പ്രപഞ്ചത്തിൽ എല്ലാത്തിനും ഒരു നീതിയും നിയമവുമുണ്ട്. തിരിച്ചറിവിന്‍റെ മേലങ്കിയില്ലാതെയാണ് സസ്യജാലങ്ങളും മനുഷ്യനൊഴികെയുള്ള ജന്തുജീവികളും പ്രകൃതിയ്ക്ക് കോട്ടം തട്ടാതെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നത്. മണ്ണിൽ ചവിട്ടി നിന്നാൽ മാത്രമേ പച്ചയായ ജീവിതത്തിന്‍റെ സത്യവും പൊരുളും തിരിച്ചറിയാൻ സാധിക്കൂ. അറിവിന്‍റെ കൈലാസങ്ങൾ കീഴടക്കുന്ന മനുഷ്യന് ഇന്നും ഗ്രഹിക്കാൻ കഴിയാത്ത അനേകായിരം ചോദ്യങ്ങൾ പ്രകൃതിയിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.
അസുഖങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ചികിത്സിക്കുന്ന രീതിയിൽ വരുന്ന മാറ്റവും ഓരോ മനുഷ്യന്‍റെയും ആരോഗ്യം നിർണയിക്കുന്ന ഘടകം ആണ്. ഒരു ചെടിയെ എങ്ങിനെ വേണമെങ്കിലും പരിപാലിക്കാം. അതിനനുസരിച്ചാവും അതിൽ ഇലയും പൂവും കായും വരുന്നത്. കൃത്യവും വ്യക്തവുമായ രീതിയിൽ പരിപാലിക്കുന്ന ചെടിയിൽ ആ ഗുണം കാണാൻ സാധിക്കുന്നു. മനുഷ്യനും അതുപോലെയാണ്. എല്ലാം ക്യാപ്സുൾ പരുവത്തിലാക്കിയാൽ അത്രയും നന്നായി എന്ന് കരുതുന്ന വളരെ തിരക്കിട്ട ജീവിതം നയിക്കുന്ന ചില മനുഷ്യർക്ക് അവനവനെയോ ചുറ്റുപാടിനെയോ അറിയാൻ കഴിയുന്നില്ല. പനി വരുമ്പോൾ, ചായ കുടിക്കുന്ന ലാഘവത്തോടെ പനി സംഹാരികൾ കഴിക്കാൻ ഇന്ന് ആർക്കും ഒരു മടിയുമില്ല. എന്നാൽ രോഗത്തിനല്ല, രോഗിക്കാണ് ചികിത്സ വേണ്ടത് എന്ന യാഥാർഥ്യം ആധുനിക ശാസ്ത്ര ലോകത്ത് ജീവിക്കുന്ന നമ്മളിൽ എത്ര പേർക്ക് അറിയാം? അവിടെയാണ് ഹോമിയോപ്പതി വ്യത്യസ്തമാകുന്നത്.
ഒരു വ്യക്തിയുടെ രോഗങ്ങൾക്ക് പിന്നിൽ, അവർ അനുഭവിക്കുന്ന ജീവിതാനുഭവങ്ങൾ കൂടി ഉണ്ട് എന്നതാണ് വസ്തുത. ഒരു വ്യക്തിയിലുടലെടുക്കുന്ന നേരിയ കാഴ്ചപ്പാടുകൾ പോലും അവന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. സൂക്ഷ്മമായ നിരീക്ഷണവും കൃതമായ ശ്രദ്ധയും ഉണ്ടായാൽ മുൻവിധികൾ ഇല്ലാതെ തെളിമയുള്ള മനസ്സുമായി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചാൽ ആരോഗ്യാവസ്ഥ വീണ്ടെടുക്കാൻ ആവും
നമ്മെപ്പറ്റി നമുക്ക് അല്ലാതെ മാറ്റാർക്കാണ് നന്നായി മനസ്സിലാക്കാൻ സാധിക്കുക? നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും രീതികളും എല്ലാം വ്യത്യസ്തമല്ലേ... ഇതെല്ലാം വ്യക്തിത്വം അനുസരിച്ചായിരിക്കും. ഹോമിയോപ്പതി ചികിത്സ മുന്നോട്ടു വയ്ക്കുന്നത് ഒരാളുടെ വ്യക്തിപ്രഭാവത്തെ എങ്ങിനെ മെച്ചപ്പെട്ടതും ആരോഗ്യകരവുമാക്കാം എന്നാണ്.
ഉത്‍സാഹം, ക്ഷീണം, ഉറക്കം, ശ്വാസനം, ദാഹം, വിശപ്പ്, രുചി, താങ്ങാനുള്ള ശേഷി, ഇഷ്ടാനിഷ്ടങ്ങൾ ഇവയെല്ലാം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. നമ്മിലെ ഈ അവസ്ഥകളെ എപ്പോഴെങ്കിലും നമ്മൾ നിരീക്ഷിച്ചിട്ടുണ്ടോ? രോഗാവസ്ഥയിൽ ഇവയ്ക്ക് തീർച്ചയായും മാറ്റം കാണും. നമ്മുടെ നിരീക്ഷണപാഠവം ചുറ്റുപാടിലേക്കല്ല, ആദ്യം നമ്മിലേക്ക് തന്നെ തിരിയട്ടെ, അതാണ് മെച്ചപ്പെട്ട ആരോഗ്യത്തിന്‍റെ അടിസ്ഥാനം. ഓരോരുത്തരിലുമുള്ള ഊർജ്ജം (energy) എങ്ങിനെ പ്രയോജനപ്പെടുത്തുന്നുവെന്നതാണ് അടുത്തഘട്ടം. ഓരോന്നിനും ഓരോരുത്തർക്കും ഓരോ ഗുണവും അളവും രീതികളും അവസ്ഥകളും തിരഞ്ഞെടുപ്പുകളുമുണ്ട്. അവയെ വേണ്ട അളവിൽ നിരീക്ഷിച്ച്, മനസ്സിലാക്കി പ്രവർത്തിക്കാൻ സാധിച്ചാൽ മികച്ച ആരോഗ്യമുള്ള മികച്ച വ്യക്തിയുമായി മാറാൻ സാധിക്കും.
രോഗിയുടെ പൂർണ്ണവും ആത്മാർത്ഥവുമായ സഹകരണമുണ്ടെങ്കിലേ ഡോക്ടർക്ക് കൃത്യമായി ചികിത്സിക്കാൻ സാധിക്കൂ. നമുക്ക് മെച്ചപ്പെട്ടതും മെച്ചപ്പെടുത്തേണ്ടതും എന്തെല്ലാമാണ്, ഓരോരുത്തരിലുമുള്ള വ്യത്യസ്ത എന്നത് ഓരോ ഘട്ടത്തിലും ഡോക്ടർ തിരിച്ചറിഞ്ഞുകൊണ്ട് അതിനുതകുന്ന രീതിയിലുള്ള മരുന്ന് രോഗിക്ക് നൽകുന്നു. അതുമാത്രമല്ല, നമ്മുടെ ആത്മസംഘർഷങ്ങളും സന്തോഷങ്ങളും സർഗാത്മക കഴിവുകളും കണ്ടെത്തി ചികിത്സയിൽ എങ്ങിനെ അവയെ ഫലപ്രദമാക്കി മാറ്റാം എന്നും ഡോക്ടർ കണ്ടെത്തുന്നു. ആരോഗ്യമുള്ള വ്യക്തിത്വമുള്ള വ്യക്തികൾക്ക് മെച്ചപ്പെട്ട കുടുംബബന്ധങ്ങളും നല്ല സുഹൃദ് വലയങ്ങളും നന്മയുള്ള സമൂഹവും സൃഷ്ടിക്കാനാകും. എല്ലാത്തിനെയും ത്വരിതപ്പെടുത്താനായാൽ മേന്മയുള്ള ജീവിതം ജീവിക്കാനാകും.