ്പോർട്ട്സ് കാറിന്‍റെ ടെസ്റ്റ് ഡ്രൈവിന് വന്നതായിരുന്നു. അയാളുടെ രക്ഷിതാക്കൾ ഇന്ത്യയിലായിരുന്നു.

അതിനാൽ ഒരേ ദേശക്കാരുമായി അടുക്കാൻ അയാൾക്ക് മറ്റ് പ്രവാസികളെപ്പോലെ തന്നെ ഇഷ്ടമായിരുന്നു. വൈദേഹിയുമായി ചങ്ങാത്തത്തിലാവാൻ ഒരു പ്രധാന കാരണവും ഉണ്ടായിരുന്നു. വൈദേഹിയുടെ മനസ്സിലും അയാൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു.

അവർ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി. ചായ കുടിക്കാൻ തുടങ്ങി. പക്ഷേ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞില്ല.

ബെഡ് റെസ്റ്റിനു ശേഷം വൈദേഹി ഓഫീസിൽ പോകാൻ തുടങ്ങി. രണ്ടാളുടെയും ഓഫീസ് ഓർക്കിഡ് റോഡിൽ തന്നെയായിരുന്നു.

പല ദിവസങ്ങളിലും സൗരഭ് വൈദേഹിയെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് വിട്ടിരുന്നു. കാലിന് ഫ്രാക്ചർ ഉള്ളതിനാൽ 6 മാസം വരെ ശ്രദ്ധിക്കേണ്ടിയിരുന്നു. സൗരഭ് തനിക്ക് ലിഫ്റ്റ് തരുന്നത് വൈദേഹി നന്നായി ആസ്വദിച്ചിരുന്നു.

തന്‍റെ 23-ാം പിറന്നാളിന്‍റെ അന്നാണ് സൗരഭ് വളരെ റൊമാന്‍റിക്കായി തന്നെ പ്രൊപ്പോസ് ചെയ്തത്. ആ കാര്യം ഇന്നലെക്കഴിഞ്ഞ പോലെ വൈദേഹിയ്ക്ക് ഓർമ്മയുണ്ട്.

സാധാരണ ആളുകൾ റിംഗ്, ചോക്ലേറ്റ് എന്നിവയൊക്കെ കൊടുത്താണല്ലോ പ്രൊപ്പോസ് ചെയ്യുന്നത്. സൗരഭ് പക്ഷേ വൈദേഹിയുടെ കയ്യിൽ ഒരു കാറിന്‍റെ ചെറിയ മോഡൽ നൽകിയാണ് തന്‍റെ സ്നേഹം അറിയിച്ചത്. വിൽ യൂ മാരി മീ…

താൻ എന്‍റെ കൂടെ ജീവിതകാലം മുഴുവൻ യാത്ര ചെയ്യാമോ? എന്ന് ചോദിക്കാതെ ചോദിച്ചു സൗരഭ്. വിചിത്രഭ്രാന്തുള്ള മനുഷ്യൻ!

വളരെ അടുത്ത് വന്ന് രണ്ട് കൈകൊണ്ടും തന്‍റെ മുഖം പിടിച്ചശേഷം ആണ് സൗരഭ് പ്രൊപ്പോസ് ചെയ്തത്. വൈദേഹിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.

വൈദേഹി ഏറെ നേരം അനങ്ങാതെ നിന്നു. പിന്നെ വിവശയായി പറഞ്ഞു. നാളെ ഗാർഡൻ ബായ് ദ വേയിൽ വച്ച് കാണാം. അപ്പോൾ ഞാൻ ഒരു മറുപടി പറയാം.”

അന്ന് രാത്രി വൈദേഹി ഒരു പോള കണ്ണടച്ചിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ല. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. 23 വയസ്സേയുള്ളു. ഇത്ര നേരത്തെ കല്യാണം വേണോ? സൗരഭിനും 25 വയസ്സല്ലേയുള്ളു. പക്ഷേ തനിക്ക് ഇയാളെ ഇഷ്ടമാണെന്ന് പറയാൻ തന്നെ വൈദേഹി തീരുമാനിച്ചു. ചുരുങ്ങിയത് ഒരു വർഷത്തിനു ശേഷം വിവാഹം മതി എന്നായിരുന്നു അവൾക്ക്. അപ്പോഴേക്കും പൂർണ്ണമായി മനസ്സിലാക്കാനും സമയം കിട്ടുമല്ലോ.

അടുത്ത ദിവസം കൃത്യം 5 മണിയ്ക്ക് ഗാർഡൻ ബായ് ദ വേയിൽ വൈദേഹിയെത്തി കാത്തു നിന്നു. ഒരു ബഞ്ചിൽ ഇരുന്ന അവൾ സൗരഭിന് ഫോൺ ചെയ്തു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവൾ ഓരോന്ന് ഓർത്ത് അവിടെ ഏറെ നേരം ഇരുന്നു. വീണ്ടും ഫോൺ ചെയ്തു നോക്കി. അപ്പോഴും ഫോൺ സ്വിച്ച് ഓഫ് തന്നെ.

വിളിച്ചിട്ട് കിട്ടാതായപ്പോൾ വൈദേഹി ടെൻഷനാവാൻ തുടങ്ങി. ഓഫീസിൽ എന്തെങ്കിലും അത്യാവശ്യ ജോലിയിൽ പെട്ടു കാണുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വല്ല മീറ്റിംഗോ മറ്റോ ആണെങ്കിൽ ഫോൺ ഓഫാക്കി വച്ചതാവാം. അവൾ നേരമിരുട്ടും വരെ അവിടെ തന്നെ കാത്ത് നിന്നു. വരുമെന്ന പ്രതീക്ഷയിൽ. പക്ഷേ 8 മണിയായിട്ടും സൗരഭ് വന്നില്ല. ഫോൺ ഒരിക്കലും റിംഗ് ചെയ്തില്ല.

2 വർഷക്കാലം വൈദേഹി സൗരഭിനെ പ്രതീക്ഷിച്ചിരുന്നു. ഒരു ഫോൺ കോൾ, ഒരു ഇമെയിൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹിതയായി. ആദിത്യൻ സിംഗപ്പൂരിൽ തന്നെ ബിസിനസ്സ് നടത്തുകയായിരുന്നു. വൈദേഹിയ്ക്ക് ചേർന്ന പങ്കാളിയായിരുന്നു അയാൾ.

വിവാഹം കഴിഞ്ഞും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സൗരഭിനെ മറക്കാൻ വൈദേഹിയ്ക്ക് കഴിഞ്ഞത്. ആദ്യമായി മനസ്സിൽ കയറിയ ആളെ അത്ര പെട്ടെന്ന് ഇറക്കിവിടാൻ കഴിയുമോ?

എന്തെങ്കിലുമൊക്കെ കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷിക്കുമ്പോഴും അയാളെ ഓർമ്മ വരും. ഇന്ന് മെയിൽ വന്നിരിക്കുന്നു. കാണണമെന്ന് പറയുന്നു. എന്താവും കാര്യം?

അവിചാരിതമായി ശബ്ദിച്ച ഫോൺ. വൈദേഹിയുടെ ചിന്തകളെ മുറിച്ചു. അറിയാത്ത നമ്പർ ആണല്ലോ. ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇത് സൗരഭിന്‍റെ ഫോൺ ആയിരിക്കുമോ?

കോൾ എടുത്തതും ചിരപരിചിതമായ ശബ്ദം. അപ്പുറത്ത് സൗരഭ് തന്നെയായിരുന്നു.

“ഹലോ ഈസ് ഇറ്റ് വൈദേഹി?” സ്വയം നിയ്രന്തിച്ചുകൊണ്ട് വൈദേഹി മറുപടി പറഞ്ഞു. “യസ് ദിസ് ഈസ് വൈദേഹി”

അധികം നാടകീയമായല്ലാതെ തന്നെ അവൾ തുടർന്നു.

“മെ ഐ നോ ഹൂ ഈസ് ടോക്കിംഗ്?” സൗരഭ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു.

“ചങ്ങാതി…ഇതു ഞാനാണ്… നീയെന്നെ മറന്നുപോയോ… സൗരഭാണ്.”

“ഓ” വൈദേഹി അമർത്തി മൂളി.

“നിനക്ക് നാളെ എന്നെ കാണാനായി മറീന വേ സാന്‍റഡ് ഹോട്ടലിലെ റൂഫ് ടോപ്പിലെ റസ്റ്റോറന്‍റിൽ വരാനൊക്കുമോ? വൈകിട്ട് 5 മണിയ്ക്ക്”

എന്തോ ഒരു നിമിഷം ആലോചിച്ച ശേഷം വൈദേഹി പതാറാതെ പറഞ്ഞു “ ശരി, വരാം… എന്തായാലും നിന്നെ കാണണം.”വൈദേഹി ഫോൺ കട്ട് ചെയ്തു.

കൂടുതൽ സംസാരിച്ചാൽ തന്‍റെ ദേഷ്യം മുഴുവൻ ഫോണിൽ തീർക്കേണ്ടിവരുമെന്ന് അവൾ വിചാരിച്ചു. അതുകൊണ്ടാണ് സംഭാഷണം നീട്ടാതിരുന്നത്. അവൾക്ക് അവനോട് പകയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു.

ഉപേക്ഷിച്ചു പോയവരോട് പിന്നെ എന്ത് വികാരമാണ് വച്ചു പുലർത്തുക? മനസ്സ് താളം തെറ്റാതെ സൂക്ഷിക്കാനായി അവൾ ആവതും ശ്രമിച്ചു.

ജീവിതം വല്ലാത്തൊരു പരീക്ഷണമാണ് ചില നേരങ്ങളിൽ! അവൾ അടുക്കളയിലേക്ക് ചെന്ന് പതിവിനു വിപരീതമായി ഒരു ഗ്രീൻ ടീ ഉണ്ടാക്കി കുടിച്ചു.

അടുത്ത ദിവസം സൗരഭിനെ കാണാൻ പോകാനായി വൈദേഹി തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആദിത്യൻ മുറിയിൽ വന്നു.

“എവിടേക്കാണ് പോകുന്നത്?” ഭർത്താവ് ചോദിച്ചു.

“സൗരഭ് സിംഗപ്പൂരിൽ വന്നിട്ടുണ്ട്. എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു” അവൾ അളന്ന് മുറിച്ച് വാക്കുകളിൽ മറുപടി നൽകി. “ഞാൻ പോകണോ അതോ?”

“തീർച്ചയായും പോണം. കണ്ടിട്ടുവരൂ. ഡിന്നർ കഴിക്കാൻ ഞാൻ കാത്തിരിക്കാം” അയാൾ ചാർജ് ചെയ്യാൻ വച്ച ഫോൺ എടുത്ത് മുറിയ്ക്ക് പുറത്തേക്ക് പോയി.

ആദിത്യൻ ആ കഥകൾ ധാരാളം കേട്ടിട്ടുണ്ട്. സൗരഭ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച കഥകൾ. വൈദേഹി തന്നെ പറഞ്ഞതാണ്. വൈദേഹിയുടെ കുടുംബം സൗരഭിനെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.

ആദിത്യൻ തുറന്ന മനസ്സുള്ള ആളായിരുന്നു. അതുകൊണ്ട് അയാൾക്ക് അതൊക്കെ മനസ്സിലാക്കാൻ പറ്റിയിരുന്നു. ഇളം വയലറ്റ് നിറമുള്ള സാരിയാണിഞ്ഞാണ് വൈദേഹി അയാളെ കാണാൻ പോയത്. ആ സാരിയിൽ അവൾ അതിമനോഹരിയായിരുന്നു. മുടി സ്ലോ ഡ്രൈ ചെയ്ത് നീട്ടിയിരുന്നു. സൗരഭിന് നീണ്ട മുടി വലിയ ഇഷ്ടമായിരുന്നുവല്ലോ.

വൈദേഹി സൗരഭിന്‍റെ ഇഷ്ടങ്ങൾ അറിഞ്ഞ് തയ്യാറെടുത്തത് എന്തിനാണെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ആദ്യപ്രണയത്തിന്‍റെ കുളിർമ്മ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതുകൊണ്ടാവാം. സ്നേഹം ഒരു മലവെള്ളപ്പാച്ചിൽ ആണ്. എപ്പോഴും അത് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല.

വൈദേഹി കൃത്യം 5 മണിയ്ക്ക് മറീനയിലെ റൂഫ് ടോപ്പ് റെസ്റ്റോറന്‍റിൽ എത്തി. സൗരഭ് അവിടെ നേരത്തെ തന്നെ വന്നിരിപ്പുണ്ടായിരുന്നു. വൈദേഹി വരുന്നത് കണ്ടപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു.

“നൈസ് ടൂ സീയൂ ആഫ്റ്റർ എ ഡെക്കേഡ്. യു ആർ ലുക്കിംഗ് ഗോർജിയസ്” വൈദേഹി അപ്പോഴും ഗഹനമായ ആലോചനയിലായിരുന്നു. കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട് അവൾ പറഞ്ഞു..

“കോംപ്ലിമെന്‍റിനു നന്ദി. അയാം സർപ്രൈസ് ടു സി യൂ ആക്ച്വലി.”

ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന വൈദേഹിയെ കണ്ട് സൗരഭ് ചോദിച്ചു. “എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലല്ലേ മാപ്പ് തന്നിട്ടില്ലെന്ന് സാരം” എനിക്കറിയാം ഞാൻ വാക്ക് തന്നിട്ട് മുങ്ങിയ ആളല്ലെ. അന്ന് എനിക്ക് വരാൻ കഴിഞ്ഞില്ല. എനിക്ക് അന്ന് എന്താണ് പറ്റിയതെന്ന് നിനക്കറിയോ?”

“10 വർഷം എന്തെങ്കിലും ജോലിയിൽ കുടുങ്ങിപ്പോയി എന്ന് വിശ്വസിക്കണോ… ഞാൻ എന്തിനാണ് മാപ്പ് അർഹിക്കാത്തവർക്ക് അത് നൽകുന്നത്. എങ്കിലും നിനക്ക് അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് ജീവിതം തിരുത്താൻ കഴിയില്ലെന്ന് അറിയാം. എങ്കിലും പറയൂ… ചുരുങ്ങിയ പക്ഷം മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ..” വൈദേഹി വാചാലയായി.

“അന്ന് വല്ലാത്തൊരു ദിവസമായിരുന്നു. നിന്നെ കാണാമെന്ന് പറഞ്ഞ ദിവസം തന്നെയാണ് അത് സംഭവിച്ചത്. എന്‍റെ കമ്പനിയുടെ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്മഗ്ലിംഗ് ആയിരുന്നു ചാർത്തിയ കുറ്റം. ടോപ്പ് ലെവൽ മാനേജർമാരേയും റിമാൻഡ് ചെയ്തു. ഞങ്ങളുടെ ഫോൺ അക്കൗണ്ട് എല്ലാം സീസ് ചെയ്തു. 3 ദിവസം നിരന്തര ചോദ്യം ചെയ്യലിനും വിധേയരായി. മാസങ്ങളോളമാണ് എനിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. രണ്ട് വർഷത്തോളം കേസ് നടന്നു. നിരപരാധികൾക്കും ജയിൽ കഴിയേണ്ടി വരുന്നത് വിധിയാണ്. അവസാനം നീതി ലഭിച്ചപ്പോഴേക്കും ഞാൻ തകർന്ന് പോയിരുന്നു. ആ ദിവസങ്ങളിൽ ഞാൻ എത്ര മാത്രം തീ തിന്നു എന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ?”

”അതെല്ലാം ഓർക്കുമ്പോൾ ഇന്നും എന്‍റെ ചങ്ക് പിടയ്ക്കും. പിന്നെ എങ്ങനെ നിന്നെ കാണാൻ വരാൻ കഴിയും കേസ് കഴിഞ്ഞ് എന്നെ അധികൃതർ ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്‍റെ കയ്യിൽ മൊബൈൽ പോലും ഉണ്ടായിരുന്നില്ല. ബാങ്ക് ബാലൻസും ഉണ്ടായിരുന്നില്ല.”

“നാട്ടിൽ ചെന്നപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്ത വിവരമാണ് ലഭിച്ചത്. പിന്നെ അതിന്‍റെ പിന്നാലെയായി. മരുന്ന് ഹോസ്പിറ്റൽ. ഞാനാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കുഴഞ്ഞ് മറിഞ്ഞ ഒരു ജീവിതം. അമ്മ എന്‍റെ കല്യാണവും ഉറപ്പിച്ചിരുന്നു. പക്ഷേ ഞാൻ എന്‍റെ ജീവിതം സിംഗപ്പൂരിൽ ഉപേക്ഷിച്ചാണ് പോന്നതെന്ന് ആർക്കും അറിയില്ലായിരുന്നുവല്ലോ… അധികനാൾ കഴിയും മുമ്പേ അമ്മയും പോയി… നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു.”

“നീ എന്നെപ്പറ്റി എന്താവും കരുതിക്കാണുക എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. പറ്റിച്ചു കടന്നു കളഞ്ഞവനല്ലേ ഞാൻ… അതിനാൽ എല്ലാം നേരിൽ കണ്ട് തുറന്ന് പറയണമെന്ന് കരുതി. എന്‍റെ ഇമെയിലും പോലീസുകാർ ബ്ലോക്ക് ചെയ്തിരുന്നു. അതിനാൽ നാട്ടിലെത്തിയിട്ടും മെയിൽ അയക്കാൻ എനിക്ക് നിന്‍റെ ഐഡിയും അറിയില്ലായിരുന്നു. പിന്നെ ഒരു ഊഹം വച്ച് അയച്ചതാണ്. അവസാന ശ്രമത്തിൽ അത് ശരിയാവുകയും ചെയ്തു.”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൗരഭ് തന്നെ വഞ്ചിച്ചതല്ല എന്ന് വൈദേഹിയ്ക്ക് ബോദ്ധ്യമായി.

“കാണാമെന്ന് പറഞ്ഞ ദിവസം നീ എന്നോട് പറയാൻ ഇരുന്ന കാര്യം എന്തായിരുന്നു. അത് കേൾക്കാൻ എനിക്കാഗ്രഹമുണ്ട്” സൗരഭ് എന്തോ ഒർത്തിട്ടെന്നപോലെ ചോദിച്ചു.

“ഞാനന്ന് പറയാൻ ഉദ്ദേശിച്ച കാര്യം ഇന്ന് പറയുന്നതിൽ ഒട്ടും പ്രസക്‌തിയില്ല. നമ്മുടെയൊക്കെ ജീവിതം ഒത്തിരി മാറിയില്ലേ?” സങ്കടങ്ങൾ ഉള്ളിൽ അമർത്തിവച്ചുകൊണ്ട് വൈദേഹി ചിരിക്കാൻ ശ്രമിച്ചു.

രണ്ടാളും കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ പേഴ്സിൽ നിന്ന് തുവാലയെടുത്ത് മുഖം തുടച്ചശേഷം വൈദേഹി പറഞ്ഞു “ലറ്റ്സ് ഓഡർ സം കോഫി.”

സീതാപരിത്യാഗം

രാത്രിയിൽ നല്ല മഴയായിരുന്നു. നല്ല കാറ്റും. വേനലിലെ ആദ്യത്തെ മഴ. മഴയുടെ താളം ശ്രവിച്ച് സീത വെറുതെ ഓരോന്നോർത്തു കിടക്കുകയായിരുന്നു. ഒട്ടും ഉറക്കം വന്നതേയില്ല. രാവിലെ അവൾ നേരത്തെ എഴുന്നേറ്റു.

ഞായറാഴ്ചയാണ്. ഒരുപാടു ജോലികൾ ചെയ്‌തു തീർക്കാനുണ്ട്. അവധിയുടെ ആലസ്യമാണോ പുതുമഴ സമ്മാനിച്ച കുളിരാണോ എന്താണെന്നറിയില്ല രഘുനാഥൻ മൂടി പുതച്ചു കിടന്നു നല്ല ഉറക്കത്തിലാണ്.

ഇത് എങ്ങനെയൊക്കെയാണ് ഈ കിടക്കുന്നത്… കൊച്ചു കുട്ടികളെക്കാൾ കഷ്ടമായിട്ട് സ്‌ഥാനം തെറ്റിക്കിടന്നിരുന്ന അയാളുടെ വസ്ത്രം അവൾ ശരിക്ക് പിടിച്ചിട്ടു. കിടക്കയിൽ നിന്നും വഴുതി പോയ തലയിണ നേരെ വച്ചു കൊടുത്തു. മധുരതരമായ ഏതോ സ്വപ്നം കണ്ടിട്ടെന്നവണ്ണം ഒരു ചെറുപുഞ്ചിരി ഇടക്കിടയ്ക്ക് അയാളുടെ ചുണ്ടിൽ മിന്നിമറയുന്നുണ്ട്. അതും നോക്കി സീത കട്ടിലിന്‍റെ ഓരം ചേർന്ന് വേറുതെയങ്ങനെയിരുന്നു.

പണ്ട് രഘുനാഥനോടൊപ്പം ചെലവഴിച്ച ഞായറാഴ്ചകളിലെ പുലർച്ചകളെപ്പറ്റി അവൾ ഓർത്തു. രണ്ടുപേരും പരസ്പരം കെട്ടിപ്പിണഞ്ഞു ഓരോരോ കുസൃതിത്തരങ്ങളും കാട്ടി അങ്ങനെ കിടക്കും. ആരുടേയും ഒരു ശല്യമോ, ബഹളമോ ഒന്നുമില്ലാതെ. നഗരം നേർത്ത് നേർത്ത് വന്ന് അവസാനിക്കുന്നിടത്ത് ഗ്രാമത്തിന്‍റെ ശാലീന സൗന്ദര്യമുള്ള ഒരു കൊച്ചു വീട്ടിൽ അവർ രണ്ടേ രണ്ടുപേർ മാത്രം. ഉച്ചിയിൽ വെയിൽ വന്നു വീഴുമ്പോഴാകും എഴുന്നേൽക്കുക. അതുപോലെ ഒരിക്കൽ കൂടി കുറച്ച് നേരം മനസ്സും ശരീരവും ഒന്നായി അയാളെ ഇറുകെ പുണർന്ന് കിടക്കുവാൻ അവൾ അതിയായി മോഹിച്ചു. പക്ഷേ…?

മുടി വാരിക്കെട്ടി അവൾ ഒരു നെടുവീർപ്പോടെ പുറത്തേക്കിറങ്ങി. വിചാരിച്ചതു പോലെ മുറ്റം മുഴുവൻ കാറ്റും മഴയും ചേർന്ന് ഒരു യുദ്ധം നടത്തിയതു പോലുണ്ട്. മുറ്റത്തെ മൂവാണ്ടൻ മാവിന്‍റെ ഒരു കൊമ്പൊടിഞ്ഞു അതിൽ തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മുറ്റമടിച്ചു വൃത്തിയാക്കിയപ്പോഴേക്കും ആകെ കുഴഞ്ഞു പോയി. അവൾ പിന്നെ അകത്തു ചെന്ന് പുരയ്ക്കകം മുഴുവൻ തൂത്ത് തുടച്ചു, കർട്ടൻ വിരികൾ നേരയാക്കി അവിടെയും ഇവിടെയും അലക്ഷ്യമായി കിടന്നിരുന്ന സാധനങ്ങളും, പഴയ പത്രമാസികകളുമെല്ലാം അടുക്കി വച്ച് എല്ലാത്തിനുമൊരു ചിട്ട വരുത്തി. പിന്നെ അടുക്കളയിൽ ചെന്ന് പ്രഭാത ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായി.

രഘുനാഥിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും, മുട്ടക്കറിയുമുണ്ടാക്കി ഹോട്ട് ഡിഷിലാക്കി അവൾ ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു അപ്പോഴേക്കും അടുപ്പത്തു വച്ചിരുന്ന വെള്ളം തിളച്ചു. അതിൽ അരി കഴുകി വാരിയിട്ടു, കറിക്കരിഞ്ഞു, ഫ്രിഡ്ജിൽ മുളക് തേച്ച് വച്ചിരുന്ന മീനെടുത്തു വറുത്ത് എല്ലാം കഴിഞ്ഞ് വന്നു നോക്കുമ്പോഴും രഘുനാഥൻ ഉണർന്നിട്ടില്ല. കട്ടിലിൽ കിടന്നു അയാൾ ഭ്രമണം ചെയ്യുകയാണെന്നു അവൾക്കു തോന്നി.

അവൾ അയാളെ വിളിക്കാനൊന്നും പോയില്ല. അവധിയല്ലേ… ഓഫീസിലൊന്നും പോകണ്ടല്ലോ. ഉണരുമ്പോൾ ഉണരട്ടെയെന്നു വിചാരിച്ചു.

പ്രതീക്ഷിച്ചതിലും നേരത്തെ ജോലികൾ എല്ലാം തീർന്നു. ഒന്നു രണ്ടു ഡ്രസ്സുകൾ കൂടി നനച്ചിടാമെന്നു വച്ചു അവൾ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ നോക്കി ഹാംഗറിൽ നിന്നും എടുത്തുകൊണ്ടു പോയി. പോകുന്ന വഴിക്ക് ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് താഴെ വീണു.

ഒരു വർണ്ണക്കടലാസ്. അവൾ അതിലൂടെ നിസംഗതയോടെ കണ്ണുകളോടിച്ചു. നഗരത്തിലെ പ്രശസ്തമായ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ആർക്കോ ചുരീദാറോ മറ്റോ വാങ്ങിയതിന്‍റെ ബില്ലാണത്. അവൾ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കാനൊന്നും നിന്നില്ല. ആ പേപ്പർ മടക്കി പോക്കറ്റിലിട്ട് അവളത് അതേ പടി ഹാംഗറിൽ കൊണ്ടു പോയി തൂക്കി.

വെള്ളത്തിൽ മുക്കുന്നതിന് മുമ്പ് അത് കണ്ടത് നന്നായെന്ന് അവൾ വിചാരിച്ചു. അപ്പോൾ കൃത്യം പോലെ രഘുനാഥന്‍റെ ഫോൺ വിളറി പിടിച്ച് ഗൗളിയെപ്പോലെ ചിലച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഒരു വിളിയുള്ളതാണ്. ഏതോ ഒരു രേണുകയോ മറ്റോ ആണ്. രഘുനാഥന് ഗുഡ്മോണിംഗ് പറയാൻ വേണ്ടി വിളിക്കുന്നതാണ്.

കൂട്ടത്തിൽ രാത്രിയിൽ നന്നായി ഉറങ്ങിയോ? രാവിലെ എന്താണ് കഴിച്ചത്? ഓഫീസിൽ വരുമ്പോൾ ഏത് ഷർട്ടാണിടുന്നത്? ഉച്ചയ്ക്ക് ചോറിന്‍റെ കൂടെ എന്തൊക്കെയുണ്ടാകും കൂട്ടാൻ? അങ്ങനെ നിർദോഷമായ ചില അന്വേഷണങ്ങളും ഉണ്ടാകും. അതെല്ലാം പരിഭ്രമം പിടിച്ച നോട്ടങ്ങളിൽ, അമർത്തിപ്പിടിച്ച മൂളലുകളിൽ ഒളിക്കാൻ നോക്കുന്ന സുഖദമായ ഞരങ്ങലുകളിൽ മണക്കാതെ മണത്തും, കേൾക്കാതെ കേട്ടും അവൾ പണ്ടേ രഘുനാഥന്‍റെ മുഖത്ത് നിന്ന് വായിച്ചെടുത്തിട്ടുള്ളതാണ്.

ഫോൺ നിറുത്താതെ റിംഗ് ചെയ്‌തു കൊണ്ടിരുന്നെങ്കിലും അവളത് എടുക്കാനൊന്നും പോയില്ല. ഉദ്ദേശിച്ച ആളല്ല എടുക്കുന്നതെങ്കിൽ അങ്ങേത്തലയ്ക്കൽ ഒരു മഹാ മൗനമായിരിക്കും മറുപടി. വെറുതെ മറ്റുള്ളവരെ കൂടി എന്തിന് അർദ്ധവിരാമത്തിന്‍റെ മുൾമുനയിൽ നിർത്തണം?

വസ്ത്രങ്ങൾ അലക്കി വിരിച്ചിട്ടു പിന്നെ കുളിച്ചു ഈറൻ മാറാത്ത മുടിയുമായി അകത്തെത്തിയപ്പോഴേക്കും രഘുനാഥൻ എഴുന്നേറ്റ് പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു. വാതിൽപ്പടി ചാരി ശിരസ്സ് കുനിച്ചു ഏതോ ചിന്തയിലാണ്ട് അവൾ കുറേ നേരം അയാൾക്കു മുന്നിൽ തന്നെ നിന്നു.

രഘുനാഥൻ പ്രാതൽ കഴിക്കുന്നതിനോടൊപ്പം കൈയിലിരുന്ന പത്രത്തിന്‍റെ നിർജീവങ്ങളായ കോളങ്ങളിലേക്ക് നോക്കിയതല്ലാതെ അവളെ ശ്രദ്ധിച്ചതേയില്ല. മുഖമുയർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഞാൻ പോകുകയാണ്. ഇനി വരില്ല… ഒരിക്കലും…” അവൾ പറഞ്ഞു. അയാളത് കേട്ടതായി ഭാവിച്ചില്ല. പത്രത്തിലെ മാട്രിമോണിയൽ കോളത്തിലെ ഏതോ കോളത്തിൽ മിഴിനട്ടിരിക്കുകയായിരുന്നു അയാളപ്പോൾ. അയാളുടെ മറുപടി പ്രതീക്ഷിച്ചിട്ടാണെന്നു തോന്നുന്നു പിന്നെയും കുറേനേരം അവൾ അവിടെ തന്നെ നിന്നത്.

രാവിലത്തെ ഒരുക്കം കണ്ടപ്പോൾ അയാൾ വിചാരിച്ചത് അവളേതോ അമ്പലത്തിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ്. അവളിങ്ങനെ ദിവസോം അമ്പലത്തിൽ പോകുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളതെന്നു അയാൾ പുച്ഛത്തോടെ ചിന്തിക്കുകയും ചെയ്‌തു. പ്രാതൽ കഴിഞ്ഞു രഘുനാഥൻ എഴുന്നേറ്റു കൈ കഴുകി വന്നു വീണ്ടും പത്രതാളുകളിലേക്ക് മുഖം പൂഴ്ത്തി.

“ബസ്സ് എപ്പോഴോണ്ട്?” അതിനിടയ്ക്ക് അയാൾ ചോദിച്ചു.

“ബസ്സല്ല, ട്രെയിന് പോകുകയാണ്. അതാണ് സുഖം” അവൾ പറഞ്ഞു.

“പോകനെല്ലാം ഒരുക്കിയോ?”

“ഇല്ല ഒരുക്കാനൊന്നുമില്ല”

“എടുക്കാനുള്ളതെല്ലാം മറക്കാതെ എടുത്തോളണം” അയാളുടെ വാക്കുകളിൽ എന്തോ കാർക്കശ്യമുണ്ടായിരുന്നതു പോലെ.

അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ മനഃപൂർവ്വം ചോദിച്ചില്ല. അവൾക്കു പോകാൻ അധികമിടമൊന്നും ഇല്ലെന്ന് അയാൾക്കും അറിവുള്ളതായിരുന്നുവല്ലോ.

അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അച്‌ഛൻ പട്ടാളത്തിൽ ഭേദപ്പെട്ട റാങ്കുള്ള ഒരുദ്യോഗസ്‌ഥനായിരുന്നു. അവളെ വിവാഹം കഴിച്ചയച്ചതിനു ശേഷം അയാൾ മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ കെട്ടി ജോലി സ്‌ഥലത്തേക്ക് കൊണ്ടു പോയി. അതോടു കൂടി അയാളും അവളെക്കുറിച്ച് അന്വേഷിക്കാതെയായി. മകളെ ഒരു സർക്കാർ ഉദ്യോഗസ്‌ഥന് വിവാഹം കഴിച്ചു കൊടുത്തതോടെ അവളുടെ ജീവിതം സുരക്ഷിതമായെന്ന് അയാളും വിചാരിച്ചു കാണണം.

സീത പിന്നീടു അവിടെ നിന്നില്ല. അവൾ കണ്ണ് തുടച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് പോകാനെല്ലാം ഒരുക്കി. ഒരു സ്യൂട്ട് കേസിലും ഒരു ചെറിയ ബാഗിലും കൊള്ളാവുന്ന സാധനങ്ങൾ മാത്രമേ അവളുടേതായിട്ട് ഉണ്ടായിരുന്നുള്ളൂ. പെട്ടന്നവൾ എന്തോ ഓർത്തിട്ടെന്നവണ്ണം അലമാര തുറന്നു അവരുടെ വിവാഹ ആൽബം പുറത്തെടുത്തു.

“ഞാനിതിൽ നിന്നും ഒരു ഫോട്ടോ എടുക്കുകയാണ്” അവൾ പറഞ്ഞു. ഒരു ഫോട്ടോയല്ല ആ ആൽബം തന്നെ എടുത്തോളാൻ അയാൾ പറഞ്ഞു. അവളത് ഭദ്രമായി പൊതിഞ്ഞു ബാഗിനകത്തു വച്ചു. പിന്നെ നിലക്കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്ന് വിവാഹത്തിന്‍റെ ആദ്യ വാർഷിക ദിനത്തിൽ രഘുനാഥൻ സമ്മാനിച്ച ചുവപ്പിൽ ഇളം പൂക്കളുള്ള പട്ടുസാരിയെടുത്ത് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാൻ തുടങ്ങി. പത്രം വായിക്കുന്നു എന്നാ ഭാവേനെ രഘുനാഥൻ അത് അസഹ്യതയോടെ നോക്കിയിരുന്നു. “ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണന്നറിയുമോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പിടികിട്ടി. എങ്കിലും അയാൾ അജ്‌ഞത നടിച്ചു.

“ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. ഏഴു വർഷങ്ങൾക്കു മുമ്പ് ഇതേ പോലൊരു ദിവസമാണ് ഞാനാദ്യമായി നിങ്ങളോടൊപ്പം ഈ വീടിന്‍റെ പടി ചവിട്ടുന്നത്. അതെല്ലാം ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു.”

രഘുനാഥൻ പരമ പുച്ഛത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു.

“കുറെനാളായി അമ്മാതിരി കാര്യങ്ങളൊന്നും ഓർക്കാൻ ഞാനിഷ്ടപ്പെടുന്നതേയില്ല.”

“അതെനിക്കറിയാം. അതുകൊണ്ടാണല്ലോ ഉറക്കത്തിനിടയിൽ പോലും നിങ്ങൾ എന്നിൽ നിന്നും കൃത്യമായ അകലം പാലിക്കുന്നത്.”

രഘുനാഥന് ചെറുതായെങ്കിലും കുറ്റബോധം തോന്നിയിരിക്കണം. അയാൾ പത്രവായന അവസാനിപ്പിച്ച്, അവൾ അണിയിച്ച വിവാഹ മോതിരവും തെരുപ്പിടിപ്പിച്ചു അങ്ങനെയിരുന്നു.

“ചോറും കറികളും വിളമ്പി ഞാൻ അടുക്കളേൽ അടച്ചു വച്ചിട്ടുണ്ട്. നിങ്ങളത് സമയത്തിനെടുത്തു കഴിക്കണം.”

“ഓഹോ… നന്ദി.”

രഘുനാഥൻ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ പിടിപ്പിച്ചു കൊണ്ട് എന്തോ ആലോചിച്ചു കസേരയിലേക്ക് ചാഞ്ഞു കിടന്നു.

“നിങ്ങൾ ആരോഗ്യം നോക്കണം. സിഗരറ്റു വലി കുറക്കണം. അസുഖം വന്നാൽ സമയത്തിന് ഡോക്ടറെ പോയി കാണണം. മഴക്കാലം വരികയാണ്. തലയിൽ വെള്ളം താന്നാൽ പെട്ടെന്ന് പനി പിടിക്കുന്ന സ്വഭാവമാ നിങ്ങൾക്ക്. അതുകൊണ്ട് റെയിൻ കോട്ടോ, കുടയോ ഒന്നുമില്ലാതെ പുറത്തോട്ടൊന്നും പോകരുത്.”

“നീയെന്നെ ഇങ്ങനെ ഉപദേശിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല” അയാൾ അൽപം ദേഷ്യത്തോടെ പറഞ്ഞു.

അവൾ അതൊന്നും വക വയ്ക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഗ്യാസ് ഓൺ ചെയ്‌തിട്ട് എങ്ങും പോവരുതെന്നോ, അടുക്കളയിലെ സ്റ്റോറിൽ ചമ്മന്തിപ്പൊടിയോ, മാങ്ങാ അച്ചാറോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടന്നോ, അതൊന്നും നനഞ്ഞ സ്പൂണിട്ടു എടുക്കരുതെന്നോ, രാവിലെ മുറ്റമടിക്കാൻ അയലത്തെ വീട്ടിൽ അടുക്കളയ്ക്ക് നിൽക്കുന്ന സ്ത്രീയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നോ… അങ്ങനെ പലതും ഒടുവിൽ പതുക്കെ പതുക്കെ അവൾ തനിയെ നിശബ്ദയായി.

മുറിക്കകത്തുനിന്നും ബാഗും സ്യൂട്കേസുമെടുത്തു സിറ്റൗട്ടിൽ കൊണ്ടു വച്ച് അവൾ വിദൂരതയിലേക്ക് നോക്കി നിന്നു.

നല്ല മഴക്കോളുണ്ട്. മൂടൽ മഞ്ഞ് പോലെ പൊടിമഴ ചാറുന്നു.

“റോഡ് മുഴുവൻ വെള്ളമായിരിക്കും. നടന്നു പോയാൽ സാരി മുഴുവൻ ചെളി തെറിക്കും. അതുകൊണ്ട് നിങ്ങൾ…”

“സ്ക്കൂട്ടർ കണ്ടീഷനല്ല” പൊടുന്നനെ അയാൾ പറഞ്ഞു.

“മഴയത്ത് സ്ക്കൂട്ടെറെടുത്ത് നിങ്ങൾ ബുദ്ധിമുട്ടെണ്ടാ. ഒരു ഓട്ടോ പിടിച്ചു തന്നാൽ മതി. അതാണ് നല്ലത്” അവൾ പറഞ്ഞു.

രഘുനാഥൻ നീരസത്തോടെ എഴുന്നേറ്റു ചെന്ന് ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്‌തു വന്നു.

“ഓട്ടോ ഇപ്പോഴിങ്ങെത്തും. ഒന്നും മറന്നിട്ടില്ലല്ലോ” രഘുനാഥൻ ഓർമ്മിപ്പിച്ചു.

അവളപ്പോൾ കൈവിരലിലെ നഖങ്ങൾ കൊണ്ട് ഭിത്തിയിലെന്തോ കോറുകയായിരുന്നു. ഭിത്തിയിൽ നിന്നപ്പോൾ നരച്ച മേഘത്തിന്‍റെ നിറമുള്ള വെള്ളയുടെ ഒരുപാളി അടർന്നു താഴെ വീണു ചിന്നി ചിതറി.

“നിങ്ങളുടെ ഒരു കുഞ്ഞിന്‍റെ അമ്മയാകാൻ കഴിഞ്ഞില്ല എന്ന തെറ്റു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. രമണിയേയോ, രേണുകയേയോ ആരെയാണെങ്കിലും നിങ്ങൾ ഉടനെ വിവാഹം ചെയ്യണം. ആഗ്രഹം പോലെ ഒരു കുഞ്ഞിന്‍റെ അച്‌ഛനാകണം. ഒന്നിനും ഞാനൊരു തടസ്സമാകുന്നില്ല. നിങ്ങളെന്നെ ഒഴിയുക മാത്രം ചെയ്യരുത്. അവകാശം ചോദിച്ചു ഞാനൊരിക്കലും വരില്ല.”

മുറ്റത്തു ഒരു ഓട്ടോ വന്നു ഞരങ്ങി നിന്നു. ചാറി ചാറി നിന്നിരുന്ന മഴ അപ്പോൾ ചന്നം പിന്നം പെയ്യാൻ തുടങ്ങി. നാലുവശത്തു നിന്നും തൂവാനും അകത്തേക്ക് അടിച്ചു കയറി. ഡ്രൈവർ ഓട്ടോ പോർച്ചിലേക്ക് നീക്കിയിട്ടു. സീത തണുത്ത കൈവിരലുകൾ കൊണ്ട് രഘുനാഥന്‍റെ നെഞ്ചിൽ പതിയെ സ്പർശിച്ചു. അവളുടെ കരസ്പർശം ഏറ്റു തന്‍റെ നെഞ്ചു പൊള്ളുന്നത് പോലെ അയാൾക്ക് തോന്നി.

“ജീവിതത്തിൽ ഞാനാദ്യമായും, അവസാനമായും സ്നേഹിച്ച പുരുഷൻ നിങ്ങളാണ്. എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോൾ വരാൻ മടിക്കരുത്.”

അവൾ സ്യൂട്ട്കേസ്, ഓട്ടോയിൽ കൊണ്ട് വച്ച് അതിൽ കയറിയിരുന്നു. “മഴതോരട്ടെ… ഓട്ടോക്കാരന് ധൃതിയൊന്നുമില്ല” രഘുനാഥൻ പറഞ്ഞു. അവളൊന്നു ചിരിച്ചു. “ഈ മഴ ഇപ്പോഴെങ്ങും തോരില്ല. വെള്ളം അകത്തേക്ക് തെറിക്കാതിരിക്കാനെന്നവണ്ണം അവൾ സൈഡിലെ ടാർപാളിൻ ഷീറ്റുകൾ താഴ്ത്തിയിട്ടു. അതിനിടയിൽ അവൾ പറഞ്ഞു. “കുടിക്കാൻ വെള്ളം എടുത്തു വയ്ക്കുന്ന കാര്യം ഞാൻ മറന്നു പോയി. നിങ്ങൾ പച്ചവെള്ളം കുടിച്ചു ഇല്ലാത്ത രോഗം ഒന്നും വരുത്തി വയ്ക്കരുത്.”

ഓട്ടോ ഒരു ഇരമ്പലോടെ അകന്നു പോയി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ ഏതാണ്ട് തോർന്നിരുന്നു. യാത്രക്കാരായിട്ടു വളരെ കുറച്ചു ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ അവൾ രഘുനാഥനെക്കുറിച്ചോർത്തു, മടിയനാണ്. കുടിക്കാനുള്ള വെള്ളം ചൂടാക്കിയിരിക്കാൻ ഒരു വഴിയുമില്ല.

നാളെ ഓഫീസിലേക്കു പോകാൻ അയാൾക്ക് ആരായിരിക്കും എല്ലാം ഒരുക്കി കൊടുക്കുക. നല്ല കാര്യം, നാട്ടിൽ ഹോട്ടലുകൾക്കാണോ പഞ്ഞം?

“അടുത്ത ട്രെയിൻ എപ്പോഴാണ്?” കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനോട് അവൾ ചോദിച്ചു.

അയാൾ മനോഹരമായി ചിരിച്ചു. “തെക്കോട്ടാണോ… വടക്കോട്ടാണോ…?”

“ആദ്യം ഏതാണ് വരുന്നത്…?”

വടക്കോട്ടാണെങ്കിൽ ഇപ്പോൾ ഒരു എക്സ്പ്രസ്സുണ്ട്. പക്ഷേ അതിനിവിടെ സ്റ്റോപ്പില്ല. പിന്നെ പാസഞ്ചറുണ്ട്. അതു വരാൻ ഉച്ച കഴിയും.”

അവൾ അവിടെ കണ്ട ഒരു സിമന്‍റ് ബഞ്ചിൽ പോയിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പ്രാതൽ കഴിക്കുന്ന കാര്യം തിരക്കിനിടയിൽ മനഃപൂർവ്വം മറന്നു. അവൾ ബാഗു തുറന്നു വിവാഹ ആൽബമെടുത്ത് വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നു.

രഘുനാഥന്‍റെ നവവധുവായി ആ വീട്ടിൽ ചെന്ന് കയറിയ ദിനം. അയാളുടെ സ്നേഹ പ്രകടനങ്ങൾ, കുസൃതിത്തരങ്ങൾ, നേരമ്പോക്കുകൾ, ഉച്ചത്തിലുള്ള പൊട്ടിച്ചിരികൾ…

തെക്കു നിന്ന് ഒരു ട്രെയിന്‍റെ ഉച്ചത്തിലുള്ള മുഴക്കം കേട്ടു അവൾ ബാഗും സ്യൂട്ട്കേസും അവിടെത്തന്നെ വച്ചിട്ട് പതിയെ എഴുന്നേറ്റു നടന്നു. പ്ലാറ്റ്ഫോമും കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്നു.

അപ്പോൾ വലിയൊരു കാറ്റ് വീശി. ഓരത്തെ മരച്ചില്ലകളിൽ നിന്ന് സ്ഫടിക കഷ്ണങ്ങൾ പോലെ ജലകണങ്ങൾ പൊഴിഞ്ഞു. അതേൽക്കാതിരിക്കാനെന്നവണ്ണം അവളപ്പോൾ സാരിത്തലപ്പു പിടിച്ചു തലവഴിയേയിട്ടു.

നായകൻ

ശാലിനി വാച്ചിൽ നോക്കി. 12 മണിയായിരിക്കുന്നു. പകുതി വഴി പോലുമായിട്ടില്ല. നമ്മൾ ഒരു മണിയ്ക്ക് സ്ക്കൂളിൽ എത്തുമോ?” ശാലിനി ചെറിയ പരിഭവത്തോടെ ഡ്രൈവറോട് ചോദിച്ചു.

“എത്തും മാഡം. അതിനല്ലേ ഞാൻ ഈ റോഡിലൂടെ പോന്നത്. ഇവിടെ ട്രാഫിക് കുറവാ…”

“ട്രാഫിക് ഇപ്പോൾ എല്ലാ റോഡിലും ഒരേ പോലെയായി” ശാലിനിയുടെ അടുത്തിരുന്ന കൂട്ടുകാരി റീന പുറത്തേക്ക് നോക്കിക്കൊണ്ട് ആത്മഗതം പോലെ പറഞ്ഞു.

റീനയുടെ മകൻ നന്ദുവും ആ സ്ക്കൂളിലാണ് പഠിക്കുന്നത്. അവിടെത്തന്നെയാണ് ശാലിനിയുടെ രണ്ടുമക്കൾ അനുഷയും മാധവും പഠിക്കുന്നത്. ശാലിനിയും റീനയും കുട്ടിക്കാലം മുതൽ കൂട്ടുകാരികളാണ്. ഒരുമിച്ചു പഠിച്ചും കളിച്ചും വളർന്നവർ. ശാലിനിയുടെ ഭർത്താവ് അമർ പ്രശസ്തനായ സിനിമാനടനാണ്. റീനയുടെ ഭർത്താവ് കിഷൻ ഒരു വലിയ വ്യവസായിയുമാണ്. രണ്ടുപേരും അവരവരുടെ മേഖലകളിൽ വളരെ തിരക്കിലുമാണ്. സെലിബ്രിറ്റിയെന്ന നിലയിൽ മാത്രമല്ല, നടൻ എന്ന നിലയിലും അമറിന്‍റെ തിരക്കുകൾക്ക് അവസാനമില്ല. കഴിഞ്ഞ 7 വർഷമായി ആ തിരക്ക് ശാലിനി വളരെയധികം അനുഭവിക്കുന്നുണ്ട്. അത്രയേറെ ഹിറ്റ് സിനിമകൾ അമറോ ശാലിനിയോ പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ശാലിനിയ്ക്ക് ഭർത്താവിന്‍റെ ഉയർച്ചയിൽ അഭിമാനം ഉണ്ടായിരുന്നു. കുട്ടികൾക്കും പപ്പ എന്നാൽ അഭിമാനത്തിന്‍റെ മറുവാക്കാണ്. പപ്പയുടെ പേരിൽ, സ്ക്കൂളിലെ വിഐപികളാണവർ. ഇന്ന് അനുഷ്കയ്ക്കും മാധവിനും നന്ദുവിനും കൂടെ ക്ലാസിലെ അടുത്ത സഹപാഠികളും ചേർന്ന് പപ്പയുടെ പുതിയ വണ്ടിയിൽ കറങ്ങാനുള്ള പ്ലാൻ ആയിരുന്നു. പപ്പയുടെ പുതിയ വണ്ടി, വലിയ വണ്ടി ആണ്. അത്രയും വലിയ വണ്ടി അവർ വേറെ ആരുടെ അടുത്തും കണ്ടിട്ടില്ല. സ്ക്കൂളിൽ അവധി ദിനമെത്തുമ്പോൾ ആ വണ്ടിയിൽ യാത്ര പോകാം എന്നായിരുന്നു അവരുടെ മോഹം. ആ മോഹം സഫലീകരിക്കുന്ന ദിവസമാണിന്ന്.

വണ്ടി സിഗ്നലിൽ കാത്തുകിടക്കുകയാണ്. ഇനിയും വൈകുമല്ലോ സ്ക്കൂളിൽ എത്താൻ എന്നു കരുതി അവൾക്ക് കുറച്ചു വിഷമം തോന്നാതിരുന്നില്ല. അവൾ വീണ്ടും വാച്ചിലേക്ക് നോക്കി. അപ്പോഴാണ് ശാലിനിയുടെ ഫോൺ റിംഗ് ചെയ്തത്.

“ഹലോ” ശാലിനി ഫോൺ എടുത്ത് മെല്ലെ സംസാരിച്ചു. മറുവശത്ത് അമറിന്‍റെ പിഎ ആണ്.

“മാഡം. കുറച്ചു പ്രശ്നമുണ്ട്. മാഡം എവിടെയാണ്” അയാൾ ശബ്ദം ഒതുക്കി ചോദിക്കുന്നു.

“എന്തുപറ്റി വാസു. ഞങ്ങൾ സ്ക്കൂളിലേക്ക് പോകുകയാണ്”

“മാഡം, വിഷ്ണുജി ഇതുവരെ എത്തയിട്ടില്ല. വണ്ടി അദ്ദേഹത്തിന് വേണ്ടിവരും.”

“അതെന്താ?”

ഇവിടെ ഞങ്ങൾ എല്ലാം സെറ്റിൽ കാത്തിരിക്കുകയാണ്. വിഷ്ണുജി ഇങ്ങോട്ട് വന്ന ശേഷമേ ഷൂട്ടിംഗ് നടക്കൂ. എത്രയും വഗേം വണ്ടി അദ്ദേഹത്തിന് അയക്കണം മാഡത്തിനറിയാലോ, വിഷ്ണുജി വന്നില്ലെങ്കിൽ…”

“ഓ…ഷൂട്ടിംഗ് നടക്കില്ലാന്ന്” ശാലിനി ദേഷ്യത്തോടെ പറഞ്ഞു.

“അതേ മാഡം, അതുകൊണ്ട് ഡ്രൈവറെ വണ്ടിയുമായി വേഗം ഇങ്ങോട്ട് അയക്ക്. മാഡത്തിന് വേറെ വണ്ടി അയക്കാം.”

ശാലിനി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ഉടനതന്നെ വീണ്ടും ഫോൺ റിംഗ് ചെയ്തു. അമറാണ് വളിക്കുന്നത്.

“പറയൂ” ശാലിനി ദേഷ്യം അടക്കിക്കൊണ്ട് പറഞ്ഞു.

“ശാലൂ, പ്ലീസ് നീ ആ പുതിയ വണ്ടി” അമർ പറഞ്ഞു നിർത്തുന്നതിനു മുമ്പ് ശാലിനി ചോദിച്ചു.

“വിഷ്ണുജിയ്ക്ക് അയക്കാൻ അല്ലേ?”

“അതേ പ്ലീസ് വേഗം വേണം”

ശാലിനി ഫോൺ ദേഷ്യത്തോടെ കട്ട് ചെയ്തശേഷം ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. ഡ്രൈവർ അമ്പരന്നു.

ഗ്രീൻ സിഗ്നൽ ആയതേയുള്ളൂ. അപ്പോഴേക്കും നിർത്താൻ പറഞ്ഞപ്പോൾ അയാൾ വണ്ടി മുന്നോട്ടെടുത്ത് സൈഡ് ഒതുക്കി നിർത്തി. ശാലിനി വേഗം വണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങി. കാര്യം മനസ്സിലായില്ലെങ്കിലും റീനയും പെട്ടെന്നിറങ്ങി.

“വിപിൻ… നിങ്ങൾ വേഗം വിഷ്ണുജിയുടെ വീട്ടിൽ പോയി അദ്ദേഹത്തെയും കൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകണം”

“അയ്യോ… അപ്പോൾ മാഡം?”

“ഞങ്ങൾ ടാക്സിക്ക് പൊയ്ക്കോളാം”

ശാലിനിയും റീനയും ടാക്സിയിൽ കയറി.

ശാലിനിയുടെ അസ്വസ്ഥമായ മുഖവും ഭാവവും കണ്ട് റീനയ്ക്കും വിഷമമായി.

“എന്തിനാ ഇത്രയും അസ്വസ്ഥമാക്കുന്നത്.”

“ശാലൂ… അതൊന്നും സാരമില്ലെടോ..”

“ഈ വിഷ്ണുജിയെക്കൊണ്ട് ഞാൻ മടുത്തു” ശാലിനിയ്ക്ക് കണ്ണ് നിറഞ്ഞു.

റീന എന്തു പറയാനാണ് ഈ വിഷ്ണുജിയെ കുറിച്ച് ശാലു ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്.

അമറിന്‍റെ ഗുരുവാണ്. അദ്ദേഹം സെറ്റിൽ വരാതെ അവർ ഷൂട്ടിംഗ് ആരംഭിക്കില്ല. ആ രീതിയൊക്കെ കാണുമ്പോൾ നിർമ്മാതാക്കൾക്ക് ദേഷ്യം തോന്നാറുണ്ട്. ഏറ്റവും വില പിടിച്ച സംഗതികൾ തന്നെ ഗുരുവരനായി ഒരുക്കേണ്ടിവരും. ഭക്ഷണത്തിലായാലും താമസിക്കുന്ന ഹോട്ടലായാലും മുന്തിയ തരം തരം വേണം. സീസണിൽ ദുർലഭമായ പഴങ്ങൾ കഴിക്കാൻ വേണം. ഇങ്ങനെ ഒട്ടനവധി നിർബന്ധങ്ങൾ ഗുരുജിയ്ക്ക് ഉണ്ട്.

കോളേജിൽ പഠിക്കുമ്പോൾ അവർ നാടകത്തിൽ അഭിനയിക്കുമായിരുന്നു. അതിന്‍റെ സംവിധാനമെല്ലാം വിഷ്ണുജിയുടെ ആയിരുന്നു. അദ്ദേഹത്തിന്‍റെ കഴിവിലോ യോഗ്യതയിലോ ഒന്നും ആർക്കും സന്ദേഹം ഇല്ല. വളരെ പ്രയത്നശാലിയായ വിജയിച്ച സംവിധായകനാണ്. ഓരോ കലാകാരനെയും പ്രത്യേകശ്രദ്ധയോടെ പരിഗണിക്കും. അദ്ദേഹത്തിന്‍റെ ഒരു പ്രശംസ കിട്ടാൻ അമർ വേണമെങ്കിൽ ഒരു ഭൂമി മുഴുവൻ സമ്മാനമായി കൊടുക്കാൻ തയ്യാറാകും.

അമറിന് സിനിമ എന്നു പറഞ്ഞാൽ ജീവിതം തന്നെയായിരുന്നു. ഒരു സിനിമാ മാഗസിനിൽ ടാലന്‍റ് കോണ്ടസ്റ്റ് വന്നപ്പോൾ അതിൽ പങ്കെടുത്തിരുന്നു. അവിടെ നിന്ന് കോൾ വന്ന സമയം അമറിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സ്ക്രീൻ ടെസ്റ്റിന് പങ്കെടുക്കാനും, വലിയ വലിയ കലാകാരന്മാരുമായി ഇടപഴകാനും പരിചയപ്പെടാനുമുള്ള അവസരം ലഭിക്കുന്നത് അമറിന് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു.

ഡയലോഗ് പ്രസന്‍റേഷനടക്കം അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിഷ്ണുജിയാണ് പരിശീലനം നൽകിയത്. അങ്ങനെയാണ് ഈ രംഗത്ത് ധൈര്യത്തോടെ അതിജീവിച്ചുവരാൻ കഴിഞ്ഞത്.

“ആത്മവിശ്വാസം വേണം. നീ വലിയ കലാകാരനാണ്” അന്ന് വിഷ്ണുജി പറഞ്ഞ വാക്കുകൾ അമറിന് വലിയ പ്രചോദനമായിരുന്നു. അങ്ങനെ അന്ന് ആ പ്രൊജക്ടിലേക്ക് അമറിനെ തെരഞ്ഞെടുത്തു. പിന്നെ ഫിലിമിലേക്ക് എൻട്രിആയി. അന്ന് ഷൂട്ടിംഗിലും വിഷ്ണുജി കൂടെയുണ്ടായി. അമറിന്‍റെ ആ ചിത്രം ഹിറ്റായി. തുടർന്ന് ഒരുപാട് മികച്ച ചിത്രങ്ങൾ അമറിനെ തേടിവന്നു. എല്ലാ ഷൂട്ടിംഗ് സെറ്റുകളിലും അപ്പോഴെല്ലാം വിഷ്ണുജിയുടെ സാമീപ്യം അമറിന് ആവശ്യമായിരുന്നു. അത് നല്ല കരുത്ത് നൽകിയിരുന്നു. വിഷ്ണുജി ഇല്ലാത്ത ഒരു ഷൂട്ടിംഗ് ഇപ്പോഴും അമറിന് ആത്മവിശ്വാസം ഉണ്ടാക്കാറില്ല.

അങ്ങനെയാണ് അമർ സ്റ്റാർ ആയി മാറിയത്. പേരും പണവും ഒഴുകി വന്നു. അതോടെ വിഷ്ണുജിയുടെ കുടുംബവും പച്ചപിടിച്ചു. അദ്ദേഹത്തിന്‍റെ മൂന്ന് പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വലിയ ഫ്ളാറ്റ്, ജോലിക്കാർ ഇങ്ങനെ ആഡംബരപൂർണ്ണമായ ജീവിതത്തിലേക്ക് എത്തിക്കാനും അമറിലൂടെ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ പത്നി മാലതിയും വളരെ സന്തുഷ്ടയായി. ഇത്രയും സുഭിക്ഷമായ ദിനങ്ങൾ ഇതുവരെ അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. മറ്റൊരു ജോലിയും ചെയ്യാതെ തന്നെ ഇത്രയും സുഖകരമായ ജീവിതമാണ് വിഷ്ണുജി നയിച്ചുകൊണ്ടിരുന്നത്.

ഇതിനിടയിൽ അമറിന്‍റെ വിവാഹം കഴിഞ്ഞു. കല്യാണവിരുന്നിലാണ് ശാലിനി ആദ്യമായി വിഷ്ണുജിയെ കാണുന്നത്. വലിയ ഗ്ലാസിൽ മദ്യം കുടിച്ചുകൊണ്ടിരുന്ന ആ വ്യക്‌തിയെ ശാലിനി അതിശയത്തോടെയാണ് നോക്കിക്കണ്ടത്.

അമർ ശാലിനിയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി.

“ഇത് എന്‍റെ ഗുരുജി ആണ്. അമറിന്‍റെ നിർദ്ദേശപ്രകാരം ശാലിനി ഗുരുജിയുടെ കാൽ തൊട്ട് വന്ദിച്ചു. പാർട്ടിയ്ക്കിടെ ശാലിനി ഗുരുജിയെ ശ്രദ്ധക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനെ കാണാനും സംസാരിക്കാനുമായി നിരവധി പേരാണ് അടുത്തു ചെല്ലുന്നത്. അവരോടൊക്കെ എത്ര കർക്കശമായാണ് വിഷ്ണുജി പെരുമാറുന്നത്! അമറിന്‍റെ വിജയം ആകാശം സ്പർശിക്കുന്തോറും വിഷ്ണുജിയുടെ അഹങ്കാരവും കൂടിവന്നു. ശാലിനിയ്ക്ക് അദ്ദേഹത്തോട് യാതൊരു പ്രതിപത്തിയും തോന്നിയില്ല. അമറിനെ ഓർത്ത് അവർ നിശബ്ദത പാലിച്ചു എന്നുമാത്രം.

നിർമ്മാതാക്കളും സംവിധായകരുമെല്ലാം തന്നെ അമറിനെ ഓർത്തു മാത്രമാണ് വിഷ്ണുജിയെ സഹിച്ചുകൊണ്ടിരുന്നത്. അദ്ദേഹമില്ലെങ്കിൽ അമർ ഷോട്ടിന് റെഡിയാവില്ല. സെറ്റിൽ വന്നാൽ ഓരോ സംവിധായകനെയും പഠിപ്പിക്കാനും തുടങ്ങും. ചെറിയ ചെറിയ കാര്യങ്ങൾക്ക് നിർമ്മാതാവിനോട് തട്ടിക്കയറും. ഇങ്ങനെയൊക്കെ ചെയ്തിട്ടും അമറിനെ പ്രതി അവരും നിശബ്ദത പാലിച്ചു.

മമ്മിയും ആന്‍റിയും ടാക്സിയിൽ വന്നതു കണ്ടപ്പോൾ കുട്ടികളുടെ മുഖം വാടി.

“മക്കളെ പോരുന്ന വഴിയ്ക്ക് വണ്ടി കേടായി. അതുകൊണ്ടാണ് ടാക്സിയ്ക്ക് വന്നത്.” ശാലിനി എന്തെങ്കിലും പറയും മുന്നേ റീന സന്ദർഭം ഭംഗിയായി കൈകാര്യം ചെയ്തു.

“നമുക്ക് ഐസ്ക്രീം കഴിക്കാം. അപ്പോഴേക്കും നമ്മുടെ വണ്ടിയെത്തും”

മറ്റൊരു വണ്ടി അപ്പോഴേക്കും സ്ക്കൂളിലെത്തി. പക്ഷേ അത് പപ്പയുടെ പുതിയ കാർ ആയിരുന്നില്ല. അനുഷയുടെയും മാധവിന്‍റെയും മുഖത്തെ സന്തോഷം വീണ്ടും മാഞ്ഞു. അവരുടെ മുഖം കണ്ടപ്പോൾ ശാലിനിയ്ക്ക് വിഷമം തോന്നി. കുട്ടികളുടെ കറക്കം, വളരെ ഔപചാരികമായ ഒരു ചടങ്ങ് പോലെ നടത്തി മടങ്ങി. ശാലിനിയുടെ വിഷമം കണ്ട് റീന അവളെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ശാലിനിയുടെ മനോവിഷമം മനസ്സിലായ അമറിനും പ്രയാസമായി.

“എന്തു ചെയ്യാനാ ശാലൂ, വിഷ്ണുജിയ്ക്ക് വാശിയാണ്. പുതിയ വണ്ടി അയച്ചാലെ വരൂ. കുമാറിന്‍റെ ലക്ഷങ്ങൾ നഷ്ടമാവില്ലേ, ഷൂട്ടിംഗ് വൈകിക്കാൻ പറ്റുമോ?”

“പക്ഷേ വിഷ്ണുജിയ്ക്ക് പുതിയ കാർ തന്നെ വേണമെന്ന് എന്താണിത്ര നിർബന്ധം?” ശാലിനിയ്ക്ക് ദേഷ്യം സഹിക്കാനായില്ല.

“അദ്ദേഹത്തിന്‍റെ ഈഗോ ആവാം. നിനക്കറിയാലോ വിഷ്ണുജിയെ?”

“അറിയാം. ഈഗോ മാത്രമുള്ള മനുഷ്യൻ”

അമർ ഒന്നും മിണ്ടിയില്ല. കുടുംബാന്തരീക്ഷം ഒട്ടും സുഖകരമല്ല ഇപ്പോൾ. ശാലിനിയ്ക്ക് സംശയം ഇരട്ടിച്ചു. എന്തുകൊണ്ടാവും അമർ, വിഷ്ണുജിയോട് ഇത്രയും കടപ്പെട്ടിരിക്കുന്നത്. അദ്ദേഹമില്ലാതെ ജോലി ചെയ്യാൻ കഴിയാത്തത് എന്താണ്?

“ഇത്രയും വിജയം നേടിയിട്ടും ആത്മവിശ്വാസം ഇല്ലാത്തതെന്താണ്? ഇങ്ങനെ എത്രനാൾ പോകും. അമറിന് സിനിമ ഇല്ലാത്ത ഒരു കാലം വന്നാൽ എന്തു ചെയ്യും” ശാലിനിയുടെ ആശങ്കകളും സംശയങ്ങളും മനസ്സിൽ മുടികെട്ടി നിന്നു.

നീരജ് സാഹബ് ഒരു വലിയ ഫിലിം പ്രൊജക്ട് ആരംഭിച്ചിരിക്കുകയാണ്. അമർ അദ്ദേഹത്തിന്‍റെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു എന്നുമാത്രമല്ല നീരജിന്‍റെ അടുത്ത സുഹൃത്തുമാണ്.

മുഖ്യകഥാപാത്രം ഇപ്രാവശ്യവും അമർ തന്നെയായിരിക്കും എന്നതിൽ സംശയമില്ല. നീരജിന്‍റെ പുതിയ ചിത്രം അനേക ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ ചിത്രത്തിൽ നിരവധി വിദേശ കലാകാരന്മാരും ഉണ്ടാകും.

ചിത്രത്തിന്‍റെ സെറ്റ് അതിഗംഭീരമാണ്. പ്രസ്, മീഡിയ എല്ലാവരും വരുന്ന ദിവസം കൂടിയാണ്. അമറിന് അഗ്രഹമുണ്ടായിരുന്നു ഈ ചടങ്ങിൽ ശാലിനിയും വരണമെന്ന്. അമറിന്‍റെ ഷൂട്ടിംഗ് ലൊക്കെഷനുകളിൽ ശാലിനി വളരെ അപൂർവ്വമായിട്ടാണ് പോകാറുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി പോയിട്ടേ ഇല്ല എന്നു തന്നെ പറയാം. വിഷ്ണുജി ആളുകളോട് ഇടപെടുന്ന രീതി ശാലിനിക്ക് ഒട്ടും ഇഷ്ടമല്ല. നീരജും അമറും ആവശ്യപ്പെട്ടതുകൊണ്ട് ഇപ്രാവശ്യം ശാലിനി ആ പരിപാടിയ്ക്ക് പോകാൻ തീരുമാനിച്ചു. എല്ലാ തയ്യാറെടുപ്പുകളായി.

വിദേശ കാലാകാരന്മാരുൾപ്പെട്ട എല്ലാ ആർട്ടിസ്റ്റുകളും എത്തിക്കഴിഞ്ഞു. സെറ്റ് തയ്യാറായി. ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. വിഷ്ണുജി എത്തിയിട്ടില്ല. പല പ്രാവശ്യം ഫോൺ ചെയ്തു, വണ്ടിയും അയച്ചു. എന്നിട്ടും അദ്ദേഹം എത്തിയിട്ടില്ല. സിനിമയുടെ മുഹൂർത്തം കുറിച്ചതുമായുള്ള അതൃപ്തിയാണ് കാരണം.

കുറേ കാത്തുനിന്നശേഷം അമർ തന്നെ വിഷ്ണുജിയെ ഫോൺ ചെയ്തു. മറുവശത്ത് ഭാര്യ മാലതിയാണ് ഫോണെടുത്തത്.

“ഞാനെന്ത് ചെയ്യാനാണ് സഹോദരാ. വിഷ്ണുജിയോട് പറഞ്ഞുമടുത്തു. രാവിലെ തന്നെ മദ്യസേവയിലാണ്”

ശാലിനിയുടെ മനോനില വളരെ മോശമായി. ഇത്രയും വലിയ നായകനാണ്. ഈ ആളുകളൊക്കെ അമറിനെക്കുറിച്ചെന്ത് ചിന്തിക്കും. ഇത്രയും കഴിവുകെട്ട ആളോ? ആത്മവിശ്വാസമില്ല?

എന്തായാലും ശാലിനിയെ ഞെട്ടിച്ച് അമർ വിഷ്ണുജി വരാതെ തന്നെ തന്‍റെ ജോലി തുടങ്ങി,

“നീ ഗംഭീരമായി തുടങ്ങി” നീരജ് അമറിനെ കെട്ടിപ്പിടിച്ചു.

മറ്റു വിദേശകലാകാരന്മാരും അമറിനെ അഭിനന്ദിച്ചു.

മേക്കപ്പ് റൂമിലെത്തിയശേഷം ശാലിനി അമറിനെ അഭിനന്ദിച്ചു.

“അദ്ദേഹമില്ലാതെ തന്നെ എത്ര ഭംഗിയായിട്ടാണ് അമർ അഭിനയിക്കുന്നത്. എന്തിനാണ് പിന്നെ ഇങ്ങനെയൊരാളെ സഹിക്കുന്നത്?”

“അദ്ദേഹമില്ലെങ്കിലും എനിക്ക് വർക്ക് ചെയ്യാൻ പറ്റും. അതെനിക്കറിയാം ശാലൂ”

“എന്നിട്ടെന്താണ് അത് ചെയ്യാത്തത്”

“ശാലു, ആ മനുഷ്യൻ… ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല. എന്‍റെ സ്റ്റാർഡത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. അത് അദ്ദേഹത്തിൽ നിന്ന് തട്ടിയെറിയപ്പെട്ടാൽ അദ്ദേഹം തകർന്നുപോകും. ആ കുടുംബവും. അദ്ദേഹം ആയിരുന്നല്ലോ എന്‍റെ തുടക്കകാലത്ത് ഒരുപാട് സഹായിച്ചത്. അതൊക്കെ മറക്കാൻ പറ്റുമോ?. തീർച്ചയായും പലപ്പോഴും അദ്ദേഹത്തിന്‍റെ പിടിവാശി പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. നമുക്കിടയിലും അതുണ്ടാകുന്നുണ്ട്.”

“ശരിയല്ലേ?”

ശാലിനി സ്തബ്ധയായി അമിറിനെ നോക്കി നിന്നു.

ഇതെല്ലാം കേട്ട് നീരജ് സാഹബ് അടുത്തേക്ക് വന്നു. പിന്നെ മെല്ലെ പറഞ്ഞു.

“ചേച്ചി. ഈ കാര്യങ്ങളൊക്കെ ഞങ്ങൾക്കും മനസ്സിലാവും. വിഷമിക്കാതെ”

ശാലിനിയ്ക്ക് അപ്പോൾ ശരിക്കും അഭിമാനം തോന്നി. അതെ. ഞാനൊരു നല്ല മനസ്സുള്ള മഹാനടന്‍റെ ഭാര്യയാണ്.

സാഗരസംഗമം ഭാഗം- 10

ഒരിക്കൽ എന്‍റേതു മാത്രമായിരുന്ന ആ മുറിയിലെ ഓരോ വസ്തുവും എന്നെ ഏതോ ഓർമ്മകളിലേയ്ക്കു മാടി വിളിക്കുന്നതായി തോന്നി. ഞാനുറങ്ങിയിരുന്ന കട്ടിൽ, ഞാനുപയോഗിച്ചിരുന്ന മേശ, ബുക്ക് ഷെൽഫ് എല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.

തെക്കോട്ടു തുറക്കുന്ന ജനൽ, അവിടെ തളിർത്തു നിൽക്കുന്ന മാവ്. താഴെ വീണു കിടക്കുന്ന ഇനിയും വാടാത്ത മാമ്പൂക്കൾ എന്നിലെ നഷ്ടസ്വപ്നങ്ങളെ ഉണർത്തുന്നുവോ? എന്‍റെ ഓർമ്മകളിൽ മുല്ലപ്പൂ സുഗന്ധം വിരിയിച്ചു കൊണ്ട് പടർന്നു കിടക്കുന്ന മുല്ലച്ചെടി ഒരിക്കൽ കൂടി എന്‍റെ ഹൃദയത്തിൽ രാഗമഴ പെയ്യിക്കുകയാണോ?

ഫഹദ് സാർ ഇപ്പോഴെവിടെയായിരിക്കും? ഭാര്യയും മക്കളുമൊക്കെയായി സുഖമായി കഴിയുകയായിരിക്കുമോ? അതോ എന്നെയോർത്ത് ഏതോ നഷ്ട സ്വർഗ്ഗത്തിൽ സ്വയം നഷ്ടപ്പെട്ട് കഴിയുകയാണോ? ഇവിടെ ഈ അന്തരീക്ഷത്തിൽ കഴിയുമ്പോൾ ആ ആത്മാവിന്‍റെ തേങ്ങലുകൾ എങ്ങു നിന്നോ അലയടിച്ചെത്തുന്നതായി എനിക്കനുഭവപ്പെടുന്നു.

“എന്താ താൻ സ്വപ്നം കാണുകയാണോ? ഈ മുറിയും, പരിസരവും പഴയ ഓർമ്മകൾ തന്നിലുണർത്തുന്നതായി തോന്നുന്നുണ്ടോ.”

നരേട്ടന്‍റെ വാക്കുകൾ കേട്ടുഞെട്ടി ഉണർന്നപ്പോൾ മാത്രമാണ് ഞാനിത്ര നേരവും ജനാലയ്ക്കൽ തന്നെ നിൽക്കുകയായിരുന്നു എന്നോർത്തത്. ജാള്യത തോന്നി. നരേട്ടൻ എന്തു വിചാരിച്ചു കാണും?

ഒരിക്കലും ഇനി തട്ടിയുണർത്തുകയില്ലെന്നു കരുതി ഉള്ളിന്‍റെ ഉള്ളിൽ കുഴിച്ചു മൂടിയിരുന്ന ഓർമ്മകൾ. ഒരു ശവക്കല്ലറയിൽ നിന്നെന്നപ്പോലെ അവ പൂർവ്വാധികം ഊർജ്ജസ്വലതയോടെ ഉയിർത്തെഴുന്നേറ്റു തുടങ്ങിയത് നരേട്ടനും മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിലും എന്‍റെ ഹൃദയം വായിക്കുവാനുള്ള കഴിവ് ഇന്ന് മറ്റാരെക്കാളും നരേട്ടൻ സ്വായത്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഞാനോർത്തു. നിരീക്ഷണപാടവമുള്ള ആ കണ്ണുകൾക്കു മുന്നിൽ ഒന്നും എനിക്ക് ഒളിക്കാനാവുകയില്ലെന്നും ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പറഞ്ഞു.

“ഓ… ഞാൻ വെറുതെ കാറ്റുകൊള്ളാൻ നിന്നതാണ് നരേട്ടാ… അല്ലാതെ…” അർദ്ധോക്തിയിൽ വിരമിച്ച് നിറഞ്ഞു തുടങ്ങിയ കാതരമിഴികളുയർത്തി ഞാൻ നരേട്ടനെ നോക്കി.”

“ഉം… താൻ കള്ളം പറയാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കാര്യം മറക്കണ്ട താൻ ഒരദ്ധ്യാപികയാണ്. ഞാൻ വിരമിച്ച ഒരദ്ധ്യാപകനും. വിദ്യാർത്ഥികളെ കപടതയിൽ നിന്നുമകറ്റി നേർവഴി കാണിച്ചു കൊടുക്കുന്നവരാണ് നമ്മൾ…”

“എനിക്കു മാപ്പുതരൂ നരേട്ടാ… ഞാൻ… ഞാൻ എല്ലാം മറന്നു കഴിഞ്ഞതായിരുന്നു. പക്ഷേ ഈ അന്തരീക്ഷവും പരിസരവും ആ ഓർമ്മകൾ എന്നിൽ വീണ്ടുമുണർത്തുന്നു. ഞാനെന്തു ചെയ്യാനാണ്?” ഞാനാ മാറിൽ വീണു തേങ്ങിക്കൊണ്ടു പറഞ്ഞു.

“ശരി…ശരി… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. നമുക്കീ നാട്ടിൽ അധികം നിൽക്കണ്ട. എത്രയും വേഗം നമുക്കിവിടെ നിന്നു മടങ്ങാം. മാത്രമല്ല തനിക്കിനി ലീവും അധികമില്ലല്ലോ…”

നരേട്ടൻ എന്നെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ എന്‍റെ മനസ്സ് ഒരു വടംവലിയിൽ മുഴുകി. ചെകുത്താനും കടലിനും നടുക്കെന്നപോലെ ഉഴറി.

ഇവിടെ നിന്നാൽ ഫഹദ് സാറിന്‍റെ ഓർമ്മകൾ എന്നെ വീണ്ടും ചുട്ടു പൊള്ളിക്കും. പക്ഷേ പോകാതിരുന്നാൽ ഒരു ജന്മം മുഴുവൻ ഞങ്ങൾക്കായി ഉഴിഞ്ഞു വച്ച അമ്മയോടുള്ള കടപ്പാടുകൾ നിറവേറ്റാൻ കഴിയാതെ പോകും. രണ്ടു ദിനമെങ്കിലും അമ്മയുടെ സമീപം നിന്ന് രോഗ ശുശ്രൂഷകൾ ചെയ്യണമെന്ന എന്‍റെ മോഹം. മൂത്തപുത്രി എന്ന നിലയിൽ എന്‍റെ കടമ കൂടിയാണത്. എന്തു ചെയ്യേണ്ടു എന്നറിയാതെ നിലക്കൊണ്ട എന്നോട് നരേട്ടൻ വീണ്ടും പറഞ്ഞു.

“തന്‍റെ മനസ്സിലെ കൺഫ്യൂഷൻ എനിക്കു മനസ്സിലാകുന്നുണ്ട്. തനിക്ക് അമ്മയെ ശുശ്രൂഷിക്കണമെന്നുണ്ടെങ്കിൽ ഒരാഴ്ച കൂടി നമുക്കിവിടെ താമസിയ്ക്കാം. അതിനുശേഷം ഡൽഹിയിക്കു മടങ്ങാം.”

ഉള്ളു കൊണ്ട് അവിടെ നിന്നു പറന്നു പൊങ്ങാൻ വെമ്പൽ കൊള്ളുമ്പോഴും അമ്മയോടുള്ള കടമ നിർവ്വഹിക്കുവാൻ ഞാൻ തയ്യാറായി. ഇത്തരം അനുഭവങ്ങൾ എനിക്കു പുതുമയല്ലല്ലോ. അല്ലെങ്കിൽ തന്നെ ഇതുപോലെ ഹൃദയവും, തലച്ചോറും ചുട്ടുപൊള്ളുന്ന അനേകം രാത്രികൾ ഞാനീ മുറിയിൽ കഴിച്ചു കൂട്ടിയിട്ടുള്ളതോർത്തു.

അച്‌ഛൻ എനിക്കായി സൃഷ്ടിച്ച തടവറയിൽ അമ്പേറ്റു വീണ ഇണപക്ഷിയുടെ വേപഥുവോടെ പിടഞ്ഞു തീർന്ന രാവുകൾ. ഒരിറ്റു ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ മനസ്സും ശരീരവും കൊതിച്ച നാളുകൾ. കരുണയുടെ ഒരു കൊച്ചു നീരുറവയ്ക്കായി കൈനീട്ടിയ പകലുകൾ. അപ്പോഴൊക്കെ ആരും കാണാതെ അമ്മ അനുജത്തിമാരുടെ കൈയ്യിൽ എനിക്കുള്ള ആഹാരം കൊടുത്തയ്ക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അച്‌ഛന്‍റെ സൂക്ഷ്മ ദൃഷ്ടിക്കു മുന്നിൽ അമ്മയുടെ ആ ശ്രമങ്ങളെല്ലാം മിക്കപ്പോഴും പരാജയപ്പെടുകയായിരുന്നു. അച്‌ഛന്‍റെ നിഷ്ഠൂരമായ നീതിപീഠത്തിനു മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിന്ന അമ്മ ഒടുവിൽ പട്ടിണി കിടന്ന് മരിക്കാറായെന്നു തോന്നിയപ്പോൾ അച്‌ഛനില്ലാത്ത നേരത്ത് രണ്ടും കൽപിച്ച് എന്നെ തുറന്നു വിട്ട അമ്മയും അനുജത്തിമാരും.

ഓർമ്മയുടെ കല്പടവുകളിലിരുന്ന് അവർക്കായി കൃതജ്ഞതയുടെ പൂച്ചെണ്ടുതെറുക്കുകയായിരുന്നു ഞാൻ. “എന്താ ചേച്ചി, ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്. മുറിയിൽ അമ്മ ചേച്ചിയെ അന്വേഷിക്കുന്നുണ്ട്.” ഇളം തെന്നൽ ശിരസ്സു തലോടുമ്പോൾ ഞാൻ മുല്ലത്തറയിലാണെന്നറിഞ്ഞു. മായയുടെ ശബ്ദം തൊട്ടുണർത്തിയപ്പോൾ ഞെട്ടലോടെ ഞാൻ മുഖം തിരിച്ചു.

“എന്താ ചേച്ചീ… ചേച്ചീ പഴയ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണെന്നു തോന്നുന്നു. ഇനിയും അതൊക്കെ മറക്കാറായില്ലെ ചേച്ചീ…”

തന്‍റെ നനഞ്ഞ കവിൾത്തടങ്ങളിൽ നോക്കിക്കൊണ്ട് മായ ചോദിച്ചു. അപ്പോഴാണ് ഞാൻ ഇതുവരെ കരയുകയായിരുന്നു എന്നോർത്തത്.

“ഇല്ല മോളെ… ഇവിടെ എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ അതിന്‍റെ സ്നേഹപാശം കൊണ്ട് എന്നെ ബന്ധിതയാക്കുകയാണ്. ഒരുപക്ഷേ തള്ളിക്കളയാൻ ശ്രമിക്കുന്തോറും അതെന്നെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കുന്നു.” മനസ്സു പറഞ്ഞു.

“ചേച്ചിയ്ക്കറിയോ? ഫഹദ് സാർ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ ഉപേക്ഷിച്ചു ആ ബന്ധത്തിൽ അദ്ദേഹത്തിന് കുട്ടികളുമുണ്ടായില്ല.”

എന്ത്? ആ വാക്കുകൾ എന്നെ അൽപം ഞെട്ടിക്കുക തന്നെ ചെയ്‌തു. ഒരു പക്ഷേ എന്‍റെ ഓർമ്മകൾ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്നല്ലെ അതിനർത്ഥം. അല്ലെങ്കിൽ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തുടരാൻ കഴിയാതിരുന്നത് എന്തു കൊണ്ടാണ്? അരുത് സാർ… ഈ ശാപജന്മത്തെ ഓർത്തിരുന്ന് അങ്ങയുടെ വിലപ്പെട്ട ജീവിതം അങ്ങ് പാഴാക്കരുത്. അങ്ങനെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ആരോടാണ് ഞാനിതു പറയേണ്ടത്??

എന്‍റെ മനസ്സ് എത്ര ഉറക്കെ അലറിയാലും അതീ ശൂന്യതയിൽ വലയം പ്രാപിക്കുകയേ ഉള്ളൂ. ചുറ്റിനു വലയം ചെയ്യുന്ന ഇരുട്ടിനെ തുറിച്ചു നോക്കി ഞാനിരുന്നു. അപ്പോൾ മായ എന്‍റെ കൈപിടിച്ച് കൊണ്ട് ക്ഷണിച്ചു.

“വരൂ… ചേച്ചീ… ഇവിടിങ്ങനെ ഒറ്റയ്ക്കിരിക്കേണ്ട. നമുക്ക് അമ്മയുടെ അടുത്തേയ്ക്കു പോകാം. അമ്മ കുറേനേരമായി ചേച്ചിയെ അന്വേഷിക്കുന്നു.”

ഒരു പ്രതിമ കണക്കെ മായയെ പിന്തുടർന്ന് ഞാൻ നടന്നു. ഒടുവിൽ അമ്മ കിടക്കുന്ന മുറിയിലെത്തുമ്പോൾ പെട്ടെന്ന് നരേട്ടനെക്കുറിച്ചോർത്തു മായയോടു ചോദിച്ചു.

“നരേട്ടനെവിടെ മോളെ… അദ്ദേഹത്തെ അല്പനേരമായല്ലോ കണ്ടിട്ട് അദ്ദേഹം ഇവിടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.”

“നരേട്ടൻ നടക്കാനിറങ്ങിയതാണ് ചേച്ചീ… ചേച്ചീയോടു പറഞ്ഞിട്ടാണ് അദ്ദേഹം പോകുന്നതെന്നു പറഞ്ഞു.”

ശരിയാണ്, നരേട്ടൻ എന്നെ സമാശ്വസിപ്പിച്ച ശേഷം നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഓർമ്മകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി പിടഞ്ഞിരുന്ന ഞാൻ അതൊന്നും കേട്ടില്ല എന്നതാണ് സത്യം. എങ്ങിനെയോ, അർദ്ധപ്രജ്ഞയായി ഞാൻ മുല്ലത്തറയിൽ എത്തിച്ചേരുകയായിരുന്നു. ഏതോ ഓർമ്മകൾ എന്നെ അങ്ങോട്ടേയ്ക്ക് നയിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.

“എന്താ മീര മോളെ നീ വല്ലാതെ ഇരിക്കുന്നത്. ഇവിടെ പഴയ ഓർമ്മകൾ നിന്നെ വല്ലാതെ ശ്വാസം മുട്ടിയ്ക്കുന്നുണ്ടെന്നു തോന്നുന്നു.”

നരേട്ടനെപ്പോലെ അമ്മയും എന്‍റെ മനസ്സ് വായിച്ചെടുക്കാൻ കഴിവുള്ള വ്യക്‌തിയാണ്.

“എല്ലാം മറക്കണം കുട്ടീ… മറവി പലപ്പോഴും മനുഷ്യന് ഒരനുഗ്രഹമാണ്. പ്രത്യേകിച്ച് ഭൂതകാലം നമ്മെ വേട്ടയാടുമ്പോൾ.”

“ശരിയാണ് അമ്മേ… എല്ലാം മറക്കുവാൻ പഠിച്ചു തുടങ്ങിയതായിരുന്നു ഞാൻ. പക്ഷേ ഒരു നെരിപ്പോടിലെന്നപ്പോലെ ഓർമ്മകൾ ഇപ്പോഴും അണയാതെ കിടക്കുന്നു എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്.

അന്ന് അമ്മയും മായയും മഞ്ജുവും എന്നെ തടവറയിലെ അർദ്ധ പട്ടിണിയിൽ നിന്നും രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു അതായിരുന്നു ഭേദം എന്ന്.

അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ, ഫഹദ്സാറും കുറെ കഴിയുമ്പോൾ എന്നെ മറന്നേനെ. ഇന്നിപ്പോൾ എല്ലാ സുഖഭോഗങ്ങളുടെയും നടുവിൽ ജീവിക്കുമ്പോഴും ആ ആത്മാവിന്‍റെ വേദന ഒരു ശാപം പോലെ എന്നെ പിന്തുടരുന്നു.

ഞങ്ങളുടെ രാഹുൽ മോനെ ഞങ്ങൾക്കു നഷ്ടപ്പെടുത്തിയത് ആ മനസ്സിന്‍റെ ശാപഫലമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്തൊക്കെ പീഢനങ്ങൾ നേരിട്ടപ്പോഴും ഞാൻ ഫഹദ് സാറിനു വേണ്ടി അന്ന് ഉറച്ചു നിൽക്കേണ്ടതായിരുന്നു. എങ്കിൽ ഇന്നിപ്പോൾ എന്നെ നെരിപ്പോടിലെന്നപ്പോലെ ഉരുക്കിത്തീർക്കുന്ന ഈ കുറ്റബോധത്തിൽ നിന്നും എനിക്ക് മോചനം ലഭിക്കുമായിരുന്നു.

“എല്ലാം വിധിയാണു കുഞ്ഞെ… ഒന്നും നമ്മളല്ല തീരുമാനിക്കുന്നത്.?എല്ലാം ഈശ്വര ഹിതം. നീ ഫഹദ്സാറിന്‍റെ ഒപ്പമല്ല നരന്‍റെ ഒപ്പമാണ് ജീവിക്കേണ്ടതെന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചിരുന്നു കുട്ടീ…”

“അല്ല അമ്മേ… അപ്പറഞ്ഞതിൽ ഞാൻ വിശ്വസിക്കുന്നില്ല. വരും വരായ്മകൾ കുറെയൊക്കെ മനുഷ്യ സൃഷ്ടിയാണ്. അന്ന് ഈശ്വരനല്ലാ അച്ഛനാണ് എന്‍റെ കാര്യത്തിൽ തീരുമാനം എടുത്തത് അല്ലെങ്കിൽ ഞാനും ഫഹദ്സാറും തമ്മിലുള്ള വിവാഹംബന്ധം ഒരിക്കലും മുറിയ്ക്കപ്പെടുമായിരുന്നില്ല.

“ശരിയാണ് കുഞ്ഞെ… ഒക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… ഇന്നിപ്പോൾ പഴയതെല്ലാം മറക്കുക. നീയിന്ന് ഒരമ്മയും മുത്തശ്ശിയുമായിക്കഴിഞ്ഞു. പിന്നെ നീ ആരേയും വഞ്ചിച്ചു എന്ന കുറ്റബോധം വേണ്ട. നരനും എല്ലാം അറിയാമാരുന്നല്ലോ നിന്നെ വിവാഹം കഴിക്കുമ്പോൾ…”

“ശരിയാണമ്മേ… ആ മനസ്സിന്‍റെ മഹത്വമാണ് എന്നെ ഇത്രത്തോളം എത്തിച്ചത്. എങ്കിലും ഇന്നിപ്പോൾ ഇവിടെ നിൽക്കുമ്പോൾ ഞാനറിയാതെ പഴയതെല്ലാം എന്നിലേയ്ക്കു കടന്നു വരുന്നു. ഈ വീട്ടിലെ ഓരോ മണൽത്തരിയും എന്നെ പലതും ഓർമ്മിപ്പിക്കുന്നു. എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ. ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്. ഫഹദ് സാറിന്‍റെ വധുവായപ്പോൾ ഞാനണിഞ്ഞിരുന്ന വിവാഹ വസ്ത്രം. എല്ലാമെല്ലാം പഴയ ഓർമ്മകളിലേയ്ക്കു എന്നെ നയിക്കുന്നു. ഓർമ്മകൾക്കും മരണത്തിനുമൊന്നും സ്‌ഥലകാല ബോധമില്ലല്ലോ അമ്മേ…”

“ശരിയാണു കുഞ്ഞെ… നിന്‍റെ വേദന എനിക്കു മനസ്സിലാകുന്നുണ്ട്. നിന്നെ ഇങ്ങനെ എന്‍റെ കാൽക്കീഴിലിരുന്ന് കണ്ണീരൊഴുക്കുന്നവളായി കാണാനല്ല ഞാനാഗ്രഹിച്ചത്. നിങ്ങളുടെയൊക്കെ ചിരിക്കുന്ന മുഖം കണ്ട് സന്തോഷത്തോടെ മരിക്കാനാണ്… അതിനു മാത്രമാണു കുഞ്ഞെ നിന്നെ ഈ അവസാന കാലത്തു കാണണമെന്ന് ഞാനാഗ്രഹിച്ചത്.”

നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ കണ്ടപ്പോൾ മാത്രമാണ് ഞാൻ അമ്മയെ വേദനിപ്പിക്കുകയായിരുന്നുവെന്നോർത്തത്. ഈ അവസാന കാലത്ത് അമ്മയെ വേദനിപ്പിക്കുവാനായിട്ടാണ് ഞാനിങ്ങോട്ട് വന്നതെന്നോർത്തപ്പോൾ കുറ്റബോധം തോന്നി.

“എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല അമ്മേ… എന്നോടു ക്ഷമിക്കൂ. എനിക്കു മാപ്പു തരൂ.”

ആ കാലുകളിൽ കെട്ടിപ്പിടിച്ച് മാപ്പിരക്കുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ പഴയ മീരയാകുവാൻ ഞാനൊരു ശ്രമം നടത്തുകയായിരുന്നു.

അന്നും അതിന്‍റെ പിറ്റേന്നും ഞാൻ പൂർണ്ണമായും പഴയ കോളേജ് കുമാരിയാകുവാൻ, അമ്മയുടെ പഴയ മീരമോളാകുവാനുള്ള ശ്രമത്തിലായിരുന്നു. ഊർജ്‌ജസ്വലയായ ആ പഴയ പെൺകുട്ടിയെ എന്നിലേയ്ക്കാവാഹിക്കുവാനുള്ള ആ ശ്രമത്തിൽ ഞാൻ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ പറയാം. അമ്പതു പിന്നിട്ട് മുത്തശ്ശിയായിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അത് ആത്യന്തം ശ്രമകരമായിരുന്നു, എങ്കിലും അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രോഗശുശ്രൂഷ ചെയ്യുന്നതിൽ ഞാൻ ഒട്ടൊക്കെ വിജയിച്ചു.

അമ്മയെ അത് ഏറെ സന്തോഷിപ്പിച്ചു. എന്നിലെ മാറ്റം കണ്ട് വിസ്മയം പൂണ്ട് അമ്മ പറഞ്ഞു.

“മീരമോളെ… നീയിപ്പോൾ എന്‍റെ പഴയ ചുണക്കുട്ടി തന്നെയായിരിക്കുന്നു. ഇങ്ങനത്തെ എന്‍റെ മീരമോളെ കാണുന്നതാണ് എനിക്കിഷ്ടം.”

അമ്മയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നു. പത്തുമാസം ചുമന്ന് പ്രസവിച്ചു വളർത്തിയ അമ്മയ്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്‌തില്ലെങ്കിൽ ഞാനൊരു മകളാവുകയില്ലെന്നു തോന്നി.

എന്നിലെ മാറ്റം നരേട്ടനടക്കം മറ്റെല്ലാവരേയും സന്തോഷിപ്പിച്ചു.

“താനിപ്പോഴാണ് എന്‍റെ പഴയ മീരയായത്. കഴിഞ്ഞ ദിവസങ്ങളിലെ തന്നിലെ ആ നനഞ്ഞ മട്ട് എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല മീര.”

നരേട്ടൻ സന്തോഷത്തോടെ എന്നെ ചേർത്തു നിർത്തി പറഞ്ഞു.

രാവിലെ കുളിച്ച് അമ്പലത്തിൽ പോയി പ്രസാദമണിഞ്ഞു വന്ന എന്നെ അദ്ദേഹം ചേർത്തണച്ച് നെറ്റിയിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു. “നിന്‍റെ ശ്രീത്വം തുളുമ്പുന്ന ഈ മുഖത്തെ പ്രസന്നത എനിക്ക് മരിക്കുന്നതു വരെ കാണണം.” ഞാൻ കൈകൊണ്ട് ആ ചുണ്ടുകൾ പൊത്തി എന്നിട്ടു പറഞ്ഞു.

“അരുത്… നരേട്ടാ… മരണത്തെ ഓർമ്മിപ്പിക്കുന്ന ഒന്നും അങ്ങ് പറയുകയില്ലെന്നെനിക്ക് വാക്കു തന്നിരിക്കുന്നതാണ്.”

(തുടരും)

കാണിക്കായ് ഒരു മൺചിരാത് ഭാഗം- 2

ഇനിയൊരക്ഷരം മിണ്ടരുത് രണ്ടുപേരും. മീനുവക്കൻ രുക്കുവിനെ പരിശോധിച്ചു. ഉറക്കത്തിലും പേടിയോടെ അവൾ ഏങ്ങലടിച്ചു. ശരീരം വെട്ടിവിറച്ചു. കുഞ്ഞിന്‍റെ കിടപ്പുകണ്ടപ്പോൾ മീനുവക്കന് സഹിച്ചില്ല.

കണ്ണുകൾ നിറഞ്ഞു. കുഞ്ഞിന്‍റെ മുഖം മുഴുവനും ചുവന്നു തിണർത്തു കിടക്കുന്നു. കീഴ്ച്ചുണ്ട് ഒരൽപം മുറിഞ്ഞ് വീർത്തിരിക്കുന്നു. കരഞ്ഞപ്പോൾ വാ പൊത്താൻ ശ്രമിച്ചിട്ടോ എന്തോ കവിളിൽ നഖങ്ങൾ കൊണ്ട് ആഴത്തിൽ പാടുണ്ട്.

“ഈശ്വരാ… ദേവീകടാക്ഷം കൊണ്ട് കുഞ്ഞിന്… തക്കസമയത്ത് പുരുഷൂനെ ഇവിടേയ്ക്ക് പറഞ്ഞുവിട്ടത് ദേവി തന്നാ. കുഞ്ഞിനൊന്നും പറ്റീട്ടില്ല. നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട.”

“ഈ സംഭവത്തെക്കുറിച്ച് ആരോടും ഒന്നു പറയണ്ട. നിങ്ങളും മറന്നു കളഞ്ഞേക്കുക. വീട്ടിൽ ആരുമില്ലാത്തപ്പോൾ മുതിർന്ന ആൺകുട്ടികളെ വീട്ടിനകത്ത് കേറ്റരുത്. കേട്ടല്ലോ രണ്ടുപേരും. ഇതൊരു പാഠമായിരിക്കട്ടെ.”

മീനുവക്കൻ പോയിക്കഴിഞ്ഞതോടെ ഭാമിനി വീണ്ടും തേങ്ങിക്കരച്ചിൽ തുടങ്ങി. അവളിൽ ദേഷ്യം പതഞ്ഞു പൊങ്ങി വന്നു.

ആ തെണ്ടിച്ചെക്കനെ എനിക്കിനി കാണണ്ട. അവനെ വെറുതെ വിടരുത്. അവളുടെ സമനില വല്ലാതെ തെറ്റിയിരുന്നു.

പുരുഷു പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. ഇരുട്ട് അയാൾക്ക് പിന്നിൽ പടിപ്പുര വാതിലടച്ചു.

ക്ഷേത്രനടയടച്ച് വീട്ടിലേയ്ക്ക് മടങ്ങിയ പൂജാരി പുരുഷുവിനെ വഴിയിൽ കണ്ടു.

ഇന്ന് പുരുഷൂനെ അത്താഴപൂജയ്ക്ക് കണ്ടില്ലല്ലോ…

പുരുഷു ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. അന്ന് രാത്രി അയാൾ മടങ്ങി വന്നില്ല.

പിറ്റേന്ന് പുരുഷൂന്‍റെ ജീവനറ്റ ശരീരം കായൽക്കരയിൽ നിന്നും കിട്ടി. ആരോ ചവിട്ടിത്താഴ്ത്തിയതു പോലെ മുഖം കായൽച്ചളിയിൽ ചതഞ്ഞിരുന്നു.

എന്തു സംഭവിച്ചൂന്ന് ആർക്കുമറിയില്ല. പുരുഷൂന് അപസ്മാരത്തിന്‍റെ അസുഖമുണ്ടായിരുന്നത് കൊണ്ട് പോലീസ് ആ വിധത്തിൽ അതെഴുതിത്തള്ളി.

ചോദിക്കാനും പറയാനും അന്വേഷിക്കാനും ആരുമില്ലായിരുന്നു. ജീവിതത്തിൽ ആഘാതങ്ങൾ എവിടന്നൊക്കെ എത്ര പെട്ടെന്നാണ് കടന്നു വരിക. മാനസികനില തെറ്റിയപോലെ ഭാമിനി മന്ദിച്ചിരുന്നു. പകച്ചു പോയ ഒരമ്മ.

മടിയിൽ തിരിച്ചറിവില്ലാത്ത മൂന്നു പെൺകുഞ്ഞുങ്ങൾ.

ഭാമിനിയുടെ ബോധക്കാഴ്ചകളിൽ അവൾക്കറിയാം പുരുഷു മരിച്ചത് അസുഖം കൊണ്ടല്ലാ ആരോ അയാളെ അപായപ്പെടുത്തിയതാണെന്ന്. ഉൾവിളികൾ അവളോട് പറഞ്ഞു.

വിശാഖൻ… അവൻ എന്തെങ്കിലും ചെയ്‌തു കാണുമെന്ന് ഭാമിനി ഉറച്ചു വിശ്വസിച്ചു. കാരണം പിറ്റേന്ന് മുതൽ വിശാഖനെ ആരും കണ്ടിട്ടില്ല.

അവൻ നാടുവിട്ടു പോയെന്ന് പലരും പറഞ്ഞു. കാരണങ്ങൾ ചിക്കിച്ചികയാൻ ആരും താൽപര്യപ്പെട്ടില്ല.

മൂന്നു പെണ്മക്കളുടെ അമ്മ. ഇരുപത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള ഭാമിനി.

അവൾ വിധവയായിരിക്കുന്നു. സമുദായാചാരപ്രകാരം അവൾ മുടി വടിച്ച് തലമുണ്ഡനം ചെയ്‌ത് കാവിയുടുക്കേണ്ടതാണ്. പൂവും കരിവളയും അവൾക്ക് നിഷിദ്ധം. ഭാമിനി കണ്ണീർ തോരാതെ മൗനിയായിരുന്നപ്പോൾ മീനുവക്കൻ അതിന് വിഘ്നം നിന്നു. അവളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം അവർ ഏറ്റെടുത്തു. സ്വജാതിക്കാർ വഴക്കിട്ടു പോയി.

കനിവ്, അതായിരുന്നു മീനുവക്കന്‍റെ കൂട്ടായ്മ. അഭ്യസ്ഥവിദ്യരായ കുറേ പേരുടെ കൂട്ടായ്മ. വിധവകൾ, അനാഥകൾ, ലൈംഗിക തൊഴിലാളികൾ, മക്കളുപേക്ഷിച്ച വൃദ്ധർ, പീഢിതർ, മാനസിക സമനിലതെറ്റിയ ആളുകൾ. അവർക്കൊക്കെ വേണ്ടിയിട്ടുള്ള ഒരു സന്നദ്ധ സംഘടന എന്നു പറയാം.

സമൂഹത്തിന്‍റെ കറുത്ത വശങ്ങളിലേക്കുള്ള ഉൾനോട്ടം. കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത കുറേ കരുണാമയികളുടെ താങ്ങും തണലും കൂട്ടായ്മയും കനിവിനുണ്ട്.

കനിവിന്‍റെ കീഴിൽ സംരക്ഷണയിൽ, ജീവിതം കരുപ്പിടിപ്പിക്കാനായി ഭാമിനിക്ക്. മീനുവക്കൻ അവർക്കെല്ലാമായി.

കുട്ടികളെല്ലാം പഠിക്കാൻ മിടുക്കരായിരുന്നു. ആലുവയിലെ ആശ്രമങ്ങളോടു ചേർന്നുള്ള അനാഥമന്ദിരങ്ങളിൽ വയറുനിറയെ ഭക്ഷണം കഴിച്ച് ഉറപ്പുള്ള മേൽക്കൂരകൾക്ക് കീഴിൽ അവർ ഉറങ്ങി. മറ്റുള്ള കുട്ടികൾക്കൊപ്പം പഠിക്കാൻ പോയി.

ഭാമിനിയെ ചികിത്സകൾക്കും കൗൺസിലിംഗിനു മൊക്കെ വിധേയയാക്കിയെങ്കിലും സ്വന്തം വീടു വിട്ട് അവളെങ്ങും പോയില്ല.

പഴയതു പോലെ അയൽ വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമായി കഴിഞ്ഞു കൂടി. അവധി ദിവസങ്ങളിൽ മാത്രം മക്കൾ മൂന്നുപേരും ഭാമിനിയോടൊപ്പം ഉണ്ടാകും.

വർഷങ്ങൾ കടന്നു പോയത് എത്രപെട്ടെന്നാണ്.

രുക്കു നഴ്സിംഗ് പഠിച്ചിറങ്ങി അമ്മയുടെ കൂടെ താമസിച്ച് ജോലിക്ക് പോയിത്തുടങ്ങി.

ശ്യാമ പ്ലസ് ടു കഴിയാറായി. ചാന്ദ്നി പത്താം ക്ലാസിലുമെത്തി. കുഞ്ഞു പൊട്ടിച്ചിരിയലകളുമായി ആത്മവിശ്വാസവും പ്രസരിപ്പുമുള്ള പെൺകുഞ്ഞുങ്ങൾ വളർന്നു.

രുക്കുവാണെങ്കിൽ ആഴത്തിലുള്ള ഒരു തടാകമായി ആഴക്കടലിലെ അഗാധതയിൽ നിന്നുള്ള ചുഴികളെയും ചുഴലിക്കാറ്റിനെയും സ്വന്തം നെഞ്ചിനുള്ളിലേക്ക് അവാഹിച്ച് അടക്കിപ്പിടിച്ചൊരു ശാന്തത പ്രകടിപ്പിച്ചിരുന്നു.

ഭാമിനിയെ കൊണ്ടായിരുന്നു പ്രശ്നങ്ങൾ.

ജീവിതത്തിലെ ആകസ്മികതകളും ക്രൂരമായ നിരന്തരമായ പരീക്ഷണങ്ങളും ഇരയ്ക്ക് വേണ്ടിയുള്ള വേട്ടക്കാരുടെ പീഡനങ്ങളും, അനുഭവം കൊണ്ട് ഭാമിനിയെ വിരക്തയും വികാരരഹിതയും ക്ഷിപ്രകോപിയുമാക്കി.

ഇടയ്ക്കിടെ ഭാമിനിയുടെ താളം തെറ്റുന്ന അവസ്‌ഥകളിൽ ദൃഢചിത്തതയോടെ അമ്മയെ ശുശ്രൂഷിക്കും. ഭാമിനിയുടെ പിറുപിറുക്കലുകളും കയർക്കലുകളും ശാപച്ചൊരിച്ചിലുകളും കണ്ടില്ലെന്നു നടിച്ച് ജീവിതം പ്രസന്നതയോടെ മുന്നോട്ടു നയിക്കുന്ന അവൾക്ക് കൂടെ കൂട്ടാൻ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു.

മീനുവക്കനോട് അവളുടെ സ്വപ്നങ്ങൾ പങ്കുവയ്ക്കും.

മീനുവക്കൻ സ്വന്തം സ്നേഹിതയുടെ മകന്‍റെ വിവാഹാലോചന കൊണ്ടു വന്നപ്പോൾ ഭാമിനിക്കു സമ്മതമായിരുന്നു. ശ്രീറാമിനെ രുക്കുവിനും ഇഷ്‌ടപ്പെട്ടു.

ശ്രീറാം മിടുക്കനാണ്. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്നു. ജെസിബി ഓടിക്കാനറിയാം. സർട്ടിഫിക്കറ്റുണ്ട്. പോരാത്തതിന് ബിരുദധാരിയായ ഓട്ടോ ഡ്രൈവർ.

ഗൾഫിലൊരു കമ്പനിയിലെ സ്ഥിരം ഡ്രൈവർ തസ്തികയിൽ ഇന്‍റർവ്യൂ ജയിച്ച് വിസക്ക് കാത്തിരിക്കുന്ന ശ്രീറാമിന് രുക്കു നല്ലൊരു പങ്കാളിയായിരിക്കുമെന്ന് മീനുവക്കൻ കണക്കു കൂട്ടി… പക്ഷേ… അശനിപാതം കണക്ക് വിശാഖന്‍റെ രംഗപ്രവേശം ഓർക്കാപ്പുറത്ത്.

അവന് രുക്കുവിനോടുള്ള പക ഇപ്പോഴും കെടാത്ത കനൽപോലെ…

ഭാമിനിയോടും അവന് പ്രതികാരമുണ്ട്. ഒരു പുഴുത്ത പട്ടിയെപ്പോലെയല്ലേ തന്നെ തല്ലിയിറക്കിയത്? അതും കൂടാതെ കായൽക്കരയിൽ പോയി ഒറ്റക്കിരുന്ന തന്നെ വീണ്ടും ചവിട്ടാൻ വന്നു പുരുഷു. പിടിച്ച് തള്ളി താഴെയിട്ടു. അസുഖത്തിന്‍റെ ലക്ഷണങ്ങൾ തുടങ്ങുന്നതും പുരുഷുവിന്‍റെ വായിൽ നിന്നും നുരയും പതയുമൊക്കെ വരുന്നതു കണ്ടു. മുഖം പൊത്തിയാണയാൾ കായലിലെ ചെളിക്കുണ്ടിലേയ്ക്ക് വീണത്. വേണമെങ്കിൽ തനിക്കയാളെ എടുത്തു പൊക്കാമായിരുന്നു. ആളെക്കൂട്ടി എടുത്തു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമായിരുന്നു.

വേണ്ടന്നങ്ങ് തീരുമാനിച്ചു. അയാൾ ജീവിച്ചിരുന്നാൽ തന്നെ അയാൾ ഉപദ്രവിക്കും. നടന്നതെല്ലാം നാട്ടുകാരോട് വിളിച്ചു കൂവും. ഇപ്പോൾ തന്നെ അയാളുടെ മർദ്ദനമേറ്റ് ഒരു വിധത്തിലായി.

അന്ന് വിശാഖൻ എഴുന്നേറ്റ് നേരെ റെയിൽവേ സ്റ്റേഷനിലേയ്ക്ക് കാലുകൾ വലിച്ചു വച്ചു നടന്നു. ഒരു ഒളിച്ചോട്ടമായിരുന്നു അത്.

വീണ്ടും മറ്റൊരു ദുർഗ്ഗാഷ്ടമി നാളിൽ താനിവിടെ ആൾക്കൂട്ടത്തിലൊറ്റയ്ക്ക്. നീണ്ട വർഷങ്ങൾക്കു ശേഷം.

ചെണ്ടമേളക്കാരുടെ താളം കൊഴുത്തു തുടങ്ങി. കലാശക്കൊട്ട്. താലപ്പൊലി ഘോഷയാത്ര മടങ്ങി വന്ന് അമ്പലത്തിലേയ്ക്ക് തിരിച്ചു കയറിത്തുടങ്ങി. പിറകിലെ പൂരപ്പറമ്പിൽ വെടിക്കെട്ടും തുടങ്ങി.

ദൂരെ നിന്നേ ദീപാലങ്കാരപ്രഭയിൽ മുങ്ങിയ പുഷ്പാലങ്കാര രഥം വരുന്നത് ശ്രീറാം കണ്ടു. ആടയാഭരണങ്ങളണിഞ്ഞ ദുർഗ്ഗാദേവി. പ്രകാശപൂരിതമായ തിളങ്ങുന്ന മിഴികളിൽ രക്‌താഭ ജ്വലിക്കുന്നു. ചുവന്ന പട്ടുചേല ചുറ്റിയ ദുർഗ്ഗാദേവി. ആയുധമേന്തിയ കൈകൾ. ശ്യാമയും ചാന്ദ്നിയും പ്രദക്ഷിണ വഴിയിൽ അമ്പലത്തിനുള്ളിലേയ്ക്ക് കയറുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ശ്രീറാമിന് കാണാൻ കഴിഞ്ഞില്ല. ഉൾക്കിടിലത്തോടെ ശ്രീറാം പെട്ടെന്ന് വിശാഖനെ തിരക്കി. ഈ ആൾക്കൂട്ടത്തിൽ എവിടെ കണ്ടുപിടിക്കുവാനാണ്? അവനെവിടെ?

ദേവിവിഗ്രഹം വർണ്ണക്കുടകൾ മാറ്റി ശ്രീകോവിലിലേക്ക് രഥത്തോടെ വലിച്ചെടുക്കപ്പെടുന്നത് നിറക്കാഴ്ച. വായ്ക്കുരവകൾ ചെണ്ടമേളത്തെ വിഴുങ്ങി. ശ്രീറാമിന്‍റെ മൊബൈലിൽ പൊടുന്നനെ ഒരു മിസ്ഡ് കോൾ തെളിഞ്ഞു.

രുക്കു…ശ്രീറാം തിരിച്ചു വിളിച്ചു.

പാലം ഇറങ്ങി പച്ചാളത്തേയ്ക്ക് വന്ന് നിൽക്കാമോ. ഞാൻ പാലത്തിനടിയിലൂടെ റെയിൽ മുറിച്ച് കടന്ന് വരാം… രുക്കു കോളവസാനിപ്പിച്ചു. അവളാകെ പരിഭ്രമിച്ചിരിക്കുന്നതു പോലെ തോന്നുന്നു.

ശ്രീറാം തിരക്കിലൂടെ വാഹനമോടിക്കുവാൻ ഏറെ ബുദ്ധിമുട്ടി.

ആളുകൾ ആബാലവൃദ്ധം റോഡിലൂടെ പരന്ന് നിറഞ്ഞൊഴുകുന്നു. അവിടവിടെ പടക്കങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം. ആകാശത്ത് അമിട്ടുകളുടെ വർണ്ണശബളിമ.

ഒരു വിധത്തിൽ തിരക്കിലൂടെ ശ്രീറാം പാലമിറങ്ങി. രുക്കു ഓടിക്കിതച്ച് വന്ന് വണ്ടിയുടെ പിറകിൽ കയറി.

വിട്ടോ ശ്രീറാം. എനിക്കിന്ന് ഡ്യൂട്ടി നൈറ്റാണ്… വൈകിപ്പോയി…അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഹാഫ്സാരിയും പട്ടുപാവാടയും അവളെ അതിസുന്ദരിയാക്കിയിരുന്നു. മുഖത്ത് പ്രസരിപ്പുണ്ട്. പക്ഷേ കണ്ണുകൾ കലങ്ങിയിരിക്കുന്നു.

കൈയിലെന്താണ്…? ശ്രീറാം അത്ഭുതപ്പെട്ടു. രുക്കുവിന്‍റെ കയ്യിൽ താലമുണ്ട്. കൽവിളക്കിൽ എണ്ണയുണ്ട്. തിരിയുണ്ട്. പാത്രത്തിൽ മുറിത്തേങ്ങയുണ്ട്. പൂവും മലരുമെല്ലാമുണ്ട്. തിരി കത്തിച്ചിട്ടില്ല.

ഞാൻ താലപ്പൊലിക്കായി ഒരുങ്ങുകയായിരുന്നു. ശ്യാമയും ചാന്ദ്നിയും നേരത്തെ തന്നെയിറങ്ങി. വളരെ ആഗ്രഹിച്ച് ശ്രീറാം വരുമെന്ന് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ചും… എന്നെ പെണ്ണു കാണാൻ വന്ന ദിവസം ഞാനുടുത്ത ഹാഫ്സാരിയും പാവാടയും അണിഞ്ഞു.

ശ്രീറാമിന് ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. അവൻ ഹൃദയമിടിപ്പോടെ അവളെ കേട്ടു.

അപ്പോഴാണ് പുറത്ത് തിണ്ണയിൽ ബഹളം കേട്ടത്. അവിടെ വിശാഖൻ വന്ന് അമ്മയുമായി പിടിയും വലിയും.

വിശാഖൻ അമ്മയെ പൂണ്ടടക്കം പിടിച്ചിരിക്കുന്നു.

എടീ ഭ്രാന്തിത്തള്ളെ, എവിടെ നിന്‍റെ സുന്ദരിമോള്. അവളെ ഞാനൊന്നു കാണട്ട്. മൂത്തുപഴുത്ത് ആപ്പിളു പോലിരിക്കുന്നെന്ന് കേട്ടു. എന്നെ ഈ നാട്ടിന്നോടിച്ചത് അവളാണ്, വെള്ളപ്പിശാച്.

ഭാമിനി വിശാഖനെ തുറിച്ചു നോക്കി. പത്തുപതിനഞ്ചു വർഷം മുമ്പ് ഇതു പോലൊരു ദുർഗ്ഗാഷ്ടമിനാളിൽ കയറി വന്ന് എന്‍റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചവൻ. അതേ നാള്. അതേ നേരം. തന്‍റെ പുരുഷൂനെ അപായപ്പെടുത്തിയവൻ. തനിക്ക് അകാല വൈധവ്യം സമ്മാനിച്ചവൻ…

അച്‌ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭ്രാന്തിളക്കങ്ങൾ അമ്മയ്ക്കുള്ളതാണ്.

ബഹളത്തിനിടയിൽ അമ്മയ്ക്ക് കൈയിൽ തടഞ്ഞത് വാക്കത്തിയാണ്. എടാ പട്ടീ… നീയല്ലെ എന്‍റെ പുരുഷൂനെ കൊന്നത്. നീയല്ലേ… ലക്ഷ്യമില്ലാതെ അമ്മ വാക്കത്തി വീശിക്കൊണ്ടിരുന്നു. അമ്മയുടെ ശക്തിയിൽ വിശാഖൻ ദുർബ്ബലനായി. അമ്മ അവനെ മാന്തിക്കീറുകയായിരുന്നു.

എടാ മൃഗമേ. നീയിനി ജീവിക്കണ്ട. എന്‍റെ മക്കൾക്കും എനിക്കും സ്വസ്ഥമായി ജീവിക്കണം. നീയിനി ഈ നാട്ടിൽ വേണ്ട. ചത്തു പോ…

ഭാമിനി ദുർഗ്ഗയായിത്തീർന്ന് ജ്വലിച്ചു. വെറുപ്പിന്‍റെ, അനുഭവിച്ച ദുഃഖങ്ങളുടെ അനാഥത്വത്തിന്‍റെ കാൽച്ചിലമ്പുകൾ കിലുക്കി അമ്മ തുള്ളുകയാണ്. ഉന്മാദിനിയെ പോലെ.

രുക്കു ഓടിവന്നു അമ്മയെ പിടിച്ചു നിർത്തി.

അമ്മേ… രുക്കു അലർച്ചയോടെ വിളിച്ചു. അമ്മ നിലത്ത് തളർച്ചയോടെ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു.

തിണ്ണയിൽ വിളക്കു കൊളുത്തിയിട്ടില്ലായിരുന്നു. ഇരുട്ട്… പുറത്തെയിരുളിൽ വിശാഖന്‍റെ രൂപം നിന്നാടുകയാണ്.

കാറ്റുപിടിച്ച നിഴൽ പോലെ. ചോരയൊലിക്കുന്ന മുറിവുകളും ചതവുകളും. പൊയ്ക്കോ… എവിടെയെങ്കിലും പൊയ്ക്കോ. ഇനിയിവിടെ കണ്ടുപോകരുത്. രുക്കു വിരൽച്ചൂണ്ടി ആജ്ഞാപിച്ചു.

ഇടവഴിയിലെ ഇരുൾ കറുപ്പിലലിഞ്ഞ് അവൻ രക്ഷപ്പെട്ടോടുന്നത് രുക്കു കണ്ടു.

അപ്പോൾ ശ്യാമയും ചാന്ദ്നിയും.

അവർ അമ്പലത്തിൽ നിന്നെത്തിയിട്ടില്ല. അവരുടെ കൂടെ മീനവക്കനുണ്ടാവും. രുക്കു അത് പറഞ്ഞു ചിരിച്ചു. അവൾക്ക് ഭയമില്ല.?അവൾ ചിരിച്ചപ്പോൾ ഒരു വന്യമായ കാറ്റ് വീശിയടിച്ചതു പോലെ ശ്രീറാമിന് അനുഭവപ്പെട്ടു.

താലത്തിലെ കൊച്ചു മൺചിരാതിലെ എണ്ണ മുറിത്തേങ്ങയിലേയ്ക്കൊഴിച്ചു രുക്കു. തെറുത്തെടുത്ത തിരി അതിലിട്ട് മെല്ലെ കൊളുത്തി വച്ചു. അവളുടെ നീണ്ട വിരലുകൾ എണ്ണയിൽ മുങ്ങി നിവർന്നപ്പോൾ നഖങ്ങളിൽ നിന്ന് രക്‌തകണങ്ങൾ കഴുകിയിറ്റു വീഴുന്നത് തിരിഞ്ഞു നോക്കാതെ തന്നെ ശ്രീറാം കണ്ടു. അവനിൽ ഒരു നടുക്കം ഉണ്ടായി.

കനത്ത മൗനം. മൗനം മാത്രം.

ശ്രീറാം ശാന്തനായി ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചു.

ഗോശ്രീ നടപ്പാതയിലും നിറയെ ആളുകളാണ്. രാത്രിയിലെ വിളക്കു കാലുകളിലെ മങ്ങിയ വെളിച്ചത്തിൽ നിഴലുകളെ പോലെ… ചലിക്കുന്ന നിഴലുകൾ.

പിറകിൽ രുക്കുവിന്‍റെ അമർത്തിയ തേങ്ങലുകൾ… ഇപ്പോൾ വന്യത നീങ്ങിയിരിക്കുന്നു. പകരം തികച്ചും ശാന്തമായ കായലലകളോടൊപ്പം വീശുന്ന കുളിർക്കാറ്റു പോലെ നേർത്തു നേർത്തു തേങ്ങലുകൾ അലിഞ്ഞു പോവുന്നു.

മുകളിൽ ഉദിച്ചുയർന്ന നീലനിലാവ്. താഴ്ന്നു താഴ്ന്നു വരുന്ന നക്ഷത്രങ്ങളുടെ മിന്നാമിനുങ്ങുകൂട്ടം. ആകാശപ്പന്തൽ പോലെ… ആശുപത്രിയുടെ മുന്നിൽ ഓട്ടോ നിന്നു.

രുക്കു യാത്ര പറഞ്ഞില്ല. ആശുപത്രി വാതായനങ്ങൾക്കപ്പുറത്തെ നിയോൺ വെളിച്ചത്തിലേയ്ക്ക് അവൾ നടന്നു മറഞ്ഞു. ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റിൽ അവൾ കൊളുത്തി വച്ച എണ്ണത്തിരിയിട്ട പൂത്താലം മടക്ക യാത്രയിൽ ശ്രീറാം അമ്പലനടയിൽ കാണിക്ക വച്ചു.

(അവസാനിച്ചു)

കാണിക്കായ് ഒരു മൺചിരാത് ഭാഗം- 1

മഞ്ഞക്കുളി ഘോഷയാത്രയും ചെണ്ടമേളക്കാരും കടന്നു പോയതിന് ശേഷമാണ് കാട്ടുങ്കൽ അമ്പലത്തിൽ നിന്ന് വിശേഷാൽ ദേവി വിഗ്രഹമേറ്റിയ പുഷ്പാലംകൃത രഥം പുറത്തേയ്ക്ക് എഴുന്നള്ളിയത്.

പ്രദേശത്തെ സർവ്വമാന ജനങ്ങളും ഉത്സവത്തിനെത്തിയിട്ടുണ്ട്. കൂടുതലും സ്ത്രീ ജനങ്ങൾ. തിളങ്ങുന്ന പട്ടുവസ്ത്രങ്ങളുടുത്ത് താലമേന്തിയ പെൺകുട്ടികൾ. സായാഹ്ന വെയിൽ അവരുടെ നാസികാഗ്രത്തിലെ മൂക്കുത്തികളെ പകൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശമാനമാക്കി.

കനകാംബരവും പിച്ചിയും തുളസിക്കതിരുകളും അരികരികു ചേർത്ത് മെടഞ്ഞെടുത്ത മല്ലികപ്പൂമാല തലമുടിയടുക്കുകളിൽ വസന്തം വിരിയിക്കുന്നു.

ദൂരെ നിന്നു തന്നെ നല്ല വാസന. മുല്ലപ്പൂക്കാടുകൾ മൊത്തം പൂത്തിരിക്കുന്നു.

അന്തിച്ചോപ്പിൽ സൂര്യൻ വേമ്പനാട്ടുകായലിലേയ്ക്കിറങ്ങാൻ വെമ്പി നിൽക്കുന്നു.

മൺചിരാതിൽ നിന്നുള്ള എണ്ണത്തിരി വെളിച്ചം മുഖശോഭയേറ്റിയ പെൺകുട്ടികൾ താലമേന്തി നിരന്നു.

അഷ്ടമിനാളിലെ ശീവേലി തീരാറായി. ഇനി ദുർഗ്ഗാപൂജയും കഴിഞ്ഞ് നടയടച്ചതിന് ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് പറയും പ്രദക്ഷിണവും പുറത്തേയ്ക്ക് പോവുക.

രഥത്തിന് മുന്നിലും പിന്നിലും ചെണ്ടമേളക്കാർ കൊട്ടിക്കേറി. തിരക്ക് വർദ്ധിച്ചിരിക്കുന്നു. ക്ഷേത്രാങ്കണം നിറയെ ഭക്തരാണ്. ധാരാളം പേർ ക്ഷേത്രമതിലുകളിൽ കയറിയിരിക്കുന്നു കാഴ്ച്ചക്കാരെ പോലെ. റോഡിലും തിരക്കേറിയപ്പോൾ വാഹനങ്ങൾ മത്സരിച്ച് ഹോണടിക്കുന്നു.

അമ്പലം വോളണ്ടിയേഴ്സും പോലീസും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് വഴി മുടക്കുന്ന കാഴ്ചകളാണധികവും. അത്രയ്ക്കുണ്ട് ജനപ്രവാഹം.

ശ്രീറാം എത്തിയപ്പോൾ ഘോഷയാത്ര പാലം കേറിത്തുടങ്ങിയിരുന്നു. ഇനി പാലം കയറിയിറങ്ങി കാവ് ചുറ്റിക്കറങ്ങി തിരിച്ചു വരുമ്പോഴേയ്ക്കും രണ്ട് മണിക്കൂറുകൾ എടുക്കും.

രുക്കുവിനെ കാണണമെന്നുള്ള ഉൽക്കടമായ അഭിവാഞ്ച അടക്കാനാവുന്നില്ല ശ്രീറാമിന്. ഉത്സവത്തിന് കാണുമോ എന്ന ചോദ്യത്തിന് താലപ്പൊലിക്ക് ഞാനും അനുജത്തിമാരും മാത്രം ഉണ്ടാകും. അത്താഴപൂജയ്ക്കു ശേഷം അമ്പലത്തിനുള്ളിൽ വച്ച് കാണാം.

അങ്ങിനെയാണ് രുക്കു പറഞ്ഞതെന്നാണ് ഓർമ്മ. എന്തിനാണവൾ കാണാം എന്നു പറഞ്ഞത്?

രുക്കുവുമായുള്ള വിവാഹാലോചന ശ്രീറാം വേണ്ടായെന്ന് വച്ചതിന് ശേഷം തമ്മിൽ കണ്ടതു തന്നെ ആകസ്മികമായിട്ടാണ്.

രണ്ടുനാൾക്കു മുമ്പ്.

പള്ളിമുക്കിലെ മെഡിക്കൽ ഹോസ്പിറ്റലിലെ മുന്നിൽ നിന്ന് ഓട്ടോ റിക്ഷയ്ക്ക് കൈകാണിച്ചപ്പോഴാണ് അത് രുക്കുവാണെന്ന് ശ്രദ്ധിച്ചത്. ഓടി വന്ന് അവൾ പിറകിൽ കയറിയിരുന്നപ്പോൾ വല്ലാത്തൊരു അപകർഷതാബോധത്താൽ ശ്രീറാം ചുരുങ്ങിപ്പോയി.

രുക്കുവിന്‍റെ വിവാഹാലോചന കൊണ്ടുവന്നത് ശ്രീറാമിന്‍റെ അമ്മയുടെ സ്നേഹിത മീനുവക്കൻ വഴിയാണ്.

മീനുവക്കന്‍റെ മേൽനോട്ടത്തിൽ കനിവ് എന്നൊരു സാമൂഹ്യ സംഘടനയുണ്ട്. രുക്കുവും രണ്ടു അനുജത്തിമാരും കനിവിന്‍റെ കീഴിൽ അനാഥാലയങ്ങളിൽ നിന്നാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്, പഠിക്കുന്നത്.

വളരെ നേരത്തെ അച്‌ഛൻ മരിച്ചു. അമ്മയുണ്ട്. അമ്മയ്ക്ക് ഒരൽപം മാനസിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് മീനുവക്കൽ തന്നെയാണ് എല്ലാത്തിനും ഗാർഡിയൻ.

രുക്കു നഴ്സിംഗ് പാസായി. ജോലിക്ക് കയറിയിരിക്കുന്നു. മീനുവക്കന് രുക്കുവിനെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്.

ശ്രീറാം ബിരുദധാരിയാണെങ്കിലും ഓട്ടോഡ്രൈവർ ആണ്. സ്വന്തമായി രണ്ട് ഓട്ടോറിക്ഷയുണ്ട്. മട്ടാഞ്ചേരിയിൽ സ്വന്തം വീടുണ്ട്. രണ്ട് മൂത്ത പെങ്ങന്മാരെ നല്ല നിലയിൽ കെട്ടിച്ചയച്ചിരിക്കുന്നു. ശ്രീറാമിന്‍റെ അച്‌ഛൻ പലചരക്ക് കട നടത്തുന്നു. ശ്രീറാം ഒരേയൊരു മകൻ.

എല്ലാവർക്കും രുക്കുവിനെ ഇഷ്‌ടപ്പെട്ടതു കൊണ്ട്, വാക്കുറപ്പിച്ച് കല്യാണ നാളും കുറിച്ചായിരുന്നു മടങ്ങിയത്. പക്ഷേ, പിന്നെയപ്പോഴോ കടന്നു വന്ന ആകസ്മികതകൾ… അവയുടെ നീരാളിപ്പിടുത്തങ്ങൾ… രുക്കുവുമായുള്ള ആ ആലോചന ഉപേക്ഷിക്കപ്പെട്ടു.

എല്ലാറ്റിനും കാരണക്കാരനായി എത്തിയത് വിശാഖൻ.

അവന്‍റെ കടന്നു വരവ് അസ്വസ്ഥതയുടെ കടന്നൽ കൂടിളക്കി. രുക്കുവിന്‍റെ ബന്ധുവാണെന്ന് പറഞ്ഞ് മട്ടാഞ്ചേരിയിൽ ശ്രീറാമിന്‍റെ വീട് തപ്പിപ്പിടിച്ച് വന്നവൻ… എല്ലാ കാര്യങ്ങളും അങ്ങനെ തകിടം മറിഞ്ഞു.

കുറെ വർഷങ്ങൾക്കു ശേഷം വിശാഖൻ എത്തിയത് പകയുടെ നെരിപ്പോടിൽ കനലുകളുമായാണ്. ഒരിക്കലും കെടാത്ത കനലുകൾ.

അവൻ വന്ന് ശ്രീറാമിന്‍റെ കുടുംബത്തിലെ ശാന്തത തകർത്തു. ചില പെൺകുട്ടികൾക്ക് കല്യാണത്തിന് മുമ്പ് ഒന്നു രണ്ട് പ്രേമങ്ങളൊക്കെ കാണും. വളരുന്ന പ്രായത്തിൽ പ്രത്യേകിച്ചും. അതൊന്നും സീരിയസ്സായി എടുക്കേണ്ട കാര്യമില്ല. പഴയ കാലമല്ലല്ലോ. ആൺകുട്ടികളെ കണ്ട് ഓടിയൊളിക്കുന്ന അടുക്കളവാതിൽ മറയ്ക്കുള്ളിൽ മറയുന്ന പെൺകുട്ടികളെ ഇക്കാലത്ത് കാണാനില്ല.

നീ അമ്മയോടൊന്നും ഈ വൃത്തിക്കേടുകൾ പറയണ്ട.

ശ്രീറാമിന് രുക്കുവിനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ശ്രീകോവിലിലെ ദേവിയെ പോലെ അവളെ അവൻ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. ആ പ്രതിഷ്ഠ ഇളക്കാൻ അവന് താൽപര്യമില്ലായിരുന്നു.

രുക്കുവിന്‍റെ സ്വഭാവഹത്യയിൽ വിശാഖൻ കടിച്ചു തൂങ്ങിക്കിടന്നു. അവൻ ആണയിട്ട് പറഞ്ഞു. അവൾ പിഴയാണ്. ശ്രീറാമിന്‍റെ അമ്മേ, മീനുവക്കൻ ആരുമായിക്കൊള്ളട്ടെ. അവർ നിങ്ങളെ ചതിക്കുകയാണ്. രുക്കുവിനെപ്പോലെ ഒരു അലമ്പിനെ നിങ്ങളുടെ വീട്ടിൽ കയറ്റാനെ കൊള്ളില്ല. ഒരിക്കൽ ഗർഭിണിയായതാണ്. ആരും അറിയാതെ അത്…

പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ കള്ളച്ചുമയാൽ മുഖം മറിച്ച് വിശാഖൻ. അവന്‍റെ കെട്ടിച്ചമയ്ക്കലുകൾ കള്ളമാണെന്ന് വിശാഖന്‍റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈതരിക്കുന്നുണ്ടായിരുന്നു. രംഗം വഷളാവുന്നതു മനസ്സിലാക്കി അവൻ വേഗം സ്കൂട്ടായി.

അമ്മയും പെങ്ങന്മാരും കരയാൻ തുടങ്ങി. അച്‌ഛൻ ചോദിച്ചു നാട്ടിൽ വേറെ കുട്ടികളില്ലേടാ… പേരുദോഷം കേൾപ്പിച്ചതിനെ തന്നെ നമുക്ക് വേണോ? നമുക്കീ കാര്യം ഉപേക്ഷിക്കാം കുട്ടാ…

അമ്മ മീനുവക്കനോട് ചോദിക്കൂ… ശ്രീറാം യാചിക്കുകയായിരുന്നു.

അതുവേണ്ട മോനെ. അവൾക്കത് വിഷമമാകും. പിന്നെ നമ്മളെ ചതിച്ചൂലോ എന്ന കുറ്റബോധമുണ്ടാക്കണ്ട…

കുറെയധികം വാദപ്രതിവാദങ്ങൾ!

അമ്മയുടെ കണ്ണീർ പെങ്ങന്മാരുടെ യാചനകൾ. അവസാനം അളിയന്മാർ രുക്കുവിന്‍റെ അമ്മയെ വിളിച്ച് വിവാഹ നിശ്ചയത്തിൽ നിന്ന് ഒഴിയുവാണെന്ന് അറിയിച്ചു. മാത്രമല്ല, വിശാഖൻ പറഞ്ഞ കഥകളൊക്കെ അവരെ അറിയിക്കുകയും ചെയ്‌തിട്ടിപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.

“ഞാൻ ഓടിക്കയറിയതുകൊണ്ട് പെട്ടെന്നാളെ മനസ്സിലായില്ല കേട്ടോ…” ചിരകാല പരിചിതരെ പോലെ രുക്കു…

അവളുടെ ചിരിക്ക് മുന്നിൽ ശ്രീറാമിന് വാക്കുകൾ തൊണ്ടയിൽ വിലങ്ങി ശ്വാസം മുട്ടി ചതഞ്ഞു.

ഏറെനേരത്തെ മാനസിക സംഘർഷത്തിന് ശേഷം മൗനത്തിന്‍റെ തടവറ തല്ലിപ്പൊളിച്ച് അവൻ പുറത്തു വന്നു.

ഈ ഹോസ്പിറ്റലിൽ ആണോ ജോലി ചെയ്യുന്നത്?

അതെ ഇപ്പോൾ ടെംപററിയാണ്. ആറുമാസം കഴിഞ്ഞു. അടുത്തു തന്നെ സ്‌ഥിരമാകും.

വീണ്ടും മൗനം

ശ്രീറാം പെട്ടെന്ന് ആശങ്കയോടെ തിരക്കി. വിശാഖൻ രുക്കുവിന്‍റെ ബന്ധുവല്ലെ, രുക്കുവിന്‍റെ മുഖം വിളറി.

അതെ, അമ്മാവന്‍റെ മകൻ. എന്‍റെ കുട്ടിക്കാലത്തെങ്ങോ നാടുവിട്ടു പോയീന്ന് കേട്ടിട്ടുണ്ട്. ഈയിടെ തിരികെയെത്തീന്നും. എന്നെപ്പറ്റി എന്തെക്കെയോ കഥകൾ മെനയുന്നുവെന്നും അമ്മ പറഞ്ഞു കേട്ടു.

നമ്മുടെ വിവാഹ നിശ്ചയത്തിൽ നിന്നും ശ്രീറാം പിന്മാറിയെന്നറിഞ്ഞു.

ഒരു വിളറിയ ചിരി ശ്രീറാമിന്‍റെ മുഖത്ത് മഞ്ഞളിച്ചു.

“രുക്കു ക്ഷമിക്കണം. ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. രുക്കുവിനെ മറക്കാൻ എനിക്കു കഴിഞ്ഞിട്ടുമില്ല.”

അവൾ അതിനു മറുപടി പറഞ്ഞില്ല. ചിന്താവിഷ്ടയായി കൈവിരലുകളിലെ നീണ്ടു മനോഹരമായ സ്വന്തം നഖങ്ങളെ താലോലിച്ചിരുന്നു രുക്കു.

പിന്നെ മെല്ലെ പറഞ്ഞു.

“മീനുവക്കൻ വലിയൊരു വടയാൽ വൃക്ഷമായി എന്‍റെ കുടുംബത്തിന്‍റെ മുകളിലുണ്ട്. അതാണഭയം. മീനുവക്കൻ പറഞ്ഞു എന്നോട് ഐഇഎൽറ്റിഎസ് എഴുതിയെടുക്കാൻ. അനുജത്തിമാരെ പഠിപ്പിക്കണം. അമ്മയുടെ ചികിത്സ. വീട് പുതുക്കിയെടുക്കണം. അനാഥാലയങ്ങളുടെ നാലുചുവരുകളിൽ നിന്നുള്ള വിടുതൽ തേടി അമ്മയും മക്കളുമായി സന്തോഷകരമായി, ശാന്തമായി ഒരു ജീവിതം. അങ്ങിനെ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുടെ നടുവിലാണ് ഞങ്ങൾ. ആത്മവിശ്വാസം മീനുവക്കൻ വേണ്ടുവോളം തരുന്നുണ്ട്.”

“ഓർമ്മകൾ… അലസിപ്പോയ ഒരു കല്യാണാലോചനയുടെ കണ്ണുനനയിക്കുന്ന ഓർമ്മകൾ അത്ര നിസ്സാരമല്ല. നീറ്റലുണ്ടെങ്കിലും മറക്കാൻ ശ്രമിക്കുന്നു ഞാൻ. ആദ്യമായിട്ടാ, ഒരാളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയത്. നിങ്ങളെ.”

ശ്രീറാമിന് നൊന്തു പോയി. മനസ്സ് പൊള്ളിപ്പിടഞ്ഞു.

കായൽക്കാറ്റിൽ മയങ്ങിക്കിടക്കുന്ന ഗോശ്രീ നടപ്പാത. ഉച്ചനേരമായതു കൊണ്ട് വിജനമാണ്.

പകലിന്‍റെ വെയിൽ നാളങ്ങളിൽ, നീല ജമുക്കാളം വിരച്ചിട്ട ആകാശത്തിനു കീഴിൽ വേമ്പനാട്ടുകായൽ അനന്തതയിലേയ്ക്ക് നീണ്ടു മലർന്ന് കിടക്കുന്നു.

ശ്രീറാം അവിടെ അരികു ചേർന്ന് ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നിറങ്ങി.

വിടർന്ന മിഴികൾ അമ്പരപ്പോടെ ശ്രീറാമിനെ നോക്കി.

പിന്നീട്, ഇരട്ടക്കുളങ്ങര റോഡ് തിരിയുന്നിടത്ത് ഒരൽപം ഇടവഴിയേറി രുക്കുവിന്‍റെ വീടിനടുത്തായി ശ്രീറാം അവളെ ഇറക്കി വിട്ടു.

ചാർജ് വാങ്ങാൻ ശ്രീറാം ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ച് രൂപ അവന്‍റെ കയ്യിൽ കൊടുത്ത്, തിരിഞ്ഞു നോക്കാതെ വീട്ടിലേയ്ക്കുള്ള വഴിയിൽ രുക്കു മറഞ്ഞു.

അതിന് മുന്നേ ശ്രീറാം ഇങ്ങനെ ചോദിച്ചായിരുന്നു.

“ക്ഷേത്രത്തിൽ താലപ്പൊലിക്കുണ്ടാവുമോ?”

ഓടിപ്പോകുന്നതിനിടെ രുക്കുവിന്‍റെ വാക്കുകൾ നേർത്ത നനഞ്ഞ കുളിർക്കാറ്റു പോലെ കാതുകളിലെത്തി. തീർച്ചയായും ഞാനും അനുജത്തിമാരും താലപ്പൊലിക്കുണ്ടാകും. പിന്നീട് അത്താഴ പൂജയ്ക്കു ശേഷം അമ്പല നടയിൽ വച്ച് കാണാം.

വളരെ ആത്മാർത്ഥതയും അർത്ഥ ഗാംഭീര്യവും ആ വാക്കുകൾക്കുണ്ടായിരുന്നു.

“മൊബൈൽ നമ്പറുണ്ടല്ലോ. വിളിക്കുമോ…?”

അതിനവൾ മറുപടി പറഞ്ഞില്ല. ദൂരെ കാഴ്ചവട്ടത്ത് അവളുടെ തേജോമയരൂപം മറഞ്ഞു കഴിഞ്ഞിരുന്നു.

ശ്രീറാമിന്‍റെ ഹൃദയം പടപടാ തുടിച്ചു. രുക്കുവിന് തന്നോട് വെറുപ്പില്ല. അതുമതി…

അവളെ വീണ്ടും വീണ്ടും കാണണമെന്ന മോഹം…

അടക്കാനാവാത്ത അഭിനിവേശം. ശ്രീറാമിന് വരാതിരിക്കാനായില്ല.

ഓട്ടോറിക്ഷായെടുത്തു റോഡിനരികിലേയ്ക്ക് ഒതുക്കിയിടാൻ നോക്കി. എല്ലായിടത്തും വാഹനങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഇനി ഘോഷയാത്ര മുഴുവൻ പോയതിനു ശേഷം മാത്രമേ വണ്ടിയെടുക്കാൻ കഴിയൂ.

പെട്ടെന്നൊരു യാത്രക്കാരൻ പിന്നിലേയ്ക്ക് വലിഞ്ഞു കയറുന്നത് കണ്ട് ശ്രീറാം പറഞ്ഞു.

“ഈ ട്രാഫിക് ബ്ലോക്കിൽ വണ്ടിയെടുക്കാൻ പറ്റില്ല. ഞാൻ ഓട്ടം നിർത്തിയതാ.”

“ങേ, നീയായിരുന്നോ ശ്രീറാമേ, ഇതു ഞാനാ വിശാഖൻ. അല്ലാ, നീയെന്താ ഇവിടെ.”

അവൻ ഓട്ടോയിൽ തന്നെ ഒന്നിളകിയിരുന്നു.

കസവിന്‍റെ മുണ്ടും ജുബ്ബാ പോലൊരു സിൽക്ക് കുപ്പായവും അവൻ അണിഞ്ഞിരുന്നു. ഉത്സവവേഷം.

കാമം കത്തുന്ന മിഴികളോടെ അവൻ സ്ത്രീകളെ തുറിച്ചു നോക്കി. തികച്ചും ആഭാസനെപ്പോലെ സ്ത്രീജനങ്ങളുടെ ഉടലാഴങ്ങളിലേയ്ക്ക് നോക്കുന്നതും ഗോഷ്ടികൾ പ്രകടിപ്പിക്കുന്നതും കണ്ട ശ്രീറാമിന് അറപ്പു തോന്നി.

തെണ്ടി, വൃത്തികെട്ട ജന്തു. തന്‍റെ ഓട്ടോയിൽ കയറിയിരുന്ന് വായ് നോക്കി രസിക്കുകയാണ്.

താലമേന്തിയ സ്ത്രീകളുടെ പ്രകാശ വർണ്ണ പ്രപഞ്ചത്തിൽ കണ്ണുകൾ മങ്ങി. അമ്പലവിളക്കുകൾ പ്രകാശിച്ചു തുടങ്ങി. സന്ധ്യാദീപങ്ങൾ മുഴുവൻ മിഴികൾ തുറന്നു. പകൽ പോലെ വെളിച്ചം നിറഞ്ഞു.

രുക്കുവിന്‍റെ അനുജത്തിമാർ ശ്യാമയും ചാന്ദ്നിയും താലമേന്തി നീങ്ങുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ആ കൂട്ടത്തിൽ കണ്ടില്ല. ഭാമിനിചേച്ചിയേയും കണ്ടില്ല. പുരുഷൻ മരിച്ചതിൽ പിന്നെ ഭാമിനി താലമേന്തിയിട്ടില്ല.

ഭാമിനി അത്ര സുന്ദരിയല്ല. കറുത്തിട്ട് ഒരു സാധാരണ സ്ത്രീ. പക്ഷേ, അവരുടെ മൂന്നു പെണ്മക്കൾ അങ്ങിനെയല്ല. സൂര്യനുദിക്കുന്ന പോലെ. പാൽ വെളിച്ചമുള്ള പ്രഭാതത്തിലെ ഈറൻ നനഞ്ഞ പ്രകൃതി പോലെ അസാധാരണ സൗന്ദര്യമുള്ള കുട്ടികൾ. കുട്ടികൾ അച്‌ഛനെ പോലെയാണെന്ന് മീനുവക്കൻ പറഞ്ഞിരുന്നു.

“എടാ ശ്രീറാമേ, ദേ പോകുന്നു ആ ഭാമിനിയുടെ പെണ്മക്കൾ. എല്ലാം വളർന്ന് മുറ്റി.” വിശാഖന്‍റെ കഴുകൻ കണ്ണുകൾ അവരെ കണ്ടുപിടിച്ചു കഴിഞ്ഞു.

“മൂത്തവളെവിടെ… ആ വെള്ളപ്പിശാച്.”

വിശാഖന്‍റെ ആർത്തി പിടിച്ച മിഴികൾ രുക്കുവിനെത്തേടി ഉഴറുന്നത് കണ്ടപ്പോൾ ശ്രീറാമിന്‍റെ മനസ്സിടിഞ്ഞു.

“അവളെന്ത്യേ? എനിക്ക് അവളെയാ കാണേണ്ടത്.”

അച്ഛനില്ലാത്ത ആ പാവം കുട്ടികളോട് ഇവനിത്ര പകയെന്തിനാണ്?

വിശാഖന്‍റെ മുഖത്തും കണ്ണുകളിലും പ്രതികാരത്തിന്‍റെ തീനാളം ചുവക്കുന്നുണ്ടായിരുന്നു. അവൻ കുട്ടികളെ ഉപദ്രവിക്കുമെന്ന് ശ്രീറാം ഭയന്നു.

“വിശാഖൻ ഓട്ടോയിൽ നിന്നിറങ്ങണം.” ശ്രീറാമിന്‍റെ ശബ്ദം കനത്തു.

“എടാ, നമ്മൾ…”

“അല്ല, നമ്മൾ തമ്മിൽ ഒരു സൗഹൃദവും ഇല്ല. നീ എന്‍റെ ഓട്ടോയിൽ നിന്നിറങ്ങൂ. എനിക്ക് പോകണം.”

ശ്രീറാമിന്‍റെ ഒച്ചയുയർന്നു. മുഖം ചുവന്നു. ചുറ്റും നിൽക്കുന്നവർ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ വിശാഖൻ ചൊടിച്ചു.

“നീ ആളാവുന്നോടാ. ഇതെന്‍റെ നാടാണ്. മട്ടാഞ്ചേരിയല്ല.”

“പോടാ…” ശ്രീറാമിന് കാൽവിരൽ തൊട്ട് നെറുക വരെ പെരുത്തു കയറി.

“വിശാഖാ… നീ പറഞ്ഞ് നാട്ടുകാരറിയണ്ട. നിന്‍റെ കള്ളക്കഥകൾക്ക് പിന്നാമ്പുറത്തെന്തു സംഭവിച്ചുവെന്ന് എനിക്കറിയാം. അതായിരുന്നില്ലെ നിന്‍റെ തുറുപ്പു ചീട്ട്…”

“നീ എന്തറിഞ്ഞു. ആരാണ് നിന്നോട് പറഞ്ഞത്?”

“അവളൊ…? അല്ലേൽ ആ ഭ്രാന്തിത്തള്ളയോ…?”

വിശാഖന് ഹാലിളകിയത് പെട്ടെന്നാണ്. അവന്‍റെ മുഖം കരിവാളിച്ചിരുണ്ടു. കണ്ണുകൾ ചെറുതായി. പിന്നെ ചുവന്ന് തുറിച്ച് വരുന്നതും ശ്രീറാം കണ്ടു.

അവന്‍റെ മർമ്മത്തിൽ തന്നെ ഒരടി കൊടുക്കാൻ കഴിഞ്ഞതിൽ ശ്രീറാം ഉള്ളിൽ സന്തോഷിച്ചു.

“നീ ആരെടാ… ഉവ്വേ..” വിശാഖൻ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി ശക്തിയായി ഓട്ടോ പിടിച്ചു കുലുക്കി.

ഏതോ വന്യമൃഗം അവന്‍റെ മനസ്സിൽ സടകുഞ്ഞെഴുന്നേറ്റ് ചുരമാന്തി. അവൻ ഉച്ചത്തിൽ അമറി.

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുന്നിലേയ്ക്ക്…

അടഞ്ഞു പോയ ബോധധാരയിലേയ്ക്ക് ശക്‌തിയായ ചുഴലിക്കാറ്റിലെന്നവണ്ണം അവൻ വലിച്ചെടുക്കപ്പെട്ടു.

ഇതു പോലൊരു ദുർഗ്ഗാഷ്ടമി നാൾ… അന്ന്…

ചെണ്ടമേളങ്ങൾ പൂർവ്വാധികം ഉച്ചസ്ഥായിയിൽ മുഴങ്ങുന്നു. വാഹനങ്ങൾ അക്ഷമയോടെ ഹോണടിക്കാൻ തുടങ്ങി. ഘോഷയാത്ര പാലമിറങ്ങി കഴിഞ്ഞതോടെ അണകെട്ടി നിർത്തിയിരുന്ന ട്രാഫിക് ജാമിന്‍റെ ഉരുൾപൊട്ടി. ബൈക്കുകൾ, സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസ്സുകൾ, എല്ലാവർക്കും ജീവൻ വച്ചു.

തലങ്ങും വിലങ്ങും വാഹനപ്പെരുമഴ പെയ്യാൻ തുടങ്ങിയപ്പോൾ ശ്രീറാം ഓട്ടോ സ്റ്റാർട്ടാക്കി കുറച്ച് ദൂരെയൊരിടം തേടി… തിരക്കില്ലാത്ത സ്‌ഥലത്ത് വണ്ടി പാർക്ക് ചെയ്‌തു.

തിരിഞ്ഞു നോക്കിയപ്പോൾ ആളുകളുടെ തിരക്കിൽ വിശാഖൻ കാതുകൾ പൊത്തിപ്പിടിച്ച് ഭ്രാന്തനെപ്പോലെ പാലത്തിനടിയിലേയ്ക്ക് ഓടുന്നത് കണ്ടു. കണ്ടില്ലെന്ന് നടിക്കാനാണ് ശ്രീറാമിന് തോന്നിയത്.

വിശാഖന്‍റെ ചെവിയടഞ്ഞു പോയിരിക്കുന്നു.

ശബ്ദമില്ല. രൂപമില്ല, നിഴലുകളില്ല. ഓടിയൊളിക്കാൻ തനിക്കൊരിടവും ഇല്ല. അവനൊന്നും മറന്നിട്ടില്ല. ശ്രീറാം തകർത്തു കളഞ്ഞത് വലിയൊരു പുകമറയാണ്.

കണ്മുന്നിൽ പുരുഷനമ്മാവന്‍റെ വീട്. ഭാമിനിയമ്മായിയേയും കുട്ടികളേയും ക്ഷേത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവാനാണ് വിശാഖൻ അന്ന് അവിടെ ചെന്നത്. തിണ്ണയിലും ഇറയത്തും ആരേയും കണ്ടില്ല.

അകത്തു നിന്ന് ചിരിച്ചു കൊണ്ടോടി വരുന്ന രുക്കു. കുളി കഴിഞ്ഞ് നനഞ്ഞ് ചുരുണ്ട മുടികൾ മുഖമാകെ പടർന്നു കിടക്കുന്നു. അഞ്ചുവയസ്സുകാരി രുക്കുവിന്‍റെ അരയിൽ ഒരു കുട്ടിത്തോർത്തു മാത്രം.

“അമ്മ കുളിക്കുവാ…” കുടുകുടെ ചിരിച്ച പെൺകുഞ്ഞിന്‍റെ തുടുത്തു ചുവന്ന കപോലങ്ങൾ. വലിയ നുണക്കുഴികൾ തെളിയുന്നു.

“അണ്ണാ… എന്‍റെ പുത്തനുടുപ്പു കണ്ടോ…?”

അവളെ വാരിയെടുത്ത് നെറ്റിയിൽ ഒരുമ്മ. കട്ടിലിൽ ഒരുക്കി വച്ചിരിക്കുന്ന പുത്തനുടുപ്പ്. പിന്നെ കവിളിൽ പതിയ പതിയെ ഒരുമ്മ കൊടുത്തു. വാത്സല്യത്തിന് കാമം വഴിമാറിയത് പൊടുന്നനെ. ചുറ്റും ആരുമില്ല. കുഞ്ഞിനെ എടുത്ത് മേശപ്പുറത്ത് നിർത്തി. അമർത്തി പൊതിഞ്ഞു പിടിച്ചപ്പോൾ നനഞ്ഞ കുഞ്ഞുമേനിയുടെ സുഖമുള്ള പതുപതുപ്പ്. കൗമാരം പിന്നിട്ട പതിനേഴുകാരന്‍റെ കൗതുകങ്ങൾ.

എന്താണ് ചെയ്യുന്നതെന്ന് തനിക്കു പോലും അറിയില്ലായിരുന്നു. കൊതിയോടെ വാരിപ്പുണർന്നു. ശ്വാസത്തിന് വേഗത കൂടി…

കുട്ടി ഭയന്ന് എതിർപ്പോടെ കരയാൻ തുടങ്ങി ഉറക്കെ.

ബലിഷ്ഠമായ കരവലയത്തിൽ കുട്ടി ശ്വാസം മുട്ടിപ്പിടഞ്ഞു.

“എടാ വിശാഖാ…” നടുവിന് തന്നെ ഒരു ചവിട്ട് കിട്ടി.

“എന്‍റെ കുഞ്ഞിനെ വിടെടാ പട്ടീ…” പുരുഷു ഒരു കൈ കൊണ്ട് കുഞ്ഞിനെ വലിച്ചെടുത്ത് മറുകൈ കൊണ്ട് വിശാഖന്‍റെ മുഖത്ത് ആഞ്ഞടിച്ചു.

ഒരു നിമിഷം, പ്രപഞ്ചം സ്തംഭിച്ചു പോയെന്ന് അവന് തോന്നി. മുറിവേറ്റ വ്യാഘ്രത്തെ പോലെ അവൻ മുരണ്ടു. കണ്ണുകൾ ചുവന്നു.

അകത്തു നിന്ന് ഭാമിനി ഓടിയെത്തി വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനെ വാരിയെടുത്തു. കുഞ്ഞിന്‍റെ മുറിഞ്ഞ ചുണ്ടുകളിൽ നിന്ന് രക്‌തം കിനിയുന്നുണ്ടായിരുന്നു. കവിളിലും നെഞ്ചിലുമെല്ലാം പോറലുകൾ… അരയിലെ കുട്ടിത്തോർത്ത് അഴിഞ്ഞു പോയിരുന്നു.

“നന്ദികെട്ട മൃഗമേ… നീയെന്‍റെ കുഞ്ഞിനെ…” പുരുഷു അവന്‍റെ നാഭിക്കിട്ടൊരു ചവിട്ടു കൂടി കൊടുത്തു. രോഷം സഹിക്കാതെ വീണ്ടും തല്ലാൻ വന്ന പുരുഷുവിനെ സർവ്വശക്തിയുമെടുത്ത് തള്ളിമറിച്ചിട്ട് അവൻ ഇരുട്ടിലേയ്ക്കോടി മറഞ്ഞു.

പുരുഷു ഭാമിനിയേയും കുഞ്ഞിനേയും വാരിപ്പുണർന്ന് പൊട്ടിക്കരഞ്ഞു. ഭാമിനിക്ക് ഭയം തോന്നി. ഭയം അധികരിച്ച് അവൾക്ക് ശ്വാസംമുട്ടി. സ്വന്തം കൂടപ്പിറപ്പിന്‍റെ മകൻ. പഠിത്തമൊക്കെ ഉഴപ്പി തേരാപ്പാരാ നടന്നപ്പോൾ പുരുഷു വിളിച്ച് കൂടെക്കൂട്ടിയതാണ്. വീടിനോടു ഒരൽപം വിട്ടുള്ള കെട്ടിടത്തിൽ പുരുഷു സ്വന്തം പപ്പടക്കട നടത്തുകയാണ്. പുരുഷുവിന് ഇടയ്ക്കിടയ്ക്ക് ചുഴലിയുടെ അസ്കിതയുണ്ട്. മരുന്നും കഴിക്കുന്നുണ്ട്.

അയാൾക്ക് അധികം ശരീരാദ്ധ്വാനമമൊന്നും പാടില്ല.

വിശാഖനാണെങ്കിൽ സ്വന്തം വീട്ടിൽ ഒട്ടും അഭിമതനല്ല. അവന്‍റെ അച്‌ഛൻ നേരത്തെ മരിച്ചു പോയി. അമ്മയും രണ്ടാനച്‌ഛനും മാത്രമാണുള്ളത്. രണ്ടാനച്ഛൻ അടിച്ചോടിച്ചപ്പോൾ ഓടി പുരുഷുവിന്‍റെ കാലിൽ വീണതാണ്. സ്വന്തം മകനെ പോലെ ഭാമിനി അവനെ കരുതി. പുരുഷുവിന്‍റെ കടയിൽ തന്നെയായിരുന്നു അവന്‍റെ കിടപ്പും ഇരിപ്പും. പുരുഷുവിന്‍റെ വലംകയ്യായി മാറി. തന്‍റെ മൂന്നു കുഞ്ഞുങ്ങളേയും അവൻ പൊന്നു പോലെ നോക്കുമായിരുന്നു. രുക്കു മാത്രമല്ല താഴോട്ടുള്ള മൂന്നു വയസ്സുകാരി ശ്യാമയും ഒന്നര വയസ്സുള്ള ചാന്ദ്നിയും അവനെ വിസാണ്ണാ എന്ന് സ്നേഹത്തോടെ വിളിക്കാൻ തുടങ്ങിയിരുന്നു.

ഓർക്കുന്തോറും ഭാമിനിയുടെ ചങ്ക് പറിഞ്ഞു പോയി. അവൻ തന്‍റെ കുഞ്ഞിനെ… പുരുഷു വന്ന് കയറിയില്ലായിരുന്നെങ്കിൽ? തന്‍റെ കുഞ്ഞിന്‍റെ ഗതി എന്താകുമായിരുന്നു?

പെറ്റതള്ളയുടെ ദുഃഖം ഭാമിനിക്ക് താങ്ങാനാവുന്നതിലും അധികം. ഹൃദയത്തിന്‍റെ ആഴത്തിലേയ്ക്ക് ഒറ്റപ്പെട്ടു പോയ അവളുടെ മനസ്സിനെ നീരാളികളെ പോലെ എങ്ങോട്ടോ എന്തോ വലിച്ചു കൊണ്ടു പോകുന്നു.

പിടികിട്ടാത്തവണ്ണം ഭാരരഹിതയായ ഭാമിനിയുടെ കടിഞ്ഞാൺ പൊട്ടിത്തകർന്നു, അവളറിയാതെ.

ഭാമിനിക്ക് ഒന്നു രണ്ടു വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമുണ്ട്. ഭക്ഷണവും അവിടന്ന് കിട്ടും. പോരാത്തതിന് ക്ഷേത്രത്തോടടുത്തായതു കൊണ്ട് അത്താഴപൂജ കഴിഞ്ഞാൽ പുരുഷൂന് പടച്ചോറ് വേറെയും.

ദാരിദ്യ്രമാണേലും ഒരുവിധം തട്ടീം മുട്ടീം കുടുംബം മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് ഇടിത്തീ പോലെ.

എന്താണ് പറയുന്നതെന്നു പോലും അറിയാതെ ഭാമിനി പതം പറഞ്ഞ് നില വിളിക്കുന്നുണ്ട്. രാത്രി ഇരുട്ടി.

കുഞ്ഞുങ്ങൾ തിണ്ണയിൽ കിടന്ന് ഉറങ്ങിക്കഴിഞ്ഞു. വാതിൽപ്പടിയിലിരുന്ന് പുരുഷു വിങ്ങിപ്പൊട്ടി. ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞുനുറുങ്ങുന്ന വേദന. ഇനി ജീവിക്കണമെന്നില്ല അവർക്ക്. അന്നാ വീട്ടിൽ ആരും ഒന്നും കഴിച്ചില്ല. ഭാമിനിയും പുരുഷുവും നിലവിളികളുടെ ചതുപ്പിലേയ്ക്ക് ആണ്ടിറങ്ങി കൊണ്ടിരുന്നു.

ഇരുട്ട് വീടിനെ മൊത്തം വിഴുങ്ങി കൊണ്ടിരുന്നു. എവിടെയോ മരണത്തിന്‍റെ ഗന്ധം പരക്കുന്നു. മരിക്കണമെന്ന് തന്നെ അവർ തീരുമാനിക്കുന്നു.

പൊടുന്നനെ, പടിപ്പുര വാതിൽത്തള്ളിത്തുറന്ന് ഒരു നീണ്ട നിഴൽ കയറി വന്നു. ഭീതിയോടെ ഭാമിനിയും പുരുഷുവും നോക്കി നിൽക്കെ ആ നിഴൽ മുന്നിലെത്തി. തിണ്ണയിൽക്കയറി വിളക്കിട്ടു.

അടുത്ത വീട്ടിലെ മീനുവക്കനായിരുന്നത്.

ഭാമിനി പണിക്കു പോകുന്ന വീടുകളിലൊന്ന്. മീനുവക്കൻ വിധവയാണ്. മക്കളില്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെയുണ്ട് എന്നല്ലാതെ മീനുവക്കൻ ആരാണ്, എന്താണവരുടെ ജോലിയെന്നൊന്നും ഭാമിനിക്കറിയില്ല.

ക്ഷേത്രത്തിലേയ്ക്ക് ആരെയും കണ്ടില്ല. ഇവിടെയെന്താ വിളക്കും വച്ചിട്ടില്ല… മീനുവക്കൻ സംശയത്തോടെ അങ്ങുമിങ്ങും നോക്കി. വെറും ശവങ്ങളെ പോലെ വിളറി വെറുങ്ങലിച്ചിരിക്കുന്ന ഭാമിനിയും പുരുഷുവിനേയും കണ്ട് അവർ അന്തംവിട്ടു. ഈശ്വരൻ പ്രത്യക്ഷപ്പെട്ട നിമിഷമായിരുന്നു അത്.

ഒരാശ്രയത്തിനെന്നോണം ഭാമിനി പൊട്ടിക്കരച്ചിലോടെ മീനുവക്കന്‍റെ കാലിൽ വീണു. പുരുഷു താൻ കാണേണ്ടി വന്ന അരുതായ്മകളുടെ കാഴ്ചകൾ ഒരിക്കൽ കൂടി ഓർക്കാനിഷ്ടപ്പെടാതെ മീനുവക്കനോട് പങ്കുവച്ചു. പലപ്പോഴും പുരുഷു വിറച്ചു കൊണ്ടിരുന്നു. ഭാമിനിയെ പിടിച്ചെഴുന്നേൽപിച്ചു മീനുവക്കൻ.

മഹാമേരു പോലെ അവർ വളരുന്നതായി ഭാമിനിക്ക് തോന്നി.

(തുടരും)

—- at 4.47 am

ഒരു മഞ്ഞുകാലം… അതിരാവിലെ 20-18, ഒരു പോയിന്‍റ് കൂടി എടുത്ത് ഗെയിം സ്വന്തമാക്കണം, അതായിരുന്നു ചിന്ത മുഴുവൻ. സഹകളിക്കാരന് നിർദ്ദേശം നൽകി സെർവ് ചെയ്യാനായി വലതു കോർട്ടിൽ റെഡി ആയപ്പോഴാണ് റോഡിൽ നിന്നും ജനേട്ടന്‍റെ ചോദ്യം…

ഡാ… നിങ്ങളറിഞ്ഞില്ലേ…?

ഇല്ല… എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് ഞാൻ അയാളെ നോക്കി.

ജനേട്ടൻ കാര്യം പറഞ്ഞു.

ആര്…?

ഞാൻ തിരിച്ചു ചോദിച്ചു.

ആാ… എനിക്കറിയില്ല, ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ഞാൻ കാണാനും പോയില്ല.

ആരോ ഒരാൾ, ജനേട്ടൻ നടന്നു നീങ്ങിക്കൊണ്ട് പറഞ്ഞു.

എവിടെ…?

കുറച്ചു ഉച്ചത്തിൽ ഞാൻ ചോദിച്ചു.

ആ ഗേറ്റിന്‍റെ വടക്ക് ഭാഗത്ത്…

ജനേട്ടൻ അതും പറഞ്ഞു നടന്നകന്നു.

ഹോ… രാവിലെ തന്നെ, കഷ്ടം… ഞാൻ പിറുപിറുത്തു.

ഈ വിവരം അറിഞ്ഞതും എല്ലാവരും അങ്ങോട്ടേക്ക് ഓടി. വാശിയോടെയുള്ള ഗെയിം ആയിരുന്നു, എന്ത് ചെയ്യാൻ!!!

ഗെയിം നഷ്ടമായ നിരാശയിൽ ഞാനും അവരുടെ പിറകെ് ഓടി.

ഏകദേശം ഒരു 200 മീറ്റർ ദൂരമേയുള്ളൂ ഞങ്ങളുടെ കളി സ്ഥലവും റെയിൽവേ ഗേറ്റും തമ്മിൽ.

ഇന്നലെ പെയ്ത മഞ്ഞു റോഡിനിരുവശവും നനവ് പടർത്തിയിട്ടുണ്ടായിരുന്നു. പുല്ലുകളിലും തെങ്ങോല കൈകളിലും മഞ്ഞിന്‍റെ നനുത്ത സ്പർശം കാണാം. റോഡിലെ ചെറിയ കുഴികളിൽ വെള്ളം നിറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തിരുന്നോ?

കൂടെയുള്ളവർ കുറേ മുന്നിലാണ്, ഞാൻ ഓട്ടത്തിന്‍റെ വേഗത കുറച്ചു. സർക്കാർ ജനങ്ങളോടൊപ്പം എന്ന് വിളംബരം ചെയ്യുന്ന ഒരു മതിലെഴുത്ത് ഞാൻ കണ്ടു.

കൂടെ വെള്ള വസ്ത്രത്തിൽ, കൈ ഉയർത്തി ചിരിച്ച് നിൽക്കുന്ന ഫോട്ടോയും.

ഞാൻ കാണാൻ പോകുന്ന ആൾ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല. ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ. രാത്രിയിലെ ഇരുട്ടിൽ അയാൾ ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും മനസ്സിൽ ഇരുട്ട് നിറഞ്ഞാൽ എന്ത് മതിലെഴുത്ത്.!!

എന്ത് പ്രത്യയശാസ്ത്രം.!!

അങ്ങനെ ഞാനും ഗേറ്റിന് അടുത്തെത്താറായി. കുറച്ച് സ്ത്രീകൾ നടന്നു വരുന്നുണ്ടായിരുന്നു. ചെറിയ ക്ളാസ്സുകളിൽ കൂടെ സ്കൂളിൽ പഠിച്ച ഉഷയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. അവൾ എന്നെ കണ്ടപ്പോൾ അന്ധാളിപ്പോടെ നോക്കി. സങ്കടത്തോടെ തല കുമ്പിട്ടു നടന്നുപോയി. എപ്പോഴും കാണുമ്പോൾ ലോഹ്യം പറയാറുള്ളതാണ്. പക്ഷേ ഇന്ന് അവൾക്ക് എന്തുപറ്റി?

ഗേറ്റിന് അടുത്തായി പടിഞ്ഞാറു ഭാഗത്ത് വലിയൊരു പുളിമരവും നെല്ലിമരവും ഇന്നും തല ഉയർത്തി നിൽക്കുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് റെയിലിൽ നിന്നും കരിങ്കല്ലുകൾ പെറുക്കി നെല്ലിക്കയും പുളിയും എറിഞ്ഞിട്ടതും, അത് കൂട്ടുകാർക്കൊക്കെ പങ്കിട്ടു കഴിച്ചതും ഓർമ്മയിൽ വന്നു. നെല്ലിക്ക കഴിച്ച് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു മധുരം ഈ ഓർമ്മ യിൽ നാവിലെത്തി… അത് നുണച്ചിറക്കി.

റെയിൽവേ ഗേറ്റ് അടച്ചിട്ടുണ്ടായിരുന്നില്ല. റോഡിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നുണ്ടായിരുന്നു.

ഗേറ്റിന് അൽപം വടക്ക് മാറി ചെറിയ ഒരു ആൾക്കൂട്ടം. കൂട്ടത്തിൽ രണ്ടു പോലീസുകാരും. ഞാൻ അങ്ങോട്ടേക്ക് നടന്നു. എനിക്ക് ആകാംക്ഷയായി, ആരോ കൊത്തിയിട്ട ആ പച്ചോലകൾക്കുള്ളിൽ കിടക്കുന്നത് ആരായിരിക്കും എന്നറിയാൻ.

അത് കണ്ട് തിരിച്ചു വരുന്നവർ ഒക്കെ എന്നെ അദ്ഭുതത്തോടെ ആശ്ചര്യത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒന്നും പറയാൻ നിൽക്കാതെ അവർ നടന്നകന്നു.

അടുത്തെത്താറായി… അടുത്തെത്തി, ചിന്നി ചിതറിയ മാംസക്കഷ്ണങ്ങൾ… അറ്റുപോയ കൈകാലുകൾ.

അവയിലെ ചെറുരോമങ്ങൾക്കിടയിൽ രക്തം കട്ട പിടിച്ചിരിക്കുന്നു. അതിനടുത്തായി ഒരു വലിയ കണ്ണട ഉടഞ്ഞു കിടക്കുന്നു.

അരിമണികൾ വിതറിയ പോലെ കാണപ്പെട്ടു.

സമയ ക്ലിപ്തതയില്ലാതെ വരുന്ന ഏതോ ഗുഡ്സ് ട്രെയിൻ ആയിരിക്കണം അയാളുടെ ജീവൻ എടുത്തത്.

ആയിരങ്ങളുടെ വിശപ്പകറ്റാൻ അരിമണിയുമായി പോകുന്ന വണ്ടിക്ക് വേഗത പോരാ എന്ന് കരുതി, വേഗത കൂട്ടാൻ വേണ്ടി അയാൾ ജീവൻ കൊടുത്തതായിരിക്കുമോ…?

ലോഹ കൈകളാൽ വായ്ക്കരിയിടാൻ വിധിക്കപ്പെട്ടവൻ ആയിരിക്കണം.

ആരോ പച്ചോല ഉയർത്തി, ഈച്ചകൾ പറന്നു കളിക്കുന്നു. ശരീരഭാഗങ്ങൾ പെറുക്കി കൂട്ടി വച്ചിരിക്കുന്നു. പിളർന്ന തല, ഇടതു ഭാഗം പൂർണമായും അടർത്തിയെടുത്ത് പോലെ. പാതി തുറന്ന വലിയ കണ്ണുകൾ, അരിമണികൾ പറ്റിപ്പിടിച്ച ചുണ്ടുകൾ, രാത്രിമഴയും മഞ്ഞുമേറ്റ് വിളറിയിരിക്കുന്നു.

മഴയെയും, മഞ്ഞിനേയും, നിലാവിനെയും സ്നേഹിച്ചവൻ ആയിരിക്കണം. തന്നെ കാണാൻ മഴ വരും എന്ന പ്രതീക്ഷയിൽ ആയിരിക്കണം അയാൾ പാതി കണ്ണ് തുറന്ന് വച്ചത്.

അയാൾക്ക് വേണ്ടി മാത്രമായിരിക്കണം ഇന്നലെ രാത്രി മഴ പെയ്തത്. സത്യമാകാം… അയാളുടെ കണ്ണുകളിൽ നോക്കി, ചുണ്ടുകളിൽ ചുംബിച്ചു, പുഞ്ചിരിച്ച് മഴ കടന്ന് പോയിട്ടുണ്ടാകണം.

അവിടെ കൂടിയവരും ആ രണ്ടു പോലീസുകാരും എന്നെ അദ്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒഴിഞ്ഞു മാറി ഞാൻ വേഗം തിരിച്ചു നടന്നു.

ആ കരിക്കല്ലുകൾക്ക് മുകളിൽ ഞാൻ എന്‍റെ കാൽപ്പാടുകൾ തേടുകയായിരുന്നു. അപ്പോൾ ഗേറ്റിനരികിലെ പുളിമരവും നെല്ലിമരവും എന്നെ നോക്കി കണ്ണീർ പൊഴിച്ച് സങ്കടത്തോടെ ചോദിച്ചു.

ഇന്നലെ രാത്രി നല്ല നിലാവ് ഉണ്ടായിരുന്നില്ലേ?

നിനക്ക് ഞങ്ങളെ വ്യക്‌തമായി കാണാമായിരുന്നില്ലേ?

കല്ലുകൾ എടുത്ത് ഞങ്ങളെ എറിയാമായിരുന്നില്ലേ?

കുട്ടിക്കാലം മുതൽക്കെ നിന്നെ നമുക്ക് അറിയുന്നതല്ലേ… എന്നിട്ടും ഞങ്ങളുടെ മുന്നിൽ വച്ച് തന്നെ ഇങ്ങനെ ചെയ്യണമായിരുന്നോ…?

എവിടുന്ന് കിട്ടി നിനക്ക് ഇത്രയും ധൈര്യം?

അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. ആ ഉടഞ്ഞ കണ്ണടയും പാതി തുറന്ന വലിയ കണ്ണുകളും വിളറിയ ചുണ്ടുകളും എന്‍റേതായിരുന്നുവെന്ന്.

സാഗരസംഗമം ഭാഗം 9

“അമ്മേ… എന്‍റെ അമ്മേ ഒരു നോക്കു കാണുവാൻ ഇതാ ഈ മക്കളെത്തിയിരിക്കുന്നു…” ഹൃദയം ഒരു കടലു പോലെ അലറുന്നത് ഞാനറിഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി തറവാട്ടിനകത്തേയ്ക്ക് ഞാൻ ഓടിക്കയറുകയായിരുന്നുന്നോ? പടിക്കെട്ടുകൾ കയറി സിറ്റൗട്ടിലെത്തുമ്പോൾ അവിടെ നനഞ്ഞ മിഴികളോടെ മായ നില്പുണ്ടായിരുന്നു.

“എവിടെ മോളെ അമ്മ? അമ്മയ്ക്കെന്തു പറ്റി?” ഉദ്വേഗത്തോടെയുള്ള എന്‍റെ ചോദ്യം കേട്ടിട്ടാവണം മായ മിഴികൾ തുടച്ച് പറഞ്ഞു.

“അമ്മ അകത്ത് ബെഡ്റൂമിൽ കിടക്കുകയാണ് ചേച്ചി. ബാംഗ്ലൂരിൽ വച്ച് ഒന്നു വീണു. അതിനെത്തുടർന്ന്..” മുഴുമിക്കാൻ കഴിയാതെ അവൾ മൂകയായി നിന്നു. പിന്നെ ഇടറുന്ന വാക്കുകളോടെ തുടർന്നു. അവിടെ ഹോസ്പിറ്റലിയായിരുന്നു കുറെനാൾ. എന്നാൽ വലിയ വ്യത്യാസമൊന്നും കാണാത്തതിനാൽ ഇങ്ങോട്ടു പോരണം എന്ന് അമ്മ നിർബന്ധം പിടിച്ചു. വീഴ്ചയിൽ നട്ടെല്ലിനാണ് പരുക്കേറ്റത്. നേരത്തെ രോഗിയായിരുന്ന അമ്മയെ അത് കൂടുതൽ ബാധിച്ചു. ഇവിടെ വന്ന് ആയുർവേദമൊക്കെ കുറെ നോക്കി. പക്ഷേ കൂടുതൽ കൂടുതൽ സീരിയസ്സായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറവൊന്നും കാണുന്നില്ല ചേച്ചീ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ അകത്തേയ്ക്കു തിരിഞ്ഞു നടന്ന അവളുടെ പുറകേ നടക്കുമ്പോൾ ഹൃദയം കനൽ തീയിലെന്ന പോലെ വെന്തു നീറി.

ഒരു കാലത്ത് അമ്മയായിരുന്നു തനിക്കെല്ലാമെല്ലാം. ഏതു ദുഃഖവും ഇറക്കിവെയ്ക്കാനുള്ള അത്താണി. അച്ഛന്‍റെ ക്രൂരമായ സമീപനത്തിൽ ഞാൻ പിടഞ്ഞപ്പോൾ അകലെ മാറി നിന്നാണെങ്കിലും, കണ്ണീരൊഴുക്കാനും, സ്വയം നീറിയുരുകാനും അമ്മയുണ്ടായിരുന്നു. അന്നൊക്കെ എന്‍റെ വേദനകൾ അമ്മ പങ്കിട്ടെടുത്ത് സമാശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നെ ഞാൻ ഡൽഹിയ്ക്കു പോയപ്പോൾ അകന്നു നിന്നാണെങ്കിലും എല്ലായ്പ്പോഴും എന്‍റെ ദുഃഖങ്ങൾ അമ്മ കണ്ടറിഞ്ഞിരുന്നു. അടുത്തിരുന്ന് ആശ്വസിപ്പിയ്ക്കാനായില്ലെങ്കിലും അകന്നു നിന്ന് എന്‍റെ വേദനകൾ പങ്കിട്ടെടുക്കാൻ അമ്മയ്ക്കു കഴിഞ്ഞു. പലപ്പോഴും കത്തുകളിലൂടെ എന്നെ സമാശ്വസിപ്പിച്ചു.

അച്‌ഛനോടുള്ള വൈരാഗ്യത്താൽ കുടുംബത്തിൽ നിന്നും അകന്നു മാറാനും, പൂർവ്വ – ബന്ധങ്ങളെ മറക്കുവാനും ശ്രമിച്ച എന്നെ സ്നേഹത്തിലൂടെ ആവാഹിച്ച് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നത് അമ്മയാണ്. എല്ലാമെല്ലാം ഓർത്തപ്പോൾ അമ്മയോടുള്ള എന്‍റെ സ്നേഹം കൂടുതൽ കൂടുതൽ കത്തിജ്വലിച്ചു. വിറയ്ക്കുന്ന കാലടികളോടെ കിടപ്പു മുറിയിലെത്തി നിന്ന എന്നെ, കാളിമ പൂണ്ട രണ്ടു മിഴിയിണകളാണ് വരവേറ്റത്. അമ്മ! കിടക്കയിൽ അനങ്ങാനാവാതെ… സജലങ്ങളായ കണ്ണുകളോടെ എന്നെ നോക്കി കിടക്കുന്നു.

“ങ്ഹാ… നീയെത്തിയോ? നിന്നെക്കാണാതെ മരിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. ഭഗവാൻ കാത്തൂ. നിന്നെ കണ്ടല്ലോ. എന്‍റെ പൊന്നുമോളെ കണ്ടല്ലോ.”

“അതെ അമ്മെ… ഞങ്ങൾ ഗുരുവായൂർക്ക് പോയതായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മയെ കാണണം എന്നു തോന്നി.”

ആ കിടക്കയ്ക്കരികിലിരുന്നു കൊണ്ട് ഇടറുന്ന മനസ്സോടെ ഞാൻ പറഞ്ഞു.

“അതു നന്നായി മോളെ, എവിടെ എല്ലാവരും? നരനും മറ്റും വന്നില്ലെ?”

ആകാംക്ഷ തുടിയ്ക്കുന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ ആ കരങ്ങളെടുത്ത് മടിയിൽ വച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“എല്ലാവരുമുണ്ടമ്മേ… നരേട്ടനും, കൃഷ്ണമോളും, ദേവാനന്ദും പിന്നെ ടുട്ടുമോനും അപ്പോഴേയ്ക്കും വാതിൽക്കലെത്തി നിന്ന നരേട്ടനേയും കൃഷ്ണമോളെയും കണ്ട് അമ്മ അമിതാഹ്ലാദത്തോടെ പറഞ്ഞു.

“ങ്ഹാ… എത്രനാളായി എല്ലാവരേയും കണ്ടിട്ട് കൃഷ്ണമോളിങ്ങടുത്തു വന്നേ… മുത്തശ്ശി ഒന്നു നല്ലോണം കാണട്ടെ…”

കൃഷ്ണമോൾ വളരെ പതുക്കെ അമ്മയുടെ അടുത്ത് നടന്നെത്തി ആ കട്ടിലിനു സമീപം നിന്നു.

“മുത്തശ്ശിയ്ക്കെന്തു പറ്റി? ആകെ ക്ഷീണിച്ച് കോലം കെട്ടു പോയല്ലോ? അമ്മയുടെ കൈയ്യിലിരിക്കുന്ന മുത്തശ്ശിയുടെ പഴയ ഫോട്ടോയിൽ മുത്തശ്ശിയെക്കാണാനെന്ത് ഭംഗിയാണ്?”

“മുത്തശ്ശിക്കിപ്പോൾ തീരെ വയ്യാണ്ടായി കുട്ടി. ഇനി അധികകാലമൊന്നും മുത്തശ്ശിയില്ല. അതിനുമുമ്പ് നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞുവല്ലോ. അതു തന്നെ വലിയ സമാധാനം.” അതുകേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മുത്തശ്ശിയ്ക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ. മുത്തശ്ശി ഇപ്പോഴും നല്ല ചെറുപ്പമല്ലേ? സ്വീറ്റ് സെവന്‍റീ ഓർ എയിറ്റീ? അതൊന്നും ഇന്നത്തെക്കാലത്ത് മരിയ്ക്കാനുള്ള പ്രായമല്ലല്ലോ മുത്തശ്ശി?”

“അതെയതെ… വയസ്സ് എൺപത്തിയഞ്ചാകുന്നു. ഇനിയും അധികം കിടന്ന് നരകിപ്പിയ്ക്കാതെ അങ്ങ് വിളിച്ചാൽ മതിയായിരുന്നു.”

അൽപം നിർത്തി അമ്മ വീണ്ടും ചോദിച്ചു.

“അല്ല… നരനും നിന്‍റെ ഭർത്താവും കുഞ്ഞുമെല്ലാം അവിടെത്തന്നെ നിൽക്കുകയാണോ? എല്ലാവരോടും എന്‍റെയടുത്തേയ്ക്ക് വരാൻ പറയൂ. ഞാൻ എല്ലാവരേയും ഒന്നു നല്ലോണം കാണട്ടെ.”

വാതിക്കൽ തന്നെ നിന്ന് അമ്മയെത്തന്നെ വീക്ഷിച്ചു കൊണ്ടു നിന്ന നരേട്ടനും, ദേവാനന്ദും കുഞ്ഞിനെയും കൊണ്ട് അമ്മയുടെ സമീപത്തെത്തി നിന്നു.

“അല്ലാ…. വിഷ്ണു നാരായണാ നിയെന്താ വല്ലാതെ ക്ഷീണിച്ചു പോയല്ലോ? നീയിപ്പോൾ ഡോക്ടറെ കാണാറും, മരുന്നു കഴിക്കാറുമൊന്നുമില്ലെ” അമ്മ ഉദ്വേഗത്തോടെ അന്വേഷിച്ചു. അതുകേട്ട് നരേട്ടൻ വ്യാകുല ചിത്തനായി അറിയിച്ചു.”

“എല്ലാം മുറപോലെ നടക്കുന്നുണ്ട് അമ്മേ. പക്ഷേ വയസ്സായില്ലെ. അതിന്‍റെ ക്ഷീണവും കാണും. .”

“എന്തു വയസ്സ്. നിങ്ങളെക്കാൾ എത്രയോ മൂത്ത ഞാനിപ്പോഴാണ് കിടപ്പിലായത്. ഇത്രയും നാൾ വലിയ കുഴപ്പമൊന്നും കൂടാതെ ഓടി നടന്നതാണ്. പക്ഷേ ബാംഗ്ലൂരിൽ വച്ചുണ്ടായ ആ വീഴ്ച അതെന്നെ കിടത്തിക്കളഞ്ഞു. ങ്ഹാ… അങ്ങോട്ടു ചെല്ലാൻ സമയമായെന്ന് ഭഗവാന് തോന്നിക്കാണും. അതിന് വല്ല കാരണവും വേണ്ടേ.” അങ്ങനെ പറഞ്ഞ് അൽപം നിർത്തി അമ്മ നരേട്ടന്‍റെ പുറകിൽ നിൽക്കുന്ന ദേവാനന്ദിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.

“ആ നിൽക്കുന്നത് കൃഷ്ണമോളുടെ ഭർത്താവും, കുഞ്ഞുമല്ലോ? ഇങ്ങടുത്തു വാ മക്കളെ. മുത്തശ്ശി നല്ലോണം കാണട്ടെ.”

പക്ഷെ മുത്തശ്ശിയുടെ മലയാളം മനസ്സിലാകാതെ നിന്ന ദേവാനന്ദ് അനങ്ങാതെ നിന്നപ്പോൾ കൃഷ്ണമോൾ അടുത്തെത്തി ഹിന്ദിയിൽ അറിയിച്ചു.

“ദേവേട്ടാ… മുത്തശ്ശി വിളിക്കുന്നത് നിങ്ങളെയാണ്. മോനേയും കൊണ്ട് അടുത്തേയ്ക്കു ചെല്ലൂ.”

അതുകേട്ട് ഒരു ചെറുമന്ദസ്മിതത്തോടെ ദേവാനന്ദ് മുത്തശ്ശിയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. അപ്പോൾ കൃഷ്ണമോൾ അറിയിച്ചു.

“മുത്തശ്ശി, ദേവേട്ടൻ പഞ്ചാബിയാണ്. ഹിന്ദിയും പഞ്ചാബിയും മാത്രമേ അറിയൂ…”

“ഓ… അങ്ങിനെയാണോ? അതു ഞാനറിഞ്ഞില്ല. ഏതായാലും കൊച്ചുമോനെ ഞാനൊന്നു കണ്ടോട്ടെ…”

കൃഷ്ണമോൾ ദേവാനന്ദിന്‍റെ കൈയ്യിൽ നിന്ന് ടുട്ടുമോനെ വാങ്ങി മുത്തശ്ശിയുടെ അടുത്തെത്തിപ്പറഞ്ഞു.

“ഇതാ മുത്തശ്ശി. നല്ലോണം കണ്ടോളൂ. മുത്തശ്ശിയുടെ പേരക്കിടാവിനെ.

അവനെക്കണ്ട് അമ്മ നിറകണ്ണുകളോടെ പറഞ്ഞു. “നമ്മുടെ രാഹുൽമോൻ കൊച്ചിലെ ഇരുന്നതുമാതിരിത്തന്നെയുണ്ട്. ഈശ്വരന്‍റെ മായാലീല… അല്ലാതെന്തു പറയാൻ.”

അതുകേട്ട് നരേട്ടന്‍റേയും, എന്‍റേയും കണ്ണുകൾ നിറഞ്ഞു വന്നു. നരേട്ടൻ നിറകണ്ണുകളോടെ പറഞ്ഞു.

“അതെ! രാഹുലിനു പകരം ഈശ്വരൻ ടുട്ടുമോനെ നൽകി ഞങ്ങളെ സമാശ്വസിപ്പിക്കുവാൻ ശ്രമിക്കുകയാണ്. പക്ഷേ അദ്ദേഹം വിളിച്ചു കൊണ്ടു പോയ ഞങ്ങളുടെ പൊന്നുമോനെ തിരിച്ചു നൽകാൻ ഭഗവാനാവുകയില്ലല്ലോ… മനുഷ്യന്‍റെ മുമ്പിൽ പലപ്പോഴും ഈശ്വരനും നിസ്സഹായനായിത്തീരുന്നു എന്നല്ലെ അതിനർത്ഥം.”

“അതെ! മരണത്തെ തോൽപിക്കുവാൻ ഈശ്വരനുമാവുകയില്ല കുഞ്ഞെ. മരണമാണ് ആത്യന്തികമായ സത്യം. തിരശ്ശീലയ്ക്കപ്പുറത്ത് നമ്മുടെ ഊഴമെത്താൻ കാത്തു നിൽക്കുന്ന കാലമെന്ന സത്യത്തെ പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. മിക്കപ്പോഴും നിഴൽ പോലെ നമ്മുടെ തൊട്ടു മുന്നിൽ നില കൊള്ളുന്ന മരണമെന്ന ആത്യന്തിക സത്യത്തെ തിരിച്ചറിയുന്ന മനുഷ്യന് ഒരിക്കലും തെറ്റുപറ്റുകയില്ല കുഞ്ഞെ… ലൗകീകമായ സുഖഭോഗങ്ങളിൽ മയങ്ങി ജീവിക്കുമ്പോൾ പലപ്പോഴും നമ്മളാ സത്യത്തെക്കുറിച്ചോർക്കുന്നില്ല. ജീവിതം അനന്തമായി നീളുമെന്ന് വിശ്വസിക്കുന്നവർ പലപ്പോഴും ലൗകിക സുഖഭോഗങ്ങൾക്കായി തെറ്റുകളിൽ നിന്ന് തെറ്റുകളിലേയ്ക്ക് വഴുതി വീണു പോകുന്നു.”

അമ്മ ഒരു സന്യാസിനിയെപ്പോലെ വേദാന്ത ചിന്തകൾ ഉരുവിട്ടു കൊണ്ടിരുന്നു. ജീവിതപ്പൊരുളറിഞ്ഞ മരണത്തോടടുത്ത ഒരു വ്യക്‌തിയുടെ മൊഴികളായിരുന്നു അവ. അതുകൊണ്ടു തന്നെ ആ വാക്കുകളുടെ പൊരുൾ എനിക്കും നരേട്ടനും തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ ഞങ്ങളുടെ സമീപം നിന്ന കൃഷ്ണമോൾ അസ്വസ്ഥയായി.

“എന്താ മുത്തശ്ശിയും പപ്പായെയും മമ്മിയെയും പോലെ വേദാന്തിയായി മാറുകയാണോ?” അതുകേട്ടു കൊണ്ടിരുന്ന കൃഷ്ണമോൾ അൽപം നീരസത്തോടെ ചോദിച്ചു.

“അതെ മോളെ… അനുഭവങ്ങളാണ് മനുഷ്യനെ പലപ്പോഴും വേദാന്തിയാക്കി മാറ്റുന്നത്. കുറച്ചു കൂടി പ്രായമാവുമ്പോൾ നിനക്കതു മനസ്സിലാകും.”

അമ്മയുടെ വാക്കുകൾ കൃഷ്ണമോൾക്ക് ദഹിക്കാത്തതു പോലെ തോന്നി. അവൾ പുറം തിരിഞ്ഞ് നടന്നു കൊണ്ടു പറഞ്ഞു.

“ഈ വേദാന്തമൊന്നും എനിക്ക് ദഹിക്കുന്നില്ല മുത്തശ്ശി. ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ തുടങ്ങിയാൽ ജീവിതമുണ്ടാവുകയില്ല. എനിക്കേതായാലും ഈ വേദാന്തമൊക്കെ കേട്ടു കേട്ടു മടുത്തു. ഞാൻ പോവുകയാണ്.”

അവൾ കുഞ്ഞിനെയുമെടുത്ത് മുറിയ്ക്കു പുറത്തു കടന്നപ്പോൾ അമ്മ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അവൾ ചെറുപ്പമല്ലേ? ഇത്തരം കാര്യങ്ങളെ ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞെന്നു വരികയില്ല. സാരമില്ല… നിങ്ങൾ അകത്തു പോയി ഡ്രസ്സൊക്കെ മാറ്റി എന്തെങ്കിലും കഴിയ്ക്കൂ. മായമോളെ ഇവർക്കവരുടെ റൂം ഒരുക്കി കൊടുക്കൂ. കുളിക്കുകയോ, എന്തെങ്കിലും ആഹാരം കഴിക്കുകയോ ഒക്കെ ചെയ്ത് യാത്രാക്ഷീണം മാറ്റട്ടെ അവർ…”

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് മുറിയിൽ ഒതുങ്ങി നിന്ന മായമോൾ ഞങ്ങളുടെ അടുത്തെത്തിപ്പറഞ്ഞു. “വരൂ ചേച്ചി… നരേട്ടനെയും കൂട്ടി ചേച്ചിയുടെ മുറിയിലേയ്ക്ക് വന്നോളൂ. ഞാനെല്ലാം ഒരുക്കിയിട്ടുണ്ട്.”

മായയുടെ പുറകെ റൂമിലേയ്ക്കു നടക്കുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഏതോ നടുക്കുന്ന ഓർമ്മകൾ എന്നെ പിന്തുടർന്നെത്തുന്നതായി തോന്നി. ഒരിക്കൽ വിസ്മൃതിയുടെ കയങ്ങളിൽ ഞാനുപേക്ഷിച്ചു പോയ ദുരന്ത സ്മൃതികൾ വീണ്ടും എന്നെ തേടിയണയുകയാണോ?

ഏതോ അനുരാഗ കഥയുടെ ദുരന്തപൂർണ്ണമായ പരിസമാപ്തിയല്ലേ ഇവിടുത്തെ കാറ്റിൽ അലയടിക്കുന്നത്? തടവറയിൽ പീഡിപ്പിക്കപ്പെട്ട ഒരാത്മാവിന്‍റെ തേങ്ങലുകൾ ഇപ്പോഴും ഇവിടെ തങ്ങി നിൽക്കുന്നില്ലേ? വിറപൂണ്ട പാദപതനങ്ങളോടെ നരേട്ടനു പുറകെ ഞാനാ മുറിയിൽ പ്രവേശിച്ചു. ഞങ്ങളെ മുറിയിലാക്കി മായമോൾ തിരിഞ്ഞു നടന്നപ്പോൾ ഞാനാ മുറിയാക വീക്ഷിച്ചു.

ആ മുറിയിലെ ഓരോ വസ്തുവും മനസ്സിന്‍റെ ഉള്ളറകളിൽ മരിക്കാതെ സൂക്ഷിച്ച ഏതോ സ്മരണകളിലേയ്ക്കു മനസ്സിനെ വീണ്ടും വീണ്ടും ക്ഷണിച്ചു കൊണ്ടിരുന്നു. സുഗന്ധം പൂശിയ ഓർമ്മകളുടെ നറുമണം ഒരിക്കൽ കൂടി ഇന്ദ്രിയങ്ങളെ കുളിരണിയിച്ചു. അറിയാതെ വാർഡ്രോബിനടുത്തേയ്ക്ക് കാലുകൾ നടന്നെത്തി. ആരോ തന്നെ അങ്ങോട്ടേയ്ക്ക് നയിച്ചു എന്നു പറയുന്നതാവും ശരി.

വാർഡ്രോബിന്‍റെ താക്കോൽ അപ്പോൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അതിന്‍റെ കീഹോളിൽത്തന്നെയുണ്ടായിരുന്നു. ഒരു നിമിഷം വാതിൽ വലിച്ചു തുറന്ന ഞാൻ സ്തംബ്ധയായിപ്പോയി. ഇന്നും പുതുമ മങ്ങാതെ അതിൽ സൂക്ഷിച്ചിരിക്കുന്ന എന്‍റെ കല്യാണ വസ്ത്രങ്ങൾ. ഏതാനും ദിവസം ഉമ്മയുടെ ആഗ്രഹമനുസരിച്ച് മുസ്ലീം വധുവായിക്കഴിഞ്ഞ എന്നെ അദ്ദേഹത്തിന്‍റെ ഉമ്മ അണിയിച്ചൊരുക്കിയപ്പോൾ ഞാനണിഞ്ഞ ആഭരണങ്ങൾ കസവുതട്ടം, പിന്നെ ഏതാനും കുപ്പിവളകൾ… എല്ലാമെല്ലാം പുതുമ മങ്ങാതെ അതേപടി സൂക്ഷിച്ചിരിക്കുന്നു. മനസ്സിനുള്ളിൽ ഒരായിരം മാലപ്പടക്കങ്ങൾ പൊട്ടിച്ചിതറി. അത് സന്തോഷത്തിന്‍റെയോ അതോ സന്താപത്തിന്‍റെയോ എനിക്കു തന്നെ നിശ്ചയമില്ലെന്നു തോന്നി.

പിന്നെ ഡ്രോയ്ക്കുള്ളിൽ ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്, ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. സുവർണ്ണ ലിപികളിൽ അദ്ദേഹം കോറിയിട്ട അക്ഷരങ്ങൾ.

“അനശ്വര സ്നേഹത്തിന്‍റെ താജ്മഹൽ ഹൃദയത്തിൽ പണിതുയർത്തി നിനക്കായി ഞാൻ കാത്തിരിക്കുന്നു.” ആ വാക്കുകളുടെ ആന്തരാർത്ഥത്തെക്കുറിച്ചോർക്കാതെ അദ്ദേഹം കുറിച്ച വരികൾ. അവ അറം പറ്റിയോ? അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ ആ മാർബിൾ കുടീരത്തിൽ ഇന്ന് ഞാൻ യഥാർത്ഥത്തിൽ മരിച്ചു ജീവിക്കുന്നവളാണല്ലോ. നിറഞ്ഞുതുളുമ്പിയ കണ്ണുകൾ വീണ്ടും എന്തോ പരതി ചുറ്റും നോക്കി. (തുടരും)

ബിക്കിനി കള്ളൻ

സെൻട്രൽ മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിയിലെ ചുവരിൽ ആണിയിൽ തൂങ്ങിക്കിടക്കുന്ന മഹാത്മാജിയുടെ ചിത്രത്തിലേക്ക് നോക്കി രാമാനുജൻ പതിവു പോലെ കൈകൂപ്പി. കാണുന്നവർക്ക് തോന്നും ഇത്രയും ദേശഭക്തിയുള്ള പോലീസുകാരനോ, അൽപം കൂടി സൂക്ഷിച്ചു നോക്കിയാൽ ഗാന്ധിജിയുടെ ഫോട്ടോയോട് ചേർന്ന് താഴെ മൂലയിൽ വച്ച ഒരു ചെറിയ ചിത്രം, രാമാനുജൻ കടുത്ത വൈഷ്ണവാരാധകനാണ്.

കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ഈ വ്യായാമം ഇന്നും അയാൾ നിർവ്വഹിച്ചു. പ്രാർത്ഥിക്കുമ്പോൾ ചുണ്ടുകൾ മെല്ലെ അനക്കും. പക്ഷേ ശബ്ദം പുറത്തേക്കു വരില്ല. സെൻട്രൽ മാർക്കറ്റ് സ്റ്റേഷനിൽ നിന്ന് ഒരിക്കലും സ്‌ഥലം മാറ്റം ഉണ്ടാവരുതല്ലോ. അതിനും കൂടിയാണ് ഈ കൈമണി.

രാമാനുജന്‍റെ വീട് സെൻട്രൽ മാർക്കറ്റ് റോഡിലാണ്. വീട്ടിൽ നിന്ന് അമ്പത് അടി നടന്നാൽ സ്റ്റേഷനായി. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ജീവിക്കുന്നത് ഈ തിരക്കു പിടിച്ച ചന്തത്തെരുവിലാണ്. ഇവിടെത്തന്നെയായിരുന്നു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കവും ഇവിടെ മതിയെന്ന് ചിന്തിക്കാതിരിക്കാൻ ഒരു കാരണവുമില്ല രാമാനുജന്.

സ്റ്റേഷനിലെ ഏറ്റവും ഇടുങ്ങിയ മുറിയാണ് റെക്കോർഡ് റൂം. അക്കാലമത്രയും ഉള്ള കേസുകൾ ഫയലുകളായി ശ്വാസം മുട്ടിക്കിടക്കുകയാണ് അവിടെ. പക്ഷേ ഏതു ഫയലും എപ്പോൾ ചോദിച്ചാലും രാമാനുജന് കൃത്യമായറിയാം. രാവിലെ 8 മണിക്കു വന്നാൽ രാത്രി 8 മണി വരെ രാമാനുജന്‍റെ സേവനം അവിടെയുണ്ട്.

ഗാന്ധി ചിത്രത്തിനു താഴെ നിന്ന് ചന്ദനത്തിരി കത്തിച്ചു വച്ച് ഒരു മിനിറ്റ് കണ്ണടച്ചു നിന്നിട്ട് രാമാനുജൻ തന്‍റെ കസേരയിൽ വന്നിരുന്നു. അതേ സമയം തന്നെ രണ്ട് സുന്ദരികൾ അവിടേക്ക് വന്നു. രണ്ടുപേർക്കും ശരാശരിയിലധികം ഉയരമുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് യാതൊരു സങ്കോചവുമില്ലാതെ അവർ കടന്നു വന്നു. വളരെ ഭംഗിയായ വസ്ത്രധാരണം ചെയ്‌ത ആ സ്ത്രീകൾ എഫ്ഐആർ നൽകുവാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ പാറാവു നിൽക്കുന്ന കോൺസ്റ്റബിൾ കൗതുകത്തോടെ അവരെ നോക്കിക്കൊണ്ട് റെക്കോർഡ് റൂമിലേക്ക് കൈചൂണ്ടി.

വാതിലിനു പുറംതിരിഞ്ഞാണ് രാമാനുജന്‍റെ ഇരിപ്പ്. താളാത്മകമായി ചെരുപ്പുകൾ നിലത്തുരയുന്ന ശബ്ദവും അവിടമാകെ മദിപ്പിക്കുന്ന സുഗന്ധവും രാമാനുജന് അപരിചിതമായി തോന്നി. അയാൾ പുറം തിരിഞ്ഞു നോക്കി. യുവതികളെ കണ്ട് തെല്ല് അമ്പരന്നെങ്കിലും അയാൾ തന്‍റെ പതിവു ചോദ്യം മറന്നില്ല.

“എന്താ വേണ്ടത്?”

“പരാതി നൽകാനുണ്ട്” തെല്ലും സങ്കോചമില്ലാതെ അവർ പറഞ്ഞു. അവർ രണ്ടുപേരും സുന്ദരികളാണ്. എന്തെങ്കിലും അതിക്രമത്തിന് ഇരകളാണെന്ന് തോന്നുന്നില്ല. മനസിലെ സംശയം മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അയാൾ വളരെ പ്രയാസപ്പെട്ടു.

“ഇൻസ്പെകടർ അകത്തുണ്ട്. അദ്ദേഹത്തെ കണ്ടാൽ, പരാതി എഴുതാതെ ചിലപ്പോൾ നിങ്ങളുടെ പ്രശ്നം പരിഹരിക്കും. വളരെ മിടുക്കനാണ്.”

കേസും കൂട്ടവും വന്നാലുള്ള നൂലാമാലകൾ കണ്ടു തഴമ്പിച്ച രാമാനുജന്‍റെ കണ്ണുകൾ ആ യുവതികളെ സംശയത്തോടെ ചൂഴ്ന്നു നോക്കി. അയാളുടെ മുന്നറിയിപ്പ് അവർക്ക് അത്ര ഇഷ്‌ടമായില്ലെന്ന് തോന്നിയെങ്കിലും നീരസം പുറത്തു കാണിക്കാതെ ഒരു സുന്ദരി രാമാനുജനെ വീണ്ടു ഞെട്ടിച്ചു.

“അദ്ദേഹം മിടുക്കനായിരിക്കാം. പക്ഷേ ഞങ്ങൾക്ക് ഈ പരാതി ബോധ്യപ്പെടുത്തണം, രസീതും വേണം.”

രാമാനുജൻ ഫയലുകൾക്കിടയിൽ നിന്ന് പച്ചപുറം ചട്ടയുള്ള ഫയൽ വലിച്ചെടുത്തു സാവകാശം നിവർത്തി. പറഞ്ഞോളൂ എന്ന മട്ടിൽ അയാൾ പേനയുടെ ക്യാപ് ഊരി മേശമേൽ വച്ച് തയ്യാറായി. പരാതിക്കാരികൾക്ക് അൽപം മടിയുണ്ടെന്ന് രാമാനുജന് മനസ്സിലായത് അപ്പോഴാണ്.

“അൽപം കാത്തിരിക്കാൻ തയ്യാറാണെങ്കിൽ എഫ്ഐആർ രേഖപ്പെടുത്താൻ ലേഡി കോൺസ്റ്റബിളിനെ വിളിക്കാം.”രാമാനുജൻ പറഞ്ഞു.

നിമിഷങ്ങളുടെ ഇടവേളയിൽ അവരിലൊരാൾ മറുപടി നൽകി.

“യഥാർത്ഥത്തിൽ, ഇതൊരു ചെറിയ വിഷയമാണ്. ഐ മീൻ, അൽപം വ്യത്യസ്തമായത്. പക്ഷേ ഒരു വനിതാ പോലീസിന്‍റെ ആവശ്യമില്ല.”

അപ്പോഴേക്കും, മറ്റേ യുവതി കാര്യങ്ങൾ വിവരിക്കാൻ ആരംഭിച്ചു.

“ഞങ്ങൾ സുഹൃത്തുക്കളാണ്. കഴിഞ്ഞ 6 മാസമായി വാടക വീട്ടിലാണ് താമസം. ഇവൾ പഞ്ചാബിയാണ്. ഞാൻ ആസ്സാംകാരിയും. ഞങ്ങൾ ഒരേ ലക്ഷ്യത്തിലാണ് ഈ ഫാഷൻ നഗരത്തിൽ വന്നത്. മോഡലിംഗ് താരങ്ങളാവണമെന്നാണ് ആഗ്രഹം. ഇപ്പോൾ ചില്ലറ കരാറുകൾ കിട്ടിത്തുടങ്ങി. അത്ര വലിയ ഓഫറുകളല്ല, കുഴപ്പമില്ലാതെ ജീവിക്കാം. അത്രയേയുള്ളൂ.” അവൾ പറഞ്ഞതിന്‍റെ ബാക്കി മറ്റേ യുവതി ഏറ്റെടുത്തു.

“അടുത്തയിടെ, ഫാഷൻ ഹൗസിൽ നിന്ന് ഞങ്ങൾക്ക് മോഡൽ അസൈന്‍റ്മെന്‍റ് കിട്ടി. ചെറിയ കാലയളവുകൊണ്ട് ഉയർന്നു വന്ന സ്‌ഥാപനമാണ്. സ്ത്രീകൾക്കു വേണ്ടി എക്സ്ക്ലൂസീവായ അടിവസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌ത് നിർമ്മിക്കുന്നു. ഇന്നലെ 10 സെറ്റ് വസ്ത്രങ്ങൾക്ക് ഞങ്ങൾ മോഡൽ ചെയ്‌തിരുന്നു.” ഇത്രയും പറഞ്ഞിട്ട് ആ യുവതികൾ പരസ്പരം നോക്കി.

“അടി വസ്ത്രങ്ങളുടെ മോഡലിംഗ്?”

രാമാനുജൻ ആകാംക്ഷയും അമ്പരപ്പും മുറ്റി നിൽക്കുന്ന ഭാവത്തോടെ അവരെ നോക്കി. തൊട്ടടുത്ത നിമിഷം തന്നെ അതിലെ വശപ്പിശക് മനസ്സിലാക്കി അയാൾ നിസംഗതയോടെ ചോദിച്ചു.

“എന്നിട്ടെന്നു സംഭവിച്ചു?”

“സർ, മോഡലിംഗിനു ശേഷം അടിവസ്ത്രങ്ങൾ കമ്പനിക്ക് തിരിച്ചു കൊടുക്കണമായിരുന്നു. അവിടെ അതുമായിച്ചെന്നപ്പോഴാണ് ഒരു സെറ്റ് കാണാനില്ലെന്നറിയുന്നത്. എല്ലായിടവും അരിച്ചു പെറുക്കി. ഫോട്ടോഷൂട്ട് നടന്ന സഥലവും സ്റ്റുഡിയോ കോർണറും ടോയ്‍ലെറ്റുമെല്ലാം. ചെറി റെഡ് നിറത്തിലുള്ള ഒന്നാണ് നഷ്ടമായത്.”

രാമാനുജൻ അന്തംവിട്ടു. ഛെ! എന്തു കഷ്ടം… തന്‍റെ മുപ്പത് വർഷത്തെ സർവ്വീസിൽ ഇതാദ്യത്തെ സംഭവമാണ്. അടി വസ്ത്രം നഷ്ടപ്പെട്ടുവെന്ന് പോലീസിൽ പരാതി ലഭിക്കുക. അത് എഴുതി വാങ്ങിക്കുക. അയാൾ തന്‍റെ പേന മേശപ്പുറത്ത് വച്ചു. “ഒരു ജോഡി അടിവസ്‌ത്രം നഷ്ടപ്പെട്ടാലെന്ത്? അതങ്ങ് പോയി എന്നു കരുതിയാൽ പോരേ… പോലീസിന്‍റെ സമയം മെനക്കെടുത്തുന്നതെന്തിന്?” രാമാനുജൻ ചിന്തിച്ചത് ഇങ്ങനെയാണെങ്കിലും പറഞ്ഞത് മറ്റൊന്നാണ്.

“നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. പുറത്തു പറയാനാവാത്ത സംഗതി പോലും കളവുപോയി എന്ന് പരാതിപ്പെട്ടല്ലോ. നിങ്ങൾ എവിടെയോ മറന്നിട്ട അടിവസ്‌ത്രം കണ്ടുപിടിക്കുക എന്ന ജോലി പോലീസിന് കൊടുക്കുന്നതെന്തിനാണ് മാഡം?”

രാമാനുജന്‍റെ ഇഷ്ടക്കേട് അവർക്ക് മനസ്സിലായി. പഞ്ചാബിക്കാരിയായ യുവതി പെട്ടെന്ന് പറഞ്ഞു.

“സർ, ആ അടിവസ്ത്രങ്ങൾ സാധാരണ വസ്ത്രങ്ങളല്ല. അതൊരു ഡിസൈനർ പീസ് ആണ്. അതിൽ വജ്രം പതിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ വില വരുമതിന്! അവ നഷ്ടപ്പെട്ടതിനാൽ ഞങ്ങൾക്ക് പ്രതിഫലം കിട്ടിയിട്ടില്ല. ഞങ്ങൾക്കെതിരെ കേസും ഉണ്ടാകും. കാരണം അതു മോഷ്ടിച്ചത് ഞങ്ങളാണെന്ന് കമ്പനി തെറ്റിദ്ധരിച്ചിരിക്കുന്നു.”

ഇപ്പോൾ രാമാനുജൻ വീണ്ടും ഞെട്ടി. സംഗതി നിസ്സാരമല്ല…

“ഡയമണ്ട്! അടിവസ്ത്രങ്ങളിൽ ഡയമണ്ട് പിടിപ്പിച്ച് ഇറക്കുക. കൊള്ളാം, ഏതു കമ്പനിയാണത്? രാമാനുജനും പൊട്ടിത്തെറിക്കും പോലെയാണ് പ്രതികരിച്ചത്. അയാൾ ഞെട്ടിത്തെറിച്ച് ചുമരിലെ ഗാന്ധി പ്രതിമയുടെ മൂലയിലുള്ള ഫോട്ടോയിലേക്ക് നോക്കി.

“അമ്പമ്പോ എന്തൊക്കെയാണീ കേൾക്കുന്നത്?”

പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമോ എന്ന സംശയത്തിൽ യുവതികൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതി കൊടുത്താലേ, തങ്ങളുടെ നിരപരാധിത്വം വിശ്വസിക്കൂ എന്ന് അവർ കരുതുന്നുണ്ട്. അല്ലെങ്കിൽ ഫാഷൻ ഹൗസ് ഉടമകൾ വെറുതെയിരിക്കുമോ? അധികാര സ്‌ഥാനങ്ങളിലുള്ള പുരുഷന്മാർ ഇതൊരവരസമായി കണ്ട് പല മോഹവുമായി വരുമെന്നും അവർക്കറിയാം. അല്ലെങ്കിലും അവസരം ചോദിച്ചു ചെന്ന വേളയിൽ ചിലർ പറഞ്ഞ വാചകങ്ങളിലെ അർത്ഥം ശരിക്കും മനസ്സിലാക്കിയതാണ്.

“ഇൻഡസ്ട്രിയിൽ നഷ്ടങ്ങളുണ്ടായാൽ അതു മറ്റു രീതിയിൽ നികത്താൻ മോഡലുകൾ ബാധ്യസ്‌ഥരാണത്രേ.”

ഒരു സീനിയർ മോഡലിന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. “ആളുകൾക്ക് ഉൽപന്നവും അതിന്‍റെ ബ്രാന്‍ഡ് അംബാസിഡറും വിൽപന വസ്തുക്കളാണ്. ഇവിടെ പ്രൊഫഷനിൽ ദയയ്ക്ക് യാതൊരു സ്‌ഥാനവുമില്ല.”

രാമാനുജൻ പേനയെടുത്ത് രജിസ്റ്ററിൽ എഴുതാനാരംഭിച്ചു. അഞ്ച് മിനിറ്റോളം നീണ്ടു എഴുത്ത്. അയാൾ ഒരു രസീതും എഴുതി മോഡലുകൾക്ക് കൊടുത്തു.

“ഇപ്പോൾ നിങ്ങൾക്കു പോകാം. ഇൻസ്പെക്ടർ കാണാൻ വരും. അപ്പോൾ കൂടുതൽ വിവരങ്ങൾ നൽകിയാൽ മതി.”

അയാൾ ദീർഘ നിശ്വാസത്തോടെ കസേരയിൽ നിവർന്നിരുന്നു. പക്ഷേ അടുത്ത രണ്ടാഴ്ചകൾ രാമാനുജനെ സംബന്ധിച്ച് തികച്ചും തലവേദനയായി. രാമാനുജനു മാത്രമല്ല പോലീസ് സ്റ്റേഷനിലാകെ കോലാഹലം. സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇത്തരം 6 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അടി വസ്ത്രങ്ങൾ മാത്രമാണ് നഷ്ടമാകുന്നത്. ഓരോ പരാതിയിലും അവ വളരെ വിലപിടിപ്പുള്ളതാണെന്ന പരാമർശവും ഉണ്ട്.

പ്രമുഖ ഡിസൈനർ ആയ മിസിസ് ഉമാപിള്ളയുടെ ബാഗിൽ കഴിഞ്ഞ രണ്ടുമാസമായി സൂക്ഷിച്ചിരുന്ന ഡിസൈനർ പീസ് നഷ്ടപ്പെട്ടതായി അവർ അറിഞ്ഞത് ഒരാഴ്ച മുമ്പ് വിമാനത്താവളത്തിൽ വച്ചാണ്. ബാൽക്കണിയിലെ ഓപ്പൺ ഏരിയയിലെ അയയിൽ ഉണക്കാനിട്ട അടിവസ്‌ത്രം കാറ്റത്തു നഷ്ടപ്പെട്ടു എന്നൊരു പരാതിയും ലഭിച്ചു. സിനിമാരംഗത്ത് തുടക്കക്കാരിയായ മായ എന്ന സുന്ദരിക്ക് വിദേശയാത്ര കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് സമ്മാനിച്ച വിലയേറിയ ഡിസൈനർ ലിംഗറിയാണ് നഷ്ടമായത്.

പുതിയ മോഷണ പരമ്പര പോലീസിനെ ശരിക്കും വെട്ടിലാക്കി. സ്ത്രീകളുടെ അടിവസ്ത്രം മാത്രമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തിന്‍റെ പുതുമ കൊണ്ട് മോഷണം ജനശ്രദ്ധ നേടാൻ തുടങ്ങിയതും പോലീസിനെ പ്രതിസന്ധിയിലാക്കി.

ഊഹാപോഹങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മോഷണം നടത്തുന്നത് ഒരേ കള്ളനാണെന്നായിരുന്നു അതിൽ പ്രധാനം. സ്ത്രീകളുടെ അടിവസ്ത്രങ്ങളോടു തോന്നിയ ആകർഷണം. അങ്ങനെയും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ. വിലപിടിപ്പുള്ളവ ധരിക്കാൻ ആഗ്രഹിക്കുന്ന കള്ളികളുമാവാം. ഇതു ചെയ്തതെന്നാണ് മറ്റൊരാഖ്യാനം.

കേസുകളുടെ എണ്ണം കൂടിയതോടെ സംഗതി പോലീസിന്‍റെ കൈവിട്ടു പോകുമോ എന്നായി ഭയം. പോലീസിന്‍റെ നിഷ്ക്രിയത്വം വിമർശിക്കപ്പെട്ടു. പത്രങ്ങളും ചാനലുകളും അടിവസ്ത്ര മോഷണ വാർത്ത ആഘോഷപൂർവ്വം കൊണ്ടാടി. പരിപാടികൾക്കിടയിലും ടിവി സ്ക്രീനിന്‍റെ ഏറ്റവും താഴെ അടിവസ്ത്ര മോഷണ വാർത്ത അപഡേറ്റ് ചെയ്യപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ അടിവസ്ത്രങ്ങൾ ദേശീയതലത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന ഒരു കൊടുങ്കാറ്റായി. പാർക്കുകളിൽ, ജോലി സ്‌ഥലങ്ങളിൽ തെരുവുകളിൽ എല്ലാം ഇതു തന്നെ ചർച്ച. ആരാണ് ഈ ബിക്കിനി കള്ളൻ? അടിവസ്ത്രം മോഷ്ടിച്ച് ആ കള്ളൻ എന്താണ് ലക്ഷ്യമിടുന്നത്.

അത്താഴം പോലും ഉപേക്ഷിച്ച് ചാനൽ ഡിബേറ്റുകൾ കാണാൻ ജനം മെനക്കെട്ടു. അടിവസ്ത്ര നിർമ്മാതാക്കൾ ഈ അവസരം ശരിക്കും ഉപയോഗിച്ചു. പരിപാടികൾ സ്പോൺസർ ചെയ്യാൻ കിട്ടിയ മികച്ച അവസരം ആരും പാഴാക്കിയില്ല. ചാനൽ ചർച്ചകളിൽ എല്ലാ വിഭാഗങ്ങളിലുള്ളവരും പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

“ബിക്കിനികൾ പോലും ഈ നാട്ടിൽ സുരക്ഷിതമല്ലാതായിരിക്കുന്നു. അപ്പോൾ അതു ധരിക്കുന്ന സ്ത്രീകളോ? ഒരു പ്രമുഖ ചാനലിൽ പ്രശസ്തനായ അവതാരകന്‍റെ നേരെ നോക്കി. സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകൻ നിശീതമായി വാദിച്ചു.

“അതൊരു മണ്ടൻ വാദമാണ്. വിദേശ രാജ്യങ്ങളിൽ ആർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ബിക്കിനി ധരിച്ചും നടക്കാം. അവിടെ ആരും അതേച്ചൊല്ലി വിലപിക്കാറില്ല. സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ.” മറ്റൊരു പാനലിസ്റ്റ്, അയാൾ ഒരു സാമ്പത്തിക വിദഗ്ദ്ധനും പാശ്ചാത്യാനുകൂലിയുമാണെന്ന് തോന്നുന്നു. തന്‍റെ കണ്ണട സ്റ്റൈലായി തലയ്ക്കുമുകളിൽ വച്ച് ഗമയോടെ ചാഞ്ഞിരുന്നു.

“നമ്മുടെ നാട്ടിലെ ജനങ്ങൾ മൂന്ന് കാര്യത്തിലാണ് ദുഃഖിക്കാറുള്ളത്. വീട്, ഭക്ഷണം, വസ്ത്രം. ഇപ്പോൾ അവർക്ക് അടിവസ്‌ത്രത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.”

താടി വളർത്തി നിരാശ ഭാവത്തിലിരിക്കുന്ന ഇടതു ചിന്തകന്‍റെ വാക്കുകൾ കേട്ടപ്പോൾ പലരും അതേയെന്ന മട്ടിൽ തലകുലുക്കി.

“നമ്മൾ വിഷയത്തിൽ നിന്നകന്നു. ഇവിടെ ചർച്ച ചെയ്യുന്നത് മോഷണത്തെക്കുറിച്ചാണ്. അതിലേക്ക് സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും കൊണ്ടു വന്നതെന്തിനാണ്? ഒരു ബിക്കിനി കള്ളൻ, അതല്ലെങ്കിൽ ഒരു പറ്റം കള്ളന്മാർ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ല സ്ത്രീ ജീവിതം.” ചർച്ചയുടെ ഗതി മാറുന്നതിൽ പ്രതിഷേധിച്ച് മുൻപോലീസ് ഓഫീസർ മുഷ്ടി ചുരുട്ടി ശൂന്യതയിൽ പ്രഹരിച്ചു.

“എന്നിട്ടെന്താ? പോലീസിപ്പോ എന്നാ ചെയ്യുവാ? കണ്ടില്ലേ, ഒന്നിന്നും കൊള്ളാത്തവരാണെന്ന് പിന്നേം പിന്നേം തെളിയിക്കല്യോ…” ഒരു പോലീസ് വിരോധി പരിഹസിച്ചു. അവതാരകൻ ഇടപെട്ടു.

“പക്ഷേ, പ്രിയ സുഹൃത്തുക്കളെ, ഈ പ്രശ്നത്തിന് എന്താണ് പരിഹാരം. അതാണ് ഞാനും എന്‍റെ പ്രേക്ഷകരും നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്നത്.” വളരെ സ്ഫുടമായ ഭാഷാശൈലിയായിരുന്നു അയാളുടേത്. താരത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

“തെരുവിൽ അടിവസ്ത്രം ധരിക്കാതെ കുട്ടികൾ ഭിക്ഷ യാചിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാട്ടിൽ സ്ത്രീകളെങ്ങനെ അടിവസ്ത്രമില്ലാതെ ജീവിക്കും? ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത് എക്സ്ക്ലൂസീവ് അടിവസ്ത്രങ്ങളാണ്. അടിവസ്‌ത്രം നഷ്ടപ്പെട്ടവർ, ഇനി നഷ്ടപ്പെടാനുള്ളവർ എല്ലാവരും ഉൾപ്പെട്ട നമ്മുടെ പ്രേക്ഷകർ അതീവ പ്രതീക്ഷയോടെയാണ് ഈ ചാനൽ പരിപാടി കണ്ടു കൊണ്ടിരിക്കുന്നത്. നിങ്ങൾ അത് മറക്കരുത്” അവതാരകൻ പറഞ്ഞു കൊണ്ടിരുന്നു.

“യഥാർത്ഥത്തിൽ ഈ ബിക്കിനി കള്ളൻ ഒരു ഗുണം സമൂഹത്തിന് ചെയ്യുന്നുണ്ട്. അയാളുടെ രീതി സ്വീകാര്യമല്ലെങ്കിൽ കൂടി ഒരു കള്ളനിൽ നിന്ന് ഇതല്ലാതെ എന്തോന്ന് പ്രതീക്ഷിക്കാനാണ്? നമുക്ക് ബി യുടേയും പി യുടേയും കെട്ടുപാടുകൾ ഒഴിവാക്കുകയുമാവാല്ലോ. പിന്നെ മോഷണത്തെ ഭയക്കണോ?” ഒരു സാമ്പത്തിക വിദഗ്ദ്ധന്‍റെ അഭിപ്രായം കേട്ടപ്പോൾ അവതാരകൻ ഒന്നു ഞെട്ടി. പക്ഷേ അയാൾ പറഞ്ഞതിന്‍റെ അർത്ഥം ശരിക്കും മനസ്സിലായിട്ടില്ല.

“അതായത്, ഞാൻ നിങ്ങൾക്ക് ഒരു ക്ലൂ തരാം, ബി എന്നാൽ ബ്രേസിയർ, മനസ്സിലായോ?” എന്നിട്ടും കാര്യം അത്രയൊന്നും വ്യക്തമായിട്ടില്ലെന്ന മട്ടിൽ അവതാരകൻ lല കുലുക്കി.

“സാംസ്കാരികമായും പാരമ്പര്യമായും ഒരു നാണക്കേട് നാം വളർത്തിയെടുത്തിരിക്കുകയാണ്. അടി വസ്ത്രമില്ലാതെ പുറത്തിറങ്ങുക എന്ന കാര്യം നമുക്കാലോചിക്കാൻ പോലും വയ്യ. നിങ്ങൾ അത് ധരിച്ചിട്ടുണ്ടോ ഇല്ലല്ലോ എന്ന കാര്യം മറ്റുള്ളവരെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അത് ഒരാളുടെ ഇഷ്ടമാണ്. താങ്ങാവുന്ന ബജറ്റിലുള്ളതു ഉപയോഗിക്കുന്നു അത്ര തന്നെ. അടിവസ്ത്രം ഉപേക്ഷിക്കാനുള്ള ആർജ്ജവവും നമ്മൾ കാട്ടണം. എന്നാൽ പൊതുജനത്തിന്‍റെ നാണക്കേട് എന്ന ഫോബിയ വളർത്തിയെടുക്കുന്നത് മറ്റൊരു സാമ്പത്തിക തന്ത്രം. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല.” അയാൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു തീർന്നപ്പോൾ അവതാരകൻ പെട്ടെന്ന് ഇടപെട്ടു.

“മോഷണമെന്ന പ്രധാന വിഷയത്തെക്കുറിച്ചുള്ള ചർച്ച പല ദിശയിലേക്ക് പോയിക്കൂടാ. സ്ത്രീകൾക്ക് ഒട്ടും ഒഴിച്ചു കൂടാനാവാത്ത ഒരു സംഗതിയാണ് ആരോ നിഷേധിക്കാൻ ശ്രമിക്കുന്നത്. ഇവയ്ക്ക് ഒരു പരിഹാരം കാണണം. ഇന്നു രാത്രി തന്നെ ഐ മീൻ ആഫ്റ്റർ എ വെരി ഷോർട്ട് കൊമേഴ്സ്യൽ ബ്രേക്ക്!”

മോഷണത്തിനിരയായ അടിവസ്ത്രത്തിന്‍റെ ഉടമകളായ ഫാഷൻ ഹൗസ് ആണ് ചാറ്റ്ഷോയുടെ സ്പോൺസർ. സ്ക്രീനിൽ ഫാഷൻ ഹൗസിന്‍റെ പരസ്യം മിന്നിമറയുമ്പോൾ പാനലിസ്റ്റുകൾ സഹതാപത്തോടെ നോക്കിയിരുന്നു. ലോകോത്തര നിലവാരമുള്ള അടിവസ്ത്രങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കിയ വലിയൊരു സ്‌ഥാപനം. അതിന്‍റെ ഭാവി തുലാസിലാണ്. അവതാരകൻ വീണ്ടും വന്നു. ചോദ്യം ആവർത്തിച്ചു.

“നമുക്കൊരു പരിഹാരമാണ് വേണ്ടത്. അത് ഇന്നു തന്നെ ലഭിക്കണം.”

അപ്പോൾ പാനലിസ്റ്റായ മുൻ പോലീസുകാരൻ തന്‍റെ പോലീസ് ബുദ്ധി പുറത്തെടുത്തു. “എല്ലാ മോഷണവും ഒരു പ്രത്യേക രീതിയിലാണ് പ്ലാൻ ചെയ്‌തതെങ്കിൽ, അയാളൊരു മനോവൈകല്യമുള്ള കള്ളനാണെന്ന് കരുതാം. പക്ഷേ ഇവിടെ അങ്ങനെയല്ല. കള്ളൻ ഒരു സാധാരണ വ്യക്‌തി തന്നെ. അയാളുടെ ലക്ഷ്യം വ്യക്‌തമാവുന്നില്ല.”

“ചിലപ്പോൾ മോഷണം നടത്തിയത് ഒരു പെണ്ണാകാനും സാധ്യതയുണ്ട്. കള്ളൻ എന്ന് പറഞ്ഞ് പുരുഷബിംബീകരിക്കുന്നതെന്തിന്?”

പ്രതിപക്ഷ പാർട്ടിയെ പ്രതിനിധീകരിക്കുന്ന വളർന്നു വരുന്ന യുവ നേതാവ് രോഷത്തോടെ ചോദ്യ ശരമെറിഞ്ഞു. അപ്പോൾ അയാളുടെ നോട്ടം ഭരണ കക്ഷിയുടെ പ്രതിനിധിക്കും നേരെയായിരുന്നു. ഇതുവരെയും മൗനം വിദ്വാനുഭൂഷണം എന്ന മട്ടിൽ വാദപ്രതിവാദം കേട്ടു രസിച്ചിരുന്നു ഭരണകക്ഷി പ്രതിനിധി, വായ് തുറക്കാൻ ശ്രമിച്ചതും അവതാരകൻ വീണ്ടും ഇടപെട്ടു.

“ദയവായി, പരസ്പരം വെല്ലുവിളിക്കുന്നത് ഒഴിവാക്കൂ. ക്രിയാത്മകമായ ഒരു പരിഹാര നിർദ്ദേശമാണിവിടെ ആവശ്യം. നമ്മുടെ തലയ്ക്കു മീതെ കത്തുന്ന ഒരു വിഷയമല്ലേ ഇത്.”

“ഇതത്രയ്ക്കു പരിഭ്രമിക്കാനുള്ള സാഹചര്യമൊന്നുമല്ല. കോളനി വാഴ്ചയുടെ സ്വാധീനത്തിൽ നിന്ന് തുറന്ന സമൂഹത്തിന്‍റെ സ്വാതന്ത്യ്രത്തിലേക്കുള്ള യാത്രയിൽ ഇതുപോലെ പലതും നേരിടേണ്ടി വരും. എനിക്ക് തോന്നുന്നത് ആ കള്ളന് എന്തോ മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നാണ്.”

“മോഷണം എന്തായാലും മോഷണം തന്നെ. അതിനെ അങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റില്ല. ചെറുപ്പത്തിലേ മുതൽ നമ്മൾ കേൾക്കുന്നതാണ്, മോഷണം മോശം ശീലമാണ്.

“ഓഹോ! അങ്ങനെയെങ്കിൽ ഭൗതികവാദവും നമ്മുടെ ചെറുപ്പത്തിൽ മോശം കാര്യമായിരുന്നു. ഇപ്പോഴോ?”

“യഥാർത്ഥത്തിൽ ഈ ചർച്ചയിൽ ഒരു വനിതയെയെങ്കിലും ഉൾപ്പെടുത്തേണ്ടതായിരുന്നു.” ഇടതു ചിന്തകൾ ഇതു പറഞ്ഞപ്പോൾ തെല്ലിട മൗനം പരന്നു. പങ്കെടുക്കാമെന്നറിയിച്ച വനിത അവസാന നിമിഷം പിൻവാങ്ങിയതായി ചാനൽ അവതാരകൻ പറഞ്ഞു. ഇത്തരം ചർച്ചയിൽ പങ്കെടുക്കാൻ അവർക്കു താൽപര്യമില്ല എന്നാണ് പറഞ്ഞത്.

“അതിൽ അതിശയിക്കാനൊന്നുമില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റ്വോ? അടിവസ്ത്രം മോഷ്ടാക്കളല്ലേ വിലസുന്നത്. എന്തായാലും പുരുഷന്മാരെ അവർ വെറുതെ വിട്ടത് നന്നായി.” ചർച്ച നാളെ തുടരുമെന്ന പ്രഖ്യാപനത്തോടെ അവതാരകൻ സിനിമാസ്റ്റൈലിൽ സൈൻ ഓഫ് ചെയ്‌തു.

സ്ക്രീനിനു മുന്നിൽ കുത്തിയിരുന്നവരോട് നാളെ വരെ ക്ഷമിക്കൂ എന്നാണ് അപേക്ഷ. തുടർ ചർച്ചകളിലും അവതാരകൻ ആവശ്യപ്പെട്ട പോലെ പരിഹാരം ഉണ്ടായില്ല.

പ്രാദേശിക ചാനലുകളിലെ ചർച്ചകളെല്ലാം പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. കേവലം ഒരു ഷഡ്ഡി മോഷണം കണ്ടുപിടിക്കാൻ കഴിയാത്ത പോലീസ് എങ്ങനെ സ്ഫോടനങ്ങൾക്ക് തടയിടും? രാജ്യം വലിയ സുരക്ഷ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. ആ തരത്തിൽ ചിന്തിച്ചാൽ ചാനൽ ചർച്ചകൾക്ക് ഫലമുണ്ടായി.

സംഭവം ആഭ്യന്തര മന്ത്രിയുടെ തലയിൽ മുൾക്കീരിടം വയ്പിച്ചുവല്ലോ, സ്‌ഥാനം തെറിക്കുമെന്ന ഭയത്തിൽ മന്ത്രി അടിയന്തിരയോഗം ചേർന്നു. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വായ് തുറന്നാൽ അബദ്ധം മാത്രം പറയുന്ന ആഭ്യന്തര മന്ത്രി പക്ഷേ ഇതിനായി ഒരു തന്ത്രം തന്നെ ഉപദേശിച്ചു.

ഒരു ലിംഗറി ഫെയർ നടത്തുക. “ഈ അവസരം കള്ളൻ നഷ്ടപ്പെടുത്താനിടയില്ല. അവൻ വരും, മോഷ്ടിക്കും, അപ്പോൾ കയ്യോടെ പോലീസ് പിടികുടണം.”

ലിംഗറി ഷോ സ്പോൺസർ ചെയ്യാൻ മോഷണത്തിന്‍റെ ഇരയായ ഫാഷൻ ഹൗസ് തന്നെ തയ്യാറായി. അതിനുള്ള പ്രത്യുപകാരമെന്നോണം, കമ്പനിയുടെ പുതിയ ശാഖയ്ക്ക് കുറഞ്ഞ നിരക്കിൽ സ്ഥലം നൽകും. അക്കാര്യം മന്ത്രി ചർച്ചയിൽ വച്ചു തന്നെ ഉറപ്പു നൽകി.

ലിംഗറി ഷോ പെട്ടെന്നുള്ള പരിപാടി ആയതു കൊണ്ട് എട്ടു ബ്രാൻഡുകളേ പങ്കെടുത്തുള്ളൂ. അവർ തങ്ങളുടെ ഉൽപന്നങ്ങൾ ഭംഗിയായി പ്രദർശിപ്പിച്ചു. ഷോ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് കനത്ത പോലീസ് ബന്തവസ്സോടെയായിരുന്നു. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഘടിപ്പിച്ച പ്രദർശന നഗരിയിൽ ധാരാളം സന്ദർശകർ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങൾ കാണാൻ പുരുഷന്മാർ കൂടുതൽ വരുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. അതുതന്നെയാണ് ശരിയായ ട്രെന്‍റ് എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ വിശകലനം. ഇന്നാട്ടിലെ ജനത ശരിയായ വഴിക്കാണ് ചിന്തിക്കുന്നത്.

സന്ദർശകരിൽ ഭൂരിഭാഗം പേർക്കും, പ്രദർശിപ്പിച്ച വസ്തുക്കൾ ആകാശ നക്ഷത്രങ്ങൾ മാത്രം. ആകർഷകമാണ്. പക്ഷേ അടുക്കാൻ വയ്യ. അത്രയ്ക്കു വിലപിടിപ്പുള്ള അടിവസ്ത്രങ്ങൾ ഒന്നു കാണാൻ പറ്റുക എന്നതു പോലും ഭാഗ്യമല്ലേ എന്നു കരുതി വന്നവരും ധാരാളം ഇങ്ങനെ ഒന്നും വാങ്ങാതെ ചുറ്റിക്കറങ്ങി നടക്കുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു.

ഷോ അവസാനിക്കാറായ സമയത്താണ് അത് സംഭവിച്ചത്. ഏതാനും കമ്പനികൾ തങ്ങളുടെ ഷഡ്ഡികൾ കാണാനില്ല എന്ന പരാതിയുമായെത്തി. ഡിസൈനർ ഇനങ്ങൾ തന്നെയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ കള്ളന് ഇത്രയും കഴിവോ? വിദേശ ബ്രാൻഡുകളുടെ പ്രതിനിധികൾ അവിശ്വസനീയതയോടെ പ്രതികരിച്ചു.

ഏറ്റവും മികച്ചതാണ് നഷ്ടമായിരിക്കുന്നത്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഒന്നും സംസാരിച്ചതുമില്ല. ഒരേ പീസിനു വേണ്ടി രണ്ട് കസ്റ്റമറുകൾ കലഹിക്കുന്നത് അടിവസ്ത്രങ്ങളുടെ ഫാൻറസി ലോകത്ത്, കുഞ്ഞുങ്ങളെ മറന്നു പോയ അമ്മമാർ. ഇങ്ങനെ ഏതാനും കേസുകൾ വന്നുപെട്ടതല്ലാതെ മോഷണത്തിന്‍റെ യാതൊരു സാധ്യതകളും പോലീസിനു മുന്നിൽ ഉണ്ടായിരുന്നില്ല. അർദ്ധരാത്രിയിൽ പോലീസ് നേതൃത്വം ആഭ്യന്ത മന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നു. തങ്ങൾക്ക് പറ്റിയ പിഴവ് എവിടെയാണെന്നറിയാതെ അവർ നാണം കെട്ടു.

“നിങ്ങളുടെ മൂക്കിനടിയിൽ നിന്നല്ലേ ഇത്രയേറെ അടിവസ്‌ത്രങ്ങൾ മോഷണം പോയത്? എന്നിട്ടും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു വന്നാൽ?” ആഭ്യന്തര മന്ത്രി ദേഷ്യത്തോടെ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു.

“ഡ്യൂട്ടിയിൽ ഉറങ്ങുന്ന സ്വഭാവമുണ്ടോ നിങ്ങൾക്ക്? എനിക്ക് മറുപടി വേണം പോലീസ് മേധാവി?”

മുഖം ഉയർത്തിയാണിരിക്കുന്നതെങ്കിലും പോലീസ് മേധാവിക്ക് ഒളിക്കണമെന്നു തോന്നിക്കാണും. അദ്ദേഹം എന്തു മറുപടി നൽകാനാണ്. അതും നേരിട്ട് ഏറ്റെടുക്കാത്ത ഒരു കാര്യത്തെക്കുറിച്ച്. എങ്കിലും തൊട്ടടുത്ത റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ മറുപടി നൽകി. “ഞങ്ങൾ വൈകിട്ട് പരിപാടി തീരും വരെ വളരെ അലർട്ടായിരുന്നു സർ, കണ്ണിലെണ്ണയൊഴിച്ചാണ് ഞങ്ങൾ കാവലിരുന്നത്.”

മന്ത്രിയുടെ പൊട്ടിത്തെറിയും ശകാരവും കുറേ സമയം നീണ്ടു, കൂടുതലൊന്നും പറയാനില്ലാത്തതിനാൽ യോഗം അരമണിക്കൂർ മാത്രം നീണ്ടു.

പ്രദർശനത്തിൽ പങ്കെടുത്തവരുടെ പേരു വിവരവും അവർ പ്രദർശിപ്പിച്ച അടിവസ്ത്ര ശ്രേണികളും രാമാനുജൻ വീണ്ടും വീണ്ടും പരിശോധിച്ചു. പ്രദർശനത്തിനു മുമ്പ്, പിൻപ് എന്ന രീതിയിലാണ് കണക്ക് ഇത് ഇൻസ്പെക്ടർ കൈമാറിയത്. ഫയൽ റെക്കോർഡ് ചെയ്യാനാണ്. സാധാരണ പേപ്പറിൽ രണ്ട് തുള ഇട്ട് തടിച്ച ക്ലിപ് ബോർഡിലേക്ക് ഇടുക മാത്രമാണ് രാമാനുജന്‍റെ ഡ്യൂട്ടി. എന്നാൽ ഇത്തവണ അതുമാത്രം ചെയ്‌ത് കണ്ണടയ്ക്കാൻ രാമാനുജന് തോന്നിയില്ല.

അയാൾ ആ കടലാസിലെ വിവരങ്ങളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിച്ചു. നരവീണ പുരികങ്ങൾക്കിടയിലെ അയാളുടെ കണ്ണുകൾ എന്തോ കണ്ടുപിടിച്ച സൂചനയിൽ വജ്രം പോലെ തിളങ്ങി. അസ്‌ഥികൾ തെളിഞ്ഞു നിൽക്കുന്ന മെലിഞ്ഞ കൈവിരലുകൾ കൊണ്ട് അയാൾ തലയുടെ ഇരുപുറവും അമർത്തി.

അയാളുടെ മനസിൽ ചില ഗുണനങ്ങളും ഹരണങ്ങളും നടക്കുന്നതിന്‍റെ സൂചന ആയിരുന്നു അത്. ഷോ സ്പോൺസർ ചെയ്ത കമ്പനിയുടേതൊഴികെ പങ്കെടുത്ത ബാക്കി എല്ലാ കമ്പനികളുടേയും അടിവസ്ത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

“നാളെ ഈ കേസിന് ഒരു പുതിയ ഫയൽ തുറക്കേണ്ടി വരും.” രാമാനുജൻ ആലോചനയോടെ തന്‍റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. ചുമരിലെ ഗാന്ധി ചിത്രത്തിലേക്ക് നോക്കിയിട്ട് അയാൾ തല കുനിച്ചു. മെല്ലെ ഇടറുന്ന കാൽപാദങ്ങളോടെ അയാൾ പുറത്തേക്കു നടന്നു. ഇന്ന് വളരെ വൈകി. രാത്രി 10.30 ആയിരിക്കുന്നു. പതിവായി രാമാനുജൻ പോകുന്ന സമയം 8 മണിയാണ്.

ഇൻസ്പെക്ടർ ജീപ്പിലിരിപ്പുണ്ട്. വണ്ടി സ്റ്റാർട്ടാക്കി അദ്ദേഹം രാമാനുജനെ വിളിച്ചു. “വളരെ വൈകിയിരിക്കുന്നു. ജീപ്പിൽ കയറിക്കോ ഞാൻ വീടിനു മുന്നിലിറക്കാം.”

രാമാനുജൻ ജീപ്പിന്‍റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു. അയാൾ വരണ്ട തൊണ്ടയിലേക്ക് ഉമിനീര് ഇറക്കാൻ പ്രയാസപ്പെട്ടു. എങ്കിലും മുരടനക്കി ധൈര്യം സംഭരിച്ചു. രാമാനുജന് ആ ചോദ്യം ചോദിക്കാതിരിക്കാനായില്ല. “സർ. നമുക്ക് കള്ളനെ പിടിച്ചു കൂടെ? ഫാഷൻ ഹൗസിനെ തന്നെ ചോദ്യം ചെയ്‌താൽ മതിയെന്ന് എനിക്കൊരു തോന്നൽ!”

ഇൻസ്പെക്ടർ ഡ്രൈവറുടെ സമീപമാണ് ഇരിക്കുന്നത്. ഇരുട്ടിൽ മുഖഭാവം വ്യക്‌തമല്ല. എങ്കിലും ഒരു നേർത്ത ചിരി ഇൻസ്പെക്ടറുടെ മുഖത്ത് തെളിഞ്ഞു. പുറത്തു മഞ്ഞിൽ പുതഞ്ഞ കുളിർമയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു.

ശ്വാസം നന്നായൊന്നു വലിച്ച് കൈകൾ മുകളിലേക്ക് ഉയർത്തി. പുഞ്ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ പിന്നിലേക്ക് തിരിഞ്ഞ് രാമാനുജനെ നോക്കി.

“രാമാനുജാ, ഇതൊരു മോഷണക്കേസു തന്നെ. പക്ഷേ മോഷണം ഇവിടെയൊരു വിഷയമേയല്ല…”

രാമാനുജന് അതു കേട്ടിട്ട് ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷേ അയാൾക്ക് പെട്ടെന്ന് ഒരു സുഗന്ധം ഓർമ്മ വന്നു. തൊട്ടു പിന്നാലെ മനോഹരമായ വിരലുകളും.

“അപ്പോൾ ആ മോഡലുകളുടെ പരാതി?”

“സത്യം അവരും താമസിയാതെ അറിയും.”

രാത്രിയിൽ പതുങ്ങി വരുന്ന കള്ളനെ പോലെ ജീപ്പ് ശബ്ദമുണ്ടാക്കാതെ നിരത്തോരത്ത് വീടിനോട് ചേർന്ന് നിന്നു. രാമാനുജൻ വളരെ സാവകാശം ജീപ്പിൽ നിന്നിറങ്ങി. വീട്ടിലേക്കുള്ള വഴി ഒരു കള്ളനെപ്പോലെ പതുങ്ങി നിൽപ്പുണ്ടായിരുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें