അമ്പിളി അമ്മാവനേയും നക്ഷത്രക്കൂട്ടങ്ങളേയും കണ്ട് ഉറങ്ങാനും പൂമ്പാറ്റകളെ കണി കണ്ട് ഉണരാനും നിങ്ങളുടെ കുട്ടികൾക്ക് അവസരമൊരുക്കി കൊടുക്കാം. അവരുടെ മുറിയിൽ അതിനുള്ള സജ്‌ജീകരണങ്ങൾ ചെയ്യണം. കുട്ടികളുടെ മുറിയുടെ ചുവരിൽ വർണ്ണ പൂമ്പാറ്റകളെ ഒട്ടിച്ചു വയ്‌ക്കാം. മുറിയുടെ മച്ചിൽ നക്ഷത്രങ്ങളും മറ്റും പിടിപ്പിക്കാം. കുട്ടികൾക്കും സ്വപ്‌നങ്ങൾ ഉണ്ടാവും. അത് സാക്ഷാത്ക്കരിക്കാൻ അധികം പണം മുടക്കൊന്നുമില്ല. പക്ഷേ കുട്ടികൾക്കായി മുറി ഒരുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം. കുഞ്ഞുങ്ങളുടെ ഇഷ്‌ടത്തിനായിരിക്കണം പ്രാമുഖ്യം. മാത്രമല്ല അവരുടെ ഇഷ്‌ടങ്ങൾ ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. കുട്ടികൾ വലുതാകുമ്പോൾ മുറിയുടെ മൂഡും മാറ്റേണ്ടി വരും. അവരുടെ മുറി ഒരുക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലം ഒന്ന് ഓർക്കൂ.. അപ്പോൾ അതിന് ഒരു കുട്ടിയുടെ മനസ്സ് കൈ വരും.
കുട്ടികളുടെ മുറി ഒരുക്കാം
1 കുട്ടികളുടെ മുറിയിൽ പ്രകാശം നിറയ്‌ക്കുന്ന നിറങ്ങൾ നൽകണം.
2 മായ്‌ക്കാനും കഴുകാനും സാധിക്കുന്ന പെയിന്‍റുകൾ കുഞ്ഞുങ്ങളുടെ മുറിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ലെഡ് ഇല്ലാത്ത പെയിന്‍റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
3 വാതിൽ കളർഫുൾ ആക്കാം. അതിനായി പ്ലസന്‍റ് കളറിലുള്ള പെയിന്‍റുകൾ ഉപയോഗിക്കാം.
4 മുറിയ്‌ക്ക് ഇളം നിറം നൽകുന്നതാണ് നല്ലത്. കുഞ്ഞിന് കടും നിറങ്ങളാണ് ഇഷ്‌ടമെങ്കിൽ ഒരു ചുമരിനോ മറ്റോ കുട്ടികൾക്ക് ഇഷ്‌ടപ്പെട്ട നിറം നൽകാം.
5 കർട്ടൻ, കിടക്ക വിരി, കുഷ്യനുകൾ എന്നിവ കളർഫുൾ ആയിക്കോട്ടെ. കാർട്ടൂൺ കഥാപാത്രങ്ങളുള്ള കർട്ടൻ കുട്ടികളുടെ മുറിയ്‌ക്ക് ഭംഗി നൽകും. മാത്രമല്ല അത് അവർക്ക് സന്തോഷവും പകരും.
6 കുട്ടികളുടെ മുറിയിൽ ഗ്ലാസ്സ് കൊണ്ടുള്ള ഫർണിഷിംഗ് പാടില്ല.
7 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇഷ്‌ടങ്ങൾ വ്യത്യസ്‌തമായിരിക്കും. ആൺകുട്ടികൾക്ക് സാഹസികതയോട് ഇഷ്‌ടം കൂടും. അതുകൊണ്ട് അവരുടെ ആരാധനാ പാത്രങ്ങളുടെ സ്‌റ്റിക്കറുകൾ ചുമരിൽ പതിപ്പിക്കാം.
8 അവരുടെ ഇഷ്‌ട കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പ്രിന്‍റ് ചെയ്‌ത തലയിണകളും ബെഡ് ഷീറ്റുകളും നൽകാം.
9 വലുപ്പം വ്യത്യാസപ്പെടുത്താവുന്ന ഓപ്പൺ കബോഡുകളാണ് കുട്ടികളുടെ മുറിയ്‌ക്ക് ഏറെ ഇണങ്ങുക.
10 കുട്ടികളുടെ മുറിയിൽ പുതുമ സൃഷ്‌ടിക്കാൻ സോഫ്‌റ്റ് ടോയ്‌സോ കാർട്ടൂൺ പുസ്‌തകങ്ങളോ വാങ്ങി വയ്‌ക്കാം.
11 തുണികൾ അടുക്കി വയ്‌ക്കാനായി കബോർഡുകൾ ആവാം. പക്ഷേ തുണികൾ ഹാങ്ങറിൽ തൂക്കിയിടുന്ന തരം കബോഡുകൾ ആണ് നല്ലത്.
12 കബോഡുകൾക്കിടയിൽ വ്യത്യസ്‌ത നിറം നൽകി കളർഫുൾ ആക്കാം.
13 ചെറിയ മുറിയാണെങ്കിൽ കളിപ്പാട്ടം കട്ടിലിനിടയിൽ സൂക്ഷിക്കാം. അതിനായി ചെല്ലപ്പെട്ടിപോലുള്ള വലിയ ആന്‍റിക് മരപ്പെട്ടികൾ നിർമ്മിച്ചു നൽകാം.
14 കുട്ടികളുടെ മുറിയിൽ വയ്‌ക്കാൻ പറ്റിയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കണം. സ്‌ഥലം അധികം എടുക്കാത്ത തരം ഫർണിച്ചറുകൾ ആണ് നല്ലത്.
15 സാധനങ്ങൾ വയ്‌ക്കാൻ കബോഡുള്ള കട്ടിൽ വാങ്ങുന്നതും നല്ലതാണ്. സ്‌ഥലം ലാഭിക്കാനും ഇത് ഉപകരിക്കും.
16 കുട്ടികളുടെ മുറികളുടെ നിലത്തിനും കളർ ടൈലുകൾ നൽകാം. കളർഫുൾ റബറൈസ്ഡ് ഫ്‌ളോറും ലഭ്യമാണ്.