സാഗരസംഗമം ഭാഗം- 10

ഒരിക്കൽ എന്‍റേതു മാത്രമായിരുന്ന ആ മുറിയിലെ ഓരോ വസ്തുവും എന്നെ ഏതോ ഓർമ്മകളിലേയ്ക്കു മാടി വിളിക്കുന്നതായി തോന്നി. ഞാനുറങ്ങിയിരുന്ന കട്ടിൽ, ഞാനുപയോഗിച്ചിരുന്ന മേശ, ബുക്ക് ഷെൽഫ് എല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.

തെക്കോട്ടു തുറക്കുന്ന ജനൽ, അവിടെ തളിർത്തു നിൽക്കുന്ന മാവ്. താഴെ വീണു കിടക്കുന്ന ഇനിയും വാടാത്ത മാമ്പൂക്കൾ എന്നിലെ നഷ്ടസ്വപ്നങ്ങളെ ഉണർത്തുന്നുവോ? എന്‍റെ ഓർമ്മകളിൽ മുല്ലപ്പൂ സുഗന്ധം വിരിയിച്ചു കൊണ്ട് പടർന്നു കിടക്കുന്ന മുല്ലച്ചെടി ഒരിക്കൽ കൂടി എന്‍റെ ഹൃദയത്തിൽ രാഗമഴ പെയ്യിക്കുകയാണോ?

ഫഹദ് സാർ ഇപ്പോഴെവിടെയായിരിക്കും? ഭാര്യയും മക്കളുമൊക്കെയായി സുഖമായി കഴിയുകയായിരിക്കുമോ? അതോ എന്നെയോർത്ത് ഏതോ നഷ്ട സ്വർഗ്ഗത്തിൽ സ്വയം നഷ്ടപ്പെട്ട് കഴിയുകയാണോ? ഇവിടെ ഈ അന്തരീക്ഷത്തിൽ കഴിയുമ്പോൾ ആ ആത്മാവിന്‍റെ തേങ്ങലുകൾ എങ്ങു നിന്നോ അലയടിച്ചെത്തുന്നതായി എനിക്കനുഭവപ്പെടുന്നു.

“എന്താ താൻ സ്വപ്നം കാണുകയാണോ? ഈ മുറിയും, പരിസരവും പഴയ ഓർമ്മകൾ തന്നിലുണർത്തുന്നതായി തോന്നുന്നുണ്ടോ.”

നരേട്ടന്‍റെ വാക്കുകൾ കേട്ടുഞെട്ടി ഉണർന്നപ്പോൾ മാത്രമാണ് ഞാനിത്ര നേരവും ജനാലയ്ക്കൽ തന്നെ നിൽക്കുകയായിരുന്നു എന്നോർത്തത്. ജാള്യത തോന്നി. നരേട്ടൻ എന്തു വിചാരിച്ചു കാണും?

ഒരിക്കലും ഇനി തട്ടിയുണർത്തുകയില്ലെന്നു കരുതി ഉള്ളിന്‍റെ ഉള്ളിൽ കുഴിച്ചു മൂടിയിരുന്ന ഓർമ്മകൾ. ഒരു ശവക്കല്ലറയിൽ നിന്നെന്നപ്പോലെ അവ പൂർവ്വാധികം ഊർജ്ജസ്വലതയോടെ ഉയിർത്തെഴുന്നേറ്റു തുടങ്ങിയത് നരേട്ടനും മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിലും എന്‍റെ ഹൃദയം വായിക്കുവാനുള്ള കഴിവ് ഇന്ന് മറ്റാരെക്കാളും നരേട്ടൻ സ്വായത്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഞാനോർത്തു. നിരീക്ഷണപാടവമുള്ള ആ കണ്ണുകൾക്കു മുന്നിൽ ഒന്നും എനിക്ക് ഒളിക്കാനാവുകയില്ലെന്നും ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പറഞ്ഞു.

“ഓ… ഞാൻ വെറുതെ കാറ്റുകൊള്ളാൻ നിന്നതാണ് നരേട്ടാ… അല്ലാതെ…” അർദ്ധോക്തിയിൽ വിരമിച്ച് നിറഞ്ഞു തുടങ്ങിയ കാതരമിഴികളുയർത്തി ഞാൻ നരേട്ടനെ നോക്കി.”

“ഉം… താൻ കള്ളം പറയാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കാര്യം മറക്കണ്ട താൻ ഒരദ്ധ്യാപികയാണ്. ഞാൻ വിരമിച്ച ഒരദ്ധ്യാപകനും. വിദ്യാർത്ഥികളെ കപടതയിൽ നിന്നുമകറ്റി നേർവഴി കാണിച്ചു കൊടുക്കുന്നവരാണ് നമ്മൾ…”

“എനിക്കു മാപ്പുതരൂ നരേട്ടാ… ഞാൻ… ഞാൻ എല്ലാം മറന്നു കഴിഞ്ഞതായിരുന്നു. പക്ഷേ ഈ അന്തരീക്ഷവും പരിസരവും ആ ഓർമ്മകൾ എന്നിൽ വീണ്ടുമുണർത്തുന്നു. ഞാനെന്തു ചെയ്യാനാണ്?” ഞാനാ മാറിൽ വീണു തേങ്ങിക്കൊണ്ടു പറഞ്ഞു.

“ശരി…ശരി… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. നമുക്കീ നാട്ടിൽ അധികം നിൽക്കണ്ട. എത്രയും വേഗം നമുക്കിവിടെ നിന്നു മടങ്ങാം. മാത്രമല്ല തനിക്കിനി ലീവും അധികമില്ലല്ലോ…”

നരേട്ടൻ എന്നെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ എന്‍റെ മനസ്സ് ഒരു വടംവലിയിൽ മുഴുകി. ചെകുത്താനും കടലിനും നടുക്കെന്നപോലെ ഉഴറി.

ഇവിടെ നിന്നാൽ ഫഹദ് സാറിന്‍റെ ഓർമ്മകൾ എന്നെ വീണ്ടും ചുട്ടു പൊള്ളിക്കും. പക്ഷേ പോകാതിരുന്നാൽ ഒരു ജന്മം മുഴുവൻ ഞങ്ങൾക്കായി ഉഴിഞ്ഞു വച്ച അമ്മയോടുള്ള കടപ്പാടുകൾ നിറവേറ്റാൻ കഴിയാതെ പോകും. രണ്ടു ദിനമെങ്കിലും അമ്മയുടെ സമീപം നിന്ന് രോഗ ശുശ്രൂഷകൾ ചെയ്യണമെന്ന എന്‍റെ മോഹം. മൂത്തപുത്രി എന്ന നിലയിൽ എന്‍റെ കടമ കൂടിയാണത്. എന്തു ചെയ്യേണ്ടു എന്നറിയാതെ നിലക്കൊണ്ട എന്നോട് നരേട്ടൻ വീണ്ടും പറഞ്ഞു.

“തന്‍റെ മനസ്സിലെ കൺഫ്യൂഷൻ എനിക്കു മനസ്സിലാകുന്നുണ്ട്. തനിക്ക് അമ്മയെ ശുശ്രൂഷിക്കണമെന്നുണ്ടെങ്കിൽ ഒരാഴ്ച കൂടി നമുക്കിവിടെ താമസിയ്ക്കാം. അതിനുശേഷം ഡൽഹിയിക്കു മടങ്ങാം.”

ഉള്ളു കൊണ്ട് അവിടെ നിന്നു പറന്നു പൊങ്ങാൻ വെമ്പൽ കൊള്ളുമ്പോഴും അമ്മയോടുള്ള കടമ നിർവ്വഹിക്കുവാൻ ഞാൻ തയ്യാറായി. ഇത്തരം അനുഭവങ്ങൾ എനിക്കു പുതുമയല്ലല്ലോ. അല്ലെങ്കിൽ തന്നെ ഇതുപോലെ ഹൃദയവും, തലച്ചോറും ചുട്ടുപൊള്ളുന്ന അനേകം രാത്രികൾ ഞാനീ മുറിയിൽ കഴിച്ചു കൂട്ടിയിട്ടുള്ളതോർത്തു.

അച്‌ഛൻ എനിക്കായി സൃഷ്ടിച്ച തടവറയിൽ അമ്പേറ്റു വീണ ഇണപക്ഷിയുടെ വേപഥുവോടെ പിടഞ്ഞു തീർന്ന രാവുകൾ. ഒരിറ്റു ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ മനസ്സും ശരീരവും കൊതിച്ച നാളുകൾ. കരുണയുടെ ഒരു കൊച്ചു നീരുറവയ്ക്കായി കൈനീട്ടിയ പകലുകൾ. അപ്പോഴൊക്കെ ആരും കാണാതെ അമ്മ അനുജത്തിമാരുടെ കൈയ്യിൽ എനിക്കുള്ള ആഹാരം കൊടുത്തയ്ക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അച്‌ഛന്‍റെ സൂക്ഷ്മ ദൃഷ്ടിക്കു മുന്നിൽ അമ്മയുടെ ആ ശ്രമങ്ങളെല്ലാം മിക്കപ്പോഴും പരാജയപ്പെടുകയായിരുന്നു. അച്‌ഛന്‍റെ നിഷ്ഠൂരമായ നീതിപീഠത്തിനു മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിന്ന അമ്മ ഒടുവിൽ പട്ടിണി കിടന്ന് മരിക്കാറായെന്നു തോന്നിയപ്പോൾ അച്‌ഛനില്ലാത്ത നേരത്ത് രണ്ടും കൽപിച്ച് എന്നെ തുറന്നു വിട്ട അമ്മയും അനുജത്തിമാരും.

ഓർമ്മയുടെ കല്പടവുകളിലിരുന്ന് അവർക്കായി കൃതജ്ഞതയുടെ പൂച്ചെണ്ടുതെറുക്കുകയായിരുന്നു ഞാൻ. “എന്താ ചേച്ചി, ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്. മുറിയിൽ അമ്മ ചേച്ചിയെ അന്വേഷിക്കുന്നുണ്ട്.” ഇളം തെന്നൽ ശിരസ്സു തലോടുമ്പോൾ ഞാൻ മുല്ലത്തറയിലാണെന്നറിഞ്ഞു. മായയുടെ ശബ്ദം തൊട്ടുണർത്തിയപ്പോൾ ഞെട്ടലോടെ ഞാൻ മുഖം തിരിച്ചു.

“എന്താ ചേച്ചീ… ചേച്ചീ പഴയ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണെന്നു തോന്നുന്നു. ഇനിയും അതൊക്കെ മറക്കാറായില്ലെ ചേച്ചീ…”

തന്‍റെ നനഞ്ഞ കവിൾത്തടങ്ങളിൽ നോക്കിക്കൊണ്ട് മായ ചോദിച്ചു. അപ്പോഴാണ് ഞാൻ ഇതുവരെ കരയുകയായിരുന്നു എന്നോർത്തത്.

“ഇല്ല മോളെ… ഇവിടെ എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ അതിന്‍റെ സ്നേഹപാശം കൊണ്ട് എന്നെ ബന്ധിതയാക്കുകയാണ്. ഒരുപക്ഷേ തള്ളിക്കളയാൻ ശ്രമിക്കുന്തോറും അതെന്നെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കുന്നു.” മനസ്സു പറഞ്ഞു.

“ചേച്ചിയ്ക്കറിയോ? ഫഹദ് സാർ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ ഉപേക്ഷിച്ചു ആ ബന്ധത്തിൽ അദ്ദേഹത്തിന് കുട്ടികളുമുണ്ടായില്ല.”

എന്ത്? ആ വാക്കുകൾ എന്നെ അൽപം ഞെട്ടിക്കുക തന്നെ ചെയ്‌തു. ഒരു പക്ഷേ എന്‍റെ ഓർമ്മകൾ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്നല്ലെ അതിനർത്ഥം. അല്ലെങ്കിൽ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തുടരാൻ കഴിയാതിരുന്നത് എന്തു കൊണ്ടാണ്? അരുത് സാർ… ഈ ശാപജന്മത്തെ ഓർത്തിരുന്ന് അങ്ങയുടെ വിലപ്പെട്ട ജീവിതം അങ്ങ് പാഴാക്കരുത്. അങ്ങനെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ആരോടാണ് ഞാനിതു പറയേണ്ടത്??

എന്‍റെ മനസ്സ് എത്ര ഉറക്കെ അലറിയാലും അതീ ശൂന്യതയിൽ വലയം പ്രാപിക്കുകയേ ഉള്ളൂ. ചുറ്റിനു വലയം ചെയ്യുന്ന ഇരുട്ടിനെ തുറിച്ചു നോക്കി ഞാനിരുന്നു. അപ്പോൾ മായ എന്‍റെ കൈപിടിച്ച് കൊണ്ട് ക്ഷണിച്ചു.

“വരൂ… ചേച്ചീ… ഇവിടിങ്ങനെ ഒറ്റയ്ക്കിരിക്കേണ്ട. നമുക്ക് അമ്മയുടെ അടുത്തേയ്ക്കു പോകാം. അമ്മ കുറേനേരമായി ചേച്ചിയെ അന്വേഷിക്കുന്നു.”

ഒരു പ്രതിമ കണക്കെ മായയെ പിന്തുടർന്ന് ഞാൻ നടന്നു. ഒടുവിൽ അമ്മ കിടക്കുന്ന മുറിയിലെത്തുമ്പോൾ പെട്ടെന്ന് നരേട്ടനെക്കുറിച്ചോർത്തു മായയോടു ചോദിച്ചു.

“നരേട്ടനെവിടെ മോളെ… അദ്ദേഹത്തെ അല്പനേരമായല്ലോ കണ്ടിട്ട് അദ്ദേഹം ഇവിടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.”

“നരേട്ടൻ നടക്കാനിറങ്ങിയതാണ് ചേച്ചീ… ചേച്ചീയോടു പറഞ്ഞിട്ടാണ് അദ്ദേഹം പോകുന്നതെന്നു പറഞ്ഞു.”

ശരിയാണ്, നരേട്ടൻ എന്നെ സമാശ്വസിപ്പിച്ച ശേഷം നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഓർമ്മകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി പിടഞ്ഞിരുന്ന ഞാൻ അതൊന്നും കേട്ടില്ല എന്നതാണ് സത്യം. എങ്ങിനെയോ, അർദ്ധപ്രജ്ഞയായി ഞാൻ മുല്ലത്തറയിൽ എത്തിച്ചേരുകയായിരുന്നു. ഏതോ ഓർമ്മകൾ എന്നെ അങ്ങോട്ടേയ്ക്ക് നയിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.

“എന്താ മീര മോളെ നീ വല്ലാതെ ഇരിക്കുന്നത്. ഇവിടെ പഴയ ഓർമ്മകൾ നിന്നെ വല്ലാതെ ശ്വാസം മുട്ടിയ്ക്കുന്നുണ്ടെന്നു തോന്നുന്നു.”

നരേട്ടനെപ്പോലെ അമ്മയും എന്‍റെ മനസ്സ് വായിച്ചെടുക്കാൻ കഴിവുള്ള വ്യക്‌തിയാണ്.

“എല്ലാം മറക്കണം കുട്ടീ… മറവി പലപ്പോഴും മനുഷ്യന് ഒരനുഗ്രഹമാണ്. പ്രത്യേകിച്ച് ഭൂതകാലം നമ്മെ വേട്ടയാടുമ്പോൾ.”

“ശരിയാണ് അമ്മേ… എല്ലാം മറക്കുവാൻ പഠിച്ചു തുടങ്ങിയതായിരുന്നു ഞാൻ. പക്ഷേ ഒരു നെരിപ്പോടിലെന്നപ്പോലെ ഓർമ്മകൾ ഇപ്പോഴും അണയാതെ കിടക്കുന്നു എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്.

അന്ന് അമ്മയും മായയും മഞ്ജുവും എന്നെ തടവറയിലെ അർദ്ധ പട്ടിണിയിൽ നിന്നും രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു അതായിരുന്നു ഭേദം എന്ന്.

അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ, ഫഹദ്സാറും കുറെ കഴിയുമ്പോൾ എന്നെ മറന്നേനെ. ഇന്നിപ്പോൾ എല്ലാ സുഖഭോഗങ്ങളുടെയും നടുവിൽ ജീവിക്കുമ്പോഴും ആ ആത്മാവിന്‍റെ വേദന ഒരു ശാപം പോലെ എന്നെ പിന്തുടരുന്നു.

ഞങ്ങളുടെ രാഹുൽ മോനെ ഞങ്ങൾക്കു നഷ്ടപ്പെടുത്തിയത് ആ മനസ്സിന്‍റെ ശാപഫലമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്തൊക്കെ പീഢനങ്ങൾ നേരിട്ടപ്പോഴും ഞാൻ ഫഹദ് സാറിനു വേണ്ടി അന്ന് ഉറച്ചു നിൽക്കേണ്ടതായിരുന്നു. എങ്കിൽ ഇന്നിപ്പോൾ എന്നെ നെരിപ്പോടിലെന്നപ്പോലെ ഉരുക്കിത്തീർക്കുന്ന ഈ കുറ്റബോധത്തിൽ നിന്നും എനിക്ക് മോചനം ലഭിക്കുമായിരുന്നു.

“എല്ലാം വിധിയാണു കുഞ്ഞെ… ഒന്നും നമ്മളല്ല തീരുമാനിക്കുന്നത്.?എല്ലാം ഈശ്വര ഹിതം. നീ ഫഹദ്സാറിന്‍റെ ഒപ്പമല്ല നരന്‍റെ ഒപ്പമാണ് ജീവിക്കേണ്ടതെന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചിരുന്നു കുട്ടീ…”

“അല്ല അമ്മേ… അപ്പറഞ്ഞതിൽ ഞാൻ വിശ്വസിക്കുന്നില്ല. വരും വരായ്മകൾ കുറെയൊക്കെ മനുഷ്യ സൃഷ്ടിയാണ്. അന്ന് ഈശ്വരനല്ലാ അച്ഛനാണ് എന്‍റെ കാര്യത്തിൽ തീരുമാനം എടുത്തത് അല്ലെങ്കിൽ ഞാനും ഫഹദ്സാറും തമ്മിലുള്ള വിവാഹംബന്ധം ഒരിക്കലും മുറിയ്ക്കപ്പെടുമായിരുന്നില്ല.

“ശരിയാണ് കുഞ്ഞെ… ഒക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… ഇന്നിപ്പോൾ പഴയതെല്ലാം മറക്കുക. നീയിന്ന് ഒരമ്മയും മുത്തശ്ശിയുമായിക്കഴിഞ്ഞു. പിന്നെ നീ ആരേയും വഞ്ചിച്ചു എന്ന കുറ്റബോധം വേണ്ട. നരനും എല്ലാം അറിയാമാരുന്നല്ലോ നിന്നെ വിവാഹം കഴിക്കുമ്പോൾ…”

“ശരിയാണമ്മേ… ആ മനസ്സിന്‍റെ മഹത്വമാണ് എന്നെ ഇത്രത്തോളം എത്തിച്ചത്. എങ്കിലും ഇന്നിപ്പോൾ ഇവിടെ നിൽക്കുമ്പോൾ ഞാനറിയാതെ പഴയതെല്ലാം എന്നിലേയ്ക്കു കടന്നു വരുന്നു. ഈ വീട്ടിലെ ഓരോ മണൽത്തരിയും എന്നെ പലതും ഓർമ്മിപ്പിക്കുന്നു. എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ. ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്. ഫഹദ് സാറിന്‍റെ വധുവായപ്പോൾ ഞാനണിഞ്ഞിരുന്ന വിവാഹ വസ്ത്രം. എല്ലാമെല്ലാം പഴയ ഓർമ്മകളിലേയ്ക്കു എന്നെ നയിക്കുന്നു. ഓർമ്മകൾക്കും മരണത്തിനുമൊന്നും സ്‌ഥലകാല ബോധമില്ലല്ലോ അമ്മേ…”

“ശരിയാണു കുഞ്ഞെ… നിന്‍റെ വേദന എനിക്കു മനസ്സിലാകുന്നുണ്ട്. നിന്നെ ഇങ്ങനെ എന്‍റെ കാൽക്കീഴിലിരുന്ന് കണ്ണീരൊഴുക്കുന്നവളായി കാണാനല്ല ഞാനാഗ്രഹിച്ചത്. നിങ്ങളുടെയൊക്കെ ചിരിക്കുന്ന മുഖം കണ്ട് സന്തോഷത്തോടെ മരിക്കാനാണ്… അതിനു മാത്രമാണു കുഞ്ഞെ നിന്നെ ഈ അവസാന കാലത്തു കാണണമെന്ന് ഞാനാഗ്രഹിച്ചത്.”

നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ കണ്ടപ്പോൾ മാത്രമാണ് ഞാൻ അമ്മയെ വേദനിപ്പിക്കുകയായിരുന്നുവെന്നോർത്തത്. ഈ അവസാന കാലത്ത് അമ്മയെ വേദനിപ്പിക്കുവാനായിട്ടാണ് ഞാനിങ്ങോട്ട് വന്നതെന്നോർത്തപ്പോൾ കുറ്റബോധം തോന്നി.

“എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല അമ്മേ… എന്നോടു ക്ഷമിക്കൂ. എനിക്കു മാപ്പു തരൂ.”

ആ കാലുകളിൽ കെട്ടിപ്പിടിച്ച് മാപ്പിരക്കുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ പഴയ മീരയാകുവാൻ ഞാനൊരു ശ്രമം നടത്തുകയായിരുന്നു.

അന്നും അതിന്‍റെ പിറ്റേന്നും ഞാൻ പൂർണ്ണമായും പഴയ കോളേജ് കുമാരിയാകുവാൻ, അമ്മയുടെ പഴയ മീരമോളാകുവാനുള്ള ശ്രമത്തിലായിരുന്നു. ഊർജ്‌ജസ്വലയായ ആ പഴയ പെൺകുട്ടിയെ എന്നിലേയ്ക്കാവാഹിക്കുവാനുള്ള ആ ശ്രമത്തിൽ ഞാൻ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ പറയാം. അമ്പതു പിന്നിട്ട് മുത്തശ്ശിയായിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അത് ആത്യന്തം ശ്രമകരമായിരുന്നു, എങ്കിലും അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രോഗശുശ്രൂഷ ചെയ്യുന്നതിൽ ഞാൻ ഒട്ടൊക്കെ വിജയിച്ചു.

അമ്മയെ അത് ഏറെ സന്തോഷിപ്പിച്ചു. എന്നിലെ മാറ്റം കണ്ട് വിസ്മയം പൂണ്ട് അമ്മ പറഞ്ഞു.

“മീരമോളെ… നീയിപ്പോൾ എന്‍റെ പഴയ ചുണക്കുട്ടി തന്നെയായിരിക്കുന്നു. ഇങ്ങനത്തെ എന്‍റെ മീരമോളെ കാണുന്നതാണ് എനിക്കിഷ്ടം.”

അമ്മയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നു. പത്തുമാസം ചുമന്ന് പ്രസവിച്ചു വളർത്തിയ അമ്മയ്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്‌തില്ലെങ്കിൽ ഞാനൊരു മകളാവുകയില്ലെന്നു തോന്നി.

എന്നിലെ മാറ്റം നരേട്ടനടക്കം മറ്റെല്ലാവരേയും സന്തോഷിപ്പിച്ചു.

“താനിപ്പോഴാണ് എന്‍റെ പഴയ മീരയായത്. കഴിഞ്ഞ ദിവസങ്ങളിലെ തന്നിലെ ആ നനഞ്ഞ മട്ട് എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല മീര.”

നരേട്ടൻ സന്തോഷത്തോടെ എന്നെ ചേർത്തു നിർത്തി പറഞ്ഞു.

രാവിലെ കുളിച്ച് അമ്പലത്തിൽ പോയി പ്രസാദമണിഞ്ഞു വന്ന എന്നെ അദ്ദേഹം ചേർത്തണച്ച് നെറ്റിയിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു. “നിന്‍റെ ശ്രീത്വം തുളുമ്പുന്ന ഈ മുഖത്തെ പ്രസന്നത എനിക്ക് മരിക്കുന്നതു വരെ കാണണം.” ഞാൻ കൈകൊണ്ട് ആ ചുണ്ടുകൾ പൊത്തി എന്നിട്ടു പറഞ്ഞു.

“അരുത്… നരേട്ടാ… മരണത്തെ ഓർമ്മിപ്പിക്കുന്ന ഒന്നും അങ്ങ് പറയുകയില്ലെന്നെനിക്ക് വാക്കു തന്നിരിക്കുന്നതാണ്.”

(തുടരും)

കാണിക്കായ് ഒരു മൺചിരാത് ഭാഗം- 2

ഇനിയൊരക്ഷരം മിണ്ടരുത് രണ്ടുപേരും. മീനുവക്കൻ രുക്കുവിനെ പരിശോധിച്ചു. ഉറക്കത്തിലും പേടിയോടെ അവൾ ഏങ്ങലടിച്ചു. ശരീരം വെട്ടിവിറച്ചു. കുഞ്ഞിന്‍റെ കിടപ്പുകണ്ടപ്പോൾ മീനുവക്കന് സഹിച്ചില്ല.

കണ്ണുകൾ നിറഞ്ഞു. കുഞ്ഞിന്‍റെ മുഖം മുഴുവനും ചുവന്നു തിണർത്തു കിടക്കുന്നു. കീഴ്ച്ചുണ്ട് ഒരൽപം മുറിഞ്ഞ് വീർത്തിരിക്കുന്നു. കരഞ്ഞപ്പോൾ വാ പൊത്താൻ ശ്രമിച്ചിട്ടോ എന്തോ കവിളിൽ നഖങ്ങൾ കൊണ്ട് ആഴത്തിൽ പാടുണ്ട്.

“ഈശ്വരാ… ദേവീകടാക്ഷം കൊണ്ട് കുഞ്ഞിന്… തക്കസമയത്ത് പുരുഷൂനെ ഇവിടേയ്ക്ക് പറഞ്ഞുവിട്ടത് ദേവി തന്നാ. കുഞ്ഞിനൊന്നും പറ്റീട്ടില്ല. നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട.”

“ഈ സംഭവത്തെക്കുറിച്ച് ആരോടും ഒന്നു പറയണ്ട. നിങ്ങളും മറന്നു കളഞ്ഞേക്കുക. വീട്ടിൽ ആരുമില്ലാത്തപ്പോൾ മുതിർന്ന ആൺകുട്ടികളെ വീട്ടിനകത്ത് കേറ്റരുത്. കേട്ടല്ലോ രണ്ടുപേരും. ഇതൊരു പാഠമായിരിക്കട്ടെ.”

മീനുവക്കൻ പോയിക്കഴിഞ്ഞതോടെ ഭാമിനി വീണ്ടും തേങ്ങിക്കരച്ചിൽ തുടങ്ങി. അവളിൽ ദേഷ്യം പതഞ്ഞു പൊങ്ങി വന്നു.

ആ തെണ്ടിച്ചെക്കനെ എനിക്കിനി കാണണ്ട. അവനെ വെറുതെ വിടരുത്. അവളുടെ സമനില വല്ലാതെ തെറ്റിയിരുന്നു.

പുരുഷു പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. ഇരുട്ട് അയാൾക്ക് പിന്നിൽ പടിപ്പുര വാതിലടച്ചു.

ക്ഷേത്രനടയടച്ച് വീട്ടിലേയ്ക്ക് മടങ്ങിയ പൂജാരി പുരുഷുവിനെ വഴിയിൽ കണ്ടു.

ഇന്ന് പുരുഷൂനെ അത്താഴപൂജയ്ക്ക് കണ്ടില്ലല്ലോ…

പുരുഷു ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. അന്ന് രാത്രി അയാൾ മടങ്ങി വന്നില്ല.

പിറ്റേന്ന് പുരുഷൂന്‍റെ ജീവനറ്റ ശരീരം കായൽക്കരയിൽ നിന്നും കിട്ടി. ആരോ ചവിട്ടിത്താഴ്ത്തിയതു പോലെ മുഖം കായൽച്ചളിയിൽ ചതഞ്ഞിരുന്നു.

എന്തു സംഭവിച്ചൂന്ന് ആർക്കുമറിയില്ല. പുരുഷൂന് അപസ്മാരത്തിന്‍റെ അസുഖമുണ്ടായിരുന്നത് കൊണ്ട് പോലീസ് ആ വിധത്തിൽ അതെഴുതിത്തള്ളി.

ചോദിക്കാനും പറയാനും അന്വേഷിക്കാനും ആരുമില്ലായിരുന്നു. ജീവിതത്തിൽ ആഘാതങ്ങൾ എവിടന്നൊക്കെ എത്ര പെട്ടെന്നാണ് കടന്നു വരിക. മാനസികനില തെറ്റിയപോലെ ഭാമിനി മന്ദിച്ചിരുന്നു. പകച്ചു പോയ ഒരമ്മ.

മടിയിൽ തിരിച്ചറിവില്ലാത്ത മൂന്നു പെൺകുഞ്ഞുങ്ങൾ.

ഭാമിനിയുടെ ബോധക്കാഴ്ചകളിൽ അവൾക്കറിയാം പുരുഷു മരിച്ചത് അസുഖം കൊണ്ടല്ലാ ആരോ അയാളെ അപായപ്പെടുത്തിയതാണെന്ന്. ഉൾവിളികൾ അവളോട് പറഞ്ഞു.

വിശാഖൻ… അവൻ എന്തെങ്കിലും ചെയ്‌തു കാണുമെന്ന് ഭാമിനി ഉറച്ചു വിശ്വസിച്ചു. കാരണം പിറ്റേന്ന് മുതൽ വിശാഖനെ ആരും കണ്ടിട്ടില്ല.

അവൻ നാടുവിട്ടു പോയെന്ന് പലരും പറഞ്ഞു. കാരണങ്ങൾ ചിക്കിച്ചികയാൻ ആരും താൽപര്യപ്പെട്ടില്ല.

മൂന്നു പെണ്മക്കളുടെ അമ്മ. ഇരുപത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള ഭാമിനി.

അവൾ വിധവയായിരിക്കുന്നു. സമുദായാചാരപ്രകാരം അവൾ മുടി വടിച്ച് തലമുണ്ഡനം ചെയ്‌ത് കാവിയുടുക്കേണ്ടതാണ്. പൂവും കരിവളയും അവൾക്ക് നിഷിദ്ധം. ഭാമിനി കണ്ണീർ തോരാതെ മൗനിയായിരുന്നപ്പോൾ മീനുവക്കൻ അതിന് വിഘ്നം നിന്നു. അവളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം അവർ ഏറ്റെടുത്തു. സ്വജാതിക്കാർ വഴക്കിട്ടു പോയി.

കനിവ്, അതായിരുന്നു മീനുവക്കന്‍റെ കൂട്ടായ്മ. അഭ്യസ്ഥവിദ്യരായ കുറേ പേരുടെ കൂട്ടായ്മ. വിധവകൾ, അനാഥകൾ, ലൈംഗിക തൊഴിലാളികൾ, മക്കളുപേക്ഷിച്ച വൃദ്ധർ, പീഢിതർ, മാനസിക സമനിലതെറ്റിയ ആളുകൾ. അവർക്കൊക്കെ വേണ്ടിയിട്ടുള്ള ഒരു സന്നദ്ധ സംഘടന എന്നു പറയാം.

സമൂഹത്തിന്‍റെ കറുത്ത വശങ്ങളിലേക്കുള്ള ഉൾനോട്ടം. കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത കുറേ കരുണാമയികളുടെ താങ്ങും തണലും കൂട്ടായ്മയും കനിവിനുണ്ട്.

കനിവിന്‍റെ കീഴിൽ സംരക്ഷണയിൽ, ജീവിതം കരുപ്പിടിപ്പിക്കാനായി ഭാമിനിക്ക്. മീനുവക്കൻ അവർക്കെല്ലാമായി.

കുട്ടികളെല്ലാം പഠിക്കാൻ മിടുക്കരായിരുന്നു. ആലുവയിലെ ആശ്രമങ്ങളോടു ചേർന്നുള്ള അനാഥമന്ദിരങ്ങളിൽ വയറുനിറയെ ഭക്ഷണം കഴിച്ച് ഉറപ്പുള്ള മേൽക്കൂരകൾക്ക് കീഴിൽ അവർ ഉറങ്ങി. മറ്റുള്ള കുട്ടികൾക്കൊപ്പം പഠിക്കാൻ പോയി.

ഭാമിനിയെ ചികിത്സകൾക്കും കൗൺസിലിംഗിനു മൊക്കെ വിധേയയാക്കിയെങ്കിലും സ്വന്തം വീടു വിട്ട് അവളെങ്ങും പോയില്ല.

പഴയതു പോലെ അയൽ വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമായി കഴിഞ്ഞു കൂടി. അവധി ദിവസങ്ങളിൽ മാത്രം മക്കൾ മൂന്നുപേരും ഭാമിനിയോടൊപ്പം ഉണ്ടാകും.

വർഷങ്ങൾ കടന്നു പോയത് എത്രപെട്ടെന്നാണ്.

രുക്കു നഴ്സിംഗ് പഠിച്ചിറങ്ങി അമ്മയുടെ കൂടെ താമസിച്ച് ജോലിക്ക് പോയിത്തുടങ്ങി.

ശ്യാമ പ്ലസ് ടു കഴിയാറായി. ചാന്ദ്നി പത്താം ക്ലാസിലുമെത്തി. കുഞ്ഞു പൊട്ടിച്ചിരിയലകളുമായി ആത്മവിശ്വാസവും പ്രസരിപ്പുമുള്ള പെൺകുഞ്ഞുങ്ങൾ വളർന്നു.

രുക്കുവാണെങ്കിൽ ആഴത്തിലുള്ള ഒരു തടാകമായി ആഴക്കടലിലെ അഗാധതയിൽ നിന്നുള്ള ചുഴികളെയും ചുഴലിക്കാറ്റിനെയും സ്വന്തം നെഞ്ചിനുള്ളിലേക്ക് അവാഹിച്ച് അടക്കിപ്പിടിച്ചൊരു ശാന്തത പ്രകടിപ്പിച്ചിരുന്നു.

ഭാമിനിയെ കൊണ്ടായിരുന്നു പ്രശ്നങ്ങൾ.

ജീവിതത്തിലെ ആകസ്മികതകളും ക്രൂരമായ നിരന്തരമായ പരീക്ഷണങ്ങളും ഇരയ്ക്ക് വേണ്ടിയുള്ള വേട്ടക്കാരുടെ പീഡനങ്ങളും, അനുഭവം കൊണ്ട് ഭാമിനിയെ വിരക്തയും വികാരരഹിതയും ക്ഷിപ്രകോപിയുമാക്കി.

ഇടയ്ക്കിടെ ഭാമിനിയുടെ താളം തെറ്റുന്ന അവസ്‌ഥകളിൽ ദൃഢചിത്തതയോടെ അമ്മയെ ശുശ്രൂഷിക്കും. ഭാമിനിയുടെ പിറുപിറുക്കലുകളും കയർക്കലുകളും ശാപച്ചൊരിച്ചിലുകളും കണ്ടില്ലെന്നു നടിച്ച് ജീവിതം പ്രസന്നതയോടെ മുന്നോട്ടു നയിക്കുന്ന അവൾക്ക് കൂടെ കൂട്ടാൻ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു.

മീനുവക്കനോട് അവളുടെ സ്വപ്നങ്ങൾ പങ്കുവയ്ക്കും.

മീനുവക്കൻ സ്വന്തം സ്നേഹിതയുടെ മകന്‍റെ വിവാഹാലോചന കൊണ്ടു വന്നപ്പോൾ ഭാമിനിക്കു സമ്മതമായിരുന്നു. ശ്രീറാമിനെ രുക്കുവിനും ഇഷ്‌ടപ്പെട്ടു.

ശ്രീറാം മിടുക്കനാണ്. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്നു. ജെസിബി ഓടിക്കാനറിയാം. സർട്ടിഫിക്കറ്റുണ്ട്. പോരാത്തതിന് ബിരുദധാരിയായ ഓട്ടോ ഡ്രൈവർ.

ഗൾഫിലൊരു കമ്പനിയിലെ സ്ഥിരം ഡ്രൈവർ തസ്തികയിൽ ഇന്‍റർവ്യൂ ജയിച്ച് വിസക്ക് കാത്തിരിക്കുന്ന ശ്രീറാമിന് രുക്കു നല്ലൊരു പങ്കാളിയായിരിക്കുമെന്ന് മീനുവക്കൻ കണക്കു കൂട്ടി… പക്ഷേ… അശനിപാതം കണക്ക് വിശാഖന്‍റെ രംഗപ്രവേശം ഓർക്കാപ്പുറത്ത്.

അവന് രുക്കുവിനോടുള്ള പക ഇപ്പോഴും കെടാത്ത കനൽപോലെ…

ഭാമിനിയോടും അവന് പ്രതികാരമുണ്ട്. ഒരു പുഴുത്ത പട്ടിയെപ്പോലെയല്ലേ തന്നെ തല്ലിയിറക്കിയത്? അതും കൂടാതെ കായൽക്കരയിൽ പോയി ഒറ്റക്കിരുന്ന തന്നെ വീണ്ടും ചവിട്ടാൻ വന്നു പുരുഷു. പിടിച്ച് തള്ളി താഴെയിട്ടു. അസുഖത്തിന്‍റെ ലക്ഷണങ്ങൾ തുടങ്ങുന്നതും പുരുഷുവിന്‍റെ വായിൽ നിന്നും നുരയും പതയുമൊക്കെ വരുന്നതു കണ്ടു. മുഖം പൊത്തിയാണയാൾ കായലിലെ ചെളിക്കുണ്ടിലേയ്ക്ക് വീണത്. വേണമെങ്കിൽ തനിക്കയാളെ എടുത്തു പൊക്കാമായിരുന്നു. ആളെക്കൂട്ടി എടുത്തു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമായിരുന്നു.

വേണ്ടന്നങ്ങ് തീരുമാനിച്ചു. അയാൾ ജീവിച്ചിരുന്നാൽ തന്നെ അയാൾ ഉപദ്രവിക്കും. നടന്നതെല്ലാം നാട്ടുകാരോട് വിളിച്ചു കൂവും. ഇപ്പോൾ തന്നെ അയാളുടെ മർദ്ദനമേറ്റ് ഒരു വിധത്തിലായി.

അന്ന് വിശാഖൻ എഴുന്നേറ്റ് നേരെ റെയിൽവേ സ്റ്റേഷനിലേയ്ക്ക് കാലുകൾ വലിച്ചു വച്ചു നടന്നു. ഒരു ഒളിച്ചോട്ടമായിരുന്നു അത്.

വീണ്ടും മറ്റൊരു ദുർഗ്ഗാഷ്ടമി നാളിൽ താനിവിടെ ആൾക്കൂട്ടത്തിലൊറ്റയ്ക്ക്. നീണ്ട വർഷങ്ങൾക്കു ശേഷം.

ചെണ്ടമേളക്കാരുടെ താളം കൊഴുത്തു തുടങ്ങി. കലാശക്കൊട്ട്. താലപ്പൊലി ഘോഷയാത്ര മടങ്ങി വന്ന് അമ്പലത്തിലേയ്ക്ക് തിരിച്ചു കയറിത്തുടങ്ങി. പിറകിലെ പൂരപ്പറമ്പിൽ വെടിക്കെട്ടും തുടങ്ങി.

ദൂരെ നിന്നേ ദീപാലങ്കാരപ്രഭയിൽ മുങ്ങിയ പുഷ്പാലങ്കാര രഥം വരുന്നത് ശ്രീറാം കണ്ടു. ആടയാഭരണങ്ങളണിഞ്ഞ ദുർഗ്ഗാദേവി. പ്രകാശപൂരിതമായ തിളങ്ങുന്ന മിഴികളിൽ രക്‌താഭ ജ്വലിക്കുന്നു. ചുവന്ന പട്ടുചേല ചുറ്റിയ ദുർഗ്ഗാദേവി. ആയുധമേന്തിയ കൈകൾ. ശ്യാമയും ചാന്ദ്നിയും പ്രദക്ഷിണ വഴിയിൽ അമ്പലത്തിനുള്ളിലേയ്ക്ക് കയറുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ശ്രീറാമിന് കാണാൻ കഴിഞ്ഞില്ല. ഉൾക്കിടിലത്തോടെ ശ്രീറാം പെട്ടെന്ന് വിശാഖനെ തിരക്കി. ഈ ആൾക്കൂട്ടത്തിൽ എവിടെ കണ്ടുപിടിക്കുവാനാണ്? അവനെവിടെ?

ദേവിവിഗ്രഹം വർണ്ണക്കുടകൾ മാറ്റി ശ്രീകോവിലിലേക്ക് രഥത്തോടെ വലിച്ചെടുക്കപ്പെടുന്നത് നിറക്കാഴ്ച. വായ്ക്കുരവകൾ ചെണ്ടമേളത്തെ വിഴുങ്ങി. ശ്രീറാമിന്‍റെ മൊബൈലിൽ പൊടുന്നനെ ഒരു മിസ്ഡ് കോൾ തെളിഞ്ഞു.

രുക്കു…ശ്രീറാം തിരിച്ചു വിളിച്ചു.

പാലം ഇറങ്ങി പച്ചാളത്തേയ്ക്ക് വന്ന് നിൽക്കാമോ. ഞാൻ പാലത്തിനടിയിലൂടെ റെയിൽ മുറിച്ച് കടന്ന് വരാം… രുക്കു കോളവസാനിപ്പിച്ചു. അവളാകെ പരിഭ്രമിച്ചിരിക്കുന്നതു പോലെ തോന്നുന്നു.

ശ്രീറാം തിരക്കിലൂടെ വാഹനമോടിക്കുവാൻ ഏറെ ബുദ്ധിമുട്ടി.

ആളുകൾ ആബാലവൃദ്ധം റോഡിലൂടെ പരന്ന് നിറഞ്ഞൊഴുകുന്നു. അവിടവിടെ പടക്കങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം. ആകാശത്ത് അമിട്ടുകളുടെ വർണ്ണശബളിമ.

ഒരു വിധത്തിൽ തിരക്കിലൂടെ ശ്രീറാം പാലമിറങ്ങി. രുക്കു ഓടിക്കിതച്ച് വന്ന് വണ്ടിയുടെ പിറകിൽ കയറി.

വിട്ടോ ശ്രീറാം. എനിക്കിന്ന് ഡ്യൂട്ടി നൈറ്റാണ്… വൈകിപ്പോയി…അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഹാഫ്സാരിയും പട്ടുപാവാടയും അവളെ അതിസുന്ദരിയാക്കിയിരുന്നു. മുഖത്ത് പ്രസരിപ്പുണ്ട്. പക്ഷേ കണ്ണുകൾ കലങ്ങിയിരിക്കുന്നു.

കൈയിലെന്താണ്…? ശ്രീറാം അത്ഭുതപ്പെട്ടു. രുക്കുവിന്‍റെ കയ്യിൽ താലമുണ്ട്. കൽവിളക്കിൽ എണ്ണയുണ്ട്. തിരിയുണ്ട്. പാത്രത്തിൽ മുറിത്തേങ്ങയുണ്ട്. പൂവും മലരുമെല്ലാമുണ്ട്. തിരി കത്തിച്ചിട്ടില്ല.

ഞാൻ താലപ്പൊലിക്കായി ഒരുങ്ങുകയായിരുന്നു. ശ്യാമയും ചാന്ദ്നിയും നേരത്തെ തന്നെയിറങ്ങി. വളരെ ആഗ്രഹിച്ച് ശ്രീറാം വരുമെന്ന് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ചും… എന്നെ പെണ്ണു കാണാൻ വന്ന ദിവസം ഞാനുടുത്ത ഹാഫ്സാരിയും പാവാടയും അണിഞ്ഞു.

ശ്രീറാമിന് ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. അവൻ ഹൃദയമിടിപ്പോടെ അവളെ കേട്ടു.

അപ്പോഴാണ് പുറത്ത് തിണ്ണയിൽ ബഹളം കേട്ടത്. അവിടെ വിശാഖൻ വന്ന് അമ്മയുമായി പിടിയും വലിയും.

വിശാഖൻ അമ്മയെ പൂണ്ടടക്കം പിടിച്ചിരിക്കുന്നു.

എടീ ഭ്രാന്തിത്തള്ളെ, എവിടെ നിന്‍റെ സുന്ദരിമോള്. അവളെ ഞാനൊന്നു കാണട്ട്. മൂത്തുപഴുത്ത് ആപ്പിളു പോലിരിക്കുന്നെന്ന് കേട്ടു. എന്നെ ഈ നാട്ടിന്നോടിച്ചത് അവളാണ്, വെള്ളപ്പിശാച്.

ഭാമിനി വിശാഖനെ തുറിച്ചു നോക്കി. പത്തുപതിനഞ്ചു വർഷം മുമ്പ് ഇതു പോലൊരു ദുർഗ്ഗാഷ്ടമിനാളിൽ കയറി വന്ന് എന്‍റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചവൻ. അതേ നാള്. അതേ നേരം. തന്‍റെ പുരുഷൂനെ അപായപ്പെടുത്തിയവൻ. തനിക്ക് അകാല വൈധവ്യം സമ്മാനിച്ചവൻ…

അച്‌ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭ്രാന്തിളക്കങ്ങൾ അമ്മയ്ക്കുള്ളതാണ്.

ബഹളത്തിനിടയിൽ അമ്മയ്ക്ക് കൈയിൽ തടഞ്ഞത് വാക്കത്തിയാണ്. എടാ പട്ടീ… നീയല്ലെ എന്‍റെ പുരുഷൂനെ കൊന്നത്. നീയല്ലേ… ലക്ഷ്യമില്ലാതെ അമ്മ വാക്കത്തി വീശിക്കൊണ്ടിരുന്നു. അമ്മയുടെ ശക്തിയിൽ വിശാഖൻ ദുർബ്ബലനായി. അമ്മ അവനെ മാന്തിക്കീറുകയായിരുന്നു.

എടാ മൃഗമേ. നീയിനി ജീവിക്കണ്ട. എന്‍റെ മക്കൾക്കും എനിക്കും സ്വസ്ഥമായി ജീവിക്കണം. നീയിനി ഈ നാട്ടിൽ വേണ്ട. ചത്തു പോ…

ഭാമിനി ദുർഗ്ഗയായിത്തീർന്ന് ജ്വലിച്ചു. വെറുപ്പിന്‍റെ, അനുഭവിച്ച ദുഃഖങ്ങളുടെ അനാഥത്വത്തിന്‍റെ കാൽച്ചിലമ്പുകൾ കിലുക്കി അമ്മ തുള്ളുകയാണ്. ഉന്മാദിനിയെ പോലെ.

രുക്കു ഓടിവന്നു അമ്മയെ പിടിച്ചു നിർത്തി.

അമ്മേ… രുക്കു അലർച്ചയോടെ വിളിച്ചു. അമ്മ നിലത്ത് തളർച്ചയോടെ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു.

തിണ്ണയിൽ വിളക്കു കൊളുത്തിയിട്ടില്ലായിരുന്നു. ഇരുട്ട്… പുറത്തെയിരുളിൽ വിശാഖന്‍റെ രൂപം നിന്നാടുകയാണ്.

കാറ്റുപിടിച്ച നിഴൽ പോലെ. ചോരയൊലിക്കുന്ന മുറിവുകളും ചതവുകളും. പൊയ്ക്കോ… എവിടെയെങ്കിലും പൊയ്ക്കോ. ഇനിയിവിടെ കണ്ടുപോകരുത്. രുക്കു വിരൽച്ചൂണ്ടി ആജ്ഞാപിച്ചു.

ഇടവഴിയിലെ ഇരുൾ കറുപ്പിലലിഞ്ഞ് അവൻ രക്ഷപ്പെട്ടോടുന്നത് രുക്കു കണ്ടു.

അപ്പോൾ ശ്യാമയും ചാന്ദ്നിയും.

അവർ അമ്പലത്തിൽ നിന്നെത്തിയിട്ടില്ല. അവരുടെ കൂടെ മീനവക്കനുണ്ടാവും. രുക്കു അത് പറഞ്ഞു ചിരിച്ചു. അവൾക്ക് ഭയമില്ല.?അവൾ ചിരിച്ചപ്പോൾ ഒരു വന്യമായ കാറ്റ് വീശിയടിച്ചതു പോലെ ശ്രീറാമിന് അനുഭവപ്പെട്ടു.

താലത്തിലെ കൊച്ചു മൺചിരാതിലെ എണ്ണ മുറിത്തേങ്ങയിലേയ്ക്കൊഴിച്ചു രുക്കു. തെറുത്തെടുത്ത തിരി അതിലിട്ട് മെല്ലെ കൊളുത്തി വച്ചു. അവളുടെ നീണ്ട വിരലുകൾ എണ്ണയിൽ മുങ്ങി നിവർന്നപ്പോൾ നഖങ്ങളിൽ നിന്ന് രക്‌തകണങ്ങൾ കഴുകിയിറ്റു വീഴുന്നത് തിരിഞ്ഞു നോക്കാതെ തന്നെ ശ്രീറാം കണ്ടു. അവനിൽ ഒരു നടുക്കം ഉണ്ടായി.

കനത്ത മൗനം. മൗനം മാത്രം.

ശ്രീറാം ശാന്തനായി ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചു.

ഗോശ്രീ നടപ്പാതയിലും നിറയെ ആളുകളാണ്. രാത്രിയിലെ വിളക്കു കാലുകളിലെ മങ്ങിയ വെളിച്ചത്തിൽ നിഴലുകളെ പോലെ… ചലിക്കുന്ന നിഴലുകൾ.

പിറകിൽ രുക്കുവിന്‍റെ അമർത്തിയ തേങ്ങലുകൾ… ഇപ്പോൾ വന്യത നീങ്ങിയിരിക്കുന്നു. പകരം തികച്ചും ശാന്തമായ കായലലകളോടൊപ്പം വീശുന്ന കുളിർക്കാറ്റു പോലെ നേർത്തു നേർത്തു തേങ്ങലുകൾ അലിഞ്ഞു പോവുന്നു.

മുകളിൽ ഉദിച്ചുയർന്ന നീലനിലാവ്. താഴ്ന്നു താഴ്ന്നു വരുന്ന നക്ഷത്രങ്ങളുടെ മിന്നാമിനുങ്ങുകൂട്ടം. ആകാശപ്പന്തൽ പോലെ… ആശുപത്രിയുടെ മുന്നിൽ ഓട്ടോ നിന്നു.

രുക്കു യാത്ര പറഞ്ഞില്ല. ആശുപത്രി വാതായനങ്ങൾക്കപ്പുറത്തെ നിയോൺ വെളിച്ചത്തിലേയ്ക്ക് അവൾ നടന്നു മറഞ്ഞു. ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റിൽ അവൾ കൊളുത്തി വച്ച എണ്ണത്തിരിയിട്ട പൂത്താലം മടക്ക യാത്രയിൽ ശ്രീറാം അമ്പലനടയിൽ കാണിക്ക വച്ചു.

(അവസാനിച്ചു)

സാഗരസംഗമം ഭാഗം 9

“അമ്മേ… എന്‍റെ അമ്മേ ഒരു നോക്കു കാണുവാൻ ഇതാ ഈ മക്കളെത്തിയിരിക്കുന്നു…” ഹൃദയം ഒരു കടലു പോലെ അലറുന്നത് ഞാനറിഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി തറവാട്ടിനകത്തേയ്ക്ക് ഞാൻ ഓടിക്കയറുകയായിരുന്നുന്നോ? പടിക്കെട്ടുകൾ കയറി സിറ്റൗട്ടിലെത്തുമ്പോൾ അവിടെ നനഞ്ഞ മിഴികളോടെ മായ നില്പുണ്ടായിരുന്നു.

“എവിടെ മോളെ അമ്മ? അമ്മയ്ക്കെന്തു പറ്റി?” ഉദ്വേഗത്തോടെയുള്ള എന്‍റെ ചോദ്യം കേട്ടിട്ടാവണം മായ മിഴികൾ തുടച്ച് പറഞ്ഞു.

“അമ്മ അകത്ത് ബെഡ്റൂമിൽ കിടക്കുകയാണ് ചേച്ചി. ബാംഗ്ലൂരിൽ വച്ച് ഒന്നു വീണു. അതിനെത്തുടർന്ന്..” മുഴുമിക്കാൻ കഴിയാതെ അവൾ മൂകയായി നിന്നു. പിന്നെ ഇടറുന്ന വാക്കുകളോടെ തുടർന്നു. അവിടെ ഹോസ്പിറ്റലിയായിരുന്നു കുറെനാൾ. എന്നാൽ വലിയ വ്യത്യാസമൊന്നും കാണാത്തതിനാൽ ഇങ്ങോട്ടു പോരണം എന്ന് അമ്മ നിർബന്ധം പിടിച്ചു. വീഴ്ചയിൽ നട്ടെല്ലിനാണ് പരുക്കേറ്റത്. നേരത്തെ രോഗിയായിരുന്ന അമ്മയെ അത് കൂടുതൽ ബാധിച്ചു. ഇവിടെ വന്ന് ആയുർവേദമൊക്കെ കുറെ നോക്കി. പക്ഷേ കൂടുതൽ കൂടുതൽ സീരിയസ്സായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറവൊന്നും കാണുന്നില്ല ചേച്ചീ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ അകത്തേയ്ക്കു തിരിഞ്ഞു നടന്ന അവളുടെ പുറകേ നടക്കുമ്പോൾ ഹൃദയം കനൽ തീയിലെന്ന പോലെ വെന്തു നീറി.

ഒരു കാലത്ത് അമ്മയായിരുന്നു തനിക്കെല്ലാമെല്ലാം. ഏതു ദുഃഖവും ഇറക്കിവെയ്ക്കാനുള്ള അത്താണി. അച്ഛന്‍റെ ക്രൂരമായ സമീപനത്തിൽ ഞാൻ പിടഞ്ഞപ്പോൾ അകലെ മാറി നിന്നാണെങ്കിലും, കണ്ണീരൊഴുക്കാനും, സ്വയം നീറിയുരുകാനും അമ്മയുണ്ടായിരുന്നു. അന്നൊക്കെ എന്‍റെ വേദനകൾ അമ്മ പങ്കിട്ടെടുത്ത് സമാശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നെ ഞാൻ ഡൽഹിയ്ക്കു പോയപ്പോൾ അകന്നു നിന്നാണെങ്കിലും എല്ലായ്പ്പോഴും എന്‍റെ ദുഃഖങ്ങൾ അമ്മ കണ്ടറിഞ്ഞിരുന്നു. അടുത്തിരുന്ന് ആശ്വസിപ്പിയ്ക്കാനായില്ലെങ്കിലും അകന്നു നിന്ന് എന്‍റെ വേദനകൾ പങ്കിട്ടെടുക്കാൻ അമ്മയ്ക്കു കഴിഞ്ഞു. പലപ്പോഴും കത്തുകളിലൂടെ എന്നെ സമാശ്വസിപ്പിച്ചു.

അച്‌ഛനോടുള്ള വൈരാഗ്യത്താൽ കുടുംബത്തിൽ നിന്നും അകന്നു മാറാനും, പൂർവ്വ – ബന്ധങ്ങളെ മറക്കുവാനും ശ്രമിച്ച എന്നെ സ്നേഹത്തിലൂടെ ആവാഹിച്ച് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നത് അമ്മയാണ്. എല്ലാമെല്ലാം ഓർത്തപ്പോൾ അമ്മയോടുള്ള എന്‍റെ സ്നേഹം കൂടുതൽ കൂടുതൽ കത്തിജ്വലിച്ചു. വിറയ്ക്കുന്ന കാലടികളോടെ കിടപ്പു മുറിയിലെത്തി നിന്ന എന്നെ, കാളിമ പൂണ്ട രണ്ടു മിഴിയിണകളാണ് വരവേറ്റത്. അമ്മ! കിടക്കയിൽ അനങ്ങാനാവാതെ… സജലങ്ങളായ കണ്ണുകളോടെ എന്നെ നോക്കി കിടക്കുന്നു.

“ങ്ഹാ… നീയെത്തിയോ? നിന്നെക്കാണാതെ മരിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. ഭഗവാൻ കാത്തൂ. നിന്നെ കണ്ടല്ലോ. എന്‍റെ പൊന്നുമോളെ കണ്ടല്ലോ.”

“അതെ അമ്മെ… ഞങ്ങൾ ഗുരുവായൂർക്ക് പോയതായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മയെ കാണണം എന്നു തോന്നി.”

ആ കിടക്കയ്ക്കരികിലിരുന്നു കൊണ്ട് ഇടറുന്ന മനസ്സോടെ ഞാൻ പറഞ്ഞു.

“അതു നന്നായി മോളെ, എവിടെ എല്ലാവരും? നരനും മറ്റും വന്നില്ലെ?”

ആകാംക്ഷ തുടിയ്ക്കുന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ ആ കരങ്ങളെടുത്ത് മടിയിൽ വച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“എല്ലാവരുമുണ്ടമ്മേ… നരേട്ടനും, കൃഷ്ണമോളും, ദേവാനന്ദും പിന്നെ ടുട്ടുമോനും അപ്പോഴേയ്ക്കും വാതിൽക്കലെത്തി നിന്ന നരേട്ടനേയും കൃഷ്ണമോളെയും കണ്ട് അമ്മ അമിതാഹ്ലാദത്തോടെ പറഞ്ഞു.

“ങ്ഹാ… എത്രനാളായി എല്ലാവരേയും കണ്ടിട്ട് കൃഷ്ണമോളിങ്ങടുത്തു വന്നേ… മുത്തശ്ശി ഒന്നു നല്ലോണം കാണട്ടെ…”

കൃഷ്ണമോൾ വളരെ പതുക്കെ അമ്മയുടെ അടുത്ത് നടന്നെത്തി ആ കട്ടിലിനു സമീപം നിന്നു.

“മുത്തശ്ശിയ്ക്കെന്തു പറ്റി? ആകെ ക്ഷീണിച്ച് കോലം കെട്ടു പോയല്ലോ? അമ്മയുടെ കൈയ്യിലിരിക്കുന്ന മുത്തശ്ശിയുടെ പഴയ ഫോട്ടോയിൽ മുത്തശ്ശിയെക്കാണാനെന്ത് ഭംഗിയാണ്?”

“മുത്തശ്ശിക്കിപ്പോൾ തീരെ വയ്യാണ്ടായി കുട്ടി. ഇനി അധികകാലമൊന്നും മുത്തശ്ശിയില്ല. അതിനുമുമ്പ് നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞുവല്ലോ. അതു തന്നെ വലിയ സമാധാനം.” അതുകേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മുത്തശ്ശിയ്ക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ. മുത്തശ്ശി ഇപ്പോഴും നല്ല ചെറുപ്പമല്ലേ? സ്വീറ്റ് സെവന്‍റീ ഓർ എയിറ്റീ? അതൊന്നും ഇന്നത്തെക്കാലത്ത് മരിയ്ക്കാനുള്ള പ്രായമല്ലല്ലോ മുത്തശ്ശി?”

“അതെയതെ… വയസ്സ് എൺപത്തിയഞ്ചാകുന്നു. ഇനിയും അധികം കിടന്ന് നരകിപ്പിയ്ക്കാതെ അങ്ങ് വിളിച്ചാൽ മതിയായിരുന്നു.”

അൽപം നിർത്തി അമ്മ വീണ്ടും ചോദിച്ചു.

“അല്ല… നരനും നിന്‍റെ ഭർത്താവും കുഞ്ഞുമെല്ലാം അവിടെത്തന്നെ നിൽക്കുകയാണോ? എല്ലാവരോടും എന്‍റെയടുത്തേയ്ക്ക് വരാൻ പറയൂ. ഞാൻ എല്ലാവരേയും ഒന്നു നല്ലോണം കാണട്ടെ.”

വാതിക്കൽ തന്നെ നിന്ന് അമ്മയെത്തന്നെ വീക്ഷിച്ചു കൊണ്ടു നിന്ന നരേട്ടനും, ദേവാനന്ദും കുഞ്ഞിനെയും കൊണ്ട് അമ്മയുടെ സമീപത്തെത്തി നിന്നു.

“അല്ലാ…. വിഷ്ണു നാരായണാ നിയെന്താ വല്ലാതെ ക്ഷീണിച്ചു പോയല്ലോ? നീയിപ്പോൾ ഡോക്ടറെ കാണാറും, മരുന്നു കഴിക്കാറുമൊന്നുമില്ലെ” അമ്മ ഉദ്വേഗത്തോടെ അന്വേഷിച്ചു. അതുകേട്ട് നരേട്ടൻ വ്യാകുല ചിത്തനായി അറിയിച്ചു.”

“എല്ലാം മുറപോലെ നടക്കുന്നുണ്ട് അമ്മേ. പക്ഷേ വയസ്സായില്ലെ. അതിന്‍റെ ക്ഷീണവും കാണും. .”

“എന്തു വയസ്സ്. നിങ്ങളെക്കാൾ എത്രയോ മൂത്ത ഞാനിപ്പോഴാണ് കിടപ്പിലായത്. ഇത്രയും നാൾ വലിയ കുഴപ്പമൊന്നും കൂടാതെ ഓടി നടന്നതാണ്. പക്ഷേ ബാംഗ്ലൂരിൽ വച്ചുണ്ടായ ആ വീഴ്ച അതെന്നെ കിടത്തിക്കളഞ്ഞു. ങ്ഹാ… അങ്ങോട്ടു ചെല്ലാൻ സമയമായെന്ന് ഭഗവാന് തോന്നിക്കാണും. അതിന് വല്ല കാരണവും വേണ്ടേ.” അങ്ങനെ പറഞ്ഞ് അൽപം നിർത്തി അമ്മ നരേട്ടന്‍റെ പുറകിൽ നിൽക്കുന്ന ദേവാനന്ദിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.

“ആ നിൽക്കുന്നത് കൃഷ്ണമോളുടെ ഭർത്താവും, കുഞ്ഞുമല്ലോ? ഇങ്ങടുത്തു വാ മക്കളെ. മുത്തശ്ശി നല്ലോണം കാണട്ടെ.”

പക്ഷെ മുത്തശ്ശിയുടെ മലയാളം മനസ്സിലാകാതെ നിന്ന ദേവാനന്ദ് അനങ്ങാതെ നിന്നപ്പോൾ കൃഷ്ണമോൾ അടുത്തെത്തി ഹിന്ദിയിൽ അറിയിച്ചു.

“ദേവേട്ടാ… മുത്തശ്ശി വിളിക്കുന്നത് നിങ്ങളെയാണ്. മോനേയും കൊണ്ട് അടുത്തേയ്ക്കു ചെല്ലൂ.”

അതുകേട്ട് ഒരു ചെറുമന്ദസ്മിതത്തോടെ ദേവാനന്ദ് മുത്തശ്ശിയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. അപ്പോൾ കൃഷ്ണമോൾ അറിയിച്ചു.

“മുത്തശ്ശി, ദേവേട്ടൻ പഞ്ചാബിയാണ്. ഹിന്ദിയും പഞ്ചാബിയും മാത്രമേ അറിയൂ…”

“ഓ… അങ്ങിനെയാണോ? അതു ഞാനറിഞ്ഞില്ല. ഏതായാലും കൊച്ചുമോനെ ഞാനൊന്നു കണ്ടോട്ടെ…”

കൃഷ്ണമോൾ ദേവാനന്ദിന്‍റെ കൈയ്യിൽ നിന്ന് ടുട്ടുമോനെ വാങ്ങി മുത്തശ്ശിയുടെ അടുത്തെത്തിപ്പറഞ്ഞു.

“ഇതാ മുത്തശ്ശി. നല്ലോണം കണ്ടോളൂ. മുത്തശ്ശിയുടെ പേരക്കിടാവിനെ.

അവനെക്കണ്ട് അമ്മ നിറകണ്ണുകളോടെ പറഞ്ഞു. “നമ്മുടെ രാഹുൽമോൻ കൊച്ചിലെ ഇരുന്നതുമാതിരിത്തന്നെയുണ്ട്. ഈശ്വരന്‍റെ മായാലീല… അല്ലാതെന്തു പറയാൻ.”

അതുകേട്ട് നരേട്ടന്‍റേയും, എന്‍റേയും കണ്ണുകൾ നിറഞ്ഞു വന്നു. നരേട്ടൻ നിറകണ്ണുകളോടെ പറഞ്ഞു.

“അതെ! രാഹുലിനു പകരം ഈശ്വരൻ ടുട്ടുമോനെ നൽകി ഞങ്ങളെ സമാശ്വസിപ്പിക്കുവാൻ ശ്രമിക്കുകയാണ്. പക്ഷേ അദ്ദേഹം വിളിച്ചു കൊണ്ടു പോയ ഞങ്ങളുടെ പൊന്നുമോനെ തിരിച്ചു നൽകാൻ ഭഗവാനാവുകയില്ലല്ലോ… മനുഷ്യന്‍റെ മുമ്പിൽ പലപ്പോഴും ഈശ്വരനും നിസ്സഹായനായിത്തീരുന്നു എന്നല്ലെ അതിനർത്ഥം.”

“അതെ! മരണത്തെ തോൽപിക്കുവാൻ ഈശ്വരനുമാവുകയില്ല കുഞ്ഞെ. മരണമാണ് ആത്യന്തികമായ സത്യം. തിരശ്ശീലയ്ക്കപ്പുറത്ത് നമ്മുടെ ഊഴമെത്താൻ കാത്തു നിൽക്കുന്ന കാലമെന്ന സത്യത്തെ പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. മിക്കപ്പോഴും നിഴൽ പോലെ നമ്മുടെ തൊട്ടു മുന്നിൽ നില കൊള്ളുന്ന മരണമെന്ന ആത്യന്തിക സത്യത്തെ തിരിച്ചറിയുന്ന മനുഷ്യന് ഒരിക്കലും തെറ്റുപറ്റുകയില്ല കുഞ്ഞെ… ലൗകീകമായ സുഖഭോഗങ്ങളിൽ മയങ്ങി ജീവിക്കുമ്പോൾ പലപ്പോഴും നമ്മളാ സത്യത്തെക്കുറിച്ചോർക്കുന്നില്ല. ജീവിതം അനന്തമായി നീളുമെന്ന് വിശ്വസിക്കുന്നവർ പലപ്പോഴും ലൗകിക സുഖഭോഗങ്ങൾക്കായി തെറ്റുകളിൽ നിന്ന് തെറ്റുകളിലേയ്ക്ക് വഴുതി വീണു പോകുന്നു.”

അമ്മ ഒരു സന്യാസിനിയെപ്പോലെ വേദാന്ത ചിന്തകൾ ഉരുവിട്ടു കൊണ്ടിരുന്നു. ജീവിതപ്പൊരുളറിഞ്ഞ മരണത്തോടടുത്ത ഒരു വ്യക്‌തിയുടെ മൊഴികളായിരുന്നു അവ. അതുകൊണ്ടു തന്നെ ആ വാക്കുകളുടെ പൊരുൾ എനിക്കും നരേട്ടനും തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ ഞങ്ങളുടെ സമീപം നിന്ന കൃഷ്ണമോൾ അസ്വസ്ഥയായി.

“എന്താ മുത്തശ്ശിയും പപ്പായെയും മമ്മിയെയും പോലെ വേദാന്തിയായി മാറുകയാണോ?” അതുകേട്ടു കൊണ്ടിരുന്ന കൃഷ്ണമോൾ അൽപം നീരസത്തോടെ ചോദിച്ചു.

“അതെ മോളെ… അനുഭവങ്ങളാണ് മനുഷ്യനെ പലപ്പോഴും വേദാന്തിയാക്കി മാറ്റുന്നത്. കുറച്ചു കൂടി പ്രായമാവുമ്പോൾ നിനക്കതു മനസ്സിലാകും.”

അമ്മയുടെ വാക്കുകൾ കൃഷ്ണമോൾക്ക് ദഹിക്കാത്തതു പോലെ തോന്നി. അവൾ പുറം തിരിഞ്ഞ് നടന്നു കൊണ്ടു പറഞ്ഞു.

“ഈ വേദാന്തമൊന്നും എനിക്ക് ദഹിക്കുന്നില്ല മുത്തശ്ശി. ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ തുടങ്ങിയാൽ ജീവിതമുണ്ടാവുകയില്ല. എനിക്കേതായാലും ഈ വേദാന്തമൊക്കെ കേട്ടു കേട്ടു മടുത്തു. ഞാൻ പോവുകയാണ്.”

അവൾ കുഞ്ഞിനെയുമെടുത്ത് മുറിയ്ക്കു പുറത്തു കടന്നപ്പോൾ അമ്മ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അവൾ ചെറുപ്പമല്ലേ? ഇത്തരം കാര്യങ്ങളെ ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞെന്നു വരികയില്ല. സാരമില്ല… നിങ്ങൾ അകത്തു പോയി ഡ്രസ്സൊക്കെ മാറ്റി എന്തെങ്കിലും കഴിയ്ക്കൂ. മായമോളെ ഇവർക്കവരുടെ റൂം ഒരുക്കി കൊടുക്കൂ. കുളിക്കുകയോ, എന്തെങ്കിലും ആഹാരം കഴിക്കുകയോ ഒക്കെ ചെയ്ത് യാത്രാക്ഷീണം മാറ്റട്ടെ അവർ…”

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് മുറിയിൽ ഒതുങ്ങി നിന്ന മായമോൾ ഞങ്ങളുടെ അടുത്തെത്തിപ്പറഞ്ഞു. “വരൂ ചേച്ചി… നരേട്ടനെയും കൂട്ടി ചേച്ചിയുടെ മുറിയിലേയ്ക്ക് വന്നോളൂ. ഞാനെല്ലാം ഒരുക്കിയിട്ടുണ്ട്.”

മായയുടെ പുറകെ റൂമിലേയ്ക്കു നടക്കുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഏതോ നടുക്കുന്ന ഓർമ്മകൾ എന്നെ പിന്തുടർന്നെത്തുന്നതായി തോന്നി. ഒരിക്കൽ വിസ്മൃതിയുടെ കയങ്ങളിൽ ഞാനുപേക്ഷിച്ചു പോയ ദുരന്ത സ്മൃതികൾ വീണ്ടും എന്നെ തേടിയണയുകയാണോ?

ഏതോ അനുരാഗ കഥയുടെ ദുരന്തപൂർണ്ണമായ പരിസമാപ്തിയല്ലേ ഇവിടുത്തെ കാറ്റിൽ അലയടിക്കുന്നത്? തടവറയിൽ പീഡിപ്പിക്കപ്പെട്ട ഒരാത്മാവിന്‍റെ തേങ്ങലുകൾ ഇപ്പോഴും ഇവിടെ തങ്ങി നിൽക്കുന്നില്ലേ? വിറപൂണ്ട പാദപതനങ്ങളോടെ നരേട്ടനു പുറകെ ഞാനാ മുറിയിൽ പ്രവേശിച്ചു. ഞങ്ങളെ മുറിയിലാക്കി മായമോൾ തിരിഞ്ഞു നടന്നപ്പോൾ ഞാനാ മുറിയാക വീക്ഷിച്ചു.

ആ മുറിയിലെ ഓരോ വസ്തുവും മനസ്സിന്‍റെ ഉള്ളറകളിൽ മരിക്കാതെ സൂക്ഷിച്ച ഏതോ സ്മരണകളിലേയ്ക്കു മനസ്സിനെ വീണ്ടും വീണ്ടും ക്ഷണിച്ചു കൊണ്ടിരുന്നു. സുഗന്ധം പൂശിയ ഓർമ്മകളുടെ നറുമണം ഒരിക്കൽ കൂടി ഇന്ദ്രിയങ്ങളെ കുളിരണിയിച്ചു. അറിയാതെ വാർഡ്രോബിനടുത്തേയ്ക്ക് കാലുകൾ നടന്നെത്തി. ആരോ തന്നെ അങ്ങോട്ടേയ്ക്ക് നയിച്ചു എന്നു പറയുന്നതാവും ശരി.

വാർഡ്രോബിന്‍റെ താക്കോൽ അപ്പോൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അതിന്‍റെ കീഹോളിൽത്തന്നെയുണ്ടായിരുന്നു. ഒരു നിമിഷം വാതിൽ വലിച്ചു തുറന്ന ഞാൻ സ്തംബ്ധയായിപ്പോയി. ഇന്നും പുതുമ മങ്ങാതെ അതിൽ സൂക്ഷിച്ചിരിക്കുന്ന എന്‍റെ കല്യാണ വസ്ത്രങ്ങൾ. ഏതാനും ദിവസം ഉമ്മയുടെ ആഗ്രഹമനുസരിച്ച് മുസ്ലീം വധുവായിക്കഴിഞ്ഞ എന്നെ അദ്ദേഹത്തിന്‍റെ ഉമ്മ അണിയിച്ചൊരുക്കിയപ്പോൾ ഞാനണിഞ്ഞ ആഭരണങ്ങൾ കസവുതട്ടം, പിന്നെ ഏതാനും കുപ്പിവളകൾ… എല്ലാമെല്ലാം പുതുമ മങ്ങാതെ അതേപടി സൂക്ഷിച്ചിരിക്കുന്നു. മനസ്സിനുള്ളിൽ ഒരായിരം മാലപ്പടക്കങ്ങൾ പൊട്ടിച്ചിതറി. അത് സന്തോഷത്തിന്‍റെയോ അതോ സന്താപത്തിന്‍റെയോ എനിക്കു തന്നെ നിശ്ചയമില്ലെന്നു തോന്നി.

പിന്നെ ഡ്രോയ്ക്കുള്ളിൽ ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്, ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. സുവർണ്ണ ലിപികളിൽ അദ്ദേഹം കോറിയിട്ട അക്ഷരങ്ങൾ.

“അനശ്വര സ്നേഹത്തിന്‍റെ താജ്മഹൽ ഹൃദയത്തിൽ പണിതുയർത്തി നിനക്കായി ഞാൻ കാത്തിരിക്കുന്നു.” ആ വാക്കുകളുടെ ആന്തരാർത്ഥത്തെക്കുറിച്ചോർക്കാതെ അദ്ദേഹം കുറിച്ച വരികൾ. അവ അറം പറ്റിയോ? അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ ആ മാർബിൾ കുടീരത്തിൽ ഇന്ന് ഞാൻ യഥാർത്ഥത്തിൽ മരിച്ചു ജീവിക്കുന്നവളാണല്ലോ. നിറഞ്ഞുതുളുമ്പിയ കണ്ണുകൾ വീണ്ടും എന്തോ പരതി ചുറ്റും നോക്കി. (തുടരും)

സാഗരസംഗമം – ഭാഗം 8

“ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

ഹിന്ദിയിൽ അവൾ പറഞ്ഞതു കേട്ട് ദേവാനന്ദ് തല കുലുക്കി. എന്നിട്ടയാൾ ഹിന്ദിയിൽ തന്നെ ഉത്തരവും നൽകി.

“അതെ, ഞാൻ നിന്‍റെ മുമ്പിൽ തോറ്റു തന്നിരിക്കുന്നു. ഇവിടം ഇത്രയേറെ ഭംഗിയേറിയതാണെന്ന് ഞാൻ വിചാരിച്ചില്ല. പക്ഷേ ഞങ്ങളുടെ നാടിനും അതിന്‍റേതായ ഭംഗിയുണ്ട് കേട്ടോ…”

ദേവാനന്ദ് സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനബോധത്തോടെ പറഞ്ഞു, അതുകേട്ട് കൃഷ്ണ മുഖം വീർപ്പിച്ചു.

“എന്ത് പറഞ്ഞാലും ദേവേട്ടന് സ്വന്തം നാട്. സ്വന്തം ആൾക്കാർ എന്നെയും എന്‍റെ നാടിനേയും വീട്ടുകാരെയും ദേവേട്ടൻ സ്വമനസ്സാലെ അംഗീകരിക്കുന്നില്ല എന്നല്ലെ അതിനർത്ഥം…”

“എന്ന് ഞാൻ പറഞ്ഞില്ലല്ലോ കൃഷ്ണ… നീയെന്തിനാണ് ഇല്ലാത്ത അർത്ഥം കണ്ടെത്തുന്നത്. എല്ലാവർക്കും സ്വന്തം നാടിനോടും വീട്ടുകാരോടും അൽപം മമത കൂടുതലുണ്ടാകും. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. ”

അവരുടെ വഴക്കു കേട്ട് നരേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“നിങ്ങൾ ഇക്കാര്യം പറഞ്ഞ് വഴക്കിടേണ്ട… നമ്മൾ പല നാടുകളിലും സംസ്കാരത്തിലും ജനിച്ചു വളർന്നവരാണെങ്കിലും നാമെല്ലാം ഭാരതീയർ തന്നെയാണ്. ഒരമ്മ പെറ്റമക്കളെപ്പോലെ. അതുനാമെപ്പോഴും ഓർക്കണം. നമ്മുടെ കുഞ്ഞുമക്കളേയും അതു മനസ്സിലാക്കി കൊടുത്ത് തന്നെ വളർത്തണം.” നരേട്ടന്‍റെ ഉപദേശം ചെവിക്കൊണ്ടതു പോലെ അവർ പിന്നീട് മിണ്ടാതിരുന്നു.

അപ്പോൾ ഞാനോർക്കുകയായിരുന്നു. ഇവർ പ്രേമിച്ചിരുന്നപ്പോൾ ആലോചിക്കാതിരുന്ന കാര്യങ്ങളാണല്ലോ കുടുംബ ജീവിതത്തിൽ പ്രവേശിച്ചപ്പോൾ പ്രശ്നമാക്കുന്നതെന്ന്… ഇത്തരം ചിന്തകൾ അവരുടെ കുടുംബ ജീവിത ഭദ്രത തന്നെ തകർത്തേക്കാം… ഞാനോർത്തു.

മൂന്നു നാലു മണിക്കൂർ പിന്നിട്ടപ്പോൾ ഞങ്ങളുടെ വണ്ടി ഗുരുവായൂരെത്തിച്ചേർന്നു. ഇടയ്ക്ക് പല സ്‌ഥലങ്ങളിലും ദേവാനന്ദ് ഫോട്ടോകൾ എടുക്കാനായി വണ്ടി നിർത്തിച്ചിരുന്നു. പിന്നെ ആഹാരം കഴിയ്ക്കാനായി അരമുക്കാൽ മണിക്കൂർ പാഴായിപ്പോയിരുന്നു. പക്ഷേ അവയൊന്നും വെയിസ്റ്റല്ല എന്നായിരുന്നു ദേവാനന്ദിന്‍റെ അഭിപ്രായം. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാനായി ഉതകുന്ന നിമിഷങ്ങൾ.

ജീവിതത്തിന്‍റെ ഏടുകളിൽ വർണ്ണപ്പകിട്ടോടെ കുറിച്ചു വയ്ക്കാനാവുന്നവയാണ് അവയെന്ന് ഞങ്ങൾക്കും തോന്നിയിരുന്നു. വിഷാദത്തിന്‍റെ പൂവിതളുകൾ മാത്രം വിരിഞ്ഞിരുന്ന ഞങ്ങളുടെ തോട്ടത്തിലും അത് നിറപ്പകിട്ടാർന്ന ഒരു വസന്തം വിരിയ്ക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.

ഉറുമ്പുകൾ വരിയിടുമ്പോലെ ഒരറ്റത്തു നിന്നും മറ്റേഅറ്റം വരെ നീണ്ടു കിടക്കുന്ന ക്യൂ കണ്ടപ്പോൾ ഇന്നിനി ദർശനം സാദ്ധ്യമല്ലെന്ന് മനസ്സിലായി. പിറ്റേന്ന് രാവിലെ മോന് ചോറും കൊടുത്ത് മടങ്ങാമെന്ന് ഞങ്ങളുറച്ചു. ഇന്ന് രാത്രിയിൽ തങ്ങുവാനായി പലയിടത്തും മുറിയന്വേഷിച്ചു. എന്നാൽ സീസണായതിനാൽ റൂം എല്ലായിടത്തും ബുക്കു ചെയ്‌തു കഴിഞ്ഞിരുന്നു. ഒടുവിൽ അൽപം ദൂരെ ഒരു സത്രത്തിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അവിടേയ്ക്കു തിരിച്ചു. എന്നാൽ വൃത്തിഹീനമായ ആ പരിസരം കണ്ടപ്പോൾ തന്നെ കൃഷ്ണമോൾ പറഞ്ഞു. “അയ്യോ… വേണ്ട… ഇവിടെ താമസിയ്ക്കാൻ ഞാനില്ല…” പൊട്ടിയൊലിച്ച കാനകളും ദുർഗ്ഗന്ധപൂരിതമായ ആ അന്തരീക്ഷവും വിട്ട് ഞങ്ങൾ എത്രയും വേഗം തന്നെ മടങ്ങിപ്പോന്നു. വീണ്ടുമൊരാൾ പറഞ്ഞ് അൽപമകലെ വാടകയ്ക്ക് കൊടുക്കാനിട്ടിരിക്കുന്ന ഒരു അപാർട്ട്മെന്‍റിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് തിരിച്ചു. ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്‍റായിരുന്നു അത്. എങ്കിലും വൃത്തിയുള്ള ആ അന്തരീക്ഷവും ഒരു ദിവസം തങ്ങാനുള്ള താമസസൗകര്യവും ഉള്ള അവിടെത്തന്നെ തങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.

കൃഷ്ണമോളുടെ മുഖം വിടർന്നത് അപ്പോൾ മാത്രമാണ്. അവൾ സ്വസ്ഥതയോടെ ഒരൊഴിഞ്ഞ മൂലയിലിരുന്ന്, അപ്പോഴെയ്ക്കും വിശന്നു കരഞ്ഞു തുടങ്ങിയിരുന്ന ടുട്ടുമോനെയെടുത്ത് പാലു കൊടുത്തു. കൂടിയ നിരക്കു കൊടുത്തിട്ടാണെങ്കിലും അങ്ങനെയൊരപ്പാർട്ട്മെന്‍റ് താമസിക്കാൻ കിട്ടിയതിൽ ഞങ്ങളെല്ലാം സംതൃപ്തരായിരുന്നു.

ഞാനും, നരേട്ടനും ആ അപ്പാർട്ടമെന്‍റിലെ ഡ്രോയിംഗ് റൂമിലെ സെറ്റിയിലിരുന്നു. പുറത്തേയ്ക്ക് എന്തിനോ പോയിരുന്ന ദേവാനന്ദ് അപ്പോഴേയ്ക്കും തിരിച്ചെത്തി അറിയിച്ചു.

“അൽപം നേരത്തേ എത്തിയിരുന്നുനെങ്കിൽ അമ്മയ്ക്കുമച്ഛനും വേണമെങ്കിൽ സീനിയർ സിറ്റിസൺസിനുള്ള ക്യൂവിലൂടെ അകത്തേയ്ക്ക് കയറാമായിരുന്നു. പിന്നെ അസുഖബാധിതർക്കും പ്രത്യേക ക്യൂ ഉണ്ട്. പക്ഷേ അതിന്‍റെ സമയവും കഴിഞ്ഞു. ഇനിയിപ്പോൾ പൊതുവായി എല്ലാവർക്കുമുള്ള ക്യൂവിൽ നിന്ന് കാൽ കഴയ്ക്കുക മാത്രമാവും മിച്ചം.”

ദേവാനന്ദ് മറ്റൊന്നു കൂടി പറഞ്ഞു. “കനത്ത കൈമടക്കു കൊടുക്കാമെങ്കിൽ ഒരു പക്ഷേ അധികം നിൽക്കാതെ ക്യൂവിൽക്കൂടി കയറിപറ്റാമായിരുന്നു. അതിനു സഹായിക്കുന്ന ചിലർ ആൾക്കൂട്ടത്തിലുണ്ട്.” ഹിന്ദിയിലാണ് ദേവാനന്ദ് അതെല്ലാം അറിയിച്ചത്. ഈശ്വരന്‍റെ തിരുമുമ്പിൽ നടക്കുന്ന അഴിമതിയെക്കുറിച്ചോർത്ത് അയാൾ വ്യസനിക്കുന്നുണ്ടായിരുന്നു.

ഈശ്വരനെക്കാൾ പണത്തിന് പ്രാധാന്യം നൽകുന്ന മനുഷ്യരാണല്ലോ നമ്മുടെ ചുറ്റിനും എന്ന് ദുഃഖത്തോടെ ഓർത്തു പോയി.

“വിദ്യാഭ്യാസവും, മറ്റു പലതും കച്ചവടച്ചരക്കായതു പോലെ ഭക്‌തിയും…” നരേട്ടൻ പറഞ്ഞു.

“അതെ… ഇന്നിപ്പോൾ മനുഷ്യനും ഒരു കച്ചവടച്ചരക്കാണല്ലോ… മനുഷ്യക്കടത്തിലൂടെയും അവയവ ദാനത്തിലൂടെയും മറ്റും കള്ളനാണയങ്ങൾ എവിടെയുമുണ്ടെന്ന് നാമോർക്കണം.” ദേവാനന്ദ് പറഞ്ഞു നിർത്തി.

“അതെ നല്ലവരേയും, ചീത്ത മനുഷ്യരേയും തിരിച്ചറിയാൻ നാം പഠിക്കണം. അങ്ങനെ തന്നെ സ്‌ഥാപനങ്ങളുടെ കാര്യത്തിലും… അൽപം നിർത്തി നരേട്ടൻ തുടർന്നു. പക്ഷേ ഒരിയ്ക്കൽ ഈ സമ്പാദിച്ചു കൂട്ടുന്ന പണത്തെക്കാളെല്ലാം വലുത് മറ്റ് പലതുമൈണെന്നുള്ള ആത്മബോധം ഈ മനുഷ്യർക്കുണ്ടാവും. പക്ഷേ അപ്പോഴേയ്ക്കും ദുരന്തപൂർണ്ണമായ ജീവിതാവസാനമായി കഴിഞ്ഞിരിക്കും. പ്രത്യേകിച്ച് പണത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെപ്പോലും തള്ളിപ്പറയുന്ന മക്കളുള്ള ഇക്കാലത്ത്.”

“അതെ നരേട്ടാ… അന്യായമായ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്നവർ ഒടുവിൽ കുണ്ഠിതപ്പെടേണ്ടി വരിക തന്നെ ചെയ്യും. ബന്ധവും, സ്വന്തവും മറന്ന് അവർ പരക്കം പാഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നോർത്ത്” ഞാനും നരേട്ടനെ പിന്താങ്ങി.

ഞങ്ങളുടെ വേദാന്ത ചിന്തകൾ അകത്തിരുന്ന് കേട്ടു കൊണ്ടിരുന്ന കൃഷ്ണമോളിൽ അത് വിമ്മിഷ്ടമുളവാക്കി എന്നു തോന്നി. അവൾ വിളിച്ചു പറഞ്ഞു.

“പപ്പയും മമ്മിയും ഇങ്ങനെ വേദാന്തവും പറഞ്ഞോണ്ടിരുന്നോ. നാളെ വെളുപ്പിനെ എഴുന്നേറ്റ് പോകേണ്ടതാ അതു കഴിഞ്ഞ് മോന് ചോറു കൊടുക്കാനും…”

“ശരിയാണ് നമുക്ക് പുറത്തു പോയി വേഗം ആഹാരം കഴിച്ചു വന്ന് കിടക്കാൻ നോക്കാം… അല്ലെങ്കിൽ വെളുപ്പിനെ എഴുന്നേല്‍ക്കാൻ പറ്റുകയില്ല…”

ദേവാനന്ദും ധൃതികൂട്ടി പുറത്തേയ്ക്കിറങ്ങിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ മുറിപൂട്ടി ദേവാനന്ദിനോടൊപ്പം നടക്കാൻ തുടങ്ങി. നടവഴിയിലെ കച്ചവട സ്‌ഥാപങ്ങൾ കണ്ട് കൃഷ്ണമോൾ പറഞ്ഞു. “ഇവിടെ എന്തെല്ലാം കൗതുക വസ്തുക്കളാണ് നിരത്തി വച്ചിരിക്കുന്നത്. എനിക്ക് ഓഫീസിലുള്ളവർക്കു സമ്മാനിക്കാൻ ചിലതു വാങ്ങണം.”

ദേവാനന്ദും കൃഷ്ണമോളും അടുത്തുള്ള കൗതുക വിൽപനശാലയിലേയ്ക്കു കയറിപ്പോയപ്പോൾ ഞങ്ങൾ നടവഴിയിൽ കാഴ്ചകൾ കണ്ടു നിന്നു. അപ്പോൾ നരേട്ടന്‍റെ കണ്ണ് അടുത്തുള്ള ഒരു കളിപ്പാട്ടക്കടയിലേയ്ക്ക് നീണ്ടു ചെന്നു. അവിടെക്കണ്ട എന്തോ ഒന്ന് അദ്ദേഹത്തെ ആകർഷിച്ചുവെന്ന് തോന്നി.

ടുട്ടുമോനു വേണ്ടി എന്തു വാങ്ങിക്കൊടുക്കുന്നതിലും ഒരു പ്രത്യേക ആനന്ദം തന്നെ നരേട്ടനുണ്ടായിരുന്നു. അവനെ കളിപ്പിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം കിട്ടിയ പ്രതീതിയാണെന്നു തോന്നിയിട്ടുണ്ട്. അപ്പോൾ അദ്ദേഹം സ്വയം മറക്കുന്നതായും എല്ലാ വേദനകളും അവന്‍റെ കളിചിരികളിൽ ലയിപ്പിച്ച് അദ്ദേഹം ആനന്ദിച്ചിരിക്കുന്നതും എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു. അല്ലെങ്കിൽ തന്നെ വാർദ്ധക്യം നമ്മെ പുറകോട്ടു നടത്തിക്കുകയും കുട്ടികളെപ്പോലെയാക്കിത്തീർക്കുകയും അങ്ങനെ അവരുടെ ലോകത്തിൽ നമ്മെക്കൊണ്ടെത്തിക്കുകയും ചെയ്യാറുണ്ടല്ലോ? ഞാനോർത്തു പോയി.

“നമുക്ക് ടുട്ടുമോനു വേണ്ടി എന്തെങ്കിലും വാങ്ങണ്ടേ… വരൂ ആ കളിപ്പാട്ടക്കടയിലേയ്ക്കു പോകാം…” നരേട്ടൻ മുന്നേ നടന്നു കൊണ്ടു പറഞ്ഞു. ഞാൻ വഴിവക്കിലെ പൂക്കടയിൽ നിന്നും പൂക്കൾ വാങ്ങി പുറകേ നടന്നെത്തുമ്പോഴെയ്ക്കും നരേട്ടൻ ചില കളിപ്പാട്ടങ്ങൾ സെലക്ടു ചെയ്‌തു കഴിഞ്ഞിരുന്നു.

ആയിടെ പുറത്തിറങ്ങിയ പുതിയ മോഡൽ കാറുകളുടെ ചെറുരൂപങ്ങൾ, പിന്നെ ചെറുതോക്കുകൾ ചെറുബോളുകൾ അങ്ങിനെ നിരവധി കളിപ്പാട്ടങ്ങൾ നരേട്ടൻ വാരിക്കൂട്ടി.

“ഇതെല്ലാം അവൻ കളിക്കാറാകുന്നതല്ലേയുള്ളൂ നരേട്ടാ… ഇപ്പോഴെ വാങ്ങിക്കൊടുക്കേണ്ട ആവശ്യം ഉണ്ടോ?” ഞാൻ തിരക്കി.

അവൻ സ്വയം കളിച്ചില്ലെങ്കിലും നമുക്ക് അവനെ കളിപ്പിക്കാമല്ലോ… നരേട്ടൻ എന്നെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.

പിന്നെ അവയെല്ലാം വാങ്ങി പുറത്തിറങ്ങുമ്പോഴേയ്ക്കും കൃഷ്ണമോളും, ദേവാനന്ദും ടുട്ടുമോനേയും കൊണ്ട് ഞങ്ങളുടെ അടുത്തെത്തി.

“പപ്പാ എന്തൊക്കെയാ വാങ്ങിക്കൂട്ടിയിരിക്കുന്നത്? ഇതെല്ലാം ടുട്ടുമോനു വേണ്ടിയാണോ?” കൃഷ്ണമോൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു.

“അതെ മോളെ… എല്ലാം അവനു വേണ്ടിയാണ്. പക്ഷേ അമ്മ പറയുന്നു ഇതൊന്നും അവൻ കളിയ്ക്കാറായിട്ടില്ലെന്ന്. എങ്കിൽ സൂക്ഷിച്ചു വച്ചോളൂ… കുറച്ചു കൂടി വളരുമ്പോൾ കൊടുക്കാം.”

“എന്തിനാ പപ്പാ വെറുതെ കാശുകളയുന്നത്. എല്ലാം അവൻ കുറച്ചു കൂടി വളരുമ്പോൾ വാങ്ങിയാൽ പ്പോരേ…”

“അന്ന് എനിക്കതിനു പറ്റിയില്ലെങ്കിലോ മോളെ… മനുഷ്യന്‍റെ കാര്യമല്ലെ. നാളെ എന്താണ് സംഭവിക്കുകയെന്ന് ആർക്കറിയാം.”

നരേട്ടന്‍റെ ആ വാക്കുകൾ അറംപറ്റിയതു പോലെയായിരുന്നു. പിന്നീടുള്ള സംഭവവികാസങ്ങൾ. അന്ന് നരേട്ടൻ ആ വാക്കുകൾ ഉരുവിടുമ്പോൾ ഞാൻ നരേട്ടനെ സ്നേഹപൂർവ്വം ശാസിച്ചു കൊണ്ടു പറഞ്ഞു. “എന്തിനാ ഇപ്പോഴിങ്ങനെയൊക്കെ പറയുന്നത്? കുട്ടികൾക്കെന്തു തോന്നും?”

നരേട്ടൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ടു നടന്നു. ഞാൻ അറിയാതെ ഒരു ഉൾക്കിടിലം എന്നിലുണ്ടായി കഴിഞ്ഞിരുന്നു.

ഫ്ളാറ്റിൽ മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം എനിക്കത് ബോദ്ധ്യമാക്കിത്തന്നിരുന്നു.

അന്ന് പിന്നെ അടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ മടങ്ങി. നരേട്ടൻ ഏറെ ശാന്തചിത്തനും, അതേ സമയം ആഹ്ലാദവാനുമായിരുന്നു. താൻ വാങ്ങിയ കളിപ്പാട്ടങ്ങളുമായി ടുട്ടുമോനെ കളിപ്പിച്ചു കൊണ്ട് അദ്ദേഹം അവന്‍റെ അടുത്തിരുന്നു.

അവൻ അവന്‍റേതായ ഭാഷയിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മുത്തച്ഛന്‍റെ മടിയിലിരുന്നു. ആ കളിപ്പാട്ടങ്ങൾ അവനെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അവന്‍റെ സന്തോഷ പ്രകടനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. മുത്തച്ഛനും അവനും മാത്രമായ ആ ലോകത്തിൽ മറ്റാർക്കും പ്രവേശനമില്ലെന്നു തോന്നി. ഞങ്ങൾ നേരത്തെ ബെഡിൽക്കയറിക്കിടന്ന് ഉറക്കത്തെ പുൽകി.

നരേട്ടൻ സ്വയം മറന്ന് കൊച്ചു മകനുമായി കളികളിൽ മുഴുകി, രാത്രി ഏറെ വൈകും വരെ ഇരുന്നു. അർദ്ധരാത്രിയോടടുത്ത് അവൻ ഉറങ്ങിക്കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു നരേട്ടൻ അവനേയും കൊണ്ട് ബെഡ്‌ഡിൽ വന്നു കിടന്നു. അവനെ പിരിയാനാവാത്തവിധം അദ്ദേഹം അവനെ തന്നോടു ചേർത്ത് ഇറുകെപ്പുണർന്നു കിടന്നു. ഉറക്കത്തിൽ എപ്പോഴൊ നരേട്ടൻ ടുട്ടുമോനെ പുൽകിക്കൊണ്ട് രാഹുൽമോനെ എന്ന് അസ്പഷ്ടമായി വിളിക്കുന്നുണ്ടായിരുന്നു. രാവിലും പകലിലും ടുട്ടുമോനിൽ അദ്ദേഹം കാണുന്നത് ഞങ്ങളുടെ രാഹുൽ മോനെയാണെന്ന് അതോടെ എനിക്കുറപ്പായി.

പുലരിയുടെ തുടിപ്പുകൾ കിഴക്ക് പൊട്ടിവിടരാൻ തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങൾ എഴുന്നേറ്റ് കുളിച്ച് ദേഹ ശുദ്ധിവരുത്തി. ഞാനും കൃഷ്ണമോളും സെറ്റുമുണ്ടുടുത്ത് രൂപവതികളായി അണിഞ്ഞൊരുങ്ങുന്നതു കണ്ടപ്പോൾ നരേട്ടൻ ഒരു ചെറു ചിരിയോടെ കളിയാക്കി…“എന്താ അമ്മയും മോളും കൃഷ്ണന്‍റെ ഗോപികമാരാകാനുള്ള ഭാവമാണെന്നു തോന്നുന്നു.” തുടർന്ന് ഒരു കള്ളച്ചിരിയോടെ നരേട്ടൻ തുടർന്നു.

“അല്ല… കൃഷ്ണമോൾ ചെറുപ്പമായതു കൊണ്ട് ഈ അണിഞ്ഞോരുങ്ങൽ…. പക്ഷേ താനീ വയസ്സുകാലത്ത്…”

നരേട്ടൻ അർദ്ധോക്തിയിൽ നിർത്തി പുഞ്ചിരി തൂകി നിന്നപ്പോൾ ഞാൻ കൃത്രിമ കോപം നടിച്ച് പറഞ്ഞു.

“ഞാൻ അങ്ങിനെ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയിട്ടൊന്നുമില്ല. അല്ലെങ്കിലും നരേട്ടന് അസൂയയാ… ഞാൻ സുന്ദരിയായി നിൽക്കാൻ പാടില്ല. ഇങ്ങനെയൊരു സ്വാർത്ഥൻ…”

അതുകേട്ട് നരേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു. “താൻ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയതല്ലായിരിക്കാം. പക്ഷേ ഈ സെറ്റുടുത്തു കാണുമ്പോൾ തനിക്ക് ഒരു പ്രത്യേക ഭംഗിയാണെടോ.”

പെട്ടെന്ന് നരേട്ടന്‍റെ മുഖത്ത് ഒരു ചെറുഗൗരവം നിറഞ്ഞു.

“അതേടോ… ഞാൻ തന്നെ വിട്ടു കൊടുക്കുകയില്ല. തന്‍റെ കാര്യത്തിൽ ഞാൻ അത്രയ്ക്കു സ്വാർത്ഥനാണെടോ…”

നരേട്ടന്‍റെ ആ വാക്കുകൾ പൂർണ്ണമായും സത്യമാണെന്ന് എനിക്കറിയാമായിരുന്നു. വിവാഹം കഴിഞ്ഞ നാളുകൾ തൊട്ട് ഞാനതറിയുന്നതാണ്. ഫഹദ് സാറിന്‍റെ കാര്യത്തിൽ ആ സ്വാർത്ഥത ഞാൻ കുറെയൊക്കെ തൊട്ടറിഞ്ഞതാണ്. ഹൃദയം പറിച്ചെറിയുന്ന വേദനയോടെയല്ലാതെ അദ്ദേഹത്തിന് എന്നെ വേർപെടുത്താനാവുകയില്ലെന്ന്. എന്നിട്ടും ചിലപ്പോഴൊക്കെ ഞങ്ങളുടെ കോളേജ് പ്രേമത്തിന്‍റെ അഗാധത മനസ്സിലാക്കി അദ്ദേഹം എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം മരണത്തോടടുത്തപ്പോൾ, എപ്പോഴെങ്കിലും ഫഹദ്സാറിനെ കണ്ടുമുട്ടിയാൽ ഒന്നിയ്ക്കാനുള്ള പ്രേരണയും അദ്ദേഹം നൽകി. അതിവിശാല മനസ്സിന്‍റെ പ്രത്യേകതയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥത വെളുപ്പെടുത്തിയപ്പോൾ ഞാൻ പരിഭവം നടിച്ച് പറഞ്ഞു.

“അല്ലെങ്കിലും ഭഗവാന് എല്ലാ സ്ത്രീകളും ഒരുപോലെയാണ്. കളങ്കമില്ലാത്ത ഭക്തിയിലാണ് അദ്ദേഹം പ്രേമം കാണുന്നത്…”

എന്‍റെ പരിഭവം തുടിക്കുന്ന വാക്കുകൾ കേട്ട് നരേട്ടൻ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു. “ഭഗവാനു പോലും ഇഷ്ടം തോന്നുന്ന വിധത്തിൽ താൻ ഇപ്പോഴും അതിസുന്ദരിയാണെടോ അതാണെനിക്ക് പേടി. പിന്നെ തന്‍റെ ഭക്‌തിയും സാക്ഷാൽ ഭക്‌തമീരയെപ്പോലും തോൽപ്പിക്കുന്നതാണല്ലോ…”

“ഒന്നു പോ നരേട്ടാ… ഈ വയസ്സു കാലത്തല്ലെ ഇത്തരം പേടികൾ മനസ്സിൽ വച്ചോണ്ടിരിക്കുന്നത്. ഒന്നുമറക്കണ്ട. നമ്മൾ അപ്പൂപ്പനും അമ്മൂമ്മയുമായി കഴിഞ്ഞു.”

“ഓ… ശരിയാണ്, അത് ഞാൻ മറന്നു പോയി. അപ്പോൾ പിന്നെ താൻ പറഞ്ഞതു പോലെ പേടിയ്ക്കേണ്ട ആവശ്യമില്ല. അല്ല… നമ്മുടെ ടുട്ടുമോനെവിടെ?… അവനെ ഞാൻ കണ്ടില്ലല്ലോ… “അദ്ദേഹം ടുട്ടുമോനെ തിരഞ്ഞു പോയപ്പോൾ സത്യത്തിൽ ഞാൻ ഏറെ ആഹ്ലാദവതിയായിരുന്നു. ജീവിതത്തിൽ മനസ്സറിഞ്ഞു സന്തോഷിച്ച നിമിഷങ്ങളായിരുന്നു അവ. നരേട്ടന്‍റെ മുമ്പിൽ പരിഭവം നടിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ കളിവാക്കുകൾ മനസ്സിൽ കുളിർമഴ പെയ്യിച്ചിരുന്നു.

ഫഹദ്സാറിനെ പൂർണ്ണമായും മനസ്സിൽ നിന്ന് തുടച്ചു കളഞ്ഞ ആ നാളുകളിൽ നരേട്ടനു മാത്രമായിരുന്നു മനസ്സിൽ സ്‌ഥാനം. നരേട്ടുമൊത്തുള്ള ജീവിതത്തിൽ ഏറെ സന്തോഷിച്ച കാലഘട്ടം. പക്ഷേ ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്? തെളിഞ്ഞു നിന്ന ഞങ്ങളുടെ ജീവിതത്തിന്‍റെ ആകാശ നീലിമയ്ക്കപ്പുറത്ത് കാറുകൾ വന്നു നിറയുന്നത് ഞങ്ങളാരും കണ്ടിരുന്നില്ല. ഒരു തുലാവർഷത്തിനുള്ള ഒരുക്കങ്ങളുമായി ആ മേഘക്കീറുകൾ വെൺമേഘങ്ങൾക്കപ്പുറത്ത് ഒളിഞ്ഞു നിന്നു.

നരേട്ടൻ ടുട്ടുമോനെ കണ്ടെത്തുമ്പോൾ അവൻ അണിഞ്ഞൊരുങ്ങിയിരുന്നു. അവനെ അണിയിച്ചൊരുക്കിക്കൊണ്ട് കൃഷ്ണമോൾ പറഞ്ഞു.

“കണ്ടോ പപ്പാ… നമ്മുടെ ടുട്ടുമോൻ മറ്റൊരു ഉണ്ണിക്കണ്ണനായില്ലേ? ഒരു ഓടക്കുഴലും കൂടി കിട്ടിയാൽ മതി, അവൻ സാക്ഷാൽ ഉണ്ണിക്കണ്ണൻ. ആ നിഷ്കളങ്കത തുളുമ്പി നിൽക്കുന്ന സന്തോഷപ്പുഞ്ചിരിയിൽ മതിമറന്ന് നരേട്ടൻ പറഞ്ഞു.

“അതെ, കൃഷ്ണമോളെ…” ആ പൂപ്പുഞ്ചിരിയിൽ മതി മറന്ന് അവന്‍റെ ഇരുകവിളുകളിലും ഞങ്ങൾ മാറി മാറി മുത്തം നൽകി.

പിന്നെ അവനേയുമെടുത്ത് നരേട്ടൻ മുന്നേ നടന്നു. നടയിലെത്തിയപ്പോൾ ചോറൂണിനുള്ള റസീപ്റ്റ് കൗണ്ടറിൽ നിന്നുമെടുത്ത് ദേവാനന്ദ് ഞങ്ങളുടെ സമീപമെത്തി നിന്നു.

“നമുക്ക് മാമുണ്ണണ്ടേ മോനേ…” കൃഷ്ണമോൾ മോനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. അവിടെ ഞങ്ങളെക്കൂടാതെ ഏതാനും പേർ കൂടി കുഞ്ഞുങ്ങൾക്ക് ചോറൂണു നൽകാനായി ഉണ്ടായിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ഒരു ഇലക്കീറിൽ ചോറും എത്തി. നരേട്ടൻ മോനെ മടിയിൽ വച്ച് ആ ചോറിൽ അൽപമെടുത്ത് ആ കുഞ്ഞിളം വായിൽ വച്ചു കൊടുത്തു. ഒരു പുതിയ സ്വാദിന്‍റെ എരിവും മധുരവും പുളിയും നുണഞ്ഞിറക്കി അവനിരുന്നു. അവയോരോന്നും ആസ്വദിക്കുന്നതനുസരിച്ച് അവന്‍റെ കുഞ്ഞുമുഖവും ചുളിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൻ അസ്വസ്ഥതയോടെ പുളയുകയും ചെയ്‌തു കൊണ്ടിരുന്നു.

കയ്പും, മധുരവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ കാൽ വയ്പായിരുന്നു അവനത്. അവന്‍റെ ഭാവഹാവാദികൾ കണ്ട് പുഞ്ചിരിയോടെ ഞങ്ങളോരുത്തരായി ആ പിഞ്ചിളം വദനത്തിലേയ്ക്ക് കുറേശേയായി ചോറുരുള വച്ചു കൊടുത്തു. ഒടുവിൽ അസഹ്യത തോന്നി അവൻ കരയുമെന്നായപ്പോൾ നരേട്ടൻ പറഞ്ഞു. “മതി… മതി ഇനിയും കൊടുത്താൻ ചിലപ്പോൾ അവനതിഷ്ടപ്പെടുകയില്ല. മാത്രമല്ല കുഞ്ഞിനു വയറിനു വല്ല അസുഖവും വന്നുവെന്നു വരും.”

നരേട്ടന്‍റെ വിലക്കിനെ മാനിച്ച് ഞങ്ങൾ അവന് ചോറു വാരിക്കൊടുക്കുന്നത് നിർത്തി.

നിങ്ങൾക്കാർക്കെങ്കിലും ക്യൂവിൽ നിൽക്കാനാവാത്ത അസുഖമുണ്ടെങ്കിൽ ദേവസ്വം ഓഫീസിൽ പറഞ്ഞാൽ മതി പാസ്സ് ലഭിക്കും. എല്ലാ വേദനകളും, വ്യഥകളും ആ തിരുമുമ്പിലിറക്കി വച്ച് പ്രാർത്ഥിക്കുമ്പോൾ എന്തുകൊണ്ടോ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഒപ്പം നരേട്ടന്‍റേയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

നിറഞ്ഞ മനസ്സോടെ പിന്തിരിഞ്ഞു നടക്കുമ്പോൾ ഒരു ദീർഘനിശ്വാസം നരേട്ടനിൽ നിന്നും അടർന്നു വീഴുന്നതും ഒപ്പം സംതൃപ്തി നിറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കുകളും ഞാൻ കേട്ടു.

“അങ്ങനെ അതു സാധിച്ചു. അവസാനമായി ഈയൊരു ആഗ്രഹമെ ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നരേട്ടന്‍റെ വായ് പൊത്തിപിടിച്ച് ഞാൻ വിലക്കി “അരുത് നരേട്ടാ – ഇങ്ങനെ അറം പറ്റുന്ന വാക്കുകൾ പറയരുത്.”

നിറയുന്ന എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി നരേട്ടൻ ഒരു വിഷാദസ്മിതം തൂകിക്കൊണ്ട് പ്രതിവചിച്ചു.

“എന്തുകൊണ്ടോ ഇനി അധികകാലമില്ല എന്നൊരു തോന്നൽ എന്നിൽ ശക്തമാവുകയാണ്. ഇവിടെ വന്ന് ഭഗവാനെ കണ്ടു കഴിഞ്ഞപ്പോൾ ആരോ എന്‍റെ മനസ്സിലിരുന്ന് അതു തന്നെ മന്ത്രിക്കുന്നു.”

ഒരു പക്ഷേ നിഷ്ക്കന്മഷം നിറഞ്ഞ നരേട്ടന്‍റെ മനസ്സിലിരുന്ന് ഭഗവാൻ തന്നെ മന്ത്രിച്ചതാകാം അത്. എന്നാൽ ആ വാക്കുകൾ എന്നെ ഒട്ടൊന്നുമല്ല ദുഃഖിപ്പിച്ചത്. നരേട്ടന്‍റെ വായ്പൊത്തിപ്പിടിച്ച് ഞാൻ പറഞ്ഞു.

“നരേട്ടൻ ഇനി ഇത്തരം വാക്കുകൾ പറയരുത്. അതെന്നെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് നരേട്ടനറിയില്ല. ഒരു പക്ഷേ നരേട്ടനെക്കാൾ മുമ്പേ ഞാനായിരിക്കും കടന്നു പോവുന്നത്. നരേട്ടൻ ഇനിയും ഇതാവർത്തിച്ചാൽ അതായിരിക്കും സംഭവിക്കുക.”

എന്‍റെ വാക്കുകൾ നരേട്ടന്‍റെ ഹൃദയത്തിൽ തറച്ചുവെന്നു തോന്നി. അദ്ദേഹം പിന്നെ ഏതോ ചിന്തയിൽ ലയിച്ച് മൂകനായി നടന്നു നീങ്ങി. തിരികെ ഫ്ളാറ്റിലെത്തുമ്പോൾ എല്ലാവരും മ്ലാനവദനരായിരുന്നു. ടുട്ടുമോൻ മാത്രം അവ്യക്തമായി എന്തോ ശബ്ദിച്ച് ആഹ്ലാദസ്വരം പുറപ്പെടുവിച്ചു കൊണ്ടിരുന്നു.

എറണാകുളത്തേയ്ക്ക് പിന്നീടുള്ള യാത്രയിൽ എല്ലാവരും മൂകരായിരുന്നു. അശുഭ സൂചകമായ അവ്യക്തമായ ഏതോ ഒന്നിന്‍റെ നിഴൽ ഞങ്ങളെ പൊതിയുന്നതു പോലെ തോന്നി.

കാലവും, സമയവും ഒരു പ്രവാചകനെപ്പോലെ ഞങ്ങൾക്കുമന്നേ നടന്നു, ഏതോ ദുരന്തത്തിന്‍റെ ഭാണ്ഡവും പേറി. എന്നാൽ കാലത്തിന്‍റെ ആ പ്രവചനങ്ങളും ഉദ്ഘോഷങ്ങളും നരേട്ടൻ മാത്രം തിരിച്ചറിഞ്ഞിരുന്നു എന്നു തോന്നി. ആറാമിന്ദ്രിയം പ്രവർത്തിച്ചാലെന്ന പോലെ താൻ നടന്നടുക്കുന്നത്. എങ്ങോട്ടാണെന്ന് ഏതോ അജ്ഞാത ശക്തി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതാണദ്ദേഹം അമ്പലനടയിൽ വച്ച് സ്വയമറിയാതെ ഉരുവിട്ടത്. എന്നാൽ ഈ വാക്കുകളെ ഉൾക്കൊള്ളാനാവാതെ എന്‍റെ ഹൃദയം മാത്രം ആ യാത്രയിലുടനീളം വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഒടുവിൽ ഓടിത്തളർന്ന സമയഖണ്ഡങ്ങളെ തിരിച്ചറിയാനാവാതെ, ഒരു മന്ദബുദ്ധിയെപ്പോലെ ടാക്സി കാറിൽ നിന്നുമിറങ്ങുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“മമ്മീ… നമ്മൾ കൊച്ചിയിലെത്തി. ഇനി എന്താണ് പ്ലാൻ? പപ്പാ… മമ്മിയുടെ തറവാട്ടിലേയ്ക്ക് പോകുന്നുണ്ടോ? ഇനിയിപ്പോൾ അങ്ങോട്ടു പോയില്ലെങ്കിൽ അതുമതി മമ്മി മൂഢിയായിട്ടിരിയ്ക്കാൻ…”

കൃഷ്ണമോളുടെ കുറ്റപ്പെടുത്തുന്ന വാക്കുകൾ കേട്ട് ഏതോ ഭൂതകാലത്തിൽ നിന്നെന്നപ്പോലെ ഞാൻ ഞെട്ടി ഉണർന്നു. വേരുകൾ ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വൻ വൃക്ഷം കണക്കെ ഞാൻ അനക്കമറ്റിരുന്നു. ഇവിടെ എന്നെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന ഏതോ ശക്തിയുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ജന്മാന്തരങ്ങളിലും അലയടിക്കുന്ന ആത്മബന്ധങ്ങളുടെ നേർത്ത കാറ്റ് എന്നെ വലയം ചെയ്യുന്നുണ്ടോ? കടന്നു പോയ ഏതാനും മണിക്കൂറുകൾ ഏതോ ഉഷ്ണപ്രവാഹത്തിലെന്ന പോലെ ഞാൻ ഞെളിപിരിക്കൊള്ളുകയായിരുന്നു എന്നാലിപ്പോൾ ഇവിടെ… എന്‍റെ വേരുകൾ ആഴ്ന്നിറങ്ങിയ ഈ മണ്ണിൽ കാലുകുത്തുമ്പോൾ ഉള്ളിൽ സ്നേഹ പ്രവാഹം ഒളിപ്പിച്ചു വച്ച് ജീവിച്ചിരിക്കുന്ന ഏതാനും ആത്മാക്കളുടെ സാന്നിദ്ധ്യം ഞാനറിയുന്നു. എല്ലാമെല്ലാം എന്‍റെ കാലുകളെ അങ്ങോട്ടു തന്നെ നയിക്കുന്നു.

“മിയ്ക്കവാറും അമ്മ തറവാട്ടിലുണ്ടാകും. അല്ലെങ്കിൽ നമുക്കൊന്നു ഫോൺ വിളിച്ചു നോക്കാം… എന്നിട്ടു പോകാം.” ഞാൻ ഉത്സാഹത്തോടെ പറഞ്ഞു. കൈയ്യിൽ ആയിടെ പുറത്തിറങ്ങിയ പുതിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. അതിലൂടെ അമ്മയുടെ ഫോണിലേയ്ക്ക് വിളിച്ചു. അപ്പുറത്തു നിന്നും അമ്മയുടെ നേർത്ത ശബ്ദം ഒഴുകിയെത്തി. ആരാ വിളിക്കുന്നത്?

“ഞാനാണമ്മേ മീര… ഞങ്ങൾ അങ്ങോട്ടു വരികയാണ്. അമ്മയെ ക്കാണാൻ. അമ്മ തറവാട്ടിൽ തന്നെ ഉണ്ടല്ലോ… അപ്പുറത്തു നിന്നും തളർന്നതെങ്കിലും ഉത്സാഹം നിറഞ്ഞ അമ്മയുടെ ശബ്ദം ഒഴുകിയെത്തി.

“മീര മോളെ…. മരിക്കും മുമ്പ് നിന്നെ ഒന്നു കാണാണമെന്നുണ്ടായിരുന്നു. വേഗം വരൂ കുട്ടീ… ഞാൻ നിന്നെ കാത്തിരിയ്ക്കുകയാണ്

“അമ്മേ… അമ്മയ്ക്കെന്തുപറ്റി?”

“എല്ലാം ഇവിടെ വന്നിട്ടു പറയാം കുട്ടീ… ആദ്യം നിന്നെയൊന്നു കാണട്ടെ ഞാൻ…” തളർന്നതെങ്കിലും അമ്മയുടെ തിടുക്കം പൂണ്ട വാക്കുകൾ കേട്ടപ്പോൾ എന്തോ പന്തികേടു തോന്നി. അമ്മ ശയ്യാവലംബിയായിത്തീർന്നുവെന്നോ?? ഒരു പക്ഷേ ഒന്നുമറിയാതെ ഞാൻ ഇത്രനാളും കുടുംബമെന്ന വൃക്ഷത്തണലിൽ കുളിർന്നു നിന്നപ്പോൾ പെറ്റവയറിനെ ഞാൻ മറക്കുകയായിരുന്നുവോ?… ഒരു പക്ഷേ എന്നെ ഒന്നുമറിയിക്കേണ്ടെന്ന് അമ്മയും കരുതിക്കാണും. മനസ്സിന്‍റെ തിടുക്കം കാലുകളുടെ വേഗം കൂട്ടി. മുന്നേ പോയ ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തി അതിൽ കയറുമ്പോൾ ആരൊക്കെ പിന്നാലെയുണ്ടെന്ന് ഞാൻ നോക്കിയില്ല. എന്നാൽ നരേട്ടൻ എന്നോടൊപ്പം ഓടിയെത്തി ഓട്ടോയിൽ കയറിക്കഴിഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ഓട്ടോയിൽ കൃഷ്ണമോളും, ദേവാനന്ദും കുഞ്ഞിനേയും കൊണ്ട് വരുന്നുണ്ടായിരുന്നു.

“മുല്ലശേരിയിൽ തറവാട്ടിലേയ്ക്ക്…” ഓട്ടോക്കാരന് നിർദ്ദേശം നൽകുമ്പോൾ മനസ്സ് കൂടുപേക്ഷിച്ചു പോകേണ്ടി വന്ന കുഞ്ഞിക്കിളിയുടെ വേപഥുവാൽ പിടഞ്ഞിരുന്നു. തള്ളക്കിളിയുടെ സാന്നിദ്ധ്യത്തിനായി പിടയുന്ന കുഞ്ഞിക്കിളിയുടെ മനസ്സോടെ ഞാൻ ഓട്ടോയിലിരുന്നു. ഓടുന്ന വണ്ടിയ്ക്ക് വേഗത പോരാ എന്നു തോന്നിയ നിമിഷങ്ങൾ. മനസ്സ് അമ്മയുടെ സമീപമെത്താൻ വെമ്പൽ പൂണ്ടു. ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ അവസാന ദിനങ്ങളെണ്ണിക്കഴിയുകയായിരിക്കുമോ അമ്മ? ജന്മം നൽകിയ മക്കളെ ഒരു നോക്കു കാണുവാനുള്ള ദാഹവും വെമ്പലുമല്ലേ ആ വാക്കുകളിൽ തുടിച്ചു നിന്നത്?

വണ്ടി മുല്ലശേരി തറവാടിന്‍റെ മുറ്റത്തെത്തി നിന്നപ്പോൾ ഹൃദയം അഗാധമായി മിടിയ്ക്കുന്നുണ്ടായിരുന്നു. പൊക്കിൾക്കൊടിയുടെ ആത്മബന്ധം ഒരു ശക്തിയ്ക്കും അറുത്തു മാറ്റാനാവുന്നതല്ലല്ലോ? അതല്ലേ കൃത്യ സമയത്തു തന്നെ ഇവിടെ എത്തിച്ചേരാൻ തനിക്കു കഴിഞ്ഞത്.

(തുടരും)

സാഗരസംഗമം – ഭാഗം 7

നരേട്ടനോടു പറഞ്ഞ അന്നു തന്നെ അവൾ ദേവാനന്ദിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഉടനെ തന്നെ ഡൽഹിയിലെത്തി ചേരുമെന്ന് ദേവാനന്ദ് തിരിച്ചുമറിയിച്ചു. എന്നാൽ അത്ര പെട്ടെന്ന് ദേവാനന്ദ് സമ്മതിക്കുമെന്ന് കൃഷ്ണമോളും ഞങ്ങളും വിചാരിച്ചിരുന്നില്ല. അയാൾക്ക് കുറേശേ മാനസാന്തരം വന്നു തുടങ്ങിയെന്നും, ഞങ്ങളോട് അടുക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കൃഷ്ണമോളുടെ വാക്കുകളിൽ നിന്നും ഞങ്ങൾക്ക് വ്യക്‌തമായി. എന്നാലിപ്പോഴും അക്കാര്യത്തിൽ അയാളുടെ വീട്ടുകാർ എതിരാണത്രെ! അവർക്ക് കൃഷ്ണമോൾക്ക് കിട്ടേണ്ടിയിരുന്ന സ്ത്രീധനമാണ് പ്രധാനം. അതു കിട്ടുന്നതു വരെ അവർ കൃഷ്ണമോളോട് അതേപ്പറ്റി പറഞ്ഞ് കലഹം നടത്താറുണ്ടത്രെ.

ദേവാനന്ദിന് രണ്ടു സഹോദരികളുണ്ട്. അവർക്കു നൽകേണ്ടുന്ന സ്ത്രീധനം കൃഷ്ണമോളുടെ പക്കൽ നിന്നും ഈടാക്കാനാണ് അവരുടെ ശ്രമം. എന്നാൽ അവർ പറയുന്നത്രയും തുക ഞങ്ങൾക്ക് നൽകാനാകുമോ എന്ന് സംശയമായിരുന്നു. കാരണം നരേട്ടന്‍റെ ഓപ്പറേഷന് നല്ലൊരു തുക വേണ്ടി വന്നു. അതിനു മുമ്പ് രാഹുൽമോനു വേണ്ടിയും നല്ലൊരു തുക ചിലവാക്കിയിരുന്നു.

നരേട്ടന്‍റെ ഓപ്പറേഷനു വേണ്ടുന്ന തുക നാട്ടിലുള്ള എന്‍റെ പ്രോപ്പർട്ടികൾ വിറ്റാണ് കണ്ടെത്തിയത്. ഭൂമിയ്ക്കൊന്നും അത്ര വില കിട്ടാത്ത കാലമായിരുന്നു അത്. പിന്നെ അച്‌ഛന്‍റെ ബാങ്ക് ബാലൻസ് അനിയത്തിമാരുടെ കല്യാണത്തോടെ ശോഷിച്ചിരുന്നു. ബാക്കി തുക അമ്മയ്ക്ക് ജീവിയ്ക്കാനുള്ളതു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏതായാലും ഡൽഹിയിലുള്ള വീടിന് അന്നും നല്ല വിലയുണ്ടായിരുന്നു. എന്നാൽ അത് വിറ്റ് മകൾക്ക് സ്ത്രീധനക്കാശ് കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. എങ്കിലും കൃഷ്ണമോൾ ഇടയ്ക്കിടെ അക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

ഒരു പുഞ്ചാബി കർഷക ഫാമിലിയിൽപ്പെട്ടവനാണ് ദേവാനന്ദ്. സ്ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടികളെ പീഡിപ്പിക്കാനും, കൊല്ലാനും മടിയില്ലാത്തവർ. കൃഷ്ണമോൾ അക്കാര്യം ഓർമ്മിപ്പിച്ചും ഞങ്ങളെ ഇടയ്ക്കിടയ്ക്ക് അലട്ടിയിരുന്നു. ഒരു ദിവസം ഞാനവളോട് അന്വേഷിച്ചു.

“എങ്കിൽ പിന്നെ അന്ന് വിവാഹത്തിന് മുമ്പ് അവർക്കത് ആവശ്യപ്പെട്ടു കൂടായിരുന്നോ?”

“അന്നവർക്ക് എങ്ങിനെയും വിവാഹം നടത്തി കിട്ടിയാൽ മതിയെന്നായിരുന്നു. കാരണം ദേവേട്ടന് എന്നെത്തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു. പിന്നെ അന്ന് സ്ത്രീധനം ആവശ്യപ്പെടാൻ ദേവേട്ടൻ സമ്മതിച്ചുമില്ല. ഇന്നിപ്പോൾ  അക്കാര്യം പറഞ്ഞ് അവർ ദേവേട്ടനോട് ഇടയ്ക്കിടയ്ക്ക് കലഹിക്കാറുണ്ട്.

ദേവേട്ടന്‍റെ ഇളയ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലിയിൽപ്പെട്ടവരാണ് ദേവേട്ടന്‍റെ വീട്ടുകാർ. അവർ വിചാരിച്ചാൽ അത്രത്തോളം സ്ത്രീധനമൊന്നും കൊടുക്കുവാൻ കഴിയുകയില്ല. മൂത്ത സഹോദരിയുടെ വിവാഹം നടത്തിയപ്പോൾ കൊടുക്കേണ്ടിയിരുന്ന തുക മുഴുവൻ അവർ നൽകിയിട്ടുമില്ല. അതിന്‍റെ പേരിൽ ആ സഹോദരിയുടെ വീട്ടുകാരുമായി ദേവേട്ടന്‍റെ വീട്ടുകാർ കലഹത്തിലുമാണ്. ഒരു പക്ഷേ ആ സഹോദരിയുടെ വിവാഹമോചനം വരെ നടന്നേയ്ക്കുമെന്നാണ് പറയുന്നത്.

കൃഷ്ണമോൾ പറഞ്ഞു നിർത്തി ഞങ്ങളെത്തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു. ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ഞങ്ങളെവളെ സഹായിക്കുമെന്ന് അവൾ കരുതിയതു പോലെ തോന്നി. അതിനുവേണ്ടി കൂടിയാണ് അവൾ ഇപ്രാവശ്യം ഞങ്ങളെക്കാണാൻ വന്നത്. നേരത്തെ ഞാൻ ഊഹിച്ചതു പോലെ തന്നെയാണ് കാര്യങ്ങൾ.

ഞങ്ങളിൽ നിന്നും അകലം സൂക്ഷിച്ചിരുന്ന ദേവാനന്ദിനെ നയരൂപത്തിൽ വിളിച്ചു വരുത്തി, ഞങ്ങളെ തൃപ്തിപ്പെടുത്താൻ അവൾ ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. അവൾ പെട്ടെന്ന് കരഞ്ഞു കൊണ്ട് ഇങ്ങിനെ പറയാൻ തുടങ്ങി.

“ഇത്തവണ ഞാൻ മടങ്ങിച്ചെല്ലുമ്പോൾ കുറച്ചെങ്കിലും പണവും കൊണ്ട് ചെന്നില്ലെങ്കിൽ ദേവേട്ടന്‍റെ അമ്മയും സഹോദരിമാരും എനിക്കൊരു സ്വൈര്യവും തരില്ല. ദേവേട്ടൻ മലയാളിയായ എന്നെ വിവാഹം കഴിച്ചതു കൊണ്ടാണ് അവർക്കീ ഗതി വന്നതെന്നാണവരിപ്പോൾ പറയുന്നത്. അല്ലെങ്കിൽ അവർ പഞ്ചാബികളുടെ ഇടയിൽ നിന്ന് നല്ല പെൺകുട്ടികളെത്തന്നെ, കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ദേവേട്ടന് കിട്ടുമായിരുന്നുവത്രെ…”

കൃഷ്ണമോളുടെ വാക്കുകൾ എന്‍റേയും, നരേട്ടന്‍റെയും ഉറക്കം കെടുത്തി. രാത്രിയിൽ ഞങ്ങളൊരുമിച്ച് ആലോചിച്ചു. ബാങ്കിൽ നരേട്ടന്‍റെ ഓപ്പറേഷനു ശേഷമുള്ള അൽപം പൈസ ബാക്കി കിടപ്പുണ്ട്. അതിപ്പോൾ നൽകി ഈ പ്രശ്നം തൽക്കാലത്തേയ്ക്ക് അവസാനിപ്പിക്കാമെന്ന് ഞങ്ങൾ കരുതി. ആ തുക ബാങ്കിൽ നിന്നുമെടുത്ത് കൃഷ്ണമോൾക്കു നൽകുമ്പോൾ അവൾ പറഞ്ഞു.

“ഇതുകൊണ്ട് ഒന്നുമാവില്ല മമ്മീ…”

“ബാക്കി പിന്നെ എപ്പോഴെങ്കിലും തരാം…” ഞങ്ങൾ പറഞ്ഞു. അങ്ങിനെ മൂന്നു ദിനങ്ങൾ കൂടി കടന്നു പോയി. മൂന്നാം ദിനം വൈകുന്നേരം ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെത്തി. വിവാഹത്തിന് കണ്ടതു പോലെ ഒരു പഞ്ചാബിയുടെ എല്ലാ രൂപഗുണവും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ. സാധാരണ പഞ്ചാബികൾ ചെയ്യുന്നതു പോലെ ഒരു ടർബനും അയാൾ തലയിൽ കെട്ടിയിരുന്നു. ഒരു ടാക്സി പിടിച്ചാണ് അയാൾ റയിൽവേ സ്റ്റേഷനിൽ നിന്നും വന്നെത്തിയത്. ടാക്സിയിൽ നിന്നിറങ്ങി ഞങ്ങളെക്കണ്ടയുടനെ അയാൾ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.

“നമസ്തേ….” ഒരു മലയാളിയുടെ എല്ലാ ഭാവഹാവാദികളും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ടാണ് ദേവാനന്ദ് അതു പറഞ്ഞത്. വിവാഹ ശേഷം ആദ്യമായിട്ടാണവൻ ഞങ്ങളുടെ വീട്ടിലെത്തുന്നത്. ഞങ്ങളുടെ ഓരേയൊരു മരുമകൻ! ഞങ്ങൾ അവനെ സ്വീകരിക്കാൻ വേണ്ടുന്ന എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ടായിരുന്നു.

“ഹലോ ദേവേട്ടാ…” എന്ന് പറഞ്ഞ് കൃഷ്ണമോളും അപ്പോഴേയ്ക്കും അകത്തു നിന്നും ഓടിയെത്തി. അവളുടെ കൈയ്യിലുണ്ടായിരുന്ന ടുട്ടുമോനെ അവൾ ദേവാനന്ദിനു നൽകി. പിന്നെ അയാളോടു ചേർന്നു നിന്നു കൊണ്ട് ഹിന്ദിയിൽ എന്തോ കളിവാക്കുകൾ പറഞ്ഞു. ഞാനപ്പോൾ കൈയ്യിൽ കരുതിയിരുന്ന ആരതി ഉഴിഞ്ഞ് അവരെ അകത്തേയ്ക്ക് ആനയിച്ചു. നരേട്ടൻ തന്‍റെ ക്യാമറയിൽ ആ ചിത്രങ്ങൾ പകർത്തി.

“ഔവർ ഹേർട്ടി വെൽക്കം ടു ഹോം മൈ സൺ…”

നരേട്ടൻ മരുമകനെ സ്വാഗതം ചെയ്ത് ഷേക്ക് ഹാന്‍റ് നൽകിക്കൊണ്ടു പറഞ്ഞു.

“വി ആർ സീയീംഗ് യൂ ഫോർ ദി ഫസ്റ്റ് ടൈം ആഫ്റ്റർ യൂ മാരിഡ് മൈ ഡോട്ടർ… വൈൽക്കം ടു ദി ഫാമിലി… ഹാവ് എ ബ്ലെസ്സ്ഡ് ഈവനിംഗ്…”

നരേട്ടൻ ദേവാനന്ദിന്‍റെ കൈകളിൽ പിടിച്ചു കുലുക്കി പുഞ്ചിരി തൂകി കൊണ്ടു വീണ്ടും പറഞ്ഞു. അതുകേട്ട് ദേവാനന്ദ് വികാര വിക്ഷുബ്ധതയോടെ കൃഷ്ണമോളെ നോക്കി. അടുത്ത ക്ഷണം ഞങ്ങളുടെ കാലുകളിൽ വീണ് മാപ്പപേക്ഷിക്കും മട്ടിൽ പറഞ്ഞു.

“ആപ് നേമുഛേ മാഫ് കീജിയേ… മൈംനേ ഗലത്കിയാ… മൈം ആപ് ലോഗോം കൊ ഗലത് സമത്സാ… ആപ് സബ് ഫൂൽ കർകേ മുഛേ ആശീർവാദ് ദേ ദോ…” (അങ്ങ് എനിക്കു മാപ്പു തരണം.. ഞാൻ തെറ്റു ചെയ്‌തു… ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു. നിങ്ങൾ എല്ലാം മറന്ന് എന്നെ അനുഗ്രഹിച്ചാലും…) നരേട്ടൻ കുനിഞ്ഞ് ദേവാനന്ദിനെ പിടിച്ചെഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“തും കുഛ് ഭീ ഗലത് നഹിം കിയാ. ഹം തും സേ ബഹുത് പ്രേം കർതാ ഹൈം…”

അതുകേട്ട് ദേവാനന്ദിന്‍റെ മുഖം വിടർന്നു. പിന്നെ അൽപ ദിവസങ്ങൾ കൊണ്ട് ദേവാനന്ദ് ഞങ്ങളുടെ വീട്ടിലെ പ്രിയപ്പെട്ട മരുമകനായിത്തീർന്നു. മറ്റുള്ളവരെ കൈയ്യിലെടുക്കുവാൻ ദേവാനന്ദിനു പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാൽ കൃഷ്ണമോളെപ്പോലെ സ്വാർത്ഥനല്ല ദേവാനന്ദെന്നു ഞങ്ങൾക്കു തോന്നി. ഞങ്ങൾക്കു നഷ്ടമായ മകന്‍റെ സ്‌ഥാനം ദേവാനന്ദ് വീണ്ടെടുത്തു കൊണ്ട് ഞങ്ങളോട് ഇഴുകിച്ചേർന്നു.

പഞ്ചാബികൾക്ക് പൊതുവെയുള്ള ധീരതയും ആത്മാർത്ഥതയും അവനും ഉള്ളതു പോലെ ഞങ്ങൾക്കു തോന്നി.

ഒരാഴ്ച കടന്നു പോയത് ഞങ്ങളറിഞ്ഞില്ല. ആഹ്ലാദവും പൊട്ടിച്ചിരികളും ഞങ്ങളുടെ ഭവനത്തിലും വിരുന്നിനെത്തി. ദേവാനന്ദിനോടും, കൃഷ്ണമോളോടും ടുട്ടുമോനോടുമൊപ്പം ഞങ്ങൾ ഡൽഹിയിലെ ഗുരുദ്വാരയിലും, മറ്റും കറങ്ങി.

ഗുരുദ്വാരയിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നു. ഗുരുനാനാക്ക് ഗീതികൾ നിറഞ്ഞ ആത്മീയമായ ആ അന്തരീക്ഷത്തിൽ അലയടിച്ചു നിന്ന പ്രശാന്തത ഞങ്ങളെ ഹഠാദാകർഷിച്ചു. ദേവാനന്ദിനോടൊപ്പം ഞങ്ങളും അവിടെ പ്രാർത്ഥനാ നിരതരായി നിന്നു. അപ്പോൾ അവിടെ ഞങ്ങളെ തലോടിയിരുന്ന മന്ദമാരുതൻ ഇങ്ങിനെ മന്ത്രിക്കുന്നതായി തോന്നി.

ശാന്തിയുടെ ഈ തീരത്ത് നിങ്ങൾ തേടുന്നതെന്തോ അത് നിങ്ങൾക്ക് ലഭിക്കും.

അതെ! മനഃശാന്തിയുടെ ഒരു അലകടൽ ഞങ്ങളെ വന്ന് പൊതിയുന്നതായി തോന്നി. ഭൗതികതയും തലം വിട്ട്, ആത്മീയതയുടെ തലങ്ങളിലേയ്ക്ക് ആ അന്തരീക്ഷം ഞങ്ങളോരോരുത്തരേയും ആവാഹിച്ചു കൊണ്ടു പോയി.

മനസ്സിന്‍റെ എല്ലാ ആകുലതകളും, വ്യഥകളും അകന്ന് പാപമുക്തമായ ഗംഗയിൽ മുങ്ങി നിവർന്നാലെന്ന പോലത്തെ അനുഭവം.

(ആപ് ലോഗ് കേരൾ സേ ആയേ ഹൈക്യാ?)… നിങ്ങൾ കേരളത്തിൽ നിന്നാണോ വരുന്നത്?… പ്രാർത്ഥനയിൽ മുഴുകി നിന്ന ഞങ്ങളോരുത്തരും ഞെട്ടി ഉണർന്ന് ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കി. പ്രശാന്തമയമായ ആ അന്തരീക്ഷത്തിൽ ഘനഗംഭീരമായ ആ ശബ്ദം ഒരു ഇടിമുഴക്കം പോലെ തോന്നിച്ചു.

ഏതോ പ്രശാന്തമായ മലനിരകളിൽ തട്ടി പ്രതിധ്വനിക്കുന്ന അഭൗമമായ എന്തോ ഒന്നിന്‍റെ അനുരണനം പോലെ ആ ശബ്ദം ഞങ്ങളെ പിടിച്ചു നിർത്തി.

തലയിൽ ടർബൻ കെട്ടി, നരച്ചതായി തടവി ദിവ്യതേജസ്സോടെ അതാ ഒരു ഫക്കീർ മുന്നിൽ നിൽക്കുന്നു.

“ഗുരുജി ആപ് യഹാം…” ദേവാനന്ദ് അദ്ദേഹത്തെ തിരിച്ചറിഞ്ഞതു പോലെ കൈകൂപ്പിത്തൊഴുതു.

“ഹാം… മൈംഹും… ആപ് മേരേ സവാൽ കേ ജവാബ് ദോ… ” അദ്ദേഹം ചോദിച്ചു. ദേവാനന്ദ് ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് മറുപടി നൽകി. “സിർഫ് മൈം ഹി സിക്ക് ഹും. ബാക്കി സബ് ലോഗ് കേരൾ സേ ഹൈം…

ഞങ്ങൾ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടിട്ടാകാം അദ്ദേഹം അങ്ങിനെ ചോദിച്ചതെന്ന് ഞങ്ങൾക്കു തോന്നി. ഞാനും, കൃഷ്ണയും അപ്പോൾ മലയാളികൾ ധരിക്കുന്നതു പോലെ സാരിയാണ് ധരിച്ചിരുന്നത്.

തുടർന്നദ്ദേഹം ടൂറിസ്റ്റുകളായ ഞങ്ങൾക്ക് സ്വാഗതമോതി, ആ ഗുരുദ്വാരയുടെ പ്രാധാന്യത്തെക്കുറിച്ചും അവിടത്തെ പ്രത്യേക മതാനുഷ്ഠാനങ്ങളെക്കുറിച്ചും പറഞ്ഞു തന്നു. ദേവാനന്ദൊഴിച്ച് ഞങ്ങളെല്ലാവരും കൗതുകത്തോടെ അതുകേട്ടു നിന്നു. ദേവാനന്ദിന് ചിരപരിചിതമായിരുന്നു ആ ഗുരുദ്വാരയും, അവിടത്തെ പൂജാവിധികളും. ആ ഫക്കീറിനെയുമെല്ലാം. ഡൽഹിയിലായിരുന്നപ്പോൾ ദേവാനന്ദ് മിക്കവാറും അവിടെ പോകാറുണ്ടായിരുന്നുത്രെ.

“അദ്ദേഹം ദിവ്യനായ ഒരു ഫക്കീറാണ്. പലപ്പോഴും അദ്ദേഹം പ്രവചിച്ചിട്ടുള്ളതെല്ലാം ശരിയായി വന്നിട്ടുണ്ട്.” ദേവാനന്ദ് പറഞ്ഞു.

മടങ്ങിപ്പോരുമ്പോൾ ടുട്ടുമോനെക്കണ്ട് അദ്ദേഹം പറഞ്ഞു.“ ഈ പൈതൽ നിങ്ങളുടെ മരിച്ചു പോയ മകന്‍റെ പുനഃർജന്മമാണ്.”

നരേട്ടനും എനിക്കും ഇതിൽപ്പരം ആഹ്ലാദമുണ്ടാകാനില്ല. പിന്നീട് ഞങ്ങൾക്കദ്ദേഹം ചില മധുര പലഹാരങ്ങൾ പ്രസാദമായി നൽകി. വീണ്ടും വരുവാനാവശ്യപ്പെട്ട് യാത്രാമംഗളമോതി.

അവിടെ നിന്ന് തിരികെ പ്പോരുമ്പോൾ ഞങ്ങളെല്ലാവരും ആ ഗുരുദ്വാരയുടെ ആത്മീയമായ പരിവേഷത്താലാകർഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും അങ്ങോട്ടു പോകുവാനുള്ള ഒരുപ്രേരണ ഞങ്ങളുടെ ഉള്ളിലുണ്ടായി.

മടക്കയാത്രയിൽ എല്ലാവരും ക്ഷീണിതരായിരുന്നുവെങ്കിലും ഉള്ളിൽ ഒരു പ്രത്യേക ഉന്മേഷം തുടിച്ചിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ ദർശനം തികച്ചും അന്വർത്ഥമാണെന്ന് ആ യാത്രയിൽ ഞങ്ങൾക്കും ബോദ്ധ്യമായി. അതോടെ ദേവാനന്ദ് എന്ന പഞ്ചാബി മരുമകനോടു തോന്നിയിരുന്ന അകൽച്ചയുടെ അവസാനത്തെ തരിമ്പും അപ്രത്യക്ഷമായി. വീട്ടിൽ മടങ്ങിയെത്തുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഏതോ ഗിരിശൃംഗങ്ങളിൽ തപസ്സു ചെയ്തെത്തിയ മുനിയുടെ പ്രശാന്തത മനസ്സിനെ ആവരണം ചെയ്‌തിരുന്നു.

“എത്ര പ്രശാന്തമായ സ്‌ഥലം. അല്ലേ മീരാ… മനസ്സിനെ പിടിച്ചു നിർത്തുന്ന ആത്മീയ പരിവേഷം… ഏറെ നാളുകൾക്കു ശേഷം മനസ്സിൽ ശാന്തി വന്നു നിറയുന്നു. പ്രത്യേകിച്ച് ആ ഫക്കീറിനെ കാണുകയും അദ്ദേഹത്തിന്‍റെ വാക്കുകൾ കേൾക്കുകയും ചെയ്‌ത ശേഷം…” നരേട്ടൻ ഒരു നിമിഷനേരത്തേയ്ക്ക് വാചാലനായി.

“അതെ നരേട്ടാ… ഞാനും അതനുഭവിച്ചറിയുന്നു… രാഹുൽ മോന്‍റെ വേർപാടിനു ശേഷം ഏറെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന എല്ലാ ആകുലതകളിൽ നിന്നും മുക്തി നേടിയതു പോലെ.” ഞാൻ മെല്ലെ പ്രതിവചിച്ചു.

“ശരി…ശരി… രണ്ടു ദിവസം കഴിഞ്ഞ് ഇനി ഗുരുവായൂർക്ക് പോകാനുള്ളതാണ്. ആ തിരുസന്നിധിയിലെത്തുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ കുറെക്കൂടി ആശ്വാസം വന്നു നിറയും.”

“ശരിയാണ് നരേട്ടാ… ഇങ്ങനെ കുറെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് നമ്മുടെ ഒരാവശ്യമായി ഇപ്പോൾ തോന്നുന്നു. ഇനിയും മക്കൾ തിരികെ പോയാലും നമുക്കൊന്നിച്ച് അങ്ങനെയൊരു യാത്ര പുറപ്പെടാം. അനേകം തീർത്ഥ ഭൂമികൾ സന്ദർശിച്ച്…. തീർത്ഥസ്നാനം ചെയ്‌ത്. ഒരു പക്ഷേ ഈ ജന്മത്ത് നാമറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാ പാപകർമ്മങ്ങളും കഴുകിക്കളഞ്ഞ്… അങ്ങിനെ ഒരു യാത്ര കഴിയുമെങ്കിൽ ഗംഗയിൽ ഒരു പുണ്യസ്നാനം കൂടി ചെയ്‌തു കഴിയുമ്പോൾ ഈ ജന്മത്തിലെ എല്ലാ പാപ കർമ്മങ്ങൾക്കും ദോഷ പരിഹാരമാകുമെന്ന് എനിക്കു തോന്നുന്നു.”

മറ്റേതോ അലൗകികമായ ലോകത്തിൽ നിന്നെന്നപോലെ എന്‍റെ ശബ്ദമപ്പോൾ ശാന്തവും ദീപ്തവുമായിരുന്നു. സത്യത്തിൽ അങ്ങിനെയൊരു യാത്രയ്ക്കായി എന്‍റെ ഹൃദയം ഏറെ നാളായി തുടി കൊട്ടിയിരുന്നു. ആത്മാവിന്‍റെ ആഴങ്ങളെ വലയം ചെയ്‌തിരുന്ന അസ്വസ്ഥതയുടെ മുകുളങ്ങളെ പറിച്ചെറിയാനുള്ള ആവേശം എന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്നു. പോരാത്തതിന് രാഹുൽ മോന്‍റെ ആത്മശാന്തിയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹം. അവനു വേണ്ടി ഗംഗയുടെ പുണ്യതീരങ്ങളിൽ ഒരു ബലിയിടൽ.

കാലത്തിന്‍റെ കൈവഴികളിലൂടെ ഒരു പൊങ്ങു തടി പോലെ ഒഴുകി പോകുമ്പോഴും ശാന്തിയുടെ തീരം പ്രാപിക്കാനാവാതെ ആ പൊങ്ങുതടി എവിടെയാണ് പൊട്ടിത്തകരുക എന്ന് പലപ്പോഴും ഞാനോർത്തിരുന്നു. പിന്നീടുള്ള ദിനരാത്രങ്ങൾ എന്‍റെ ആ നിഗമനത്തെ ശരിവയ്ക്കുന്നതായിരുന്നു.

ആത്മശാന്തിയ്ക്കായി ഞങ്ങൾ തുടരുവാൻ നിശ്ചയിച്ചിരുന്ന ആ യാത്രകൾ… അവ എന്നേയ്ക്കുമായി ഞങ്ങൾക്കുപേക്ഷിയ്ക്കേണ്ടി വരുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഗുരുദ്വാരയിലേയ്ക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അന്നും, പിറ്റേന്നും അതിന്‍റെ പിറ്റേന്നും ഞങ്ങൾ ടുട്ടുമോന്‍റെ കളിചിരികളിൽ മുഴുകി കഴിഞ്ഞു. അവന്‍റെ അവ്യക്‌തമായ വാമൊഴികളിൽ ഞങ്ങൾ സ്വർഗ്ഗം കണ്ടു. രാഹുൽ മോന്‍റെ മുഖസാദൃശ്യവും, ഫക്കീറിന്‍റെ വാക്കുകളും ആ കുരുന്നിനെ വേർപിരിയാനാവാത്ത വിധം ഞങ്ങളോടടുപ്പിച്ചു.

നരേട്ടൻ ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം അനുഭവിക്കുന്നത് ഞാൻ കണ്ടു. നരേട്ടന്‍റെ എല്ലാം മറന്നുള്ള പൊട്ടിച്ചിരികൾ ആ വീടിനുള്ളിൽ മുഴങ്ങി. ഒരുപക്ഷേ അണയാറായ ഒരു ദീപത്തിന്‍റെ ആളിക്കത്തലായിരുന്നു അതെന്ന് ഞാൻ വൈകിയാണറിഞ്ഞത്. ഒരുപക്ഷേ അന്നതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഏറെ കരുതൽ നൽകുമായിരുന്നല്ലേ?… എങ്കിൽ ഒരുപക്ഷേ എന്‍റെ ജീവിതത്തിൽ നിന്നും നരേട്ടനെ പറിച്ചെടുക്കാൻ ഒരു ശക്തിക്കുമാകുമായിരുന്നില്ല. ഒരു മാടപ്രാവിന്‍റേതു പോലെ നിർമ്മലമായ ആ സ്നേഹത്തെ ഞാൻ കൈക്കുമ്പിളിലൊതുക്കി നിർത്തുമായിരുന്നു. ഒരു ശക്തിക്കും വിട്ടുകൊടുക്കാതെ… കൂടുതൽ ഇറുകെപ്പുണർന്ന് അപ്പോഴേയ്ക്കും കാലം എന്നെ അതിനു പ്രാപ്തയാക്കിയിരുന്നു.

മറ്റൊരാളെ വിവാഹം കഴിച്ച്, ചാരിത്യ്രഭംഗം വന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ ആത്മാർത്ഥ പ്രേമം എന്നത് കേവലം ശാരീരികമായ ഒരാകർഷണമല്ല, മറിച്ച് ആത്മാവിന്‍റെ ലയിച്ചു ചേരലാണെന്ന് അദ്ദേഹമറിഞ്ഞിരുന്നു. നരേട്ടന്‍റെ ഹൃദയവും എന്നോടുള്ള വികാരങ്ങളും എത്രമാത്രം നിർമ്മലമാണെന്ന് തിരിച്ചറിഞ്ഞ കാലം തൊട്ട് ഞാനദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കാൻ പരിശ്രമിച്ചിരുന്നു. ആ പരിശ്രമം വിജയപഥത്തിലെത്തിയ നാളുകളിലൊന്നിൽ മരണം ഒരു കഴുകനെപ്പോലെ പറന്നെത്തി എന്‍റെ കൈക്കുമ്പിളിൽ നിന്ന് ആ ഹൃദയത്തെ കൊത്തിയെടുത്ത് പറന്നു കഴിഞ്ഞിരുന്നു. അതെ… നരേട്ടനും… ഫഹദ്സാറും… രണ്ടുപേരും എനിക്കു പകർന്നു നൽകിയത് ആത്മാർത്ഥ പ്രണയത്തിന്‍റെ ദീപ്തജ്വാലകളായിരുന്നു. ലോകത്തിൽ രണ്ടു പുരുഷന്മാരെ വിവാഹം കഴിക്കേണ്ടി വന്ന ചുരുക്കം ചില സ്ത്രീകൾക്കു മാത്രം ലഭിച്ചിട്ടുള്ള ആ സൗഭാഗ്യം. പക്ഷേ ആ ഭാഗ്യം ദൗർഭാഗ്യമാക്കി മാറ്റി ഈശ്വരൻ എന്നിൽ നിന്നും അടർത്തിയെടുത്ത്, അവരിരുവരേയും എനിക്കു നഷ്ടപ്പെടുത്തിയത് വളരെ പെട്ടെന്നാണ്.

അതെ! അന്ന് രണ്ടുനാളുകൾ കഴിഞ്ഞ് ഒരു പുലർ കാലത്ത്, കേരളത്തിലേയ്ക്കുള്ള ഫ്ളൈറ്റിൽ, ഞങ്ങൾ ഗുരുവായൂർക്ക് യാത്ര പുറപ്പെട്ടു. നരേട്ടന്‍റെ മടിയിൽ ടുട്ടുമോൻ ഉല്ലാസവാനായിരുന്നു. അവൻ തന്‍റെ പിഞ്ചിളം കാൽ നരേട്ടന്‍റെ നെഞ്ചത്തമർത്തി കുതിച്ചു കൊണ്ടിരുന്നു. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയ്ക്കിടയിൽ അവൻ അവ്യക്തമായി അപ്പൂപ്പാ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അതു കണ്ട് ദേവാനന്ദ് ചിരിച്ചു കൊണ്ട് ഇംഗ്ലീഷിൽ തിരുത്തി കൊടുത്തു ഗ്രാൻഡാ പാ എന്ന്.

യാത്രയ്ക്കിടയിൽ മുഴുവൻ സമയവും അവൻ നരേട്ടന്‍റെ കൈകളിൽ തന്നെയായിരുന്നു. ഇത്രയധികസമയം അവനെ കൈകളിലെടുത്തു ലാളിക്കുന്നത് നരേട്ടന്‍റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എന്നാൽ ഒരിയ്ക്കലും വേർപിരിയാനാവാത്ത വിധം ആ ഹൃദയങ്ങൾ ഒട്ടിച്ചേർന്നു കഴിഞ്ഞുവെന്ന് ആർക്കും ഊഹിക്കാനാവുമായിരുന്നു.

“അവന് പപ്പായെത്തന്നെ മതിയല്ലോ… ഇനി ഞങ്ങളുടെ ഒപ്പം അവൻ വരികയില്ലെന്നു വരുമോ?…” കൃഷ്ണമോൾ സംശയം പ്രകടിപ്പിച്ചു.

“അതെ… അവനിനി എന്‍റെ കൂടെത്തന്നെയുണ്ടാകും. നിങ്ങൾ അവനെ എന്‍റടുത്ത് നിർത്തിയിട്ടു പൊയ്ക്കോളൂ… ഞങ്ങൾ അവനെ നോക്കി വളർത്തിക്കോളാം… നരേട്ടന്‍റെ വാക്കുകൾ കേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അത് നല്ല കാര്യമാണല്ലോ പപ്പാ… എനിക്കും ദേവേട്ടനും സുഖമായി ഓഫീസിൽ പോയി വരാം…”

“അതെ, അങ്ങനെ തന്നെ മതി എനിക്കിനി ഇവനില്ലാതെ ജീവിയ്ക്കാൻ പറ്റുകയില്ല…”

ആ വാക്കുകൾ യഥാർത്ഥത്തിലുള്ളതായിരുന്നു. നരേട്ടന് ഒരിയ്ക്കലും അവനെ വേർപിരിയാൻ കഴിയുമായിരുന്നില്ല. അവനെ കണ്ടതു മുതൽ രാഹുൽമോന്‍റെ നഷ്ടം ഞങ്ങൾ രണ്ടുപേരും മറന്നു തുടങ്ങിയിരുന്നു. ഇനിയുമൊരു വേർപാട്… അത് എന്നെക്കാളേറെ നരേട്ടന് അസഹ്യമാകുമെന്നു തോന്നി. കൃഷ്ണമോൾ പകുതി കാര്യമായും, പകുതി തമാശയായും ആ വാക്കുകളെ ചിരിച്ചു തള്ളി. എന്നാൽ അവളുടെ ഉള്ളിന്‍റെ ഉള്ളിൽ ഒരു നിമിഷത്തേയ്ക്കെങ്കിലും അത്തരമൊരു മോഹം ഉടലെടുത്തു കാണുമെന്ന് എനിക്കറിയാമായിരുന്നു.

ഓഫീസിലെ തിരക്കുള്ള ജോലിയ്ക്കിടയിൽ പലപ്പോഴും കുഞ്ഞിന്‍റെ കാര്യം അവർക്കൊരു ബാധ്യതയാകുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു വേലക്കാരിയെ കിട്ടാനില്ലാത്ത അവസരങ്ങളിൽ. പലപ്പോഴും ലീവെടുത്ത് അവർ മാറി മാറി നിന്ന് കുഞ്ഞിനെ നോക്കേണ്ടി വരാറുണ്ടായിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ച് കൃഷ്ണമോൾ പറഞ്ഞു.

“എങ്കിൽ പപ്പയും മമ്മിയും ഡൽഹിയിലെ വീട് വിറ്റ് ഞങ്ങളുടെ കൂടെ പോരൂ… പപ്പ റിട്ടയർ ചെയ്‌തല്ലോ. മമ്മിയും വോളന്‍ററി റിട്ടയർമെന്‍റ് എടുക്കൂ… നമുക്കെല്ലാവർക്കും കൂടി ബാംഗ്ലൂരിൽ ഒരു ഫ്ളാറ്റു വാങ്ങി സുഖമായി കഴിയാം.” അവൾ നേരത്തെ മറ്റെന്തൊക്കെയോ കണക്കു കൂട്ടുന്നുണ്ടെന്ന് എനിക്കു തോന്നിയിരുന്നു.

അവളുടെ ഭർത്താവിന്‍റെ കൂട്ടുകുടുംബത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം ചിലപ്പോൾ സ്വന്തമായി ഒരു ഫ്ളാറ്റു വാങ്ങി അങ്ങോട്ട് മാറുക എന്നുള്ളതായിരിക്കാം. അതിനുവേണ്ടി പണം സംഘടിപ്പിക്കുവാൻ വേണ്ടിയായിരിക്കണം അവൾ വീടു വിൽക്കുവാൻ ആവശ്യപ്പെടുന്നത്. കൃഷ്ണമോളുടെ വാക്കുകൾ കേട്ട് നരേട്ടൻ പറഞ്ഞു.

“അതെ… അതു ശരിയാണ്. അതിനെപ്പറ്റി ഗൗരവമായിട്ട് ആലോചിക്കേണ്ടിയിരിക്കുന്നു. തിരിച്ച് ഡൽഹിയിലെത്തട്ടെ… നമുക്ക് ഒരു തീരുമാനത്തിലെത്താം.”

ആ വാക്കുകൾ എന്നിലൊരു നടുക്കമുളവാക്കി. അപ്പോൾ എന്‍റെ ജോലി. ഡൽഹിയിലെ മറ്റു കാര്യങ്ങൾ എല്ലാമുപേക്ഷിക്കുകയോ… എന്താണ് നരേട്ടൻ ഉദ്ദേശിക്കുന്നത്.

വീടു വിറ്റു കിട്ടുന്ന പണത്തിൽ ഒരു ഭാഗം സ്ത്രീധനമായി ദേവാനന്ദിന്‍റെ വീട്ടുകാർക്കു കൊടുക്കുവാനും ബാക്കി പണം ഫ്ളാറ്റു വാങ്ങാനുപയോഗിക്കുവാനുമായിരിക്കും അവളുടെ പ്ലാൻ. അങ്ങിനെയെങ്കിൽ ഞങ്ങൾ തികച്ചും വഴിയാധാരമായതു തന്നെ. എന്‍റെ മനസ്സു പറഞ്ഞു. ഏതായാലും ഇപ്പോൾ അതേപ്പറ്റി ഒരു ചർച്ചവേണ്ടെന്നു നരേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. ഞാൻ തീരുമാനിച്ചു.

ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെ മെല്ലെ എയർപോർട്ടിലേയ്ക്ക് താണിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ജീവിതത്തിൽ അനിശ്ചിതമായ പലതും ഞങ്ങളെ പിന്നിട്ടു കൊണ്ടിരുന്ന വെൺമേഘങ്ങളിൽ ഉപേക്ഷിച്ച് സുനിശ്ചിതമായ മറ്റൊരു യാത്ര തുടരുവാൻ ഞങ്ങൾ പ്രേരിതരായി.

എങ്കിലും എന്‍റെ മനസ്സപ്പോൾ എന്തിനെന്നറിയാതെ തുടിച്ചു കൊണ്ടിരുന്നു. അജ്ഞാതമായ ഏതോ അസ്വാസ്‌ഥ്യങ്ങളിലേയ്ക്ക് ഹൃദയം വഴുതി വീഴുന്നതു പോലെ.

ഞങ്ങളുടെ ഫ്ളൈറ്റ് നെടുമ്പാശേരിയിൽ താണിറങ്ങുമ്പോൾ അസന്തുഷ്ടമായ ഒരു ഭൂതകാലം മുന്നിൽ ഇതൾ വിടരുന്നതായി എനിക്കനുഭവപ്പെട്ടു. ഓർമ്മകളിൽ മനസ്സ് കൈവിട്ട് പോകുന്നതു പോലെയും.

ഒരു നിമിഷം മനസ്സു പതറിയോ? ഇനിയങ്ങോട്ട് ഏതോ ദുരനുഭവങ്ങൾ എന്നെ കാത്തിരിക്കുന്നതായി മനസ്സു പറഞ്ഞു.

മരവിച്ച മനസ്സുമായി തളർന്നിരിയ്ക്കുമ്പോൾ ആ അനൗൺസ്മെന്‍റ് ഒഴുകിയെത്തി. ഞങ്ങളുടെ ഫ്ളൈറ്റ് കേരളമെന്ന മനോഹര ഭൂപ്രദേശത്തെ പുൽകുകയാണെന്ന അനൗൺസ്മെന്‍റ്…

നെടുമ്പാശേരിയിൽ ഞങ്ങളുടെ ഫ്ളൈറ്റ് മെല്ലെമെല്ലെ ഒരു കഴുകനെ പ്പോലെ താണിറങ്ങി എയ്റോഡ്രോമിലെ പുൽപ്പരപ്പിൽ തൊട്ടയുടനെ ഒരു ദീർഘശ്വാസം എന്നിൽ നിന്നും അടർന്നു വീണു. ഇതാ വീണ്ടും ഒരിയ്ക്കൽ കൂടി ഉപേക്ഷിക്കപ്പെട്ട പലതും എന്നിൽ ഉയർന്നെഴുന്നേൽക്കുവാൻ തുടങ്ങുന്നു.

ഇവിടെ ഈ മണ്ണിലുറങ്ങുന്ന എന്‍റെ സ്വപ്നങ്ങൾ. കൈവിടാനാകാതെ മുറുകെപ്പിടിക്കാൻ തുനിഞ്ഞ ബന്ധങ്ങൾ… ബന്ധനങ്ങൾ എല്ലാമെല്ലാം ഓർമ്മയുടെ ആവനാഴിയിൽ വീണ്ടും വീണ്ടും വന്നു നിറയാൻ തുടങ്ങുന്നു. വേണ്ട ഒന്നുമോർക്കേണ്ട… ആ ഓർമ്മകൾ ഒരു പക്ഷേ വീണ്ടുമൊരിക്കൽ കൂടി മനസ്സിനേയും ശരീരത്തേയും ചുട്ടുപൊള്ളിച്ചേക്കാം. താനിന്നൊരമ്മയാണ്… ഭാര്യയാണ്… അതിലുപരി ഒരു മുത്തശ്ശിയായി കഴിഞ്ഞവളാണ്. നരേട്ടനിലും എന്‍റെ കുടുംബത്തിലും മാത്രം ഒതുങ്ങേണ്ടവൾ. സ്നേഹത്തിന്‍റെ ആ സുവർണ്ണ ബലികുടീരം ഈ മണ്ണിലും എന്‍റെ മനസ്സിലും മാത്രം ഉറങ്ങിക്കിടക്കട്ടെ…

ഒരിയ്ക്കലും ഉണരാതെ…

“വാഹ്…. ബ്യൂട്ടിഫുൾ പ്ലേസ്…”

ദേവാനന്ദ് ചുറ്റിനും നോക്കി അത്ഭുതത്തോടെ പ്രതിവചിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടിത്തിരിഞ്ഞത്. കേരളത്തിന്‍റെ രൂപഭംഗിയിൽ മനം മയങ്ങിയെന്ന പോലെ ദേവാനന്ദ് അൽപനേരം നിന്നു. പിന്നെ ഫോട്ടോകൾ എടുക്കാൻ തുടങ്ങി. ഞങ്ങൾ ഓരോരുത്തരേയും, പിന്നെ എല്ലാവരെയും ഒന്നിച്ചു നിർത്തിയും, മോനോടൊപ്പം മാത്രമായിട്ടും, അങ്ങിനെ നിരവധി ഫോട്ടോകൾ നെടുമ്പാശേരി എയർപോർട്ടിന്‍റെ പശ്ചാത്തലത്തിൽ ദേവാനന്ദ് എടുത്തു. എല്ലാം കഴിഞ്ഞ് ടാക്സി കാറിലേയ്ക്കു കയറും മുമ്പ് നരേട്ടൻ പറഞ്ഞു.

“മോനോടൊപ്പം എടുത്ത ആ ഫോട്ടോകളിൽ ചിലത് ഞങ്ങൾക്ക് വേണം. ഞങ്ങളുടെ ആൽബത്തിൽ സൂക്ഷിക്കാൻ.”

ഭൂതകാലത്തിന്‍റെ നനുത്ത പ്രകാശം സ്ഫുരിക്കുന്ന ആ സ്മരണകളെ ഒരു കുഞ്ഞിനെയെന്ന പോലെ തൊട്ടുതലോടുമ്പോഴോർത്തു, ആൽബത്തിൽ സൂക്ഷിയ്ക്കുവാനായി നരേട്ടൻ ചോദിച്ചു വാങ്ങിയ ആ ഫോട്ടോകളുടെ അവകാശി ഇന്ന് ഞാൻ മാത്രമാണ്.

എന്നെന്നും ഒരു വിഷാദസ്മിതം വിരിയിച്ചു കൊണ്ട്, ഉണരുന്ന ഓർമ്മകളെ തഴുകാനായി മാത്രം ഞാനാഫോട്ടോകൾ ഇന്നും സൂക്ഷിക്കുന്നു. ഒരു നിധി പോലെ.

പ്രൊഫ. മീരാ നാരായണൻ തലയിണയ്ക്കിടയിൽ താൻ സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ വലിച്ചെടുത്തു. ഹോസ്പിറ്റലിലേയ്ക്കു പോരുമ്പോൾ ഞാൻ ഒരു നിധി പോലെ കൈയ്യിലെടുത്ത ഏതാനും വസ്തുക്കളിലൊന്ന് ആ ആൽബമായിരുന്നു. ഉണരുന്ന ഓർമ്മകളെ ഹൃദയത്തോട് ചേർത്തു തഴുകാൻ. ഒരു കാലഘട്ടത്തിന്‍റെ മരിയ്ക്കാത്ത മധുര സ്മരണകളിലൂടെ ജീവിതത്തെ വീണ്ടും വീണ്ടും പുണരാൻ. എനിക്കതതാവശ്യമായിരുന്നു.

പക്ഷേ ഇന്നിപ്പോൾ ആ ഓർമ്മകൾ, ചിലപ്പോഴെങ്കിലും അണയാതെ കിടന്ന ഒരു കനൽ പോലെ എന്‍റെ മനസ്സിനെ ചുട്ടു പൊള്ളിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഒറ്റപ്പെടലിന്‍റെ ഈ തുരുത്തിൽ ഒരു നനുത്ത പച്ചപ്പായി ആ ഓർമ്മകൾ പെയ്തിറങ്ങിയെങ്കിൽ എന്ന് ഞാനറിയാതെ ആഗ്രഹിച്ചു പോകുന്നു. അതിനുവേണ്ടിയാണ് ആ ഓർമ്മകളെ വീണ്ടും വീണ്ടും ഞാനിന്നു ഹൃദയത്തിലിട്ടു താലോലിക്കുന്നത്. വീണ്ടും ഓർമ്മകളുടെ താഴ്വരയിൽ ഒരു കുളിർമഴയായി പെയ്തിറങ്ങുമ്പോൾ.

“മാഡം, ഈ ഇഞ്ചകഷ്‌ൻ ഒന്നെടുത്തോട്ടെ… ആ വലതുകരം ഒന്നു നീട്ടിത്തരൂ…” ഹിന്ദിയിലുള്ള അഭ്യർത്ഥന കേട്ട് ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കി. തൂവെള്ള ഡ്രസ്സണിഞ്ഞ് ഒരു വിശുദ്ധയെപ്പോലെ പുഞ്ചിരി തൂകി നിൽക്കുന്ന സിസ്റ്റർ.

ഒരു മായിക സ്വപ്നത്തിൽ നിന്നുണർന്നാലെന്നപോലെ വർത്തമാന കാലത്തിന്‍റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേയ്ക്ക് വീണ്ടും. വലതുകരം സിസ്റ്ററിനു നേരെ നീട്ടിപ്പിടിക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. ആ ഒരു വേദന പോലും സഹിയ്ക്കാനുള്ള ത്രാണിയപ്പോൾ ഇല്ലെന്നു തോന്നി. അൽപ സമയത്തിനുള്ളിൽ ആ പാദപതനം അകന്നകന്നു പോയി. ഇറുകെപ്പൂട്ടിയ മിഴിയ്ക്കുള്ളിൽ ഓർമ്മകൾ വീണ്ടും തിരയിളകി.

പ്രകൃതി രമണീയത  നിറഞ്ഞ സ്‌ഥലങ്ങൾ പിന്നിട്ടു കൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. പച്ചത്തഴപ്പാർന്ന മലനിരകളും, പാടവരമ്പുകളും വരമ്പത്തു പറന്നിറങ്ങുന്ന വെള്ള കൊക്കുകളും, ഇടയിലൂടൊഴുകുന്ന കൊച്ചു പുഴകളും. അവയിൽ നിറഞ്ഞു നിൽക്കുന്ന ആമ്പലും കൂമ്പിയതും വിടർന്നതുമായ താമരപ്പൂക്കളം, എല്ലാ കൂടിച്ചേർന്ന് ഒരു സുന്ദര സുരഭില ഭൂപ്രദേശം ഞങ്ങളുടെ കണ്മുന്നിൽ വിരിഞ്ഞു വന്നു. പ്രകൃതിയുടെ കാൻവാസിൽ ആരോ വരച്ചിട്ട സുന്ദര ചിത്രം പോലെ… ദേവാനന്ദ് അവയെല്ലാം കണ്ടാസ്വദിച്ചിരുന്നു.

ഇടയ്ക്ക് പാടവരമ്പത്തു നിന്നും കൂട്ടത്തോടെ പറന്നുയരുന്ന കൊറ്റികളെ നോക്കി അയാൾ ആനന്ദതുന്ദിലനായി പറയുന്നതു കേൾക്കാമായിരുന്നു.

“വാഹ്… ദിസീസ് റിയലി ഗോഡ്സ് ഓൺ കൺട്രി… ഹൗ ബ്യൂട്ടി ഫുൾ ഈസ് ദിസ് വണ്ടർ ഫുൾ പ്ലോസ്…”

“വാഹ്… വാഹ്…” പലപ്പോഴും അത്തരം ചില അതിശയോക്തികളും ദേവാനന്ദ് തുടരെ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. അതെല്ലാം കേട്ട് തെല്ലഹങ്കാരത്തോടെ കൃഷ്ണമോൾ പറയുന്നുണ്ടായിരുന്നു “ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

(തുടരും)

സാഗരസംഗമം – ഭാഗം 6

ഞങ്ങൾ കൂട്ടിക്കൊണ്ടു വരാൻ അങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ച് അവൾക്ക് ഒരു മെസേജ്ജ് അയക്കുകയും ചെയ്‌തു. ഒപ്പം ബാംഗ്ലൂരുള്ള മഞ്ജുവിനേയും മായയേയും സന്ദർശിക്കാമെന്നും എന്‍റെ മനസ്സിലുണ്ടായിരുന്നു. മഞ്ജുവിനെ ഒരു എൻജിനീയറും മായയെ ഒരു ഡോക്ടറുമാണ് വിവാഹം ചെയ്തത്. അവർ രണ്ടുപേരും ഒരു ഫ്ളാറ്റിന്‍റെ താഴത്തേയും മുകളിലത്തേയും നിലകളിലാണ് താമസിക്കുന്നത്. അമ്മയും അവരോടൊപ്പം തന്നെ താമസിക്കുന്നു. എല്ലാവരേയും കാണാൻ എന്‍റെ മനസ്സിൽ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു.

ലീവ് തീർന്നയുടനെ ഞാൻ കോളേജിലേയ്ക്ക് പുറപ്പെട്ടു. ഏറെ നാളുകൾക്കു ശേഷം കോളേജിൽ എത്തുമ്പോൾ സഹപ്രവർത്തകരും വിദ്യാർത്ഥികളും അടുത്തു കൂടി കുശലാന്വേഷണം നടത്തി. എല്ലാവരോടും സന്തോഷപൂർവ്വം മറുപടി പറയുമ്പോൾ എന്നെ അതുവരെ അലട്ടിയിരുന്ന ദുഃഖങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുന്നതു പോലെ തോന്നി.

വീണ്ടും ജീവിതത്തിന്‍റെ തിരക്കുകളിൽ ഞാനലിയുമ്പോൾ നരേട്ടൻ ഏകനായി വീട്ടിൽ കഴിച്ചു കൂട്ടി. ഏകാന്തത അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുന്നതു പോലെ തോന്നി. കോളേജ് ലൈബ്രറിയിൽ നിന്നും അദ്ദേഹത്തിനു താൽപര്യമുള്ള കുറെ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ഞാൻ വായിക്കാനായി കൊണ്ടു പോയി കൊടുത്തു. അവയിൽ മിക്കവയും ജീവചരിത്ര പുസ്തകങ്ങളായിരുന്നു. അതദ്ദേഹത്തിന് വലിയ ആശ്വാസമായി എന്നു തോന്നി. വീട്ടിലെത്തിയാൽ നരേട്ടനുമായി ഹ്രസ്വമായ കുശലാന്വേഷണങ്ങളെ എനിക്കു സാധ്യമായിരുന്നുള്ളൂ പാചകവും മറ്റും ജോലികളുമായി ഞാൻ തിരക്കിലായിരിക്കും.

ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ എക്സാമിനേഷൻ അടുത്തതിനാൽ പാഠപുസ്തകങ്ങൾ എടുത്തു തീർക്കുകയും അവർക്കാവശ്യമായ നോട്ടുകൾ പ്രിപ്പയർ ചെയ്യുകയും ചെയ്യുന്ന ചുമതലയിൽ ഞാൻ മുഴുകി. ഇതിനിടയിൽ നരേട്ടൻ എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കുറെ കാര്യങ്ങൾ സ്വയം ചെയ്യാൻ തുടങ്ങി. അതിൽ പാചകവും അദ്ദേഹം കുറേശേ പരിശീലിച്ചു തുടങ്ങി.

തനിക്കാവശ്യമായ ഓംലറ്റും ചായയും അദ്ദേഹം സ്വയം ഉണ്ടാക്കാൻ പഠിച്ചു. സ്വന്തം പാചകം എത്ര മോശമായാലും അതിനെ സ്വയം പുകഴ്ത്തുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു കണ്ട് ഞാൻ പറഞ്ഞു.

“എങ്കിൽ ഇനി മുതൽ ഞാൻ മാറി നിൽക്കാം… നരേട്ടൻ തന്നെ എല്ലാം സ്വയം ഉണ്ടാക്കി കഴിച്ചോളൂ…”

അതുകേട്ട് അദ്ദേഹം ഉറക്കെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.

“മീരാ, ഞാൻ വെറുതെ പറഞ്ഞതല്ലെ. ഞങ്ങൾ പുരുഷന്മാർ ഇങ്ങനെയൊക്കെ പറയുമെങ്കിലും രണ്ടു ദിവസം നിങ്ങളടുത്തില്ലെങ്കിൽ ഞങ്ങളുടെ കാര്യമെല്ലാം കുഴയും. പിന്നെ പാചകത്തിൽ എന്‍റെ മീരയ്ക്കൊരു പ്രത്യേക മിടുക്കു തന്നെ ഉണ്ടല്ലോ…” അദ്ദേഹം എന്നെ വാനോളം പുകഴ്ത്തുമ്പോൾ ഞാനറിയാതെ ആകാശത്തോളം ഉയർന്നു.

അങ്ങനെ പൊട്ടിച്ചിരികളും, കളിതമാശകളുമായി ഞങ്ങളുടെ ദിനങ്ങൾ അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. നരേട്ടനും ലീവ് തീർന്ന് കോളേജിൽ ജോയിൻ ചെയ്യാനുള്ള സമയമടുത്തു വന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യം അതിനകം വളരെയധികം മെച്ചപ്പെട്ടിരുന്നു. ഇതിനിടയിൽ ഒരു ദിനം ഞാൻ കോളേജിൽ നിന്നും മടങ്ങി വരുമ്പോൾ നരേട്ടൻ ആകെ മ്ലാനവദനനായി ഇരിയ്ക്കുന്നതു കണ്ടു. കാര്യം അന്വേഷിച്ചപ്പോൾ ഒരു കത്തെടുത്ത് എന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“കൃഷ്ണമോളയച്ചതാണ്. നീ വായിച്ചു നോക്ക്.” അദ്ദേഹം നീട്ടിയ കത്തു ഞാൻ തുറന്നു വായിച്ചു.

“മമ്മി അയച്ച മെസ്സേജ് കിട്ടി. നിങ്ങൾ എന്നെ പ്രസവത്തിന് കൂട്ടിക്കൊണ്ടു പോകുന്നതിനായി ഇങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ചതിൽ വളരെ സന്തോഷം. എന്നാൽ ദേവേട്ടന് എന്നെ അങ്ങോട്ട് പറഞ്ഞു വിടുന്നതിൽ വളരെ വിഷമമുണ്ട്. അദ്ദേഹം പറയുന്നത് പ്രസവം ഇവിടെയാക്കാമെന്നാണ്. അദ്ദേഹത്തിന്‍റെ വീട്ടുകാർ എല്ലാവരും ഇപ്പോൾ അതുതന്നെ പറയുന്നു. അദ്ദേഹത്തിനിഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യുകയില്ല. തന്നെയുമല്ല മമ്മിയെയും, പപ്പയെയും കാണുന്നതിന് അദ്ദേഹത്തിന് ആഗ്രഹമില്ല. അതുകൊണ്ട് എന്നെക്കൂട്ടിക്കൊണ്ടു പോകുവാൻ ഇങ്ങോട്ട് വരണമെന്നില്ല. ഇനി എപ്പോഴെങ്കിലും ഞാൻ അങ്ങോട്ടു വന്ന് നിങ്ങളെ കണ്ടു കൊള്ളാം.”

ആ കത്ത് വായിച്ചതോടെ ഒരു കാര്യം ബോധ്യമായി. മകൾ ഞങ്ങളിൽ നിന്ന് അകലുകയാണ്. അല്ലെങ്കിൽ അവളുടെ ഭർത്താവും വീട്ടുകാരും അവളെ ഞങ്ങളിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണ്. മറ്റൊരു സംസ്കാരത്തിലേയ്ക്ക് അവളെ വിവാഹം കഴിപ്പിച്ചയച്ചതിന്‍റെ പരിണത ഫലം. വേണ്ടത്ര സ്ത്രീധനം കിട്ടിയില്ലെന്ന പരാതിയും ദേവാനന്ദിന്‍റെ വീട്ടുകാർക്കുണ്ട്. അതോടെ ആ യാത്ര വേണ്ടെന്നു വയ്ക്കേണ്ടി വന്നു.

കൃഷ്ണമോൾ പ്രസവിച്ചപ്പോൾ അതറിയിക്കാൻ പോലും ദേവാനന്ദ് തുനിഞ്ഞില്ല. പിന്നെ വളരെ നാളുകൾക്കു ശേഷം കൃഷ്ണമോളുടെ കത്തു വന്നു. “പപ്പാ… ഞാൻ അങ്ങോട്ട് വരികയാണ് എന്‍റെ മോനെയും ഞാൻ കൊണ്ടു വരുന്നുണ്ട്. അവന് ആറുമാസമായി. എനിക്ക് പപ്പായെ കാണണം. മമ്മിയോട് കുറച്ചു ദിവസത്തേയ്ക്ക് കഴിയുമെങ്കിൽ എനിക്കു വേണ്ടി ലീവെടുക്കാൻ പറയണം. പ്രസവശേഷം എനിക്ക് നല്ല നടുവേദനയുണ്ട്. റെസ്റ്റെടുക്കാൻ വേണ്ടിയാണ് ഞാൻ അങ്ങോട്ടു വരുന്നത്.”

അവളുടെ കാര്യങ്ങൾ നടന്നു കിട്ടാൻ വേണ്ടി മാത്രം ഞാൻ വേണം. അല്ലെങ്കിൽ ഉള്ളിലെ വെറുപ്പ് പുറത്തെടുത്ത് എന്നോട് കലഹിക്കുക ഇതാണ് അവളുടെ സ്വഭാവം.

കത്തു കിട്ടി രണ്ടാഴ്ച പിന്നിട്ടപ്പോൾ കൃഷ്ണമോളെത്തി. അവളുടെ കൈയ്യിൽ വെളുത്തു തുടുത്ത ഒരാൺകുട്ടിയുമുണ്ട്. ടാക്സിയിൽ ഞങ്ങളുടെ വീടിനു മുന്നിൽ അവൾ വന്നിറങ്ങുമ്പോൾ നരേട്ടനും ഞാനും ഓടിച്ചെന്നു. കൊച്ചുമകനെ ആദ്യമായി കാണുന്ന സന്തോഷം ഞങ്ങളുടെ ഉള്ളിൽ തുടിച്ചിരുന്നു. കമ്പിളിയുടുപ്പും, കമ്പിളിത്തൊപ്പിയും വച്ച് അമ്മയുടെ കയ്യിൽ സുഖസുഷുപ്തിയിലാണ്ടിരുന്ന അവനെ എടുക്കുവാൻ ഞാൻ കൈകൾ നീട്ടി. എന്നാൽ കൃഷ്ണമോളാകട്ടെ എന്‍റെ കൈയ്യിൽ നൽകാതെ നരേട്ടന്‍റെ നേർക്ക് അവനെ നീട്ടി. ഒന്നുമറിയാത്ത മട്ടിൽ അവൾ ഒരു കള്ളവും പറഞ്ഞു.

“അവന് ആണുങ്ങളെയാണ് കൂടുതലിഷ്ടം. എന്നെക്കാൾ ദേവേട്ടനെയാണ് അവന് കൂടുതൽ കാര്യം.” അപ്പോഴേയ്ക്കും കുഞ്ഞുണർന്ന് കരഞ്ഞു. എന്‍റെ മുഖത്തെ സന്തോഷം മങ്ങുന്നതു കണ്ട് നരേട്ടൻ കുഞ്ഞിനെ എന്‍റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഇതാ മീര… നീ തന്നെയെടുത്തോളൂ. മമ്മിയ്ക്കാണിതിനൊക്കെ കൂടുതൽ വശം. കരയുന്ന കുഞ്ഞുങ്ങളെ എടുക്കാനൊന്നും എനിക്കു വലിയ വശമില്ല.”

അദ്ദേഹം കൃഷ്ണമോളെ നോക്കി പറഞ്ഞു. കൃഷ്ണമോൾ ചെറുതായി മുഖം വീർപ്പിച്ച് മുന്നോട്ടു നടന്നു. ഞങ്ങളിരുവരും അവളുടെ പുറകിലായി കുഞ്ഞിനെയും എടുത്തു കൊണ്ട് നടന്നു. ഡ്രോയിംഗ് റൂമിൽ എത്തിയ ഉടനെ സോഫയിൽ ചാരിക്കിടന്ന് അവൾ പറഞ്ഞു.

“ഹൊ… എനിക്ക് നടുവേദന കാരണം തീരെ വയ്യ. കുഞ്ഞിന്‍റെ കാര്യങ്ങൾ നോക്കലും ജോലിക്കു പോകലും എല്ലാം കൂടി ഞാനാകെ വിഷമത്തിലാണ്. അതിനിടയിൽ ദേവേട്ടന്‍റെമ്മയോട് വഴക്കിട്ട് ഒരു വേലക്കാരിയുണ്ടായിരുന്നതൊട്ട് വരുന്നുമില്ല. ഇനി മറ്റൊരൊളെ അന്വേഷിച്ചു കണ്ടു പിടിയ്ക്കണം. അതുവരെ കുറച്ചു ദിവസം ലീവെടുത്ത് ഇവിടെ നിൽക്കാമെന്ന് കരുതി.”

അതുകേട്ട് നരേട്ടൻ അവളുടെ അടുത്തിരുന്ന് സഹതാപപൂർവ്വം ചോദിച്ചു.

“എന്നിട്ട് നീയിതു വരെ ഡോക്ടറെയൊന്നും കാണിച്ചില്ലേ? ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ നിനക്ക് കാണാമായിരുന്നില്ലേ?”

“ങാ… ഗൈനക്കോളജിസ്റ്റിനെ കണ്ടു അച്‌ഛാ… ഡോക്ടർ പറഞ്ഞത് നല്ല റെസ്റ്റു വേണമെന്നാണ് . പ്രസവം കഴിഞ്ഞ് മര്യാദയ്ക്കൊന്ന് റെസ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല. നാൽപ്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞിനെ ദേവേട്ടന്‍റെ അമ്മയെ ഏൽപ്പിച്ചിട്ട് ജോലിയ്ക്കു പോയിത്തുടങ്ങിയതാണ്. ദേവേട്ടന്‍റെ വീട്ടിലാണെങ്കിൽ ആരുമെന്നെ കെയർ ചെയ്യുന്നുമില്ല. ഒരു വേലക്കാരിയെ പുറം ജോലിയ്ക്ക് സഹായത്തിനു നിർത്തിയത് മാത്രമാണ് ദേവേട്ടൻ ചെയ്‌തത്. പിന്നെ ബാംഗ്ലൂരിലെ ഫ്ളാറ്റിൽ വന്നപ്പോൾ അമ്മയും അവിവാഹിതയായ ഇളയ സഹോദരിയും കൂടെപ്പോന്നു. പക്ഷേ ഇപ്പോൾ ദേവേട്ടന്‍റെ മൂത്ത സിസ്റ്ററിന്‍റെ പ്രസവം അടുത്തപ്പോൾ അമ്മ അങ്ങോട്ടു പോയി. വേലക്കാരിയും വരാതായി. അതാണ് ഞാനിങ്ങോട്ടു പോന്നത്.”

ഏതായാലും നീ വന്നത് ഞങ്ങൾക്ക് സന്തോഷമായി. കുഞ്ഞിനെ ഞങ്ങൾക്ക് കാണാൻ പറ്റിയല്ലോ…

നരേട്ടൻ കുഞ്ഞിനെ എന്‍റെ കൈയ്യിൽ നിന്നും വാങ്ങി മടിയിൽ കിടത്തി ഓമനിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേയ്ക്കും കുഞ്ഞുണർന്ന് കരയാൻ തുടങ്ങി.

“അവന് വിശക്കുന്നുണ്ടാകും. നീ അവന് പാലു കൊടുക്ക്.” ഞാൻ പറഞ്ഞതു കേട്ട് കൃഷ്ണമോൾ കുഞ്ഞിനെ നരേട്ടന്‍റെ കൈയ്യിൽ നിന്നും വാങ്ങി അകത്തേയ്ക്ക് നടന്നു.

അപ്പോൾ കൃഷ്ണമോളുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു നിന്നത് ഞാൻ കണ്ടു. അവളുടെ ഇപ്പോഴത്തെ വരവിന്‍റെ ഉദ്ദേശ്യം നടുവേദന മാത്രമല്ലാ മറ്റെന്തോ ലക്ഷ്യം അവൾക്കുണ്ടെന്നും ആ ഗൂഢസ്മിതം വിളിച്ചറിയ്ക്കുന്നുണ്ടായിരുന്നു. മകളുടെ മനസ്സ് വായിച്ചെടുക്കാൻ തനിയ്ക്കുള്ള കഴിവ് മറ്റാർക്കുമില്ലല്ലോ എന്നും ഓർത്തു.

എന്തു പറഞ്ഞാലും പപ്പയോട് അവൾക്ക് ഒരു പ്രത്യേക അടുപ്പം തന്നെ ഉണ്ടായിരുന്നു എന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. നരേട്ടന് മോളോടും അങ്ങനെ തന്നെ. രാഹുൽ മരിച്ച ശേഷം ആ അടുപ്പം കൂടിയിട്ടേ ഉള്ളൂ. കൃഷ്ണമോളുടെ വിദ്വേഷം മുഴുവൻ എന്നോടായിരുന്നു. ഒരു പക്ഷേ ലോകത്തിൽ അവളുടെ ഏറ്റവും വലിയ ശത്രു, അവളുടെ സ്വന്തം മമ്മിയായ ഈ ഞാനായിരുന്നുവല്ലോ… ചെറുപ്പം മുതൽ തുടങ്ങിയ ആ ശത്രുത ഇന്ന് പല കാരണങ്ങൾക്കൊണ്ട് കൂടിയിട്ടേ ഉള്ളൂ.

നരേട്ടനെ എങ്ങിനെയും അവളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് അനുസരിച്ച് വശത്താക്കാമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ എന്നോട് കുരുക്ഷേത്ര ഭൂവിലെ അശ്വത്ഥാത്മാവിനെ പോലെ അവൾ പലപ്പോഴും എതിരിടുവാൻ തക്കം പാർത്തിരുന്നു. ജീവിതത്തിലുടനീളം അവൾ എന്നോട് അവസരങ്ങൾ മുതലെടുത്ത് അത് പ്രകടമാക്കിക്കൊണ്ടിരുന്നു.

കൃഷ്ണ കുഞ്ഞിനേയും കൊണ്ട് എന്‍റെ ബെഡ്റൂമിൽ ചെന്നിരുന്ന് പാൽ കൊടുക്കാൻ തുടങ്ങി. ഞാനാകട്ടെ കൃഷ്ണമോൾ വന്നതു കൊണ്ട് അടുക്കളയിൽ അവൾക്കിഷ്ടപ്പെട്ട ആഹാരം തയ്യാറാക്കുന്ന തിരക്കിലുമായി. അവൾ പറഞ്ഞതനുസരിച്ച് കോളേജിൽ നിന്നും ഞാൻ ഒരാഴ്ചത്തെ ലീവ് എടുത്തിരുന്നു. അതുതന്നെ വളരെ പ്രയാസപ്പെട്ടാണ് ഒപ്പിച്ചെടുത്തത്.

നരേട്ടനാണെങ്കിൽ കോളേജിൽ ജോയിൻ ചെയ്‌തു കഴിഞ്ഞിരുന്നു. എല്ലാ മാസവും ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തണമെന്നതൊഴിച്ചാൽ അദ്ദേഹത്തിന് വേറെ പ്രയാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ എല്ലാ കാര്യങ്ങളിലും എന്‍റെ ശ്രദ്ധ പതിഞ്ഞിരുന്നു.

കൃഷ്ണമോൾ കുഞ്ഞിന് പാലു കൊടുത്തപ്പോൾ കുഞ്ഞ് വീണ്ടും അവളുടെ കൈയ്യിലിരുന്ന് ഉറങ്ങി. ഉറങ്ങിയ കുഞ്ഞിനെ കട്ടിലിൽ ഭദ്രമായി കിടത്തി അവൾ ഇരുവശത്തും തലയിണ വച്ചു. പിന്നീടവൾ നരേട്ടന്‍റെ അടുത്തെത്തി. നരേട്ടനപ്പോൾ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അവൾ നരേട്ടന്‍റെ അടുത്തെത്തി അദ്ദേഹത്തോട് ചേർന്നിരുന്നു കൊണ്ട് സ്നേഹപൂർവ്വം ചോദിച്ചു.

“പപ്പയുടെ അസുഖമൊക്കെ ഇപ്പോൾ എങ്ങിനെയുണ്ട്? ഓപ്പറേഷൻ കഴിഞ്ഞ് പപ്പയ്ക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ. പപ്പ കോളേജിൽ പോയിത്തുടങ്ങിയോ? പപ്പയുടെ റിട്ടയർമെന്‍റ് അടുത്തു അല്ലേ?” നിരവധി ചോദ്യങ്ങൾ തൊടുത്തു വിട്ടു കൊണ്ട് അവൾ പപ്പയോട് ചേർന്നിരുന്നു. അവളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നരേട്ടൻ നൽകുന്നുണ്ടായിരുന്നു.

“അതെ മോളെ, പപ്പ കോളേജിൽ നിന്നും റിട്ടയർ ചെയ്യാറായി. ഇനി എണ്ണപ്പെട്ട ദിവസങ്ങളെ ഉള്ളൂ. അസുഖത്തെ സംബന്ധിച്ച് ഇപ്പോൾ പ്രോബ്ലംസ് ഒന്നും ഇല്ല. എങ്കിലും നടക്കുമ്പോൾ ചിലപ്പോൾ ചെറിയ ശ്വാസം മുട്ടൽ ഉണ്ടാകാറുണ്ട്. പിന്നെ എല്ലാ മാസവും ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തണം. അത് ചെയ്യാറുണ്ട്.”

കൃഷ്ണമോളുടെ ചോദ്യത്തിനുത്തരമായി നരേട്ടൻ പറഞ്ഞു നിർത്തി. പെട്ടെന്ന് എന്തോ ഓർത്ത് നരേട്ടൻ ചോദിച്ചു.

“ആട്ടെ… മോള് കുഞ്ഞിന് എന്താ പേര് ഇട്ടത്? അവനെ നിങ്ങൾ എന്താ വിളിക്കുന്നത്?” അവന്‍റെ പേര് അഭിഷേക് എന്നാണച്ഛാ. ടുട്ടുമോനെ എന്നു വിളിക്കും” അവരുടെ സംഭാഷണം തുടർന്നു കൊണ്ടിരുന്നപ്പോൾ ഞാൻ അടുക്കളയിൽ നിന്നും ആഹാരം പാകം ചെയ്‌ത് മേശപ്പുറത്ത് കൊണ്ടു വന്നു വച്ചു. പിന്നീട് മുൻവശത്ത് അവർ സംസാരിച്ചു കൊണ്ടിരുന്ന മുറിയിലെത്തി. ആ സംഭാഷണത്തിൽ പങ്കുകൊള്ളണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കൃഷ്ണമോൾക്ക് അതിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി ഞാൻ വാതിക്കൽത്തന്നെ നിന്നതേ ഉള്ളൂ. അപ്പോൾ നരേട്ടൻ തന്നെ വിളിച്ചു പറഞ്ഞു.

“താനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഇവിടെ വന്ന് ഇരിക്കെടോ.” അദ്ദേഹം അത്യന്തം സന്തോഷവാനാണെന്നു തോന്നി. അല്ലെങ്കിൽ തന്നെ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും ചെറിയ കാര്യങ്ങളിൽ ദുഃഖിക്കുകയും ചെയ്യുന്ന ആളാണ്. ഇന്നിപ്പോൾ കൃഷ്ണമോളും അവളുടെ കുഞ്ഞും വന്നത് നരേട്ടനെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

“എടോ താനിങ്ങനെ മൂഡിയായിട്ടിരുന്നാലെങ്ങനെയാ? നമ്മളിപ്പോൾ മുത്തച്ഛനും മുത്തശിയുമായെടോ. താനൊന്ന് മനസ്സു തുറന്ന് ചിരിച്ചേ.”

സത്യത്തിൽ എന്‍റെ മനസ്സിലും സന്തോഷം വന്നു നിറഞ്ഞിരുന്നു. എന്നാൽ കൃഷ്ണമോളുടെ പെരുമാറ്റമാണ് എന്‍റെ സന്തോഷത്തിന്‍റെ നിറം കെടുത്തിയത്. അവൾ എന്നിൽ നിന്നും ഒരു വല്ലാത്ത അകലം സൂക്ഷിക്കുന്നതു പോലെ അൽപ നേരത്തേയ്ക്ക് ആരും ഒന്നുമിണ്ടാതെ ടിവിയിൽ നോക്കിയിരുന്നു. അത്യന്തം ഹൃദയസ്പര്‍ശിയായ ഒരു ടിവി സീരിയലിലാണ് എല്ലാവരും മിഴിനട്ടിരുന്നത്. അൽപം കഴിഞ്ഞപ്പോൾ ഞാനറിയിച്ചു.

“വരൂ, ആഹാരം കഴിക്കാം. ഞാനെല്ലാം ഉണ്ടാക്കി മേശപ്പുറത്ത് വച്ചിരിക്കുകയാണ്. എല്ലാം ആറിത്തണുത്തു പോകും.”

“എന്നാൽ ശരി നമുക്ക് ആഹാരം കഴിച്ചിട്ടു വരാം മോളെ. ഇന്നു നിനക്കു വേണ്ടി സ്പെഷ്യലായി നിന്‍റെ മമ്മി ഉണ്ടാക്കിയതാണ്. ഇവളുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്.”

നരേട്ടൻ എന്നെ പുകഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ കൃഷ്ണയാകട്ടെ അത് കേൾക്കാത്തമട്ടിൽ മറ്റെന്തോ സംസാരിച്ചു.

അച്‌ഛാ… മോന് ഗുരുവായൂരിൽ വച്ച് ചോറു കൊടുക്കണം എന്നാണ് എന്‍റേയും ദേവേട്ടന്‍റെയും ആഗ്രഹം. പിന്നെ ഇവിടെ ഡൽഹിയിൽ ഒരു ഗുരുദ്വാരയയുണ്ട്. ദേവേട്ടൻ മിക്കപ്പോഴും അവിടെ പോകാറുണ്ടായിരുന്നു. അവിടെയും ചില ചടങ്ങുകൾക്ക് പോകണമെന്നുണ്ട്.

“അതെയതെ ദേവാനന്ദിനോട് ഇങ്ങോട്ടു വരാൻ പറയൂ. നമുക്ക് ഒന്നിച്ച് പോകാം.” നരേട്ടൻ പറഞ്ഞതു കേട്ട് അൽപനേരം കൃഷ്ണമോൾ നിശബ്ദയായിരുന്നു. പിന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ദേവേട്ടനിപ്പോൾ കുറേശേ കേരളത്തിനോട് അടുപ്പം തോന്നിത്തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന് ഗുരുവായൂരും, കോവളവും മറ്റു ചില സ്ഥലങ്ങളും കാണണമെന്ന് ഇടയ്ക്കു പറയും. എങ്കിലും ദേവേട്ടന്‍റെ മനസ്സിൽ നിങ്ങളോടുള്ള പിണക്കം മാറാത്തതു കൊണ്ട് ഞാനിതു പറയുമ്പോൾ എന്തായിരിക്കും പ്രതികരണമെന്നറിയില്ല.”

അതുകേട്ട് നരേട്ടൻ പറഞ്ഞു“ നീ വേണം അവനെ നിർബന്ധിച്ച് കേരളത്തിലേയ്ക്കു കൊണ്ടു വരാൻ. ഇവിടെ വന്ന് ഞങ്ങളുമായിട്ടിടപെട്ടു കഴിയുമ്പോൾ അവന്‍റെ പിണക്കമെല്ലാം മാറിക്കോളും.”

“ശരി അച്‌ഛാ… ഞാനിടയ്ക്ക് ദേവേട്ടനെ നിർബന്ധിക്കാറുണ്ട്. നമുക്ക് കേരളത്തിലേയ്ക്കു പോകാമെന്ന് ഇപ്പോൾ കുറേശേ വഴങ്ങി തുടങ്ങിയിട്ടുണ്ട്.” അവരുടെ സംഭാഷണം നീണ്ടു പോകുന്നതിനിടയ്ക്ക് ഞാൻ പ്ലേറ്റിൽ ചോറും കറികളും വിളമ്പി. നരേട്ടനും, കൃഷ്ണമോളും കൈകഴുകി എത്തി. അവർ ഇരുന്നപ്പോൾ ഞാൻ ഡൈനിംഗ് ടേബിളിന്‍റെ ഒരറ്റത്ത് നിന്നതേയുള്ളൂ. അതുകണ്ട് നരേട്ടൻ ചോദിച്ചു.

“താനെന്താ ഞങ്ങളുടെ കൂടെ ഇരിയ്ക്കുന്നില്ലേ? താനും ഇരിയ്ക്കെടോ. ഇത്ര നേരവും കുക്ക് ചെയ്‌ത് വിഷമിച്ചതല്ലെ താൻ.”

നരേട്ടന്‍റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി ഞാനിരുന്നു. ഊണു കഴിക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങി. കൃഷ്ണമോൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.

“വേണ്ടാ… നീയവിടെ ഇരുന്ന് കഴിച്ചോളൂ. ഞാൻ പോയി നോക്കിയിട്ട് വരാം.”

ഞാനെഴുന്നേറ്റ് ബെഡ്റൂമിലേയ്ക്ക് നടന്നു. അവിടെ എന്നെ നോക്കിച്ചിരിച്ച് കൈകാലിട്ടടിയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഓടിച്ചെന്ന് അവനെയെടുത്ത് ആ പൂങ്കവിളിൽ തെരുതെരെ ഉമ്മ വച്ചു. അപ്പോൾ എനിക്കു തോന്നിയത് ആ കുഞ്ഞിന് രാഹുൽ മോന്‍റെ ഛായയാണെന്നാണ്. അവൻ ശിശുവായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ ഛായ. വർഷങ്ങൾ നിമിഷ നേരത്തേയ്ക്ക് പുറക്കോട്ട് ഓടിമറഞ്ഞതു പോലെ എന്‍റെ കൈകളിൽ കിടന്നു ചിരിക്കുന്നത് രാഹുൽ മോനാണെന്ന് എനിക്കു തോന്നി.

അവന്‍റെ കളിചിരികൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ മുന്നിലെ കണ്ണാടിയിൽ കൃഷ്ണമോളുടെ പ്രതിബിംബം തെളിഞ്ഞു കണ്ടു. പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോൾ കൃഷ്ണമോൾ വാതിക്കൽ നിൽക്കുന്നതു കണ്ടു. അവളുടെ കണ്ണുകളിലെ വെറുപ്പ് അപ്പോഴും മാഞ്ഞിരുന്നില്ല.

“നീയെന്താ എന്നോടിപ്പോഴും പിണക്കമാണോ?” ഞാൻ ചോദിച്ചതു കേട്ട് കൃഷ്ണമോൾ ഒന്നും മിണ്ടാതെ കുഞ്ഞിനെ എന്‍റെ കൈയ്യിൽ നിന്നും വാങ്ങി. എന്നിട്ടു പറഞ്ഞു.

“എനിക്കാരോടും വഴക്കും പിണക്കവുമൊന്നുമില്ല. എന്നോടാരും വഴക്കിനു വരാതിരുന്നാൽ മതി.”

അവളുടെ വാക്കുകൾക്ക് പഴയ മൂർച്ചയുണ്ടായിരുന്നു. എന്നെ ഒരു വഴക്കാളിയായി ചിത്രീകരിക്കണമെന്ന് അവൾക്കെന്തോ വാശിയുള്ളതു പോലെ എനിക്കു തോന്നി. ഒരിക്കൽ നില തെറ്റിയ മനസ്സിന്‍റെ അനിയന്ത്രിതമായ പിടച്ചിലിൽ ഞാനുണ്ടാക്കിയ കലഹങ്ങൾ, എന്നേയ്ക്കുമായി ഒരു വഴക്കാളിയെന്ന മുദ്ര എനിക്കു ചാർത്തിത്തരികയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ നരേട്ടനും എന്നോട് അപ്പോഴെല്ലാം കലഹിക്കുകയുണ്ടായല്ലോ. അവളുടെ മനസ്സിൽ പപ്പ ത്യാഗത്തിന്‍റെ പ്രതീകം.

ഞാൻ ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു. പിന്നെ ഊണുമുറിയിൽ വന്നിരുന്ന് മൗനമായി ഊണു കഴിച്ചു. കൃഷ്ണമോളോട് വളരെ സൂക്ഷിച്ചു വേണം സംസാരിക്കുവാനും ഇടപെടാനുമെന്ന് മനസ്സു പറഞ്ഞു. വിവാഹത്തോടെ അവൾ എന്നിൽ നിന്ന് പൂർണ്ണമായും അകന്നു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ പണ്ടു തന്നെ അവളുടെ മനസ്സിൽ രൂഢമൂലമായിരുന്ന എന്നോടുള്ള വിദ്വേഷം ഇപ്പോൾ ഇരട്ടിയായിരിക്കുന്നു. അവൾ ഇപ്പോൾ വന്നിരിക്കുന്നത് അവളുടെ പപ്പായെക്കാണാനാണ്. എനിക്കാ മനസ്സിൽ ഒരു സ്‌ഥാനവുമില്ലെന്ന് മനസ്സിലായി.

പിറ്റേന്ന് രാവിലെ നരേട്ടൻ കോളേജിലേയ്ക്കു പോകാനുള്ളതു കൊണ്ട് നേരത്തേ വിളിച്ച് എണീപ്പിക്കേണ്ട കടമ എന്‍റേതായിരുന്നു. എന്നാൽ ഞാനെഴുന്നേറ്റ് നോക്കുമ്പോൾ നരേട്ടൻ സ്വയം നേരത്തെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ പുറകിൽ കൂടിച്ചെന്ന് നരേട്ടന്‍റെ തോളിൽ കൈവച്ചു കൊണ്ട് ചോദിച്ചു.

“എന്താ നരേട്ടാ ഇത്? ഇന്ന് നേരത്തെ എഴുന്നേറ്റോ?”

എന്‍റെ ശബ്ദം കേട്ടെങ്കിലും എന്നെ തിരിഞ്ഞു നോക്കാതെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി നരേട്ടൻ പറഞ്ഞു.

“മീരാ… ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേക ഉണർവ്വും ഭംഗിയും. ഇന്നലെ ഞാൻ സ്വപ്നത്തിൽ കണ്ടു നമ്മുടെ രാഹുൽ മോൻ തിരിച്ചു വന്നതായി.”

“ശരിയാണ് നരേട്ടാ, ടുട്ടുമോൻ രാഹുൽ മോൻ ചെറുപ്പത്തിലെ ഇരുന്ന അതേ ഛായ തന്നെയാണ്. അവൻ തിരിച്ചു വന്നിരിയ്ക്കുന്നു. അല്ലെങ്കിലും അവന് നമ്മളെയൊന്നും ഉപേക്ഷിച്ച് പോകുവാനാവുകയില്ലല്ലോ നരേട്ടാ” ഞാൻ പതിയെ പ്രതിവചിച്ചു. അതു പറയുമ്പോൾ എന്‍റെ അമ്മ ഹൃദയം വല്ലാതെ തേങ്ങിയിരുന്നു. പെട്ടെന്ന് നരേട്ടൻ തിരിഞ്ഞ് എന്നോടായി പറഞ്ഞു.

“ഇന്ന് നമുക്ക് സന്തോഷത്തിന്‍റെ ദിവസമാണ്. ടുട്ടുമോനിലൂടെ നമ്മുടെ രാഹുൽ മോൻ തിരിച്ചു വന്ന ദിവസം. ഈ ദിവസം നമുക്ക് എല്ലാം മറന്ന് ആഘോഷിക്കണം മീരാ. നമുക്കെല്ലാവർക്കും കൂടി ഇന്ന് സിറ്റിയ്ക്ക് പുറത്തേയ്ക്ക് ഒന്നു പോയാലോ? ഒരു ഔട്ടിംഗ് നടത്തിയാലോ? ഞാനുമിന്ന് ലീവെടുക്കാം. പുറത്തൊക്കെ ചുറ്റി നടന്ന് പുറത്തു നിന്ന് ആഹാരം കഴിച്ച് അങ്ങിനെ സന്തോഷമായി ചിലവിടാം. താന്തെു പറയുന്നു?”

“നരേട്ടന്‍റെ ഇഷ്ടം. ഞാൻ എന്തിനും തയ്യാറാണ്. പിന്നെ കൃഷ്ണമോളോട് ചോദിക്കണം. അവളുടെ മനസ്സിലിരുപ്പ് എന്താണെന്നറിയില്ല. ഒരു പക്ഷേ ഞാൻ കൂടെ വരുന്നത് അവൾക്കിഷ്ടമാവുകയില്ല.”

“അങ്ങനെയൊന്നുമില്ല മീരാ… അതൊക്കെ തനിക്ക് വെറുതെ തോന്നുന്നതാണ്. നമ്മൾ വളർത്തിയ മകളല്ലെ അവൾ. അവൾക്ക് നമ്മളെ ഉപേക്ഷിക്കാനാവുമോ?”

“ഇല്ല നരേട്ടാ… ഇപ്പോൾ ഞാനൊന്നും പറയുന്നില്ല എല്ലാം കാലം തെളിയിക്കും.”

പിന്നെ നരേട്ടൻ പൂമുഖത്തു ചെന്ന് കൃഷ്ണമോൾ എഴുന്നേറ്റു വരാനായി കാത്തു നിന്നു. ഇതിനിടയിൽ അദ്ദേഹം മുറ്റത്തു നട്ടിരുന്ന ചെടികൾക്ക് വെള്ളമൊഴിക്കാൻ തുടങ്ങി. കിളിക്കൂട്ടിലെ കിളികൾ മുറ്റത്തിന്‍റെ ഒഴിഞ്ഞ കോണിലെ കൂട്ടിലിരുന്ന് നരേട്ടനെ കണ്ട് ഉച്ചത്തിൽ ചിലച്ചു. ലൗ ബേർഡ്സ് നരേട്ടന്‍റെ ഒരു വീക്ക്നെസ്സ് ആയിരുന്നു. പലപ്പോഴായി ലൗ ബേർഡ്സിനെ വാങ്ങി വളർത്തും. പിന്നെ എപ്പോഴെങ്കിലും അവയെ കൂടു തുറന്നു വിടുന്നതും അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. അപ്പോൾ അദ്ദേഹം പറയാറുള്ളത്, “പാവങ്ങൾ എത്ര നാളായി കൂട്ടിൽ കിടന്ന് അഡ്ജസ്റ്റ് ചെയ്യുന്നു. ഇനി അൽപകാലം ആകാശത്ത് പറന്നു നടക്കട്ടെ” എന്നാണ്. അദ്ദേഹം അലിവോടെ അവയെ തുറന്നു വിടുന്നത് ഞാൻ നോക്കി നിൽക്കും.

“നോക്കൂ മീരാ. അവയ്ക്കെല്ലാമിന്ന് എത്ര സന്തോഷമാണെന്ന്. ഈ ദിവസത്തിന്‍റെ പ്രാധാന്യം അവയ്ക്കും അറിയാമെന്നു തോന്നുന്നു. നീ പോയി ടുട്ടുമോനെ എടുത്തു കൊണ്ടു വരൂ. നമുക്കവനെ ഈ കിളികൾക്ക് കാണിച്ചു കൊടുക്കാം.”

അദ്ദേഹം പറഞ്ഞതു കേട്ട് ഞാൻ അകത്തേയ്ക്കു നടന്നു. അവിടെ കൃഷ്ണമോളുടെ മുറിയിലെ ബെഡിൽ അവളുടെ അടുത്ത് കിടന്ന് കളിക്കുകയാണവൻ. അവൻ ഉണർന്നിട്ട് ഒരുപാടു സമയമായെന്നു തോന്നുന്നു. കൃഷ്ണമോൾ അവനു പാലു കൊടുത്തു കാണും. അതാണ് അവനിത്ര സന്തോഷം. കൃഷ്ണമോളെ ഉണർത്താതെ അവനെ കൈയ്യിൽ എടുക്കുവാൻ ശ്രമിക്കുമ്പോൾ കൃഷ്ണമോൾ ഉണർന്നു ചോദിച്ചു.

“മമ്മി ഇവനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്? അവളുടെ ചോദ്യത്തിൽ അൽപം നീരസമുണ്ടായിരുന്നുവെങ്കിലും അവൾ ഇവിടെ എത്തിയ ശേഷം എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം. മനസ്സിനൽപം സന്തോഷം തോന്നി. അവൾ എന്നോട് മിണ്ടുന്നുണ്ടല്ലോ.

“ഞാൻ, ഞാനിവനെ നരേട്ടന്‍റെ അടുത്തേയ്ക്ക് കൊണ്ടു പോവുകയാണ്. അദ്ദേഹം പൂമുഖത്ത് നിൽപുണ്ട്” ഞാൻ കുഞ്ഞിനെയുമെടുത്ത് നടന്നു കൊണ്ടു പറഞ്ഞു. അൽപം നടന്ന് തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു.

“നിന്നെ അദ്ദേഹം അന്വേഷിക്കുന്നുണ്ട്.”

“ഓ… ഞാനലൽപം കൂടി ഉറങ്ങട്ടെ ഇങ്ങനെ ഒന്നുറങ്ങിയിട്ട് എത്ര നാളുകളായി. പപ്പയോടു പറഞ്ഞേക്കു ഞാനൽപം കഴിഞ്ഞ് അങ്ങോട്ടേയ്ക്ക് വരാമെന്ന്.”

അവൾ വീണ്ടും പുതപ്പു വലിച്ചു മൂടിക്കിടന്ന് ഉറങ്ങി തുടങ്ങി. ഇനിയും അവളെ നിർബന്ധിക്കാതിരിക്കുകയാണ് ബുദ്ധി എന്ന് എനിക്കറിയാം. അതുകൊണ്ട് ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു വാതിൽ ചാരി. ടുട്ടുമോനെ നരേട്ടന്‍റെ കൈയ്യിൽ കൊടുക്കുമ്പോൾ അദ്ദേഹം അവനെ ഉമ്മ വച്ചു. എന്നിട്ട് മടിയിൽ കിടത്തി കളിപ്പിക്കാൻ തുടങ്ങി. അവൻ നരേട്ടന്‍റെ മടിയിൽ കിടന്ന് അവ്യക്‌തമായ സ്വരത്തിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. അവന്‍റെ ചിരിയിലും കളികളിലും മയങ്ങിയതു പോലെ നരേട്ടനിരുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.

“നോക്കൂ മീരാ… അവന് അവന്‍റെ അപ്പൂപ്പനെ നേരത്തെ പരിചയമുള്ളതു പോലെയല്ലെ കിടക്കുന്നതെന്ന്. എല്ലാം ദൈവത്തിന്‍റെ മായ. അല്ലെങ്കിൽ നമ്മുടെ രാഹുൽ മോന്‍റെ ശൈശവത്തിലെ തനിപ്പകർപ്പായി ഇവനെ ദൈവം സൃഷ്ടിക്കുമായിരുന്നോ?”

ശരിയാണ്. അവന് അവന്‍റെ അപ്പൂപ്പനോടും അമ്മൂമ്മയോടും ഒരകൽച്ചയുമില്ല. എന്നല്ല ചിരപരിചിതരെപ്പോലെ അവൻ കളിക്കുകയും ഇടപഴകുകയും ചെയ്യുന്നു. ഏതോ മുജ്ജന്മ ബന്ധം ഉള്ളതു പോലെ. അതുതന്നെ ഞങ്ങളുടെ സംശയം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അതു ഞങ്ങളുടെ രാഹൂൽ മോന്‍റെ പുനർജജന്മമാണെന്ന്?

അൽപം സമയം കഴിഞ്ഞ് അദ്ദേഹം അവനെ കിളികളുടെ അടുത്ത് കൊണ്ടു പോയി കാണിച്ചു കൊടുത്തു. അവൻ അവയെക്കണ്ട് സന്തോഷത്തോടെ ചിരിക്കുകയും, കുഞ്ഞികൈകൾ വിടർത്തി കാണിക്കുകയും ചെയ്‌തു. പിന്നെ അൽപ സമയം കൂടി അവിടെ പൂന്തോട്ടത്തിൽ ചെലവഴിച്ച് നിന്നു. അപ്പോൾ കൃഷ്ണമോൾ പൂമുഖത്തെത്തി ചോദിച്ചു.

“പപ്പയും കൊച്ചുമോനും കൂടി അവിടെ എന്തു ചെയ്യുകയാണ്. രണ്ടുപേർക്കും മറ്റാരേയും വേണ്ടെന്നു തോന്നുന്നു.”

“ങാ, ഇപ്പോൾ ഞങ്ങളുടെ ലോകത്ത് മറ്റാരും വേണ്ട. കുറച്ചു നേരം ഞാനും മോനും കൂടി ചെലവഴിക്കട്ടെ.” നരേട്ടൻ വിളിച്ചു പറഞ്ഞു. അൽപം കഴിഞ്ഞ് കൃഷ്ണമോൾ അവരുടെ അടുത്തെത്തി. അവൾ പപ്പയോട് ചോദിച്ചു.

“പപ്പയെന്നെ അന്വേഷിച്ചുവെന്ന് മമ്മി പറഞ്ഞു. എന്താ പപ്പ? എന്തിനാ അന്വേഷിച്ചത്?”

“ഇന്ന് ഞാൻ ലീവെടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു. നമുക്കെല്ലാവർക്കും കൂടി പുറത്തേയ്ക്കൊന്ന് പോയാലോ? ഒന്നു ചുറ്റിയടിച്ചിട്ടു വരാം.”

“അത്… പപ്പാ ദേവേട്ടനടുത്തില്ലാത്തതു കൊണ്ട് എനിക്കു നല്ല രസം തോന്നുന്നില്ല. ഞാനൊരു കാര്യം ചെയ്യാം. ദേവേട്ടനോട് ലീവെടുത്ത് ഇങ്ങോട്ടു വരാൻ പറയാം. എന്നിട്ട് നമുക്കെല്ലാവർക്കും കൂടി ഗുരുവായൂരും പോകാം.”

“എല്ലാം മോളുടെ ഇഷ്ടം. ഞാൻ പറഞ്ഞുവെന്നേയുള്ളൂ.”

നരേട്ടൻ അങ്ങിനെ പറഞ്ഞ് കുഞ്ഞിനെ അവളുടെ കൈകളിലേയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു “എങ്കിൽ ശരി ഞാൻ ലീവ് കാൻസൽ ചെയ്ത് കോളേജിൽ പോകാൻ നോക്കട്ടെ.” അങ്ങിനെ പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു. അപ്പോൾ കൃഷ്ണമോൾ ടുട്ടുവിനെ കൈകളിലെടുത്ത് കളിപ്പിച്ചു കൊണ്ടു പറഞ്ഞു. “അതല്ലേടാ കള്ളക്കുട്ടാ നല്ലത്. ഡാഡി കൂടി വന്നിട്ടു വേണം നമുക്ക് മുത്തച്ഛനോട് ചില കാര്യങ്ങൾ സംസാരിക്കാൻ അല്ലേടാ.” അവളുടെ ചലനങ്ങൾ ദൂരെ നിന്നു വീക്ഷിച്ചു നിന്നിരുന്ന എനിക്ക് അവളുടെ സംസാരിത്തിൽ അസ്വഭാവികത തോന്നി. അവൾ മറ്റെന്തോ പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്ന് എനിക്ക് തീർച്ചയായി. ദേവാനന്ദിനെക്കൂടി വിളിച്ചു വരുത്തി ഞങ്ങളെ സ്വാധീനിക്കാനാണ് അവളുടെ ശ്രമം. ഏതായാലും അകത്തേയ്ക്ക് നടന്ന നരേട്ടന്‍റെ പുറകെ നടന്നെത്തി ഞാൻ ചോദിച്ചു.

“നരേട്ടൻ ആരെ നിരാശനായി എന്നു തോന്നുന്നു. കൃഷ്ണമോളുടെ സ്വഭാവം നരേട്ടന് ഇതുവരെ മനസ്സിലായിട്ടില്ലെ?” അവളുടെ ഇപ്പോഴത്തെ വരവിന്‍റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് എനിക്കു തോന്നുന്നു. അവൾ നമ്മുടെ മുമ്പിൽ കാര്യ സാദ്ധ്യത്തിനായി സ്നേഹം അഭിനയിക്കുന്നതു പോലെയും എനിക്ക് തോന്നുന്നുണ്ട് നരേട്ടാ.”

താൻ വെറുതെ അതുമിതും ചിന്തിച്ച് തലപുണ്ണാക്കണ്ട. അവൾ നമ്മളെയൊക്കെ കാണാൻ തന്നെ വന്നതാണ്.”

നിർമ്മലമായ ആ മനസ്സിൽ വേണ്ടാത്ത ചിന്തകൾ കുത്തി നിറയ്ക്കേണ്ടെന്ന് ഞാനും കരുതി. അദ്ദേഹം ചിന്തിക്കുന്നതു പോലെ ഒന്നുമില്ലെന്ന് ചിന്തിക്കാൻ ഞാനും ശ്രമിച്ചു.

ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ നരേട്ടന്‍റെ റിട്ടയർമെന്‍റായി. കോളേജിൽ ഒരു ഗംഭീര സെന്‍റ് ഓഫ് പാർട്ടി തന്നെ നടന്നു. എല്ലാം കോളേജിലെ വിദ്യാർത്ഥികൾ തന്നെ അറേഞ്ച് ചെയ്‌തു. വർഷങ്ങളോളം താൻ ജോലി ചെയ്‌ത ആ കോളേജിൽ നിന്നും റിട്ടയർ ചെയ്‌തു പോരുമ്പോൾ നരേട്ടൻ ആകെ ദുഃഖിതനായിരുന്നു. പ്രിയപ്പെട്ട എന്തോ ഒന്ന് കൈവിട്ടു പോകുന്നതു പോലെ അദ്ദേഹം വിതുമ്പി. വിദ്യാർത്ഥികൾ ഓരോരുത്തരും അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചു. അദ്ദേഹം പ്രഗത്ഭനായ ഒരു അദ്ധ്യാപകനെന്നതിലുപരി ഒരാത്മാർത്ഥ സുഹൃത്തു, വഴി കാട്ടിയുമെല്ലാമാണെന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തെ വിലയിരുത്തി.

വിദ്യാർത്ഥികൾ ഓരോരുത്തരായി ആ കാൽക്കൽ തൊട്ടു വണങ്ങി. അദ്ദേഹം വിതുമ്പി ക്കൊണ്ട് അവരെ അനുഗ്രഹിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ആഹാരം കഴിച്ചു മടങ്ങിയ അദ്ദേഹം അവർക്കൊപ്പം നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോകൾ എന്നെ കാണിച്ചു. അദ്ദേഹം പബ്ലിഷ് ചെയ്‌ത ബുക്കുകൾ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. എല്ലാം എന്നെ കാണിക്കുമ്പോൾ ആ കണ്ണുകൾ ഒരിയ്ക്കൽ കൂടി നിറഞ്ഞു വന്നു. പ്രിയപ്പെട്ട പലതും നഷ്ടമാകുന്നതിലെ വേദന ആ കണ്ണുകളിൽ ഞാൻ കണ്ടു. പക്ഷേ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ജീവിതം ഇങ്ങനെയൊക്കെയാണ് നരേട്ടാ. ഒന്ന് കൈവിടുമ്പോൾ മറ്റൊന്ന് നമ്മെത്തേടി വരും. ഒരു സുഖത്തിനു ശേഷം ദുഃഖവും ദുഃഖത്തിനുശേഷം സുഖവും അത് ലോക നിയമമാണ്. വസന്തം വേനലിനു വഴിമാറി കൊടുത്തല്ലെ തീരൂ. അതുപോലെ വേനൽ വസന്തത്തിനും.”

“ശരിയാണു മീരാ, ഒന്നും ശാശ്വതമല്ല. മരണമല്ലാതെ മറ്റൊന്നും” തുടർന്ന് ഒന്നും മിണ്ടാനാവാത്ത വിധം ഞാനാ വായ് പൊത്തിപ്പിടിച്ചു. മരണമെന്ന നിത്യ സത്യത്തിൽ നിന്നും ഓടി ഒളിക്കാനെന്നപോലെ.

(തുടരും)

സാഗരസംഗമം – ഭാഗം 5

അതു കണ്ടില്ലെന്നു നടിക്കുവാൻ ഒരു മനുഷ്യനുമാവുകയില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിച്ച് അതു പിടഞ്ഞു കൊണ്ടേയിരിക്കും, തനിക്ക് അർഹമായതു ലഭിക്കുന്നതു വരെ… ആ പിടച്ചിലിന്‍റെ അന്ത്യമാണ് ഇന്ന് നരേട്ടനിൽ ഞാൻ കാണുന്നത്. തനിക്കർഹതപ്പെട്ട സ്നേഹം ലഭിച്ചതോടെ ആ മനസ്സ് ശാന്തമായി. ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തനായി ഉറങ്ങുന്ന നരേട്ടന്‍റെ അടുത്ത് ഞാനിരുന്നു. ഈ ലോകത്തിലെ എല്ലാ നിഷ്ക്കളങ്കതയും ആ മുഖത്ത് സന്നിവേശിച്ചതു പോലെ എനിക്കു തോന്നി. ആ ശരീരത്തിൽ, മെല്ലെ ഒരു കുഞ്ഞിനെ എന്നപോലെ ഞാൻ തലോടിക്കൊണ്ടിരുന്നു. ഉണർന്നപ്പോൾ അടുത്തിരിക്കുന്ന എന്നെക്കണ്ട് അദ്ദേഹം പുഞ്ചിരിതൂകി ചോദിച്ചു.

”മീരാ… നീയിങ്ങനെ എന്‍റടുത്തു തന്നെയിരിക്കുമ്പോൾ എനിക്കെന്തു സന്തോഷമാണെന്നോ? ഇപ്പോഴാണ് നീയൊരു യഥാർത്ഥ ഭാര്യയായത്…”

അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ നിന്നും അടർന്നു വീണ വാക്കുകൾ ധന്യതയുടെ ഒരു നിമിഷം. കൈക്കുമ്പിളിൽ വാർന്നു വീണ തീർത്ഥജലം പോലെ ആ വാക്കുകൾ കോരിയെടുത്തു കുടിക്കുമ്പോഴും അറിയാതെ മനസ്സൊന്നു പിടഞ്ഞുവോ?…

ഉള്ളിന്‍റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ. ഹൃദയത്തിൽ എവിടെയോ ഒരു കളങ്കം ഒളിഞ്ഞു കിടപ്പുണ്ടോ? നിലക്കണ്ണാടിയിൽ പതിയുന്ന എന്‍റെ പ്രതിബിംബം എന്നെ നോക്കി ചിരിക്കുന്നുവോ?

മീരാ… നീ എത്രയൊക്കെ ശ്രമിച്ചാലും പരിപൂർണ്ണമായും ഒരു നല്ല ഭാര്യയാകുവാൻ ഈ ജന്മം നിനക്കു കഴിയുമോ? നിന്‍റെ മനസ്സിലെ കളങ്കത്തെ അദ്ദേഹത്തിന്‍റെ ഗംഗാജലം പോലെ പവിത്രമായ ഹൃദയത്തിൽ നിന്നടർന്നു വീണ വാക്കുകൾക്ക് കഴുകിക്കളയാനാകുമോ?

മനസ്സിൽ നടക്കുന്ന സംഘട്ടനം അറിഞ്ഞിട്ടെന്ന പോലെ നരേട്ടൻ പറഞ്ഞു.

“മീരാ… നിന്നെ എനിക്കു മനസ്സിലാകും. നിന്‍റെ മനസ്സിൽ നിന്ന് ഫഹദിനെ പൂർണ്ണമായും മായിച്ചു കളയാനാവില്ലെന്നും എനിക്കറിയാം. എങ്കിലും നീ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എന്‍റെ അടുത്തിരിക്കുന്ന ഈ ധന്യ നിമിഷം. ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയാലും ഞാൻ ഒരു ഭാഗ്യവാനാണ്. നിന്‍റെ പരിലാളനകൾക്കായി എന്‍റെ മനസ്സ് അത്രയേറെ കൊതിച്ചിരുന്നു.”

ശരിയാണ്… കഴിഞ്ഞ ഏതാനും വർഷങ്ങൾ ഞാൻ നരേട്ടനോട് അസുഖമൊന്നും കാണിച്ചിരുന്നില്ലെങ്കിലും ഫഹദ്സാറിനു നൽകിയതു പോലെ പ്രേമം നിറഞ്ഞൊരു മനസ്സ് അദ്ദേഹത്തിനു നൽകാൻ എനിക്കു കഴിഞ്ഞിരുന്നില്ല.

രാഹുലിന്‍റേയും, കൃഷ്ണമോളുടേയും മുമ്പിൽ നല്ലൊരു അമ്മയാകുവാൻ ശ്രമിച്ചപ്പോഴും നരേട്ടന്‍റെ മുമ്പിൽ ഒരു നല്ല ഭാര്യയാകുവാൻ എനിക്കു കഴിഞ്ഞിരുന്നില്ലല്ലോ? അതിനു ശ്രമിക്കുമ്പോഴെല്ലാം ഫഹദ്സാർ മുമ്പിൽ വന്നു നിന്നു ചോദിക്കുന്നതു പോലെ തോന്നുമായിരുന്നു.

“എന്നെ മറന്നുവോ നീ…”

“ഇല്ല ഫഹദ് സാർ… കല്പാന്ത കാലത്തോളം അങ്ങയെ മറക്കുവാൻ എനിക്കാവുകയില്ല.”

അങ്ങിനെ മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇന്നിപ്പോൾ നരേട്ടനോട് എന്‍റെ മനസ്സിലെ സഹതാപമാണ് സ്നേഹത്തെക്കാൾ മുമ്പിൽ നിൽക്കുന്നത്. പിന്നെ ഒരു ഭാര്യയുടെ കടമ ഓർമ്മിപ്പിക്കുന്ന മനസ്സ്. അതുപലപ്പോഴും എന്‍റെ കർത്തവ്യം നിർവ്വഹിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു.

പിന്നീടുള്ള ദിനങ്ങൾ ആ കർത്തവ്യ നിർവ്വഹണത്തിനു മാത്രമായി എനിക്കു മാറ്റി വയ്ക്കേണ്ടി വന്നു.

കോളേജിൽ നിന്ന് അവധിയെടുത്ത് നരേട്ടനൊടൊപ്പം കുറെ ദിനങ്ങൾ ഞാൻ കഴിച്ചു കൂട്ടി. ആ ദിനങ്ങളൊന്നിൽ.

“മീരാ നീയെവിടെയാണ്? ഒന്നിങ്ങോട്ടു വരുമോ?”

അടുക്കളയിൽ പാചകത്തിലേർപ്പെട്ടിരുന്ന ഞാൻ നരേട്ടന്‍റെ ശബ്ദം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വേഗം സ്റ്റൗ ഓഫാക്കി അദ്ദേഹത്തിന്‍റെ അടുത്ത് നടന്നെത്തി.

“വരൂ മീരാ… നീയെന്‍റെ കൂടെ ഒന്നു വരൂ… നമുക്ക് അൽപനേരം പുറത്തെ കാറ്റേറ്റ് മുറ്റത്തു കൂടി നടക്കാം.”

ആ കൈകളിൽ പിടിച്ച് പുറത്തേയ്ക്കു നയിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“വേണ്ട മീരാ… ഞാൻ കൈപിടിയ്ക്കാതെ നടന്നോളം ഒറ്റയ്ക്കിരുന്ന് വല്ലാതെ ബോറടിയ്ക്കുന്നു. നീയുമായി കൊച്ചു വർത്തമാനം പറഞ്ഞ് അൽപനേരം നടക്കുമ്പോൾ മനസ്സിന്‍റെ വൈക്ലബ്യമെല്ലാം മാറും. അത്രമാത്രമേ ഞാനാഗ്രഹിച്ചുള്ളൂ”

പക്ഷേ ഒന്നുമറിയാത്ത പോലെ ആ കൈകളിൽ കൈകോർത്ത് മുറ്റത്തേയ്ക്കു നടക്കുമ്പോൾ മറ്റൊരു മീരയാവാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കളിതമാശകൾ പറഞ്ഞ് നരേട്ടനെ പൊട്ടിച്ചിരിപ്പിക്കുന്ന മീര. ഒരു നല്ല ഭാര്യയായി നരേട്ടന്‍റെ മുന്നിൽ ജീവിയ്ക്കുവാൻ, കഴിഞ്ഞതെല്ലാം മറക്കുവാൻ ഒരിയ്ക്കൽ കൂടി ഞാൻ തയ്യാറെടുത്തു.

മുറ്റത്തിന്‍റെ അതിരിലേയ്ക്ക് എന്‍റെ കൈപിടിച്ചു നടന്നു കൊണ്ട് നരേട്ടൻ പറഞ്ഞു.

“നോക്കൂ മീരാ… ആ ലൗ ബേഡ്സ് എത്ര ആഹ്ലാദത്തോടു കൂടി ആകാശത്തിൽ അവ പറന്നു നടക്കാറുണ്ട്. ഇപ്പോൾ നോക്കൂ അവയുടെ മുഖത്ത് തങ്ങി നിൽക്കുന്നത് ഒരു ദുഃഖഭാവമല്ലേ? ഇണക്കിളി അടുത്തുണ്ടെങ്കിലും അവയ്ക്കു നിഷേധിക്കപ്പെട്ട സ്വാതന്ത്യ്രം അവയെ ദുഃഖിപ്പിക്കുന്നില്ലേ? ഞാനിപ്പോൾ അവയെ തുറന്നു വിടാൻ പോവുകയാണ്. അവ ഇഷ്ടമുള്ള ഇണക്കിളിയോടൊത്ത് ആകാശത്തിൽ യഥേഷ്ടം പറന്നു നടക്കട്ടെ. മരക്കൊമ്പിൽ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കട്ടെ… അതല്ലേ… ശരി മീരാ…” അങ്ങനെ പറഞ്ഞു കൊണ്ട് നരേട്ടൻ ആ കിളികളെ കൂട്ടിൽ നിന്നും തുറന്നു വിട്ടു. തടവിൽ നിന്നും സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ആ പ്രയാണത്തിൽ ആഹ്ലാദരവങ്ങളോടെ അവ പറന്നു പൊങ്ങി.

ആകാശത്തിൽ ഒരു പൊട്ടു പോലെ അപ്രത്യക്ഷമാകുന്നതു നോക്കി ഞാനും, നരേട്ടനും നിന്നു. അവ കണ്മുന്നിൽ നിന്നും മറഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടൻ പറഞ്ഞു.

“ഇനിയും ഇതുപോലെ കൂട്ടിലിട്ടിരിക്കുന്നവയെയെല്ലാം തുറന്നു വിടണം. മരിയ്ക്കുന്നതിനു മുമ്പ് എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്. പരിശുദ്ധമായ മനസ്സോടെയും, ശുദ്ധമായ കൈകളോടെയുമായിരിക്കും ഞാൻ സ്വർഗ്ഗത്തിലേയ്ക്കു പോകുന്നത്. എന്‍റെ ഹൃദയത്തിലും കരങ്ങളിലുമുള്ള എല്ലാ പാപക്കറകളും ഞാൻ ഇവിടെത്തന്നെ കഴുകിക്കളയട്ടെ അതല്ലേ മീര… അതിന്‍റെ ശരി…” അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം മുയൽക്കൂട്ടിനരികിലെത്തി അതിലുള്ള ഒരു ജോഡി മുയലുകളേയും തുറന്നു വിട്ടു.

“പൊയ്ക്കോ… പോയി സ്വതന്ത്യ്രമായി ജീവിയ്ക്ക്…” അദ്ദേഹം അരുമയായി അവയെ തലോടി. എന്നാലാ മുയലുകളാകട്ടെ ലോണിൽ അവിടെവിടെയായി ചെന്നിരിയ്ക്കുകയും തുള്ളിക്കളിയ്ക്കുകയും ചെയ്‌തു കൊണ്ടിരുന്നു. അവ നരേട്ടനെ നന്ദിയോടെ നോക്കി. പിന്നെ അദ്ദേഹത്തെ പിരിയാനാവാത്തതു പോലെ സമീപം വന്നിരുന്നു.

“അസുഖത്തിന്‍റെ തടവറയിൽ കിടക്കുമ്പോഴാണ് കൂട്ടിലടച്ച എല്ലാ ജീവജാലങ്ങളുടേയും അസ്വാതന്ത്യ്രത്തെക്കുറിച്ച് ഞാൻ ചിന്തിച്ചത്. അതിൽ മനുഷ്യനും ഉൾപ്പെടും കേട്ടോ” അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം എന്നെ നോക്കി. ഒരു പക്ഷേ എന്നെ ഉദ്ദേശിച്ചാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് സംശയം തോന്നുകയും ചെയ്തു.

ഇണക്കിളിയിൽ നിന്ന് വേർപ്പെടുത്തി അദ്ദേഹം മെരുക്കി കൂട്ടിലടച്ച ഒരു കിളിയാണല്ലോ ഞാനും എന്ന് ഓർത്തു പോയി. സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായുവിനായുള്ള ആത്മപീഡ എന്‍റെ ഉള്ളിലും പലപ്പോഴും ഉടലെടുക്കാറുള്ളതിനെക്കുറിച്ചും ചിന്തിച്ചു. ഉപബോധ മനസ്സിന്‍റെ ഗതിവിഗതികൾ നമുക്ക് പലപ്പോഴും ആജ്ഞാതമാണല്ലോ എന്നും.

ഒരാഴ്ച കൂടി പിന്നിട്ടപ്പോൾ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷൻ നടന്നു. ഓപ്പറേഷനു ശേഷം അദ്ദേഹത്തിന് ഓർമ്മ തിരിച്ചു കിട്ടാൻ ഏതാണ്ട് ഒന്നര ദിവസമെടുത്തു. അത്രയും സമയം ഞാനൊറ്റയ്ക്ക് ഹോസ്പിറ്റലിൽ നിരാശ്രയയായിരുന്നു. കൃഷ്ണമോളെ വിവരമറിച്ചിരുന്നുവെങ്കിലും അവൾക്ക് എത്തിച്ചേരുവാൻ കഴിയില്ല എന്നറിയിച്ചിരുന്നു. അപ്പോഴേയ്ക്കും അവൾ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു കഴിഞ്ഞിരുന്നു.

പ്രസവത്തിന് ഇനി ഏതാണ്ട് രണ്ടുമാസം കൂടി മാത്രം. അവളുടെ ഭർത്താവ് ദേവാനന്ദിനാകട്ടെ അവളെ ഞങ്ങളുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നതിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. ഗർഭിണിയായിരിക്കുന്ന ഈ സമയത്ത് ഹോസ്പിറ്റലിൽ വന്നു നിന്ന് അവൾ കഷ്ടപ്പെടുന്നതിനോട് അയാൾക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ വിവാഹത്തിന് ആദ്യം ഞങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് കൃഷ്ണമോൾ പറഞ്ഞ് അയാളറിഞ്ഞിരുന്നു. ഒരു നോർത്ത് ഇന്ത്യൻ ആണെന്നതിന്‍റെ പേരിൽ തന്നെ സ്വീകരിക്കാൻ മടിച്ചവരോട് അയാളെപ്പോഴും ഒരു അകൽച്ച സൂക്ഷിച്ചിരുന്നു. വിവാഹശേഷം ഒരിയ്ക്കൽ പോലും അവരൊരുമിച്ച് വീട്ടിൽ വന്നു നിൽക്കുകയുണ്ടായില്ല. ഏകമകളുടെ ആ അകൽച്ചയും നരേട്ടനെ വേദനിപ്പിച്ചിരുന്നു.

ഒടുവിൽ നരേട്ടന് ബോധം തിരിച്ചു കിട്ടി. അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞത് എന്നെയാണ്. ചുണ്ടിൽ വിരിഞ്ഞ ഒരു വിജയ സ്മിതത്തോടെ അദ്ദേഹം പറഞ്ഞു.

“ഞാൻ തിരിച്ചെത്തി മീരാ… നിനക്കു വേണ്ടി ഞാൻ തിരിച്ചെത്തി.”

“നരേട്ടന് ഒന്നും സംഭവിക്കുകയില്ല” ഞാനാ കൈകവർന്നു കൊണ്ടു പറഞ്ഞു.

ബോധം വന്ന ശേഷം അദ്ദേഹത്തെ ഐസിയുവിൽ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിൽ കിടത്തി. അപ്പോഴെല്ലാം ഞാൻ ഐസിയുവിനു മുമ്പിൽ അദ്ദേഹത്തിനു വേണ്ടി കാവലിരുന്നു. എല്ലാ ദിവസവും വിദ്യാർത്ഥികളും, അദ്ധ്യാപകരും അദ്ദേഹത്തെ അന്വേഷിച്ചെത്തി. ആരുമില്ലാതെ ഒറ്റയ്ക്കിരിയ്ക്കുന്ന എന്നെ ക്കണ്ട് അവരിൽ ചിലർ സഹായിക്കാനെത്തി.

“മാഡം… ആപ് കുഛ് ഖായാ ക്യാ? മൈം ആപ് കേലിയേ കുഛ് ഖരീദ് കർലാവും ക്യൈ?” കോളേജിൽ എന്‍റേയും നരേട്ടന്‍റെയും ശിഷ്യരിലൊരാളായ അനൂപ് എന്ന വിദ്യാർത്ഥി അന്വേഷിച്ചു. അവൻ എന്‍റെ വാടിയ മുഖം കണ്ട് ഞാൻ ആഹാരമൊന്നും കഴിക്കാതെയാണിരിക്കുന്നതെന്ന് മനസ്സിലാക്കി. അവന്‍റെ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ. അൽപം കഴിഞ്ഞ് അവൻ കാന്‍റീനിൽ നിന്നും ചപ്പാത്തിയും കറികളും വാങ്ങിക്കൊണ്ടു വന്നു.

“മാഡം… ആപ് ഖാനാ ഖായിയേ…” അഗർ നഹിം തോ ആപ് ബഹുത് ധക് ജാ യേം ഗേ…”

മക്കളെപ്പോലെ എന്‍റെ കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന വിദ്യാർത്ഥികളെക്കണ്ട് മനം നിറഞ്ഞു. രാഹുൽമോന്‍റെ അഭാവം അവർ നികത്തുകയായിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ ചില അദ്ധ്യാപകരും അദ്ദേഹത്തെ കാണാനെത്തി. ഇൻഫെക്ഷൻ പേടിച്ച് ആരേയും അകത്തേയ്ക്ക് കടത്തിവിട്ടില്ല. എല്ലാവരും എന്നെ കണ്ട് വിവരങ്ങൾ അന്വേഷിച്ച് മടങ്ങി. ദിനങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ അകന്നു നീങ്ങി. നരേട്ടനെ വാർഡിലേയ്ക്കു കൊണ്ടു വന്നു. വാർഡിലെത്തുമ്പോൾ അദ്ദേഹം ആഹ്ലാദവാനായിരുന്നു.

“മരണത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടെത്തി മീരാ… ഇനി ഞാൻ മരണമില്ലാത്തവനായി നിന്‍റെ കൂടെ ജീവിയ്ക്കും.” അദ്ദേഹം എന്നോടു പറഞ്ഞു.

“ഈ പ്രപഞ്ചത്തിലെ മരങ്ങളും പൂക്കളും, പുൽക്കൊടികളും എല്ലാം കണ്ട് ഇനിയും നമുക്ക് ആഹ്ലാദത്തോടെ ജീവിയ്ക്കാം. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കു പോകുമ്പോൾ ഞാൻ വിചാരിച്ചത് ഞാനിനി തിരിച്ചു വരില്ലെന്നാണ്. ഈ ഭൂമിയിലെ ജീവിതം എനിക്കു നഷ്ടപ്പെട്ടുവെന്നും. എന്നാൽ ഈശ്വരൻ എനിക്ക് പുനർ ജന്മമേകിയിരിക്കുന്നു. എന്‍റെ മീരയോടൊത്ത് ഈ ജന്മം മുഴുവൻ പങ്കിടാൻ.”

അദ്ദേഹം സ്വയം മറന്ന് സന്തോഷിച്ചു കൊണ്ട് പറഞ്ഞു. എന്‍റെ സ്നേഹം തിരികെ ലഭിച്ചപ്പോൾ മകന്‍റെ വേർപാടിന്‍റെ വേദന അദ്ദേഹത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. പതുക്കെ പതുക്കെ അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജായി വീട്ടിലെത്തി.

അന്നൊരിയ്ക്കൽ കോളിംഗ് ബെൽ തുടരെ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ ചെന്നു നോക്കുമ്പോൾ കൃഷ്ണമോളായിരുന്നു. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മമ്മിയെന്താ അദ്ഭുതത്തോടെ മിഴിച്ചു നോക്കുന്നത്.ഞാൻ മമ്മിയുടെ മോളാ മമ്മീ കൃഷ്ണ… മമ്മിയെന്താ വിചാരിച്ചത്. ഞാൻ ഇനി ഇങ്ങോട്ട് വരില്ലെന്നോ. ദേവേട്ടനോട് ഞാൻ നിർബന്ധം പറഞ്ഞപ്പോൾ ദേവേട്ടൻ സമ്മതിച്ചു മമ്മീ. എവിടെ പപ്പ? എനിക്ക് പപ്പയെ കാണണം.”

അവൾ തുടരെ സംസാരിച്ചു കൊണ്ട് ചുറുചുറുക്കോടെ അകത്തേയ്ക്കു കയറി വന്നു. സത്യത്തിൽ ഞാനൽപം അമ്പരന്നു പോയി. കഴിഞ്ഞ ദിവസവും നരേട്ടൻ എന്നോടു പറഞ്ഞതേ ഉള്ളൂ.

“ഒരു മാസം കഴിഞ്ഞ് കൃഷ്ണമോളെ നമുക്കു പോയി വിളിച്ചു കൊണ്ടു വരണം ഓപ്പറേഷനും കാര്യങ്ങളുമായി നമ്മളവളെ മറന്നുവല്ലോ എന്ന്…” ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ…” എന്നും പറഞ്ഞു. “നരേട്ടന്‍റെ ക്ഷീണമൊക്കെ മാറട്ടെ… എന്നിട്ടു നമുക്കു പോയി അവളെ വിളിച്ചു കൊണ്ടു വരാമെന്നും ഞാൻ പറഞ്ഞു. അപ്പോൾ നരേട്ടൻ ആകുലതയോടെ പറയുകയും ചെയ്‌തു.

“എനിക്കവളെ കാണാൻ ധൃതിയായി മീരാ… എത്ര നാളായി ഞാനെന്‍റെ മോളെ കണ്ടിട്ട് എന്ന്. രാഹുൽ മോൻ പോയശേഷം നരേട്ടന് കൃഷ്ണമോളോടുള്ള സ്നേഹം കൂടി കൂടി വരികയാണ്.”

“ആരാ മീരാ… കൃഷ്ണമോളാണോ… അവളെവിടെ… അവളോടിങ്ങോട്ട് വേഗം വരാൻ പറയൂ”

കൃഷ്ണമോളുടെ ശബ്ദം കേട്ട് നരേട്ടൻ അകത്തു നിന്നും വിളിച്ചു ചോദിച്ചു.

ഒരച്‌ഛന്‍റെ ആഹ്ലാദവും, ഉൽക്കണ്ഠയും ആ വാക്കുകളിൽ നിറഞ്ഞു നിന്നു. അതെ പപ്പാ… പപ്പായുടെ കൃഷ്ണമോളാണ്.

“പപ്പായെ ഹോസ്പിറ്റലിൽ വന്നു കാണാൻ എനിക്കു പറ്റിയില്ല. ദേവേട്ടന് ഈ സ്‌ഥിതിയിൽ എന്നെ വിടാൻ മടിയായിരുന്നു. പിന്നെ പപ്പയ്ക്കും എന്നെ ഓർക്കാൻ സമയമില്ലായിരുന്നുവല്ലോ…”

പരിഭവം നിറഞ്ഞ അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് താനാവയറ്റിലേയ്ക്കു സൂക്ഷിച്ചു നോക്കിയത്. അവൾ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ ഞാൻ ഏതാനും നാൾ മറന്നു പോയിരുന്നു. നരേട്ടന്‍റെ ഹോസ്പിറ്റൽ പ്രവേശനവും, അതിനെ തുടർന്നുള്ള കാര്യങ്ങളും എന്‍റെ ഓർമ്മശക്‌തിയെപ്പോലും ബാധിച്ചിരുന്നു. അതിനുമുമ്പ് ഞാനും നരേട്ടനും എട്ടാം മാസത്തിൽ അവളെ കൂട്ടിക്കൊണ്ടു വരുന്ന കാര്യവും മറ്റും ഗൗരവമായി ആലോചിച്ചിരുന്നുവെങ്കിലും അത്തരം ചടങ്ങുകളെക്കുറിച്ചൊന്നും പിന്നീട് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല.

നരേട്ടന്‍റെ ഓപ്പറേഷനായിരുന്നുവല്ലോ അതിനെക്കാളൊക്കെ ഞാൻ പ്രാധാന്യം കൽപ്പിച്ചത്. വീർത്തവയറുമായി അവൾ പപ്പയുടെ അടുത്ത് നടന്നെത്തി. ആ തോളിൽ കൈവച്ച് ആഹ്ലാദം നടിച്ച് പറഞ്ഞു.

“എന്‍റെ പപ്പായൊരു സുന്ദരക്കുട്ടനായല്ലോ. ബൈപ്പാസ് ഓപ്പറേഷനൊക്കെ കഴിഞ്ഞപ്പോ പപ്പ ഒന്നു കൂടി ചെറുപ്പമായതു പോലെ… മമ്മിയെന്താ പപ്പയ്ക്കു വല്ല മൃതസഞ്ജീവനിയും നൽകുന്നുണ്ടോ?”

അവളുടെ ചോദ്യം കേട്ട് ഞാനും നരേട്ടനും, അവൾ തികച്ചും ആഹ്ലാദവതിയായ കൊച്ചു കുട്ടിയെപ്പോലെ ആണല്ലോ പെരുമാറുന്നത് എന്നോർത്തു പോയി.

“കൃഷ്ണമോളെ നീ വന്നുവല്ലോ. പപ്പയ്ക്കു സന്തോഷമായി. നിന്നെക്കാണാതെ പപ്പ വിഷമിച്ചിരിക്കുകയായിരുന്നു.”

“ഇപ്പോൾ കണ്ടില്ലേ പപ്പയുടെ പൊന്നുമോൾ പപ്പയെ അന്വേഷിച്ച് വന്നത്” ഇന്നിപ്പോൾ ഞാൻ മാത്രമല്ല എന്‍റെ കൂടെ മറ്റൊരാളും കൂടി എത്തിയിട്ടുണ്ടെന്നു മാത്രം.

“ആരാ കൃഷ്ണമോളെ അത്, ദേവാനന്ദാണോ?”

ഞാനും നരേട്ടനും ഒന്നിച്ചു ചോദിച്ചു പോയി.

“അല്ല… ദേവേട്ടനല്ല. പപ്പായുടെ പേരക്കുട്ടി. ജൂനിയർ ദേവാനന്ദ് അവൻ ചോദിക്കുന്നു. മുത്തച്ഛനു സുഖമാണോ എന്ന്.”

“ഓഹോ… അതാണോ അപ്പോൾ നീ തീരുമാനിച്ചു കഴിഞ്ഞോ അതൊരാൺ കുട്ടിയായിരിക്കുമെന്ന്.”

നരേട്ടൻ ചിരിച്ചു കൊണ്ടു ചോദിച്ചു.

“അതെ പപ്പാ. അവന്‍റെ ചവിട്ടും തൊഴിയുമൊക്കെ ഏൽക്കുമ്പോൾ അറിയില്ലെ അതൊരാൺകുട്ടിയാണെന്ന്. പപ്പ നോക്കിക്കോളൂ. അവൻ വന്നാൽ പപ്പായുടെ അടുത്ത് നിന്ന് മാറുകയില്ല. മുത്തച്ഛാ… മുത്തച്‌ഛാ എന്ന് വിളിച്ച് എപ്പോഴും അടുത്തുണ്ടാകും.”

അവളുടെ കളിതമാശകൾ നരേട്ടന് ഒരു എനർജി ടാബ്‍ലെറ്റ് തന്നെയായിരുന്നു. അദ്ദേഹം തന്‍റെ ശാരീരികവും മാനസികവുമായ എല്ലാ വിഷമതകളും മറന്ന് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. ഒരു പുതു ജീവിതത്തിലേയ്ക്കുള്ള കാൽ വയ്പുകളോടെ.

കൃഷ്ണമോളങ്ങിനെയാണ്. ഒരു പ്രത്യേക സ്വഭാവക്കാരി. പെട്ടെന്ന് ആൾക്കാരെ കൈയ്യിലെടുക്കാനും അതുപോലെ കൈയ്യൊഴിയാനും അവൾക്കു കഴിയും. രാഹുൽ മോനെപ്പോലെയല്ല കൃഷ്ണ. സ്വാർത്ഥയാണ് തൻകാര്യങ്ങൾക്ക് മുൻഗണന നൽകുന്നവൾ.

ഏതായാലും അവളുടെ കളിതമാശകൾക്കിടയ്ക്ക് അൽപം ദിവസത്തേയ്ക്ക് ഞാനും, നരേട്ടനും വിഷമതകളെല്ലാം മറന്നു. ഞങ്ങളോടുള്ള  കളിതമാശകൾ ഇത്തവണ അവളുടെ അഭിനയമാണോ എന്നും എനിക്കൽപം സംശയം തോന്നാതിരുന്നില്ല. കാരണം സ്ത്രീധനപണം കിട്ടാത്തതിൽ അവൾക്ക് ഞങ്ങളോട് നീരസമുണ്ടായിരുന്നുവല്ലോ. എന്നാൽ നരേട്ടൻ മകൾ കാരണം വളരെ വേഗം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരുന്നു. അൽപം ക്ഷീണം മാത്രം ബാക്കിയായി. പക്ഷേ എല്ലാക്കാര്യങ്ങൾക്കും ഞാനടുത്തു വേണമെന്ന സ്‌ഥിതിയായിരുന്നു. മരുന്നു സമയത്തിനു നൽകാനും, സമയത്തിന് ആഹാരം നൽകാനുമൊക്കെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓപ്പറേഷനു ശേഷം ദിനകൃത്യങ്ങൾ നടത്താനും അദ്ദേഹത്തിന് എന്‍റെ സഹായം ആവശ്യമായിരുന്നു.

എന്നാൽ അതിനെക്കാളൊക്കെ എന്നെ വിഷമിപ്പിച്ചത് കോളേജിലെ ലീവിന്‍റെ പ്രശ്നമായിരുന്നു.

ലീവ് വളരെ വേഗം തീർന്നു കൊണ്ടിരുന്നു. എക്സാം ടൈം ആയതിനാൽ ഡിഗ്രി വിദ്യാർത്ഥികളുടെ പോർഷൻസ് വളരെ വേഗം തീരക്കേണ്ടതുണ്ടായിരുന്നു. അതിനിടയിൽ ഇടയ്ക്കൊക്കെ കൃഷ്ണമോളുടെ പരാതികളും ഞാൻ കേൾക്കേണ്ടി വന്നിരുന്നു.

“മമ്മിയ്ക്ക് എന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഞാൻ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ മമ്മി പലപ്പോഴും മറന്നു പോകുന്നു.”

സ്വാർത്ഥമതിയായ അവൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവൾക്ക് നരേട്ടന്‍റെ കാര്യങ്ങൾക്ക് ഞാൻ കൂടുതൽ സമയം ചെലവിടുന്നതിൽ അതൃപ്തിയുണ്ടായിരുന്നു. അത് തന്‍റെ പ്രിയപ്പെട്ട സ്വന്തം അച്‌ഛനാണെങ്കിൽ പോലും. അവളുടെ സ്വന്തം കാര്യങ്ങളായിരുന്നു അവൾക്കു വലുത്. അതുകൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും കൂടി പലപ്പോഴും ഞാൻ ശ്രദ്ധിക്കേണ്ടി വന്നു.

അവൾക്കിഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുക. അവളുടെ നല്ല ഡ്രസ്സുകൾ നനച്ച് കൊടുക്കുക. അവളേയും കൊണ്ട് പുറത്തു പോവുക. ഇതെല്ലാം മറ്റു ജോലികൾക്കു പുറമേ ഞാൻ തന്നെ ചെയ്യേണ്ടി വന്നു. അതെല്ലാം മകളെന്ന നിലയിൽ സന്തോഷപൂർവ്വം ഞാൻ ചെയ്‌തു കൊടുത്തു. അങ്ങിനെ ഒരു മാസത്തോളം കടന്നു പോയി. ഡേറ്റ് അടുത്തതു കൊണ്ട് കൃഷ്ണ ഇനി പ്രസവശേഷമേ മടങ്ങി പോകുന്നുള്ളൂ എന്നു ഞാൻ കരുതി. ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ എന്നും. എന്നാൽ ഇതിനിടയിൽ ഒരിയ്ക്കൽ പോലും ദേവാനന്ദ് അവളെ കാണാനെത്തിയില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ട് എന്‍റെ മനസ്സിൽ ചില സംശയങ്ങൾ രൂപം കൊണ്ടു. മനസ്സിൽ രൂപം കൊണ്ട സംശയം അറിയാതെ ചില ചോദ്യശരങ്ങളായി പുറത്തു വന്നു. ഒരു സ്വകാര്യ സല്ലാപത്തിനിടയിൽ ഞാൻ ചോദിച്ചു.

“ദേവാനന്ദിനെ ഇതുവരെ കണ്ടില്ലല്ലോ മോളെ… ഇവിടേയ്ക്കു വരാത്തത് ഞങ്ങളോടുള്ള പിണക്കം മൂലമാണെന്ന് വിചാരിയ്ക്കാം. എന്നാൽ നീ ഇവിടെ വന്നശേഷം ദേവാനന്ദിന്‍റെ ഒരു ഫോൺ കോൾ പോലും വന്നിട്ടില്ല. നിങ്ങൾ തമ്മിൽ എന്തെങ്കിലും കലഹങ്ങളുണ്ടായോ?

അതാണോ നീയിങ്ങോട്ട് തനിയെ വന്നത്?

എന്‍റെ ചോദ്യങ്ങളും സംശയങ്ങളും കേട്ട് കൃഷ്ണ വല്ലാതെ പൊട്ടിത്തെറിച്ചു.

“മമ്മീ… മമ്മീയെന്താണ് കരുതിയത്? മമ്മീയേയും പപ്പയേയും പോലെ ഞങ്ങൾ തമ്മിലും വഴക്കുണ്ടാക്കുമെന്നോ? ഞങ്ങൾ അത്തരക്കാരല്ല മമ്മീ… ദേവേട്ടൻ ആവശ്യമില്ലാതെ എന്നോട് വഴക്കടിക്കാറില്ല. പിന്നെ മറ്റൊരാളെ മനസ്സിലിട്ട് നിങ്ങൾ, പപ്പയോട് വഴക്കടിക്കുന്നതു പോലെ ഞാൻ ദേവേട്ടനോട് വഴക്കടിക്കാറുമില്ല.”

അവൾ ക്രുദ്ധയായി പറഞ്ഞു നിർത്തി. അവളുടെ വാക്കുകളിൽ വല്ലാത്ത പരിഹാസ്യത നിറഞ്ഞു നിന്നു. അവൾ ചെറുപ്പത്തിൽ അനുഭവിച്ചതിനെല്ലാം എന്നോട് പകരം വീട്ടുകയാണെന്നു തോന്നി. അവളുടെ ചാട്ടവാറടിയേറ്റ് ഞാൻ വല്ലാതെ പുളഞ്ഞു പോയി. പണ്ടേ അവൾക്ക് അക്കാര്യത്തിൽ എന്നോട് വെറുപ്പുണ്ട്. ഓർമ്മവച്ച നാൾ മുതൽ അവൾ കേൾക്കാറുണ്ടായിരുന്ന ഞാനും, നരേട്ടനും തമ്മിലുണ്ടായിട്ടുള്ള ഏതാനും നാളത്തെ വഴക്ക് എന്തിന്‍റെ പേരിലായിരുന്നെന്നും അവൾക്കറിയാം. എന്നാൽ പിന്നീട് ഞങ്ങൾ ഒത്തുതീർപ്പിലെത്തിയപ്പോൾ അവളും രാഹുലും അതെല്ലാം മറക്കുകയായിരുന്നു. എന്നാലിന് മനസ്സിന്‍റെ അടിത്തട്ടിൽ അവൾ ഇത്രകാലം ഒളിപ്പിച്ചു വച്ച എന്നോടുള്ള വിദ്വേഷം പുറത്തു ചാടുകയായിരുന്നു.

അവൾക്ക് എല്ലായ്പ്പോഴും നരേട്ടനോടായിരുന്നു കൂടുതൽ അടുപ്പം. എന്നാൽ രാഹുലിന് അച്‌ഛനുമമ്മയും ഒരുപോലെയായിരുന്നു. മറ്റുള്ളവരുടെ വിഷമതകൾ മുതിർന്നപ്പോൾ അവനേയും വേദനിപ്പിക്കുമായിരുന്നു. അതുകൊണ്ടു തന്നെ എന്‍റെ ധർമ്മ സങ്കടം അവനു മനസ്സിലാകുമായിരുന്നു. എന്നാൽ കൃഷ്ണയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിൽ എവിടെയൊക്കെയോ തട്ടി പരിക്കേൽപ്പിച്ചു. കൂർത്തു മൂർത്ത വാൾമുന കൊണ്ടെന്ന പോലെ ഞാൻ പിടഞ്ഞു. അതിനിടയിൽ അവളെ മറ്റു ചിലതു ബോദ്ധ്യപ്പെടുത്തുവാൻ മനസ്സു ദാഹിച്ചു.

“മോളെ ഒരുപക്ഷേ മോഹിച്ചത് കൈയ്യിൽ കിട്ടിയില്ലായിരുന്നുവെങ്കിൽ നീയും എന്നെപ്പോലെയാകുമായിരുന്നു. നിനക്ക് ദേവാനന്ദിനെ വിവാഹം കഴിച്ചു തരാൻ ഞാനാണ് നിന്‍റെ പപ്പയോട് യാചിച്ചത്.” ഞാൻ അവളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിച്ചു. എന്നാൽ അതിനും അവൾ തക്ക മറുപടി പറഞ്ഞു.

“എങ്കിൽ ഞാൻ പപ്പയേയും മമ്മിയേയുമുപേക്ഷിച്ച് ദേവേട്ടന്‍റെ കൂടെപ്പോയെനേ. ഞാൻ സ്നേഹിച്ചത് അദ്ദേഹത്തെയാണ്. അദ്ദേഹത്തെ മാത്രമേ ഞാൻ വിവാഹം കഴിക്കുമായിരുന്നുള്ളൂ. അല്ലാതെ മമ്മിയെപ്പോലെ ഒരാളെ മനസ്സിലിട്ട് വേറൊരാളെ വിവാഹം കഴിക്കുമായിരുന്നില്ല.”

കൂർത്ത മൂർത്ത കല്ലുകൾ പോലെ എന്‍റെ നേരെ എറിയപ്പെട്ട വാക്കുകളായിരുന്നു അവയും. മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛൻ എന്നെ തടവിലിട്ടതും ഫഹദ്സാറിനെ വിവാഹം കഴിച്ച എന്നെ നിർബന്ധപൂർവ്വം അദ്ദേഹത്തിൽ നിന്നും അകറ്റി നരേട്ടന് വിവാഹം കഴിച്ചു കൊടുത്തതുമായ കഥകളൊന്നും അവൾക്കറിയില്ലല്ലോ എന്ന് ഞാനോർത്തു.

ഒരിയ്ക്കൽ കൂടി അതെല്ലാം പൊടി തട്ടിയെടുത്ത് എന്‍റെ ശവക്കുഴി തോണ്ടുവാൻ ഞാനപ്പോൾ ആഗ്രഹിച്ചില്ല. അതെല്ലാം മനസ്സിനുള്ളിലെ ശവക്കല്ലറയിൽ മൂടപ്പെട്ടു കിടക്കട്ടെ. പപ്പയെ വഞ്ചിച്ച അപരാധിയായ ഭാര്യയായി ഞാനെന്നും അവളുടെ മനസ്സിലുണ്ടാകും സാരമില്ല. എന്‍റെ നരേട്ടന് എന്നെ അറിയാമല്ലോ. അങ്ങിനെയാണ് ഞാനപ്പോൾ കരുതിയത്. എന്‍റെ നിശബ്ദത പണ്ടേ അവൾ മനസ്സിൽ സൂക്ഷിച്ചിരുന്ന എന്നോടുള്ള വെറുപ്പിനെ കൂടുതൽ ആഴമുള്ളതാക്കി.

“മമ്മിയ്ക്കിപ്പോൾ എന്താണ് വേണ്ടത്? ഞാൻ തിരിച്ചു പോകണമെന്നാണോ? അതോ ദേവേട്ടൻ ഇങ്ങോട്ടു വരണമെന്നാണോ? അദ്ദേഹം വരില്ല മമ്മി. അദ്ദേഹമൊരു ട്രെയിനിംഗിന് ജബൽപൂരിൽ പോയിരിക്കയാണ്. ഞാനീ അവസ്‌ഥയിൽ ബാംഗ്ലൂരിലെ ഫ്ളാറ്റിൽ ഒറ്റയ്ക്കു നിൽക്കേണ്ട എന്നു കരുതി ഞാനാണ് പറഞ്ഞത് ഇങ്ങോട്ടു പോരാമെന്ന്. അങ്ങിനെ കമ്പനിയിൽ നിന്നും ലീവെടുത്തു പോന്നതാണ്. ഏഴാം മാസത്തിൽ ചടങ്ങനുസരിച്ച് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അതിനു നിങ്ങൾക്ക് കഴിഞ്ഞില്ല. അതിന്‍റെ പേരിൽ ദേവേട്ടന്‍റെ വീട്ടുകാരുടെ പഴിയും ഞാൻ കേട്ടു. എങ്കിൽപ്പിന്നെ അവരെ തൃപ്തിപ്പെടുത്താൻ പപ്പയുടേയും മമ്മിയുടേയും അടുത്തു വന്ന് അൽപ ദിവസം സന്തോഷമായി കഴിയാമെന്നു കരുതി ഞാനിങ്ങോട്ടു വന്നതാണ്. അൽപ നേരത്തെ ഇടവേളയ്ക്കു ശേഷം അവൾ തുടർന്നു.

“സോറി മമ്മി… മമ്മിയുടെ മനസ്സിലിരുപ്പ് ഇതായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങോട്ടു വരുമായിരുന്നില്ല. ഞാൻ വന്നത് മമ്മിയ്ക്ക് ബുദ്ധിമുട്ടായിക്കാണും. ഞാൻ നാളെത്തന്നെ മടങ്ങിക്കോളാം.”

കൃഷ്ണമോൾ പിണങ്ങിക്കഴഞ്ഞു. ഇനി ദേവേന്ദ്രൻ വിചാരിച്ചാൽ പോലും അവളെ ഇണക്കാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അവളോടങ്ങിനെ ചോദിച്ചത് അവൾ ഇവിടെ കൂടുതൽ ദിവസം നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടാണെന്നവൾ കരുതി. അവളുടെ തെറ്റിദ്ധാരണ മാറ്റാനായി ഞാൻ പറഞ്ഞു.

“ഞാൻ നിന്നോടങ്ങിനെ ചോദിച്ചത് ദേവാനന്ദ് ഒറ്റയ്ക്കാണവിടെയെങ്കിൽ ഇങ്ങോട്ട് വരാൻ പറയാൻ വേണ്ടിയായിരുന്നു. വിവാഹശേം ഇതുവരെ ദേവാനന്ദ് ഇങ്ങോട്ട് വന്നിട്ടേയില്ല. ശരിയ്ക്കു പറഞ്ഞാൽ ഞങ്ങളവനെ ശരിയ്ക്കു കണ്ടതു കൂടിയില്ല. പിന്നെ ഗർഭിണിയായിരിക്കുമ്പോൾ അവരുടെ ചടങ്ങുകൾ എന്തൊക്കെയാണെന്നും ഞങ്ങൾക്കറിയില്ല.” എന്‍റെ വാക്കുകൾ അവളെ കൂടുതൽ ചൊടിപ്പിച്ചതേയുള്ളൂ.”

“ദേവേട്ടൻ ഇങ്ങോട്ടൊന്നും വരികയില്ല മമ്മീ. നോർത്തിന്ത്യനായ ദേവേട്ടനെ വിവാഹം കഴിയ്ക്കുന്നതിൽ ആദ്യം നിങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് ദേവേട്ടനറിയാം. അതുകൊണ്ടു തന്നെ ദേവേട്ടനും നിങ്ങളെയൊന്നും അംഗീകരിക്കാൻ കഴിയുകയില്ല. എന്നോട് വേഗം മടങ്ങിചെല്ലാൻ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ജബൽപൂരിൽ നിന്ന് ദേവേട്ടന്‍റെ മെസ്സേജ് എനിക്കു കിട്ടിയിരുന്നു. ദേവേട്ടൻ അടുത്തു തന്നെ മടങ്ങി വരുമെന്നറിയിച്ച്.”

ഞങ്ങൾക്കവനെ ഇഷ്ടമല്ലായിരുന്നുവെന്ന് നീ തന്നെ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതല്ലെ മകളെ എന്ന് ചോദിക്കണമെന്നെനിക്കു തോന്നി. എങ്കിലും അവളോട് ഈ അവസ്‌ഥയിൽ ഞാനങ്ങനെയൊന്നും ചോദിക്കരുതെന്ന് മനസ്സു ശാസിച്ചു. ഒടുവിൽ മാപ്പപേക്ഷിക്കുന്ന മട്ടിൽ നയപൂർവ്വം അവളോടു പറഞ്ഞു.

“ഈ അമ്മ തെറ്റായിട്ടന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മോളു ക്ഷമിക്കണം. എന്‍റേയും ലീവ് തീരാറായി. ഒരാഴ്ച കഴിയുമ്പോൾ എനിക്കു കോളേജിൽ പോയി തുടങ്ങണം. അപ്പോൾ നരേട്ടനിവിടെ ഒറ്റയ്ക്കാവുമല്ലോ എന്നു കരുതി വിഷമിച്ചിരിയ്ക്കുയായിരുന്നു ഞാൻ. ഏതായാലും നീയുള്ളതു കൊണ്ട് എനിക്ക് മനഃസമാധാനമായിട്ട് കോളേജിൽ പോയി വരാമല്ലോ, മോളൂ… കുറച്ചു ദിവസം കൂടി നീയിവിടെ താമസിയ്ക്ക്. ഇനി പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം തിരിച്ചു പോയാൽ മതി.” അവളുടെ മുന്നിൽ ചെന്ന് ആ താടിയിൽ പിടിച്ച് വാത്സല്യപൂർവ്വം പറയുമ്പോൾ അവൾ അൽപം ശാന്തയായതു പോലെ തോന്നി. എങ്കിലും അവൾ പിടിവാശിയിലായിരുന്നു.

“ഞാൻ നാളെത്തന്നെ മടങ്ങുകയാണ്. ദേവേട്ടൻ ഇപ്പോൾ ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്. ഞാനിപ്പോൾ ചെന്നില്ലെങ്കിൽ ദേവേട്ടനതു വലിയ വിഷമമാകും.”

എന്‍റെ വാക്കുകളും, അവളെ പ്രസവത്തിനു വിളിച്ചു കൊണ്ടു വരാത്തതുമെല്ലാം കൂടിച്ചേർത്ത് അവൾ പരിഭവത്തിലാണെന്നു മനസ്സിലായി. പെട്ടെന്ന് കലഹിക്കുന്ന പ്രകൃതമാണ് കൃഷ്ണയുടേത്. നിസ്സാര കാര്യങ്ങൾ മതി അവൾക്ക് ഇണങ്ങാനും പിണങ്ങാനും. അവളുടെ കാര്യങ്ങൾക്ക് എന്തെങ്കിലും കോട്ടം തട്ടുമെന്ന് കണ്ടാൽ പിന്നെ അവൾ പിണങ്ങിയതു തന്നെ.

കൃഷ്ണ പിറ്റേന്നു തന്നെ പെട്ടിയുമായി പടിയിറങ്ങി. കൃഷ്ണമോൾ പിണങ്ങിപ്പോയതിൽ മനസ്സ് ഏറെ വേദനിച്ചു. തന്നെക്കാളേറെ നരേട്ടനായിരുന്നു വേദന കൂടുതൽ. അവളോട് അങ്ങിനെയൊക്കെ ചോദിച്ചതിൽ നരേട്ടൻ എന്നെ ശാസിക്കുകയും ചെയ്‌തു.

ആവശ്യമില്ലാതെ കുട്ടികളോട് അതുമിതും ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കുട്ടികളാണ്. അവർ നമ്മെക്കാൾ എല്ലാക്കാര്യത്തിലും വ്യത്യസ്തരാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരും.”

“സോറി… നരേട്ടാ… ദേവാനന്ദിനെ ഇതുവരെ ഇങ്ങോട്ടു കാണാതിരുന്നപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയതാണ്.”

നരേട്ടനോട് ഞാൻ ക്ഷമ യാചിച്ചു. വീണ്ടും വീണ്ടും ക്ഷമ യാചിച്ചു കൊണ്ട് ഞാൻ കൃഷ്ണമോൾക്ക് മെസ്സേജുകളയച്ചു. പക്ഷേ അവളുടെ മറുപടി ഉണ്ടായില്ല. ഞാൻ ഫോൺ വിളിച്ചാൽ അവൾ എടുക്കുമായിരുന്നില്ല. അതുകൊണ്ടാണ് മെസ്സേജ് അയച്ചത്. എന്നാൽ ഒന്നിനു പോലും മറുപടി ഇല്ലാതെ വന്നപ്പോൾ നരേട്ടൻ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.

“സാരമില്ല… നമുക്ക് നേരിട്ട് ചെന്ന് അവളുടെ പിണക്കം മാറ്റിക്കളയാം. ഏതെങ്കിലും ഒഴിവു ദിനം നമുക്ക് ചെന്ന് അവളെ കൂട്ടിക്കൊണ്ടിങ്ങു പോരാം.”

അങ്ങനെ പ്ലാൻ ചെയ്‌ത് ഞങ്ങൾ സ്വയം സമാധാനിച്ചു.

(തുടരും)

സാഗരസംഗമം – ഭാഗം 4

ഫഹദ് സാർ… ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കൽ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ… മനസ്സ് അറിയാതെ ഉരുവിട്ടു കൊണ്ടിരുന്നു.

മനസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാൻ നരേട്ടനുമായി ആവശ്യത്തിനും, അനാവശ്യത്തിനും കലഹിച്ചു. ഒരു പക്ഷേ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയ നരേട്ടന്‍റെ പ്രതികരണം ചിലപ്പോഴെല്ലാം മോശമായിക്കൊണ്ടിരുന്നു.

സ്വയം നിയന്ത്രിച്ചു നിർത്തിയ ആത്മനിയന്ത്രണം കൈവിട്ടകന്നതായിരിക്കാം അതിന് കാരണം. അപ്പോഴെല്ലാം നാലു കുഞ്ഞിക്കണ്ണുകൾ ഞങ്ങളെ അമ്പരന്ന് നോക്കി നിന്നു. തങ്ങളുടെ ജനനശേഷം ആദ്യമായിക്കാണുന്ന മാതാപിതാക്കളുടെ കലഹം അവരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.

കോളേജിലും എന്‍റെ മനസ്സിന്‍റെ പ്രക്ഷുബ്‍ധത പ്രതിഫലിച്ചു. വിദ്യാർത്ഥികൾക്കിടയിൽ സൗമ്യശീലയായ അധ്യാപികയെന്നറിയപ്പെട്ടിരുന്ന ഞാൻ, ഇടയ്ക്കെല്ലാം പൊട്ടിത്തെറിച്ചു. അതുകണ്ട് അവർ അദ്ഭുതസ്തംഭരായി. ഒടുവിൽ ക്ലാസ്സെടുക്കാൻ കഴിയാതെ ഞാൻ കോളേജിൽ നിന്നും നീണ്ട കാലത്തേയ്ക്ക് അവധിയെടുത്ത് വീട്ടിൽ കഴിഞ്ഞു കൂടി.

“മാഡം, ആപ് കോ ക്യാ ഹുവാ? ആപ് കഭി ഭീ ഇസി തരഹ് നഹി ഹൈ…” എന്നെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥികളുടെ ചോദ്യശരങ്ങൾക്കു മുന്നിൽ ഞാൻ തലകുനിച്ചു നിന്നു.

അതെ… അധ്യാപികയായ ശേഷം ആദ്യമായിട്ടായിരുന്നു ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചത്. വിദ്യാർത്ഥികളുടെ മുന്നിൽ എന്നും സൗമ്യശീലയായ അധ്യാപികയായിരുന്നുവല്ലോ ഞാൻ. എന്നാൽ എന്‍റെ ജീവിതത്തിലെ താളപ്പിഴകൾ അവരൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ… അവർക്കെന്നും പ്രിയപ്പെട്ട അധ്യാപിക മാത്രമായിരുന്നു ഞാൻ.

വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ അധ്യാപിക…

ദുരന്തപൂർണ്ണമായ ഒരു ഭൂതകാലം എനിക്കുണ്ടെന്നും, ആ ഭൂതകാലത്തിലെ ദുരന്ത നായികയാണ് ഞാനെന്നും, ആ ദുരന്തം എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവരറിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ ഞാനോർത്തു.

ഒടുവിൽ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനത്തിനായാണ് ഞാൻ അൽപം കാലത്തേയ്ക്ക് ലീവെടുത്ത് നാട്ടിലെത്തിയത്. അമ്മയുടെ സ്നേഹസാമീപ്യത്തിൽ എല്ലാം മറക്കാൻ. കരയിൽ പിടിച്ചിട്ട പരൽമീനിനെപ്പോലെ ഉഴറുന്ന മനസ്സിന്‍റെ ഉഛ്വാസ വായുവിനു വേണ്ടിയുള്ള പിടച്ചിലിൽ നിന്നും അൽപം മുക്തി നേടാൻ. അതിനു വേണ്ടിയാണ് നരേട്ടനോടു പോലും പറയാതെ ഞാൻ ഡൽഹിയിൽ നിന്നും വണ്ടി കയറിയത്. നാട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോൾ, എന്‍റെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു.

“മോളെ മീരാ… നിന്‍റെ ഈ ഒളിച്ചോട്ടം ഒട്ടും ശരിയായില്ല. ഇങ്ങനെയായാൽ നീ എന്തിൽ നിന്നാണോ ഓടിയോളിക്കാൻ ശ്രമിക്കുന്നത് ആ വസ്തു നിന്നെ വീണ്ടും വീണ്ടും കീഴ്പ്പെടുത്തുകയെ ഉള്ളൂ. നിന്നെ അലട്ടുന്ന ദുഃഖ ചിന്തകളിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ നീ കൂടുതൽ ധൈര്യം ആർജ്ജിക്കണം. എല്ലാം മറക്കുവാനുള്ള ശ്രമം തുടരണം. മീരാ… ഒരു കുടുംബിനിയാണെന്നുള്ള കാര്യം നീ മറന്നു പോകുന്നു. നിന്‍റെ മക്കൾ അവർ നിന്നെക്കണ്ടാണ് വളരുന്നത്. അവർക്കു വേണ്ടിയെങ്കിലും നീ ഒരു നല്ല അമ്മയായി, ഭാര്യയായി ജീവിക്കണം. പഴയതെല്ലാം നീ മറക്കണം. നരന്‍റെ സ്നേഹത്തെ അംഗീകരിയ്ക്കണം.”

അമ്മയുടെ വാക്കുകൾ എന്നിൽ ജ്വലിച്ചു കൊണ്ടിരുന്ന താപാഗ്നിയെ ഊതിക്കെടുത്തി. ഒരാഴ്ച കഴിഞ്ഞു ഞാൻ ഡൽഹിയ്ക്കു തന്നെ മടങ്ങി. പക്ഷേ നരേട്ടൻ അപ്പോഴേയ്ക്കും ഒരു കലഹപ്രിയനായി മാറിക്കഴിഞ്ഞിരുന്നു. മനോനിയന്ത്രണം വിട്ടകന്നവരെപ്പോലെ അദ്ദേഹം എന്നോട് വീണ്ടും കലഹം തുടർന്നു. എന്‍റെ ഒളിച്ചോട്ടം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു.

“നീ ആരെക്കാണാനാണ് നാട്ടിലേയ്ക്കു പോയത്? നിന്‍റെ പഴയ കാമുകനേയോ?” ഒരു സംസ്കാര ശൂന്യനെപ്പോലെ നിയന്ത്രണം വിട്ട് നരേട്ടൻ അലറി.

ഞങ്ങളുടെ ജീവിതത്തിൽ ദാമ്പത്യ കലഹങ്ങൾ നിത്യ സംഭവമായി മാറിയപ്പോൾ രാഹുലും, കൃഷ്ണയും എല്ലാം കണ്ടും കേട്ടും പരിചയിച്ചു. മൗനത്തിന്‍റെ വാത്മീകത്തിലൊളിച്ചിരുന്ന് അവർ തങ്ങളുടെതായ ലോകത്തിൽ ഒതുങ്ങിക്കൂടി. ബാല്യ-കൗമാരങ്ങളുടെ കളിചിരികൾ അവർക്കന്യമായിത്തീർന്നു. നരേട്ടനാകട്ടെ കുറേശെ മദ്യസേവയും തുടങ്ങി. പലപ്പോഴും മദ്യപിച്ചു വന്ന് നരേട്ടൻ തന്നെ കലഹങ്ങൾക്ക് തുടക്കമിട്ടു.

“പ്രേമനായിക ഏതു സ്വപ്നലോകത്താണോ വിഹരിക്കുന്നത്? ഈയുള്ളവനെ ഓർക്കുവാൻ അവിടത്തേയ്ക്ക് സമയമുണ്ടാകുമോ ആവോ?”

മദ്യലഹരിയിൽ കുഴഞ്ഞ വാക്കുകളുമായി ആടിയാടിയെത്തുന്ന നരേട്ടൻ പതിവു കാഴ്ചയായി. ഡൽഹി യൂണിവേഴ്സിറ്റിയിലെ ആ പ്രഗത്ഭനായ അധ്യാപകനിലുണ്ടായ മാറ്റങ്ങൾ പലർക്കും അംഗീകരിയ്ക്കാൻ കഴിയാതെയായി. ഞാൻ മൂലം പല ജീവിതങ്ങൾ നാശത്തിന്‍റെ പടുകുഴിയിൽ വീഴുന്നത് എനിയ്ക്കു കണ്ടു നിൽക്കേണ്ടി വന്നു. എന്‍റെ ഭർത്താവും, മക്കളുമാണെന്ന ഓർമ്മ എന്നെ തളർത്തി. അങ്ങനെ ആറേഴു വർഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ മക്കൾ വലുതാവുന്നത് ഞാനറിഞ്ഞില്ല. വളർന്നപ്പോൾ അവർ ഞങ്ങളിൽ നിന്ന് അകന്നു കൊണ്ടിരുന്നു. കൂട്ടുകാർ മാത്രമായി അവരുടെ ലോകം. പലപ്പോഴും രാത്രികാലങ്ങളിൽ വളരെ വൈകി മാത്രം അവർ വീട്ടിൽ മടങ്ങിയെത്തി. വൈകിയെത്തുന്ന രാഹുൽ മോനെക്കണ്ട് ഞാൻ ചോദ്യം ചെയ്‌തപ്പോൾ അവൻ എന്‍റെ നേരേ പൊട്ടിത്തെറിച്ചു.

“മൈൻഡ് യുവർ ഓൺ ബിസിനസ്… ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കിക്കോളാം. അല്ലെങ്കിൽ തന്നെ നിങ്ങൾക്കെന്താണ് അതിനുള്ള അർഹത? നിങ്ങൾക്ക് രണ്ടുപേർക്കും കലഹിക്കാനല്ലെ സമയമുള്ളൂ? ഞങ്ങളെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെ സമയം?”

ജീവിതം ആകെ മടുത്തു തുടങ്ങിയ ഒരു കൗമാരക്കാരന്‍റെ ധിക്കാരം നിറഞ്ഞ വാക്കുകളായിരുന്നു അവ. അവന്‍റെ കൊച്ചു മനസ്സ് ഞങ്ങൾക്കിടയിൽ വീർപ്പുമുട്ടിയിരുന്നത് എത്രയെന്ന് ആ വാക്കുകളിലൂടെ എനിക്കൂഹിക്കാൻ കഴിഞ്ഞു. എന്നാൽ കാര്യങ്ങൾ അപ്പോഴേയ്ക്കും എന്‍റെ നിയന്ത്രണം വിട്ട് അകന്നു പോയി കഴിഞ്ഞിരുന്നു. പരസ്പര ബന്ധമോ, അടുപ്പമോ ഇല്ലാതെ മൂന്നു നാലു ജീവിതങ്ങൾ ആ വലിയ വീട്ടിൽ മിണ്ടാട്ടമില്ലാതെ വീർപ്പുമുട്ടിക്കഴിഞ്ഞു കൂടി.

ഇതിനിടയിൽ കൃഷ്ണയും അവളുടേതായ ലോകം കണ്ടെത്തി. ഡാൻസ് ക്ലബ്ബുകളും, നൈറ്റ് പാർട്ടികളും, ഉന്നതരുടെ മക്കളുമായുള്ള സൗഹൃദങ്ങളും അവളെ വഴിതെറ്റിച്ചു കൊണ്ടിരുന്നു. ഡൽഹി എന്ന മഹാ നഗരത്തിന്‍റെ പുറം മോടിയ്ക്കകത്തെ ജീർണ്ണതയുടെ മറ്റൊരു മുഖം. അതു തങ്ങളുടെ മക്കളേയും ഗ്രസിക്കുന്നതു കണ്ടപ്പോൾ എനിക്ക് ഉണരാതിരിക്കാനായില്ല. മക്കളുടെ വഴിതെറ്റൽ നരേട്ടനും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം മദ്യപാനം നിർത്തി ഒരു നല്ല അച്ഛനാകുവാനുള്ള ശ്രമം തുടങ്ങി.

എന്നാൽ രാഹുൽ മോന്‍റെ വൈകിയെത്തുന്ന രാത്രികളിലെ അസ്വാഭാവിക ചലനങ്ങൾ നരേട്ടനിലെ അച്‌ഛനേയും എന്നിലെ അമ്മയേയും വല്ലാതെ ഞെട്ടിച്ചു. അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്കു ബോധ്യമായി. കുറ്റബോധം ഞങ്ങളിരുവരേയും വല്ലാതെ കാർന്നു തിന്നുവാൻ തുടങ്ങി. അതോടെ കലഹങ്ങൾക്കും സ്വാർത്ഥ ചിന്തകൾക്കും അവധി കൊടുത്ത് മക്കളുടെ കാര്യത്തിൽ ഞങ്ങൾ ജാഗരൂകരായി.

“നരേട്ടാ… നമ്മുടെ മക്കൾ നാം കാരണം നശിച്ചു കൊണ്ടിരിക്കുന്ന അവരെ വീണ്ടെടുക്കേണ്ടത് നമ്മുടെ കടമയല്ലേ നരേട്ടാ… ഞാൻ ചെയ്‌ത എല്ലാ തെറ്റുകൾക്കും മാപ്പു ചോദിക്കുന്നു.”

ആ കാലിൽ വീണ് മാപ്പപേക്ഷിക്കുമ്പോൾ നരേട്ടനും എല്ലാം ക്ഷമിക്കുവാൻ തയ്യാറായി എന്നിലെ കാമുകി അതോടെ മരിച്ചു വീണു. ഒരു പുതിയ ജീവിതത്തിന് തറക്കല്ലിടുമ്പോൾ മനസ്സ് ചക്രവാളങ്ങൾ തേടുകയായിരുന്നു. ആഘോഷങ്ങൾ ഞങ്ങളുടെ ജീവിതത്തിലും മടങ്ങി വന്നു.

സ്നേഹത്തിന്‍റെ മൃദു വചനങ്ങളുടെ നറുംപാൽ ആവോളം പകർന്നു നൽകിയപ്പോൾ മക്കൾ തങ്ങളുടെ ചീത്തക്കൂട്ടുകെട്ടുകളുപേക്ഷിച്ച് ഞങ്ങളുടെ വഴിയ്ക്ക് വന്നു. ജീവിതം വീണ്ടും ഓളങ്ങളില്ലാതെ ശാന്തമായൊഴുകുന്ന നദി പോലെയായിത്തീർന്നു.

കഴിഞ്ഞു പോയ ഭൂതകാലത്തിൽ ജീവിക്കുന്നതിനു പകരം വർത്തമാനകാലത്തിൽ ജീവിക്കുവാൻ ഞാൻ പഠിച്ചു. മക്കളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠാകുലയായ ഒരു സാധാരണ അമ്മയാകുവാൻ എനിക്കു കഴിഞ്ഞു. അക്കൊല്ലം രാഹുൽ മോന് മെഡിസിന് പ്രവേശനം കിട്ടി. അവന്‍റെ വഴിതെറ്റൽ മൂലം അവന്‍റെ പഠനവും ഇടയ്ക്ക് മോശമായിക്കൊണ്ടിരുന്നു.

അതുമൂലം എൻട്രൻസ് കിട്ടാതെ ഒന്നു രണ്ടു കൊല്ലം അവന് പാഴാകുകയും ചെയ്‌തു. എന്നാൽ പീന്നിട് സോഷ്യോളജിക്കു ചേർന്ന അവൻ അക്കൊല്ലം എൻട്രൻസ് പാസ്സായി, മെഡിസിന് അഡ്മിഷൻ നേടി.

ഇതിനിടയിൽ കൃഷ്ണയാകട്ടെ എൻജിനീയറിംഗ് ആണ് തെരഞ്ഞെടുത്തത്. മക്കൾ രണ്ടുപേരും ഉന്നതിയിലേയ്ക്കു കുതിയ്ക്കുന്നതു കണ്ട് നരേട്ടനും സന്തോഷിച്ചു. എന്നാൽ പെട്ടെന്നാണ് ആ അശനിപാതം ഞങ്ങളുടെ തലയ്ക്കുമേൽ വന്നു പതിച്ചത്. മെഡിസിന് മൂന്നാം വർഷം പഠിക്കുമ്പോൾ രാഹുൽമോന് ഒരു വയറുവേദനയിലാണ് തുടക്കം.

എല്ലാ ദിവസവും കോളേജിൽ പോയി മടങ്ങി വരുമ്പോൾ വയറുവേദന മൂലം അവൻ കട്ടിലിൽ കേറി കിടക്കുക പതിവായിരുന്നു. ആദ്യം അത് ആഹാരത്തിലെ അപാകതകളായിരിക്കും എന്നാണ് വിചാരിച്ചത്. അല്ലെങ്കിൽ ഗ്യാസിന്‍റേതാകുമെന്ന്. പലവിധ നാടൻ മരുന്നുകൾ പ്രയോഗിച്ചിട്ടും വേദന ശമിയ്ക്കാതെ വന്നപ്പോൾ അവൻ മെഡിക്കൽ കോളേജിൽ തന്‍റെ പ്രൊഫസറെ പോയിക്കണ്ടു.

അദ്ദേഹം നൽകിയ ചില മരുന്നുകൾ കഴിച്ചിട്ടും വേദന ശമിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം വിശദമായ ചില പരിശോധനകൾക്ക് വിധേയനായി. ഒടുവിൽ ആ സത്യം വെളിപ്പെട്ടു. രാഹുൽ മോന് സ്റ്റോമക്ക് ക്യാൻസർ ആണെന്ന സത്യം. അപ്പോഴേയ്ക്കും അസുഖം അതിന്‍റെ ഭീകരരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. വയറ്റിലെ എല്ലാ അവയവങ്ങളേയും ക്യാൻസർ ബാധിച്ചു കഴിഞ്ഞു.

“ഡോക്ടർ, എങ്ങിനെയെങ്കിലും എന്‍റെ മകനെ രക്ഷിക്കണം ഡോക്ടർ…” ഞാൻ ഡോക്ടറോട് കേണപേക്ഷിച്ചു.

“ഐ വിൽ ട്രൈ മൈ ബെസ്റ്റ്…”

“പ്രൊഫസർ, മീരാ നാരായണൻ ഞാൻ നിങ്ങളുടെ മകനെ രക്ഷിക്കാൻ എന്നാലാവുന്നതെല്ലാം ചെയ്യാം. അത്രമാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയുകയുള്ളൂ…” ഡോക്ടറുടെ വാക്കുകൾ എന്നിലെ മാതാവിന്‍റെ ആധി കൂട്ടിയതേയുള്ളൂ…”

.ലോകത്തിൽ എനിക്കുള്ള വിലപ്പെട്ടതെന്തു നൽകിയും രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ഞങ്ങൾ നടത്തിയത്. നരേട്ടൻ അവനു വേണ്ടി വിലപ്പെട്ട മരുന്നുകൾ വിദേശത്തു നിന്നും വരുത്തി. ഒടുവിൽ ക്യാൻസർ കിഡ്നിയെ ബാധിച്ചപ്പോൾ അവന്‍റെ കിഡ്നി രണ്ടും എടുത്തു കളയേണ്ടി വന്നു. അപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവനു മാച്ചു ചെയ്യുന്ന ഒരു കിഡ്നിയ്ക്കു വേണ്ടിയുള്ള അന്വേഷണമായി. ഒടുവിൽ അത് എന്‍റേതു മാത്രമാണെന്ന കണ്ടെത്തലിൽ അവന് എന്‍റെ ഒരു കിഡ്നി നൽകി അവന്‍റെ ജീവൻ രക്ഷിക്കുവാനുള്ള ശ്രമമാരംഭിച്ചു. ഒരിയ്ക്കൽ രാഹുൽ മോൻ എന്‍റെ കാലുകളിൽ വീണുപേക്ഷിച്ചു.

“മമ്മീ… പ്ലീസ് എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം. എനിക്ക് ജീവിച്ച് മതിയായിട്ടില്ല മമ്മീ…”

“നീ വിഷമിയ്ക്കരുത് രാഹുൽ… മമ്മിയുടെ ജീവൻ നൽകിയിട്ടായാലും മമ്മി മോനെ രക്ഷിക്കും…” ഞാനവനെ മാറോടു ചേർത്തു സമാശ്വസിപ്പിച്ചു. അന്ന് എന്‍റെ കിഡ്നികളിലൊന്ന് അവനു നൽകി അവനെ തൽക്കാലത്തേയ്ക്ക് രക്ഷിക്കാൻ എനിക്കു കഴിഞ്ഞു. മരുന്നുകളുടേയും വേദന സംഹാരികളുടേയും ലോകത്തായിരുന്നുവെങ്കിലും അവനന്ന് സന്തോഷവാനായിരുന്നു.

“മമ്മീ…. എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. ഞാൻ വിചാരിച്ചത് മമ്മി സ്വന്തം കാര്യങ്ങളിലും നഷ്ടങ്ങളിലും മുഴുകി ഇപ്പോഴും ഞങ്ങളെയും പപ്പയെയും മറന്നു കഴിയുന്നുവെന്നാണ്. സോറി മമ്മീ… ഞാൻ മമ്മിയെ അതിന്‍റെ പേരിൽ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്…”

അവന്‍റെ കുറ്റസമ്മതം എന്‍റെ നെഞ്ചിനു നേർക്കുള്ള കൂരമ്പായിരുന്നു. ഭൂതകാലത്തിൽ മാത്രം സ്വയം മറന്ന് ജീവിച്ചതിനുള്ള ശിക്ഷ എന്‍റെ മകനായിട്ട് എനിക്കു നേടിത്തന്നിരിക്കുന്നു. അവന്‍റെ വാക്കുകളിലൂടെ ഞാനെത്രമാത്രം സ്വാർത്ഥയായിരുന്നുവെന്ന് അന്നാദ്യമായി ഞാനറിഞ്ഞു. പിന്നീടൊരിക്കലും സ്വന്തം ദുഃഖത്തിൽ മുഴുകി ഞാനവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.

നരേട്ടന്‍റെയും കൃഷ്ണമോളുടേയും രാഹുലിന്‍റെയും കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. എന്നാൽ കൃഷ്ണമോളാകാട്ടെ എന്നെപ്പോലെ ഒരു പ്രണയത്തിൽ കുടുങ്ങി കഴിഞ്ഞിരുന്നു. ഒരു ഉത്തരേന്ത്യക്കാരനോടാണ് അവൾക്ക് പ്രേമമെന്നറിഞ്ഞ് നരേട്ടൻ അവളെ വിലക്കി. എന്നാൽ അതിനെ തടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“അരുത് നരേട്ടാ… എന്നെപ്പോലെ അവളും മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് ജീവിക്കാനിടവരരുത്. ഈ വിവാഹം നമ്മൾ നടത്തിക്കൊടുക്കണം…”

“ശരി മീരാ… നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ… അല്ലെങ്കിൽ എന്നെപ്പോലെ ജീവിതം മുഴുവൻ വിലപിക്കാൻ വിധിക്കപ്പെട്ട മറ്റൊരാളുണ്ടാകും.” അങ്ങിനെ കൃഷ്ണമോളുടെ വിവാഹം നടന്നു. അധികം താമസിയാതെ ബാംഗ്ലൂരിൽ അവൾ വർക്കു ചെയ്യുന്ന ഐടി കമ്പനിയ്ക്കടുത്തു തന്നെ ഫ്ളാറ്റു വാങ്ങി അവളും ഭർത്താവും അവിടെ സ്‌ഥിരതാമസമാക്കി. രാഹുൽ മോൻ അസുഖബാധിതനായി കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങളുടെ ജീവിതം ആരവങ്ങളില്ലാത്ത ഉത്സവപ്പറമ്പു പോലെയാണ് കടന്നു പോയത്. എന്നാലിപ്പോൾ താനും, നരേട്ടനും രാഹുൽമോനും പരസ്പരം സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു. പെട്ടെന്നാണ് വിധി ഒരു മദയാനയെപ്പോലെ അഴിഞ്ഞാടി ഞങ്ങളെ പ്രഹരിക്കാൻ തുടങ്ങിയത്.

രാഹുൽ മോൻ അസുഖം കൂടി വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റായി. അതിനുമുമ്പ് അസുഖം കുറഞ്ഞപ്പോൾ അവൻ പഠനത്തിൽ അതിസമർത്ഥനായി മുന്നോട്ടു പോവുകയായിരുന്നു. അപ്പോൾ അവന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വച്ചതു പോലെ അവൻ പഠനത്തിൽ മുഴുകി. ഒരുനാൾ അവൻ എന്നോടു പറഞ്ഞു.

“മമ്മീ… മമ്മീ നോക്കിക്കോളൂ… ഞാൻ മെഡിസിൻ സ്വർണ്ണമെഡലോടെ പാസ്സാകും. എന്നിട്ട് പാവങ്ങളുടേയും ദുഃഖിതരുടേയും നിരാലംബരുടേയും കണ്ണീരൊപ്പുന്ന ഒരു നല്ല ഡോക്ടറാകും…”

അവന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്നാൽ വിധി അടുത്ത പ്രഹരവുമായി ഞങ്ങളുടെ വീട്ടു പടിയ്ക്കൽ കാത്തുനില്ക്കുന്നത് ഞങ്ങളറിഞ്ഞില്ല. ക്യാൻസർ അവന്‍റെ വയറിനുള്ളിലെ മിക്ക അവയവങ്ങളേയും കാർന്നു തിന്നു കഴിഞ്ഞിരുന്നു.

ഒടുവിൽ ഫൈനൽ ഇയർ അവൻ മെഡിക്കൽ കോളേജിൽ വച്ച് ബോധരഹിതനായി തളർന്നു വീഴുന്നതു വരെയും ക്യാൻസർ ശക്തമായി അതിന്‍റെ ആക്രമണം തുടർന്നു. അവനെ രക്ഷിക്കുവാൻ അവന്‍റെ പ്രൊഫസന്മാരും കൂട്ടുകാരും ഞങ്ങളും നടത്തിയ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി കൊണ്ട് ഒരു നാൾ മരണം വന്ന് അവനെ കൂട്ടിക്കൊണ്ടു പോയി. ശാപമേറ്റെന്ന പോലെ ദുഃഖശിലകളായി നില കൊള്ളാനേ എനിക്കും നരേട്ടനും കഴിഞ്ഞുള്ളൂ.

അവന്‍റെ വേർപാട് തളർത്തിയ ആഘാതം നരേട്ടനേയും ഒരു രോഗിയാക്കിത്തീർക്കുകയായിരുന്നു. വിധിയുടെ ആഘാതത്തിൽ ദുർബലമായിത്തീർന്ന ഒരു ഹൃദയവുമായി നരേട്ടൻ എന്നോടൊപ്പം ജീവിച്ചു.

ഒരിക്കൽ കോളേജിൽ വച്ച് തലചുറ്റി വീണ നരേട്ടനെ ഞാനും വിദ്യാർത്ഥികളും ചേർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തു.

ഒരു ബൈപ്പാസ് ഓപ്പറേഷനു മാത്രമേ പ്രൊഫ. വിഷ്ണുനാരായണനെ രക്ഷിക്കാനാവുകയുള്ളൂ. ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അപ്പോഴേയ്ക്കും സാമ്പത്തികമായി ഞങ്ങൾ ഏതാണ്ട് തകർന്നു തുടങ്ങിയിരുന്നു. രാഹുലിന്‍റെ ചികിത്സാച്ചെലവ് അത്രയ്ക്കേറെയായിരുന്നു. അവനെ എങ്ങിനെയും രക്ഷിച്ചെടുക്കുവാനുള്ള വെപ്രാളത്തിൽ പണം വാരിയെറിയുകയായിരുന്നുവല്ലോ ഞങ്ങൾ…

ഹോസ്പിറ്റലിൽ വച്ച് നരേട്ടൻ എന്നോടു പറഞ്ഞു.

“നീ എന്നെ രക്ഷിക്കുവാൻ വേണ്ടി പണം ചെലവാക്കേണ്ട. ഞാൻ മരിച്ചു പോവുകയേ ഉള്ളൂ..”

നരേട്ടൻ അങ്ങിനെ പറയരുത്. എനിക്ക് നരേട്ടനല്ലാതെ മറ്റാരാണുള്ളത്.

“ഞാൻ മരിച്ചാൽ നീ ഒറ്റയ്ക്കാകും, അങ്ങിനെ ഏകാന്തതയിൽ നീ വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നീ ഫഹദിനെ കണ്ടെത്തി അയാളെ സ്വീകരിക്കണം.”

നരേട്ടന്‍റെ വാക്കുകൾ എന്നിൽ നടുക്കമാണുളവാക്കിയത്. ഫഹദിനെ ഞാൻ മറന്നു തുടങ്ങിയിരുന്നു. പൂർണ്ണമായും മറക്കുവാൻ ശ്രമിച്ചുകൊണ്ടുമിരുന്നു.

“ഫഹദിന്‍റെ ശാപം മൂലമായിരിക്കാം നമുക്ക് നല്ലൊരു ജീവിതം കിട്ടാതിരുന്നത്. അയാളുടെ മനസ്സിപ്പോഴും നിന്നെയോർത്ത് നൊമ്പരപ്പെടുന്നുണ്ടാവാം” നരേട്ടൻ പറഞ്ഞു.

“അരുത് നരേട്ടാ… അങ്ങിനെ പറയരുത്. ഇനിയും എനിക്കതൊന്നും ഓർക്കാൻ ഇഷ്ടമില്ല. അല്ലെങ്കിൽ തന്നെ ഫഹദ്സാറിപ്പോൾ മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടാകും. അങ്ങിനെ ഓർക്കുന്നതാണ് എനിക്കിഷ്ടം.”

നരേട്ടന്‍റെ വായ് പൊത്തിക്കൊണ്ടു ഞാൻ പറഞ്ഞു. പക്ഷേ എന്‍റെ മനസ്സപ്പോൾ യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടാൻ വെമ്പുകയായിരുന്നു. ഞാനിപ്പോഴും ഫഹദ് സാറിനെ ആഗ്രഹിക്കുന്നു എന്ന് നരേട്ടനോട് തുറന്നു സമ്മതിക്കുന്നതെങ്ങിനെ?

എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും അറിയാതെ വെളിപ്പെട്ടു പോകുന്ന ഒരു സത്യം. നരേട്ടനും അതറിയാമായിരുന്നു. അതാണ് ആ വാക്കുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത്.

നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തുവാൻ ഞാൻ തലപുകഞ്ഞാലോചിച്ചു. ആരോടാണ് ഒരൽപം പണം കടം ചോദിക്കുക? മായയോടും, മഞ്ജുവിനോടും നരേട്ടന്‍റെ അവസ്‌ഥ വിവരിച്ച് ഞാൻ തുറന്ന കത്തെഴുതി. വളരെക്കാലത്തിനു ശേഷം എന്‍റെ കത്തു കിട്ടിയപ്പോൾ അവർക്കും സന്തോഷമായി.

“ചേച്ചി… ചേച്ചിയുടെ അവസ്‌ഥ ഞങ്ങളെ ദുഃഖിപ്പിക്കുന്നുണ്ട്. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങളൊരുക്കമാണ്. പക്ഷേ ആ പണം ചേച്ചിയുടെ ആവശ്യങ്ങൾക്ക് തികഞ്ഞില്ലെന്നു വരും. എങ്കിലും ഞങ്ങളുടെ കൈയ്യിലുള്ളത് ഞങ്ങളയയ്ക്കുന്നു.” അവർ നീട്ടിയ സഹായ ഹസ്തം ആശ്വാസപ്രദമായിരുന്നുവെങ്കിലും നരേട്ടന്‍റെ ബൈപ്പാസ് ശസ്ത്രക്രിയ നടത്താനുള്ള കൂടുതൽ പണത്തിനായി എന്‍റെ നാട്ടിലുള്ള പ്രോപ്പർട്ടി വിൽക്കുവാൻ തീരുമാനിച്ച് ഞാൻ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. അപ്പോഴേയ്ക്കും അച്‌ഛൻ ഈ ലോകത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. എന്നെ കണ്ടപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടു പറഞ്ഞു.

“അച്‌ഛൻ മരിക്കും മുമ്പ് നിന്നെ ഓർത്തു കരഞ്ഞു. അന്ത്യകാലത്ത് നിന്നോടു ചെയ്‌ത തെറ്റിന്‍റെ വലുപ്പം അദ്ദേഹം മനസ്സിലാക്കിയിരുന്നു കുഞ്ഞെ. നിന്നെ കാണുകയാണെങ്കിൽ നിന്നെ വേദനിപ്പിച്ചതിന് അച്‌ഛൻ മാപ്പു ചോദിച്ചതായി പറയണം എന്നു പറഞ്ഞു.”

അമ്മയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കാനെ ഉപകരിച്ചുള്ളൂ. ഉള്ളിലെ പുണ്ണിൽ ആരോ കത്തികൊണ്ടു കുത്തും പോലെ…

നരേട്ടന്‍റെ വാക്കുകളും ഇപ്പോൾ അമ്മയുടെ വാക്കുകളും ഉള്ളിലെ മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കി. ഫഹദ് സാറിനെ വീണ്ടും ഒരിക്കൽ കൂടി കാണുവാനുള്ള മോഹം ഉള്ളിൽ കനത്തു. പക്ഷേ അമ്മയെ സമാശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞു.

“ഞാൻ പഴയതെല്ലാം ഇപ്പോൾ മറന്നു കഴിഞ്ഞു അമ്മേ… ഫഹദ്സാർ ഇപ്പോൾ എന്‍റെ മനസ്സിലില്ല. നരേട്ടനോടൊപ്പം ജീവിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ അച്‌ഛനു മാപ്പു കൊടുത്തു കഴിഞ്ഞിരുന്നു.

നരേട്ടൻ അത്ര വലിയ മനസ്സാണ് എനിക്കു പകർന്നു നൽകിയത്. അദ്ദേഹം എല്ലാമറിഞ്ഞു കൊണ്ടാണ് എന്നെ വിവാഹം ചെയ്‌തത്. എന്നിട്ടും എല്ലാം ക്ഷമിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇടയ്ക്കു പലപ്പോഴും ഫഹദ് സാറിന്‍റെ ഓർമ്മയിൽ, നരേട്ടനെ വേദനിപ്പിച്ചിട്ടുള്ളത് ഞാനാണമ്മേ…”

“എന്‍റെ കുഞ്ഞെ… ആ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെ നിന്നെത്തേടി അലയുകയാണെന്ന് ഇടയ്ക്കാരോ പറഞ്ഞു കേട്ടു. നിന്നെ അന്വേഷിച്ചയാൾ ഡൽഹിയിലുമെത്തിയത്രേ…”

അദ്ദേഹത്തിനെ ഞാൻ കണ്ടു എന്നു പറയുവാൻ ഭാവിച്ചുവെങ്കിലും പിന്നെ അതു വേണ്ടെന്നു വച്ചു. ആ കൂടിക്കാഴ്ചയാണല്ലോ ഒരിയ്ക്കൽ എന്‍റെ മനസ്സു തകർത്തത്. അത് ഒരിക്കൽ എന്‍റെ നരേട്ടന്‍റേയും മക്കളുടേയും തകർച്ച കൂടിയായി. അതിൽ നിന്നും ഉയിർത്തേഴുന്നേറ്റ ഞാൻ ഇനി ഒരിക്കലും അതൊന്നും ഓർക്കുകയില്ലെന്ന് ശപഥം ചെയ്‌തതാണ്. രാഹുലിനും അതൊന്നും ഇഷ്ടമില്ലായിരുന്നുവല്ലോ.

ഒടുവിൽ അവനും എന്നെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയി. ഇന്നിപ്പോൾ നരേട്ടനും എന്നെ വിട്ടകലാൻ തുടങ്ങുന്നു. ഇന്നോർക്കുമ്പോൾ നരേട്ടൻ പറഞ്ഞതു പോലെ എന്നെ ഓർത്തു വേദനിച്ച ആ ഹൃദയത്തിന്‍റെ ശാപം, എന്നെയും കുടുംബത്തെയും പിന്തുടരുകയായിരുന്നുവോ?

അമ്മ തുടർന്നു പറഞ്ഞു കൊണ്ടിരുന്നു. “അയാൾ പിന്നീട് നാട്ടിൽ തിരിച്ചെത്തിയെന്നും ആരൊക്കെയോ കൂടി ചികിത്സിച്ച് അസുഖം മാറ്റിയെന്നു, ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വേറെ വിവാഹം കഴിച്ചെന്നുമൊക്കെ കേട്ടു.”

അമ്മയുടെ തുടർന്നുള്ള വാക്കുകൾ കേൾക്കാൻ ഞാൻ അശക്തയായിരുന്നു. അപ്പോൾ ഫഹദ് സാർ മറ്റൊരു വിവാഹം കഴിച്ചെന്നോ? ആ അറിവ് എനിക്കു പുതിയതായിരുന്നു. അങ്ങിനെ അദ്ദേഹം എന്നെ മറന്നു കാണുമോ?

മനസ്സിനുള്ളിൽ അറിയാതെ രൂപം കൊണ്ട പിടച്ചിൽ അവൾ അമ്മ കാണാതെ മറച്ചു വച്ചു. പക്ഷേ അടുത്ത നിമിഷം സ്വയം സമാശ്വസിച്ചു. അദ്ദേഹം ഭ്രാന്തനായി അലഞ്ഞു തിരിയുന്നു എന്നു കേൾക്കുന്നതിനെക്കാൾ നല്ലത് ഈ വാർത്തയാണല്ലോ.

അദ്ദേഹം എന്നെ മറന്ന് സന്തോഷമായിരിക്കട്ടെ. അല്ലെങ്കിൽ തന്നെ ശാപം കിട്ടിയതു പോലെ ഈ ജന്മം ജീവിച്ചു തീരാൻ വിധിക്കപ്പെട്ട ഞാൻ, ആ ഓർമ്മകളിൽ പോലും ഉണ്ടാവാൻ പാടില്ല. എന്‍റെ നിഴൽ പോലും ആ ജീവിതത്തെ തകർത്തു കളയും.

മിഴികളിൽ ഉരുണ്ടു കൂടിയ കണ്ണീർക്കണങ്ങൾ അമ്മ കാണാതെ തുടച്ചു കൊണ്ട് പറഞ്ഞു.

“അമ്മേ ഞാനിപ്പോൾ വന്നത് നരേട്ടന്‍റെ ജീവൻ രക്ഷിക്കാനുള്ള അൽപം പണത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന് ഒരു ബൈപ്പാസ് വേണ്ടി വന്നേക്കും. അതിനുവേണ്ടി എന്‍റെ പേരിൽ ഇവിടെയുള്ള പ്രോപ്പർട്ടി വിൽക്കുവാനാണ് ഞാൻ വന്നത്.

“അച്‌ഛൻ നിങ്ങളുടെ ഓരോരുത്തരുടേയും പേരിൽ എല്ലാ സ്വത്തുക്കളും എഴുതിവച്ചിട്ടാണ് മരിച്ചത്. ആയ കാലത്ത് അദ്ദേഹം ധാരാളം സമ്പാദിച്ചു. അതുകൊണ്ട് പണത്തിന് ഒരു കുറവും ഉണ്ടായില്ല. പക്ഷേ മനഃസമാധാനം അതുമാത്രം അദ്ദേഹത്തിന് ലഭിച്ചില്ല. നിന്നോടു ചെയ്‌ത തെറ്റുകളോർത്ത് പശ്ചാത്തപിക്കാനേ അദ്ദേഹത്തിന് നേരമുണ്ടായിരുന്നുള്ളൂ.”

അമ്മ അതു പറഞ്ഞു കരയാൻ തുടങ്ങി.“ അതുകഴിഞ്ഞ് മഞ്ജുവിനും മായയ്ക്കും അവർക്കിഷ്ടപ്പെട്ടവരെത്തന്നെ അച്‌ഛൻ വിവാഹം കഴിച്ചു കൊടുത്തു. ഇന്നിപ്പോൾ അവരെല്ലാം സുഖമായി കഴിയുന്നു.” കരച്ചിലിനിടയിൽ അമ്മ പറഞ്ഞു നിർത്തി. അപ്പോൾ ഞാൻ ചിന്തിയ്ക്കുകയായിരുന്നു.

വളരെക്കാലമായി വീട്ടിലെ വിശേഷങ്ങൾ ഞാൻ അറിയാറില്ലായിരുന്നു. അച്‌ഛൻ മരിച്ചപ്പോൾ പോലും വരാൻ കഴിഞ്ഞില്ല. അന്നൊക്കെ ഫഹദ്സാറിനെ ഒരു ഭ്രാന്തനെപ്പോലെ കണ്ട് തകർന്ന മനസ്സുമായി ഞാൻ കഴിയുകയായിരുന്നുവല്ലോ.

മഞ്ജുവിന്‍റേയും മായയുടെയും കല്യാണത്തിനും എനിക്കെത്താൻ കഴിഞ്ഞില്ല. അതിനുശേഷം രാഹുൽമോന്‍റെ മരണവും നീണ്ടകാലത്തേയ്ക്ക് എന്നെ എല്ലാവരിൽ നിന്നുമകറ്റി നിർത്തി.

“മഞ്ജുവും മായയും ഇപ്പോൾ എങ്ങിനെയിരിക്കുന്നു അമ്മേ? പ്രസവം കഴിഞ്ഞ് അവർ രണ്ടുപേരും തടിവച്ചോ?” ഞാൻ താൽപ്പര്യപൂർവ്വം അന്വേഷിച്ചു.

“വിവാഹം കഴിഞ്ഞ് രണ്ടുപേർക്കും ഈ രണ്ടു കുട്ടികൾ വീതം ഉണ്ടായതുമെല്ലാം അവർ എനിക്കെഴുതിയിരുന്നു. ആ കുട്ടികളും ഇപ്പോൾ മുതിർന്നു കാണുമല്ലോ.” ഞാൻ താൽപര്യപൂർവ്വം അന്വേഷിച്ചു.

എന്‍റെ ചോദ്യം കേട്ട് അമ്മ പരിഭവത്തോടെ പറഞ്ഞു തുടങ്ങി. “അവരുടെ കല്യാണത്തിന് നിന്നെ വിളിച്ചിട്ട് വന്നില്ലല്ലോ. അതാണ് അച്ഛനെ കൂടുതൽ അലട്ടിയത്. നീ അച്ഛനോട് ക്ഷമിച്ചിട്ടില്ലെന്ന് അച്‌ഛൻ കരുതി. അവരുടെ വിവാഹം കഴിഞ്ഞയുടൻ തന്നെ അദ്ദേഹം കിടപ്പിലുമായി.”

അമ്മ കണ്ണുനീർ വാർത്തു കൊണ്ടിരുന്നു. ഞാൻ കാരണം എന്‍റെ അച്‌ഛൻ. അമ്മയുടെ വാക്കുകളിൽ കുറ്റപ്പെടുത്തലിന്‍റെ സ്വരമുണ്ടായിരുന്നു. അച്‌ഛന്‍റെ മരണത്തിനുത്തരവാദി ഞാനാണെന്ന അർത്ഥത്തിൽ അന്നത്തെ അപ്പോഴത്തെ അവസ്‌ഥയെക്കുറിച്ച് അമ്മയെ അറിയിക്കണമെന്നു തോന്നി.

“ഞാൻ …ഞാൻ മനഃപൂർവ്വമല്ല അമ്മേ വരാതിരുന്നത്. ഫഹദ്സാറിനെ ഞാൻ ഡൽഹിയിൽ വച്ച് കണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ. അതോടെ എന്‍റെ മനോനില തെറ്റിയെന്നു പറയാം. ഞാനും ഭ്രാന്തിന്‍റെ വക്കത്തെത്തിയിരുന്നു. പിന്നീടെന്നും നരേട്ടനുമായി സ്വരച്ചേർച്ചയില്ലാത്ത ദിനങ്ങളായിരുന്നു.

ഭ്രാന്തെടുത്ത എന്‍റെ മനസ്സ് എല്ലാറ്റിനോടും കലഹിച്ചു കൊണ്ടിരുന്നു. കുട്ടികളെപ്പോലും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ആ അവസ്‌ഥയിൽ ഞാനെങ്ങനെ നാട്ടിൽ വന്ന് ഒരു വിവാഹത്തിൽ പങ്കുകൊള്ളുമമ്മേ… അതിനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല ഞാൻ. അതു കൊണ്ടാണ് വരാതിരുന്നത്. അല്ലാതെ അച്‌ഛനെ വെറുത്തിട്ടല്ല.

ഒടുവിൽ പറഞ്ഞത് ഒരു കളവായിരുന്നുവെന്ന് എനിക്കു തന്നെ അറിയാമായിരുന്നു. സത്യത്തിൽ ആ ദിനങ്ങളിൽ അച്‌ഛനെ ഞാൻ കഠിനമായി വെറുക്കുകയായിരുന്നു. എല്ലാത്തിനും കാരണക്കാരൻ അച്ഛനായിരുന്നുവല്ലോ. ഒടുവിൽ അമ്മ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു.

“എനിക്കറിയാം മീരമോളെ നിന്‍റെ മാനസിക പ്രയാസങ്ങൾ എന്തായിരുന്നുവെന്ന്. ഒരിക്കൽ നീ അതറിയ്ക്കാൻ എന്‍റെടുത്ത് വന്നിരുന്നല്ലോ. ഒരു തരത്തിൽ പറഞ്ഞാൽ നിന്‍റെ അച്‌ഛൻ നിന്നോട് കഠിനമായ തെറ്റാണ് ചെയ്‌തത്. ഫഹദ്സാറിനൊടൊപ്പം ഒളിച്ചോടിപ്പോയ നിന്നെ അങ്ങിനെതന്നെ ജീവിക്കാൻ വിടണമായിരുന്നു. പക്ഷേ നിന്‍റെ ഭാവിയോർത്ത് നിന്‍റെ അച്‌ഛൻ ഉൽകണ്ഠാകുലനായിരുന്നു. അതാണദ്ദേഹം അന്നങ്ങിനെയൊക്കെ ചെയ്‌തത്.”

“ശരിയാണമ്മേ, എന്‍റെ അച്‌ഛൻ തെറ്റുകാരനല്ലായിരുന്നുവെന്ന് എനിക്കിപ്പോളറിയാം. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് ഉൽകണ്ഠാകുലനാകുന്ന ഏതൊരച്ഛനും ചെയ്യുന്നതേ എന്‍റെയച്ഛനും ചെയ്‌തുള്ളൂ. അതു മനസ്സിലാക്കാൻ എനിക്കും രാഹുലും കൃഷ്ണയും വളരേണ്ടി വന്നു. അവർ തെറ്റു ചെയ്‌തപ്പോൾ, അവരെ തിരുത്താൻ ശ്രമിച്ചപ്പോഴൊക്കെ എന്‍റെ അച്‌ഛനെ ഞാൻ മനസ്സിൽ കണ്ടു.”

അന്ന് ആ സംഭാഷണം അവിടെ അവസാനിച്ചു. എന്‍റെ പ്രോപ്പർട്ടി വിറ്റു കിട്ടിയ പണവുമായി ഞാൻ മടങ്ങി പോരുമ്പോൾ അമ്മയെക്കൂടെ കൂട്ടിയിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്‌ഥ പിടിക്കാതെ അധികനാൾ കഴിയും മുമ്പ് അമ്മ കേരളത്തിലേയ്ക്ക് തിരിച്ചു പോന്നു.

എന്‍റേയും നരേട്ടന്‍റെയും  ദുഃഖനിമഗ്നമായ മാനസികാവസ്‌ഥ കണ്ടു നിൽക്കാനാവില്ലെന്ന് അമ്മ ഇടയ്ക്കു പറയുകയും ചെയ്‌തിരുന്നു. പിന്നെ ബാംഗ്ലൂരിൽ മഞ്ജുവിന്‍റേയും മായയുടെയും കൂടെയാണ് അമ്മ എന്ന് ഞാനറിഞ്ഞു.

ഡൽഹിയിൽ തിരിച്ചെത്തിയ ഉടനെ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷനു വേണ്ടുന്ന ഏർപ്പാടുകൾ ഞാൻ ചെയ്‌തു. എന്നാൽ നരേട്ടൻ അപ്പോഴേയ്ക്കു മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നു. രാഹുൽ മോന്‍റെ വേർപാട് അദ്ദേഹത്തെ ആകെ തളർത്തിയിരുന്നു. ഇടയ്ക്കെല്ലാം രാഹുൽ മോനെ ഓർത്ത് അദ്ദേഹം വിങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.

“എന്‍റെ മോൻ… എന്‍റെ മോൻ എത്ര മിടുക്കനായിരുന്നുവെന്ന് നിനക്കറിയുമോ മീരാ. അവൻ വലിയൊരു ഡോക്ടറായിത്തീർന്നേനെ.” അദ്ദേഹം എന്‍റെ മുമ്പിൽ പലപ്പോഴും വിങ്ങിപ്പൊട്ടി.

“അവൻ നിന്നെയും എന്നേയും വളരെയേറെ സ്നേഹിച്ചിരുന്നു. പാവം എന്‍റെ കുട്ടി. പലപ്പോഴും ആ സ്നേഹം തിരിച്ചു കിട്ടാതെ അവൻ വല്ലാതെ വീർപ്പുമുട്ടിയിരുന്നു. നമ്മൾ… നമ്മൾ അവനോട് വല്ലാത്ത തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത് മീരാ. ഒരു പക്ഷേ അവനെ രോഗിയാക്കിത്തീർത്തതും ആ വീർപ്പുമുട്ടലായിരിക്കാം.”

നരേട്ടന്‍റെ വാക്കുകൾ എന്നെയും കരയിച്ചു. ഒരമ്മയെന്ന നിലയിൽ താനവനോട് വലിയ തെറ്റാണ് ചെയ്‌തു കൊണ്ടിരുന്നത്. അച്‌ഛനമ്മമാരുടെ സ്നേഹം കിട്ടാതെ അവഗണിക്കപ്പെട്ട അവന്‍റെ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിച്ചിരിക്കാം. നരേട്ടനും താനും പിന്നീടാ തെറ്റുകൾ തിരുത്തിയെങ്കിലും അപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു. ഞങ്ങളുടെ സ്നേഹം ആവോളം നുകരാൻ കഴിയാതെ അവന് ജീവിതത്തിൽ നിന്നു തന്നെ പടിയിറങ്ങിപ്പോകേണ്ടി വന്നു.

മാപ്പ്… മകനെ മാപ്പ്… എന്‍റേയും, നരേട്ടന്‍റെയും മനസ്സുകൾ അവനോട് മാപ്പപേക്ഷിച്ചു കൊണ്ടിരുന്നു.

അതുകേട്ട് ദൂരെ ഏതോ ലോകത്ത് ഒരു മാലാഖയെപ്പോലെ അവൻ ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടാവും. അവന്‍റെ കൊച്ചുമനസ്സ് ഞങ്ങളോട് ക്ഷമിച്ചിരിക്കാം. ഞാൻ വിചാരിച്ചു.

നരേട്ടന്‍റെ ബൈപ്പാസിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഡോക്ടർ അതു എന്നെ അറിയിച്ചത്.

“ഹി ഈസ് സോ വീക്ക് ഇൻ മെന്‍റലി ആന്‍റ് ഫിസിക്കലി മിസ്സിസ് മീരാ നാരായണൻ അതുകൊണ്ട് ഈ ഓപ്പറേഷൻ ഇപ്പോൾ നടത്തുന്നത് എത്രത്തോളം വിജയപ്രദമാകുമെന്നനിക്കറിയില്ല. നിങ്ങൾ അദ്ദേഹത്തെ മാനസികമായി അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തണം. അത്തരം ഓർമ്മകൾ ഉണരാതെ നോക്കണം.”

ഡോക്ടറുടെ വാക്കുകൾ ഞാൻ ഗൗരവപൂർവ്വം എടുത്തു. അദ്ദേഹത്തിന്‍റെ സ്‌ഥിതി എത്രത്തോളം സീരിയസാണെന്ന് ഡോക്ടർ എന്നെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. അതിനെത്തുടർന്ന് രാഹുൽമോന്‍റെ ചിന്ത അദ്ദേഹത്തിൽ ഉണരുമ്പോഴെല്ലാം ഞാനതിനെ ആട്ടിയകറ്റുന്ന രീതിയിൽ മറ്റു വല്ലതും പറഞ്ഞു കൊണ്ടിരുന്നു.

അദ്ദേഹത്തിന്‍റെ ചിന്തയെ വഴിതിരിച്ചു വിടുന്ന രീതിയിൽ തമാശകൾ പറഞ്ഞും, നല്ല നല്ല പാട്ടുകൾ പാടിയും ആദ്ധ്യാത്മിക കഥകൾ വായിച്ചും അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യ കാര്യങ്ങളിൽ  കൂടുതൽ ശ്രദ്ധിച്ചു.

എന്‍റെ സ്നേഹവും കരുതലും ആ ഹൃദയത്തെ സ്പർശിച്ചു. അതദ്ദേഹത്തിന്‍റെ ആരോഗ്യ നില ഉയർത്തി. ഒരുപക്ഷേ എന്‍റെ ഈ സ്നേഹ പരിലാളനകൾക്കു വേണ്ടിയാണല്ലോ അദ്ദേഹം ഇത്രകാലവും കാത്തിരുന്നത് എന്ന് ഞാനോർത്തു.

എന്‍റെ ഹൃദയം മുഴുവനായി അദ്ദേഹത്തിന്‍റെ മുന്നിൽ സമർപ്പിക്കപ്പെടുന്നതിനു വേണ്ടി ഇത്രകാലവും അദ്ദേഹം തപസ്സു ചെയ്യുകയായിരുന്നവല്ലോ. എന്‍റെ സ്നേഹം അപൂർണ്ണമാണെന്ന തോന്നൽ പലപ്പോഴും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു.

ജീവിതത്തോടുള്ള വിരക്‌തിയായി അതു മാറുകയും ചെയ്‌തു. ഒരു പക്ഷേ മരണത്തെ പുൽകുവാനുള്ള ആഗ്രഹമായി അതു വളർന്നു കഴിഞ്ഞിരുന്നുവോ?. ജീവിതത്തിന് അർത്ഥം നൽകുന്നതെന്താണ്? കരുണയോ, സ്നേഹമോ, ത്യാഗമോ ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.

ഒരു പക്ഷേ ഇതു മൂന്നും കൂടിച്ചേർന്നാലേ ജീവിതം പൂർണ്ണമാവുകയുള്ളൂ എന്നു തോന്നി. സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ മൂർത്തീകരണമാണ് ഫഹദ് സാർ. എന്നിട്ടും ആ ജീവിതമെന്തേ അപൂർണ്ണമായിത്തുടരുന്നു തന്‍റെ സുഖസന്തോഷങ്ങൾക്കു വേണ്ടി അദ്ദേഹം സ്വയം മറഞ്ഞു നിൽക്കുകയായിരുന്നില്ലേ?

എന്‍റെ മുന്നിൽ സ്വയം വെളിപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് എന്‍റെ സ്നേഹം വീണ്ടെടുക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം ഭ്രാന്തഭിനയിച്ച് എന്‍റെ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

അതുപോലെ നരേട്ടൻ ത്യാഗിയായ മനുഷ്യനെപ്പോലെ സ്വന്തം സുഖദുഃഖങ്ങളെ ബലി കഴിച്ചു കൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഉള്ളിന്‍റെ ഉള്ളിൽ ആത്മാവിൽ പിടച്ചിൽ…..

(തുടരും)

വില്‍ യു മാരി മീ… അവസാനഭാഗം

ബെല്ല പതിവായി കിടക്കാറുള്ള സോഫയുടെ അരികു പറ്റിയാണ് ജയപാൽ ഇരുന്നിരുന്നത്. ഈ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ ആയെന്ന് സുജാതയ്ക്ക് തോന്നി. അടുത്തു ചെന്ന് സുജാത തോളത്തു കൈ വച്ചു. മുഖമുയർത്തി നോക്കിയതും അയാളുടെ കണ്ണുകൾ ഈറനായി. “ബെല്ല ഇനി വരില്ല സുജ, 13 വർഷമായി എന്‍റെ കൂടെ ഊണിലും ഉറക്കത്തിലും അവൾ ഉണ്ടായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”

ജയപാൽ ഒരു കുഞ്ഞിനെ പോലെ വിതുമ്പി. സുജാത അയാളുടെ മുടിയിൽ കൈവിരലുകൾ ഓടിച്ചു. ജയപാലിനെ കേവലം വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പറ്റുന്ന അവസ്‌ഥ അല്ല അതെന്ന് സുജയ്ക്ക് തോന്നി. അതിനാൽ അവൾ നിശബ്ദയായിരുന്നു.

അപ്പോഴാണ് അഖിൽ അങ്ങോട്ടു വന്നത്. “ഇനി ആന്‍റി പപ്പയെ പറഞ്ഞ് മനസ്സിലാക്ക്. ഇങ്ങനെ കരഞ്ഞ് വിഷമിച്ചിരുന്നിട്ടെന്താ കാര്യം. ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചിട്ടില്ല. അറിയാലോ, പ്രഷർ ഉള്ള ആളാ…!”

ഇത്രയും പറഞ്ഞ് അഖിൽ അടുക്കളയിലേക്ക് പോയി രണ്ട് കപ്പ് ചായയുമായി തിരികെ വന്നു. സുജാത ഒരു കപ്പ് ചായ എടുത്ത് ജയപാലിന്‍റെ കയ്യിൽ പിടിപ്പിച്ചു. മറ്റേ കപ്പ് അവളും എടുത്തു.

“കുടിക്ക്, ഞാനും രാവിലെ ഒന്നും കുടിച്ചില്ല…” സുജാത ഇങ്ങനെ പറഞ്ഞപ്പോൾ ജയപാൽ മനസില്ലാമനസോടെ ചായ ചുണ്ടോടു ചേർത്തു.

“ആന്‍റി, ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ പോകും. അപ്പോൾ പപ്പ തനിച്ചാവുമല്ലോ എന്നോർത്താണ് വിഷമം. നേരത്തെ ബെല്ല ഉള്ളതിനാൽ ഒട്ടും വിഷമം തോന്നാറില്ല. സത്യം പറഞ്ഞാൽ മനുഷ്യരേക്കാൾ പപ്പ സ്നേഹിച്ചത് ബെല്ലയെ ആയിരുന്നു.” അഖിൽ തീർത്തും ഹതാശനായ മട്ടിൽ തന്‍റെ വിഷമം സുജാതയോട് അവതരിപ്പിച്ചു.

“അപ്പു, നീ ഒട്ടും വിഷമിക്കേണ്ട. ഞാൻ ഇല്ലേ ഇവിടെ.” സുജാത രണ്ടുപേരെയും ആശ്വസിപ്പിച്ചു. “ആന്‍റി ഉള്ളതാണ് ആകെ ഉള്ള ആശ്വാസം.” അഖിൽ സുജാതയെ നോക്കി തുടർന്നു.

“പക്ഷേ കഴിഞ്ഞ 15 വർഷമായി പപ്പയുടെ ഏകാന്ത ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയത് ബെല്ലയായിരുന്നല്ലോ.”

സുജാതയ്ക്ക് എത്ര നേരം ജയപാലിനെ ശ്രദ്ധിക്കാൻ കഴിയും? അതാണ് അഖിലിന്‍റെ ആശങ്ക. ഈ സാഹചര്യത്തിൽ ജയപാലിനെ ഒറ്റയ്ക്ക് ആ വീട്ടിൽ താമസിക്കാൻ വിടുന്നതിനോട് സുജാതയ്ക്കും യോജിപ്പുണ്ടായില്ല. തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നാലോ എന്ന് അവൾ ചിന്തിച്ചു. ഇക്കാര്യം കൂട്ടുകാരി മീരയോട് പങ്കു വച്ചപ്പോൾ അവൾ തന്‍റെ ഭയം മറച്ചു വച്ചില്ല.

“നീ നല്ലതു പോലെ ആലോചിച്ചിട്ടു മതി ഇത്തരം തീരുമാനങ്ങളൊക്കെയെടുക്കാൻ. നാട്ടുകാരുടെ കണ്ണിൽ അതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. നീ വിചാരിക്കും പോലെ സിംപിൾ അല്ല ഇത്”  മീര മുന്നറിയിപ്പു നൽകി.

“യെസ്… എനിക്കതറിയാം, പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ അവസ്‌ഥയിൽ ജയപാലിനെ അവിടെ തനിച്ചാക്കാൻ വയ്യ. ഞാൻ അഖിലിനെ വിളിച്ചു സംസാരിക്കട്ടെ.”

പിറ്റേന്നു തന്നെ സുജാത അഖിലിനെ വിളിച്ച് ജയപാലിനെ തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. അപ്പുവിന് അതിൽപരം സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല.

ജയപാലിന് സുജാതയുടെ വീട്ടിൽ താമസിക്കാൻ ഇഷ്ടമായിരുന്നെങ്കിലും, മീര പറഞ്ഞതു പോലെ നാട്ടുകാർ എന്തെങ്കിലും പറയുമോ, എന്ന പേടി ഉണ്ട്. ആ ഭയം സുജാതയെ കരുതി മാത്രമാണെന്ന് അവൾക്കും അറിയാം. പക്ഷേ അവളുടെ നിർബന്ധത്തിനു വഴങ്ങി ജയപാൽ താമസം മാറി. സുജാതയുടെ സാമീപ്യവും, കൃത്യസമയത്തുള്ള ദിനചര്യകളും, കൂടിയായപ്പോൾ ഒരാഴ്ചക്കകം ജയപാൽ പഴയ ആരോഗ്യസ്‌ഥിതിയിലേക്ക് എത്തി. മാനസികമായും ശാരീരികമായും ആരോഗ്യം കൈ വന്നു. ഇതിനിടെ സുജാതയുടെ മകൾ ഗോപികയുടെ ഫോൺ കോൾ വന്നു. അവളുടെ ഭർത്താവ് രാഹുൽ ഓഫീസ് ആവശ്യത്തിനായി ഒരാഴ്ച ഇന്തോറിനു വരുന്നു. അതിനാൽ അവളും കൂടെ വരുന്നുണ്ടെത്രേ. ആ സമയം അമ്മയ്ക്കൊപ്പം രണ്ട് ദിവസം നിൽക്കാനാണ് പ്ലാൻ. സുജാത ധർമ്മ സങ്കടത്തിലായി.

ജയപാലിനോട് തിരിച്ചു പോകാൻ പറയാനും വയ്യ. ഗോപികയോട് ഇപ്പോൾ വീട്ടിലേക്ക് വരണ്ട എന്നു പറയാനും നിർവാഹമില്ല. അവൾ ഊരാക്കുടുക്കിൽ പെട്ട പോലെയായി. ആരോട് എന്തു പറയാനാണ്. എന്തായാലും വരുന്നിടത്തു വച്ചു കാണാം. എന്തും വരുന്ന മുറയ്ക്ക് കൈകാര്യം ചെയ്യാം. എന്നു മാത്രം സുജാത തീരുമാനിച്ചു.

പക്ഷേ സുജാതയുടെ ഉള്ളിലെ വിചാരങ്ങൾ അവളുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചത് ജയപാലിന് മനസ്സിലായി. അയാൾ കാരണം തിരക്കിയെങ്കിലും അവൾ ഒഴിഞ്ഞു മാറി. എന്നാൽ സത്യം പറയാൻ നിർബന്ധിച്ചപ്പോൾ സുജാതയ്ക്ക് തുറന്നു പറയാതെ നിർവാഹമില്ലാതെ വന്നു. അതുകേട്ടപ്പോൾ ജയപാൽ പുഞ്ചിരിയോടെ സ്നേഹത്തോടെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എനിക്ക് ഏറ്റവും സഹായം ആവശ്യമുള്ള സമയത്തല്ലേ നീ എന്നെ ഹെൽപ്പ് ചെയ്‌തത്. ഇപ്പോൾ ഞാൻ ഓക്കെയാണല്ലോ. ഇനി ഞാൻ എല്ലാം സ്വയം ശ്രദ്ധിക്കാം. അത് നിനക്ക് ഞാൻ തരുന്ന വാക്ക് ആണ്. നീ സമാധാനമായിരിക്കൂ. ഞാൻ വീട്ടിൽ പോകാം. കുട്ടികൾ വന്നു പോകട്ടെ.”

“പക്ഷേ എന്തായാലും നമ്മുടെ കാര്യം അവരോട് പറയേണ്ടതല്ലേ എന്നാൽ പിന്നെ അത്രയും നേരത്തെ ആവാലോ.” സുജാതയുടെ ചിന്ത അങ്ങനെയായിരുന്നു. പക്ഷേ ജയപാൽ അതു സമ്മതിച്ചില്ല.

“ഇപ്പോൾ അതൊന്നും പറയേണ്ട. എല്ലാത്തിനും അതിന്‍റെ സമയമുണ്ട്. നമുക്ക് അപ്പോൾ പറയാം.”

അങ്ങനെ ആ പ്രശ്നം തൽക്കാലം പരിഹരിക്കപ്പെട്ടു. ജയപാൽ സ്വന്തം വീട്ടിലേക്ക് പോയി. ബുധനാഴ്ച രാവിലെ തന്നെ ഗോപികയും ഭർത്താവ് രാഹുലും വീട്ടിൽ എത്തി. ആറുമാസമായി മകളെ കണ്ടിട്ട്. രണ്ടുപേരും കെട്ടിപ്പിടിച്ചു പരസ്പരം ഉമ്മ വച്ചു.

“മമ്മീ, എങ്ങനെയുണ്ട്? ഹൗ വാസ് യുവർ ട്രിപ്പ്? എൻജോയ്.”

“പിന്നെ, അടിപൊളി! ആയിരുന്നു.”

“ആഹാ, ഫോട്ടോ ഇല്ലേ?”

ഉണ്ടല്ലോ, നീ ആദ്യം ഫ്രെഷ് ആവൂ, എന്നിട്ട് ചായ കുടിച്ചു കൊണ്ട് ഫോട്ടോയൊക്കെ കാണാം എന്താ?”

രാഹുൽ അകത്തേക്കു കടന്നു വന്ന് സുജാതയുടെ കാൽതൊട്ടു വന്ദിച്ചു കസേരയിലിരുന്നു.

“മമ്മി, സുഖമല്ലേ?”

“അതേ, മോനേ… ഹാപ്പി.”

“സുജാത ചായയും പ്രഭാത ഭക്ഷണവും ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചു.

മമ്മി, മൊബൈലിൽ ഇല്ലേ ഫോട്ടോസ്?” ഗോപിക വീണ്ടും ജിജ്ഞാസയോടെ ചോദിച്ചു.

“ഉണ്ട്, ഇതാ… നോക്കൂ.”

സുജാത തന്‍റെ മൊബൈൽ ഫോൺ ഗോപികയ്ക്കു നേരെ നീട്ടി. ഗോപികയും രാഹുലും ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.

“മമ്മി, ഇതാരാണ്? മുമ്പ് കണ്ടിട്ടില്ലല്ലോ”

ഗോപികയുടെ ചോദ്യം കേട്ടപ്പോഴെ സുജാതയ്ക്ക് സംഗതി പിടികിട്ടി. ജയപാലിനെ കുറിച്ചാണ് ചോദ്യം.

“അദ്ദേഹം ഇവിടെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്നു ജയപാൽ. ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം യാത്രയിൽ പങ്കു ചേർന്നിരുന്നു.”

ഗോപികയ്ക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ രാഹുൽ എന്തോ ആവശ്യപ്പെട്ടതു കൊണ്ട് ചോദിക്കാൻ വന്നത് ഒഴിവാക്കി അവൾ അതെടുക്കാൻ അടുക്കളയിൽ പോയി. പക്ഷേ ഗോപികയുടെ മുഖത്ത് കണ്ട് നൂറു ചോദ്യങ്ങളെ സുജാതയുടെ കണ്ണുകൾ തിരിച്ചറിഞ്ഞു.

രാത്രിയിൽ ഗോപിക അമ്മയ്ക്കൊപ്പമാണ് ഉറങ്ങാൻ കിടന്നത്. സുജാത അവളുടെ മുടിയിഴകൾ സ്നേഹപൂർവ്വം വിരലോടിച്ചു കൊണ്ടിരുന്നു. ഗോപികയോട് ജയപാലിനെ കുറിച്ച് പറയാൻ പറ്റിയ സമയം ഇതാണെന്നു തോന്നിയെങ്കിലും അവൾക്ക് അപ്പോൾ അത് അവതരിപ്പിക്കാനുള്ള ധൈര്യം ഉണ്ടായില്ല. ഗോപുവിന് ഇഷ്‌ടമായില്ലെങ്കിലോ… ഉറങ്ങും മുമ്പ് ഒരു പ്രശ്നം ഉണ്ടാക്കണ്ട.

രാവിലെ സുജാത നടന്ന് തിരിച്ചുവരുമ്പോൾ ഒപ്പം ജയപാലും ഉണ്ടായിരുന്നു. വീട്ടിലെത്തുമ്പോൾ ഗോപിക ചായ ഉണ്ടാക്കുകയാണ്. അപ്പോഴും സുജാതയുടെ മനസ്സിൽ അവളോട് എങ്ങനെ പറയണം എന്ന ചിന്ത തിങ്ങി നിറഞ്ഞു. ഒരേയൊരു മകൾ. അവളുടെ സമ്മതവും സന്തോഷവും ഈ ബന്ധത്തിനുണ്ടായില്ലെങ്കിൽ പിന്നെ രാഹുൽ ഓഫീസ് ആവശ്യത്തിനായി രാവിലെ തന്നെ പുറത്തേക്കു പോയിരുന്നു. രാവിലെ തന്നെ മമ്മിയ്ക്കൊപ്പം ജയപാലിനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്ചര്യഭാവം മിന്നിമറഞ്ഞു.

“ഇതാണ് എന്‍റെ രാജകുമാരി! ഗോപൂട്ടി ”മോളെ ഇത് ജയപാൽ അങ്കിൾ. ഇന്നലെ പറഞ്ഞില്ലേ, ഗോവ ട്രിപ്പ് പോയത്.” സുജാത പരസ്പരം പരിചയപ്പെടുത്തി.

“ഓഹ്… ഗുഡ്മോണിംഗ് അങ്കിൾ.”

അവളുടെ സ്വരത്തിൽ വലിയ ആവേശമൊന്നും ഇല്ലെന്ന് സുജാതയ്ക്കു മനസിലായി. മമ്മിയും അങ്കിളും തമ്മിൽ ഇത്രയും തുറന്ന പെരുമാറ്റം അവൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. ജയപാൽ കുറച്ചുനേരം അവിടെ ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി. അയാൾ ഗോപികയോട് വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയതെങ്കിലും അവളുടെ പെരുമാറ്റം അത്ര സുഖകരമായിരുന്നില്ല.

ഉച്ചയ്ക്കു ഊണൊക്കെ കഴിഞ്ഞ് അമ്മയും മകളും തനിച്ചായ സമയത്ത് സുജാത അവളോട് സംസാരിക്കാൻ തീരുമാനിച്ചു.

“മോളെ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”

“പറയൂ, മമ്മി” അവളുടെ സ്വരം തണുത്തുറഞ്ഞിരുന്നു.

“മോളേ, പപ്പ പോയശേഷം ഞാൻ ഏകാന്തമായ ജീവിതത്തിലാണ്. നിന്‍റെ വിവാഹം കൂടി കഴിഞ്ഞതോടെ അത് ഇരട്ടിയായി.” സുജാത, നിസ്സംഗ ഭാവത്തോടെ പറഞ്ഞു.

“എനിക്കറിയാം മമ്മി, അതുകൊണ്ടല്ലേ ഞാൻ മമ്മിയോട് യാത്ര പോകാനും, സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കുചേരാനുമൊക്കെ നിർബന്ധിക്കുന്നത്.” ഗോപിക പുഞ്ചിരിയോടെ അമ്മയെ ചേർത്തു പിടിച്ചു.

“കുറച്ചു നാളുകളായി ഞാനും ജയപാലും നല്ല സുഹൃത്തുക്കളാണ്. ഗോവയിൽ ട്രിപ്പ് പോയിട്ട് വന്നശേഷം ആ ബന്ധം കൂടുതൽ ശക്തമായി. പരസ്പരം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് എന്നതാണ് ഞങ്ങൾക്കിടയിലെ പ്ലസ്പോയിന്‍റ്. ഈ സന്തോഷം എന്നും കൂടെ ഉണ്ടാവാൻ എനിക്കാഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയുള്ള കാലം ജീവിച്ചാലോ എന്ന ചിന്ത. നിനക്ക് എന്താണ് അഭിപ്രായം.”

സുജാത വളരെ സ്പഷ്ടമായി തന്‍റെ മനസ്സ് മകൾക്കു മുന്നിൽ തുറന്നു വച്ചു. അവൾക്ക് മകളുടെ അഭിപ്രായം അറിയണമായിരുന്നു.

“മമ്മീ എന്താണീ പറയുന്നത്? കാലം ഒരുപാട് മുന്നേറിയെന്നതൊക്കെ ശരിയാണ്. മമ്മി ആരുമായും കൂട്ടുകൂടുന്നതിലും എനിക്ക് സന്തോഷം മാത്രം. പക്ഷേ ജയപാൽ അങ്കിളും മമ്മിയും തമ്മിൽ ഒട്ടും മാച്ച് അല്ല. ഒരു ബംഗാളിയാണ്. പിന്നെ, നിങ്ങൾ തമ്മിൽ കാഴ്ചയിലും പ്രായത്തിലും വലിയ അന്തരം ഉണ്ട്. ഇനി രാഹുലും വീട്ടുകാരും ഇത് അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് എനിക്ക് അറിയില്ല.” ഒട്ടൊരു മുൻവിധിയോടെയും ഈർഷ്യയോടെയും ഉള്ള ഗോപികയുടെ പ്രതികരണം കണ്ടപ്പോൾ സുജാതയ്ക്ക് കൂടുതൽ വിശദീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“കാഴ്ചയിലും പ്രായത്തിലും ഉള്ള അന്തരമൊക്കെ നോക്കി നമുക്ക് ഒരാളെ കണ്ടുപിടിക്കാനും ഇഷ്ടപ്പെടാനും പറ്റുന്ന സമയമാണോ മോളെ എനിക്ക്? മാത്രമല്ല എനിക്കങ്ങനെ ഒരു അന്തരം ഞങ്ങൾക്കിടയിൽ ഫീൽ ചെയ്തതുമില്ല.” ഇക്കാര്യത്തിൽ നിനക്ക് എന്തു ഫീൽ ചെയ്യുന്നു എന്നതാണ് എനിക്ക് ശ്രദ്ധിക്കാനുള്ളൂ. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തിനൊപ്പം ഞാൻ സന്തോഷവതിയായിരിക്കും. അത്രയുമേ എനിക്ക് പറയാൻ ഉള്ളൂ.”

”എന്തോ! എനിക്ക് ഈ ബന്ധം അത്ര നല്ലതാണെന്ന് തോന്നുന്നില്ല.” ഗോപിക തന്‍റെ അസന്തുഷ്ടി പ്രകടിപ്പിച്ചു. അവൾക്ക് തന്‍റെ അമ്മ എന്നും തന്‍റെ മാത്രം ആയിരിക്കണം എന്ന ആഗ്രഹമാണ്. അതിനിടയിൽ മറ്റൊരാൾ വരുന്നത് അവൾക്ക് അസഹ്യമായ കാര്യമായിരുന്നു.

ഗോപിക പിന്നെയൊന്നും സംസാരിച്ചുമില്ല. വൈകീട്ട് അവൾ സുജാതയോട് പിണങ്ങി മീരാന്‍റിയുടെ വീട്ടിലേക്ക് പോയി. മീരയും അറിഞ്ഞാണോ ഈ ബന്ധം എന്ന് അവൾക്ക് അറിയണമായിരുന്നു. മുമ്പും അമ്മയ്ക്കും മകൾക്കുമിടയിൽ ഉണ്ടാകാറുള്ള സൗന്ദര്യപ്പിണക്കങ്ങളിൽ മീര തന്നെയാണ് ഇടപെടാറുണ്ടായിരുന്നത്.

ഗോപിക വീട്ടിലേക്ക് വരുന്നതു കണ്ട് മീര ആഹ്ലാദത്തോടെ അവളെ സ്വീകരിച്ചു. പക്ഷേ ഗോപികയുടെ കണ്ണുകളിൽ കണ്ട വിഷാദഭാവം മീരയ്ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അവളുമായി കുറച്ചുനേരം സംസാരിച്ചപ്പോൾ കാര്യങ്ങളുടെ കിടപ്പ് മീര മനസ്സിലാക്കി.

അവൾ ഗോപിക അറിയാതെ, സുജാതയെ വിളിച്ച് മകൾ തന്‍റെ അടുത്തുണ്ടെന്ന് പറയുകയും ചെയ്‌തു. രാഹുലിനെയും ഫോൺ ചെയ്ത് വൈകിട്ട് തന്‍റെ വീട്ടിലേയ്ക്ക് വരാൻ മീര ആവശ്യപ്പെട്ടു. രാഹുൽ 7 മണിയോടെ മീരയുടെ വീട്ടിലെത്തി. ഗോപികയുടെ ഉദാസീനമായ മുഖഭാവം കണ്ടപ്പോൾ രാഹുൽ അമ്പരന്നു.

“എന്തുപറ്റി ഗോപു, നീന്‍റെ മുഖം എന്താ വാടിയിരിക്കുന്നത്?”

“ഇരിക്കൂ, രാഹുൽ ഞാൻ എല്ലാം പറയാം.” മീര അതിനു മറുപടിയുമായി രാഹുലിന്‍റെ അടുത്തേക്കു വന്നു.

മീര ചായയും പലഹാരവും എടുത്തു കൊണ്ടു വന്നു രാഹുലിന് കൊടുത്ത ശേഷം സംഭവങ്ങളെ കുറിച്ച് മീര വിശദീകരിച്ചു.

“എനിക്ക് ജയപാലിനെ നന്നായിട്ടറിയാം. അദ്ദേഹം സുജാതയ്ക്ക് നല്ല മാച്ചാണ്. അവളുടെ സെലക്ഷൻ ഒട്ടും തെറ്റിയിട്ടില്ല.” മീര പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രാഹുൽ, ഗോപികയുടെ മുഖത്തേക്കു നോക്കി, ഇതിലെന്താണ് ഇത്ര അസ്വസ്ഥയാകാൻ എന്ന ചോദ്യം ആ മുഖഭാവത്തിലുണ്ട്.

“എനിക്ക് മമ്മി വിവാഹം കഴിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. ഞാൻ പോയശേഷം മമ്മി ഏകാകിയാണെന്ന് എനിക്കറിയും. അദ്ദേഹം എന്‍റെ മമ്മിയ്ക്ക് ചേരില്ല എന്നു തോന്നിയിട്ടാണ്.”

അതുകേട്ടപ്പോൾ രാഹുൽ പൊട്ടിച്ചിരിച്ചു. “നിന്‍റെ മമ്മി എന്താ കുഞ്ഞാണോ? നീ പറയുന്ന കേട്ടാൽ തോന്നും നീയാണ് മമ്മിയുടെ അമ്മ എന്ന്. അവർക്ക് നമ്മേക്കാൾ അറിവുണ്ട്. ആളുകളെ മനസ്സിലാക്കാനുള്ള കഴിവുമുണ്ട്. നമ്മൾക്ക് മുഴുവൻ സമയം മമ്മിയ്ക്കൊപ്പം ചെലവിടാൻ കഴിയില്ല എന്നും നിനക്കറിയാം. അപ്പോൾ പിന്നെ മമ്മിക്കിഷ്ടപ്പെട്ട ഒരാളെ മമ്മി തെരഞ്ഞെടുക്കുമ്പോൾ നമ്മൾ അതിനെ പിന്തുണയ്ക്കുകയല്ല വേണ്ടത്? പ്രായം, ദേശം ഒന്നും നാം കണക്കിലെടുക്കേണ്ട. നമുക്ക് ആദ്യം ജയപാൽ അങ്കിളിനെ കാണാം. എന്നിട്ടു മതി.” രാഹുൽ ഇത്രയും പറഞ്ഞപ്പോൾ ഗോപിക നിശബ്ദയായി.

പുറമേയ്ക്ക് ശാന്തയായെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അവൾക്ക് അത്ര സന്തോഷം ഇല്ല എന്ന് രാഹുലിന് വ്യക്‌തമായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ മുഴങ്ങി.

“അമ്മയായിരിക്കും… ഞാൻ പറയാതെയാണ് പോന്നത്” ഗോപിക എഴുന്നേറ്റു.

“നീ ഇരിക്കൂ ഞാൻ നോക്കട്ടെ” മീര എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ അഖിൽ മുന്നിൽ.

“വരൂ, വരൂ ഞാൻ അപ്പുവിനെ പ്രതീക്ഷിക്കുകയായിരുന്നു.” തൊട്ടു പിന്നാലെ മീരയുടെ ഭർത്താവും അവിടെ എത്തിച്ചേർന്നു.

“സുജ എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ്. ഗോപുവിന്‍റെ പപ്പ വേർപിരിഞ്ഞ ശേഷം അവൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. ഞാൻ കൂട്ടുകാരിയായി ഉണ്ടെങ്കിലും എനിക്ക് ആ കുറവോ ശൂന്യതയോ നികത്താൻ കഴിയില്ല. സുജ നേരിട്ട പ്രതിസന്ധികൾ, ദു:ഖങ്ങൾ എല്ലാം എനിക്കറിയാം. അതിൽ നിന്നൊക്കെ അവൾ ഉയർത്തെഴുന്നേറ്റവളാണ്. രാജ് പോയശേഷം ഇത്രയേറെ സ്വാധീനിച്ച ഒരാൾ ജീവിതത്തിലുണ്ടായിട്ടില്ല.

ജയപാലിൽ ഞാൻ കാണുന്നത് ആ പ്രത്യേകതയാണ്. അദ്ദേഹം ഏകാന്ത ജീവിതത്തിലാണ്. രണ്ടുപേർക്കും ഇതൊരു അവസരമാണ്. ജീവിതത്തിൽ എന്ന് എനിക്ക് തോന്നുന്നു” മീര തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞു.

“ഒരു ബന്ധത്തിന്‍റെ അടിസ്ഥാനം പരസ്പരപ്രണയവും സമർപ്പണവും വിശ്വാസവുമാണ്.

സുജാതയ്ക്കും ജയപാലിനും പരസ്പരം അതുണ്ടെന്നാണ് എന്‍റെ വിശ്വാസം. അഖിലിനെ ഞാൻ ഇവിടേയ്ക്ക് വിളിപ്പിച്ചതാണ്. കുട്ടികൾ ചേർന്ന് അച്ഛനമ്മമാരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെ. സ്വന്തം വിവാഹ കാര്യത്തെക്കുറിച്ച് ഒരു അച്ഛനും അമ്മയ്ക്കും മക്കളോട് പറയാൻ മടിയുണ്ടാകും. ഈ പ്രായത്തിൽ വിവാഹമോ എന്ന് സമൂഹം നെറ്റിചുളിക്കും. ഇതൊക്കെ ആവുമ്പോൾ അവരുടെ മോഹം അവരിൽ തന്നെ ഇല്ലാതാകാനാണ് സാദ്ധ്യത.

മീര തുടർന്നു പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ രാഹുൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. “സത്യം ആന്‍റി, ഇതു പറഞ്ഞത് വളരെ നന്നായി. മമ്മിയ്ക്ക് ഈ കൂട്ട് എന്തായാലും ആവശ്യമാണ്. നല്ലതാണ്.”

”സത്യം പറയാല്ലോ… എന്‍റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് മീരാന്‍റി ഇപ്പോൾ പറഞ്ഞത്. അത്രയും ഇഷ്ടമാണ് എനിക്ക് രണ്ടുപേരെയും. എന്‍റെ പപ്പയുടെ ജീവിതത്തിലേക്ക് വളരെ മുന്നേ എത്തേണ്ടതായിരുന്നു സുജാന്‍റി” അഖിൽ വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.

ഇത്രയും കേട്ടപ്പോൾ ഗോപികയുടെ എതിർപ്പുകൾ അലിഞ്ഞുപോയി. അവൾ അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാനും ഒരു ചെറിയ പാർട്ടി നടത്താനും അന്നുതന്നെ അവർ തീരുമാനമെടുത്തു.

അതേസമയം സുജാത ഇതൊന്നുമറിയാതെ കടുത്ത മനോവ്യഥയിലായിരുന്നു. ഒരേയൊരു മകൾ. അവൾക്ക് ഇഷ്ടമില്ലാത്ത?ഒരു കാര്യം ചെയ്തിട്ട് എന്തു സന്തോഷമാണ് തന്‍റെ ജീവിതത്തിൽ കിട്ടാൻ പോകുന്നത്. ജയപാലിനൊട് തനിക്ക് തോന്നിയ ഇഷ്ടം മാറ്റിവയ്ക്കാം. പക്ഷേ ആ മനുഷ്യനെ വേദനിപ്പിക്കേണ്ടി വരുന്നതിലാണ് ദു:ഖം.

രാത്രി 11 മണിയായിട്ടും കുട്ടികൾ വന്നില്ലല്ലോ. അവൾ മിക്കവാറും മീരയുടെ അടുത്തുണ്ടാകും. തന്നോട് ദേഷ്യം വരുമ്പോൾ അവൾ പോകറുള്ളത് അങ്ങോട്ടാണല്ലോ. മീരയെ വിളിക്കാൻ നമ്പർ ഡയൽ ചെയ്യുമ്പോളാണ് കോളിംഗ് ബെൽ കേട്ടത്. അവൾ വേഗം സേഫ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. കുട്ടികളാണ്. സുജാത വാതിൽ തുറന്നു.

രാഹുലിനും ഗാപികയ്ക്കും ഒപ്പം അഖിലിനേയും കണ്ടപ്പോൾ സുജാത ആശ്ചര്യപ്പെട്ടു. ഇരുട്ടിൽ നിന്ന് ഒരാൾ കൂടി വെളിച്ചത്തിലേക്ക് കടന്നുവന്നു. ജയപാൽ! അവൾ സ്തബ്ധയായി. രാഹുൽ സുജാതയെ കയ്യിൽ പിടിച്ച് സോഫയിലിരുത്തി.

ഒട്ടും വൈകിയില്ല. “മമ്മി, നിങ്ങൾ രണ്ടാൾക്കപ്പം ഇഷ്ടമാണേൽ പിന്നെ ഇനി ഒട്ടും സമയം കളയാനില്ല. എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം.” അന്തരീക്ഷം ലഘൂകരിക്കാൻ രാഹുൽ ഇങ്ങനെ പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“അതേ ആന്‍റി, ഞാൻ ഇതാ എന്‍റെ പപ്പയെയും കൂട്ടി വന്നത് അന്‍റിയെ പെണ്ണുകാണാൻ തന്നെയാ” അഖിലും പൊട്ടിച്ചിരിച്ചു. സുജാത ആകെ വിളറി നാണിച്ചുപോയി. അവർ സങ്കോചത്തോടെ മകളെ നോക്കി. ഗോപു അമ്മയെ കെട്ടിപ്പിടിച്ചു.

“മമ്മി, ഈ സ്നേഹം മറ്റാർക്കും വീതിച്ചു പോകുന്നത് ഇഷ്ടമല്ലാത്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞുപോയതാ. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി. ഈ ബന്ധം കൊണ്ട് എനിക്ക് ഒരു പപ്പയേയും സഹോദരനേയും കൂടി കിട്ടുകയാണെന്ന്. ആം സോ ഹാപ്പി” അവൾ ജയപാലിന്‍റെയും സുജാതയുടെയും കൈകളിൽ ചേർത്തുപിടിച്ചു. ആഹ്ലാദഭരിതമായ ആ അന്തരീക്ഷത്തിൽ ജയപാൽ പെട്ടെന്ന് സുജാതയ്ക്ക് മുന്നിൽ മുട്ടുകുത്തി.

“വിൽ യൂ മാരി മീ?” സുജാത ലജ്‌ജയോടെ ജയപാലിന്‍റെ നീട്ടിയ കൈകൾ ചേർത്തുപിടിച്ച് സമ്മതം മൂളി. അർദ്ധരാത്രിയിൽ ആ വീട്ടിലെ പൊട്ടിച്ചിരികൾ നിലാവിനൊപ്പം പുറത്തേക്ക് ഒഴുകിയെത്തി.

(അവസാനിച്ചു)

വില്‍ യു മാരി മീ… ഭാഗം 2

സുജാത മടിയൊന്നുമില്ലാതെ അകത്തേക്കു കടന്നു. ജയപാൽ എന്തോ പറയാൻ ശ്രമിക്കുന്നു ണ്ടായിരുന്നു. പക്ഷേ അയാൾ അദ്ഭുതസ്തബ്ധനായി തന്നെ നിൽക്കുകയാണ്. സുജാത തന്‍റെ വീട് കണ്ടുപിടിച്ച് വരുമെന്ന് അയാൾ ഒട്ടും പ്രതീക്ഷിച്ചില്ല. അയാളുടെ വൈക്ലബ്യത്തിന്‍റെ കാരണം ഉടനെ തന്നെ സുജാതയ്ക്കു മുന്നിൽ അഖിലിന്‍റെ രൂപത്തിൽ പ്രത്യക്ഷമായി. ജയപാലിന്‍റെ മകനാണ് അഖിൽ. അയാൾ അകത്തു നിന്ന് പുഞ്ചിരിയോടെ ലിവിംഗ് റൂമിലേക്കു വന്നു സുജാതയെ അഭിവാദ്യം ചെയ്‌തു.

“ഗുഡ് ഈവനിംഗ് ആന്‍റി.”

“ഗുഡ് ഈവനിംഗ്” സുജാത അതിശയത്തോടെ അഖിലിനെയും ജയപാലിനെയും നോക്കി. എന്നോടെന്താണ് അപ്പു വന്നിട്ട് പറയാത്തേ എന്ന മുഖഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്ന പോലെ ജയപാൽ പറഞ്ഞു. “അപ്പു ഇന്നു രാവിലെ എത്തി.”

“ആന്‍റി ഞാൻ ഇന്നലെ വീട്ടിലെത്തി, അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. ഇന്ന് രാവിലെ ഞാൻ ഇവിടെയും.” അപ്പു എന്ന അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ജയപാലിന്‍റെ അതേ പെരുമാറ്റ രീതികൾ. ശരിക്കും അച്‌ഛന്‍റെ മകൻ തന്നെ. സുജാത മനസ്സിലോർത്തു. കൗതുകത്തോടെ അഖിലിനെ നോക്കി.

ജയപാൽ അകത്തേക്കു പോയ സന്ദർഭത്തിൽ അഖിൽ സുജാതയെ നോക്കി ഹൃദ്യമായി ചിരിച്ചു.

“ആന്‍റി, അച്‌ഛൻ എന്നോട് നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.” സുജാത ഒട്ടൊരു ഞെട്ടലോടെ അഖിലിന്‍റെ കണ്ണുകളിലേക്ക് നോക്കി. ജയപാലും ഭാര്യയും ഡിവോഴ്സ് ചെയ്‌തിട്ട് വർഷങ്ങളായി. മകൻ അമ്മയുടെ കൂടെയാണ്. നിയമപരമായ നടപടിയാണല്ലോ. എന്നാൽ 18 വയസ്സിനു ശേഷം അവൻ രണ്ടുപേർക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ജയപാൽ പറഞ്ഞ് സുജാതയ്ക്കറിയാം.

“ഒരു സമ്പന്നനായ അച്‌ഛന്‍റെ ഒറ്റപുത്രി എന്ന പദവി എന്‍റെ അമ്മയ്ക്ക് വളരെ ദോഷം ചെയ്‌തു. ഈഗോയുടെ പ്രതിരൂപമായി അമ്മ ജീവിക്കുന്നതു കാണുമ്പോൾ ഏറ്റവും വേദനിക്കുന്നത് ഞാനാണ്. അമ്മയുടെ ഈഗോയുടെ ഇരയാണ് അച്‌ഛൻ. അവർക്ക് വേദനിക്കാതിരിക്കാനാണ് അച്‌ഛൻ തന്‍റെ വ്യക്‌തിത്വം പോലും അടിയറവുവച്ചത്. അമ്മയുടെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റമില്ല.” അഖിൽ ദുഃഖത്തോടെ പറയാൻ തുടങ്ങി.

ആദ്യമായി കാണുന്ന ഒരാളോട് ചിരപരിചിതമെന്നോണമുള്ള അഖിലിന്‍റെ സംസാരം, സുജാതയെ അമ്പരപ്പെടുത്തി. എന്നാൽ ആ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴി മാറാൻ ഒട്ടും സമയം വേണ്ടി വന്നില്ല.

“അച്ഛൻ ആരോടും അത്ര വേഗം അടുക്കുന്ന ആൾ അല്ല. പക്ഷേ ആന്‍റിയെ കണ്ടതും പരിചയപ്പെട്ടതും ഗോവ യാത്രയ്ക്കു പ്ലാൻ ചെയ്യുന്നതിനെക്കുറിച്ചും അച്‌ഛൻ എന്നോടു പറഞ്ഞു. ഇവിടത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം. അച്‌ഛനെ എങ്ങനെയും യാത്രയ്ക്കു കൂടെ കൂട്ടൂ. ആ മനസ്സ് സന്തോഷം എന്തെന്ന് അനുഭവിച്ചിട്ടേയില്ല എന്ന് എനിക്കറിയാം.”

അഖിൽ ആവേശത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ കണ്ട നനവ് ഹൃദയത്തിൽ നിന്നൂറിയതാണെന്ന് സുജാത അറിഞ്ഞു.

“അപ്പു, അക്കാര്യം ഞാനേറ്റു.”

സുജാത തന്‍റെ പതിവു ശൈലിയിൽ ചിരിച്ചു.

ആ ചിരിക്കിടയിലും സുജാതയുടെ കണ്ണിനു മുന്നിൽ ജയപാലിന്‍റെ കണ്ണുകളിലെ വിഷാദഭാവം തെളിഞ്ഞു വന്നു. എന്താണ് അതിന്‍റെ കാരണം എന്ന് അവർ തിരിച്ചറിഞ്ഞു. എത്ര സ്നേഹം കൊടുത്തിട്ടും അവജ്ഞ മാത്രം തിരികെ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരാൾ. ഇതുപോലൊരു സ്നേഹനിധിയായ വ്യക്‌തിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ അവർക്കെങ്ങനെ കഴിഞ്ഞു? ഇതിനിടെ ജയപാൽ ആവി പറക്കുന്ന ചായയും സുജാതയ്ക്കിഷ്ടപ്പെട്ട പഴം പൊരിയുമായെത്തി. അവൾ സന്തോഷപൂർവ്വം അത് വാങ്ങി.

“നാളെ രാവിലെ 11 മണിക്ക് നമുക്ക് മാളിൽ പോകാം. കുറച്ച് ഡ്രസ് വാങ്ങണം.” ചായ ഊതി കുടിച്ച് സുജാത പറഞ്ഞു.

“ആർക്കാണ് ഡ്രസ്. എനിക്ക് ആവശ്യത്തിന് ഇവിടെയുണ്ട്.” ജയപാൽ അമ്പരപ്പോടെ നോക്കി.

“അതൊക്കെ അവിടെയിരിക്കട്ടെ, നമുക്ക് ചില ഡ്രസുകൾ വാങ്ങണം. ഒരു മേക്കോവർ നടത്തണം.”

സുജാത, കുസൃതിച്ചിരിയോടെ അഖിലിനെ നോക്കി.

“ശരിയാ…അത് വേണം” അഖിലും സുജാതയെ പിന്താങ്ങി.

“ബെല്ലയെക്കുറിച്ചും ചിന്ത വേണ്ട. അവളുടെ കാര്യം ഞാനേറ്റു.”

ജയപാൽ അക്കാര്യം പറയും മുന്നേ അഖിൽ അതിലും ഒരു പരിഹാരം കണ്ടെത്തി.

അത്രയും പറഞ്ഞിട്ട് വിജയഭാവത്തിൽ അഖിൽ ജയപാലിനെ ഇടം കണ്ണിട്ട് നോക്കി.

പിറ്റേന്ന് രാവിലെ തന്നെ രണ്ടുപേരും ഷോപ്പിംഗിനായി നഗരത്തിലേക്കിറങ്ങി. സുജാത, രണ്ടുപേർക്കും യാത്രയ്ക്കായുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്തു. കൂട്ടത്തിൽ ജയപാലിന് ചേരുന്ന ജീൻസും കുർത്തിയും എല്ലാം എടുക്കാനും അവൾ മറന്നില്ല. ഡ്രസ് എടുത്തു കഴിഞ്ഞപ്പോഴെക്കും രണ്ടുപേർക്കും നല്ല വിശപ്പു തോന്നി. റസ്റ്ററന്‍റിൽ കയറി വയറു നിറയെ കഴിച്ച് പുറത്തേക്കിറങ്ങി.

വീട്ടിലേക്ക് ബസിനു പോയാലോ എന്ന് സുജാതയ്ക്ക് ഒരു തോന്നൽ. പലപ്പോഴും കാർ വിളിച്ചാണ് പോകുന്നത്. ഇങ്ങനെ ഒരു അവസരത്തിൽ ബസിൽ പോകുന്നതിനെ കുറിച്ചോർത്തപ്പോൾ അവൾക്ക് ഒരു രസം തോന്നി. ബസ് സ്റ്റോപ്പിൽ ധാരാളം സ്ക്കൂൾ കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ബസ് നിറയെ കുട്ടികളുമായി കടന്നു പോയി. തൊട്ടുപിന്നാലെ വന്ന ബസിൽ അത്ര തിരക്കില്ലായിരുന്നു.

അവർ രണ്ടുപേരും ആ ബസിൽ കയറി. സുജാതയുടെ കയ്യിലെ കൂടുകളും മറ്റും കണ്ടിട്ട് ഒരു യുവാവ് അവൾക്ക് തന്‍റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു.

“താങ്ക് യു” അവൾ ആ സീറ്റിൽ ഇരുന്നു. ജയപാൽ അവൾക്കടുത്തു തന്നെ സീറ്റിൽ പിടിച്ചു നിന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് നിറയെ ആളുകൾ കയറി. ജയപാൽ സീറ്റിൽ ചാരി നിന്നതിനാൽ സുജാതയ്ക്ക് കൂടുതൽ തിക്കും തിരക്കും അനുഭവിക്കേണ്ടി വന്നില്ല. അയാൾ അങ്ങനെ നിൽക്കവെ, തനിക്ക് വലിയൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു.

വൈകിട്ട് 6 മണിയോടെ രണ്ടുപേരും വീട്ടിലെത്തി. സുജാതയെ വീടു വരെ അനുഗമിച്ച ശേഷം ജയപാൽ സ്വന്തം വീട്ടിലേക്ക് മടങ്ങി. അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു.

അടുത്ത ശനിയാഴ്ച ഗോവ പോവുകയാണ്. അതിന്‍റെ തയ്യാറെടുപ്പുകൾ എല്ലാം സുജാത പൂർത്തിയാക്കി. ഇതിനിടയിലാണ് മകൾ വിളിച്ചത്. “ഹായ് അമ്മ എന്തുണ്ട് അവിടെ? എന്ന ചോദ്യം കേട്ടപ്പോൾ സുജാത ഒന്ന് ആലോചിച്ചു. ഗോവയ്ക്കു പോകുന്ന കാര്യം പറയണം, പക്ഷേ ജയപാൽ ഉണ്ടെന്നു പറയണോ?”

അടുത്ത നിമിഷം അവൾ വേണ്ടെന്നു വച്ചു. ഇപ്പോൾ ഒന്നും പറയണ്ട.

“എല്ലാം ശരിയാക്കുന്നു” അടുത്ത ശനിയാഴ്ച പോകും.”

“മീരാന്‍റി ഉണ്ടോ കൂടെ?”

“ഉണ്ട്”

ഒരുപാടു നേരം പല കാര്യങ്ങൾ സംസാരിച്ച ശേഷം അവൾ ഫോൺ വച്ചു. പക്ഷേ ജയപാലിനെക്കുറിച്ച് സുജാത മൗനം പാലിച്ചു.

ഗോവ യാത്രയ്ക്ക് 12 പേരാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഒരു മിനി ലക്ഷ്വറി വാനിലാണ് യാത്ര.

സുജാതയുടെ വീടിനു മുന്നിൽ 7 മണിക്ക് ബസ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജയപാലും അവിടെ നിന്ന് കയറാനാണ് പ്ലാൻ.

കൃത്യം 7 മണിക്കു തന്നെ ജയപാൽ സുജാതയുടെ വീട്ടിലെത്തി. പുതിയ ഡ്രസിൽ അതീവ സുന്ദരനായിരിക്കുന്നു ജയപാൽ.

“അടിപൊളി! നല്ല ചേർച്ചയുണ്ട് ഈ ഡ്രസ്!” സുജാത അയാളെ ചിരിയോടെ കോംപ്ലിമെന്‍റ് ചെയ്‌തു. ഓഫ് വൈറ്റ് ടീഷർട്ടിലും ബ്ലൂ ജീൻസിലും അയാൾക്ക് പകുതി വയസ്സ് കുറഞ്ഞതു പോലെ!

“ഓൾ ക്രെഡിറ്റ് ഗോസ് റ്റു യു” ജയപാൽ പുഞ്ചിരിച്ചു.

ബസ് പത്തു മിനിറ്റിനകം സ്‌ഥലത്തെത്തി. സുജാത എല്ലാവരേയും ജയപാലിന് പരിചയപ്പെടുത്തി. കുറച്ച് സമയത്തിനകം സുജാതയുടെ സുഹൃത്തുക്കളുമായി ജയപാൽ നല്ല കമ്പനിയായി. യാത്രയിലുടനീളം അവർ രണ്ടുപേരും പരസ്പരം വളരെയേറെ കെയർ ചെയ്‌തു കൊണ്ടിരുന്നു. യഥാർത്ഥത്തിൽ സുജാത ആ യാത്രയിൽ പുതിയൊരു ജയപാലിനെയാണ് ദർശിച്ചത്.

ജയപാൽ വളരെ ശാന്ത നാണെന്നാണ് അതുവരെ സുജാത കരുതിയിരുന്നത്. എന്നാൽ ഒരുപാട് നർമ്മ ബോധമുള്ള ഊർജ്വസ്വലനായ മറ്റൊരു ജയപാൽ അയാളിൽ നിന്നു ഉണർന്നു വന്നു. സുജാത പതിവിലും സന്തോഷവതിയായി. അവളിലെ മാറ്റം മീരയും ശ്രദ്ധിച്ചു. രണ്ടുപേരുടെയും സന്തോഷം നിറഞ്ഞ ഇടപെടൽ ആ യാത്രയിലുട നീളം സഹയാത്രികർക്കും വലിയ ആവേശമാണ് നൽകിയത്.

ഒരു ആഴ്ചയോളം നീണ്ട വിനോദയാത്ര സുജാതയെ ഒരുപാട് ഉന്മേഷവതിയാക്കി. മാത്രമല്ല, ജയപാലുമായി ഗാഢമായ ആത്മബന്ധം ഉടലെടുക്കുകയും ചെയ്‌തു. യാത്ര കഴിഞ്ഞു വന്നശേഷം രണ്ടുപേരും ദിവസവും ഫോണിൽ സംസാരിക്കുന്നതും ശീലമായി.

വീട്ടിലെ ജോലികൾ ചെയ്യുന്ന സമയമൊഴികെ, ബാക്കി വേളകളിലൊക്കെ ഫോണിലൂടെയോ നേരിട്ടോ അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു. രാജ് വേർപിരിഞ്ഞതിനുശേഷം ഇത്രയും സന്തോഷഭരിതമായ ദിനങ്ങൾ സുജാത അനുഭവിച്ചിട്ടേയില്ല. ദിവസങ്ങൾ ശരവേഗം കടന്നു പോവുകയായിരുന്നു. ഇതിനിടയിൽ ഒരു പുലരിയിൽ പതിവു നടത്തത്തിന് ജയപാൽ എത്തിച്ചേർന്നില്ല. സുജാത കുറച്ചു കാത്തുവെങ്കിലും ആളെ കണ്ടില്ല.

“എന്തെങ്കിലും തിരക്കിലായി കാണും, മോൻ വീട്ടിലുള്ളതല്ലേ.” സുജാത സ്വയം വിശ്വസിപ്പിക്കാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. എന്തായാലും ഒന്നു ഫോൺ ചെയ്യാമല്ലോ. അതും ഉണ്ടായില്ലല്ലോ. അവൾ തിരിച്ചു വീട്ടിലേക്ക് നടന്നു. ഫോൺ ചെയ്‌തു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവൾ അന്നത്തെ നടത്തത്തിനു ശേഷം വീട്ടിലെത്തി അത്യാവശ്യ ജോലികളൊക്കെ ചെയ്‌ത ശേഷം ജയപാലിന്‍റെ വീട്ടിലേക്ക് നടന്നു. വീടിനു മുന്നിൽ എത്തിയപ്പോൾ അവിടെ അടിച്ചു വാരാൻ വരുന്ന സ്ത്രീ മുറ്റത്തു നിൽപ്പുണ്ട്.

“ജയപാൽ ഇല്ലേ?”

“ഉണ്ടല്ലോ, അകത്തുണ്ട്.”

“അസുഖം വല്ലതും? ഇന്നു പുറത്തേക്ക് കണ്ടില്ല.”

സുജാത അവരോട് അന്വേഷിച്ചു. “സാറിന് കുഴപ്പമൊന്നുമില്ല. ഇന്നലെ ഇവിടത്തെ നായ് ചത്തു പോയി.” അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

“എന്താ പറഞ്ഞേ, എന്തു പറ്റി ബെല്ലയ്ക്ക്?”

സുജാത വിശ്വാസം വരാതെ എടുത്തു ചോദിച്ചു. ഇന്നലെയും താൻ അവളെ കണ്ടതാണല്ലോ.

“വൈകുന്നേരമായപ്പോ എവിടെന്നോ ഒരു പാമ്പ് ഇഴഞ്ഞു വന്നു. അതിനെ നായ് എടുത്തു കടിച്ചു കുടഞ്ഞു. പക്ഷേ പാമ്പിന്‍റെ കടിയേറ്റു. ആശുപത്രിയിൽ കൊണ്ടുപോയി, കാര്യമുണ്ടായില്ല.”

“ഓഹ്! ബെല്ല!”

സുജാത വീടിനകത്തേക്കു ഓടിച്ചെന്നു. ലിവിംഗ് റൂമിലെ സോഫയിൽ ദുഃഖിതനായി ജയപാൽ ഇരിക്കുന്നുണ്ടായിരുന്നു. സുജാതയെ കണ്ടപ്പോൾ കൊച്ചു കുഞ്ഞിനെപ്പോലെ ജയപാൽ വിതുമ്പി.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें