ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 5

ഗൗതമിന്‍റെ കാർ ഗേറ്റ് കടന്നു വരുന്നത് നോക്കി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു ഉമ. അയാൾ വീട്ടിലേക്ക് കാലുകുത്തുമ്പോൾ കൃത്യം ആറടിച്ചു. സാധാരണ ഈ സമയമത്തൊക്കെ തന്നെയാണ് ഗൗതമൻ വീട്ടിൽ വരിക. എങ്കിലും ഉമയുടെ മുഖത്ത് പതിവില്ലാത്ത ചോദ്യഭാവം. അയാൾ ജാള്യതയോടെ അവളെ നോക്കി.

“ഞാൻ ഓഫീസിലേക്ക് എത്രവട്ടം വിളിച്ചു. മൊബൈലാണെങ്കിൽ ഓഫ്. സാർ ബിസിയാണെന്നാ സെക്രട്ടറി പറഞ്ഞത്. ഇന്നെന്താ പതിവില്ലാത്ത തിരക്ക്?”

ഉമയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഗൗതമനു കഴിഞ്ഞില്ല. രേണുവുമായി സംസാരിക്കുകയായിരുന്നു എന്ന് ഉമ അറിയാൻ പാടില്ല. ആ ബന്ധം ഇത്രയും കാലം അവൾക്ക് അജ്ഞാതമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കട്ടെ. ഗൗതമൻ സോഫയിലിരുന്ന് ഷൂവിന്‍റെ ലേസ് അഴിക്കാൻ തുടങ്ങി.

“എന്തിനാ നീ വിളിച്ചത്? പ്രത്യേകിച്ചെന്തെങ്കിലും?”

അവൾ ഒരുനിമിഷം ശങ്കിച്ചു നിന്നു. “ഏയ്… പ്രത്യേകിച്ചൊന്നുമില്ല. ഞാൻ വെറുതെ….?”

വറുതെയല്ല എന്ന് ഗൗതമനറിയാം. പക്ഷേ അയാൾ നിശ്ശബ്ദത പാലിച്ചുയ

ഉമ അടുക്കളയിലേക്കു നടന്നു. അയാൾ വസ്ത്രം മാറി ഫാമിലി റൂമിലേക്കു വരുമ്പോൾ ആവി പറക്കുന്ന കോഫിയും പലഹാരങ്ങളുമായി ഉമ എത്തി. “ദേഷ്യപ്പെടില്ലെങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ?”

ഉമയുടെ ചോദ്യം കേട്ടപ്പോൾ അയാൾ ഉള്ളാലേ ഞെട്ടിയെങ്കിലും ഒന്നും പുറത്തു കാട്ടാത ചോദ്യഭാവത്തിൽ നോക്കി.

“ഉർവ്വശിയുടെ അമ്മ ഒരു മറുപടി ചോദിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ. എന്താ ഞാൻ പറയേണ്ടത്?”

അയാൾക്ക് വിഷമം തോന്നി. പാവം ഉമ, സത്യത്തിൽ ഞാൻ അവളെ വഞ്ചിക്കുകയാണ്. വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് കരുതി അവൾ വിഷമിക്കുന്നുണ്ടാവും.

“എന്തു മറുപടി?”

ഗൗതമൻ ഒന്നുമറിയാത്തതു പോലെ ഭാവിച്ചു. ഉമയ്ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടെന്ന് ആ മുഖഭാവം വിളിച്ചു പറുന്നുണ്ടായിരുന്നു. “ഉമേഷിന്‍റെ കല്യാണക്കാര്യം തന്നെ. ഒന്നുമറിയാത്ത ഭാവം വേണ്ട ഗൗതമേട്ടാ…”

“ഉമ, ഇക്കാര്യത്തിൽ ഉടനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല.” ഗൗതമൻ കാപ്പി കുടിച്ച ശേഷം കപ്പുമായി ്ടുക്കളയിലേക്ക് നടന്നു.

“നോക്കൂ, നിങ്ങൾ എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടോ?” ഉമയുടെ ചോദ്യം അയാളെ അസ്വസ്ഥനാക്കി.

“എന്താ ഉമാ ഇങ്ങനെ… എനിക്കെന്താണ് നിന്നോട് ഒളിക്കാനുള്ളത്?”

“ഉണ്ട്, എന്തോ ഉണ്ട്. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ പെരുമാറില്ല. ഉർവ്വശിക്കെന്താ ഒരു കുറവ്…”

“ഛെ, അവൾക്കൊരു കുറവുമില്ല. ഇപ്പോൾ അവർക്കു പരീക്ഷയല്ലേ…. അതു കഴിയട്ടെ… ഡിസംബർ 17-ാം തീയതി അവൻ പരീക്ഷ കഴിഞ്ഞ് ഇവിടെയെത്തുമല്ലോ? അപ്പോൾ നമുക്ക് തീരുമാനമെടുക്കാം.”

ഇനിയും ഉമയെ കുരങ്ങു കളിപ്പിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് അയാൾക്ക് തോന്നി. ഉമയുടെ മുഖം തെളിഞ്ഞു.

“എങ്കിൽ ഉർവ്വശിയോടും ഇങ്ങോട്ട് വരാൻ പറയാം. ക്രിസ്തുമസല്ലേ…”

“ഉർവ്വശിയെ മാത്രം വിളിക്കുന്നത് ശരിയല്ല. അവളുടെ അമ്മയേയും സഹോദരനേയും കൂടി ക്ഷണിക്കണം.”

“ശരി, നാളെ ഞാൻ രേണുവിനെ വിളിക്കാം.” ഉമ സന്തോഷത്തോടെ പറഞ്ഞു.

രാത്രി 10 മണിയായപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. പരീക്ഷക്കാര്യം സംസാരിച്ച ശേഷം അവൻ അമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. ഉമേഷ് അങ്ങനെയാണ്. പേഴ്സണൽ കാര്യങ്ങൾ അമ്മയോടാണ് ചർച്ച ചെയ്യുക. ക്രിസ്തുമസിന് വീട്ടിലെ പ്രോഗ്രാം എന്തൊക്കെയാണെന്ന് ധാരണയാക്കുകയാണ് അമ്മയും മകനും തമ്മിൽ സംഭാഷണം കഴിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ഗൗതമൻ ചോദിച്ചു.

“അവനെന്തു പറഞ്ഞു?”

“സെവന്‍റീൻതിന് രണ്ടുപേരും വരുമെന്ന്?”

ഗൗതമൻ കൂടുതലൊന്നും സംസാരിച്ചില്ല. അയാൾ റിമോട്ടെടുത്ത് ടിവി ചാനലുകൾ മാറി മാറി നോക്കാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ 7.30 ന് ഗൗതമന് ഓഫീസിൽ എത്തണമായിരുന്നു. ധാരാളം ജോലിയുണ്ട്. ക്രിസ്തുമസിന് ഇവിടെ നാലു ദിവസത്തെ അവധി ഓഫീസുകൾക്ക് പതിവാണ്. സാറ്റാഫ് ലീവെടുത്തു പോകുന്നതിനു മുമ്പ് കുറേ അത്യാവശ്യ ജോലികളുണ്ട്.

ഉമ എഴുന്നേറ്റിട്ടില്ല. കനത്ത മഞ്ഞു വീഴ്ചയുടെ സമയം കൂടിയാണ്. അതിരാവിലെ എഴുന്നേൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അയാൾ ഭാര്യയെ ഉണർത്താതെ കാപ്പിയുണ്ടാക്കി കുടിച്ചു. പുലർച്ചെ കാറോടിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് ഗൗതമന്. പക്ഷേ ഇപ്പോഴത്തെ കാലാവസ്ഥയിൽ അൽപം റിസ്കുണ്ട്. നൂൽമഴ പോലെ പെയ്യുന്ന മഞ്ഞ് കാഴ്ചയെ ഇടയ്ക്കിടെ മറയ്ക്കും. അതുകൊണ്ട് സീസണിൽ ഡ്രൈവർ തന്നെയാണ് ഓഫീസിലേക്കും വീട്ടിലേക്കും ഡ്രോപ് ചെയ്യുന്നത്.

വൈകിട്ട് വീട്ടിലെത്തുമ്പോൾ ഉമ പതിവു പോലെ ചായയുമായെത്തി. കൂടെ ധാരാളം വിഭവങ്ങൾ. ഇത്രയേറെ വിഭവങ്ങൾ ഒരുമിച്ചുണ്ടാക്കാൻ എന്താവും കാര്യം? ഗൗതമൻ ചെറുചിരിയോടെ ഉമയെ നോക്കി.

“നാളെ കുട്ടികൾ വരും…. അതുകൊണ്ട് ഞാൻ…” അവൾ പാതിയിൽ നിർത്തി.

“ഓ… അതു നന്നായി.”

“ഞാൻ രേണുവിനെ വിളിച്ചിരുന്നു. ഉർവ്വശിയെ കൂട്ടിക്കൊണ്ടു വരുന്നതിൽ അവർക്ക് എതിർപ്പില്ല.”

ഗൗതമൻ അപ്പറഞ്ഞതിന് മറുപടിയൊന്നും നൽകിയില്ല. അയാൾ നിശ്ശബ്ദനായിരിക്കുന്നത് കണ്ടപ്പോൾ ഉമ വീണ്ടും ചോദിച്ചു. “ഞാൻ പറഞ്ഞത് കേട്ടുവോ?”

“ഉവ്വല്ലോ.”

“പിന്നെന്താ മറുപടിയില്ലാത്തത്….”

“ഇതിനൊക്കെ ഞാൻ എന്തു മറുപടിയാണ് നൽകേണ്ടത്…”

ഉമ വിചാരിച്ച രീതിയിലല്ല ഗൗതമന്‍റെ പ്രതികരണമെങ്കിൽ, അവളുടെ മട്ടു മാറും. ഇപ്രാവശ്യവും അതു തെറ്റിയില്ല. അവൾ ദേഷ്യത്തിൽ ചാടിയെഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി. ഗൗതമൻ അതുകണ്ട് ഉള്ളിൽ ചിരിച്ചു.

“സില്ലി ഗേൾ.” എത്ര കാലമായി, ഇവളുടെ ഈ സ്വഭാവത്തിനു മാത്രം ഒരു മാറ്റവുമില്ല.

മൂക്കിൻ തുമ്പത്താണ് ദേഷ്യം. പെട്ടെന്ന് തന്നെ തണുക്കുകയും ചെയ്യും. അവളുടെ ദേഷ്യമകറ്റാൻ എന്താണൊരു വഴിയെന്നാലോചിക്കുമ്പോഴാണ് നാളത്തെ ക്രിസ്തുമസ് പാർട്ടിയെക്കുറിച്ച് ഓർത്തത്. എല്ലാ വർഷവും ഓഫീസിൽ പതിവുള്ളതാണ്.

“എടോ, നാളെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയുണ്ട്, 7 മണിക്ക്.”

“നാളെ എങ്ങനെ വരും, കുട്ടികൾ ഉണ്ടാവില്ലേ ഇവിടെ?”

“നീ അവരേയും കൂട്ടിക്കോ…”

ഉമ വിശ്വസനീയതയോടെ അയാളെ നോക്കി. അവളുടെ മുഖത്ത് സന്തോഷം ഇരച്ചെത്തുന്നത് അയാൾ കണ്ടു.

ഡിന്നർ കഴിച്ച ശേഷം ബഡ്റൂമിലേക്കു പോകാൻ തുടങ്ങുകയായിരുന്നു ഗൗതമൻ. അപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്. ഉമ താഴെ ചെന്ന് വാതിൽ തുറന്ന ശേഷം ഒരു മിനിട്ടിനകം ഓടി മുകളിലെത്തി.

“500 ഡോളറിന് വീട്ടിലാകെ ക്രിസ്തുമസ് ലൈറ്റ്സ് ഇടാമെന്ന്… യെസ് പറയട്ടെ…”

“ഇതു ചോദിക്കാനാണോ നീ ഓടിക്കിതച്ചു വന്നത്. നിന്‍റെ ഇഷ്ടം പോലെ ചെയ്തോളൂ.”

“അയൽപക്കത്തെല്ലാം ഓർഡർ ചെയ്തു. അവിടെയൊക്കെ ലൈറ്റ് ഇട്ടു കഴിഞ്ഞു. നമ്മുടെ വീടു മാത്രം ഇതിനിടയിൽ ഒറ്റപ്പെട്ടതു പോലെ തോന്നും.” ഉമ പറഞ്ഞു.

“ദീപാവലിക്കു പോലും ലൈറ്റ് ഇടാത്ത ആളാണ്. ഇപ്രാവശ്യം എന്താ ഇത്ര ഉത്സാഹം…” ഗൗതമൻ അവളെ കളിയാക്കി.

“അടുത്ത വർഷമാകട്ടെ ദീപാവലിക്കും, നമുക്ക് ദീപാലങ്കാരമിടാം.”

“ഉമ, സത്യം പറയൂ, നാളെ കുട്ടികൾ വരുമെന്ന് പറഞ്ഞിട്ടല്ലേ…. ഈ പതിവില്ലാത്ത സന്തോഷം.”

ഗൗതമൻ പൊട്ടിച്ചിരിച്ചു. അതു കണ്ട് അവൾ ചമ്മലോടെ പറഞ്ഞു. “ദേ, നാളെ ഉർവ്വശിയുടെ മുന്നിൽ വച്ച് എന്നെ വഴക്കു പറയരുത്.”

“നിന്നോട് പറയാനുള്ളത് നേരെചൊവ്വേ പറഞ്ഞാൽ നീ കേൾക്കാഞ്ഞിട്ടല്ലേ…”

“വഴക്കു പറഞ്ഞാലും ശബ്ദം താഴ്ത്തിയേ പറയാവൂ…”

“അതെന്താ?” ഉള്ളിൽ വന്ന ചിരി പുറത്തു കാട്ടാതെ ഗൗതമൻ ചോദിച്ചു.

“ആ കുട്ടി എന്തു വിചാരിക്കും?”

“ഓകെ. നീ സമാധാനമായി ഉറങ്ങ്. എല്ലാം നമുക്ക് പരിഹരിക്കാം.”

“എന്നാൽ ഞാനുറങ്ങിയിട്ട് നിങ്ങൾ ഉറങ്ങിയാൽ മതി.”

അവൾ അയാളോടു ചേർന്നു കിടന്നുകൊണ്ട് പറഞ്ഞു. പതിവില്ലാത്ത ആ റൊമാൻസ് കണ്ടപ്പോൾ ഗൗതമന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരിക്കും… നിനക്കിതെന്തു പറ്റി ഉമേ…”

“നിങ്ങൾക്കെന്നോട് പഴയതുപോലുള്ള സ്നേഹം ഇല്ലേ എന്നൊരു തോന്നൽ”

“നിന്നെയല്ലാതെ മറ്റാരെ സ്നേഹിക്കാനാണ് ഉമേ…” അയാൾ അവളെ മുറികെ ചേർത്തു പിടിച്ചു.

ഇന്നാണ് ഗൗതമന്‍റെ ഓഫീസിലെ പാർട്ടി. ഉർവ്വശിയും ഉമേഷും ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോഴാണ് ഇക്കാര്യം ഉമ പറഞ്ഞത്. പപ്പ തങ്ങളേയും പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഉർവ്വശിക്കു പകുതി ആശ്വാസം തോന്നി. വിവാഹത്തിൽ എന്തോ അതൃപ്തി ഗൗതമന് ഉണ്ട് എന്ന തോന്നൽ അവളെ അസ്വസ്ഥയാക്കിയിരുന്നു.

അവർ മൂവരും വൈകിട്ട് ഓഫീസിലെത്തുമ്പോൾ 7 മണിയായി. പാർട്ടി തുടങ്ങിയിരുന്നു. ഗൗതമന്‍റെ ഉർവ്വശിയെ തന്‍റെ സ്റ്റാഫിന് പരിചയപ്പെടുത്തി. മകന്‍റെ സുഹൃത്ത് എന്നു മാത്രമേ പറഞ്ഞുള്ളൂ. ഇവിടെ ഇത്തരം ആൺ പെൺ സൗഹൃദങ്ങൾ സാധാരണമായതിനാൽ ആരും ആ വരവിൽ അസ്വാഭാവികത കണ്ടതുമില്ല.

പാർട്ടി അവസാനിച്ചപ്പോൾ രാത്രി 12 മണിയോടടത്തു. പിറ്റേന്ന് ശനിയാഴ്ചയായതിനാൽ ആർക്കും തിരക്കുണ്ടായിരുന്നില്ല. ക്രിസ്തുമസ് അവധി തുടങ്ങുന്ന ദിനമാണ് ശനിയാഴ്ച.

ആ രാത്രിയിൽ തിരക്കു കുറഞ്ഞ റോഡിലൂടെയുള്ള കാർ യാത്ര രസകരമായി തോന്നി ഉർവ്വശിക്ക്. ക്രിസ്തുമസ് ലൈറ്റുകളിൽ തിളങ്ങി നിൽക്കുന്ന വീടുകൾ. മഞ്ഞുവീണു നനഞ്ഞ വൃക്ഷത്തലപ്പുകളിലും പലതരം നിറത്തിലുള്ള ദീപങ്ങൾ പ്രഭ ചൊരിയുന്നു.

വീട്ടിലെത്തിയപ്പോഴാണ് അതിലും ത്രില്ലടിച്ചത്. ഷോപ്പുകളിൽ കാണുന്നപോലെ ലൈറ്റ് ബ്ലൂ സ്ട്രിംഗ് ലൈറ്റുകളിൽ അടിമുടി വെളിച്ചം പരത്തി നിൽക്കുകയാണ് വീടും പരിസരവും. പതിവില്ലാത്ത ഒരുക്കങ്ങൾ കണ്ടപ്പോൾ ഉമേഷിനും ഉർവ്വശിക്കും സംശയം.

“പപ്പ ഇതെന്താ…. പതിവില്ലാതെ ക്രിസ്തുമസ് ലൈറ്റ്സ്…. വണ്ടർഫുൾ…”

ഗൗതമൻ അതുകേട്ട് ഉമയെ നോക്കി. എന്നിട്ട് പറഞ്ഞു, “മമ്മിയോട് ചോദിച്ചോളൂ. അവളാണിതിന്‍റെ പിന്നിൽ…”

ഉമ തെല്ലു ചമ്മലോടെ തല വെട്ടിച്ചു. “ഓ, അപ്പോൾ ഓഫീസിൽ പാർട്ടി നടത്താൻ പറഞ്ഞത് ഞാനാണോ? വീട്ടിൽ ലൈറ്റ്സ് ഇട്ടതിനാണ് കുഴപ്പം…” ഉമയുടെ പരിഭവം കണ്ടപ്പോൾ അയാൾക്ക് ചിരിപൊട്ടി.

“അതു ബിസിനസല്ലേ, അവിടെ സൊസൈറ്റിക്കല്ലേ റോൾ.”

“ഓ… പപ്പാ മതി, മമ്മിക്കിനി ഇന്നത്തേക്ക് ഇതുമതി.” ഉമേഷ് ഇടയിൽ കയറി.

രാവിലെ ഗൗതമൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

മറുവശത്ത് രേണു… ഗൗതമൻ ഫോൺ ഉമയ്ക്ക് കൈമാറി.

“ഉർവ്വശി ഇവിടെയുണ്ട് രേണൂ… ഇന്നലെ ഓഫീസിൽ ക്രിസ്തുമസ് പാർട്ടിയായിരുന്നു. ക്രിസ്തുമസ് ഹോളിഡേയ്ക്ക് രേണുവും ഇങ്ങോട്ടു വരണം.”

ഗൗതമൻ അവരുടെ സംഭാഷണം ശ്രദ്ധിക്കാത്ത മട്ടിലിരുന്നു. ഫോൺ ഉർവ്വശിക്ക് കൊടുത്തപ്പോൾ ഗൗതമൻ പറഞ്ഞു.

“അടുത്ത റൂമിലെ എക്സ്റ്റൻഷൻ എടുത്ത് സംസാരിച്ചോളൂ.” അമ്മയ്ക്കും മകൾക്കും സ്വകാര്യമായി സംസാരിക്കാനുള്ള അവസരം കൊടുത്തതായിരുന്നു ഗൗതമൻ.

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നെങ്കിലും ടെക്സാസിൽ ഔദ്യോഗികാവശ്യത്തിന് പോകാനുണ്ടായിരുന്നു ഗൗതമന്. ഒരു ദിവസത്തെ യാത്രയുണ്ട്. അവിടെ ഒരു കമ്പനിയുമായി പ്രൊജക്ടിന്‍റെ എഗ്രിമെന്‍റ് ഒപ്പു വയ്ക്കാനുണ്ട്. തിങ്കളാഴ്ച വൈകിട്ട് ടെക്സാസിൽ നിന്ന് മടങ്ങിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മാത്രമേ വീട്ടിലെത്താൻ കഴിഞ്ഞുള്ളൂ.

യാത്രാക്ഷീണവും തണുപ്പും നിമിത്തമാകാം, വീട്ടിലെത്തിയപ്പോൾ ലേശം ടെമ്പറേച്ചർ തോന്നി. അതുകൊണ്ട് അന്ന് ഓഫീസിൽ പോകേണ്ടെന്ന് വച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ തുടങ്ങുമ്പോൾ ഉമ ഓർമ്മിപ്പിച്ചു.

“ഇന്ന് രേണുവും വിജയും എത്തും. വൈകിട്ട് എയർപോർട്ടിൽ നിന്ന് അവരെ കൊണ്ടുവരേണ്ടേ?”

“എനിക്ക് നല്ല സുഖം തോന്നുന്നില്ല, നീ ഉമേഷിനെ അയച്ചാൽ മതി.”

ഗൗതമൻ പറഞ്ഞു. വൈകിട്ട് അൽപം നേരത്തേ വീട്ടിലെത്തുമ്പോൾ അതിഥികളെത്തിയിട്ടുണ്ടായിരുന്നു. വീട്ടിൽ ആകെ ബഹളമയം. ഉമ ഗൗതമന്‍റെ വരവ് കാത്തിരിക്കുകയായിരുന്നു. ഷോപ്പിംഗ് രേണുവിനേയും കൂട്ടി പുറത്തേക്കു പോകാനാണ്. ക്രിസ്തുമസിന് ഒരാഴ്ച മുമ്പേ തുടങ്ങുന്ന ആഘോഷങ്ങൾ തലേദിവസങ്ങളിൽ അതിന്‍റെ പാരമ്യത്തിലെത്തും. പണിയെടുക്കാൻ മടിയില്ലാത്തവരിൽ പോലും ക്രിസ്തുമസ് അവധിദിനങ്ങൾ അടുക്കുമ്പോൾ ഒരു ലേസിമൂഡ് പ്രകടമാണ്.

ഓഫീസ് രണ്ടു ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. എല്ലാം ഭദ്രമല്ലേ എന്ന് ഒരുവട്ടം കൂടി ഉറപ്പു വരുത്തിയ ശേഷമാണ് ഗൗതമൻ ഓഫീസടച്ചു നേരത്തേ വീട്ടിലേക്കു പോന്നത്. രേണുവും ഉമയും ഷോപ്പിംഗ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ സമയം രാത്രി 9 മണി. ഭക്ഷണവും അവർ പുറത്തു നിന്നും വാങ്ങി.

ആ രാത്രി കടുത്ത തണുപ്പായിരുന്നു. മഞ്ഞിനോടൊപ്പം നേർത്ത കാറ്റും കൂടി വീശുന്നതിനാൽ ജനൽപാളികളിൽ സാമാന്യം കനത്തിൽ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരുന്നു.

ഫാമിലി റൂമിൽ ടി വി കാണാനിരിക്കുമ്പോൾ, ഉമേഷ് ഫയർ പ്ലേസ് കത്തിച്ചുവച്ചു.

ക്രിസ്തുമസ് ദിനങ്ങളിലെ രാവിന് പ്രത്യേക ഭംഗിയുണ്ട്. നിലാവും മഞ്ഞും തണുപ്പും ആഘോഷവും നിറഞ്ഞ രാവുകൾ. ഗൗതമൻ ജനാല തുറന്ന് പുറത്തേക്ക് നോക്കി. അങ്ങകലെ നിരനിരയായി തലകുനിച്ചു നിൽക്കുന്ന സൈപ്രസ് മരങ്ങൾ. മഞ്ഞു കണങ്ങൾ പൊതിഞ്ഞ ഇലകളിൽ നിലാവ് ചിന്നിച്ചിതറി വീഴുന്നു. എത്ര കണ്ടാലും മതിയാവാത്ത ആ കാഴ്ചയിലേക്ക് അയാൾ ദീർഘനിശ്വാസത്തോടെ കണ്ണയച്ചു.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 4

തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. ഓഫീസ് നമ്പറിലാണ്. ഗൗതമൻ റിസീവർ എടുത്തു ചെവിയോടു ചേർത്തു. ഹലോ പറഞ്ഞപ്പോൾ തിടുക്കത്തിൽ, അൽപം അനിഷ്ടത്തോടെ ഉമേഷ് ചോദിച്ചു.

“പപ്പാ, എന്താണ് തീരുമാനം..?”

“രണ്ടാഴ്ച കഴിഞ്ഞ് നിന്‍റെ പരീക്ഷയല്ലേ. അതു കഴിഞ്ഞ് ക്രിസ്തുമസിന് അവധിക്കു വരുമ്പോൾ നമുക്ക് തീരുമാനിക്കാം. ഇപ്പോൾ നീ നന്നായി പഠിക്ക്, കേട്ടോ…”

ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്നു. ഗൗതമൻ കൂടുതൽ സംസാരിക്കാനൊരുങ്ങാതെ ഫോൺ കട്ട് ചെയ്തു.

വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഭാര്യ ദേഷ്യത്തിലാണെന്ന് ഗൗതമന് മനസ്സിലായി. ചായ എടുത്തു വച്ച ശേഷം കനപ്പിച്ച മുഖത്തോടെ ഉമ ടേബിളിനരികിൽ നിന്നു.

“ഉമേഷ് എന്നെ വിളിച്ചിരുന്നു. അൽപം മുമ്പ് ഉർവ്വശിയും ഞാൻ എന്താ അവരോട് പറയേണ്ടത്?”

“അവര് വിളിച്ചോട്ടെ… അതിനു നീ എന്തിനാ വിഷമിക്കുന്നേ…?”

“നിങ്ങൾക്ക് വിവാഹത്തിൽ താൽപര്യമില്ലെന്ന് ഉർവ്വശിയുടെ ചിന്ത.” ഉമ പറഞ്ഞു.

“അവളങ്ങനെ പറഞ്ഞോ? നീ എന്തെങ്കിലും ചോദിച്ചു കാണും?”

“ഹാ… ചോദിച്ചു.” ഉം ദേഷ്യത്തോടെ മുഖം വെട്ടിച്ചു.

“അവളുടെ അമ്മയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് നമുക്കൊപ്പമല്ലാത്തതു കൊണ്ടാണോ എന്നാണവളുടെ സംശയം.”

“കൊള്ളാം. അവൾക്ക് ബുദ്ധിയുണ്ട്.”ഗൗതമൻ നിസ്സാരമട്ടിൽ ചിരിച്ചു. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യം ഇരട്ടിച്ചു.

“എനിക്ക് ആ കുട്ടിയെ ഇഷ്ടമായി എന്ന് ഞാൻ നേരത്തേ പറഞ്ഞതല്ലേ. പിന്നെന്താ ഗൗതമേട്ടൻ ഇങ്ങനെ…?”

“നിനക്ക് ഇഷ്ടമാണെങ്കിൽ പിന്നെന്തിനാണ് എന്‍റെ സമ്മതം ചോദിക്കുന്നത്?”

“അതുശരി, നിങ്ങൾ സമ്മതിക്കാതെ തീരുമാനിക്കണോ? വേണ്ട.”

“എനിക്ക് ഇപ്പോൾ നല്ല തിരക്കുള്ള സമയമാ. ആലോചിക്കാൻ അൽപം സമയം വേണം.” ഗൗതമൻ ആ വിഷയം വിടാൻ വേണ്ടി ഒഴിയാൻ ശ്രമിച്ചു.

“ഇതിൽ ആലോചിക്കാനെന്തിരിക്കുന്നു? ഉമേഷിനും ഉർവ്വശിക്കും പരസ്പരം ഇഷ്ടമാണ്. നമുക്കതല്ലേ വേണ്ടൂ…?” ഉമ ചോദിച്ചു.

“ഉമേ, അവൻ എന്‍റെ അനുമതി ചോദിച്ചില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അവൻ അതു ചോദിച്ച സ്ഥിതിക്ക് എനിക്ക് എല്ലാ വശവും ആലോചിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ. പ്ലീസ് വെയ്റ്റ്!”

ഉമ സംസാരം നിർത്തി. അവൾ ഭക്ഷണം കഴിച്ച ശേഷം ബെഡ്റൂമിലേയ്ക്ക് പോയി ടിവി ഓൺ ചെയ്തു.

രണ്ടാഴ്ച കടന്നു പോയി. ഗൗതമൻ ലഞ്ച് കഴിഞ്ഞ് ഓഫീസ് റൂമിൽ എത്തിയപ്പോഴാണ് ഒരു ഫോൺ വന്നത്.

തിരക്കുള്ള സമയം. വേഗം ജോലി തുടങ്ങാൻ ശ്രമിക്കുകയായിരുന്നു. അതിനു തടസ്സം വന്നപ്പോൾ തോന്നിയ തെല്ലു നീരസത്തോടെയാണ് അയാൾ ഫോൺ എടുത്തത്.

“ഹലോ”

മറുവശത്ത് ഒരു സ്ത്രീ ശബ്ദം.

“ഹലോ, ഗൗതം… രേണു ഹിയർ.”

ഒരു നിമിഷം സ്തബ്ധനായി ഗൗതമൻ ഉർവ്വശിയുടെ അമ്മ… തന്‍റെ…

“ഹലോ രേണു… ഹൗ ആർ യൂ…?”

ശബ്ദം ഇടറാതിരിക്കാൻ പരമാവധി പ്രസന്നതയോടെ അയാൾ ചോദിച്ചു.

“ഫൈൻ! ആന്‍റെ യു…?”

“ഓകെ രേണു, എന്താ ഇപ്പോ വിളിക്കാൻ?”

അയാൾ നേരെ കാര്യത്തിലേക്കു കടന്നു.

“കുട്ടികളുടെ കാര്യം തന്നെ ഗൗതം. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിഷേധിച്ചോളൂ… പക്ഷേ ഇത് ഒരു പകരം വീട്ടലാണെന്ന് അവരൊരിക്കലും അറിയരുത്. എന്‍റെ റിക്വസ്റ്റാണ് പ്ലീസ്…”

“പകരം വീട്ടൽ… വാട്ട് യു മീൻ രേണു…?” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

“നോക്കൂ, ഗൗതം… നിങ്ങൾക്ക് പഴയതൊന്നും മറക്കാനാവില്ല എന്നെനിക്കറിയാം. എന്‍റെ പപ്പ, നിങ്ങളെ അന്ന് അപമാനിച്ചു. എന്‍റെ ആഗ്രഹപ്രകാരം വിവാഹാലോചനയുമായി നിങ്ങൾ എന്‍റെ പപ്പയോട് സംസാരിക്കാനെത്തിയത്. നിങ്ങൾ പാവപ്പെട്ട ഒരു വിധവയുടെ മകനായിപ്പോയി എന്നതു കൊണ്ടു മാത്രമാണ് അന്ന് പപ്പ നമ്മുടെ ബന്ധം നിഷേധിച്ചത്. പക്ഷേ ഞാൻ നിരപരാധിയായിരുന്നു ഗൗതം…” രേണു അടക്കിപ്പിടച്ച് കരയുകയാണെന്ന് ഗൗതമിന് മനസ്സിലായി.

“രേണു, ദയവായി കരയാതിരിക്കൂ… ഇങ്ങനെയാണെങ്കിൽ ഇപ്പോൾ സംസാരിക്കേണ്ട. നമുക്ക് പിന്നീട് കാണാം.” രേണു നിശ്ശബ്ദയായി.

“കുട്ടികളുടെ കല്യാണം തടസ്സപ്പെട്ടു എന്ന് രേണു പറയാൻ എന്താ കാര്യം…?”

“തടസ്സപ്പെട്ടതല്ലെങ്കിൽ പിന്നെ എന്താണിതൊക്കെ? നിങ്ങൾ വീട്ടിൽ വന്ന ശേഷം ഞാനൊരു മറുപടി പ്രതീക്ഷിച്ചു. കുട്ടികൾ പലവട്ടം ഫോൺ ചെയ്തു. അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. എന്‍റെ പപ്പ നിങ്ങളെ അപമാനിച്ചതിന് നിങ്ങൾ എന്നെ ശിക്ഷിക്കുകയാണോ എന്ന് സംശയിച്ചുപോയി. അത്തമൊരു ശിക്ഷ ഏറ്റുവാങ്ങാൻ എന്‍റെ മകൾ എന്തു തെറ്റു ചെയ്തു, ഞാൻ അതോർത്തുപോയി.”

രേണുവിന്‍റെ വാക്കുകൾ

നേർത്ത കരച്ചിലിലേയ്ക്ക് ലയിക്കുന്നത് ഗൗതമൻ വിമ്മിഷ്ടത്തോടെ മനസ്സിലാക്കി. ഉമേഷിനും ഉർവ്വശിക്കും പോസിറ്റീവായ മറുപടി ലഭിക്കാത്തതുകൊണ്ട് താൻ പ്രതികാരം ചെയ്യുകയാണെന്ന് രേണു തെറ്റിദ്ധരിച്ചിരിക്കുന്നു… അവളെ താൻ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് എങ്ങനെ ബോധ്യപ്പെടുത്തും?

“തന്നെ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതും ഇതു പോലൊരു സിറ്റ്വേഷനിൽ ഒരിക്കലും….”

“പണ്ടത്തെ പ്രണയിനിയെ എന്നെങ്കിലും കണ്ടുമുട്ടിയാൽ ഒരു ചോദ്യം മാത്രം ചോദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ചോദ്യം ഇതാണ് രേണൂ, എന്തിനാണ് എന്നെ നിന്‍റെ അച്ഛൻ അപമാനിച്ചത്?”

ഈ ചോദ്യം കേട്ടപ്പോൾ അവൾ തീർച്ചയായും കൂടുതൽ ്സ്വസ്ഥയാവും എന്ന് ഗൗതമനറിയാം. എങ്കിലും മനസ്സിനെ ഇത്രയും കാലം കുത്തി നോവിച്ച ആ ചോദ്യം ഇനിയും അടക്കി വയ്ക്കാൻ വയ്യ. നേരിട്ടായിരുന്നു ചോദ്യമെങ്കിൽ രേണു എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും ഗൗതമൻ ആലോചിച്ചു. ഇതിപ്പോൾ ഫോണിലൂടെയായതിനാൽ അവളുടെ മുഖഭാവമെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. എങ്കിലും ദുഖവും ആശങ്കയും ആ സ്വരത്തിൽ നിഴലിച്ചു നിൽക്കുന്നത് ഗൗതമറിഞ്ഞു.

“അന്ന് പപ്പ അങ്ങനെ പെരുമാറുമെന്ന് ചെറിയൊരു സൂചന കിട്ടിയിരുന്നെങ്കിൽ ഞാൻ ഗൗതമിനോട് പപ്പയെ കാണാൻ പറയില്ലായിരുന്നു… എന്‍റെ ആഗ്രഹങ്ങൾക്ക് എതിരു പറയാത്ത പപ്പയെ മാത്രമേ അതുവരെ ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ആ ധൈര്യത്തിലാണ് ഞാൻ പപ്പയോട് സംസാരിക്കാൻ ആവശ്യപ്പെട്ടത് പക്ഷേ…”

“എനിവേ… രേണു, തുടർന്നുണ്ടായതെന്താണെന്ന്? എനിക്കതറിയണം. എന്‍റെ മനസ്സിന്‍റെ റിലാക്സിനു വേണ്ടി.”

“ദുരിതങ്ങളുടെ കഥ കേട്ടിട്ട് എന്തിനാണ് ഗൗതം? ഇനിയൊരു കാര്യം….?”

“അല്ല രേണു, നമുക്കത് ആശ്വാസമാകും. മുന്നോട്ടുള്ള ജീവിതത്തിന്….” ഗൗതമൻ നിർബന്ധിച്ചപ്പോൾ അവൾ അൽപനേരം നിശ്ശബ്ദമായി. പിന്നെ പറയാൻ തുടങ്ങി.

“ഗൗതം വിട്ടു പോയ ശേഷം എന്‍റം അവസ്ഥ ഊങിക്കാവുന്നതാണല്ലോ? ഞാൻ നിങ്ങളുടെ കൂടെ ഒളിച്ചു പോകുമെന്ന് ഭയന്നിട്ട് പപ്പ എന്‍റെ പഠിത്തം പോലും സ്റ്റോപ്പ് ചെയ്തു. പപ്പയെ മീറ്റ് ചെയ്തപ്പോൾ ഗൗതം അപമാനിക്കപ്പെട്ട കാര്യം ഞാനന്ന് അറിഞ്ഞിരുന്നുമില്ല. ഗൗതം നാടുവിട്ടു പോയിട്ടുണ്ടാവുമെന്ന് ഉറപ്പായ ശേഷം പിറ്റേ വർഷം വീണ്ടും കോളേജിൽ ചേർത്തു. ആ സമയത്തും എന്‍റെ മാനസികാവസ്ഥ വീക്കായിരുന്നു. അതുകൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ എന്‍റെ എതിർപ്പ് അവഗണിച്ച് എന്‍റെ വിവാഹം നടത്തി. യു.പിയിൽ എഞ്ചിനീയറായിരുന്നു വികാസ്.

അദ്ദേഹം നല്ല വ്യക്തിയായിരുന്നു. പക്ഷേ അവരുടെ അച്ഛൻ അത്യാഗ്രഹിയായ ഒരു മനുഷ്യൻ. ലക്ഷങ്ങൾ സ്ത്രീധനം നൽകിയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ അവർ കൂടുതൽ കൂടുതൽ ആവശ്യപ്പെടാൻ തുടങ്ങി. പക്ഷേ വികാസിന് അവരെ എതിർക്കാനുള്ള ധൈര്യമില്ലായിരുന്നു.”

രേണു ഇടറിയ സ്വരത്തിൽ തുടർന്നു.

“ഇതെല്ലാം അറിഞ്ഞപ്പോൾ എന്‍റെ പപ്പയ്ക്ക് വിഷമമായി. അദ്ദേഹം ഒരിക്കൽ വികാസിനോട് ഇക്കാര്യം സൂചിപ്പിച്ചു. അപ്പോൾ വികാസ് പപ്പയെ സമാധാനിപ്പിച്ചു.”

“പപ്പ വിഷമിക്കേണ്ട. ഞാൻ യുഎസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മാസത്തിനകം എല്ലാം റെഡിയാക്കാം. ഞാൻ രേണുവിനെ കൂടെ കൊണ്ടു പൊയ്ക്കൊള്ളാം. അതോടെ എല്ലാ പ്രശ്നവും തീരും.”

“പപ്പയ്ക്ക് അതുകേട്ടപ്പോൾ സന്തോഷമായി. ഒരു മാസത്തിനകം വികാസിന് കാലിഫോർണിയയ്ക്കു പോകാൻ കഴിഞ്ഞു. പക്ഷേ എനിക്ക് സമയത്ത് വിസ റെഡിയാകാത്തതുകൊണ്ട് കൂടെ പോകാനായില്ല. വീണ്ടും ഒരു വർഷം കൂടി ഞാൻ ഭർതൃഗൃഹത്തിൽ നരകയാതന അനുഭവിച്ചു. കടുത്ത ദുരിതകാലം… വികാസിനൊപ്പം കാലിഫോർണിയയിൽ തമസം ആരംഭിച്ചതിനു ശേഷമാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്. വികാസിന് സാൻഫ്രാൻസിസ്കോയിൽ ഒരു കമ്പനിയിൽ നല്ല ജോലി കിട്ടി. ഒരു വർഷത്തിനകം, ഉർവ്വശി ഞങ്ങൾക്കു പിറന്നു. അവൾ പിറന്ന ദിവസം തന്നെ വികാസിന് നല്ല ഒരു കമ്പനിയിലേക്ക് ഓഫർ ലങിച്ചു. ഗൗതമിന്‍റെ സുഹൃത്ത് രവിയെ അവിടെവച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്.”

“ഉർവ്വശിക്ക് നാലു വയസ്സുള്ളപ്പോൾ വികാസ് സഹോദരിയുടെ വിവാഹത്തിന് നാട്ടിലേക്ക് പോയതായിരുന്നു. ഞാൻ വിജയിനെ എട്ട് മാസം പ്രഗ്നന്‍റ് ആയ സമയം. വിവഹശേഷം വികാസ് നാട്ടിൽ ചില ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുമ്പോഴാണ് ആ ദുരന്തം കാർ ആക്സിഡന്‍റിന്‍റെ രൂപത്തിലെത്തിയത്. ആ സമയം യു.എസിലായിരുന്ന ഞാൻ വികാസിന്‍റെ വേർപാട് അറിഞ്ഞത് മൂന്നു ദിവസത്തിനു ശേഷം… അദ്ദേഹത്തെ അവസാനമായി കാണാൻ പോലും കഴിഞ്ഞില്ല.കാരണം ആ സമയം ഞാൻ ലേബർ റൂമിലായിരുന്നു.”

“റിയലി ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി. ഞാൻ ആദ്യം പകച്ചു. പക്ഷേ എന്‍റെ കുഞ്ഞുങ്ങൾക്കു വേണ്ടി ഞാൻ ജീവിക്കണമായിരുന്നു. സാൻഫ്രാൻസിസ്കോയിലെ വീട് വിറ്റ് സൈൻഹോജയിൽ ഞാൻ ഒരു ചെറിയ ഫ്ളാറ്റ് വാങ്ങി. പിന്നെ തരക്കേടില്ലാത്ത ഒരു ഷോപ്പും തുടങ്ങി. ഉർവ്വശി എന്‍റെ ദുഖങ്ങളും പ്രയാസങ്ങളും കണ്ടു വളർന്നവളാണ്. മകൻ വിജയ് അടുത്ത വർഷം കോളേജിലാവും. മകളുടെ വിവാഹം കൂടി കഴിഞ്ഞാൽ ഞാൻ സ്വസ്ഥയാകും.”

“പണ്ട്, ഗൗതം എന്നെ ചോദിച്ച് പപ്പയുടെ അടുത്തെത്തിയതും ആട്ടിയിറക്കിയതും എന്നോട് പിന്നീട് പറഞ്ഞിരുന്നു. അന്ന് ചെയ്ത തെറ്റിന്‍റെ ഫലമാണ് അനുഭവിക്കുന്നതെന്ന കുറ്റബോധം പപ്പയ്ക്ക് ഇപ്പോഴുമുണ്ട്.”

“അങ്ങനെയിരിക്കെയാണ് ഉർവ്വശി എന്നോട് ഉമേഷിനക്കുറിച്ച് പറയുന്നത്. വിർജീനിയയിൽ വച്ച് ഒരിക്കൽ ഞാനവനെ കാണുകയും ചെയ്തു. ഉമേഷിനെ എനിക്കിഷ്ടമായി. അവന്‍റെ അച്ഛനെയും അമ്മയേയും കാണണമെന്നും തോന്നി. അതിനാണ് ഉർവ്വശിയെ അയച്ച് നിങ്ങളെ ക്ഷണിച്ചത്. അന്ന് ഗൗതം എന്‍റെ വീട്ടിലേക്ക് വരുന്ന സമയം വരെ, എനിക്കറിയില്ലായിരുന്നു ഉമേഷ് നിങ്ങളുടെ മകനാണെന്ന്.”

രേണു വീണ്ടും നിശ്ശബ്ദയായി. അവർ എന്തോ ആലോചിക്കുംപോലെ തോന്നി. അപ്പോഴാണ് സെക്രട്ടറി ചില ഫയലുകളുമായി മുറിയിലേക്കു വന്നത്. ഗൗതമൻ രേണുവിനോട് ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞു.

“ഉച്ചയ്ക്കു ശേഷമുള്ള എല്ലാ അപ്പോയിന്‍ര്മെന്‍റുകളും കാൻസൽ ചെയ്തേക്കു.” അയാൾ ഫയലുകൾ ഒപ്പിട്ടു കൊടുത്തിട്ട് പറഞ്ഞു. എന്നിട്ട് ഡോർ അടച്ചു.

“സോറി രേണു, ചില കാര്യങ്ങൾ ഒതുക്കാനുണ്ടായിരുന്നു. ഇനി പറയൂ…”

“ഇനിയെന്തു പറയാൻ. ഇത്രയൊക്കെയേ ഉള്ളൂ വിശേഷങ്ങൾ പറയൂ…”

“1968 മാർച്ചിലെ ആ പുലരി ഇന്നും എനിക്കോർമ്മയുണ്ട്. നമ്മൾ രമ്ടുപേരും മ്യൂസിയം കാണാൻ പോയ ദിനം. ആദ്യത്തെ ഔട്ടിംഗ്.”

“പഠനം കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്കാണ് പോയത്. നിന്‍റെ പപ്പയെ കാണുന്ന കാര്യം എന്‍റെ അമ്മയോട് പറയാൻ. അവിടെ ചെല്ലുമ്പോൾ റെയിവേയിൽ നിന്നു വന്ന അപ്പോയിന്‍റ്മെന്‍റ് ഓർഡർ അമ്മ എടുത്തു തന്നു. ഒരു മാസത്തിനകം ജോലിയിൽ പ്രവേശിക്കണം. തിരുവനന്തപുരത്ത് ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാൻ ഞാൻ വീണ്ടുമെത്തിയപ്പോഴാണ് നിന്‍റെ പപ്പയുടെ ഓഫീസിൽ പോയത്. ആദ്യം അകത്തേക്കു കയറാൻ പോലും കഴിഞ്ഞില്ല. പിന്നെ സെക്രട്ടറിയോട് രേണു പറഞ്ഞിട്ടാണ് വരുന്നതെന്ന് പറയാൻ പറഞ്ഞു. അങ്ങനെയാണ് അനുമതി കിട്ടിയത്. വല്ല ജോലിക്കും ആകും എന്നു കരുതിയാണ് അകത്തേക്ക് കയറ്റിവിട്ടത്. പപ്പയെ കണ്ട് കാര്യം അവതരിപ്പിച്ചപ്പോൾ “വീട്ടിൽ ആരൊക്കെയുണ്ട്” എന്നായിരുന്നു ആദ്യത്തെ ചോദ്യം.”

“ഞാനും എന്‍റെ അമ്മയും.” ഞാൻ മറുപടി പറഞ്ഞു.

“പപ്പ…?”

“അദ്ദേഹം ട്രെയിൻ ആക്സിഡന്‍റിൽ മരിച്ചു.”

“എന്തായിരുന്നു ജോലി?”

“റെയിൽവേ ഗാർഡ് ആയിരുന്നു.”

“പഠനശേഷം എന്താ പരിപാടി?”

“എനിക്ക് അച്ഛന്‍റെ ജോലി കിട്ടി. അടുത്ത മാസം ജോയിൻ ചെയ്യും.”

“എത്രയാ ശബളം…”

“1500…”

“1968 ൽ 1500 നല്ല ശബളമായിരു്നു. പക്ഷേ പപ്പ പറഞ്ഞ മറുപടി കേൾക്കണോ?”

“എന്‍റെ മകൾ രേണു ജന്മദിനത്തിന് 1500 രൂപ ചെലവാക്കും. അവൾക്ക് വസ്ത്രങ്ങളെടുക്കാൻ ആയിരങ്ങൾ വേണം. പിന്നെ നീയെങ്ങനെ ചെലവുകാശ് കണ്ടെത്തും?”

“ഞാനും രേണുവും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. രേണു പറഞ്ഞിട്ടുകൂടിയാണ് ഞാൻ അങ്ങയെ കാണാൻ വന്നത്.”

അപ്പോൾ അദ്ദേഹം ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു, “രേണുവിനൊന്നുമറിയില്ല. അവൾ പറയുന്നതും കേട്ട് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. കടക്ക് പുറത്ത്… ഐ സേ യൂ ഗെറ്റ് ഔട്ട്…” പപ്പ അലറി.

“രേണു, ഞാൻ പിന്നെയെന്തു ചെയ്യും? ഞാനെന്‍റെ അമ്മയെ നിന്‍റെ പപ്പയുടെ അടുത്തേക്ക് വിടാതിരുന്നത് എത്രയോ നന്നായെന്ന് അപ്പോൾ ഞാനോർത്തു. അതുകേട്ട് ഹൃദയവ്യഥയോടെ ഞാൻ പുറത്തു കടന്നു. രേണൂ, പിന്നെ ഞാനെന്തു ചെയ്യണം…?”

“പപ്പയോട് സംസാരിക്കാൻ എന്‍റെ അമ്മയെ അയക്കാമെന്നാണ് ആദ്യം കരുതിയത്. അങ്ങനെ ചെയ്യാതിരുന്നത് എത്ര നന്നായി.”

“ആ സംഭവത്തിനു ശേഷം ഞാൻ ചെന്നെയ്ക്കു പോയി റെയിൽവേ ജോലിയിൽ പ്രവേശിച്ചു. കുറച്ചുനാളുകൾ അങ്ങനെ കഴിഞ്ഞു. എന്‍റെ അങ്കിൾ ആ സമയം യുഎസിലായിരുന്നു. അദ്ദേഹത്തിന് മക്കളില്ല. അങ്കിൾ വിളിച്ചതനുസരിച്ച് ഞാൻ ജോലി ഉപേക്ഷിച്ച് അങ്ങോട്ട് പോയി. അവിടെ ഒരു ചെറിയ കൺസൾട്ടിംഗ് സ്ഥാപനം തുടങ്ങി. തുടക്കത്തിൽ അഞ്ചു ജോലിക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനി. ഇപ്പോൾ 300 പേരുണ്ട് എന്‍റെ സ്ഥാപനത്തിൽ. ഇതിനിടെ ഉമയുമാി എന്‍റെ വിവാഹം നടന്നിരുന്നു. വിവാഹം നടന്ന് 8 വർഷം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് ഉമേഷ് പിറന്നത്.”

“ഉർവ്വശിയെ ആദ്യമായി കണ്ട നിമിഷം തന്നെ ഉമയ്ക്ക് വളരെ ഇഷ്ടമായി.”

“ഹാ… എനിക്കതറിയാം.”

“എങ്ങനെ?”

“ഉമ വിളിച്ചിരുന്നു.”

“അപ്പോൾ നിങ്ങൾ എല്ലാം സംസാരിച്ചു കഴിഞ്ഞു. ഓകെ രേണൂ, ഇനി എനിക്കൊരു ചോദ്യമുണ്ട്. പേഴ്സണൽ. നീ എന്നെ ഇടയ്ക്കെങ്കിലും ഓർമ്മിക്കാറുണ്ടായിരുന്നോ?”

ആ സമയം അവളുടെ മുഖം കാണാൻ അയാൾ കൊതിച്ചു.

“ഗൗതം, നിങ്ങളെന്‍റെ ഫസ്റ്റ് ലവ് അല്ലേ. പിന്നെങ്ങനെ മറക്കും. ഒരിക്കലെങ്കിലും നിങ്ങളെ കാണണമെന്ന് ഞാൻ ആശിച്ചു. മാപ്പു ചോദിക്കാൻ, എല്ലാറ്റിനും.”

“മാപ്പ്? എന്തിന്, നീയൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. നീയെന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ?”

രേണുവിന്‍റെ മറുപടി വരാൻ അൽപം വൈകി.

“എന്താണ്?”

“നിനക്ക് എന്‍റെ മകന്‍റെ അമ്മായിയമ്മ ആയിക്കൂടെ…?” അയാൾ ഇങ്ങനെ ചോദിച്ച് പൊട്ടിച്ചിരിച്ചു.

രേണു അമ്പരന്നു പോയി. “വാട്ട് യൂ സേ ഗൗതം… എന്നെ കളിയാക്കുകയാണോ?”

“നോ രേണൂ, ആം സീരിയസ്. എനിക്കൊരു മോളെ വേണം. അതു ചോദിക്കുന്നതിനൊപ്പം ചില നിബന്ധനകൾ കൂടിയുണ്ട്, പറയട്ടെ….”

“സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാത്ത ഒരു അമ്മയാണ് ഞാൻ.”

“ശരി, നീ ആദ്യം നിബന്ധന കേൾക്കൂ. ഒന്ന്, വിവാഹം വാഷിംഗ്ടണിലായിരിക്കും. കാരണം എന്‍റെ ഫ്രണ്ട്സ് സർക്കിൾ മുഴുവനും അവിടെയാണ്. കാലിഫോർണിയയിൽ നടത്തിയാൽ അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. രണ്ടാമത്തെ നിബന്ധന ഇതാണ്. വിവാഹശേഷം നീയും വിജയും വാഷിംഗ്ടണിൽ സെറ്റിൽ ചെയ്യണം. ബിസിനസ് ഇവിടെയും ചെയ്യാമല്ലോ. ഈ രണ്ടു നിബന്ധനകളും സ്വീകാര്യമാണെങ്കിൽ നമുക്ക് കുട്ടികളുടെ വിവാഹം നടത്താം.”

എല്ലാം അവിശ്വസനീയതയോടെ കേട്ടിരുന്നു രേണു, എത്രമാത്രം ടെൻഷനടിച്ചു. എന്നിട്ടിപ്പോൾ എത്ര ലാഘവത്തോടെ യെസ് പറയുന്നു.

“ഗൗതം… നിങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. എന്നെ ആകെ ടെൻഷനടിപ്പിച്ചു കളഞ്ഞല്ലോ…”

“രേണൂ, തീരുമാനം പറഞ്ഞില്ല.”

“എനിക്കിതിൽ കവിഞ്ഞ സന്തോഷമെന്തുണ്ട്? ഈ ഹാപ്പി ന്യൂസ് ഉടനെ ഉമയേയും ഉർവ്വശിയേയും അറിയിക്കാം.”

“നോ രേണൂ, ഇപ്പോൾ വേണ്ട. കുട്ടികളുടെ എക്സാം കഴിയട്ടെ… ഡിസംബർ 22 ന് വാഷിംഗ്ടണിൽ നിങ്ങൾ വരൂ. അവിടെ വച്ച് നമുക്ക് പറയാം.”

“ഉമയോട് പറയണ്ടേ?”

“വേണ്ട, അതിനും സമയമായില്ല. നമ്മുടെ ഈ സംസാരവും പഴയ ബന്ധത്തെക്കുറിച്ചൊന്നും ഇപ്പോൾ അവരറിയണ്ട.” ഗൗതം പറഞ്ഞു.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 3

ഇന്ന് താങ്ക്സ് ഗിവിംഗ് ഡേ ആണ്. ഗൗതമൻ പതിവുപോലെ പുലർച്ചെ 7 മണിക്ക് എഴുന്നേറ്റു. പക്ഷേ രവിയും കുടുംബവും ഇനിയും ഉറകക്മുണർന്നിട്ടില്ല. വാഷിംഗ്ടണും കാലിഫോർണിയയും തമ്മിൽ മൂന്നു മണിക്കൂർ സമയാന്തരമുണ്ട്. അതുകൊണ്ടാണ് ഇത്ര താമസം. ഇപ്പോൾ വാഷിംഗ്ടണിൽ രാവിലെ 10 മണിയായിക്കാണും. പക്ഷേ, ഇവിടെ 7 മണി ആയതേയുള്ളൂ.

ഗൗതമന് ഉറക്കമുണർന്നാലുടൻ കാപ്പി കുടിക്കണം. അതും നല്ല സ്ട്രോംഗ് കാപ്പി. അക്കാര്യത്തിൽ ഒരു കോംപ്രമൈസും പറ്റില്ല. വീട്ടിലുള്ളവർ ഉണരും വരെ കാത്തിരിക്കാൻ വയ്യ. അയാൾ അടുക്കളയിലേക്കു നടന്നു. കാപ്പിപ്പൊടിയും പഞ്ചസാരയും കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടായില്ല. കാപ്പി തിളപ്പിച്ച് കുടിക്കാൻ തുടങ്ങുമ്പോഴാണ് രവിയുടെ ഭാര്യ എഴുന്നേറ്റു വരുന്നത്.

“സോറി ഗൗതം… നിങ്ങൾ മൂന്നു മണിക്കൂർ മുന്നേ എഴുന്നേൽക്കുമെന്ന കാര്യം ഞാൻ മറന്നു. ബ്രേക്ക്ഫാസ്റ്റ് ഉടൻ ഉണ്ടാക്കാം.”

“ഡോണ്ട് വറി, കാപ്പി കുടിച്ചാൽ എനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ച പോലെയാ…”

അതു കേട്ടുകൊണ്ടാണ് രവിയുടെ വരവ്.

“അതേ…. അതു ശരിയാ… ഹണിക്കു കേൾക്കണോ പഴയ ഒരു കഥ. വാഷിംഗ്ടണിൽ ഒരു ക്രിസ്തുമസ് പുലർച്ചയ്ക്ക് എഴുന്നേൽക്കുമ്പോൾ വീട്ടിൽ കാപ്പിപ്പൊടിയില്ല. അന്ന് കടകളൊന്നും തുറക്കുകയുമില്ല. ഇവൻ കാറുമെടുത്ത് ഒരു മണിക്കൂർ കറങ്ങി ഒരു ഷോപ്പ് കണ്ടുപിടിച്ച് കാപ്പി വാങ്ങി. ഇവന്‍റെ കാപ്പികുടി കാര്യം ഞാനോർത്തില്ല. ഇല്ലെങ്കിൽ ഇന്നലെത്തന്നെ തിളപ്പിച്ച് ഫ്ളാസ്കിൽ എടുത്തു വയ്ക്കാമായിരുന്നു.”

രവി പറഞ്ഞപ്പോൾ ഗൗതമൻ പൊട്ടിച്ചിരിച്ചുപോയി. 25 വർഷം മുമ്പുള്ള കാര്യം. രവി അതുപോലും ഓർമ്മിച്ചു വച്ചിരിക്കുന്നു. “റിയലി അൺബിലീവബിൾ… നീ അതൊന്നും മറന്നിട്ടില്ലേ…” രവിയുടെ തോളത്ത് ഗൗതമൻ കുസൃതിയോടെ അടിച്ചു.

11 മണിയായപ്പോഴാണ് ബ്രേക്ക്ഫാസ്റ്റ് റെഡിയായത്. അതൽപം ഹെവിയായി കഴിച്ചു. പിന്നെ ലഞ്ച് കഴിക്കേണ്ടതില്ലല്ലോ. ഇതിനിടയിൽ ഉർവ്വശിയെ ഫോൺ ചെയ്ത് ഉമേഷ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

“പപ്പ ഉർവ്വശിയാണ് ലൈനിൽ.” ഉമേഷ് റിസീവർ അടച്ചുപിടിച്ച് വിളിച്ചു.

ഡിന്നറിന് രവിയെയും കുടുംബത്തെയും കൂടി ക്ഷണിക്കാനാണ് ഉർവ്വശി വിളിച്ചത്. രവിയോട് ചോദിച്ചപ്പോൾ അയാൾക്ക് പൂർണ്ണ സമ്മതം.

“ഓകെ. വി വിൽ ബി ദേർ അറ്റ് സെവൻ.”

ഒരു മണിക്കൂർ യാത്രയുണ്ട് സൈൻഹോജയിലേക്ക്. രവിയുടെ കാറിലായിരുന്നു യാത്ര. വൃത്തിയുള്ള വിശാലമായ റോഡ്. നഗരത്തിരക്ക് കഴിഞ്ഞപ്പോൾ ഇരുപുറവും വിശാലമായ ആപ്പിൾ തോട്ടങ്ങൾ. വിളവെടുപ്പിന് പാകമാകാത്ത പച്ച ആപ്പിളുകൾ നിറയെ കായ്ച്ചു കിടക്കുന്നു. ഇവിടത്തെ പ്രധാന കൃഷിയാണ് ആപ്പിൾ. പുറംനാടുകളിലാണ് കാലിഫോർണിയൻ ആപ്പിളുകളുടെ വിപണി.

കാറിന്‍റെ പിൻസീറ്റിലാണ് ഗൗതമനും ഉമയും. “ഗൗതം താൻ വേണമെങ്കിൽ ഉറങ്ങിക്കോ… ഒരു മണിക്കൂർ സമയമുണ്ട്.” രവി പറഞ്ഞു. അൽപനേരം കണ്ണ് തുറന്നിരുന്നെങ്കിലും കാഴ്ചകളിൽ മനസ്സ് ഉറയ്ക്കാതെയായപ്പോൾ അറിയാതെ കണ്ണുകടഞ്ഞു. കാർ നിർത്തി ഡോർ തുറക്കുന്ന ഗൗതമൻ പിന്നെ കണ്ണു തുറന്നത്.

ഒരു ടൗൺ ഹൗസിനു മുന്നിലാണ് വണ്ടി. അവർ കാറിൽ നിന്നിറങ്ങി. ഉമേഷ് കോളിംഗ് ബെല്ലിൽ വിരലമർത്തി. ഒട്ടും വൈകാതെ ഉർവ്വശി വാതിൽ തുറന്നു. പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു തോന്നി. അവൾ പറഞ്ഞു, “വരൂ, എന്‍റെ വീട്ടിലേക്ക് സ്വാഗതം.”

മധ്യവയസ്കനായ ഒരു സ്ത്രീ അകത്തു നിന്ന് ഡ്രോയിംഗ് റൂമിലേക്കു വന്നു കൈകൂപ്പി.

“പപ്പാ.. മീറ്റ് മൈ മമ്മി രേണു.” ഉർവ്വശി പരിചയപ്പെടുത്തി.

ഗൗതമൻ അവരുടെ നേരെ നോക്കി കൈകൂപ്പി. വിഷ് ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞെട്ടിത്തരിച്ചു. തലച്ചോറിനുള്ളിൽ ഒരു സേഫോടനം പോലെ… ഈ മുഖം…

ഉർവ്വശി സന്തോഷത്തോടെ ഉമയെയും രവിയെയും എല്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഗൗതമൻ പെട്ടെന്ന് സമനിലയിലെത്തി. അയാൾ തന്നെ രവിയേയും ഭാര്യയേയും രേണുവിന് പരിചയപ്പെടുത്തി. അല്ലെങ്കിൽ രവിക്കെന്തു തോന്നും?

ഈ സമയം, ഉമ വീടു ശ്രദ്ധിക്കുകയായിരുനനു. വർത്തിയുള്ള തെറിയയ വീട്. അത്ര പോഷ് അല്ല. എങ്കിലും എല്ലാം ഉണ്ട്. ട്രേയിൽ ജ്യൂസുമായി ഒരു ആൺകുട്ടി മുറിയിലേക്കു വന്നു.

“ഉർവ്വശീ, ഇതാണോ നിന്‍റെ അനുജൻ?” ഗൗതമൻ ചോദിച്ചു.

“അതേ പപ്പ, സോറി, ഞാനിവനെ പരിചയപ്പെടുത്താൻ മറന്നു. പേര് വിജയ്.”

“ങാഹാ.. വിജയ് എത്രാം ക്ലാസിലാ പഠിക്കുന്നേ?”

“ടെൻത് കഴിഞ്ഞു. പ്ലസ് വൺ ക്ലാസ്സ് തുടങ്ങുന്നതേയുള്ളൂ.”

ചുരുങ്ങിയ സമയത്തിനുള്ളിൽ ഉമയും ഉർവ്വശിയുടെ മമ്മിയും സുഹൃത്തുക്കളെപ്പോലെയായി. ഡ്രോയിംഗ് റൂമിലെ കുടുംബഫോട്ടോ കണ്ടപ്പോൾ രവിക്ക് രേണുവിന്‍റെ ഭർത്താവിനെ പരിചയമുണ്ടെന്നു തോന്നി. അയാൾ ചോദിച്ചു.

“നിങ്ങൾ വികാസ് നാഥിന്‍റെ ഭാര്യയാണോ…?”

“അതെ, അദ്ദേഹത്തെ അറിയുമോ?”

“പിന്നെ, ഞങ്ങൾ എത്രയോ വർഷം ഒരുമിച്ച് ജോലി ചെയ്തവരാണെന്നോ…?”

“വികാസിന്‍റെ സഹോദരിയുടെ മാര്യേജിന് ഞാനും അവനൊപ്പം ഇന്ത്യയിൽ വന്നിരുന്നു. ഐ തിങ്ക്, ബിഫോർ 15 ഇയേർസ്.”

“യെസ്, കൃത്യമായി പറഞ്ഞാൽ 18 വർഷം മുമ്പ്.” രേണു ഓർമ്മിച്ചെടുത്തു.

അടുക്കളയിൽ നിന്ന് ഉർവ്വശിയുടെ വിളി വന്നത് അപ്പോഴാണ്. “മമ്മീ, ഇങ്ങോട്ടൊന്നു വര്വോ…”

അവർ അടുക്കളിലേക്കു നടന്നപ്പോൾ ഉമ ഗൗതമനെ കൈകൊണ്ട് തട്ടി.

“നിങ്ങളെന്താ രേണുവിനോട് മിണ്ടാതിരിക്കുന്നത്…?”

“ഹൊ… നീ സംസാരിക്കുന്നില്ലേ… പിന്നെ അതിനിടയിൽ ഞാൻ….” ഗൗതമൻ മടിയോടെ പറഞ്ഞു.

ഡിന്നർ തയ്യാറായെന്ന് പറയാനാണ് ഉർവ്വശി മമ്മിയെ വിളിച്ചത്. രേണുവിനോടൊപ്പം ഡൈനിംഗ് ടേബിളിനു സമീപത്തേക്കു നടക്കുമ്പോൾ ഗൗതമൻ ചെറിയ ടെൻഷനിലായിരുന്നു.

വിഭവങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ ഉമ അതിശയം മറച്ചുവച്ചില്ല.

“ഇത്രയും വെറൈറ്റി? നിങ്ങൾ തന്നെയാണോ ഇതെല്ലാം ഉണ്ടാക്കിയത്.”

ഉർവ്വശിയുടെ മമ്മി മന്ദഹസിച്ചുകൊണ്ട് പ്ലേറ്റുകളിലേക്ക് ഭക്ഷണം പകർന്നു. ഡൈനിംഗ് ടേബിൾ വളരെ ചെറുതാണ്. കഷ്ടിച്ച് നാലുപേർക്ക് ഇരിക്കാം. ഇത്രയും പേർക്ക് ഒരുമിച്ചിരിക്കാൻ കഴിയാത്തതുകൊണ്ട് ഗൗതമനും രവിയും ഡ്രോയിംഗ് റൂമിലെ സോഫയിൽ വന്നിരുന്നു. കൂടെ ഉമേഷും.

“പ്പാ, കെയു കാമ്പസിലല്ലേ പഠിച്ചത്?”

“അതേ..”

“എന്‍റെ മമ്മിയും അവിടെയാണ് പഠിച്ചത്. പപ്പ ഏതു വർഷം ഗ്രാജ്വേറ്റ് ആയി?”

“1968- ൽ”

“മമ്മിയോ?”

രേണു തെല്ല് അസ്വസ്ഥതയോടെ മറുപടി പറഞ്ഞു, “1969-ൽ”

“അപ്പോൾ നിങ്ങൾ കണ്ടിട്ടേയില്ല…”

ഗൗതമനും രേണുവും പരസ്പരം നോക്കി ചിരിച്ചെന്നു വരുത്തി. അപ്പോഴാണ് ഉമേഷ് സ്വീറ്റ്സുമായി വന്നത്. അവളുടെ ശ്രദ്ധ അങ്ങോട്ടായി. തൽക്കാലം ചോദ്യത്തിൽ നിന്ന് രക്ഷപ്പെട്ടു. ഗൗതമൻ ദീർഘമായി ശ്വസിച്ചു.

“രവി നമുക്ക് ഇറങ്ങിയാലോ, എനിക്ക് ഉറക്കം വരുന്നു.”

ഉമയ്ക്ക് വിഷമം തോന്നി. ഗൗതമൻ ഇത്രയും സൈലന്‍റ് ആയി കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ അങ്ങനെയാണ് പക്ഷേ….

ഉമ ഉർവ്വശിയുടെ അമ്മയോട് തുറന്നു പറഞ്ഞു, “രേണു, നിങ്ങളുടെ മകളെ എനിക്കിഷ്ടമായി. ഗൗതമേട്ടന്‍റെ അഭിപ്രായം കൂടി അറിഞ്ഞാലേ മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂ. ഗൗതമേട്ടൻ അങ്ങനെയാ, വളരെ കുറച്ചേ സംസാരിക്കൂ. ഡോണ്ട് ഫീൽ ഹർട്ട് രേണു…”

ഉമ ക്ഷമാപണത്തോടെ പറഞ്ഞു.

രേണു ചിരിച്ചു, “ഓകെ ഉമാ… ഹോപ് വി വിൽ മീറ്റ് എഗെയ്ൻ…”

സൈൻഹോജയിൽ നിന്ന് കാലിഫോർണിയയിലെ രവിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഉമ ഗൗതമനോട് പറഞ്ഞു, “ഉർവ്വശിയുടെ വീട്ടിൽ ചെന്നിട്ട് എന്താ ഒന്നും മിണ്ടാതിരുന്നത്?”

“നീ സംസാരിച്ചല്ലോ, ധാരാളം. അതുപോരേ…”

“നിങ്ങൾക്കെന്തു പറ്റി?”

“ഒന്നുമില്ല.”

ഉമേഷ് ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. “മമ്മീ, പപ്പയ്ക്ക് ഉറക്കം വരുന്നുണ്ടാകും. പിന്നീട് സംസാരിക്കാം.”

വെള്ളിയാഴ്ച. അതും താങ്കിസ് ഗിവിംഗ് ഡേയ്ക്ക് ശേഷമുള്ള വെള്ളിയാഴ്ചയ്ക്ക് അമേരിക്കയിൽ വളരെ പ്രാധാന്യമുണ്ട്. അന്ന് ഷോപ്പിംഗ് മാളുകളിലേക്ക് ജനപ്രവാഹമാണ്. ഉമയും രവിയുടെ ഭാര്യ ഹണിയും കൂടി രാവിലെ തന്നെ കാലിഫോർണിയയുടെ നഗരത്തിരക്കിലേക്കിറങ്ങി. മിക്ക കടകളിലും രാവിലെ 6 മുതൽ തിരക്ക് അനുഭവപ്പെട്ടു.

ഗൗതമനും രവിയും അന്ന് വീട്ടിൽ തന്നെയിരുന്ന് പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഉമയും ഹണിയും ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തി. ഉച്ചഭക്ഷണം പാഴ്സൽ വാങ്ങിയാണ് വരവ്. പിറ്റേ ദിവസത്തേക്കുള്ള ടൂർ പ്രോഗ്രാം ഉമ തലേന്നു തന്നെ പ്ലാൻ ചെയ്തു. സാൻഫ്രാൻസിസ്കോയിൽ പോകണം. ഗോൾഡൻ ബ്രിഡ്ജ് കാണാനാണ്. രാവിലെ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഉമേഷ് ഗൗതമനോട് ചോദിച്ചു.

“പപ്പാ, വാട്ട് ഡുയു തിങ്ക്…?”

“വാട്ട്?”

“ഉർവ്വശി….”

“ഞാനെന്തു പറയാൻ….”

“പപ്പാ, എന്താ ഇങ്ങനെ സംസാരിക്കുന്നത്…” അവൻ നീരസം മറച്ചുവച്ചില്ല.

“ഉമേഷ്, അക്കാര്യം നമ്മുക്ക് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം.” അയാൾ തലയാട്ടുക മാത്രം ചെയ്തു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റുപോയി. മുകളിലെ നിലയിലെ ബാത്ത്റൂമിലേക്കു പോകുമ്പോൾ ഉമേഷ് ആരോടോ ഫോണിൽ സംസാരിക്കുന്നത് ഗൗതമൻ ശ്രദ്ധിച്ചു.

“പപ്പ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം സ്വീകരിക്കാതെ എനിക്കൊന്നും പറയാനാവില്ല.”

സംസാരം കേട്ടപ്പോൾ അങ്ങേത്തലയ്ക്കൽ ഉർവ്വശിയാണെന്നു വ്യക്തമായി.

10 മണിക്ക് തന്നെ സാൻഫ്രാൻസിസ്കോയിലെത്തണമെന്ന് ഉമയ്ക്കായിരുന്നു നിർബന്ധം. എല്ലാവരും വേഗം ബ്രേക്ക്ഫാസ്റ്റ് കഴിച്ച് റെഡിയായി. ഉമേഷ് കാപ്പി കുടിച്ചുകൊണ്ട് സോഫയിൽ ഇരിക്കുമ്പോൾ ഹണി പറഞ്ഞു. “മോനേ, ഇനി നിനക്ക് ഇവിടെ ഇടയ്ക്കിടെ വരാം. വൈഫ് ഹൗസിൽ വരുമ്പോൾ എളുപ്പമല്ലേ…”

“വൈഫ് ഹൗസ്? അതിനി എപ്പോൾ ആവാനാണ്….”

“ങാഹാ… അത്രയും തിരക്കായോ വിവാഹത്തിന്? കാത്തിരുന്നു പാകമാകുന്ന പഴത്തിന് മധുരം കൂടും.” ഹണി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഉമേഷ് ചിരിച്ചെങ്കിലും ആ ചിരിക്ക് വേണ്ടത്ര തെളിച്ചമുണ്ടായിരുന്നില്ല. മാറ്റം ഗൗതമൻ ശ്രദ്ധിച്ചുവെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല. സാൻഫ്രാൻസിസ്കോയിൽ രാവിലെ മുതൽ വൈകിട്ടുവരെ അവർ കറങ്ങി നടന്നു. ഇതിനിടയിൽ ഇടയ്ക്കിടെ ഉമേഷിന്‍റെ ഫോൺ റിംഗ് ചെയ്യുന്നതും അവൻ ശബ്ദമുയർത്തി സംസാരിക്കുന്നതും അയാൾ കണ്ടു.

രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉമേഷ് ചോദിച്ചു, “പപ്പാ, എനിക്ക് ഉർവ്വശിയെ മീറ്റ് ചെയ്യണമെന്നുണ്ട്. ഞാൻ പോയി വരട്ടെ.”

“നാളെ യൂണിവേഴ്സ്റ്റിയിലേക്കു മടങ്ങുകയല്ലേ. അവിടെ വച്ച് കാണാമല്ലോ. ഏതായാലും ഈ രാത്രിയിൽ വേണ്ട.”

തന്‍റെ മറുപടി കിട്ടാത്തതുകൊണ്ട് ഇരുവരും ടെൻഷനിലാണ്. ഗൗതമന് അതു മനസ്സിലായി.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 2

രാവിലെ 7.30 ന് ഓഫീസിൽ എത്തണം. തിങ്കളാഴ്ചയാണ്. ഗൗതമൻ ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ 6 മണി. അടുക്കളയിൽ ആ സമയം ഉമ ഉണ്ടാകാറുണ്ട്. പക്ഷേ ഇന്ന് കണ്ണു തുറക്കുമ്പോൾ അവൾ മൂടിപ്പുതച്ച് കിടപ്പാണ്. നെറ്റിയിൽ കൈ വച്ചു നോക്കിയപ്പോൾ പനിയുള്ളതായി തോന്നി. ഉമയെ ഉണർത്താതെ ഗൗതമൻ അടുക്കളയിലെത്തി. ചായയുണ്ടാക്കി കുടിച്ചു. ഉമയ്ക്കുള്ളത് ഫ്ളാസ്കിലാക്കി റൂമിലെടുത്തു വച്ചശേഷം അയാൾ ഓഫീസിലേക്ക് പോയി.

12 കിലോമീറ്റർ അകലെയാണ് ഗൗതമന്‍റെ ഓഫീസ്. തിങ്കളാഴ്ചകളിൽ കടുത്ത തിരക്കാണ്. വൈകിട്ട് ഏഴ് മണിയായത് ഗൗതമൻ അറിഞ്ഞത് സെക്രട്ടറി പോകാൻ അനുവാദം ചോദിച്ചപ്പോഴാണ്.

ഈ നേരമൊന്നും ഉമയെ വിളിക്കാൻ പറ്റിയില്ലല്ലോ എന്ന ഖേദത്തോടെയാണ് ഗൗതമൻ ഡ്രൈവ് ചെയ്തത്. വീട്ടിലെത്തുമ്പോൾ ഉമ അടുക്കളയിൽ ജോലിയിൽ മുഴുകിയിരിക്കുന്നു.

“പനിയുണ്ടെങ്കിൽ കിടന്നാൽ പോരായിരുന്നോ? എന്തിനാ ഭക്ഷണമുണ്ടാക്കിയത്…” ഗൗതമൻ അവളുടെ തലയിൽ അനുകമ്പയോടെ തഴുകി.

“രാവിലെ അൽപം ക്ഷീണം തോന്നി. പക്ഷേ, ഇപ്പോൾ കുഴപ്പമൊന്നുമില്ല.”

രാത്രി ഉമേഷ് വിളിച്ചു. ഞായറാഴ്ച അവൻ യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചു പോയ ശേഷം വിളിക്കുന്നതിപ്പോഴാണ്. വെള്ളിയാഴ്ച വരുമ്പോൾ ഉർവ്വശിയേയും കൊണ്ടുവരുമെന്ന് അവൻ സൂചിപ്പിച്ചു. ഒരാഴ്ച കടന്നു പോയത് എത്ര വേഗമാണ്. വെള്ളിയാഴ്ച വൈകിട്ട് ഗൗതമൻ വീട്ടിലെത്തുമ്പോൾ ഫാമിലി റൂമിൽ ഉമേഷിനും ഉമയ്ക്കുമൊപ്പം ഒരു പെൺകുട്ടി… അൽപം അമ്പരന്നുവെങ്കിലും അയാൾക്ക് അവളെ മനസ്സിലായി. ഉർവ്വശി… മകന്‍റെ കൂട്ടുകാരി…

“നമസ്തേ പപ്പാ..” ഉമേഷ് പറഞ്ഞു. “ പപ്പാ ഇതാണ് ഉർവ്വശി.”

ഉർവ്വശി മുന്നോട്ട് വന്ന് ഗൗതമന്‍റെ കാലിൽ തൊട്ടു വണങ്ങാൻ ശ്രമിച്ചു. അയാൾ അവളെ വിലക്കി.

“വേണ്ട മോളേ, നീ ഇവിടെ വാ.” അയാൾ ഉർവ്വശിയെ അടുത്തി പിടിച്ചിരുത്തി.

“ഉമാ, നമ്മുടെ അതിഥിക്ക് ഭക്ഷണമൊന്നും കൊടുത്തില്ലേ?”

“ഞാൻ പലവട്ടം പറഞ്ഞു. പക്ഷേ കേൾക്കണ്ടേ… പപ്പ വന്നിട്ടു മതി എന്ന് വാശി.”

“ശരി… അതു നന്നായി. നമുക്ക് ഒരുമിച്ച് കഴിക്കാം. ഉമേഷ് ഫ്രിഡ്ജിൽ നിന്ന് കുറച്ച് സ്വീറ്റ്സ് എടുത്തി കൊണ്ടുവാ. ആദ്യം മധുരം തന്നെയാവട്ടെ.?”

ഉമ ചായയെടുക്കാൻ അടുക്കളയിലേക്കു നടന്നപ്പോൾ ഉർവ്വശിയും പിന്നാലെ ചെന്നു. പക്ഷേ ഗൗതമൻ ്വളെ മടക്കി വിളിച്ചു.

“മോളേ, നീ ഇവിടെ വരൂ. എനിക്കൽപം സംസാരിക്കാനുണ്ട്.”

മകൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി. അവളെക്കുറിച്ച് കൂടുതലറിയാൻ നേരിട്ടു സംസാരിക്കുന്നതാണ് നല്ലത്. അയാൾ അവളുടെ വീട്ടുകാരെക്കുറിച്ച് ചോദിച്ചു.

“എനിക്ക് അനിയനുണ്ട് പപ്പാ, ഹൈസ്കൂളിൽ പഠിക്കുന്നു. മമ്മിക്ക് ഒരു ഷോപ്പുണ്ട്. ആദ്യം ഞങ്ങൾ കുടുംബസമേതം സാൻഫ്രാൻസിസ്കോയിലായിരുന്നു. പപ്പ മരിച്ച ശേഷമാണ് വീടു വിറ്റ് സൈൻ ഹോജയിൽ ഒരു ചെറിയ ഫ്ളാറ്റ് വാങ്ങിയത്.”

ഗൗതമനും ഉർവ്വശിയും പല കാര്യങ്ങളും സംസാരിച്ചിരുന്ന് രാത്രി 9 മണിയായി. അപ്പോഴേക്കും ഉമേഷും ഉമയും ചേർന്ന് ഡിന്നർ റെഡിയാക്കിയിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി ഉമേഷ് മുകളിലേക്കു പോയി.

“ഉമാ, നീയും ഉർവ്വശിയും കൂടി ഗസ്റ്റ് റൂമിൽ കിടക്ക്.” ഗൗതമൻ ഇങ്ങനെ പറഞ്ഞിട്ട് ബെഡ്റൂമിലേക്ക് നടന്നു.

ഉർവ്വശിയെ ഗസ്റ്റ് റൂമിലാക്കിയ ശേഷം ഉമ പുതപ്പും കമ്പിളിയുമെടുക്കാനായി ഗൗതമന്‍റെ മുറിയിലേക്ക് ചെന്നു.

“ലുക്ക്, ഉർവ്വശി നല്ല കുട്ടിയാണ്. എനിക്ക് അവളെ ഇഷ്ടമായി. വാട്ട് എബൗട്ട് യു?”

ഉമയുടെ ചോദ്യം കേട്ട് ഗൗതമൻ പൊട്ടിച്ചിരിച്ചു.

“ഇത്രയും വലിയ കാര്യം പറയുമ്പോൾ നിങ്ങൾക്ക് തമാശ…”

“അതേ, ഉർവ്വശിക്ക് ഒരു ബുദ്ധിമുട്ടും തോന്നാതെ നോക്കേണ്ടത് നിന്‍റെ ഡ്യൂട്ടിയാ, മകളോടെന്ന പോലെ തുറന്ന് സംസാരിച്ച് അവളെ അടുത്തറിയാൻ ശ്രമിക്ക്.”

ഗൗതമൻ ഇങ്ങനെ പറഞ്ഞപ്പോൾ മുഖം കടുപ്പിച്ച് ഒരു നോട്ടം നോക്കി ഉമ പുറത്തേക്ക് കടന്ന് വാതിലടച്ചു.

രാവിലെ ഗൗതമൻ 8 മണിക്ക് ഉറക്കമുണർന്ന് ഫാമിലി റൂമിലേക്ക് ചെല്ലുമ്പോൾ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. രാവിലെ നല്ല തണുപ്പാണ്. ഇവിടെ നേർത്ത മഞ്ഞ് നൂലുപോലെ പെയ്തിറങ്ങുന്ന കാഴ്ച അതീവഹൃദ്യമാണ്. ജനാല തുറന്നപ്പോൾ തണുപ്പ് അരിച്ചു കയറി. ആത്മീയതയുടെ പ്രതീകമായി കരുതുന്ന സൈപ്രസ് മരങ്ങൾ മഞ്ഞിൽ പുതച്ച് ഇലകൾ കുമ്പിട്ട് വിനയത്തോടെ നിൽക്കുന്നു.

തണുപ്പ് കൂടിവന്നപ്പോൾ അയാൾ ജനൽ അടച്ചു. പാതി ഗ്ലാസ് വിൻഡോ ആയതിനാൽ പുറത്തെ കാഴ്ച അൽപം മങ്ങലോടെ കാണാം. ചൂടുകാപ്പി കുടിക്കണമെന്നു തോന്നിയപ്പോൾ ഗൗതമൻ അടുക്കളയിൽ പോയി സ്റ്റൗ കത്തിച്ച് കടുപ്പത്തിലൊരു കാപ്പി തയ്യാറാക്കി. അയാൾ പത്രം വായന പകുതിയാക്കിയപ്പോഴാണ് ഉമേഷിന്‍റെ വരവ്. പിന്നാലെ ഉമയും ഉർവ്വശിയും.

അരമണിക്കൂറിനകം പ്രഭാതഭക്ഷണം തയ്യാറാക്കി ഉമ വിളിച്ചു. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഓഫീസിൽ നിന്ന് സെക്രട്ടറിയുടെ വിളി. ഗൗതമൻ ഓപ്പിട്ടയയ്ക്കേണ്ട പേപ്പറുകളുണ്ട്. ഇന്നു തന്നെ അയയ്ക്കുകും വേണം.

“സ്റ്റെഫീ, താൻ ആ പേപ്പറുകൾ ഇങ്ങോട്ടു കൊണ്ടുവാ. എനിക്കിന്ന് ഓഫീസിലെത്താൻ പറ്റില്ല.”

ശനിയാഴ്ച അവധിയാണെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കുറച്ചുപേർ എത്തുക പതിവാണ്. പതിനഞ്ചു മിനിറ്റിനകം സ്റ്റെഫി പേപ്പറുകളുമായി എത്തി. ഉമ അവൾക്ക് ചായയും ഇടിയപ്പവും കൊടുത്തു. ബ്രസീലുകാരി പെൺകുട്ടിയാണ് സ്റ്റെഫി. അവൾക്ക് ഇന്ത്യൻ ഫുഡ് വലിയ ഇഷ്ടമാണ്. ബോസിന്‍റെ വീട്ടിൽ നിന്ന് ഭക്ഷണം കിട്ടിയപ്പോൾ അവൾ വളരെ സന്തുഷ്ടയായ പോലെ തോന്നി. ഒപ്പിട്ട പേപ്പറുകളുമായി അവൾ മടങ്ങിപ്പോയപ്പോൾ ഗൗതമൻ ഉമയോട് തിരക്കി.

“ഇന്നെന്താ പരിപാടി?”

“പ്രത്യേകിച്ചൊന്നുമില്ല. ഉർവ്വശിയുണ്ടല്ലോ. നമുക്ക് പുറത്തു പോകാം.”

“ശരി, എന്നാൽ റെഡിയായിക്കോ.”

ഉർവ്വശിയാണ് ആദ്യം തയ്യാറായി വന്നത്. അവൾ ഫാമിലി റൂമിൽ വന്നിരുന്നപ്പോൾ ഗൗതമൻ ചോദിച്ചു.

“മോളേ… ഇങ്ങോട്ടു പോരുന്ന കാര്യം മമ്മിയോടു പറഞ്ഞില്ലേ…”

“ഞാൻ ഇങ്ങോട്ടു പോരുമെന്ന് മമ്മിക്കറിയാം.”

“എങ്കിലും ഇവിടെ വന്ന ശേഷം ആ വിവരം മമ്മിയോട് വിളിച്ചു പറയേണ്ടേ. ചെല്ലൂ, ആ മുറിയിൽ ഫോണുണ്ട്.”

ഉർവ്വശി ഫോൺ ചെയ്യാൻ പോയി. അപ്പോഴേക്കും ഉമയും ഉമേഷും ഔട്ടിംഗിന് തയ്യാറായി വന്നു. വാഷിംഗ്ടണിൽ ഷോപ്പിംഗിന് പറ്റിയ പുതിയ രണ്ടു മാളുകൾ തുറന്നിട്ടുണ്ട്. അവിടെ പോകാൻ കഴിഞ്ഞില്ലെന്ന് ഉമയുടെ പരിഭവം കഴിഞ്ഞയാഴ്ച കേട്ടതേയുള്ളൂ. ഷോപ്പിംഗും കറക്കവുമൊക്കെ കഴിഞ്ഞ് വിശന്നു വലഞ്ഞപ്പോൾ ഒരു നോർത്ത് ഇന്ത്യൻ റസ്റ്റോറന്‍റിൽ കയറി. ഗൗതമനും ഭാര്യയും വാഷിംഗ്ടണിൽ സെറ്റിൽ ചെയ്തിട്ട് 30 വർഷമായി. ഇരുവരും വെജിറ്റേറിയനാണ്. ഉമേഷും അതു പിന്തുടർന്നു. ഉർവ്വശിയുടെ കാര്യത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ അവളും വെജിറ്റേറിയൻ തന്നെയാണെന്ന് മനസ്സിലായപ്പോൾ ഉമയ്ക്കു വലിയ സന്തോഷം.

രാത്രി വീട്ടിലെത്തിയപ്പോൾ ഗൗതമൻ ഉർവ്വശിയോട് ചോദിച്ചു, “മമ്മിയോട് ഉമേഷിനെക്കുറിച്ച് നീ സംസാരിച്ചിട്ടുണ്ടോ മോളേ…”

“ഉവ്വ് പപ്പാ…

“ഉർവ്വശിയുടെ മമ്മി, പപ്പയെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്.” ഉമേഷ് ഇടയിൽ കയറി.

“ഉമേഷ്, ഞാൻ നിന്നോടല്ല ചോദിച്ചത്.”

അവൻ അതുകേട്ട് ചമ്മലോടെ മുറിയിലേക്കു പോയി.

“ഉർവ്വശി തന്നെ പറയട്ടെ കാര്യങ്ങൾ. എനിക്ക് അതാണ് കേൾക്കേണ്ടത്.”

“ഉമേഷ് പറഞ്ഞത് ശരിയാ പപ്പാ. അതെങ്ങനെ അവതരിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.”

“ഓകെ, എന്നാൽ നീ മമ്മിയോട് പറഞ്ഞേക്കൂ, രണ്ടാഴ്ച കഴിഞ്ഞ് താങ്ക്സ് ഗിവിംഗ് ഹോളിഡേയിൽ ഞാൻ എത്തുമെന്ന്.”

(അമേരിക്കയിൽ എല്ലാ വർഷവും നവംബർ 4ന് ആഘോഷിക്കുന്ന ചടങ്ങാണ് താങ്ക്സ് ഗിവിംഗ്. ഈ സമയത്ത് നാല് ദിവസത്തെ ഔദ്യോഗിക അവധിയുണ്ട്.)

ഞായറാഴ്ചത്തെ വാഷിംഗ്ടൺ പോസ്റ്റിന് വലിയ കനമാണ്. ധാരാളം പേജുകൾ. വായിക്കാൻ ഇഷ്ടംപോലെ. കുറഞ്ഞത് രണ്ടു ദിവസം വേണം മുഴുവനും വായിച്ചു തീർക്കാൻ. അതുകൊണ്ട് വീട്ടിലിരുന്നാലും ഞായറാഴ്ച ബോറടി തോന്നുകയില്ല. ഇടയ്ക്കിടെ ചൂടു കാപ്പി കുടിച്ചുകൊണ്ടുള്ള വായനയ്ക്കിടയിൽ അയാൾ ഫാമിലി റൂമിലേക്കും നോക്കുന്നുണ്ടായിരുന്നു. 9.30 ആയി. ഇതുവരെ ആരും എഴുന്നേറ്റിട്ടില്ല. ഇന്നലെ കനത്ത മഞ്ഞുണ്ടായിരുന്നു. തണുപ്പ് കൂടുതലായാൽ ഇന്നാട്ടിൽ ഭൂരിഭാഗവും രാവിലെ എഴുന്നേൽക്കില്ല. 9 മണിയായാലേ വെയിൽ ശക്തമാവൂ. വൈകി എഴുന്നേറ്റതിനാൽ ഉമയും ഉർവ്വശിയും ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ അടുക്കളയിലേക്ക് പോയി.

പ്രഭാതഭക്ഷണം റെഡിയായപ്പോൾ പത്തു മണി കഴിഞ്ഞു. ഗൗതമൻ അൽപം ലേസി മൂഡിലിരിക്കുമ്പോഴാണ് ഓഫീസിൽ നിന്ന് പ്രോജക്ട് മാനേജരുടെ ഫോൺ വന്നത്. അടിയന്തിര കാര്യമായതിനാൽ അയാൾക്ക് അവിടേക്കു പോകാതെ നിവൃത്തിയില്ലായിരുന്നു. ഓഫീസിലേക്കു പോകാൻ നേരം ഗൗതമൻ ഉർവ്വശിയേയും ഉമേഷിനേയും വിളിച്ചു.

“ഞാൻ വരാൻ ലേറ്റായേക്കും. നിങ്ങൾ സമയമാകുമ്പോ മടങ്ങിക്കോളൂ.”

ഗൗതമൻ തിരിച്ചെത്തിയപ്പോഴേക്കും അവർ യൂണിവേഴ്സിറ്റിയിലേക്കു മടങ്ങിയിരുന്നു.

“കുട്ടികൾ പോയോ?”

“അവർ മൂന്നുമണിക്ക് തന്നെ ഇറങ്ങി. പപ്പ ഇത്രയും വൈകുമെന്ന് പ്രതീക്ഷിച്ചില്ല.”

“ഒരു പ്രോജക്ടിന്‍റെ പ്രൊപ്പോസൽ സംബന്ധിച്ച് കുറേ തിരക്കുണ്ടായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി ഇതിനു പിന്നാലേയാണ്.”

“കുട്ടികൾ പോയതു കൊണ്ട് ഒരു രസവും തോന്നുന്നില്ല.”

“നീ പറഞ്ഞത് ശരിയാ ഉമേ.”

“എനിക്ക് ഉർവ്വശിയെ ഇഷ്ടമായി.” ഉമ ആലോചനയോടെ പറഞ്ഞു

“നീ നേരത്തേ പറഞ്ഞതാണല്ലോ…”

“നിങ്ങൾക്ക് ഉർവ്വശിയുടെ അമ്മയെ വിളിച്ചു സംസാരിക്കാമായിരുന്നില്ലേ…”

“തിരക്കു കൂട്ടാതെ ഉമാ…. എല്ലാത്തിനും ഒരു സമയമുണ്ട്. നീ പോയി അൽപം തക്കാളി സൂപ്പ് ചൂടോടെ കൊണ്ടുവാ. മറ്റൊന്നും വേണ്ട, ഇന്ന്.”

ഇരുവരും ചൂടുള്ള സൂപ്പ് കുടിച്ച് ടി.വി കണ്ടുകൊണ്ടിരുന്നു. പത്ത് മണിയായപ്പോൾ ടെലിഫോൺ ബെല്ലടിച്ചപ്പോൾ ഉമ പോയി എടുത്തു. അഞ്ചു മിനിട്ടോളം അവർ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.

“ആരായിരുന്നു ഫോണിൽ?”

“തരുൺ മലിക്കിന്‍റെ വൈഫ് നീതിയാണ്. അടുത്ത ശനിയാഴ്ച അവരുടെ വീട്ടിൽ പാർട്ടിയുണ്ട്. അതിനു വിളിച്ചതാ…”

പിറ്റേന്ന് ഗൗതമന് ഓഫീസിൽ മൂന്ന് മീറ്റിംഗുകളുണ്ടായിരുന്നു. ഇതിനിടയിൽ ഉമേഷിന്‍റെ ഫോൺ സന്ദേശം വന്നു. തിരിച്ചു വിളിച്ചപ്പോൾ അടുത്തയാഴ്ച കാലിഫോർണിയയ്ക്കു എയർലൈൻസ് സീറ്റ് റിസർവ്വു ചെയ്തോ എന്നറിയാനാണ്. സത്യം പറഞ്ഞാൽ ഗൗതമൻ അക്കാര്യം മറന്നിരിക്കുകയായിരുന്നു.

“ഹൊ… ഞാനതു മറന്നു. നീ വിഷമിക്കേണ്ട. അടുത്താഴ്ച ഞാനവിടെ ഉണ്ടാകും.”

അയാൾ ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഗൗതമൻ ഉടനെ സെക്രട്ടറിയെ വിളിച്ച് അടുത്ത ബുധനാഴ്ചയിലേക്ക് കാലിഫോർണിയയ്ക്ക് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു. വെള്ളിയാഴ്ച ഉമേഷ് വിളിച്ചപ്പോൾ യാത്ര കൺഫേം ചെയ്തു.

“നമ്മൾ ബുധനാഴ്ച പോകും. പിറ്റേന്ന് ഉർവ്വശിയുടെ മമ്മിയെ കാണും. ഞായറാഴ്ച മടങ്ങും.” ഗൗതമൻ പറഞ്ഞു.

“പപ്പ, എവിടെ തങ്ങും?”

“എന്‍റെ ഒരു സുഹൃത്തുണ്ട്. അവിടെ താമസിക്കാം.”

“ഉർവ്വശി പറയുന്നു, അവളുടെ വീട്ടിൽ താമസിച്ചാൽ മതിയെന്ന്.”

“വേണ്ട. അതു ശരിയാവില്ല. നമുക്ക് എന്‍റെ ഫ്രണ്ടിന്‍റെ കൂടെ തങ്ങാം. ഞാനവനോട് വിളിച്ചു പറഞ്ഞു.”

“ശരി പപ്പാ, ഉർവ്വശി ചൊവ്വാഴ്ച വീട്ടിൽ പോകും.”

“എങ്കിൽ, താങ്ക്സ് ഗിവിംഗ് ഡിന്നർ അവൾക്കൊപ്പമായിരിക്കുമെന്ന് അറിയിച്ചേക്കൂ.”

ബുധനാഴ്ച ഗൗതമനും ഉമയും ഉമേഷും വാഷിംഗ്ടണിൽ നിന്ന് സൈൻഹോജയിലേക്കു പറന്നു. ഗൗതമന്‍റെ സുഹൃത്ത് രവി എയർപോർട്ടിൽ കാത്തു നിൽപുണ്ടായിരുന്നു.

(തുടരും)

ശിശിരം സൈപ്രസ് മരങ്ങളോട് പറഞ്ഞത് ഭാഗം- 1

വാഷിംഗ്ടൺ നഗരത്തിൽ നിന്ന് മൂന്നു മണിക്കൂർ ദൂരമുണ്ട് യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലേക്ക്. ഉമേഷ് അവിടെയാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്നത്. ഫൈനൽ ഇയർ ആയതുകൊണ്ട് മാസത്തിലൊരിക്കലേ വടക്കൻ വിർജീനിയയിലെ വീട്ടിലേക്കു വരാറുള്ളൂ. ഉമേഷിന്‍റെ കുടുംബം അവിടെ സെറ്റിൽ ചെയ്തിട്ട് 25 വർഷമായി. അച്ഛൻ ഗൗതമൻ ബിസിനസ്സുകാരനാണ്. മകനെ നന്നായി മനസ്സിലാക്കുന്ന അച്ഛൻ. ബിസിനസ്സ് തിരക്കുകൾ ഒതുക്കി രാത്രി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ഉമേഷ് ഡ്രോയിംഗ് റൂമിലിരുന്ന് ടിവി കാണുകയാണ്.

പപ്പയെ കണ്ട് ഉമേഷ് എഴുന്നേറ്റു.

“നീ എപ്പോൾ വന്നു?”

“രണ്ടു മണിക്കൂറായതേയുള്ളൂ പപ്പാ.”

കഴിഞ്ഞ ആഴ്ചയിൽ വന്നു പോയവനാണ്. ഈ വരവ് പ്രതീക്ഷിച്ചതല്ല. മാസത്തിൽ അവസാനത്തെ വെള്ളിയാഴ്ച വൈകിട്ട് വന്ന് ഞായറാഴ്ച മടങ്ങും. അതാണ് പതിവ്. ഇതിനിടയിലൊന്നും അവനെ കിട്ടുക എളുപ്പമല്ല. വീട്ടിൽ വന്നാൽ കൂട്ടുകാരോടൊത്ത് കറക്കമാണ് പ്രധാന പരിപാടി.

ഒറ്റപുത്രനാണെങ്കിലും അച്ഛന്‍റെയും അമ്മയുടെയും കൂടെ ചെലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രം.

“ആർ യു ഓൾറൈറ്റ്?”

മുറിയിലേക്ക് നടക്കാൻ തുടങ്ങിയ ഗൗതമൻ തിരിഞ്ഞു നിന്ന് ഉമേഷിനോട് ചോദിച്ചു.

“യെസ് പപ്പാ.”

“എല്ലാം ഓകെയാണെങ്കിൽ നിന്നെ ഈ സമയത്ത് ഇവിടെ കാണാനിടയില്ലല്ലോ?”

പപ്പ കള്ളച്ചിരിയോടെ പറഞ്ഞു. പക്ഷേ, ഉമേഷിന്‍റെ മുഖത്ത് ഭാവമാറ്റമൊന്നുമില്ല.

“ഡിന്നർ കഴിക്കാൻ പപ്പയെ കാത്തിരിക്കുകയായിരുന്നു.”

“അതെയോ…. ഞാനിതാ വരുന്നു. ഒന്നു ഫ്രഷായിക്കോട്ടെ.”

ഉമ ചായയുമായി വന്നപ്പോൾ ഗൗതമൻ വിലക്കി, “ഇപ്പോൾ വേണ്ട. ആദ്യം ഡിന്നർ. എന്‍റെ മോൻ ഡിന്നർ കഴിക്കാൻ കാത്തിരിക്കുകയല്ലേ…?”

കുളിച്ചു ഫ്രഷായി ഡൈനിംഗ് റൂമിലേക്ക് ഗൗതമൻ വരുമ്പോൾ അമ്മയും മകനും കാത്തിരിക്കുന്നുണ്ടായിരുന്നു. അത് അപൂർവ്വമായ കാഴ്ചയായിരുന്നു ഗൗതമിന്. ഉമേഷിന് എന്തോ സംസാരിക്കാനുണ്ടാകും. അതാണ് പതിവില്ലാത്ത ഈ വരവും കാത്തിരിപ്പും. ഗൗതമന് ഉറപ്പായി. അതുകൊണ്ടയാൾ വീണ്ടും ചോദിച്ചു. “ ഉമേഷ്, കോളേജിൽ നിനക്ക് പ്രശ്നമൊന്നുമില്ലല്ലോ?”

“ഇല്ല പപ്പാ, എല്ലാം ഓകെ” ഉമേഷ് ചിരിച്ചു.

ഭക്ഷണം കഴിഞ്ഞ് ഉമേഷ് മുറിയിലേക്കു പോയപ്പോൾ ഗൗതമൻ ഉമയെ വിളിച്ചു. “ഉമാ… അൽപം ചായ കൂടി എടുത്തോളൂ.”

ഡിന്നർ കഴിഞ്ഞാൽ ചായ കുടിക്കുന്ന പതിവില്ല ഗൗതമന്. അതുകൊണ്ട് ഉമ അൽപം മടിച്ചു. “ചായ കൊണ്ടുവാ ഉമേ…”

ഗൗതമൻ ഉമേഷിന്‍റെ മുറിയിലേക്ക് നടന്നു. മുകളിലെ നിലയിലെ വിൻഡോ റൂമാണ് അവന്‍റേത്. ജനൽ തുറന്നാൽ നല്ല കാറ്റുണ്ട്. തൊട്ടടുത്തായുള്ള ആപ്പിൾ തോട്ടത്തിൽ വിളവെടുപ്പിന്‍റെ കാലമയതു കൊണ്ടാകാം വെളിച്ചമിട്ടിട്ടുണ്ട്. കുറച്ചു കൂടി ദൂരെയായി നിരനിരയായി സൈപ്രസ് മരങ്ങളുടെ കാഴ്ച ഹൃദയഹാരിയാണ്. മഞ്ഞു വീഴാൻ തുടങ്ങുമ്പോൾ അവയുടെ നീണ്ടു നേർത്ത ഇലകൾ താഴേക്കു കൂമ്പും.

“എനിക്ക് അകത്തേക്ക് വരാമല്ലോ അല്ലേ…”

പാട്ടുകേട്ട് എന്തോ വായിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഉമേഷ്.

“വന്നോളൂ പപ്പാ…” അവന്‍റെ മുഖത്ത് പടർന്ന ആശ്ചര്യം കണ്ടില്ലെന്നു നടിച്ച് ഗൗതമൻ വീണ്ടും ചോദിച്ചു.

“മോനേ, കോളേജിൽ ഒരു വിശേഷവുമില്ലെന്ന് നീ പറഞ്ഞത് നേരാണോ?” ഗൗതമൻ കട്ടിലിൽ ഇരുന്നു. അവൻ വായിക്കാൻ വച്ച പുസ്തകമെടുത്തു മറിച്ചു നോക്കി. ‘ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്‘ ഈയിടെയായി ഇവൻ ഇത്തരം പുസ്തകങ്ങളാണ് കൂടുതലും വായിക്കുന്നത്. പഠനം എവിടേക്കാണാവോ…. വീട്ടിൽ വന്നാൽ തെരുവകളിലൂടെ രാത്രിയിലും കറങ്ങി നടക്കും. സ്കൂൾ ടൈമിലേയുള്ള കുറേ കൂട്ടുകാരുണ്ട് ഉമേഷിന്.

“അതേ പപ്പാ..”

“അല്ല… എന്തോ കുഴപ്പമുണ്ട്. അല്ലെങ്കിൽ നീ ഇവിടെ ഇപ്പോൾ വരില്ല. മാത്രമല്ല വന്നാൽ തന്നെ നീ കൂട്ടുകാരൊത്തു കറക്കമല്ലേ പതിവ്. ഇന്നെന്തുപറ്റി?”

“കോളേജിൽ പ്രശ്നമൊന്നുമില്ല. പക്ഷേ…” ഉമേഷ് പകുതിയിൽ നിർത്തി.

“പക്ഷേ….? എന്താ വല്ല പെൺകുട്ടിയുടെയും പ്രശ്നമാണോടാ?”

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉമേഷിനുള്ള മാറ്റം പ്രകടമാണ്. അതറിഞ്ഞു തന്നെയാണ് ഗൗതമന്‍റെ ഇടപെടൽ. മറുപടി പറയാതെ ഉമേഷ് സങ്കോചപ്പെട്ടു നിന്നു.

“പറയെടാ.. ഞാൻ പറഞ്ഞത് ശരിയല്ലേ?”

“അതേ…” ഉമേഷ് തല കുനിച്ചു നിന്നു.

“ഓകെ. അതു പറയാൻ മടിക്കുന്നതെന്തിനാണ്? ഈ പ്രായത്തിലിതൊക്കെ സാധാരണമല്ലേ… എങ്കിലും ഇത്തരം കാര്യം ഞാനും കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. നിനക്കുവേണ്ടി.”

“പപ്പാ, എനിക്ക് പപ്പയുടെ സഹായം വേണം”

“ആദ്യം നീ അവളെക്കുറിച്ച് പറയൂ.”

“അത്… ഉർവ്വശി എന്നാ പേര്. എന്‍റെ കൂടെ പഠിക്കുന്ന കുട്ടിയാണ്.?” അവൻ പെൺകുട്ടിയെക്കുറിച്ച് ചുരുക്കി പറഞ്ഞു.

“കാലിഫോർണിയയിൽ സെറ്റിൽ ചെയ്ത കുടുംബമാണ്. ഉർവ്വശിയുടെ അമ്മയെ ഞാൻ പരിചയപ്പെട്ടിരുന്നു.”

“അച്ഛനില്ലേ…?”

“ഇല്ല. ഇന്ത്യയിൽ വച്ച് ഒരു തീവണ്ടിയപകടത്തിൽ മരിച്ചു.”

“ശരി. നീ ഉർവ്വശിയുടെ അമ്മയെ എങ്ങനെ പരിചയപ്പെട്ടു?”

“മൂന്നാഴ്ച മുമ്പ് അവർ യൂണിവേഴ്സിറ്റിയിൽ വന്നിരുന്നു. അപ്പോൾ ഉർവ്വശി പരിചയപ്പെടുത്തിയതാണ്.”

“ഓകെ. ഇനി നീ നോർമൽ ഫോമിലേക്ക് വരട്ടെ. ടെൻഷനൊക്കെ മാറ്റി വച്ചോളൂ. നീ ഇന്ന് കൂട്ടുകാരെ കാണാൻ പോവുന്നില്ലേ.”

“ഇല്ല പപ്പാ. ഇനി നാളെ… ഇത്രയും ലേറ്റായില്ലേ.”

ഗൗതമൻ താഴെ മുറിയിലേക്കു ചെല്ലുമ്പോൾ ഉമ ചായയുമായി കാത്തിരിപ്പുണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ട് ഗൗതമൻ പറഞ്ഞു, “നീ രണ്ടു പേട കൂടി എടുത്തുകൊണ്ട് വാ. എനിക്കിന്ന് മധുരം കഴിക്കാനാണ് മൂഡ്.”

അവൾ എന്തു സംഭവിച്ചു എന്ന രീതിയിൽ ചോദ്യഭാവത്തിൽ നോക്കി.

“എടോ, ഒരു കല്യാണത്തിന് താൻ ഉടൻ ഒരുങ്ങിക്കോ.”

ഗൗതമൻ തമാശരൂപേണ പറഞ്ഞു. ഉമ നെറ്റി ചുളിച്ചു, “ആരുടെ?”

“നിന്‍റെ മോന്‍റെ, പിന്നല്ലാതാരുടെ…?”

ഗൗതമൻ ഉമയോട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. എന്നാൽ അവരുടെ മുഖത്ത് സന്തോഷം കണ്ടില്ല. മറിച്ച് ചെറിയ ടെൻഷൻ ഉണ്ടെന്നു തോന്നി.

“എങ്ങനെയുള്ള കുട്ടിയാണോ എന്തോ? ജാതി, മതം ഒന്നും അറിയില്ല.”

“ബീ പോസിറ്റീവ് ജാതിയും മതവും ഉപേക്ഷിക്കാറായില്ലേ നിനക്കിതുവരെ. എന്തായാലും ഇന്ത്യാക്കാരിയാണല്ലോ. ഒരു മദാമ്മയെ കൊണ്ടുവന്നാലും നമുക്ക് എതിർക്കാനാവുമോ? അതല്ലേ ഇവിടുത്തെ കൾച്ചർ. അതുകൊണ്ട് ഞാൻ ഹാപ്പിയാണെടോ.”

ഗൗതമൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ടി.വി ഓൺ ചെയ്തു. നാഷണൽ ചാനലിൽ പഴയൊരു സിനിമയാണ്. അതുകണ്ടുകൊണ്ട് 11 മണി വരെ ഇരുവരും ഫാമിലി റൂമിലിരുന്നു.

ഉറക്കം കഴിഞ്ഞ് രാവിലെ ഗൗതമൻ എഴുന്നേൽക്കുമ്പോൾ ഏഴ് മണി കഴിഞ്ഞിരുന്നു. ഫാമിലി റൂമിലേക്കു ചെന്നപ്പോൾ ഉമേഷ് പത്രം വായിക്കുന്നു. അവധി ദിനങ്ങളിൽ 11 മണിക്ക് മാത്രം എഴുന്നേൽക്കുന്ന ഇവനിതെന്തു പറ്റിയെന്ന് ചിന്തിക്കുമ്പോൾ അവന്‍റെ ചോദ്യമെത്തി.

“പപ്പാ, കാപ്പി വേണോ?”

“ആയിക്കോട്ടെ, പക്ഷേ നീ എന്താ ഇത്ര നേരത്തേ എഴുന്നേറ്റത്?”

“രാത്രി വളരെ നേരത്തേ കിടന്നില്ലേ. അതു കാരണം 6 മണിയായപ്പോൾ ഞാൻ കണ്ണു തുറന്നു.” അവൻ അഞ്ചു മിനിട്ടിനകം കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു.

സോഫയിൽ ചാരിക്കിടന്ന് റിമോട്ട് കൊണ്ട് ടിവി ഓൺ ചെയ്ത ശേഷം ഉമേഷ് സ്വകാര്യം പോലെ പറഞ്ഞു.

“ഇന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്ന ഒരാശയുണ്ട്.”

എല്ലാ ശനിയാഴ്ചകളിലും ഉമയ്ക്ക് റെസ്റ്റ് ആണ്. വീട്ടിൽ എല്ലാവരും ഒരുമിച്ച് ഒരു ദിവസം മുഴുവൻ ഉണ്ടാകുന്നത് ശനിയാഴ്ചയാണ്. അന്ന് എല്ലാവരും പുറത്തു നിന്ന് ഭക്ഷണം കഴിക്കും.

“ഇന്ന് ഞാൻ ഭക്ഷണം ഉണ്ടാക്കണമെങ്കിൽ നിങ്ങളിരുവരും രാവിലെ കുളിക്കണം.” ഉമേഷിന്‍റെ സംസാരം കേട്ടു കൊണ്ടുവന്ന ഉമ പറഞ്ഞു.

ശനിയാഴ്ച രാവിലെ കുളിക്കുന്ന പതിവ് അച്ഛനും മകനുമില്ല. ഉച്ചയ്ക്കു ശേഷം സ്വിമ്മിംഗ് പൂളിൽ പോയി ഒന്നു നീന്തിയാലേ അവർക്കു തൃപ്തിയാവൂ.

ഉമയുടെ മറുപടി കേട്ട് ഗൗതമനും ഉമേഷും പൊട്ടിച്ചിരിച്ചു. “എന്തൊക്കെ പറഞ്ഞാലും അമ്മ ഇന്ന് ഫുഡ് ഉണ്ടാക്കിത്തരുമെന്ന് എനിക്കറിയാം.”

ഉമേഷിനെ ചെവിയിൽ സ്നേഹത്തോടെ നുള്ളി അവൾ അടുക്കളിലേക്ക് നടന്നു.

ജൂൺ മാസമാണ്. ഇവിടെ ഇടയ്ക്കിടെ മഞ്ഞു വീഴുന്ന സമയമാണ്. തണുപ്പ് കൂടുതലായാൽ അടുപ്പ് വയ്ക്കാതെ നിവൃത്തിയില്ല. രാവിലെ കത്തിച്ചുവച്ച അടുപ്പ് 10 മണിയാകുമ്പോഴേക്കും ഓഫ് ചെയ്യും. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഷോപ്പിംഗിനു പോകാൻ ഉമയെ വിളിച്ചപ്പോൾ ഉമേഷും തയ്യാറായി. അതു കണ്ടപ്പോൾ ഉമയ്ക്ക് അദ്ഭുതമായി. 5 വർഷമായി മകൻ ഒരുമിച്ച് ഷോപ്പിംഗിന് പോയിട്ട്. ഇവന് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

“ഇതൊക്കെ ആ പെൺകുട്ടിയുടെ പേരിലുള്ള മാറ്റമാണെങ്കിൽ സന്തോഷിക്കാൻ വകയുണ്ടല്ലോ.” ഗൗതമൻ ഉമയോട് പറഞ്ഞു.

ഉമ ദീർഘമായി നിശ്വസിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മാസത്തേക്ക് ആവശ്യമുള്ള സ്റ്റേഷനറി ഐറ്റങ്ങൾ ഉമയും ഗൗതമനും കൂടി വാങ്ങി. പർച്ചേസിംഗ് കഴിഞ്ഞപ്പോൾ 12 മണിയായി. ഉമേഷ് ആ സമയം കമ്പ്യൂട്ടർ ഷോപ്പിൽ കയറി എന്തൊക്കെയോ വാങ്ങുന്നുണ്ടായിരുന്നു.

വാഷിംഗ്ടണിൽ ഏതാനും ഇന്ത്യൻ റസ്റ്റോറന്‍റുകളുണ്ട്. സൗത്ത് ഇന്ത്യനും നോർത്ത്ഇന്ത്യൻ ഫുഡും ലഭിക്കുന്ന സ്ഥലങ്ങൾ. അതുകൊണ്ട് നാട്ടിൽ കഴിയാത്തതിന്‍റെ വിഷമങ്ങൾ ഇരുവർക്കുമില്ല. ഉമേഷ് അവിടെ ജനിച്ചു വളർന്നതുകൊണ്ട് എല്ലാ ഭക്ഷണവും കഴിക്കും. എങ്കിലും അമ്മയുണ്ടാക്കുന്ന തനി മലബാർ ഫുഡിന്‍റെ ടേസ്റ്റ് അവന് പ്രിയമാണ്. ഞായറാഴ്ച വൈകിട്ട് ഹോസ്റ്റലിലേക്ക് പോകുമ്പോൾ അമ്മയുണ്ടാക്കിയ ഭക്ഷണം അവൻ കൊണ്ടുപോകും. തനി കേരള വിഭവങ്ങൾ ലഭിക്കുന്ന ഒരു റസ്റ്റോറന്‍റ് സൗത്ത് സെന്‍ററിലുണ്ട്. അവിടെ കയറി വയറു നിറയെ കഴിച്ചിട്ടാണ് അവർ മടങ്ങിയത്. ഒട്ടിംഗും ഷോപ്പിംഗും കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മൂന്നു മണി കഴിഞ്ഞു. അപ്പോഴാണ് ഉമ അക്കാര്യം ഓർത്തത്.

“ഇന്നാണ് ഗുപ്താജിയുടെ വീട്ടിലെ പൂജ. നേരത്തേ പറഞ്ഞതാണ്. അവിടെ പോകണം.” ഉമ നിർബന്ധിച്ചതു കൊണ്ടു മാത്രം ഗൗതമൻ അൽപം മടിയോടെ ഒരുങ്ങി.

“എല്ലാവരുംകൂടി ചെല്ലാമെന്ന് ഞാൻ വാക്കു കൊടുത്തതാണ്.” ഉമ പറഞ്ഞു

ഗൗതമന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗുപ്ത. ബിസിനസ്സുകാരനാണ്. ശരിക്കും പറഞ്ഞാൽ അരിക്കച്ചവടക്കാരൻ. വിർജീനിയയിൽ ഇന്ത്യൻ റൈസ് വിൽക്കുന്ന നല്ല ഒരു ഷോപ്പുണ്ട് അയാൾക്ക്. ഈശ്വരവിശ്വാസം കൂടിക്കൂടി അൽപം അന്ധവിശ്വാസിയായ ലക്ഷണമുണ്ട്. പക്ഷേ, നല്ല സ്നേഹിതനായതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പോവാതെ നിവർത്തിയില്ല. അവിടെ പോയി മടങ്ങി വന്നപ്പോൾ സമയം രാത്രി 11 മണി.

വൈകിയാണ് കിടന്നതെങ്കിലും ഞായ്റാഴ്ച രാവിലെ ഗൗതമൻ അൽപം നേരത്തേ എഴുന്നേറ്റു. ഇന്നലത്തെ സീൻ പ്രതീക്ഷിച്ചാണ് എഴുന്നേറ്റത്. പക്ഷേ ഉമേഷ് ഫാമിലി റൂമിൽ ഉണ്ടായിരുന്നില്ല. ഒമ്പതു മണിയായിട്ടും ഉമേഷിനെ കാണാതായപ്പോൾ ഉമ പറഞ്ഞു, “അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല എന്നു തോന്നുന്നു.”

“ഓകെ, അപ്പോൾ അവൻ നോർമൽ ആയി എന്നർത്ഥം.” ഗൗതമൻ ചിരിച്ചു.

ഉമേഷ് ഉറക്കമുണർന്നപ്പോൾ 10 മണിയായി. വൈകിട്ടത്തെ ഫുഡ് കൊണ്ടുപോകണമെന്ന് അവൻ പറഞ്ഞതുകൊണ്ട് ഉമ തിരക്കിട്ട ജോലിയിലാണ്. ഉമേഷ് ഉച്ചയ്ക്കു ശേഷമാണ് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. അമ്മയുണ്ടാക്കിയ ഭക്ഷണവുമായി അവൻ മൂന്നു മണിയോടെ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങാനൊരുങ്ങി.

അപ്പോഴാണ് ഗൗതമന്‍റെ സുഹൃത്ത് സുഭാഷ് വിളിക്കുന്നത്. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. അന്നുമുതല് സുഹൃത്തുക്കളുമാണ്. മൂന്നുവർഷം ഒരേ മുറിയിൽ കഴിഞ്ഞുകൂടിയവർ. വിർജീനിയ ഹോസ്പിറ്റലിൽ സീനിയർ ഡോക്ടർ ആണ് സുഭാഷ്.

സുഭാഷ് വരുമ്പോൾ ഭക്ഷണം കൊടുക്കാൻ പുറത്തു നിന്നു വാങ്ങാമെന്നു പറഞ്ഞിട്ട് ഉമ സമ്മതിച്ചില്ല. ഉമേഷിനു വേണ്ടി ഉണ്ടാക്കിയ ഭക്ഷണത്തിന്‍റെ പകുതിയോളം ബാക്കിയുണ്ട്. സുഭാഷിനാണെങ്കിൽ നല്ല മലബാർ ഫുഡിനോട് വലിയ ക്രേസുമാണ്.

(തുടരും)

അയലത്തെ ഒളിപ്പോരുകാരി അവസാനഭാഗം

പിറ്റേന്ന് ശനിയാഴ്ച. കോളേജില്ലാത്ത ദിവസമായതുകൊണ്ട് രാവിലെ അല്പം വൈകിയാണ് സുമംഗല ഉറക്കമുണര്‍ന്നത്. അതുകൊണ്ട് മുറ്റമടിക്കുന്ന ജോലിയും വൈകി.

വെയിലിന് ചൂടുപിടിച്ചുതുടങ്ങിയിരുന്നു. വേഗം ജോലിതീര്‍ത്ത് വീടിനകത്തെത്താനുള്ള ബദ്ധപ്പാടിലായിരുന്നു അവള്‍. മുഖത്തെ വിയര്‍പ്പൊപ്പാന്‍ നിവര്‍ന്നപ്പോള്‍ ചൂളിപ്പോയി. സരസമ്മയുടെ മകന്‍ ഇങ്ങോട്ട് നോക്കിനില്‍ക്കുന്നു. അയാളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി ഇടംപിടിച്ചിരിക്കുന്നു. അതിലെ വികാരം പരിഹാസമാണോ? ആണെന്നുതന്നെ തോന്നി അവള്‍ക്ക്. ആണെങ്കില്‍ തന്നെ തനിക്കൊന്നുമില്ലെന്ന് സ്വയം സമാധാനിക്കുകയും ചെയ്തു.

മുറ്റമടിക്കല്‍ അവസാനിപ്പിച്ച് അകത്തേക്ക് മടങ്ങിയാലോ എന്നാലോചിക്കാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ വീടിനകത്തേക്ക് കയറിപ്പോകുന്നതുകണ്ടു.

പിറ്റേന്ന് ഞാറാഴ്ചയായിരുന്നെങ്കിലും സരസമ്മയുടെ മകനുമായുള്ള മുഖാമുഖം ഒഴിവാക്കാനായി അവള്‍ നേരത്തെ എഴുന്നേറ്റ് മുറ്റമടിക്കുന്ന ജോലി കഴിച്ചു..

തിങ്കളാഴ്ച ക്ലാസ്സുകഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുമംഗല. അപ്പോഴതാ വഴിയോരത്തേക്കെത്തുന്ന കുണ്ടനിടവഴിയിലൂടെ നടന്നുവരുന്നു അയാള്‍! സരസമ്മയുടെ മകന്‍ നന്ദകുമാര്‍. അവളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനാലാകാം അയാളുടെ കണ്ണുകള്‍ ഒന്നിടറി.

അയാളെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ അവളുടെ കാലുകള്‍ക്ക് വേഗത വര്‍ദ്ധിച്ചു. തൊട്ടുപിറകെ കാലടിശബ്ദംകേട്ട് കഴുത്ത് ചെരിച്ചു നോക്കുമ്പോള്‍ അയാള്‍!

“നില്‍ക്കൂ,”അയാളുടെ സ്വരം അവളെ പരിഭ്രാന്തയാക്കി. എന്താണയാളുടെ ഉദ്ദേശം? വഴക്കിനുള്ള പുറപ്പാടാണോ? ഏതാനും വഴിപോക്കര്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നുണ്ട്.

അപമാനഭീതിയോടെ അവള്‍ കഴിയുന്നതും വേഗത്തില്‍ മുന്നോട്ട് നടന്നു. വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ പിറകില്‍നിന്ന് വീണ്ടും അയാള്‍ “സോറി”

അവളത് കേട്ടതായി നടിച്ചില്ല. കിതപ്പോടെ ഉമ്മറപ്പടി കയറുമ്പോള്‍ വീണ്ടും മിന്നലാട്ടം പോലെ കണ്ടു. സ്വന്തംവീട്ടുമുറ്റത്ത് ഇങ്ങോട്ട് നോട്ടമൂന്നി ചുണ്ടത്ത് ഒരു പുഞ്ചിരിയുടെ നുറുങ്ങുമായി നില്‍ക്കുകയാണയാള്‍.

പരിഭ്രമംകൊണ്ട് പുകയുന്ന മനസ്സൊന്നു തണുപ്പിക്കാന്‍ മണ്‍കൂജയില്‍നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിക്കുന്നതിനിടക്ക് അയാളുടെ “സോറി” ഒരു ചോദ്യചിഹ്നമായി ഓര്‍മ്മയിലെത്തി. അതെന്തിന്‍റെ കുമ്പസാരമായിരുന്നു? നാറുന്ന കുപ്പ ഇങ്ങോട്ടെറിഞ്ഞതിന്‍റെയോ അതോ കല്യാണം മുടക്കിയതിന്‍റെയോ. രണ്ടായാലും സരസമ്മയുടെ മകന്‍റെ സോറിക്ക് രണ്ടക്ഷരത്തിന്‍റെ വില പോലും നല്‍കേണ്ടതില്ലെന്ന് തോന്നി അവള്‍ക്ക്

ഈയിടെയായി രാവിലെ ഉണരാറുള്ള സരസമ്മയുടെ വീട്ടിലെ ടിവി അന്ന് നിശ്ശബ്ദം. മൊത്തത്തില്‍ ആ വീടിനെ ഒരു മൂകത ബാധിച്ചതുപോലെ.

മകന്‍ ലീവുകഴിഞ്ഞ് മടങ്ങിയോ? സുമംഗല പ്രത്യാശിച്ചു. അതിനായി പ്രാര്‍ത്ഥിക്കുകപോലും ചെയ്തു അവള്‍.

എങ്കില്‍ അയാള്‍ അടുത്ത ലീവില്‍ വരുന്നതുവരെ “എന്‍റെ നന്ദന്‍ ഒന്ന് വന്നേക്കട്ടെ, എന്നിട്ടുവേണം എല്ലാത്തിനേം സ്റ്റേഷനില്‍ കേറ്റാന്‍.” എന്ന ഭീഷണിമാത്രം സഹിച്ചാല്‍ മതിയല്ലോ. സമാധാനത്തോടെ വഴിനടക്കുകയും ചെയ്യാം. അത്രയും ആശ്വാസം.

പക്ഷെ അവളുടെ ആശ്വാസത്തിന് വെറും ഒരാഴ്ചത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു. ഒരുദിവസം ക്ലാസ്സുകഴിഞ്ഞ് വൈകുന്നേരം വീടിനടുത്തുള്ള സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ മറ്റുയാത്രക്കാരോടൊപ്പം ബസ്സില്‍നിന്നിറങ്ങുന്ന സരസമ്മയുടെ മകന്‍!. അയാള്‍ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ കഴിയുന്നത്ര വേഗത്തില്‍ മുന്നോട്ട് നടന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ പിറകില്‍നിന്ന് അയാളുടെ കുശലാന്വേഷണം .”പതിവായി ഈ ബസ്സിലാണോ സുമംഗല കോളേജില്‍നിന്ന് മടങ്ങുന്നത്?”

“അതെ.” നടത്തത്തിന്‍റെ വേഗത ഒട്ടും കുറക്കാതെതന്നെ അവള്‍ പറഞ്ഞു. “ഞാന്‍ രണ്ടുദിവസത്തെ യാത്ര കഴിഞ്ഞു വര്വാണ്. പാലക്കാട്ടു മുതള്‍ക്കുള്ള സ്റ്റേഷനുകളിലെ പരിചയക്കാരെ കാണാന്‍ പോയതായിരുന്നു. ലീവിലിങ്ങനെ വരുമ്പോഴേ അതിനുള്ള അവസരം കിട്ടൂ.”

സുമംഗലയില്‍നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും അയാള്‍ തുടര്‍ന്ന് പറഞ്ഞു. “റിട്ടയര്‍ ചെയ്യാറാകുമ്പോഴേക്കും ഞങ്ങള്‍ റെയില്‍വേ ജീവനക്കാര്‍ക്ക് ഒട്ടുമിക്ക സ്റ്റേഷനിലും പരിചയക്കാരുണ്ടാകും. മൂന്നുവര്‍ഷം കൂടുമ്പോഴുള്ള ട്രാന്‍സഫര്‍. അതാ കാരണം.” ആ സ്ഥിതിവിശേഷത്തില്‍ സ്വയം സന്തോഷിക്കുന്നതുപോലെ അയാള്‍ ചിരിച്ചു.

എന്തിനാണ് അയാള്‍ ഇതെല്ലാം തന്നോട് പറയുന്നത് എന്നാലോചിച്ചുകൊണ്ട് അവള്‍ മുന്നോട്ടു നടക്കുന്നതിനിടെ വീണ്ടും അയാള്‍ ”എനിക്ക് ജോലി ചെന്നൈയിലാ. അവിടത്തെ ടിക്കറ്റ് കൗണ്ടറില്‍. സുമംഗല ചെന്നൈയിലൊക്കെ വന്നിട്ടുണ്ടോ?”

അവളപ്പോഴും മൗനം തുടര്‍ന്നപ്പോള്‍ അയാള്‍ അല്പം പരിഭവംകലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. ”തനിക്കെന്താ മറുപടി പറയാന്‍ ഒരു മടിപോലെ.”

സുമംഗല അതുവരെ ഈര്‍ഷ്യയും വെറുപ്പും മനസ്സിലടക്കുകയായിരുന്നു. പെട്ടെന്നവള്‍ പൊട്ടിത്തെറിച്ചു “നിങ്ങളുടെ അമ്മ എന്‍റെ സ്വഭാവത്തെക്കുറിച്ച് ഇപ്പോള്‍തന്നെ നല്ലൊരു സർട്ടിഫിക്കറ്റ് ചാർത്തി തന്നിട്ടുണ്ടല്ലോ. അതുതന്നെ ധാരാളം. അതുകൊണ്ട് എന്നെ ശല്യംചെയ്യാതെ ഒന്ന് പോയിത്തന്നാല്‍ വലിയ ഉപകാരം.”

“സോറി” അടിമുടി ഉലഞ്ഞതുപോലെ അയാളുടെ ദൈന്യസ്വരം. അടുത്തനിമിഷം അയാള്‍ നടന്നകലുകയും ചെയ്തു.

വിഷണ്ണനായി തലയും താഴ്ത്തി വേലായുധന്‍റെ വീട്ടില്‍നിന്നും മടങ്ങിയ ഗോപാലനായിരുന്നില്ല ഏതാണ്ട് രണ്ടാഴ്ച്ചകഴിഞ്ഞ് ഒരു സന്ധ്യക്ക്‌ കൗസല്യയുടെ മുന്നിലെത്തിയത്. പെങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തി ആത്മവിശ്വാസം കലര്‍ന്നൊരു ചിരിയായി അയാളുടെ മുഖത്ത് തിളങ്ങി നില്‍പ്പുണ്ടായിരുന്നു.

“എവിടെ വേലായുധന്‍ ചേട്ടന്‍”  വന്നു കയറിയപാടെ അയാള്‍ ചോദിച്ചു.

“ചേട്ടന്‍ കുളിക്കാന്‍ പോയേക്കുവാ.മൊഖത്തിന്നൊരു തെളിച്ചമുണ്ടല്ലോ ഗോപാലന്‍ചേട്ടാ എന്നതാ കാര്യം.”

“അത് പിന്നെ ഇല്ലാതിരിക്കുവോ. നിന്‍റെ സുമമോള്‍ക്ക് അത്രേം നല്ല ഒരാലോചനയും കൊണ്ടല്ലേ ഈ ഗോപാലന്‍ചേട്ടന്‍ വന്നിരിക്കുന്നെ.”

“ആണോ? എവിടുന്നാ ഗോപാലന്‍ ചേട്ടാ, ഏതാ പയ്യന്‍.” കൗസല്യ ആകാംക്ഷയോടെ തിരക്കി.

“ഞങ്ങടെ പഞ്ചായത്തിതന്നെയാ പയ്യന്‍റെ വീട്. ഇത്രേം പെട്ടെന്ന് ഇങ്ങനൊരു കാര്യം ഒത്തു വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല കേട്ടോ. എല്ലാം ദൈവത്തിന്‍റെ കളി. അല്ലാതിപ്പോ ഞാനെന്തുപറയാനാ.”

അപ്പോഴേക്കും വേലായുധനും കുളികഴിഞ്ഞെത്തി. ”എന്തോക്കൊയുണ്ട് ഗോപാലാ വിശേഷങ്ങള്.”

“നല്ല വിശേഷം. അതുപറയാനാ ഞാനിപ്പോ ഇങ്ങോട്ട് വന്നത്” ഗോപാലന്‍റെ മുഖമപ്പോള്‍ അഭിമാനം കൊണ്ട് വെട്ടിത്തിളങ്ങി.

“എന്താ അത്?”

“സുമമോള്‍ക്ക് കൂടുതല്‍ നല്ലോരാലോചനേം കൊണ്ടുവരുമെന്ന് വാക്ക് പറഞ്ഞേച്ചല്ലേ ഞാനന്ന് പോയത്. അങ്ങനെ ഒരെണ്ണം ഭാഗ്യത്തിന് ഒത്തുവന്നിട്ടുണ്ട്.”

“ഉവ്വോ. എവിടുന്നാ.”

“ഞങ്ങടെ പഞ്ചായത്തില്‍ തന്നെയുള്ള പയ്യനാ. പഞ്ചായത്ത് സഹകരണബാങ്കിലാ പയ്യന് ജോലി. പേര് സുധാകരന്‍. അച്ഛനമ്മമാര്‍ക്ക് ഒരേ ഒരു മകന്‍. അച്ഛന്‍ കുറേക്കാലം ഗള്‍ഫിലായിരുന്നതുകൊണ്ട് ഇരുനിലവീടും കാറും ഒക്കെയായി നല്ല സാമ്പത്തികസ്ഥിതിയാ അവര്‍ക്ക്. അവരുടെ വീട്ടില്‍ചെന്ന് ചുറ്റുപാടൊക്കെ നേരില്‍ കണ്ട് പയ്യന്‍റെ ഫോട്ടോയും കൊണ്ടാ ഞാന്‍ വന്നിരിക്കുന്നേ. ആ ശിവപ്രസാദിനേക്കാള്‍ മുഖശ്രീയുള്ള പയ്യന്‍.”

സുധാകരന്‍റെ ഫോട്ടോ കണ്ടപ്പോള്‍ വേലായുധനും കൗസല്യയും ഗോപാലന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിച്ചു.

“ജാതകപൊരുത്തം നോക്കണ്ടേ?” വേലായുധന്‍ ചോദിച്ചു.

“‘ഓ! അവര്‍ക്ക് അതിലൊന്നും വിശ്വാസമില്ലാന്ന്. സുധാകരന്‍റെ അച്ഛനും അമ്മേം പ്രേമിച്ചുവിവാഹം ചെയ്തവരാ. പൊരുത്തമൊന്നും നോക്കിയില്ലെങ്കിലും അവരിത്രേംകാലം പ്രശ്നമില്ലാതെ ജീവിച്ചില്ലേ എന്നാ അവരുടെ ചോദ്യം.”

“ശരിയാ. സത്യം പറഞ്ഞാ എനിക്കും ഈ ജാതകപൊരുത്തത്തിലൊന്നും ഒരു വിശ്വാസോമില്ല. അതൊക്കെ പോട്ടെ, ഇത്രേം സാമ്പത്തികോള്ള പയ്യനെ താനെവിടുന്ന് തപ്പിയെടുത്തെന്നാ എന്‍റെ അതിശ്യേം.”

“എന്‍റെ ഒരു സ്നേഹിതന്‍ കൊണ്ടുവന്ന ആലോചനയാ. സുമമോളുടെ ആലോചന വന്നപ്പോള്‍ തേടിയവള്ളി കാലില്‍ ചുറ്റിയപോലാണ് അവര്‍ക്ക് തോന്നീതെന്ന്. ഏതോ കല്യാണം കൂടാന്‍ പോയപ്പോ അവിടെവെച്ച് അവര് സുമമോളെ കണ്ടിരിക്കണത്രേ. ചെക്കനും പെണ്ണും തമ്മില്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ മറ്റൊന്നും പ്രശ്നമില്ലെന്നാ അവര് പറഞ്ഞത്. സ്ത്രീധനക്കാര്യത്തിലൊന്നും അവര്‍ക്ക് നോട്ടമില്ല. മകന്‍റെ ഭാര്യയായി വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ നല്ല സ്വഭാവക്കാരിയായൊരു മരുമോളുവരണമെന്നേ അവര്‍ക്കുള്ളൂ. വീട്ടുപണികള്‍ക്കെല്ലാം ജോലിക്കാരുണ്ട്. എല്ലാത്തിനും ഒരു മേല്‍നോട്ടം വേണം അത്രമാത്രം.”

“അപ്പോ നമുക്ക് പെണ്ണുകാണല്‍ വേഗമങ്ങ് നടത്തിയേക്കാം അല്ലേ”

“അതെ. സുമമോളുടെ പരീക്ഷ കഴിഞ്ഞാല്‍ കല്യാണം. പെങ്ങളും അളിയനും ധൈര്യമായിരുന്നോ .ഒരു സംശയോം വേണ്ട ഇത് നമ്മള് നടത്തും.” ഗോപാലന്‍ ഉത്സാഹതികവോടെ പറഞ്ഞു.

പിന്നത്തെ ആഴ്ച സുധാകരനും ബന്ധുക്കളും പെണ്ണുകാണാന്‍ വന്നു. ഗോപാലനും ഭാര്യയും കാലത്തെതന്നെ വേലായുധന്‍റെ വീട്ടില്‍ എത്തിയിരുന്നു.

സ്വന്തം കാറില്‍ വന്നിറങ്ങുന്ന സുധാകരനേയും വീട്ടുകാരേയും കണ്ടപ്പോള്‍ മകളുടെ ഭാഗ്യമോര്‍ത്ത് കൗസല്യയുടെ കണ്ണുനിറഞ്ഞുപോയി.

സുധാകരന് സുമംഗലയെ വളരെ ഇഷ്ടപ്പെട്ടു. ശിവപ്രസാദിന്‍റെ വിവാഹാലോചന മുടങ്ങിയപ്പോള്‍ തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം നടക്കുമല്ലോ എന്ന ആശ്വാസമായിരുന്നു സുമംഗലക്ക്. ഇപ്പോളിതാ വേറൊന്ന്. പക്ഷെ അച്ഛനമ്മമാരുടെ താല്പര്യത്തിന് വഴങ്ങേണ്ടിവന്നു അവള്‍ക്ക്.

സുമംഗലയുടെ ഫൈനല്‍ പരീക്ഷ കഴിഞ്ഞാല്‍ അധികം വൈകാതെ വിവാഹം നടത്താമെന്നും ഗള്‍ഫിലുള്ള ചില അടുത്ത ബന്ധുക്കളോടും കൂടി ആലോചിച്ചശേഷം കല്യാണത്തിയതിയെക്കുറിച്ച് ഉടന്‍തന്നെ ഒരു തീരുമാനത്തിലെത്താമെന്നും പറഞ്ഞാണ് സുധാകരനും വീട്ടുകാരും യാത്രപറഞ്ഞിറങ്ങിയത്.

ഒരാഴ്ച കഴിഞ്ഞിട്ടും സുധാകരന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നും വിവരമൊന്നും എത്താതായപ്പോള്‍ കൗസല്യക്ക്‌ ഉല്‍ക്കണ്ഠയായി. ”ഇതുവരെ ചെക്കന്‍വീട്ടുകാര് വിവരമൊന്നും അറിയിച്ചില്ലല്ലോ. നിങ്ങള് ഗോപാലേട്ടനെ ഒന്ന് വിളിച്ചുനോക്ക്” വേലായുധന്‍ ജോലിസ്ഥലത്തേക്ക് ഇറങ്ങാന്‍ നേരം കൗസല്യ ഓര്‍മ്മിപ്പിച്ചു.

അയാളുടെ മനസ്സിലും അതൊരു ചോദ്യചിഹ്നമായി ഘനീഭവിച്ച് കിടന്നിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ അയാള്‍ ഗോപാലനെ വിളിച്ചു. ”അളിയാ, സുധാകരന്‍റെ വീട്ടീന്ന് വിവരം വല്ലതും അറിഞ്ഞോ?”

“ഇല്ലല്ലോ, വേലായുധേട്ടാ. ഞാനും അത് കാത്തിരിക്കുവാ. അവര് പെട്ടെന്ന് വിവരമറിയിക്കാമെന്ന് പറഞ്ഞേച്ചല്ലേ പോയത് “

“ഇവിടെ കൗസൂന് വിവരമറിയാഞ്ഞിട്ടൊരു സൊഖക്കൊറവ്. അത്രനല്ലൊരു ബന്ധമല്ലേ നീ ഒപ്പിച്ചു തന്നിരിക്കുന്നെ.”

“എന്തിനാ വിഷമിക്കുന്നേ. അത്രക്കും ഉറപ്പ് പറഞ്ഞിട്ടല്ലേ അവര് പോയത്. ഒരു കാര്യം ചെയ്യാം. നാളെ ഞാറാഴ്ച്ചയല്ലേ. ഞാന്‍ അവരുടെ വീട്ടിലോട്ടൊന്ന് പോകാം. എന്നിട്ട് ചേട്ടനെ വിളിച്ചുവിവരം പറയാം

“എങ്കി അതുമതി.” വേലായുധന്‍ സമ്മതിച്ചു.

ഗോപാലനുമായി സംസാരിച്ച വിവരം സന്ധ്യക്ക്‌ കൗസല്യയോട് പറഞ്ഞുകൊണ്ട് നില്‍ക്കുമ്പോള്‍ അതാ അയാള്‍ മുഴുവനോടെ അവരുടെ മുന്നില്‍ !

“നീ ഇന്നുതന്നെ അവരുടെ വീട്ടി പോയോ? ”വേലായുധന്‍ വിസ്മയാധീനനായി

“ഒന്നും പറയണ്ടെന്‍റെ വേലായുധന്‍ചേട്ടാ, എന്‍റെ മേല്‍വിലാസത്തില്‍ സുധാകരന്‍റെ അച്ഛന്‍ ഒരു കത്തയച്ചിരിക്കുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാ കത്ത് കാണുന്നേ. കുറച്ചുനേരം കണ്ണില്‍ ഇരുട്ടുകേറിപ്പോയി കേട്ടോ. പിന്നെ കത്തുംകൊണ്ട് നേരെ ഇങ്ങോട്ട് പോരുകാരുന്നു.” ഗോപാലന്‍ നാവിന്‍തുമ്പാൽ ചുണ്ടുനനച്ചുകൊണ്ട് ഒരുവിധത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

“എന്താ ഗോപാലേട്ടാ കത്തില്… അവര്…” കൗസല്യയുടെ സ്വരമിടറി.

“ഞാനെന്തുപറയാനാ എന്‍റെ പെങ്ങളേ, അവര്‍ക്കെന്തോ ഒരു താല്പര്യക്കൊറവ് പോലെ. ഈ ആലോചനയവര്‍ നിര്‍ത്തിവെക്കുകാണെന്ന്. സുമമോളടെ പടോം മടക്കി. സുധാകരന്‍റെ ഫോട്ടോ എത്രേം വേഗം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.”

“എന്നിട്ട് ആ കത്തെവിടെ?”

ഗോപാലന്‍ പോക്കറ്റില്‍നിന്ന് കത്തെടുത്ത് നീട്ടി. കത്തിലെ വരികളിലൂടെ കണ്ണോടിച്ചുകൊണ്ട്‌ വേലായുധന്‍ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു. ”എന്താ ഇങ്ങനെ ഒരു ചുവടുമാറ്റമെന്ന് മനസിലാകുന്നില്ല. ഇതിലും നല്ല ആലോചന വല്ലതും ഒത്തുവന്ന് കാണുമോ?”

“എങ്കിലവര് അതെഴുതുമായിരുന്നല്ലോ. നമ്മളോട് ഒരു ക്ഷമപോലും ചോദിക്കാതെ, ഛെ! എന്തൊരു മര്യാദകേടാ അവര് കാണിച്ചത്‌.”

കൗസല്യയപ്പോള്‍ സംശയം ഉന്നയിച്ചു. “കഴിഞ്ഞ തവണത്തെപ്പോലെ സരസമ്മ അവരോട് എന്തെങ്കിലും ഏഷണി ഓതിക്കൊടുത്തതാണോ?”

“ഹേയ്, അങ്ങനെയാകാന്‍ വഴിയില്ല. ഇങ്ങനെ ഒരാലോചനയുടെ കാര്യംതന്നെ അവരറിയാന്‍ യാതൊരു വഴിയുമില്ല.”

“പിന്നെന്തുകൊണ്ടാണോ അവരിക്കാര്യം വേണ്ടെന്നുവെച്ചത്.“

അപ്പോഴേക്കും ഗേറ്റിലൊരു ആളനക്കം. മങ്ങിയ വെളിച്ചത്തില്‍ ആരോ ഗേറ്റ് കടന്നുവരുന്നു.

വാതിലിന്‍റെ പിറകില്‍ മറഞ്ഞുനിന്നുകൊണ്ട് ഉമ്മറകോലായില്‍ നടക്കുന്ന സംഭാഷണം ചെവിയോര്‍ത്ത്‌ നില്‍ക്കുകയായിരുന്ന നിമ്മിമോള്‍ സുമംഗലയോട് സ്വകാര്യം പറഞ്ഞു. ”ദേ,സരസമ്മേടെ മകന്‍.”

കൗസല്യക്കും വേലായുധനും ആളെ മനസ്സിലായെങ്കിലും ഗോപാലന്‍ ചോദിച്ചു. “ആരാ?”

ഉമ്മറപ്പടിക്ക്‌ താഴെവരെ എത്തിയിരുന്ന വെളിച്ചത്തിലേക്ക് നീങ്ങിനിന്നുകൊണ്ട് നന്ദകുമാര്‍ അറിയിച്ചു. “അയല്‍ക്കാരനാ. സരസമ്മേടെ മകന്‍ നന്ദന്‍”

ഗോപാലന്‍റെ മുഖമപ്പോള്‍ കടന്നലുകുത്തിയപോലായി. “ഉം? എന്താവേണ്ടത്?”

“ഒരു കാര്യം അറിയിക്കാന്‍ വന്നതാ.”

“എന്ത് കാര്യം?”

“ഇവിടെ നിന്നോണ്ട്‌ പറയാന്‍ വിഷമമാണ്.” അനുവാദം ചോദിക്കാതെതന്നെ അയാള്‍ കോലായിലേക്ക് കയറി. ഗോപാലന്‍റെ അടുത്തുതന്നെ തിണ്ണയിലിരിക്കുകയും ചെയ്തു..

“നിങ്ങള്‍ സുമംഗലയുടെ കല്യാണക്കാര്യമാണോ പറഞ്ഞോണ്ടിരുന്നത്? അത് തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ച്?”

നന്ദനെങ്ങനെ ഇക്കാര്യം അറിഞ്ഞെന്ന വിഭ്രമത്തോടെ ഗോപലന്‍ പരുഷസ്വരത്തില്‍ ചോദിച്ചു “എന്താ അങ്ങനെ ചോദിച്ചത്?”

“അങ്ങനെ സംഭവിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് തോന്നി.”

“എങ്കിത്തന്നെ നിനക്കെന്താ ഇതില് കാര്യം?” ഗോപാലന്‍ കത്തിക്കയറി.

“അല്പം കാര്യമുണ്ട്. അത് പറയാന്‍കൂടിയാ ഞാന്‍ വന്നത്.”

ഗോപാലനപ്പോള്‍ ഒരു നിമിഷത്തേക്ക് സ്തബ്ധനായി.പിന്നെ ചോദിച്ചു “താനെങ്ങനെയാ ഇതറിഞ്ഞത്‌?”

“എന്‍റെ അമ്മ പറഞ്ഞ്”

തന്‍റെ സംശയം ശരിയായിരുന്നില്ലേ എന്ന ഭാവത്തില്‍ കൗസല്യ വേലായുധനെ നോക്കി ചുണ്ടു കൂര്‍പ്പിച്ചു

“സരസമ്മയിതെങ്ങനെ അറിഞ്ഞു?” ഗോപാലന്‍ കൂടുതല്‍ വിസ്മിതനായി

“കല്യാണം മുടക്കിയത് ഇത്തവണയും എന്‍റെ അമ്മയാ. അതുകൊണ്ടുതന്നെ. എന്‍റെ അമ്മ കുടുംബശ്രീയില്‍നിന്നു മടങ്ങി ഞങ്ങടെ വീട്ടുപടിക്കല്‍ എത്തിയപ്പോഴാ സുധാകരന്‍റെ വീട്ടുകാര് കാറുമായി സുമംഗലയുടെ വീടന്വേഷിച്ച് അമ്മേടെ മുമ്പില്‍ത്തന്നെ എത്തുന്നത്. അമ്മ നിങ്ങടെ വീടവര്‍ക്ക് കാണിച്ചുകൊടുത്തു. സുധാകരന്‍റെ വീടെവിടെയാണെന്ന് ചോദിച്ചറിയുകയും ചെയ്തു. ശേഷം നിങ്ങക്കൂഹിക്കാമല്ലോ.”

“അതുശരി. അപ്പോ ഈ അക്രമം ചെയ്തതും അവളാണല്ലേ.?” കൗസല്യ മൂക്കത്ത് വിരല്‍ചേര്‍ത്തുകൊണ്ട് വേലായുധനെ തുറിച്ചുനോക്കി.

“അമ്മയ്ക്കുവേണ്ടി ഞാന്‍ നിങ്ങളോട് മാപ്പുചോദിക്കുന്നു.”

“ഇയാളാള് കൊള്ളാമല്ലോ ചേച്ചി” നിമ്മിമോളുടെ സ്വരത്തില്‍ വിസ്മയത്തോടൊപ്പമൊരു അംഗീകാരത്തിന്‍റെ ധ്വനിയും

“ഇത്രേം ദ്രോഹം ചെയ്തിട്ട് വെറുതെ ഒരു മാപ്പപേക്ഷകൊണ്ട് തീര്‍ക്കാമെന്നാണോ?”

“എനിക്ക് മറ്റൊരപെക്ഷകൂടിയുണ്ട്. സുമംഗലക്ക് സമ്മതമാണെങ്കില്‍ സുമംഗലയെ വിവാഹംകഴിക്കാന്‍ ഞാന്‍ തയ്യാറാ”

“അയ്യോ! അവളെ അങ്ങനെ കൊലക്ക് കൊടുക്കാന്‍ ഞങ്ങള് തീരുമാനിച്ചിട്ടില്ലേ .”കൗസല്യയുടെ പരിഹാസംകലര്‍ന്ന സ്വരം

വേലായുധന്‍റെ പ്രതികരണം അല്പം മയത്തിലായിരുന്നു. “അവള്‍ക്കു ഇനീം മോളിലോട്ട് പഠിക്കണമെന്നാ”

“അതിനെന്താ, എനിക്ക് ചെന്നൈയിലാ ജോലി. അവിടെ ധാരാളം കോളേജുള്ള സ്ഥലമല്ലേ? അവിടെ എന്തുകോഴ്സിന് വേണമെങ്കിലും ചേരാമല്ലോ.എനിക്ക് നൂറുവട്ടം സമ്മതമാ.”

“നിങ്ങള് എന്തെല്ലാം പറഞ്ഞാലും ഞങ്ങക്ക് ഈ ബന്ധം തീരെ സമ്മതമല്ല” കൗസല്യ തീര്‍ത്തുപറഞ്ഞു.

“എന്‍റെ അമ്മ പോരെടുക്കുമെന്ന് വിചാരിച്ചല്ലേ. എന്‍റെ അമ്മേടെ മനസ്സ് മാറുന്നതുവരെ ഞാന്‍ സുമംഗലയെ എന്‍റെ വീട്ടില്‍ താമസിപ്പിക്കില്ല. അതുപോരെ. എന്‍റെ അച്ഛനും ചേച്ചിക്കുമിക്കാര്യം പൂര്‍ണ്ണസമ്മതമാ. സുമംഗലയെ അവര്‍ക്ക് ഇഷ്ടമാണ്. അവര്‍ക്ക് മാത്രമല്ല എനിക്കും. എന്‍റെ അമ്മയ്ക്കും സുമംഗലയെ ഇഷ്ടമാകാതെ വരില്ലെന്നാണ് എന്‍റെ പ്രതീക്ഷ. അല്പം സാവകാശം വേണ്ടി വരുമെന്ന് മാത്രം.”

നിമ്മിമോള്‍ സുമംഗലയുടെ കാതിലപ്പോള്‍ സ്വകാര്യം പറഞ്ഞു. “പുള്ളിയേ എനിക്കും ഇഷ്ടപ്പെട്ടു. നല്ല സ്ട്രോങ്ങ്‌ നട്ടെല്ലുള്ള പാര്‍ട്ടിയാ, അല്ലേ ചേച്ചി.”

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ?” സുമംഗല ഗൗരവത്തിലാണ് ആരംഭിച്ചതെങ്കിലും അവള്‍ പെട്ടെന്ന് ചിരിച്ചുപോയി.

“ഞങ്ങള്‍ക്ക് തീരെ സമ്മതമല്ലെന്ന് തീര്‍ത്തു പറഞ്ഞല്ലോ. ഇനി നന്ദകുമാറ് ഒന്ന് പോയേ”കൗസല്യ തറപ്പിച്ചുപറഞ്ഞു.

“ഞാന്‍ പോയേക്കാം. പക്ഷെ എന്‍റെ അമ്മ, സുമംഗലയുടെ കല്യാണം മുടക്കിയതിന്‍റെ കാരണം കൂടി നിങ്ങളറിയണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ അമ്മയുടെ കല്യാണവും ഇങ്ങനെ മുടങ്ങിയതാ. വിവാഹം ചെയ്യാമെന്ന് വാക്ക് പറഞ്ഞ കളിക്കൂട്ടുകാരന്‍ കൂടുതല്‍ ചന്തമുള്ള പെണ്ണിന്‍റെ കല്യാണാലോചന വന്നപ്പോ കാലുമാറി. അതാ കാരണം. അതിന്‍റെ മുറിവ് അമ്മേടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.”

“അതാരാ സരസമ്മയെ ചതിച്ചവന്‍?” ഗോപാലന്‍ പെട്ടെന്ന് ചോദിച്ചുപോയി.

“ആ കഥയൊക്കെ സുമംഗലയുടെ അച്ഛനറിയാം. അങ്ങോട്ട്‌ ചോദിച്ചാല്‍ മതി. ഞാന്‍ നാളെ ചെന്നൈക്ക് മടങ്ങും. അടുത്തവരവിന് ഞാനിവിടെ ഒരിക്കല്‍ക്കൂടി വരും. സുമംഗലയുടെ തീരുമാനമറിയാന്‍”

“അയ്യോ! അപ്പോ ആ വില്ലന്‍ നമ്മുടെ അച്ഛനായിരുന്നല്ലേ!”

നിമ്മിമോളുടെ വിമര്‍ശനം സുമംഗലയുടെ കാതില്‍ വീണതേയില്ല. അവളുടെ കണ്ണുകളപ്പോള്‍ നാട്ടുവെളിച്ചത്തിലൂടെ തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നടന്നകലുന്ന നന്ദനെ പിന്തുടരുകയായിരുന്നു.

(അവസാനിച്ചു)

അയലത്തെ ഒളിപ്പോരുകാരി ഭാഗം- 1

സൂര്യരശ്മികള്‍ പിച്ചവയ്ക്കാന്‍ തുടങ്ങിയതേയുള്ളു. അപ്പോഴേക്കും സുമംഗല മുറ്റമടിച്ചു കഴിഞ്ഞിരുന്നു.

അടിച്ചുകൂട്ടിയ ചവറവള്‍ കുട്ടയില്‍ നിറച്ച് തെങ്ങിന്‍തടത്തിലേക്ക്‌ ചൊരിഞ്ഞിട്ടു. കുട്ടയും കുറ്റിച്ചൂലും വീടിന്‍റെ പിന്‍വശത്തുള്ള ചാര്‍ത്തിന്‍റെ ഒരുമൂലയില്‍ ഒതുക്കിവെച്ച് വിസ്തരിച്ചൊന്ന് നടുനിവര്‍ത്തി.

ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയാണ്.

ചോറിപ്പോള്‍ വെന്തുകാണും. എളുപ്പത്തില്‍ ഒരു കറി തയാറാക്കണം. എന്നിട്ട് വേണം കുളിക്കാനും കോളേജിലേക്ക് പോകാനൊരുങ്ങാനും. .

സ്റ്റോപ്പിലെത്താന്‍ വൈകിയാല്‍ പതിവായി കോളേജിലേക്ക് പോകുന്ന ബസ്സ്‌ മിസ്സാവും. എങ്കിൽ പിന്നെ സമയത്തിന് കോളേജില്‍ എത്തുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

ബിഎസ്സ് സി ഫൈനല്‍ ഇയറിലാണ് സുമംഗല. ഫൈനല്‍ പരീക്ഷക്ക്‌ ഇനി രണ്ടുമാസം മാത്രം. വാവ് അടുത്തതുകൊണ്ട് അമ്മ കൗസല്യക്ക് തലേന്ന് മുതല്‍ വലിവിന്‍റെ അസുഖം കൂടുതലാണ്. അതുകൊണ്ട് എല്ലാ ജോലിയും സുമംഗല തന്നെ ചെയ്യണം. കറിക്കുള്ള പച്ചക്കറി അരിഞ്ഞ് അല്പം വെള്ളവും ഉപ്പും മറ്റും ചേര്‍ത്ത് അത് താഴ്ന്ന ചൂടില്‍ ഗ്യാസടുപ്പില്‍ വെച്ചശേഷം അവള്‍ അകത്തെ മുറികള്‍ തൂക്കാന്‍ തുടങ്ങി.

അപ്പോള്‍ മുറ്റത്തുനിന്നും അനുജത്തി നിമ്മിമോളുടെ രോഷംകൊണ്ട് ഇടറുന്ന സ്വരം. “അമ്മേ, ഒന്നിങ്ങോട്ടുവന്നേ.. ഇതൊന്ന് വന്ന് കാണമ്മേ”

ആദ്യം മുറ്റത്തേക്ക്‌ ഓടിയെത്തിയത് സുമംഗലയാണ്.

വേലിക്കിപ്പുറം മുതല്‍ ആ കൊച്ചുമുറ്റത്തിന്‍റെ പാതിയോളം ചിതറിക്കിടക്കുന്ന കുപ്പ! സുമംഗലയുടെ കണ്ണ് മിഴിഞ്ഞുപോയി.

നിമ്മിമോളപ്പോള്‍ മനപ്പൂര്‍വം അല്പം ഉറക്കെ പ്രതികരിച്ചു.

“ദേ,നമ്മടെ അയലത്തെ രാക്ഷസീടെ പണിയാ ചേച്ചി. അവരിതെല്ലം ഇങ്ങോട്ട് വീശിഎറിയുന്നത് ഞാനെന്‍റെ കണ്ണോണ്ട് കണ്ടതാ.”

കിണറിനരികെ നിന്നുകൊണ്ട് നിമ്മിമോള്‍ പല്ലുതേക്കുന്നതിനിടയിലായിരുന്നു സംഭവം. അതിനാല്‍ കുപ്പയുടെ പ്രഭവകേന്ദ്രത്തിന്‍റെ ദൃക്സാക്ഷിയാണവള്‍.

രണ്ടുവീടുകള്‍ക്കും മദ്ധ്യേ, മരക്കമ്പുകളും ഇളംനീല പ്ലാസ്റ്റിക്ക് ഷീറ്റും കൊണ്ട് കെട്ടിയ വേലിയില്‍ പലയിടത്തും ഷീറ്റ് പഴകിക്കീറിയിരുന്നതുകൊണ്ട് ആര്‍ക്ക് വേണമെങ്കിലും അതിര്‍ത്തിലംഘനം നടത്താമെന്ന അവസ്ഥയാണ്‌.

നിമിഷങ്ങള്‍ക്കുള്ളില്‍ അയല്‍വീട്ടിലെ സരസമ്മ അട്ടഹസിച്ചുകൊണ്ട് വേലിക്കരികിലേക്ക് പാഞ്ഞെത്തി. അതവര്‍ പ്രതീക്ഷിച്ചതുമായിരുന്നു. ഓരോ ഒളിപ്പോരിനുശേഷവും തുറന്നപോരിനുള്ള ആഹ്വാനവുമായി രംഗപ്രവേശം ചെയ്യുന്നത് അവരുടെ സ്ഥിരം ശൈലിയാണ്.

“ആരെയാടീ നീ രാക്ഷസീന്ന് വിളിച്ചത്? നിങ്ങക്കടെ അമ്മയാന്നും പറഞ്ഞ് ഒരുത്തിയില്ലേ? ആ വലിവുകാരി കൗസല്യാ…. മ്മ. അവളാ രാക്ഷസി.”

കൗസല്യയുടെ ശ്വസനക്രിയയെ സരസമ്മ പരിഹാസത്തോടെ അനുകരിക്കുകയുംകൂടി ചെയ്തപ്പോള്‍ നിമ്മിമോളുടെ ക്ഷോഭം ഇരട്ടിച്ചു.

“എന്‍റെ അമ്മ പാവമാ. നിങ്ങളാ ദുഷ്ടത്തി.”

അപ്പോഴേക്കും കൗസല്യയും അങ്ങോട്ടെത്തി.

കൗസല്യ വലിവിന്‍റെ വിമ്മിഷ്ടത്തോടെ പറഞ്ഞൊപ്പിച്ചു “എന്തോന്നിനാ സരസമ്മേ ദെവസോമിങ്ങനെ ഞങ്ങളെ ശല്യം ചെയ്യുന്നേ”

“നിങ്ങക്കടെ ഇച്ചിരിക്കുംപോന്ന നെഷേധിപ്പെണ്ണ് എന്നെ രാക്ഷസീന്നും ദുഷ്ടത്തീന്നും വിളിച്ച് പോരിന് വന്നിട്ടിപ്പോ ഞാനാ നിങ്ങളെ ശല്യം ചെയ്യുന്നേന്ന്‍. അമ്മേടേം മക്കടേം കയ്യിലിരിപ്പ് കൊള്ളാവല്ലോ”

”വെറുതെയല്ലല്ലോ നിമ്മിമോളങ്ങനെ പറഞ്ഞത്. അമ്മാതിരി കണ്ണിച്ചോരേല്ലാത്ത പണിയല്ലേ നിങ്ങള് ചെയ്തേക്കുന്നെ” കൗസല്യ വിമ്മിട്ടത്തോടെയാണെങ്കിലും ന്യായം പറഞ്ഞു.

“ഞാനെന്തോ ചെയ്തെന്നാ?”

“നിങ്ങക്കടെ വീട്ടിലെ ചപ്പും ചവറുമൊക്കെ ഇങ്ങോട്ടിടുന്നെതെന്തിനാ?.ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ലല്ലോ.”

“ഇത് നല്ല പുകില്. നിങ്ങള് കണ്ടോ ഞാനതൊക്കെ ഇങ്ങോട്ടിടുന്നത്”

“ഞാന്‍ കണ്ടില്ല. പക്ഷെ നിമ്മിമോള് കണ്ടല്ലോ.”

“നിങ്ങടെ പുന്നാരനിമ്മിമോള് പറേന്നതേ പച്ചനുണയാ. ഞാന്‍ മനസ്സേപോലും വിചാരിക്കാത്ത കാര്യമാ എവള് പറയുന്നേ.”

നിമ്മിമോളപ്പോള്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു “നിങ്ങക്ക് മനസ്സെന്ന ഒരു സാധനം തന്നെയില്ലല്ലോ. പിന്നെങ്ങനാ നിങ്ങള് മനസ്സില് വിചാരിക്കുന്നേ.”

“എന്താടീ കരിനുണച്ചീ പിറുപിറുക്കുന്നേ. വല്ലതും പറയാനുണ്ടീങ്കിലേ തെളിച്ചുപറ”.

സുമംഗല കണ്ണുകൊണ്ട് ഒരു ചുവന്നകൊടി വീശി അനുജത്തിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിമ്മിമോള്‍ ഉശിരോടെതന്നെ ഉറക്കെ ആവര്‍ത്തിച്ചു.

“എടി, എടീ.വായാടിച്ചീ നിന്നെ…..”

“നിങ്ങളാ വായാടിച്ചി. അത് ഈ ചുറ്റുവട്ടത്തുള്ളവര്‍ക്കെല്ലാം അറിയൂം ചെയ്യാം.”.

സുമംഗലയുടെ അച്ഛന്‍ വേലായുധനും സരസമ്മയുടെ ഭര്‍ത്താവ് അയ്യപ്പനും അവരവരുടെ ഉമ്മറക്കോലായില്‍ നിന്നുകൊണ്ട് ഒരു സാധാരണസംഭവം കാണുന്നതുപോലെ നിസ്സംഗതയോടെ രംഗവീക്ഷണം നടത്തുന്നുണ്ടായിരുന്നു.

ഒരു ഇടത്തരം കോണ്ടാക്ടരുടെ സ്ഥിരം പണിക്കാരനാണ് വേലായുധന്‍.

അയ്യപ്പന് പന്തല്‍ പണിയാണ്. ഇടക്കൊക്കെ വേലി കെട്ടിനും പോകും. സരസമ്മ കുടുംബശ്രീയില്‍ അംഗമാണ്. രണ്ട് മക്കളാണ് അവര്‍ക്ക്. മകള്‍ വാസന്തി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടിലാണ്‌. മകന്‍ നന്ദകുമാര്‍ റയില്‍വേയില്‍ ഉദ്യോഗസ്ഥനാണ്. കേരളത്തിനു പുറത്ത് എവിടെയോ ആണയാള്‍.

അയല്‍ക്കാരോടുള്ള വഴക്ക് മൂക്കുമ്പോള്‍ സരസമ്മ വീമ്പിളക്കും. ”ഇത്തവണ ഞങ്ങടെ നന്ദന്‍ ലീവിലൊന്ന് വന്നേക്കട്ടെ. എന്നിട്ടുവേണം പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുപ്പിക്കാന്. എല്ലാത്തിനേം ഞാൻ അകത്താക്കും, നോക്കിക്കോ.”

ആ ഭീഷണി അയല്‍ക്കാരാരും ഗൗരവത്തില്‍ എടുക്കാറില്ല എന്നതാണ് സത്യം.

അയല്‍ക്കാരെ മാത്രമല്ലാ തന്നെക്കാള്‍ കുറെ പ്രായക്കൂടുതലുള്ള അയ്യപ്പനേയും അവര്‍ വെറുതെ വിടാറില്ല. അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ അതിന്‍റെ ശബ്ദഘോഷങ്ങള്‍ അയല്‍വീടുകളിലെല്ലാം എത്താറുണ്ട്.

സരസമ്മയുടെ നാവുകൊണ്ടുള്ള പ്രഹരം അനുഭവിക്കാത്ത പരിസരവാസികൾ ഇല്ലെന്നുതന്നെ പറയാം.

നിമ്മിമോളും സരസമ്മയും തമ്മിലുള്ള വഴക്കും വക്കാണവും അടിക്കടി മുറുകിവരുമ്പോഴാണ് എന്തോ കരിഞ്ഞ മണം കാറ്റത്തു് അങ്ങോട്ടെത്തുന്നത് മൂക്കൊന്ന് വിടര്‍ന്നു. അടുത്ത നിമിഷം നെഞ്ചത്ത് കൈവെച്ചുകൊണ്ട് അവള്‍ അടുക്കളയിലേക്കോടി.

അടുപ്പത്ത് വെച്ചിരുന്ന കറിപ്പാത്രത്തില്‍നിന്നും പുക , ഉയരുന്നുഅടുക്കളയിലാകെ കറി കരിഞ്ഞ മണം;

കറിപ്പാത്രം കറുത്ത് കരിക്കട്ടപോലായിരിക്കുന്നു.

സുമംഗല പെട്ടെന്ന് തീ അണച്ചു. പിന്നെ എളിക്കു കൈവെച്ച് ഒരു നിമിഷം വിഷണ്ണയായി നിന്നു.

ഇനിയോ? വീണ്ടും ഒരു കറി പാകം ചെയ്യാനോക്കെ പുറപ്പെട്ടാല്‍ കോളേജിലേക്കുള്ള ബസ്സ്‌ അതിന്‍റെ പാട്ടിനുപോകും.

ധൃതിയിലവള്‍ സവാളയും മുളകും എണ്ണയില്‍ വാട്ടിയെടുത്ത് ഉപ്പും അല്പം പുളിയും വെളിച്ചെണ്ണയും ചേര്‍ത്തരച്ച് ഒരു ചമ്മന്തി ഉണ്ടാക്കി. നിമ്മിമോള്‍ക്കും തനിക്കുമുള്ള ഉച്ചഭക്ഷണം ടിഫിന്‍ ബോക്സുകളില്‍ എടുത്തുവെച്ചു. മിച്ചമുള്ളത് കൗസല്യക്കും. വേലായുധന് പണിസ്ഥലത്തിന് അടുത്തുള്ള ഹോട്ടലില്‍ നിന്നാണ് ഉച്ചയൂണ്.

നിമ്മിമോള്‍ പത്താംക്ളാസ്സിൽ പഠിക്കുന്നു. സ്ക്കൂളിലേക്ക് അധികം ദൂരമില്ലാത്തതുകൊണ്ട് അവള്‍ക്ക് അല്പം വൈകി പുറപ്പെട്ടാല്‍ മതി.

സുമംഗല കുളികഴിഞ്ഞിറങ്ങുമ്പോള്‍ അന്തരീക്ഷം ശാന്തം. മഴ തോര്‍ന്നതുപോലുള്ള നിശ്ശബ്ദത വേലിക്കരികിലെ നേരമ്പോക്ക് അവസാനിപ്പിച്ച് സരസമ്മ കുടുംബശ്രീയിലേക്ക് വിട്ടുകാണും. അത്രേം ആശ്വാസം.

മുടിയിഴകളില്‍ നിന്ന് വെള്ളം ഇറ്റു വീണിരുന്നെങ്കിലും അവളതു തുവര്‍ത്തി കളയാനൊന്നും നേരം കളഞ്ഞില്ല. ഡ്രസ്സ്‌ മാറി മുടിയൊന്ന് ചീകിയെന്നുവരുത്തി ഒരു ക്ലിപ്പും കുത്തി നെറ്റിയില്‍ ഒരു ശിങ്കാര്‍പൊട്ടും തൊട്ട് കോളേജിലേക്ക് കൊണ്ടുപോകാറുള്ള തോള്‍സഞ്ചിയുമായി പെട്ടെന്നിറങ്ങി.

മുറ്റത്ത് നിന്നുകൊണ്ട് “അമ്മേ, ഞാനിറങ്ങുവാ’ എന്ന് വിളിച്ചുപറഞ്ഞു.

അതിനിടക്ക് സമയം നോക്കാന്‍ കൈത്തണ്ടയിലേക്ക് നോക്കിയപ്പോഴാണ് വാച്ചെടുക്കാന്‍ മറന്നെന്ന് മനസ്സിലാകുന്നത്. തിരിയെ അകത്തുപോയി എടുക്കേണമോ എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും അടുത്തനിമിഷം വേണ്ടെന്ന് വെച്ചു.

എത്രയും വേഗം ബസ്സ്‌ സ്റ്റോപ്പില്‍ എത്തണം. ബസ്സ്‌ കിട്ടിയാല്‍ ഭാഗ്യം.

പാദങ്ങള്‍ കഴിയുന്നത്ര നീട്ടിവെച്ച്‌ അവള്‍ കൂടുതല്‍ വേഗത്തില്‍ നടന്നു. അപ്പോഴെല്ലാം അവള്‍ ആലോചിച്ചിരുന്നത് സരസമ്മയെക്കുറിച്ചാണ്. നാക്കിനെല്ലില്ലാത്തപോലെയാണ് അവരുടെ സംസാരം. നിസ്സാരകാര്യത്തിനുപോലും അയല്‍ക്കാരോട് വഴക്കിനുപോകും. പക്ഷെ ഒരു കാര്യവുമില്ലെങ്കിലും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കിനുവരുന്നത്‌ തങ്ങളോട് മാത്രം. അവര്‍ക്കിത്രമാത്രം കലിപ്പു തോന്നാനുള്ള കാരണമെന്താണന്നുമാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.

സുമംഗല സ്റ്റോപ്പിന് ഏതാനും അടിയകലെ എത്തിയപ്പോള്‍ തന്നെ ബസ്സ് പാഞ്ഞുവന്ന് ബ്രേക്കിട്ടുനിന്നു. അതോടെ അവളുടെ ഓര്‍മ്മയില്‍നിന്ന് സരസമ്മയുടെ ചിത്രം മാഞ്ഞില്ലാതായി. പകരം കാലിന്‍റെ വേഗത ഇരട്ടിച്ചു.

കൗസല്യയുടെ ചേട്ടന്‍ ഗോപാലന്‍ സുമംഗലക്കായി കൊണ്ടുവന്ന വിവാഹക്കാര്യം വേലായുധനും ഇഷ്ടമായി. ഗോപാലന്‍റെ ഭാര്യവീട്ടിലെ ഒരകന്നബന്ധുവിന്‍റെ മകനുവേണ്ടിയാണ് വിവാഹാലോചന.

പയ്യന്‍ ഐ ടി ഐ പാസായിട്ടുണ്ട്. ഗള്‍ഫില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്നു. പേര് ശിവപ്രസാദ്‌. ഫോട്ടോയില്‍ കാണാനും തരക്കേടില്ല. രണ്ടുപേരുടെയും ജാതകങ്ങള്‍ തമ്മില്‍ ആറു പൊരുത്തങ്ങള്‍ തികച്ചുമുണ്ട്.

ഇത്ര നല്ല ആലോചന തള്ളിക്കളയുന്നത് ബുദ്ധിശൂന്യതയാണെന്ന അഭിപ്രായമായിരുന്നു ബന്ധുക്കള്‍ക്കെല്ലാം.

ഡിഗ്രി കഴിഞ്ഞ് ബിഎഡ്ഡിനോ മറ്റോ ചേരണമെന്നായിരുന്നു സുമംഗലക്ക്. എങ്കിലും കൗസല്യയുടെയും വേലായുധന്‍റെയും നിര്‍ബ്ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടിവന്നു.

ചെറുക്കന്‍റെ ലീവ് തീരാറായതുകൊണ്ട് പെണ്ണുകാണല്‍ ചടങ്ങ് കഴിയുന്നതും വേഗം നടത്തണമെന്നായിരുന്നു അയാളുടെ വീട്ടുകാരുടെ ആവശ്യം. ചെറുക്കന് വേറെയും ആലോചനകള്‍ നടക്കുന്നുണ്ടത്രേ. അത്രയുംകൂടി കേട്ടപ്പോള്‍ കൗസല്യയും വേലായുധനും പിന്നൊന്നും ആലോചിച്ചില്ല കണ്ണുമടച്ച് ഒരു തീരുമാനമങ്ങോട്ടെടുത്തു. ആ ഞാറാഴ്ച ഉച്ചകഴിഞ്ഞ് അടുത്ത ബന്ധുക്കളെമാത്രം ക്ഷണിച്ചുകൊണ്ട് ഒരു പെണ്ണുകാണല്‍ ചടങ്ങ്. വിരുന്നിന് ചായയും മൂന്നോ നാലോ പലഹാരങ്ങളും.

കൗസല്യയെ സഹായിക്കാൻ ഗോപാലനും ഭാര്യയും നേരത്തെ എത്തി

ഏതാണ്ട് നാലുമണിയായപ്പോൾ ശിവപ്രസാദും അയാളുടെ അച്ഛനും അമ്മയും ഒരമ്മാവനും കൂടി സുമംഗലയെ പെണ്ണുകാണാൻ വന്നു. അവളെ അവര്‍ക്ക് വളരെ ഇഷ്ടമായി. അതവര്‍ അപ്പോള്‍ത്തന്നെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പഠിക്കണമെന്ന തീരുമാനം മാറ്റിവെച്ച് സുമംഗല സമ്മതം മൂളുകയും കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ മുക്കാല്‍ പങ്കും തീരുമാനമായി. വേലായുധന്‍റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഗോപാലന്‍ പറഞ്ഞിരുന്നതുകൊണ്ട് ചെറുക്കന്‍വീട്ടുകാരുടെ ഭാഗത്തുനിന്നും യാതൊരു കടുംപിടുത്തവും ഉണ്ടായതുമില്ല. അതോടെ കൗസല്യക്കും വേലായുധനും അവരെക്കുറിച്ചുള്ള മതിപ്പ് ഇരട്ടിച്ചു.

പിന്നത്തെ കൂടിയാലോചന കല്യാണച്ചടങ്ങിനെക്കുറിച്ചായിരുന്നു. സുമംഗലയുടെ പരീക്ഷ കഴിഞ്ഞ് അനുയോജ്യമായൊരു മുഹൂര്‍ത്തത്തില്‍ കല്യാണം നടത്താം. വിവാഹത്തിന്‍റെ ദിവസം നിശ്ചയിച്ച ശേഷം അറിയിച്ചാല്‍ രണ്ടാഴ്ചത്തെ ലീവെടുത്ത് നാട്ടിലെത്തിക്കോളാം; ശിവപ്രസാദ്‌ വാക്കു പറഞ്ഞു. സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികളും മറ്റും തന്നാല്‍ സുമംഗലക്കും അവിടെ ഒരു ജോലിക്കുള്ള ശ്രമങ്ങള്‍ തുടങ്ങിവെക്കാമെന്നും അയാള്‍ അറിയിച്ചു

വിസക്കും പാസ്പോര്‍ട്ടിനും അപേക്ഷ നല്‍കുവാന്‍ വിവാഹനിശ്ചയച്ചടങ്ങും മോതിരം മാറലും മറ്റും കഴിയുന്നതും വേഗം നടത്തിയാല്‍ നന്നായിരിക്കുമെന്നായിരുന്നു ചെറുക്കന്‍വീട്ടുകാരുടെ നിര്‍ദ്ദേശം. അതനുസരിച്ച് അടുത്ത ഞാറാഴ്ച തന്നെ ആ ചടങ്ങ് നടത്താമെന്ന് വേലായുധന്‍ ഏറ്റു. ബന്ധുക്കളെ എല്ലാവരെയും കാണിക്കാന്‍വേണ്ടി സുമംഗലയുടെ ഒരു ഫോട്ടോയും വാങ്ങി വളരെ സംതൃപ്തരായാണ് ചെക്കന്‍ വീട്ടുകാര്‍ മടങ്ങിയത്.

വ്യാഴാഴ്ച രാവിലെ വേലായുധന്‍ അയാളുടെ മേസ്ത്രിയില്‍നിന്നും കുറച്ച് രൂപ കടം വാങ്ങാനായി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഗോപാലന്‍ എത്തിയത്. വന്ന കാലില്‍ത്തന്നെ നിന്നുകൊണ്ട് പാരവശ്യത്തോടെ അയാള്‍ പുലമ്പി “വേലായുധന്‍ ചേട്ടാ, ഈ കല്യാണക്കാര്യത്തീന്ന് ചെക്കന്‍റെവീട്ടുകാര് പിന്മാറി”

വേലായുധന്‍ ഒരു നിമിഷം മരവിച്ചുനിന്നുപോയി.

“നീ എന്താ ഗോപാലാ ഈ പറയുന്നേ. ഇതെന്താ പിള്ളേര് കളിയാണോ? ഈ ഞാറാഴ്ച മോതിരം മാറ്റല് ചെയ്തേക്കാമെന്ന് പറഞ്ഞേച്ചല്ലേ അവര് പോയത്. ഞങ്ങള് ഒരുക്കങ്ങള് മുക്കാലും ചെയ്തും കഴിഞ്ഞു..”

കൗസല്യ നെഞ്ചില്‍ കൈവെച്ചുകൊണ്ട് സങ്കടപ്പെട്ടു “ഇത് വല്യ ചതിയായിപ്പോയി കേട്ടോ. എന്താ അവരിക്കാര്യം വേണ്ടെന്ന് വെച്ചത്?”

“ഒന്നും പറയേണ്ടെന്‍റെ പെങ്ങളേ. എല്ലാത്തിനും കാരണം നിങ്ങടെ അയല്‍ക്കാരിയാ. ആ വായാടി സരസമ്മ. ശിവപ്രസാദിന്‍റെ ഒരെളേമ്മക്കും സരസമ്മക്കും കുടുംബശ്രീയില്‍ ഒരേ സ്ഥലത്താ ജോലി. ആ പെണ്ണുമ്പിള്ള പറഞ്ഞ് സരസമ്മ വിവരമറിഞ്ഞുകാണും. സുമമോള്‍ക്ക് സ്വഭാവദൂഷ്യമൊണ്ടെന്നോ കോളേജിലേക്കാന്നും പറഞ്ഞെറങ്ങുന്നത് കണ്ടവന്‍റെകൂടെ നാടുചുറ്റാനാണന്നോ ഒക്കെ ആ നെറികെട്ടോള് ഏഷണി പറഞ്ഞു കൊടുത്തിരിക്ക്യാ”

കൗസല്ല്യ തലയില്‍ കൈവെച്ചുകൊണ്ട് പ്രാകി “എന്‍റെ മോളെക്കുറിച്ച് ഇങ്ങനെ പറേന്നതിന് അവക്കടെ തലേല് ഇടിത്തീ വീഴും.”

ഗോപാലന്‍റെ കുറ്റപ്പെടുത്തല്‍ അംഗീകരിക്കാതിരിക്കാനും എന്നാലത് തുറന്നുപറയാനും കഴിയാതെ വേലായുധന്‍ ദുര്‍ബലസ്വരത്തില്‍ ചോദിച്ചു. ”സരസുവാണ് പ്രശ്നമുണ്ടാക്കീതെന്ന് എന്താ ഉറപ്പ്?”

“നിങ്ങക്കടെ ഒരു പുന്നാര സരസു!. കുട്ടിക്കാലത്ത് ഒന്നിച്ചുകളിച്ചു വളര്‍ന്നതാണെന്നും പറഞ്ഞോണ്ടാ ഈ എളക്കം. ദേ, എനിക്ക് എരിഞ്ഞുകേറി വരണണ്ട് കേട്ടോ“ കൗസല്യ കലി തുള്ളി.

“അവളെയിങ്ങനെ കയറൂരിവിട്ടാല്‍ പറ്റൂല്ല ഗോപാലേട്ടാ.നമുക്ക് പോലീസ് സ്റ്റേഷനില് ഒരു പരാതി കൊടുക്കണം”

വേലായുധന്‍റെ ചുണ്ടുകളപ്പോള്‍ പരിഹാസംകൊണ്ട് വക്രിച്ചു. ”എന്തും പറഞ്ഞാ നീ പരാതി കൊടുക്കാന്‍ പോണത്? നിന്‍റെ കയ്യേലെന്തെങ്കിലും തെളിവൊണ്ടോ?”

കൗസല്യ ഒരിഞ്ച് പുറകോട്ടില്ലെന്നമട്ടില്‍ ഉറച്ചുനിന്നു. ”തെളിവൊക്കെ ഗോപാലേട്ടന്‍ ഉണ്ടാക്കിക്കോളും.. ഇല്ലേ ഗോപാലേട്ടാ?”

“തെളിവെന്ന് പറേമ്പോ… ഞാനിപ്പോ എവടന്നാ തെളിവുണ്ടാക്കുന്നേ” ഗോപാലനൊന്ന് പതറി.

“എങ്കി ശരി. രണ്ടും കൂടി അവക്കടെ മുന്നിപ്പോയി വാക്കയ്യും പൊത്തി മുട്ടേനിന്നോ. പരാതി കൊടുക്കാനേ ഞാനും എന്‍റെ മക്കളും വിചാരിച്ചാലും നടക്കും. തെളിവൊക്കെ ഞങ്ങളുണ്ടാക്കിക്കോളാം.”

കൗസല്യ കണ്ണുതുടച്ചുകൊണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഗോപാലന്‍റെ സാന്ത്വന സ്വരം .”നീയോന്നടങ്ങെന്‍റെ പെങ്ങളേ. നിന്‍റെ മോള്‍ക്ക്‌ ഇതിലും നല്ല ആലോചനക്കാര്യം ഈ ഗോപാലേട്ടന്‍ കൊണ്ടുവരും. നമ്മളത് നടത്തുകേം ചെയ്യും. ഒറപ്പ്.”

പതിവുപോലെ അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം ചെയ്തുതീര്‍ത്ത് കോളേജിലേക്ക് ഇറങ്ങുകയായിരുന്നു സുമംഗല. അല്പം നേരത്തെ ഒരുങ്ങിയിറങ്ങാന്‍ കഴിഞ്ഞതുകൊണ്ട്‌ ബസ്റ്റോപ്പിലെത്താനിന്ന് വായുപിടിക്കേണ്ടിവരില്ല. സ്പോര്‍ട്ട്സ്ഡേ ആയതുകൊണ്ട് നിമ്മിമോള്‍ക്ക്‌ ഉച്ചക്ക് സ്ക്കൂളിലേക്ക് പോയാല്‍ മതി. ചേച്ചിയെ യാത്രയാക്കാന്‍ അവളും പിറകെയുണ്ട്.

മുറ്റത്ത് അസഹ്യമായ ദുര്‍ഗന്ധം. മീന്‍തലകളും ചെതുമ്പലും കോഴിപ്പൂടയും തലേന്നത്തെ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും അടങ്ങുന്ന കുപ്പ ചിതറിക്കിടക്കുന്നു. ചുറ്റിനും ഈച്ചകള്‍ പ്രസരിപ്പോടെ മൂളി പറക്കുന്നു.

“ഇതാ ദുഷ്ടത്തി ചെയ്ത പണിയാ ചേച്ചി.”.നിമ്മിമോള്‍ മുറുമുറുത്തു.

നീ വഴ്ക്കിനൊന്നും പോവണ്ട. നേരംപോലെ അതൊന്ന് വൃത്തിയാക്കിയേക്ക്.”

“എന്തിനാ തെളിവ് നശിപ്പിക്കുന്നെ. ഇന്ന് ഞാനും അമ്മേം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പോവ്വാ. പോലീസെത്തുമ്പോള്‍ ഇതവരെ കാണിച്ചുകൊടുക്കാല്ലോ.”

നിമ്മിമോള്‍ വേലിക്കരികിലേക്ക് ചെന്ന് തൊണ്ടകീറിക്കൊണ്ട് വിളിച്ചുകൂവി “വായാടി സരസമ്മ തമ്പ്രാട്ടിയേ, വഴക്കാളി തമ്പ്രാട്ടിയേ”

സരസമ്മ എപ്പോഴത്തെയുംപോലെ ഉടനെ പാഞ്ഞെത്തി “നീ എന്നെ എന്താടീ വിളിച്ചത്?”

“വായാടീന്നും വഴക്കാളീന്നും. എന്താ അത് ശരിയല്ലേ? പിന്നെ കൊറച്ച് ബഹുമാനോള്ളതുകൊണ്ട് തമ്പ്രാട്ടീന്നും”

മേമ്പൊടിയായി നിമ്മിമോളുടെ പരിഹാസചിരികൂടി ആയപ്പോള്‍ സരസമ്മയുടെ നാവിനു തരിപ്പ് കൂടി

“ഞാനിന്ന് നിന്നെ പോലീസ് സ്റ്റേഷനില്‍ കേറ്റുമെടീ കുരിപ്പേ.”

“ഇന്ന് സ്റ്റേഷനില്‍ കേറണതാരാണെന്നുകണ്ടോ. നിങ്ങളെറിഞ്ഞ കുപ്പയെല്ലാം ഇവിടെത്തന്നെ കിടക്കും. പോലീസിനെ കാണിക്കാന്‍.”

അപ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ സരസമ്മയുടെ അടുത്തേക്ക് വന്നു. അതവരുടെ മകന്‍ നന്ദകുമാറാണെന്ന് സുമംഗല ഊഹിച്ചു.

“ഇത് കണ്ടോ മക്കളേ, ദെവസോം രാവിലെ ഓരോന്നും പറഞ്ഞോണ്ട് പോരിനു വരണത് ഈ നെഷേധിപ്പെണ്ണും ഇവക്കടെ വീട്ടുകാരും ഒരു പതിവാക്കിയിരിക്യാ” സരസമ്മ നല്ലപിള്ള ചമഞ്ഞു.

എതിരാളിയുടെ ഭാഗത്ത് ആള്‍ബലം കൂടിയപ്പോള്‍ സുമംഗലയുടെ അവശേഷിച്ചിരുന്ന ധൈര്യംകൂടി ചോര്‍ന്നുപോയി. അനുജത്തിയുടെ കൈപിടിച്ച് പിറകോട്ട് വലിച്ചുകൊണ്ട് സുമംഗലയവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. “നീയൊന്നിങ്ങോട്ട് വന്നേ.”

“എന്താ നിങ്ങടെ പ്രശ്നം?” ചെറുപ്പക്കാരന്‍ ഗൗരവത്തോടെ ചോദിച്ചു.

“ഇതുകണ്ടോ?” നിമ്മിമോള്‍ തന്റേടം വിടാതെ നിന്നു “രാവിലെ ചേച്ചി അടിച്ച് വൃത്തിയാക്കിയ മുറ്റമാ, നിങ്ങടെ അമ്മയാ ഈ കുപ്പയെല്ലാം ഇങ്ങോട്ടിട്ടത് ”

സരസമ്മയപ്പോള്‍ മകന്‍റെ മുന്നില്‍ നേരസ്ഥയായി.  “അയ്യോ, ഞാനിട്ടതൊന്നുമല്ലെന്‍റെ മക്കളേ, കാക്ക കൊത്തിക്കൊണ്ടുവന്നിട്ടതാ”

“ഇത്രേം കുപ്പയോ. ഗാര്‍ബേജിന്‍റെ പണി കുടുംബശ്രീക്കാര് കാക്കകളെ ഏല്പിച്ച വാര്‍ത്ത പത്രത്തിലൊന്നും കണ്ടില്ലല്ലോ.” നിമ്മിമോള്‍ പരിഹസിച്ചു.

ചെറുപ്പക്കാരന്‍റെ മുഖം കൂടുതല്‍ കനത്തുവോ?

സുമംഗലയുടെ ഹൃദയമിടിപ്പപ്പോള്‍ ഇരട്ടിച്ചു…

അവള്‍ വീണ്ടും നിമ്മിമോളുടെ കയ്യില്‍ പിടികൂടി. ”നീയൊന്ന് മതിയാക്കെന്‍റെ കൊച്ചേ”

“ചേച്ചി കോളേജിൽ പൊക്കോ. എനിക്കിയാളോട് ഒരു കാര്യം കൂടി പറയാനുണ്ട്‌. അമ്മേടെ കള്ളക്കളികൾ പൊന്നുമോനും കൂടി അറിയണോല്ലോ”

ചെറുപ്പക്കാരന്‍റെ പുരികക്കൊടികള്‍ വക്രിച്ചു. ”കള്ളക്കളികളോ. എന്റമ്മ എന്തുചെയ്തെന്നാ”

“നിങ്ങടെ അമ്മയാ എന്‍റെ ചേച്ചിക്ക് വന്ന നല്ലൊരു കല്യാണാലോചന മുടക്കീത്. ചേച്ചിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ചെക്കന്‍റെ വീട്ടുകാരോട് ഏഷണി പറഞ്ഞുകൊടുത്തു ഇവര്. ഞങ്ങളെ ഒരുവിധത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വൃതമെടുത്തിരിക്കയാ നിങ്ങടെ അമ്മ” നിമ്മിമോളുടെ സ്വരമിടറി

ചെറുപ്പക്കാരന്‍റെ മുഖത്തപ്പോള്‍ രക്തഛവി പരന്നു. അയാളുടെ കണ്ണുകള്‍ സുമംഗലയുടെ മുഖത്തേക്ക് പാറിവീണു. അടുത്തനിമിഷം ഒന്നും മിണ്ടാതെ അയാള്‍ പെട്ടെന്ന് പുറംതിരിഞ്ഞു വീടിനകത്തേക്ക് കയറിപ്പോയി.

സരസമ്മയുടെ ദേഷ്യമപ്പോള്‍ പതിന്മടങ്ങായി .”എടീ കാന്താരീ, നീ എന്‍റെ വീട്ടീ വഴക്കുണ്ടാക്കാനുള്ള പൊറപ്പാടാണല്ലേ. ഞാനാ നിന്‍റെ ചേച്ചീടെ കല്യാണം മൊടക്കീതെന്ന് ആരാടീ പറഞ്ഞെ? കല്യാണം മൊടങ്ങീങ്കിലേ അതവക്കടെ കയ്യിലിരിപ്പുകൊണ്ടാടീ”

“നിങ്ങക്ക് നാണമില്ലേ തള്ളേ ഇങ്ങനെ ഇല്ലാവചനോം പറഞ്ഞു നടക്കാന്‍. നിങ്ങളും ഒരുത്തിയെ പെറ്റുവളര്‍ത്തീതല്ലേ?” നിമ്മിമോള്‍ അവരെ നിര്‍ത്തി പൊരിക്കാനുള്ള പുറപ്പാടാണ്.

വഴക്ക് അത്രവേഗമൊന്നും തീരാനുള്ള സാധ്യതയില്ല. സുമംഗല അക്ഷമയോടെ വാച്ചില്‍ നോക്കി. ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങാനുള്ള സമയപരിധി അവസാനിച്ചിട്ട് അഞ്ചുമിനിട്ടാകാന്‍ പോകുന്നു. അവള്‍ ശരവേഗത്തില്‍ സ്റ്റോപ്പിലേക്ക് നടന്നു.

അന്നത്തെ ദിവസം സുമംഗലക്ക് ക്ലാസ്സില്‍ പതിവുപോലെ ശ്രദ്ധിക്കാനായില്ല. സരസമ്മയോ, തന്‍റെ അമ്മ കൗസല്യയോ? രണ്ടുപേരില്‍ ആരാണ് പോലീസ് സ്റ്റേഷനില്‍ പോയിരിക്കുക? അവളുടെ ചിന്ത അതുമാത്രമായിരുന്നു. ആരായാലും ഇരുഭാഗക്കാരും തമ്മിലുള്ള വഴക്കിന് മൂര്‍ച്ചകൂടാനാണ് സാധ്യത.

ഇപ്പോള്‍ സരസമ്മയുടെ മകനും സ്ഥലത്തുണ്ട്. സരസമ്മയോട് ഉരുളക്കുപ്പേരി എന്ന നിലപാടാണ് നിമ്മിമോള്‍ക്ക്. തന്‍റെ കല്യാണാലോചന മുടങ്ങിപ്പോയതോടെ അവള്‍ ഇരട്ടി വാശിയിലാണ്. അയല്‍വക്കങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂത്ത് കൊലപാതകത്തിലെത്തുന്ന സംഭവങ്ങള്‍ സര്‍വസാധാരണമായിരിക്കയാണ്. ഒരു കായികാഭ്യാസിയുടേതുപോലെ ഉറച്ചശരീരമുള്ള സരസമ്മയുടെ മകനെക്കുറിച്ച് ഓര്‍മ്മവന്നപ്പോള്‍ അവളുടെ ഭയം മൂര്‍ദ്ധന്യാവസ്ഥയിലായി.

ഇന്നെന്തെല്ലാമാണോ സംഭവിച്ചിരിക്കുക എന്ന ആശങ്കയോടെയാണ് അവള്‍ വീട്ടില്‍ മടങ്ങിയെത്തിയത്. പക്ഷെ പതിവുപോലെ അധരവ്യായാമം മാത്രമേ അന്നും നടന്നിട്ടുള്ളൂ എന്ന് മനസ്സിലായപ്പോള്‍ അവള്‍ക്ക് ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

(തുടരും)

Story- ഒത്തുതീർപ്പ്

എന്നെപ്പോലൊരു സ്ത്രീ ഒരിക്കലും കല്യാണം കഴിക്കാൻ പാടില്ലായിരുന്നു. നികേഷിനെ കല്യാണം കഴിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴേയ്ക്കും എനിക്കീ കാര്യം ബോധ്യമായിരുന്നു. എനിക്ക് നല്ല സുഖമില്ലായിരുന്നു. അതുകൊണ്ട് സുഹൃത്ത് അജയന്‍റെ കല്യാണത്തിന് നികേഷ് തനിച്ചാണ് പോയത്. അവിടെ തന്നെയായിരുന്നു എന്‍റെ അമ്മ വീടും. അടുത്ത ദിവസം നികേഷ് മടങ്ങി വന്നപ്പോൾ ആളാകെ മൂഡോഫിലായിരുന്നു. എനിക്കൊന്നും മനസ്സിലായിരുന്നില്ല. പുള്ളിക്ക് എന്താണ് പറ്റിയത്?

ഞാൻ കുത്തിക്കുത്തി ചോദിച്ചിട്ടും പുള്ളി ഒന്നും വിട്ട് പറഞ്ഞില്ല. ആളുകൾ കാര്യം പറയാതെ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഞാൻ പുള്ളിയുടെ പിന്നാലെ കൂടി. പക്ഷേ നികേഷ് വാ തുറന്നതേയില്ല.

ഞാനെപ്പോഴെങ്കിലും ടെൻഷനടിച്ചിരുന്നാൽ എന്നെ തലോടി സമാധാനിപ്പിക്കാറുള്ള ആളാണ് ഇപ്പോൾ എന്നോട് ഒന്നും മിണ്ടാതിരിക്കുന്നത്. എനിക്ക് നല്ല തലവേദനയുണ്ടെന്നറിഞ്ഞിട്ടും പുള്ളി എന്നെ മൈൻഡ് ചെയ്തതേയില്ല. ആ കരങ്ങളിൽ സാന്ത്വനപ്പെട്ടുറങ്ങാൻ ഞാനന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അന്ന് നികേഷ് തിരിഞ്ഞു കിടന്നു.

എനിക്കന്ന് ഉറക്കം വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നികേഷ് അസ്വസ്ഥനായി എഴുന്നേറ്റത് ഞാനറിഞ്ഞു.

“എന്തുപറ്റി നികേഷ്, എന്താണ് പ്രശ്നം?” ഞാൻ ചോദിച്ചു.

“ഞാൻ ചോദിക്കുന്നതിന് വ്യക്തമായി ഉത്തരം തരണം കവിതേ. ഞാനെന്തും സഹിക്കും. പക്ഷെ കള്ളം പറയുന്നതും മറച്ചു വയ്ക്കുന്നതും ഞാൻ പൊറുക്കില്ല” നികേഷിന്‍റെ സ്വരം വല്ലാതെയായിരുന്നു.

“ഞാനിതുവരെ നിങ്ങളോട് കള്ളം പറഞ്ഞിട്ടില്ല. എന്താ കാര്യമെന്ന് തെളിച്ച് പറയൂ” എന്‍റെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി.

രവിയും നവീനുമായുള്ള നിന്‍റെ ബന്ധം എന്താണ്? ഞാനതിനെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നു. ഞാൻ കല്യാണത്തിനു പോയപ്പോൾ കേട്ടത് സത്യമാണോ എന്നെനിക്കറിയണം. നീ പറയുന്നതാണ് എനിക്ക് മുഖ്യം.”

നികേഷിന്‍റെ ടെൻഷന്‍റെ കാര്യം എനിക്ക് പിടികിട്ടി. എന്‍റെ വിവാഹപൂർവ്വ ബന്ധത്തെക്കുറിച്ച് ആരോ നികേഷിനോട് പറഞ്ഞിരിക്കുന്നു. ഞാൻ വിവിധ സമയങ്ങളിൽ രവിയോടും നവീനിനോടും അടുപ്പം കാണിച്ചിരുന്നു.

നികേഷ് എന്നെ വലയിൽ വീഴ്ത്താൻ ശ്രമിച്ചാലൊന്നും ഞാൻ പിടികൊടുക്കില്ല. ഭാവിയിൽ ഭർത്താവുമൊത്ത് കഴിയുമ്പോൾ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതിനുള്ള പ്ലാൻ എന്‍റെ കൈയിൽ ഉണ്ടായിരുന്നു.

കുറെ മുമ്പ് ഞാനൊരു മർഡർ മിസ്റ്റിറി വായിച്ചിരുന്നു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ എനിക്ക് ഇപ്പോൾ ഉപകാരപ്പെടും. വിവാഹശേഷം ആണുങ്ങൾ ഭാര്യയോട് തങ്ങളുടെ വിവാഹപൂർവ്വ ബന്ധങ്ങൾ പറഞ്ഞ് ദാമ്പത്യം വഷളാക്കില്ലെന്നും അതിനെ പ്രതി അവർക്ക് യാതൊരു കുറ്റബോധവും ഉണ്ടാവാറില്ലെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു.

പക്ഷേ ഒരു ഭാര്യ കുറ്റബോധത്താൽ ഭർത്താവിനോട് അത്തരം ബന്ധങ്ങളെക്കുറിച്ച് ഒരിക്കലും പറഞ്ഞു പോവരുത്. ഇങ്ങനെ ദാമ്പത്യത്തിലെ സുഖവും സന്തോഷവും നഷ്ടപ്പെടുത്തുന്ന സ്ത്രീയുടെ എണ്ണം പുരുഷന്മാരേക്കാൾ അധികമാണത്രേ. അവരിലൊരാളാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഈ കാര്യങ്ങളെല്ലാം മനസ്സിൽ വച്ചു കൊണ്ട് ഞാൻ നികേഷിനോട് തിരിച്ച് ചോദിച്ചു, “എന്നോടൊന്നും ചോദിക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കേട്ട്, ഞാൻ ചാരിത്യ്രം നഷ്ടപ്പെട്ടവളാണെന്ന് നിങ്ങൾ കരുതിയല്ലോ?”

“അങ്ങനെയൊന്നും ഞാൻ കരുതിയിട്ടില്ല.” നികേഷ് എഴുന്നേറ്റു. ”സത്യം നീയാണ് തുറന്നു പറയേണ്ടത്.”

“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുമോ?” എന്‍റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.

“മറുചോദ്യം ചോദിക്കാതെ, ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ കവിതാ.” നികേഷ് ദേഷ്യപ്പെട്ടു.

“അവർ രണ്ടുപേരുമായി എനിക്ക് വഴിവിട്ട ബന്ധമൊന്നുമില്ലായിരുന്നു. രവിയോടൊപ്പമാണ് ഞാൻ എംബിഎ ചെയ്തത്. നവീനുമായി നല്ല കൂട്ടായിരുന്നു. അവർ എന്‍റെ നല്ല സുഹൃത്തുക്കൾ മാത്രമാണ്.” ഞാൻ കള്ളക്കണ്ണുനീർ വേണ്ടുവോളം ഒഴുക്കി.

“നിനക്ക് ഇവരുമായുള്ള ബന്ധത്തെപ്പറ്റി നല്ലതല്ലാത്തതാണല്ലോ നിന്‍റെ കൂട്ടുകാരി നിഷ ഭർത്താവിനോട് പറഞ്ഞിരിക്കുന്നത്. നിങ്ങളിൽ ആരാണ് കള്ളം പറയുന്നത്?” നികേഷിന്‍റെ സ്വരത്തിൽ വെറുപ്പ് കലർന്നിരുന്നു.

“അവളുടെ കള്ളപ്രചരണങ്ങളിൽ നിങ്ങൾ വീഴരുത്… പ്ലീസ്” ഞാൻ നികേഷിന്‍റെ കൈപിടിച്ച് അപേക്ഷിച്ചു.

“ഞാൻ സുന്ദരിയായതു കൊണ്ടും നല്ലവണ്ണം പഠിക്കുന്നതു കൊണ്ടും നിഷയ്ക്ക് എന്നോട് പണ്ടുമുതലേ അസൂയയായിരുന്നു.”

“അപ്പോൾ രവിയും നവീനും നിന്‍റെ കാമുകന്മാരായിരുന്നില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?” നികേഷ് സംശയത്തോടെ എന്നെ നോക്കി.

“അവരെന്‍റെ നല്ല സുഹൃത്തുക്കളായിരുന്നു.” ഈ കള്ളം പറയുമ്പോഴും എനിക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു. ഇത്തരം സാഹചര്യത്തിൽ എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേ കാണൂ എന്നെനിക്ക് അറിയാം.

“നീ ഒറ്റയ്ക്ക് രവിയുടെ ഹോസ്റ്റൽ മുറിയിൽ പോയിട്ടില്ലേ?”

“ഒരിക്കലുമില്ല.”

“നവീന്‍റെ വീട്ടിലോ? അവിടെ അയാൾ മാത്രമുള്ള ഒരു ദിവസം നീ അവിടെ പോയിട്ടുണ്ടല്ലോ?”

“ഞാൻ അത്തരത്തിലുള്ള ഒരു മോശം സ്ത്രീയല്ല.”

ഞാൻ നികേഷിന്‍റെ കൈ പിടിച്ചു കൊണ്ടാണ് ഇത്രയും സംസാരിച്ചത്. ഇപ്പോൾ നികേഷ് എന്‍റെ കൈ ബലമായി പിടിച്ച് മാറ്റി. നികേഷ് താഴത്തെ മുറിയിലേക്ക് ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഉള്ളിന്‍റെ ഉള്ളിൽ ഭയം തളം കെട്ടി കിടന്നിരുന്നതിനാൽ ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഞാനാകെ വിയർത്തു തുടങ്ങിയിരുന്നു. ഞാൻ നികേഷിന്‍റെയടുത്ത് ചെന്നിരുന്നു.

“ഇനി ഞാൻ തന്നെ എല്ലാം അന്വേഷിച്ചോളാം. ഇനി സത്യം പുറത്തു വന്നിട്ട് മതി നീയുമായിട്ടുള്ള സഹവാസം.” നികേഷ് സോഫയിൽ മൂടിപ്പുതച്ചു കിടന്നു.

“നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലേ. അതോ നിഷ പറയുന്നതാണോ വലുത്?” വളരെ സങ്കടത്തോടെയാണ് ഞാനിത് ചോദിച്ചതെങ്കിലും നികേഷ് എന്നെ അവഗണിച്ചു കളഞ്ഞു.

അന്ന് രാത്രി ഞങ്ങളുടെ ജീവിതത്തിൽ അകൽച്ച ആരംഭിച്ചു. എന്‍റെ കഴിഞ്ഞ കാലം എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തീർത്തിരിക്കുന്നു. പോയ കാലത്തിന്‍റെ സന്തോഷങ്ങളാണിന് എന്‍റെ ഏറ്റവും വലിയ സങ്കടമായി മുന്നിൽ നിൽക്കുന്നത്. കാലം എന്നോട് പകരം ചോദിക്കുകയാണോ?

എനിക്ക് സ്ത്രീകളെക്കാൾ കൂടുതൽ കൂട്ട് പുരുഷന്മാരുമായിട്ടായിരുന്നു. ചെറുതായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുമായി ഇടപഴകാനും മറ്റും അച്ഛൻ എന്നെ പ്രാപ്തയാക്കിയിരുന്നു. യാതൊരു സങ്കോചവും കൂടാതെയാണ് ഞാൻ മറ്റുള്ളവരുമായി സൗഹൃദം കൂടിയത്.

ഒരു മാസ്മരിക വ്യക്തിത്വമായിരുന്നു എന്‍റെ അച്‌ഛൻ. ഒരു നല്ല മനുഷ്യൻ. മൂന്ന് മക്കളിൽ ഞാനായിരുന്നു അച്‌ഛന്‍റെ പൊന്നോമന. ചേച്ചിമാരും അമ്മയും എന്നെ വഴക്കു പറയുമായിരുന്നു. അച്‌ഛൻ എന്നെ കൊഞ്ചിച്ച് വഷളാക്കും എന്നായിരുന്നു അവർ ഭയപ്പെട്ടിരുന്നത്.

എന്നാലും മറ്റുള്ള പെൺകുട്ടികളെക്കാളും പുരുഷന്മാരുമായുള്ള എന്‍റെ ബന്ധം ഊഷ്മളമായിരുന്നു. എന്തും ചർച്ച ചെയ്യാൻ പ്രാപ്തിയുള്ള, ഏതൊരു പുരുഷനും കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാൻ. അച്‌ഛൻ ആ കാര്യത്തിൽ അഭിമാനിക്കുകയും ചെയ്‌തിരുന്നു. വളരെ ഓപ്പണായിരുന്നു ഞാൻ. അനുഭവത്തിൽ നിന്ന് ഞാൻ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. പുരുഷന്മാരുമായി കൂട്ട് കൂടുന്നത് എന്‍റെ സ്ട്രെസ്സ് കുറയ്ക്കാൻ കാരണമാവുന്നുണ്ട്. നല്ല സൗഹൃദം നല്ല മരുന്നാണ്, എല്ലാറ്റിനും. പുരുഷ സൗഹൃദങ്ങൾ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

എന്‍റെ ഉള്ളിലെ സെക്സ് എനർജിയെപ്പറ്റിയും ഞാൻ ബോധവതിയായിരുന്നു. എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതിനു ശേഷം ലൈംഗികമായി ബന്ധപ്പെടാൻ രവിക്ക് അധികമൊന്നും പാടുപെടേണ്ടി വന്നില്ല. ആ മാനസികനിലയുമായി പൊരുത്തപ്പെടാൻ ഞാനും തയ്യാറായിരുന്നു.

എംബിഎ പഠനക്കാലത്ത് ഞാൻ പരീക്ഷാക്കാലങ്ങളിൽ പ്രത്യേകിച്ച് സമ്മർദ്ദത്തിന് അടിമപ്പെടുന്നത് പതിവായിരുന്നു. ആ സമയങ്ങളിൽ രവിയുടെ സ്പർശം, സാമീപ്യം എന്നെ ടെൻഷൻ ഫ്രീ ആക്കിയിരുന്നു. പക്ഷേ രവി എന്‍റെ പ്രണയം മുതലാക്കി. എന്നെ വഞ്ചിച്ചു. അവൻ വിട്ടുപോയി. പക്ഷേ ആ പ്രണയനഷ്ടമൊന്നും എന്നെ ഏറെനാൾ സങ്കടപ്പെടുത്തിയില്ല. നിരാശാ കാമുകിയായി കാലം കഴിക്കാനൊന്നും ഞാൻ തയ്യാറല്ലായിരുന്നു.

എംബിഎ കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. അവിടെ നിന്നാണ് ഞാൻ നവീനിനെ പരിചയപ്പെടുന്നത്. രവിയേക്കാൾ കേമനും സുമുഖനും ബുദ്ധിമാനുമായിരുന്നു അദ്ദേഹം. എല്ലാം തികഞ്ഞ ചുള്ളൻ.

നവീനും എന്നെ ജീവിതസഖിയാക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചത്. വിധി ആവർത്തിച്ചു. നവീനും ഞാനും എല്ലാ അർത്ഥത്തിലും അടുത്തു. ഞങ്ങൾ യാത്രകൾ പോയി. ഒന്നിച്ച് ഉണ്ടു, ഉറങ്ങി. ഭാര്യാഭർത്താക്കന്മാരെ പോലെ പെരുമാറി. പക്ഷേ നവീനിനും എന്‍റെ ശരീരമായിരുന്നു ലക്ഷ്യം.

ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അയാളും എന്നെ വിട്ടുപോയി. ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഉടക്കിയാണ് പിരിഞ്ഞത്. വേദനാജനകമായിരുന്നു ആ വേർപിരിയൽ. വേദനകൾ ഏറ്റു വാങ്ങാൻ മാത്രമാണോ എന്‍റെ ജന്മം എന്ന് പോലും എനിക്ക് തോന്നി.

നികേഷിന്‍റെ ആലോചന കൊണ്ടു വന്നത് എന്‍റെ ആന്‍റിയാണ്. മനസ്സ് വരണ്ടു പോയ ദിനങ്ങളലാണ് ഈ പ്രൊപ്പോസൽ വന്നത്. ആളെ കണ്ടപ്പോൾ എനിക്ക് ബോധിച്ചു. സുന്ദരൻ.

ആദ്യരാത്രിയിൽ തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. നികേഷിന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണൊന്നുമല്ല ഞാൻ. പക്ഷേ ഇതൊന്നും ഞാൻ നികേഷിനോട് തുറന്ന് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും എങ്ങനെ സംസാരിക്കാനാണ്. അന്ന് നികേഷെന്നെ ശ്വാസം മുട്ടിക്കുകയായിരുന്നില്ലേ. ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണല്ലോ എന്ന് ആശ്വസിക്കാനാണ് എനിക്കു തോന്നിയത്. വിവാഹപൂർവ്വ ബന്ധത്തിന്‍റെ പേരിൽ ഇനി നികേഷ് എന്നെ കുറ്റപ്പെടുത്തില്ലല്ലോ. കാരണം അത് ചോദിക്കാനുള്ള അർഹത എന്‍റെ പുരുഷനില്ല.

നികേഷ് നൽകിയ സ്നേഹമാണ് അക്കാലത്ത് എന്നെ കൂടുതൽ നല്ല ജീവിതം സ്വപ്നം കാണാൻ പഠിപ്പിച്ചത്. ഒരു സ്ത്രീയ്ക്ക് വേണ്ടതെല്ലാം അറിഞ്ഞു നൽകുന്ന ദേവനായിരുന്നു നികേഷ്.

എന്‍റെ സ്വപ്നങ്ങൾ ഉടഞ്ഞ രാത്രി. നികേഷ് അടുക്കുന്ന ലക്ഷണമില്ല. എന്തു പറഞ്ഞാണ് ഇനി ഇയാളെ വിശ്വസിപ്പിക്കുക. ഭാര്യ പരിശുദ്ധയായിരിക്കണമെന്നാണ് പരസ്ത്രീബന്ധമുള്ള പുരുഷന്മാർ പോലും ആഗ്രഹിക്കുന്നത്. പുരുഷന് ആവാമെങ്കിൽ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂടാ. ലൈംഗികതയുടെ കാര്യത്തിലും ഇരട്ടത്താപ്പാണ് സമൂഹം വച്ച് പുലർത്തുന്നത്. എനിക്ക്?ആ ലോകത്തോട് ഉച്ചത്തിൽ കയർക്കണമെന്ന് തോന്നി. പക്ഷേ എനിക്ക് നികേഷിനെ വേണം. ജീവിതകാലം മുഴുവൻ. ദിവസങ്ങൾ കടന്നുപോയി. നികേഷിന്‍റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവുമില്ല. എപ്പോഴും മുഖം വീർപ്പിച്ചിരിക്കും.

ഒരു ദിവസം ഞാൻ നികേഷ് ഓഫീസിൽ നിന്ന് വരുന്നതു കാത്തിരുന്നു. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. നികേഷ് വന്നതും ഞാനാകെ പൊട്ടിത്തെറിച്ചു. കുറേ ദിവസമായി എന്‍റെ ഉള്ളിൽ കിടന്ന് തിളയ്ക്കുന്നതൊക്കെ പുറത്തു വന്നു.

“നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? ഞാനും ഒരു മനുഷ്യജീവിയാണ്. ടെൻഷനും പ്രശ്നങ്ങളുമൊക്കെ എനിക്കുമുണ്ട്. സിമന്‍റും കമ്പിയും കൊണ്ട് നിർമ്മിക്കപ്പെട്ടവളല്ല ഞാൻ.”

“എന്‍റെ സംശയം തീർക്കേണ്ടത് നീയാണ്.”

“എന്താ വിവാഹമോചനം വേണോ?” ഞാൻ ഉച്ചത്തിലാണ് സംസാരിച്ചത്.

“ഡിവോഴ്സ് എന്ന വാക്ക് പോലും ഞാൻ ഉച്ചരിച്ചിട്ടില്ലല്ലോ കവിതാ.” നികേഷ് വല്ലാതായി.

ഇങ്ങോട്ട് പെരുമാറുന്നതു പോലെ അങ്ങോട്ടും പെരുമാറിയാൽ സംഗതി സോൾവ് ആകുമെന്ന് എിക്കറിയാമായിരുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. വിഷം തീണ്ടിയാൽ മരുന്നായി നൽകുന്നതും വിഷം തന്നെയല്ലേ. സംഗതി ഏറ്റു എന്നാണ് തോന്നുന്നത്. പുള്ളിയുടെ നിലപാട് അയയാൻ തുടങ്ങി.

“കവിതേ, ശാന്തയാവൂ. നാട്ടുകാർ കേൾക്കും.” നികേഷ് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“ഭാര്യയെ സംശയിക്കാൻ നാണമില്ലേ? അതും വല്ലവരും പറഞ്ഞതു കേട്ട്. ഞാൻ പരിശുദ്ധയാണോ എന്ന് നിങ്ങൾക്ക് മനസ്സാക്ഷിയെ വഞ്ചിക്കാതെ ചോദിക്കാൻ പറ്റുമോ? നിങ്ങളടെ കഴിഞ്ഞകാല ജീവിതം നിങ്ങളെ അതിനനുവദിക്കുമോ?”

“പക്ഷേ കവിതേ, നീ ചാരിത്രഹീനയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ?”

“നിങ്ങളാണ് കള്ളം പറയുന്നത്.” ഞാൻ വയലന്‍റായി.

“അല്ല കവിതേ, ഞാൻ സത്യമാണ് പറയുന്നത്. പ്ലീസ് ഒന്നടങ്ങൂ.” നികേഷ് ശാന്തനായി പറഞ്ഞു.

“പിന്നെ ഞാനിരുന്ന സോഫയ്ക്കരികിൽ വന്നിരുന്ന് എന്നെ ചുംബിക്കാൻ ആഞ്ഞു.

“എന്നെ തൊടരുത്” കനത്ത ശബ്ദമായിരുന്നു അപ്പോൾ എനിക്ക്. ഞാൻ മുഖം തിരിച്ചു കളഞ്ഞു.

“ഡോണ്ട് ബി സ്റ്റുപ്പിഡ് കവിത” നികേഷ് എന്‍റെ കൈയിൽ കയറി പിടിച്ചു.

“ഞാൻ മനസ്സിൽ പോലും ആലോചിക്കാത്ത കാര്യത്തിനാണ് നീ ചൂടാവുന്നത്. നീ ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്… ഞാൻ പറയാത്ത ഒരു കാര്യത്തിന് നീ എന്തിനാണ് ടെൻഷനടിക്കുന്നത്.”

സ്വയം പരിശുദ്ധമാക്കപ്പെട്ട ഒരാളുടെ മനസ്സ് അന്നേരം ഞാനറിഞ്ഞു. നികേഷിന്‍റെ കണ്ണുനീരിൽ അയാൾ എനിക്കായി ഒളിപ്പിച്ചു വച്ച സ്നേഹം ഞാൻ കണ്ടു. ഉള്ളിലുള്ളതാണല്ലോ കണ്ണുനീരായി എപ്പോഴും പുറത്തേക്കൊഴുകുക. അവനെ നഷ്ടപ്പെടാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല. എന്നെ വിട്ട് പോവാൻ കഴിയാത്ത എന്തോ ഞാനും നികേഷിന് കൊടുത്തു കൊണ്ടിരുന്നു…

നിലാവിൽ ഞാൻ നിന്‍റെ ശരീരം വായിക്കുമ്പോൾ അറിയുന്നു ഞാൻ നിന്‍റെ പ്രണയത്തിന്‍റെ രക്തയോട്ടം…

ഒരു കവിത മൂളിക്കൊണ്ടാണ് അന്ന് രാത്രി നികേഷ് എന്‍റെയരികിൽ കിടക്കാൻ വന്നത്. ഒരിക്കലും വിട്ട് പിരിയാൻ കഴിയാത്തവിധം ഒന്നായി ജീവിക്കാൻ പ്രപഞ്ചം ഞങ്ങൾക്കായി ഒരുക്കിവച്ച രാത്രിയായിരുന്നു അത്.

ആ രാത്രിക്കു ശേഷം നികേഷ് ഒരിക്കലും എന്നെയും ഞാൻ നികേഷിനെയും പഴി ചാരിയിട്ടില്ല.

ഞങ്ങളുടെ സ്നേഹത്തിന് നക്ഷത്രങ്ങൾ സാക്ഷിയായി.

Story: ശുഭദിനം

സംഗീതയുടെ പെരുമാറ്റത്തിൽ ഇന്നെന്തോ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇഷ്ടപ്പെട്ട പാട്ടു മൂളി, ജോലിയിൽ വ്യാപൃതയായി നടക്കുന്ന അവളെ കണ്ടിട്ട് പുതുമണവാട്ടിയായി അവൾ ഈ വീട്ടിൽ കയറി വന്ന കാലം രാജീവിന് ഓർമ്മ വന്നു.

“പപ്പാ, ഈ മമ്മിക്കിതെന്തുപറ്റി? സാധാരണ ബഹളം വയ്ക്കാറുള്ള മമ്മി ഇന്ന് വളരെ റിലാക്സ്ഡ് ആണല്ലോ?”

മകൻ സൂരജിന്‍റെ ചോദ്യം കൂടിയായപ്പോൾ അയാൾക്ക് എന്തോ അപാകത തോന്നി.

“എന്താ സംഗീതേ, നീയിന്ന് വലിയ സന്തോഷത്തിലാണല്ലോ?”

ഭാര്യയുടെ ഈ മാറ്റത്തിന്‍റെ കാരണമറിയാൻ അയാൾക്ക് താല്പര്യം തോന്നി.

“ഏമാനേ… വല്ലപ്പോഴും സന്തോഷിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗിയാവും. പിന്നെ കിടക്ക തന്നെ ശരണം. പിന്നെ എന്നെ ഒരു മനുഷ്യനും തിരിഞ്ഞു നോക്കില്ല.”

ഈ ഫിലോസഫിക്കൽ സംസാരം സംഗീതയ്ക്ക് തീരെ ചേരുന്നുണ്ടായിരുന്നില്ല. മകൾ നിഷ അടുത്തു വന്ന് മമ്മിയുടെ നെറ്റിത്തടം തൊട്ട് പനിക്കുന്നുണ്ടോയെന്ന് നോക്കി.

“ഒഹ്! ഈ മമ്മിക്ക് പനിയൊന്നുമില്ല.” ദീർഘനിശ്വാസത്തോടെ അവൾ പപ്പയുടെ മുഖത്തേക്കു നോക്കി പറഞ്ഞു.

“അതിന് അസുഖം വന്ന് കിടപ്പിലായാലും ഞാൻ നിങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിത്തരില്ലേ. വരൂ… നല്ല ചൂടുള്ള പൂരി മസാല കഴിക്കാം…” സംഗീതയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.

സംഗീതയുടെ വിചിത്രമായ പെരുമാറ്റത്തിനു പിന്നിലുള്ള രഹസ്യം ചികയാനൊരുങ്ങാതെ അവരെല്ലാം ഡൈനിംഗ് ടേബിളിന് ചുറ്റും ഒത്തുകൂടി. സംഗീത തയ്യാറാക്കിയ പൂരി മസാലയുടെ രുചി ഉഗ്രനായതിനാൽ കൂടുതലൊന്നും സംസാരിക്കാനവർ മുതിർന്നതുമില്ല.

അല്പസമയം കഴിഞ്ഞപ്പോൾ സംഗീതയുടെ കൂട്ടുകാരി ആരതി അവിടെയെത്തിച്ചേർന്നു. അവർ പുറത്തേക്കു പോകാനൊരുങ്ങതു കണ്ട് രാജീവ് തിരക്കി. “ഊം… എങ്ങോട്ടാ?”

“ആ…” രഹസ്യം കലർന്ന പുഞ്ചിരിയോടെ അവൾ അവ്യക്തഭാഷയിൽ പറഞ്ഞു.

“അല്ല… എവിടേയ്ക്കാണാവോ?”

“ബ്യൂട്ടി പാർലറിലേയ്ക്ക്…”

“ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്നൊക്കെ വീരവാദം പറഞ്ഞതാണല്ലോ… എന്നിട്ടിപ്പോ…”

“ആ… ഇപ്പോ പ്ലാൻ മാറ്റി…”

“ഇന്ന് വല്ല കൂട്ടുകാരികളുടെയും വീട്ടിൽ ഫംഗ്ഷനുണ്ടോ?”

“ഇല്ലില്ല…”

“പിന്നെ ബ്യൂട്ടി പാർലറിലേക്ക് പോകുന്നതോ?”

“ഒരു സന്തോഷത്തിന്” മറുപടി കേൾക്കാൻ നിൽക്കാതെ സംഗീത ഡോറിനടുത്തേക്കു നടന്നു.

സംഗീത വീട്ടിലുള്ളപ്പോൾ ആകെ ബഹളമയമായിരിക്കുമെങ്കിലും എല്ലാവരോടും മാന്യമായേ പെരുമാറാറുള്ളൂ. പക്ഷേ, ഇന്നത്തെ അവ്യക്‌തമായ മറുപടിയും വിചിത്രമായ പെരുമാറ്റവും കുടുംബാംഗങ്ങളെ ഒരു പദപ്രശ്നം കണക്കെ ഗ്രസിച്ചു നിന്നു.

ഏകദേശം 2 മണിക്കൂറിനു ശേഷം സംഗീത മടങ്ങി വന്നു. മുഖത്തിന് നല്ല നിറം കൈവന്നിരുന്നു. മുടി സ്റ്റൈലിൽ വെട്ടി ഒതുക്കിയിരുന്നു. രാജീവും മക്കളും സംഗീതയുടെ സൗന്ദര്യത്തെ പ്രശംസിക്കാൻ മറന്നില്ല.

“പറയൂ… ഇന്ന് ഈ അപ്സരസ് ആരെയാണ് ബോധം കെടുത്താൻ പോകുന്നത്?” ഭാര്യയെ പരിഹസിക്കാനുള്ള തീരുമാനത്തിലായിരുന്നു രാജീവ്.

“നിങ്ങളെ, അല്ലാതെ വേറെ ആരെയാ?” ഞെളിഞ്ഞു കൊണ്ടു പറയുമ്പോഴും സംഗീതയുടെ ശബ്ദത്തിൽ പരിഭവം നിറഞ്ഞിരുന്നു. “അല്ല, എന്നെ ശ്രദ്ധിക്കാൻ നിങ്ങൾക്കെവിടെയാ സമയം?”

“നീയെന്താ പറഞ്ഞു വരുന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് മക്കളോടു പരാതി പറയുകയാണോ?” രാജീവിന്‍റെ ശബ്ദം കനത്തു.

“18 വർഷമായി എന്നെ സഹിക്കുകയല്ലേ? അപ്പോ അല്പസ്വല്പം സ്നേഹമൊക്കെ കാണും. പക്ഷെ…” അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ നിന്നു.

“പക്ഷേ…യുടെ അർത്ഥമെന്താ?”

സ്നേഹമൊക്കെയുണ്ടായിരിക്കും. പക്ഷെ റൊമാൻസ് അറിയില്ല.” സംഗീത പൊട്ടിച്ചിരിക്കുന്നതു കണ്ട് മക്കളും ഒപ്പം കൂടി. രാജീവ് ശരിക്കും ചമ്മി.

“ഇതു മക്കളുടെ കാര്യത്തിലാണെങ്കിൽ ഓകെ. അവരുടെ പ്രായമതാണെന്നു പറയാം. പക്ഷേ നമ്മളോ…?”

“നിങ്ങൾക്ക് വയസ്സായെങ്കിൽ അതു നിങ്ങളുടെ കാര്യം. പക്ഷേ എന്‍റെ മനസ്സിപ്പോഴും റൊമാന്‍റിക്കാണ്.” സാരിത്തലപ്പൊന്ന് ഒതുക്കി സംഗീത ഗൗരവത്തോടെ പറഞ്ഞു.

“അല്ല, നീ എന്തിനുള്ള പുറപ്പാടാ?”

“ഞാനിന്ന് മാറ്റിനി ഷോയ്ക്ക് പോകുന്നുണ്ട്. വരുന്നവർ 2 മണിക്കു മുമ്പ് തയ്യാറായിക്കോ… അത്ര തന്നെ.” ആമുഖം കൂടാതെയുള്ള സംഗീതയുടെ സംസാരം കേട്ട് അവർക്കെല്ലാം ആശ്ചര്യമായി.

“സിനിമ കാണാൻ ഞാനില്ല. ഞാൻ ഫ്രണ്ട്സിനോടൊപ്പം മറ്റൊരിടത്തേയ്ക്ക് പോകാൻ ടൈം ഫിക്സ് ചെയ്തിരിക്കുകയാ…” സൂരജ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“രണ്ടാഴ്ച കഴിഞ്ഞാൽ പരീക്ഷ തുടങ്ങും. ഞാനും വരുന്നില്ല.” നിഷയും ഒഴിഞ്ഞുമാറി.

“അപ്പോ നിങ്ങളുടെ കാര്യമോ?”

“ഞായറാഴ്ച വിശ്രമിക്കേണ്ട ദിവസമാണ്. നീ കേബിളിൽ നല്ല വല്ല ഫിലിമും…”

“നോ എക്സ്ക്യൂസ്. ഞാനിന്നെന്തായാലും ഫിലിം കണ്ടിരിക്കും.”

“ആരോടൊപ്പം?”

“നിങ്ങൾ എല്ലാവരോടുമൊപ്പം പോകാനാ എനിക്കു താല്പര്യം. പക്ഷേ നിങ്ങൾ ആരും വരുന്നില്ലെങ്കിൽ നോ പ്രോബ്ലം. ഞാൻ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം.”

“വേണ്ട, വേണ്ട. നീ ഒറ്റയ്ക്ക് സിനിമ കാണാനൊന്നും പോകേണ്ട.” രാജീവ് ഗൗരവത്തോടെ പറഞ്ഞു.

“വേണ്ടെന്നോ?” സംഗീതയുടെ നൈറ്റി ചുളിഞ്ഞു.

“ഇനിയും വിഡ്ഡി ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ.”

“ഇങ്ങനെ ശാസിച്ച് നിശബ്ദയാക്കാനും മാത്രം ഞാനത്ര കൊച്ചു കുട്ടിയൊന്നുമല്ല. നിങ്ങൾ എന്‍റെ കൂടെ വരണം. അല്ലെങ്കിൽ ഞാനൊറ്റയ്ക്ക് പോകും.”

“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?”

“എന്തായാലും ഞാൻ മക്കളുടെയത്ര കൊച്ചു കുട്ടിയൊന്നുമല്ലല്ലോ? അവർക്ക് ഒറ്റയ്ക്ക് പോയി സിനിമ കാണാമെങ്കിൽ എനിക്കും ആയിക്കൂടേ?” സംഗീത ദേഷ്യമടക്കാനാവാതെ ഉറക്കെ പറഞ്ഞു.

“ഞാൻ മോശം സ്വഭാവക്കാരിയാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്? നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?”

“നീയെന്ത് അസംബന്ധമാണ് സംസാരിക്കുന്നത്?”

“പിന്നെ നിങ്ങളെന്തു കൊണ്ടെന്നെ ഒറ്റയ്ക്ക് സിനിമയ്ക്ക് അയയ്ക്കുന്നില്ല? സന്തോഷിക്കാനും പുറത്തു പോകാനും എനിക്കും അവകാശമില്ലേ?” ധൈര്യവും ആത്മവിശ്വാസവും സംഗീതയുടെ വാക്കുകളിൽ പ്രകടമായി.

“സ്ത്രീകൾ ഒറ്റയ്ക്കിങ്ങനെ സിനിമ കാണാൻ പോകുന്നത് ശരിയല്ല” രാജീവ് പറഞ്ഞു.

“ഞാൻ നാല് ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്, കൂടെ ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിൽ യാതൊരു വിഷമവുമില്ല. ഒന്നു പുറത്തിറങ്ങാൻ കൂട്ടിനായി ആരോടെങ്കിലുമൊക്കെ യാചിക്കുന്ന ശീലം ഞാനങ്ങ് ഉപേക്ഷിച്ചു.”

സംഗീതയുടെ സിനിമാ സ്റ്റൈലിലുള്ള ഡയലോഗുകൾ കേട്ട് എല്ലാവരും തരിച്ചിരിക്കുകയായിരുന്നു.

അവളുടെ ദേഷ്യവും മുറുമുറുപ്പും മാറ്റാനായി സിനിമയ്ക്ക് പോകാമെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. കുടുംബാംഗങ്ങൾ ഓരോരുത്തർക്കും വേണ്ടി സംഗീത എത്രമാത്രമാണ് ബുദ്ധിമുട്ടുന്നത്. സംഗീതയുടെ ചെറിയൊരു ആഗ്രഹം പോലും സഫലമാക്കാൻ സാധിച്ചില്ലെങ്കിൽ ആ കുറ്റബോധം എന്നെന്നേക്കുമായി ഗ്രസിച്ചു കളയുമെന്ന് അവർ ഭയപ്പെട്ടു.

“സിനിമ കണ്ട ശേഷം നമുക്ക് സൗത്ത് ഇന്ത്യൻ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിക്കാം. നിന്‍റെ മമ്മിക്ക് ശരിക്കും സന്തോഷമായിക്കോട്ടെ.” രാജീവ് നിഷയെ നോക്കി പറഞ്ഞു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അവരെല്ലാവരും കൂടി പുറത്തു കറങ്ങാനിറങ്ങിയത്. സിനിമയും ഭക്ഷണവുമൊക്കെയായി പിക്നിക് മൂഡിലായിരുന്നു അവർ അന്ന്. കൊച്ചു കുട്ടികളെപ്പോലെ ഉത്സാഹവും സന്തോഷവുമായിരുന്നു സംഗീതയ്ക്ക്.

സിനിമ കണ്ടതിനു ശേഷം ചെറിയൊരു ഷോപ്പിംഗ് നടത്തണമെന്ന് സംഗീത വാശിപിടിച്ചു. നിഷയ്ക്കും സൂരജിനും വേഗം മടങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ സംഗീത അവരെ ശ്രദ്ധിച്ചതേയില്ല.

“ഇന്നത്തെ ഒരു ദിവസം എനിക്ക് ഓർമ്മച്ചെപ്പിൽ സൂക്ഷിക്കണം. അതുകൊണ്ട് നിങ്ങളുടെ ചെറിയ ചെറിയ എക്സ്ക്യൂസുകൾ ഞാൻ കേൾക്കുന്നേയില്ല.” സംഗീത കൊച്ചു കുട്ടിയെപ്പോലെ രാജീവിന്‍റെ കൈയിൽ മുറുകെ പിടിച്ച് ഷോപ്പിംഗ് മാളിനടുത്തേയ്ക്ക് നടന്നു.

“മോനേ, സൂരജ്… നീ ഇന്ന് മമ്മിക്ക് വേണ്ടി നല്ലൊരു പെർഫ്യൂം സെലക്ട് ചെയ്യ്. നിഷ, എനിക്ക് ചേരുന്ന നല്ല രണ്ട് നെയിൽ പോളിഷ് എടുക്ക്… പറ്റുമെങ്കിൽ 2 ലിപ്സ്റ്റിക്കും കൂടി വാങ്ങണം.

“എത്ര വർഷമായി നിങ്ങളെനിക്ക് നല്ലൊരു സാരി വാങ്ങി തന്നിട്ട്. ഇന്ന് നിങ്ങളുടെ പേഴ്സ് കാലിയാക്കിയിട്ടു തന്നെ ബാക്കി കാര്യം… പിശുക്കൻ…” സംഗീത ചിണുങ്ങിക്കൊണ്ടു പറഞ്ഞു.

“സാധാരണയായി നീയാണല്ലോ ഞങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങിത്തരാറുള്ളത്. ഇന്ന് ഞങ്ങളുടെ കാര്യമേ മറന്ന മട്ടാണല്ലോ?” രാജീവ് പറഞ്ഞതു കേട്ട് സംഗീത പൊട്ടിച്ചിരിച്ചതല്ലാതെ മറുപടി പറയാൻ കൂട്ടാക്കിയില്ല.

2 മണിക്കൂർ നീണ്ട ഷോപ്പിംഗ് കഴിഞ്ഞപ്പോഴേയ്ക്കും അവർ നന്നേ തളർന്നിരുന്നു.

വീട്ടിലെത്തിയപ്പോൾ അവരെക്കാത്ത് ഡോറിനടുത്തായി പൂച്ചെണ്ടും പിടിച്ച് ഫ്ളവർ മാർട്ട് ജീവനക്കാരൻ നിൽപ്പുണ്ടായിരുന്നു. പൂച്ചെണ്ട് അയച്ച ആളുടെ പേര് കാർഡിൽ എഴുതിയിരുന്നില്ല.

“ആർക്ക് വേണ്ടിയാവും ഈ കാർഡ്? അയച്ച ആളുടെ പേരും ഇതിൽ എഴുതിയിട്ടില്ലല്ലോ?” നിഷയുടെ ഈ ചോദ്യത്തിന്‍റെ മറുപടി 5 മിനിറ്റിനു ശേഷമാണ് സംഗീത നൽകിയത്.

“എനിക്കറിയാമായിരുന്നു നിങ്ങളിലാർക്കും എന്‍റെ ജന്മദിനം ഓർമ്മ കാണില്ലെന്ന്. ഈ പൂച്ചെണ്ടിലൂടെ നിങ്ങളെ പ്രതിനിധീകരിച്ച് ഞാൻ തന്നെ എനിക്ക് ആശംസ നൽകുകയായിരുന്നു. ഹാപ്പി ബർത്ത് ഡേ ടു മീ… ഡിയർ ലോൺലി സംഗീത… ഹാപ്പി ബർത്ത് ഡേ ടു മീ.” ഉദാസീനമായൊരു പുഞ്ചിരിയോടെ സംഗീത പൂച്ചെണ്ട് കൈയിൽ പിടിച്ച് നൃത്തം ചെയ്യുവാൻ തുടങ്ങി.

സൂരജ് ഓടി വന്ന് മമ്മിയുടെ കൈയിൽ മുറുകെ പിടിച്ചു. കുറ്റബോധത്തോടെ പറഞ്ഞു. “മോം… വീ ആൾ ആർ വെരി സോറി. വെരി വെരി ഹാപ്പി ബർത്ത് ഡേ ടു യൂ…”

“മോം… സോറി.” അവളുടെ കണ്ണ് നിറഞ്ഞു. “ഹാപ്പി ബർത്ത് ഡേ…” നിഷയും മമ്മിയെ കെട്ടിപ്പിടിച്ച് കരയുവാൻ തുടങ്ങി.

“നിന്‍റെ ബർത്ത്ഡോ ഞങ്ങൾ ആരും ഓർക്കാത്തത് വളരെ മോശമായിപ്പോയി. ഹാപ്പി ബർത്ത്ഡേ… മൈ ഡിയർ…” സംഗീതയുടെ ബർത്ത് ഡേ കാര്യം മറന്നതിൽ രാജീവിനും വല്ലാത്ത കുറ്റബോധം തോന്നി.

“അതിന് കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല.” ചിരിച്ചു കൊണ്ട് സംഗീത മറുപടി നൽകി.

“ബർത്ത് ഡേയ്ക്ക് ഞാൻ ചെയ്യണമെന്ന് ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്‌തിട്ടുണ്ട്. രാവിലെ എനിക്കിഷ്ടപ്പെട്ട പൂരി മസാലയും കായ വറുത്തതും ഉണ്ടാക്കി. കുറേ നാളായി ബ്യൂട്ടി പാർലറിലൊന്നു പോകണമെന്ന് വിചാരിക്കുന്നു. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫിലിം കാണണമെന്നും നിങ്ങളോടൊപ്പം കറങ്ങണമെന്നുമുണ്ടായിരുന്നു. ഇഷ്ടമുള്ള ഗിഫ്റ്റൊക്കെ വാങ്ങാൻ സാധിച്ചു. പുറത്തു നിന്നും ഭക്ഷണം കഴിച്ചു. ഞാൻ ശരിക്കും എൻജോയ് ചെയ്തു. മാത്രമല്ല, ഭംഗിയുള്ള പൂച്ചെണ്ട് എനിക്ക് ഗിഫ്റ്റായി കിട്ടുകയും ചെയ്‌തു. പൂക്കൾ എനിക്ക് ജീവനു തുല്യം ഇഷ്ടമാണെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ…” ചിരിച്ചു കൊണ്ട് സംസാരിച്ചിരുന്ന സംഗീതയുടെ ശബ്ദമിടറി. കണ്ണു നിറഞ്ഞു. ഇതുകണ്ട് രാജീവും വല്ലാതായി.

“വി ഓൾ ലൗ യു…” രാജീവും മക്കളും സംഗീതയുടെ ചുറ്റും കൂടി നിന്നു. ഹാപ്പി ബർത്ത് ഡേ ഗാനം ആലപിച്ചു. കുടുംബാംഗങ്ങൾ തന്നെ ശ്രദ്ധിക്കുന്നുവെന്ന ചിന്ത സംഗീതയെ സന്തോഷവതിയാക്കി.

“നൗ ഐ ആം റിയലി ഹാപ്പി. നിങ്ങളെല്ലാം എന്‍റെ കാര്യത്തിൽ എത്രമാത്രം കെയർഫുള്ളാണ്. ഇന്നെന്‍റെ ബർത്ത് ഡേയാണ്. ഞാൻ ഇന്ന് നിങ്ങളെയെല്ലാം ചെറുതായൊന്നു വിഷമിപ്പിച്ചു ഇല്ലേ? എന്നോടു ക്ഷമിക്കൂ…”

സംഗീത സൂരജിനെയും നിഷയെയും തന്നോടു ചേർത്തു പിടിച്ചു കൊണ്ട് രാജീവിനെ നോക്കി പുഞ്ചിരിച്ചു. അവളുടെ മനസ്സിൽ അന്നു കണ്ട സിനിമയിലെ രംഗമായിരുന്നു അപ്പോൾ.

സ്നേഹത്തിന്‍റെ ഏകാന്തതകൾ

രണ്ട് വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാൻ വൃദ്ധസദനത്തിലേക്ക് നിർമ്മല യാത്രയായി. തലേന്ന് ആസ്ട്രേലിയയിൽ നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളു.

അടച്ചു കിടന്ന വീട് തുറന്നപ്പോൾ മുക്കിലും മൂലയിലുമെല്ലാം കുടിയിരുന്ന അമ്മയുടെ ഓർമ്മകൾ ചിറകടിച്ചുയർന്നു.

പഠിക്കാൻ മിടുക്കിയായ നിർമ്മല പഠിക്കാനും, പാർട്ട് ടൈം ജോലിക്കുമായി ആസ്ട്രേലിയയിലേക്ക് പോകമ്പോൾ, വീട്ടിൽ തനിച്ചായ അമ്മയെ വൃദ്ധസദനത്തിൽ ആക്കിയിരുന്നു അവൾ കൂടെ ഉള്ളപ്പോഴും പകൽ സമയം അമ്മ തനിച്ചായിരുന്നു. അൽപം മാനസിക വിഷമം അച്ഛന്‍റെ മരണശേഷം അമ്മ അനുഭവിച്ചിരുന്നതായി അവൾ അറിഞ്ഞിരുന്നു. രാവിലെ പോയാൽ രാത്രി തിരിച്ചെത്തുന്ന അവൾ ഇടയ്ക്ക് പകൽ അമ്മയെ ഒന്നു വന്ന് നോക്കണമെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പറയാറുണ്ട്.

ചെറിയ മാനസിക വിഷമം ഉണ്ടെന്ന് പറഞ്ഞതോടെ പല വൃദ്ധസദനങ്ങളും കയ്യൊഴിഞ്ഞു. അവസാനം ഒരു കൂട്ടുകാരിയുടെ അച്ഛന്‍റെ ശുപാർശയിൽ ഒരു വൃദ്ധസദനം അമ്മയെ ഏറ്റെടുത്തു.

വൃദ്ധ സദനത്തിലെ അമ്മയുടെ കാര്യങ്ങൾ രണ്ട് വർഷങ്ങളും കൃത്യമായി അന്വേഷിച്ചു. പലപ്പോഴും അമ്മയുടെ അഭാവം അവളെ സങ്കടപ്പെടുത്തിയിരുന്നു. സംസാരിക്കാൻ വൃദ്ധസദന നിയമങ്ങൾ അനുവദിച്ചിരുന്നില്ല.

അമ്മ സന്തോഷവതിയായിരുന്നു. നിഷ്കളങ്കയായ ഒരു കുഞ്ഞിനെപ്പോലെ അവളെ നോക്കി പുഞ്ചിരിച്ചു. എങ്കിലും അധികമൊന്നും സംസാരിച്ചില്ല.

അമ്മയെ തിരിച്ചു കൊണ്ട് പോകാനാണ് ഞാൻ വന്നത് എന്നു പറഞ്ഞപ്പോൾ അമ്മ നിർവികാരയായി പറഞ്ഞു.

“വേണ്ട. ഞാൻ ഇവിടെ തനിച്ചല്ല. എന്നെ ഇവിടെ ഉള്ളവർ വളരെ സ്നേഹിക്കുന്നു.”

“അവിടെ വന്നാൽ എന്‍റെ ലോകത്ത് ഞാൻ തനിച്ചാവും, നിന്‍റെ ലോകം നിനക്ക് മാത്രമായി ഞാൻ വിട്ടു തന്നിരിക്കുന്നു.”

ആകെ പകച്ച്, മറുപടി ഇല്ലാതെ അവൾ നിന്നപ്പോൾ അമ്മ യാത്ര പറയാതെ അകത്തേക്ക് നടന്നകന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें