ഒരു പെരുന്നാൾ കാലത്താണ് ഞങ്ങൾ മലപ്പുറത്ത് എത്തുന്നത്. മലബാറിന്‍റെ രുചിപ്പെരുമ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആസ്വദിക്കാൻ സാധിച്ചത് ഇത്തവണ ആണ്... ചുമ്മാ ടൗണിൽ കറങ്ങി നടക്കുമ്പോൾ ആണ് ചങ്ക് ജുനു മുന്നിൽ പെട്ടത്. ജുനുവുമായി സംസാരിക്കുമ്പളും കണ്ണ് ഓന്‍റെ കടയിലെ കുപ്പി ഭരണികളിൽ ആയിരുന്നു. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും എല്ലാം അവിടുന്ന് മാടി വളിക്കുന്നു. എന്നോട് സഹതാപം തോന്നി ആവണം ഓൻ അതെല്ലാം ഓരോ കവറിൽ ആക്കി തന്നു. തീരെ ആക്രാന്തം ഇല്ലാത്ത കുട്ടി എന്നു വിചാരിച്ചു കാണും.
ജുനുവിൽ നിന്നുമാണ് അരീക്കോടിന് സമീപമുള്ള ചെക്കുന്ന് മലയെപ്പറ്റി അറിയുന്നത്. അത്യാവശ്യം നല്ലൊരു ട്രെക്കിംഗ് ആണെന്നും അധികം ആരും പോകാത്ത സ്ഥലം ആണെന്നും അവൻ പറഞ്ഞു. നല്ല കോട ലഭിച്ചേക്കാൻ സാദ്ധ്യത ഉണ്ടെന്ന് കേട്ടപ്പോൾ പിന്നെ ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല. നാളെ വെളുപ്പിന് തന്നെ പോകാമെന്നായി ഞങ്ങൾ.
ജുനുവിനെ കൂടെ കൂട്ടണമെന്ന് ഉണ്ടെങ്കിലും നോമ്പ് നോക്കുന്ന ഓനെ വിളിക്കാൻ മനസ്സ് വന്നില്ല. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവൻ പറഞ്ഞു. കടയിൽ ഉണ്ടാകും വെളുപ്പിനെ എത്തിയാൽ മതീന്ന്... എന്‍റെ ആവേശവും തുള്ളലും കണ്ട അനുച്ചേട്ടൻ ഉള്ളാലെ ചിരിക്കുന്നുണ്ടായിരുന്നു.. കഴിഞ്ഞ ദിവസം സൂചിമല ട്രക്കിംഗ് പോയി എന്‍റെ നടത്തം കാരണം പാതിവഴിയ്ക്ക് ഇട്ടേച്ചും പോയ മനുഷ്യൻ ആണ്. പക്ഷേ എന്‍റെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
വെളുപ്പിനെ അളിയനും ചേച്ചിയും എല്ലാം എണീക്കും മുമ്പ് റെഡിയായി ഞാൻ ഹാജർ വച്ചു. നല്ല മഴ സമയം ആയതിനാൽ റെയിൻ കോട്ടും എടുത്തു പുറപ്പെട്ടു. ചെറിയ ട്രെക്കിംഗ് എന്ന് പറഞ്ഞതിനാൽ ഭക്ഷണവും വെള്ളവും കരുതിയില്ല...
കടയിൽ എത്തിയപ്പോൾ ജുനു കാത്ത് നിൽക്കുന്നു. മഞ്ഞും ചാറ്റൽ മഴയും തണപ്പും അകമ്പടിയായി കടന്നുവന്നു. ബൈക്കിലെ യാത്രയ്ക്കൊടുവിൽ ഒരു കരിങ്കൽ ക്വാറിക്ക് സമീപം ആണ് ചെന്നെത്തിയത്. വലിയൊരു മലയുടെ അടി വാരത്ത് ആണ് ഈ ക്വാറി. മലയെ തുരന്നു അതങ്ങനെ നിൽക്കുന്നു. നാളെ ഒരുപക്ഷേ ഇവിടെ വരുമ്പോൾ ഈ മലയോ കുന്നോ ഉണ്ടായെന്നു വരില്ല.. ഇങ്ങനെ ആയിരിന്നിരിക്കില്ലേ പല കുന്നുകളും സ്മൃതി അടഞ്ഞത്?
ചെങ്കുത്തായ കയറ്റം ആണ് ഞങ്ങളെ എതിരേറ്റത്. അകലെ എവിടെയോ പൊട്ടുപോലെ ചെക്കുന്ന്. ആദ്യത്തെ കയറ്റം കയറി കഴിഞ്ഞപ്പോൾ തന്നെ എന്‍റെ ആവേശം കെട്ടടങ്ങി. പിന്നെ അവിടെ നിന്നും ഞാൻ ആ കുന്നും മലയും മുഴുവൻ കയറിയ ക്രെഡിറ്റ് ജുനുവിനുള്ളതാണ്. ബാഗിൽ ബിരിയാണി ഉണ്ടെന്നും മല കയറി മുകളിൽ എത്തിയാൽ തരാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചു. ഇക്കണ്ട കാടും മലയും എല്ലാം നടത്തിച്ചു. ആട്ടിൻ കുട്ടിയെ പ്ലാവില കാട്ടി നടത്തുന്നത് പോലെ ബിരിയാണി പ്രതീക്ഷിച്ചു ഞാൻ നടപ്പായി. നടന്നും ഇരുന്നും നിരങ്ങിയും എല്ലാമാണ് ട്രക്കിംഗ് പൂർത്തിയാക്കിയത്.